Tuesday 17 January 2017

ഇടിമുറികളാകുന്ന പഠനമുറികൾ.

ലേഖനം




ഗോളീകരണത്തിന്റെ കനത്ത ആഘാതങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്ന ഒരു സാമൂഹ്യ സേവന മേഖലയാണ് വിദ്യാഭ്യാസം എന്ന യാഥാർഥ്യം നാൾക്കുനാൾ തെളിഞ്ഞു കൊണ്ടിരിക്കുന്നതായാണ്. വാർത്താ മാധ്യമങ്ങളിൽ വരുന്ന വാർത്തകളിൽ നിന്നും മനസിലാകുന്നത്. സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജുകളിൽ നടക്കുന്ന ക്രൂരതകൾ ഓരോന്നായി പുറം ലോകം അറിഞ്ഞുവരുന്നേയുള്ളൂ, ഏറെ പ്രതിബദ്ധത അവകാശപ്പെടുന്ന കേരളത്തിനകത്ത് തന്നെ ഇതൊക്കെ നടക്കുന്നു എന്നതാണ് വിരോധാഭാസം. രക്ഷിതാക്കളുടെ ആകുലത ഒരു വർത്തകാണലിൽ ഒതുങ്ങുന്നുവോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു പ്രതികരണ ശേഷിയില്ലാത്ത ഒരു യുവത്വത്തെ വളർത്താൻ പാകത്തിൽ ഉണ്ടാകുന്ന ഇത്തരം കലാലയങ്ങളിലാണ് പുതുതലമുറയുടെ  ഭാവിയുടെ താക്കോൽ എങ്കിൽ നിർഭാഗ്യം എന്നെ പറയാൻ ഒക്കൂ.   
കേരളമാണ് ആഗോളീകരണത്തിന്റെ  ആഘാതത്തിലമര്‍ന്നു  കഴിഞ്ഞ പ്രധാന മേഖല എന്ന സ്ഥിതിക്ക് ഈ കറുത്ത വാർത്തകൾ നൽകുന്ന ദുഃസൂചന വളരെ വലുതാണ്
 
 
വിദ്യാഭ്യാസം ലാഭം കൊയ്യാനുള്ള ഒരു രംഗമാക്കി വളര്‍ത്തി കൊണ്ട് വരിക എന്ന മുതലാളിത്ത ആശയങ്ങള്‍ കേരളത്തിൽ എത്ര പെട്ടെന്നാണ് പടർന്നത്. സ്വകാര്യ വിദ്യാലങ്ങളുടെയും കലാലയങ്ങളുടെയും വളര്‍ച്ചക്ക് വേണ്ടി നമ്മുടെ പൊതു വിദ്യാഭ്യാസ മേഖലയെ തകര്‍ക്കാന്‍ തന്ത്രപൂര്‍വ്വം ഭരണകൂടത്തെ ഉപയോഗിച്ചു. സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ശോചനീയാവസ്ഥ സാധാരണക്കാരെ പോലും പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും അകറ്റിയപ്പോള്‍ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നല്ല വളക്കൂറുള്ള മണ്ണായി കേരളം മാറി. മക്കളുടെ വിദ്യാഭ്യാസം മലയാളികളുടെ പ്രധാന ലക്ഷ്യമായതിനാല്‍ സ്വകാര്യ മേഖല തന്ത്രപൂര്‍വം വിദ്യാഭ്യാസ കച്ചവടം സാധാരണക്കാരനിലേക്കും വളര്‍ത്തി കൊണ്ടുവന്നു. അവിടെയാണ് ക്ലാസ് മുറികൾ ഇടിമുറികളായി രൂപാന്തരപ്പെട്ട കലാലയങ്ങൾ ഉണ്ടായതും അധ്യാപകർക്ക് പകരം ഗുണ്ടകൾ ആ സ്ഥാനത്തു വന്നതും.  വിദ്യാഭ്യാസരംഗത്തെ കച്ചവട വല്ക്കരണവും വര്‍ഗീയ വല്ക്കരണവും വളര്‍ന്നു വരുന്ന തലമുറയുടെ ഭാവി ഇരുളടഞ്ഞതാക്കും എന്നുമാത്രമല്ല ഇപ്പോൾ തന്നെ പ്രതികരിക്കാൻ ഭയപ്പെടുന്ന ഒരു വിഭാഗമായി ഈ കൗമാരക്കാർ മാറുന്നു എങ്കിൽ പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ ഏകാധിപത്യ മനസുപേറുന്ന വരുടെ രാഷ്ട്രീയ ഭരണശക്തി വർദ്ധിക്കുകയും ശണ്ഠസമാനമായ പ്രതികാരമില്ലാത്ത ഒരു സമൂഹം വളർന്നു വരികയും ചെയ്യും. "ലോകത്തിലെ ഓരോ കുട്ടിയും ബോധന പ്രക്രിയയിലൂടെ മലിനീകരണമെന്ന മഹാവിപത്തിനെപ്പറ്റി ബോധാവാനാകണം. പ്രകൃതിയുമായുള്ള മനുഷ്യന്റെ സമന്വയം ബോധനത്തിന്റെ ചെറിയ ചെറിയ കാല്‍വെയ്പ്പുകളിലൂടെയേ പൂര്ത്തിയാക്കാനാകൂ. മനുഷ്യന്റെ ഭാവി, ബോധന പ്രക്രിയയുടെ ഒരു പ്രധാന കണ്ണിയാകണം" (സരള ബഹന്‍: Revive our Dying Planet)  വിദ്യാഭ്യാസത്തിലൂടെ ഒരാള്‍ നേടിയെടുക്കേണ്ട സാമോഹിക പ്രതിബദ്ധതയെ ഒരു വിലയും കല്‍പ്പിക്കാതെ കുഴിച്ചു മൂടികൊണ്ടിരിക്കുകയാണ്. ധാര്‍മികതയും ധൈഷണികതയും ഉയര്‍ന്നു നിന്നിരുന്ന സമ്പന്നമായ ഒരു കാലത്തിന്റെ ബാക്കിപത്രമാണ് ഇന്ന് അവശേഷിക്കുന്ന നന്മയുടെ കാതല്‍. ലക്ഷങ്ങള്‍ കോഴകൊടുത്ത് ഉന്നത വിദ്യാഭ്യാസത്തിന് അവസരം തേടുന്ന ഒരാള്‍ക്ക് സാമൂഹിക പ്രതിബദ്ധതയെ പറ്റി ചിന്തിക്കാന്‍ കഴിഞ്ഞെന്നു വരില്ല. കലാലയങ്ങളിൽ രാഷ്ട്രീയം വേണ്ട എന്ന് അഭിമാനത്തോടെ പറഞ്ഞിരുന്നവർ ഇന്നത് തിരുത്തികൊണ്ടിരിക്കുകയാണ്. കലാലയങ്ങളിൽ രാഷ്ട്രീയം ഉണ്ടായിരുന്നു എങ്കിൽ ഈ ഇടിമുറികൾ അവർ അടിച്ചു നിരത്തുമായിരുന്നു. സേവന മേഖലയായി വര്‍ത്തിക്കേണ്ടതാണ് വിദ്യാഭ്യാസം എന്ന ചിന്ത പോലും നമ്മളില്‍ നിന്നും മാഞ്ഞുപോയി കൊണ്ടിരിക്കുന്നു എന്നതാണ് സത്യം.  സര്‍ക്കാരിന് ന്യായമായ  നിയന്ത്രണങ്ങള്‍ പോലും നിലനിര്‍ത്താനാവാത്ത സ്ഥിതി സ്വകാര്യമേഖലയ്ക്ക് ലഭിച്ചു കഴിഞ്ഞു. . ഇതൊരു യാഥാര്‍ത്ഥ്യമായതോടെ സാധാരണക്കാരന്‍ പോലും തന്റെ മക്കളുടെ വിദ്യാഭ്യാസമോഹം സഫലമാക്കാന്‍ ലോണെടുത്തും സ്വകാര്യ പണമിടപാട്‌ സ്ഥാപനങ്ങളെ ആശ്രയിച്ചും കടക്കെണിയില്‍ കുടുങ്ങുന്നു. ഈ ബാധ്യത താങ്ങാനാവാതെ വരുമ്പോള്‍ ആത്മഹത്യയില്‍ അഭയം പ്രാപിക്കുന്നു. കലാലയങ്ങളിലെ പീഡനങ്ങൾ സഹിക്കാനാവാതെ വിദ്യാർത്ഥികൾ ജീവനൊടുക്കുന്നു, ഇത്തരം അവസ്ഥ നിലനിൽക്കുമ്പോൾ നമുക്കെങ്ങനെ പ്രതിബദ്ധതയെപ്പറ്റിയും സാമൂഹിക ഉയർച്ചയെ പറ്റിയും പറയാനാകും.

ഉന്നത വിദ്യാഭ്യാസത്തിന്റെ പേരില്‍ പുതുതായി ഉയര്‍ന്നു വന്ന പല കോഴ്സുകളും ശ്രദ്ധിച്ചാല്‍ ഒരു കാര്യം വ്യക്തമാകും കലാലയങ്ങള്‍ കമ്പോള താല്പര്യത്തിനനുസരിച്ച് ജീവിക്കാന്‍ ഉതകുന്നവര്‍ക്കായുള്ള പരിശീലന കളരിയായി മാറുന്നുണ്ട്. വിദ്യാര്‍ഥികളുടെ വിമര്‍ശന ബുദ്ധിയെ തല്ലിക്കെടുത്താനും പകരം കമ്പോള താല്പര്യത്തെ വളര്‍ത്തി കൊണ്ട് വരാനുമുള്ള ശ്രമം നടക്കുന്നുണ്ട്. ഒരു കാലത്ത്‌ സാമ്രാജ്യത്വ മുതലാളിത്ത ശക്തികള്‍ക്കെതിരെ ശബ്ദിച്ചുകൊണ്ടിരുന്ന കാമ്പസുകള്‍ ഇന്നില്ല. പകരം ഫാഷന്‍ പരേഡും മുതലാളിത്ത ആശയങ്ങളും അവയെ കീഴടക്കി കൊണ്ടിരിക്കുന്നു. ബദല്‍ സാധ്യതകളൊന്നും ഉയര്‍ന്നു വരാത്ത വേദിയായി ഇന്ന് കലാലയങ്ങള്‍ ചുരുങ്ങു കൊണ്ടിരിക്കുന്നു. കാമ്പസ്‌ സംവാദങ്ങള്‍ വെറും ഉപരി വിപ്ലവമായ കാര്യങ്ങളില്‍ തട്ടി നില്‍ക്കുകയാണ്. വിദ്യാര്‍ത്ഥി രാഷ്ട്രീയം ബോധന വിദ്യ ഉള്‍കൊണ്ട്, കച്ചവട വല്‍ക്കരണത്തിലൂടെയുള്ള ദുഷ്ട ലക്ഷ്യത്തെ തിരിച്ചറിയേണ്ടതിനു പകരം അരാഷ്ട്രീയ വല്‍ക്കരണത്തിന്റെ പിടിയിലമര്‍ന്നു കൊണ്ടിരിക്കുകയാണ്. അരാഷ്ട്രീയ വല്ക്കരിക്കപ്പെട്ട ഒരു സമൂഹത്തിനു മുന്നില്‍ വിദ്യാലയങ്ങള്‍ പൊതുസ്വത്തല്ല. ആഗോള വിപണിക്കുതകുന്ന ചിന്തകളെ വളര്‍ത്തിയെടുക്കുന്ന കേന്ദ്രങ്ങളാണ്. 

വിദ്യാഭ്യാസ രംഗത്തെ ഈ  മൂല്യത്തകര്‍ച്ച ഇന്ന് ഏറെക്കുറെ യാഥാര്‍ത്ഥ്യമായി കഴിഞ്ഞിരിക്കുന്നു. അതിന്റെ അനന്തരഫലം നമ്മുടെ പൊതു സമൂഹത്തില്‍ പ്രകടമായി കൊണ്ടിരിക്കുന്നു. ആഗോളീകരണത്തിന്റെ ചിഹ്നങ്ങള്‍ വിദ്യാഭ്യാസ മാതൃകകളായി കേരളത്തില്‍ അവതരിക്കുന്നു. പൊതു വിദ്യാലയങ്ങളിലേക്ക് വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കേണ്ട ഒരു പദ്ധതികളുമായി  സര്‍ക്കാര്‍ മുന്നോട്ട്വരണം. വിദ്യാര്‍ഥികളുടെ ജൈവികവും രാഷ്ട്രീയവുമായ പ്രതിരോധത്തെ നിര്‍വീര്യമാക്കാനെ നിലവിലെ സ്വകാര്യ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ   ഉപകരിക്കുകയുള്ളൂ എന്ന് തെളിയിക്കുന്ന കാലത്ത് വിദ്യ എന്ന മഹനീയ ലക്ഷ്യം ഇല്ലാതെ ലാഭം മാത്രം ലക്ഷ്യമിട്ടു കൂണുപോലെ ഉയരുന്ന  സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളെ നിലക്ക് നിർത്തുക തന്നെ വേണം എന്നുമാത്രമല്ല ഗുണ്ടായിസം കാണിക്കുന്ന വിദ്യാഭ്യാസ ഗുണ്ടകളെ നിയമത്തിനു മുന്നിൽ കൊണ്ടുവരികയും വേണം . നല്ല രീതിയിൽ പ്രവർത്തിക്കുന്ന സ്വകാര്യ വിദ്യാഭ്യാസ സ്ഥാപങ്ങൾ തന്നെ ഈ പോക്രിത്തരങ്ങൾക്കെതിരെ രംഗത് വരണം. നമുക്ക് മൂന്നാംമുറയിൽ ഉരുട്ടി പാകപ്പെടുത്തിയ എഞ്ചിനീയര്മാരെയും ഡോക്ടർമാരെയും അല്ല വേണ്ടത്  അന്യായം കണ്ടാൽ അതിനെ വീറോടെ എത്തിക്കുന്ന ഒരു യുവത്വമാണ്.  വിദ്യാര്‍ഥികളെ അടിമകളാക്കി അവരുടെ   യഥാര്‍ത്ഥ അവകാശത്തെ ഹൈജാക്ക് ചെയ്തത് പീഡിപ്പിച്ചു അച്ചിൽ വാർത്തെടുക്കുന്നതിനെ എതിർക്കാൻ നമ്മുടെ സാമൂഹിക ബോധം വളർന്നു വരണം. അരാഷ്ട്രീയ വാദത്തെ പൂര്‍ണ്ണമായും തള്ളികളയാനുള്ള തന്റേടം ഇതോടൊപ്പം കാണിക്കണം. എങ്കിലേ പ്രതിബദ്ധതയുള്ള ഒരു സമൂഹത്തെ വളര്‍ത്തി കൊണ്ടുവരാന്‍ കഴിയൂ. കേരളത്തിലെ ജനകീയ വിദ്യാഭ്യാസത്തിന്റെ ആണിക്കല്ല് സര്‍ക്കാര്‍ തന്നെയാവണം. നമ്മുടെ സാമൂഹ്യ നന്മക്ക് പൊതു വിദ്യാഭ്യാസ മേഖല തകരാതെ നോക്കണം. നമുക്ക് വേണ്ടത് പഠന മുറികളാണ് അല്ലാതെ ഇടിമുറികൾ അല്ല!

No comments:

Post a Comment