Sunday 24 February 2019

പേരന്പ് നൽകുന്ന പൊള്ളുന്ന വേദന

പേരൻപ്:-  സിനിമാ ആസ്വാദനം

പേരൻപ് ഒരു സിനിമ മാത്രമല്ല നമ്മളൊന്നും അത്ര കാണാതെ പോകുന്ന പൊള്ളുന്ന ജീവിതപാഠമാണ്. ഒരച്ഛൻ നേരിടുന്ന വിഷമതകൾ പ്രതിസന്ധികൾ അതും ഭിന്നശേഷിക്കാരിയായ ഒരു മകൾ അവളും അച്ഛനും തമ്മിൽ ഉള്ള യോജിപ്പും വിയോജിപ്പും സ്നേഹവും നിസ്സാഹായതയും, ഉദാരമായ സ്നേഹത്തിന്റെ നിസ്സാഹയത പേരന്പിൽ കാണാം. സംവിധായകൻ റാം കയ്യൊതുക്കത്തോടെ തിരശീലയിലേക്ക് പകർത്തുമ്പോൾ തന്നിൽ ഏല്പിച്ച പിതാവിന്റെ കഥാപാത്രം  മമ്മുട്ടി എന്ന നടൻ ഭംഗിയായി അവതരിപ്പിച്ചു. ആദ്യ പകുതി കുറച്ചു ഇഴഞ്ഞു നീങ്ങി എങ്കിലും സെക്കൻഡ് ഹാഫ് മമ്മുട്ടി നമ്മെ കയ്യിലെടുത്തു. ഒപ്പം മകളായി അഭിനയിച്ച സാധന ആദ്യവസാനം വരെ  ആ കഥാപാത്രാമായി നിന്നു. കൈവിട്ടുപോകാവുന്ന വിവിധ രംഗങ്ങളിൽ ഒക്കെ അതിനെ മറികടക്കാൻ ആ നടിക്കായി. ലോലി പോപ്പ് കൊണ്ടു ചുണ്ട് ചുവപ്പിക്കുമ്പോൾ കണ്ണുകളിൽ വന്ന വികാരം. ഇഷ്ടമില്ലാത്ത അച്ഛനെ ഇഷ്ടപ്പെടുന്ന രംഗത്ത് മുഖത്തു വന്ന ഭാവം... സൂക്ഷ്മമായി നിരീക്ഷിച്ചാൽ അതി ഗംഭീരം. ഈ നടി സിനിമാ ലോകത്തിനു പ്രതീക്ഷയാണ്.
ഭിന്ന ശേഷിയുള്ളവരുടെ പ്രണയം, സെക്‌സ് എന്നത് സാധാരണക്കാരായ നമുക്ക് മനസിലാക്കാൻ സാധിച്ചെന്നു വരില്ല. കാരണം നമ്മുടെ കണ്ണിൽ അവരെ കാണുന്നത് സഹതാപം ഉള്ളിൽ നിറച്ചാണ്. ചലന ശേഷിയിൽ അവർ പരിമിതർ ആണെങ്കിലും  നമ്മളെ പോലെ  അവർക്കും നമ്മൾ പ്രണയം, സെക്‌സ് ഒക്കെ ആസ്വാദിക്കുന്ന പോലെ അവർക്കും ആകും... എന്നാൽ ആ തലത്തിൽ ചിന്തിക്കാൻ നമുക്ക് ആവില്ല. പേരൻപിൽ പ്രായപൂർത്തിയായ മകളുടെ വികാരങ്ങൾക്ക് മുന്നിൽ നിസ്സാഹനായ പിതാവ് വേദനയോടെ നിൽക്കുന്ന കാഴ്ച കാണാം. ആ വേദന പ്രേകഷകരിലേക്കും പടർന്നു കയറും.   എന്നാൽ കഥപറയുന്നതിനായി സ്വീകരിച്ച നറേഷൻ രീതി  പലപ്പോഴും ഒരു അധികപറ്റായി തോന്നി.  എങ്കിലും മനസിനെ പിടിച്ചുലച്ചുകൊണ്ട് നമ്മെ അത്ഭുതപ്പെടുത്തുന്ന ഒരു 
നല്ല സിനിമ. ഈ സിനിമ നമ്മെ വല്ലാതെ വേദനിപ്പിക്കും പാപ്പാ എന്ന വിളി ദിവസങ്ങളോളം ചെവിയിൽ തങ്ങി നിൽക്കും.
പേരൻപ് കണ്ടപ്പോൾ ആദ്യം മനസിലേക്ക് ഓടിവന്നതി‌  രണ്ടു വർഷം മുമ്പ് കണ്ട ഒയാസിസ് എന്ന കൊറിയൻ സിനിമയാണ്,  ഭിന്നശേഷിക്കാരുടെ ജീവിതത്തിലെ നിർണ്ണായക നിമിഷങ്ങൾ നിറഞ്ഞ സിനിമയാണ് ഇതും. ഭിന്നശേഷിക്കാരുടെ  പ്രണയം, ലൈംഗികത പോലുള്ള വികാരങ്ങൾ സമൂഹം എങ്ങനെ മനസിലാക്കുന്നു എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.   പ്രണയം സമൂഹം കാണുന്ന വിധം വളരെ വിചിത്രമാണ് അവർക്കൊരിക്കലും ഇത്തരം അവസ്‌ഥയിൽ ഉള്ളവരുടെ പക്ഷത്ത് നിന്ന് ചിന്തിക്കാൻ ആകില്ല *Oasis*  എന്ന കൊറിയൻ സിനിമയും പറയുന്നത് ഭിന്ന ശേഷിക്കാരുടെ പ്രണയവും സെക്‌സും ആണ്.   *Lee Chang-dong* സംവിധാനം ചെയ്ത ഈ സിനിമയും നമ്മളിൽ പേരൻപ് നമ്മളിൽ ഉണ്ടാക്കിയ പൊള്ളൽ ഉണ്ടാക്കും. പേരൻപിൽ അച്ഛനും മകളും ആണ് എങ്കിൽ ഇതിൽ ഭിന്നശേഷിക്കാരായ രണ്ടുപേരുടെ പ്രണയം ആണ്.
2002ൽ ഇറങ്ങിയ ഒയാസിസ് എന്ന കൊറിയൻ സിനിമ കണ്ടിറങ്ങുമ്പോൾ മനസ് വല്ലാതെ  ഇടറി അത്തരത്തിൽ മനസ്സിൽ തട്ടുന്ന ഒരു വ്യത്യസ്‍തമായ പ്രണയ ചിത്രമായിരുന്നു. അതിലെ ദുരന്തം നമ്മെ വേദനിപ്പിക്കും 
ഇപ്പോഴും കുഴപ്പങ്ങളിൽ ചെന്നു ചാടുന്ന ബുദ്ധിസ്ഥിരതയിൽ ചില്ലറ കുഴപ്പങ്ങൾ ഉള്ള ഹോംഗ് ജോ ടു (Sol Kyung-gu) ആണ് ഒരു പ്രധാന കഥാ പാത്രം ഓരോ തവണ ഓരോരോ കുടുക്കിൽ ചെന്ന് പെടുമ്പോഴും വർക്ക്ഷോപ്പ് നടത്തുന്ന അനുജൻ വന്നു രക്ഷിക്കുന്നു. അതിനിടയിൽ ആണ് നടക്കാനോ ഇരിക്കാനോ കഴിയാത്ത ശാരീരികമായി ഒട്ടേറെ പ്രശ്നങ്ങൾ ഉള്ള ശരിക്കും സംസാരിക്കാനും കഴിയാത്ത    ഗോങ് ജ്യൂ  (Moon So-ri)വിനെ കാണുന്ന അതോടെ അയാൾക്ക് അവളെ ഇഷ്ടമാകുന്നു പലവട്ടം അവളെ കാണാൻ വേണ്ടി മാത്രം പലവിധത്തിൽ ഹോംഗ് ജോ അവിടെ എത്തുന്നുണ്ട് പകൽ സമയങ്ങളിൽ ഗോങ് ജ്യൂവിന്റെ സഹോദരനും ഭാര്യയും ജോലിക്കു പോകുന്നതിനാൽ അവൾ ഒറ്റക്കാണ് അവൈഡ് ഉണ്ടാകാറ് ഒരു തവണ അവളെ കണ്ടു സംസാരിച്ചു അവളെ  സ്നേഹം കൊണ്ട് കെട്ടിപ്പിടിക്കുന്നു അത് അവളെ വല്ലാതെ അലോസരപ്പെടുത്തുന്നു. അവൾ തളർന്നു വീഴുന്നു.  ഉണ്ടാക്കുന്നു  അതോടെ അവൻ അവിടെ നിന്നും ഓടി രക്ഷപ്പെടുന്നു. അവൾക്ക് തന്റെ വിസിറ്റിംഗ് കാർഡ് കണ്ണാടിയിൽ അവൻ  ഒട്ടിച്ചു വെച്ചിട്ടുണ്ടായിരുന്നു എന്നെങ്കിലും എന്നെ ഇഷ്ടപെട്ടാൽ ഈ നമ്പറിൽ വിളിക്കാൻ.  ശാരീരിക പരിമിതികൾ ഉള്ള അവൾ ഒരു ദിവസം സഹോദരന്റെ കൂട്ടുകാരനും കാമുകിയും തമ്മിൽ  തൻറെ  തൊട്ടടുത്ത മുറിയിൽ വെച്ച് നടത്തുന്ന ലൈംഗിക വേഴ്ച എല്ലാം അവൾ കാണുന്നു അതോടെ അവളിൽ താനും ഒരു സ്ത്രീയെണെന്നും തന്നിലേയും സ്ത്രീ പലതും ആവശ്യപ്പെടുന്നു എന്നുമുല്ല വികാരം അവളിൽ ജനിക്കുകയായി
അപ്രതീക്ഷിതമായി ഹോംഗ് ജോക്കു അവളുടെ ഫോൺ വരുന്നു. അവളുടെ അവ്യതമായ ശബ്ദം അവനു പെട്ടെന്ന് പിടികിട്ടുന്നു. പിന്നീട് അവളുമായുള്ള യാത്രകൾ അവളെയും തോളിൽപേറി അവൻ പുറംലോകത്തെ കാണിച്ചു കൊടുക്കുന്നു 
ഹോംഗ് ജോയുടെ അമ്മയുടെ ജന്മദിനാഘോഷത്തിൽ അവളുമായി എത്തുന്നതോടെ മൂത്ത ജേഷ്ഠന്റെ ദേഷ്യത്തിന് കാരണമാകുന്നു. അവളെ ഒഴിവാക്കാതെ ഈ പരിപാടിയിൽ പങ്കെടുക്കരുതെന്ന് അയാൾ ആവശ്യപ്പെടുന്നു ഗ്രൂപ്പ് ഫോട്ടോയിൽ അവളെയുമായി ഹോംഗ് ജോ എത്തിയതോടെ തർക്കം മൂർഛിക്കുന്ന തന്റെ കൂട്ടുകാരിയെ കൂടാതെ താനും ഇല്ലെന്നു പറഞ്ഞു ഹോംഗ് ജോ ചടങ്ങു ഉപക്ഷിക്കുന്നു.  അതോടെ അമ്മയുടെ ഇഷ്ട മകനായ ഹോംഗ് ജോ ഇല്ലാതെ ജന്മദിത്വം ആഘോഷിക്കേണ്ടി വരുന്നു. ഗോങ് ജ്യൂവിന്റെആഗ്രഹപ്രകാരം ഞായറാഴ്ച ദിവസം ജേഷ്ഠൻ അറിയാതെ വർക്ക് ഷോപ്പിലെ കാർ എടുത്ത് ഗോങ് ജ്യൂവുമായി കറങ്ങുന്നു തിരിച്ചു വരുമ്പോൾ കാറിന്റെ ഉടമസ്ഥനും ജേഷ്ഠനും കാത്തു നില്കുന്നു അതിനു അയാളെ ജേഷ്ഠൻ വളരെ ക്രൂരമായി ശിക്ഷിക്കുന്നു.
ഇവരുടെ പ്രണയം അത്യന്തം തീവ്രമാകുന്നു. ഒരു ദിവസം തന്നിലെ ഒരു രാത്രി തന്നോടൊപ്പം സഹായിക്കാൻ അവൾ ആവശ്യപ്പെടുന്നു. അന്ന് രാത്രി അവളുടെ ആവശ്യപ്രകാരം ശാരീരികമായി ബന്ധപെടുമ്പോൾ അവർ പിടിക്കപ്പെടുന്നു. ശാരീരിക ശേഷിയില്ലാത്ത മിണ്ടാൻ സാധികാത്ത പെൺകുട്ടിയെ ബലാൽസംഗം ചെയ്ത കുറ്റത്തിന്  ഹോംഗ് ജോ ടു ജയിലിൽ ആകുന്നു. സമൂഹവും കുടുംബവും അമ്മയും എല്ലാം അവനെ വല്ലാതെ വെറുക്കുന്നു പിന്നീട് ഭ്രാന്തമായ അവസ്ഥയിൽ അവൻ എത്തിപ്പെടുന്നു. ഇതിൽ എടുത്തു പറയേണ്ടത് ഈ രണ്ടുപെടുത്തേയും അഭിനയമാണ് ഹോംഗ് ജോ ടു ആയി അഭിനയിച്ച Sol Kyung-guയും ഗോങ് ജ്യൂവിന്റെ (Moon So-ri) പ്രകടനം നമ്മെ അത്ഭുതപ്പെടുത്തും അതിൽ (Moon So-ri) എന്ന നടി ശാരീരികമായും ഏറെ വിഷമതകൾ അനുഭവിക്കാന് ഈ കഥാപാത്രത്തിനു ജീവൻ നൽകിയിരിക്കുന്നത് 
സമൂഹത്തിൽ ഇത്തരം ഭിന്നശേഷിയുള്ളവരുടെ  പ്രണയം എന്നും നമുക്ക് ഒരു തമാശയാണ് എന്നാൽ തീവ്രമായ അവരുടെ ബന്ധത്തെ നാം സാമൂഹികമായി അംഗീകരിക്കാൻ ഇന്നും തയ്യാറല്ല എന്നതു സിനിമ കൃത്യമായി പറയുന്നു. മകളുടെ വൈകാരിക ആവശ്യങ്ങൾ നിറവേറ്റാൻ ആണ് വേശ്യയെ തേടിപ്പോകുന്ന അച്ഛന്റെ ദയനീയമായ ഒരവസ്ഥ പേരന്പിൽ കാണാം.. ഇങ്ങനെ രണ്ടു സിനിമകളും പറയുന്ന ഭിന്നശേഷിക്കാരായവരുടെ അവസ്ഥയെ പറ്റി സമൂഹത്തിനു കണ്ണുതുറക്കാൻ പ്രേരിപ്പിക്കും. ഒന്നു കൊറിയൻ സിനിമ എങ്കിൽ മറ്റൊന്ന് തമിഴ് ആണെന്ന് മാത്രം എന്നാൽ ഇതിലൊക്കെ പറയുന്ന പൊള്ളുന്ന യാഥാർത്ഥ്യങ്ങൾ നമുക്ക് കാണാൻ ആകുന്നുണ്ടോ എന്നിതാണ് പ്രസക്തം
============================================
23-02-2019 നു കണ്ണാടി മാഗസിനിൽ വന്നു
http://kannadimagazine.com/index.php?article=736

Monday 11 February 2019

അനുഭവത്തിന്റെ ഊടും പാവും കഥകളിൽ

വായനാനുഭവം

സിവി ശ്രീരാമന്റെ കഥകളും ജീവിതവും

സി വി ശ്രീരാമന്റെ ജീവിതം പോലെ തന്നെ കഥകളും അനുഭവത്തിന്റെ തീച്ചൂളയിൽ നിന്നും കാച്ചിയെടുത്തവയാണ്. ഒരു വലിയ യാത്രയായിരുന്നല്ലോ ശ്രീരാമേട്ടന്റെ ജീവിതം. വിവിധ ഇടങ്ങളിൽ മാറി മാറിയുള്ള ജീവിതം കഥയും അതുപോലെ ജീവിതത്തിന്റെ കടുത്ത യാഥാർത്യ . സിലോണില്‍ ജനിച്ച്,കേരളത്തില്‍ വളര്‍ന്ന് മംഗലാപുരത്തും മദിരാശിയിലുമൊക്കെ പഠിച്ച് കല്‍ക്കട്ടയില്‍ ആന്തമാന്‍ദ്വീപുകളില്‍ ജോലിചെയ്ത് അവസാനം  കേരളക്കരയില്‍ തിരിച്ചെത്തി ഏറെകാലം അഭിഭാഷകനായി  ഒപ്പം പൊതുപ്രവര്‍ത്തകനായി. ഏറെ കാലം പഞ്ചായത്ത് പ്രസിഡണ്ടായി ബ്ലോക്ക് പ്രസിഡണ്ടായി അങ്ങനെ വിവിധങ്ങളായ മേഖലകളില്‍ തന്റേതായ വെക്തിമുദ്ര പതിപ്പിക്കുകയും  കഥകള്‍ എഴുതി തീവ്രമായ മനുഷ്യാനുഭവങ്ങള്‍ എഴുത്തിലൂടെ അനുഭവിച്ച അത്ഭുതപ്പെടുത്തിയ ഒരാളാണ്   ശ്രീരാമേട്ടന്‍ എന്ന് എല്ലാവരും സ്നേഹത്തോടെ വിളിക്കുന്ന സി വി ശ്രീരാമന്‍.
ഓരോ കഥകളും ജീവിതത്തിന്റെ നേര്ചിത്രങ്ങള്‍ ആയിരുന്നു കേരളത്തിന്റെ ഗ്രാമഭംഗിയും ഉള്‍നാടന്‍ തനിയും ജീവിതവും അതിന്റെ ആഴത്തില്‍ വരച്ചുവെച്ച *കുരുതി*, കഥ മുഴുമിപ്പിക്കാതെ പോയ വഴിപോക്കനേ തടഞ്ഞു നിര്‍ത്തി പരിഭവിക്കുന്ന വൃദ്ധനെ അവതരിപ്പിച്ച പുതുമയില്ലാത്ത നഗരം,
ഒരു വാച്ചിലൂടെ ജീവിതത്തിന്റെ തീവ്രാനുഭവങ്ങള്‍ പങ്കുവെക്കുന്ന *ഉര്‍ലോസ്, വാസ്തുഹാര', 'ചിദംബരം*, 'ഇരിക്കപ്പിണ്ഡം' റെയിൽ‌വേ പാളങ്ങൾ, 'പൊന്തന്‍മാട'*, അങ്ങനെ എത്ര കഥകള്‍, പുസ്തകങ്ങള്‍, 
ലോകത്തെ എല്ലാ അഭയാര്‍ഥികള്‍ക്കും ഒരേ മുഖമാനെന്നും ആരെ വേദനയാണെന്നും പറയുന്ന എല്ലാകാലത്തും പ്രസക്തമായ ഒരു കഥയാണ്  *വാസ്തുഹാര* വിഭജനകാലത്ത് അവിഭക്ത ഇന്ത്യയിൽ, തുടർന്ന് ബംഗാളിൽ,പലസ്ഥീനിൽ, ചെച്നിയയിൽ, കാബൂളിൽ, ഗുജറാത്തിൽ, ശ്രീലങ്കയിൽ, ഇറാഖിൽ, ആഫ്രിക്കയിൽ ഈയിടെ സിറിയയില്‍ അഭയാര്‍ഥി പ്രവാഹം ലോകത്താകമാനം പറന്നു കിടക്കുന്ന ഒന്നാണ് അവയെ ഈ കഥ പ്രതിനിധീകരിക്കുന്നു. ഈ കഥയിലെ വേണു, ആരതി, അങ്ങനെ മനസ്സില്‍ നിനും മായാത്ത കഥാപാത്രങ്ങള്‍ വാസ്തുഹാരയും 
*മങ്ക്റ* എന്ന കഥ, ആനയെ നോക്കുന്ന മങ്ക്റയുടെ അവസാനം നൽകുന്ന വേദന നമ്മെ വല്ലാതെ അസ്വസ്ഥപ്പെടുത്തും. സ്വന്തം നാട്ടിലേക്ക് പോകാമെന്ന പ്രതീക്ഷയെ പരമാവധി ചൂഷണം ചെയ്യുന്ന കമ്പനിക്ക് മങ്ക്റ എന്ന ഒരു മനുഷ്യനെ പരിഗണിക്കുന്നേയില്ല. 
*പുറംകാഴ്ചകൾ* എന്ന കഥയിൽ  അവസാന ഭാഗത്ത്  പറയുന്ന ആ ഒരൊറ്റ വരി  മതി *"അപ്പോൾ അതുവരെവെറുപ്പ് മാത്രം ജനിപ്പിച്ച അജ്ഞാതനായ ആ  മനുഷ്യനുവേണ്ടി അയാളുടെ മനസ്സ് ഒരു ഒരിറ്റ് കണ്ണീരു വാർത്തു"* ഒരു യാത്രയിൽ നടക്കുന്ന സംഭവങ്ങളാണ് കഥ ഓർത്തെടുക്കുന്നു ചില നിമിഷങ്ങൾ ഓരോരുത്തരിലും അവരുടേതായ സന്തോഷവും സങ്കടവും കടലോളം അലയടിക്കുന്നു എന്നും പക്ഷെ മറ്റൊരാൾക്ക് അത് മനസിലാക്കാൻ അതിനനുസൃതമായ ഒരു സന്ദർഭം രൂപപ്പെടുന്നത് വരെ അയാളിൽ നിന്നും നമുക്ക് എതിരെ എന്ന് തോന്നുന്ന ഓരോന്നും അയാളിലെക്കുള്ള നമ്മുടെ അകലം കൂട്ടുമെന്നും എന്നാൽ സത്യം അറിയുമ്പോൾ നമ്മളിൽ ഉണ്ടാകുന്ന വികാരം?  അതാണ് ആ അവസാന വരി നഷ്ടപ്രണയം ഓർത്ത് യാത്ര നടത്തുന്ന ഒരാളിൽ നിന്നും ഉള്ള ഓർമകളിലൂടെയാണ് കഥ ഒരു ബസ് യാത്ര. അസ്വസ്ഥനായ ഒരു മനുഷ്യൻ അയാൾക്ക് യാത്രയിലെ ശബ്ദങ്ങളും ചോദ്യങ്ങളും ഒന്നും സ്വീകരിക്കാനോ അതിനു മറുപടി പറയാനോ മാറ്റുന്ന മാനസികാവസ്ഥയിൽ അല്ല അതെന്തുകൊണ്ടാണ് എന്ന് അവസാനം അയാൾ ബസ്സിറങ്ങി ഓടുമ്പോൾ മാത്രമാണ് ബസ്സിലെ എല്ലാവരും തിരിച്ചറിയുക. കേരള കഫെ എന്ന സിനിമയിൽ ഒരു കഥ ഇതായിരുന്നു ശ്രീനിവാസനും മമ്മുട്ടിയും അഭിനയിച്ച ഈ ഭാഗം സംവിധാനം ചെയ്തത് ലാൽ ജോസായിരുന്നു.  
രതിയും ലഹരിയും തീർത്ത ബാബുവിന്റെ ജീവിതം പറയുന്ന *സ്നേഹത്തിന്റെ നെല്ലിക്ക* ഒരു നിമിത്തം നമ്മെ ജീവിതത്തിൽ മറ്റു പലതിൽ മാറ്റി നിർത്തും ലഹരിയുടെ ആസക്തിയിൽ ഇല്ലാതാകുന്ന ബാബുവിൻേറയും കുമയുടെയും കഥയാണ് ഇത്. 

ചിദംബരവും 'പൊന്തന്‍മാടയും വാസ്തുഹാരയും  വെള്ളിത്തിരയിലും മികച്ച കലാസൃഷ്ടിയായി മാറി. ശ്രീലങ്കയും കൊൽക്കൊത്തയും ആന്തമാനും തമിഴ്‌നാടും പശ്ചാത്തലമായുള്ളതാണ്. പ്രവാസവും ഒറ്റപ്പെടലും അദ്ദേഹത്തിന്റെ കഥകളിലെ പ്രധാന വിഷയങ്ങളും അവിടുത്തെ ജീവിതകഥാപാത്രങ്ങളും നമ്മെ പുതിയ തലത്തിലേക്ക് നയിക്കപ്പെടുന്നു. ഒരുപാട് കഥകള്‍ എഴുതി എങ്കിലും ഓരോ കഥകളും വ്യത്യസ്ഥമാക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു എന്നതാണ് സിവി ശ്രീരാമന്റെ പ്രസക്തി.   
എഴുത്തുകാരന് രാഷ്ട്രീയം വേണം എന്ന് മാത്രമല്ല സജ്ജീവ രാഷ്ട്രീയത്തില്‍ ഇറങ്ങി പ്രയോഗത്തെ സ്വീകരിക്കാനും തയ്യാറായാല്‍ മാത്രമേ ജനപക്ഷത്ത് നിന്നെഴുതാന്‍ കഴിയൂ എന്ന് സി വി ശ്രീരാമന്‍ കഥകളിലൂടെയും രാഷ്ട്രീയ ജീവിതത്തിലൂടെയും തെളിയിയിച്ചു. ഗാലറിയില്‍ ഇരുന്ന കളി കാണുന്ന ഒരാളായല്ല മറിച്ച് ജനത്തോടൊപ്പം നിന്ന് എഴുതാനാണ് അദ്ദേഹം ഇഷ്ടപെട്ടത് 
 1983-ൽ കേരള സാഹിത്യ അക്കാദമി അവാർഡും, ശ്രീരാമന്റെ കഥകൾ എന്ന ചെറുകഥാ സമാഹാരത്തിന് 1999-ൽ കേന്ദ്ര സാഹിത്യ അക്കാദമിപുരസ്കാരവുംലഭിച്ചിട്ടുണ്ട്. വാസ്തുഹാര എന്ന ആദ്യ ചെറുകഥാസമാഹാരത്തിനു ശക്തിഅവാര്‍ഡും കേരളസാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ചു. ഇഷ്ടദാനം എന്ന കഥയ്ക്ക് വി.പി.ശിവകുമാര്‍ സ്മാരക കേളി അവാര്‍ഡും അടക്കം നിരവധി പുരസ്കാരങ്ങള്‍. ലഭിച്ചിട്ടുണ്ട്  
1979 മുതല്‍ രണ്ടു തവണയായി 12 വര്‍ഷം കുന്നംകുളത്തിനടുത്ത പോര്‍ക്കുളം പഞ്ചായത്ത് പ്രസിഡന്റായിട്ടുണ്ട്. 1995 മുതല്‍ മൂന്നുവര്‍ഷം ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു. സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം, പുരോഗമന കലാസാഹിത്യസംഘം എന്നിവയുടെ മുന്‍നിരക്കാരനായിരുന്ന ശ്രീരാമന്‍ 1988-91 കാലഘട്ടത്തില്‍ കേരള സാഹിത്യ അക്കാദമി എക്സിക്യൂട്ടീവ് അംഗമായിരുന്നു. മരിയ്ക്കുമ്പോള്‍ കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റായിരുന്നു. കേന്ദ്ര സാഹിത്യ അക്കാദമി അംഗം എന്ന നിലയിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. കുന്നംകുളം, ചാവക്കാട് ബാര്‍ അസോസിയേഷനുകളുടെ പ്രസിഡന്റായിരുന്നു. മലയാള സാഹിത്യത്തിനു സി വി ശ്രീരാമന്‍ ചെറുകഥയിലൂടെ നല്‍കിയ സംഭാവന വളരെ വിലപെട്ടതാണ്, മലയാള ചെറുകഥയെ ലോക നിലവാരത്തിലേക്ക് പ്രതിഷ്ഠിക്കാന്‍ അദ്ദേഹത്തിന്‍റെ തൂലികക്കായി. ലളിതമായിരിക്കുക എന്നത് അത്ര ലളിതമല്ല എന്നദ്ദേഹം കഥകളിലൂടെ തെളിയിച്ചു. സിവി ശ്രീരാമന്റെ കഥകളെ കുറിച്ച് പറഞ്ഞാൽ തീരില്ല. ജീവിതവും കഥയും ഇനിയും ഏറെ പറയാനുണ്ട് 
2007 ഒക്ടോബർപത്തിനാണ് ആ വലിയ എഴുത്തുകാരന്‍ അനുഭവങ്ങള്‍ ഇല്ലാത്ത ലോകത്തേക്ക് പൊന്‍തൂലികയുമായി പോയത്.

വൈവിധ്യമാർന്ന, വൈചിത്ര്യങ്ങളാകുന്ന കഥകൾ

വായനാനുഭവം 
ടാറ്റാപുരം സുകുമാരന്റെ കഥകളിലൂടെ

കഥകളിൽ  വൈവിധ്യമാർന്ന വൈചിത്ര്യങ്ങൾ നിറച്ചു അത്ഭുതപ്പെടുത്തിയിരുന്ന കഥാകൃത്താണ് ടാറ്റാപുരം സുകുമാരൻ.  ഇദ്ദേഹത്തിന്റെ കഥകളെ കുറിച്ച് എം ലീലാവതി പറഞ്ഞത് *"ടാറ്റാപുരം സുകുമാരന്റെ കഥകളിൽ ചിരിയും, കണ്ണീരും, ഉദ്വേഗവും, ഭയവും, സംഭ്രമവും, വേപഥുവും, രോഷവും, പ്രശാന്തിയും, ഉത്കണ്ഠയും, രതിയും, ആർദ്രതയും എല്ലാം മാറി മാറി അനുഭവപ്പെടും"* 
കഥകളുടെ അവസാനം ഉണ്ടാകുന്ന ട്വിസ്റ്റ് അതുവരെ നമ്മൾ കരുതിയതിൽ നിന്നും നമ്മെ മറ്റൊരിടത്തിൽ എത്തിച്ചു അത്ഭുതപ്പെടുത്തും. *അവൾക്കു ചുറ്റും കടൽ* എന്ന കഥ അത്തരത്തിൽ ഒരു അവസാനമാനുള്ളത്. ആശുപത്രിയിൽ എന്നും എത്തി രോഗികളെ സഹായിക്കുന്ന ചിന്നമ്മയുടെ ജീവിതത്തിലൂടെയാണ് കഥ പോകുന്നത്. തന്റേടിയായ ചിന്നമ്മയുടെ  ഈ  നിസ്വാർത്ഥ സേവനത്തെ അത്ഭുതത്തോടെ നോക്കി കാണുകയാണ് അയാൾ. (കഥയിൽ അയാൾക്ക് പേരില്ല) എന്നും രണ്ടു സഞ്ചിയുമായി വന്നു രോഗികൾക്ക് വേണ്ട എന്തു സഹായവും ചെയ്തുകൊടുക്കുന്നു. ചിന്നമ്മയിലൂടെ കഥ സഞ്ചരിക്കുന്നു. എന്നാൽ അവസാനം അപ്രതീക്ഷിതമായ ഒരു മാറ്റം നമ്മെ അത്ഭുതപ്പെടുത്തും. 
"ഒന്നായനിന്നെയിഹ,
രണ്ടെന്നു കണ്ടളവി-
ലുണ്ടൊയൊരണ്ടൽ ബത-
മിണ്ടാവതില്ല"
രാമചന്ദ്രൻ എന്ന ഗായകന്റെ ജീവിതത്തിലൂടെ പോകുന്ന കഥയാണ്
*ഒന്നായനിന്നെയിഹ* മരിച്ചവീട്ടിൽ ഭജന പാടുന്ന  രാമചന്ദ്രനെ കണ്ടയാൾ ഞെട്ടി. എത്രയോ ഗാനാമേളകളെ നയിച്ച, നാടകങ്ങളിൽ പാട്ടുകൾ പാടിയ ഗായകൻ വെറും 10 രൂപക്ക് വേണ്ടി മരണ വീടുകളിൽ ഭജൻ പാടാൻ പോകുന്നത് കണ്ട് അയാൾക്ക് സങ്കടം തോന്നി. അമ്പലപറമ്പിൽ ലേലംവിളിയുടെ അനൗണ്സർ ആയി രാമചന്ദ്രനെ കണ്ടതോടെ ഒരു കലാകാരന്റെ ജീവിതത്തെ കുറിച്ചു അയാൾ ഏറെ ചിന്തിച്ചു. പിന്നീട് വർക്ക് ഷോപ്പിലെ ഹെൽപറായി രാമചന്ദ്രനെ  അയാൾക്ക് തന്നെ ശുപാർശ ചെയ്യേണ്ടി വന്നു. അങ്ങനെ ഒരു ഗായകന്റെ ജീവിതത്തിലെ തകർച്ചയാണ് ഒന്നായനിന്നെയിഹ. എന്ന കഥ. 
*എഴുതാപ്പുറം* എന്ന കഥ ഒരു ഉഗ്രൻ വിമർശന കഥയാണ്. കാപട്യം ഉള്ളിൽ നിറച്ച കപട പരിസ്ഥിതി പ്രവർത്തകർക്കുള്ള ചുട്ട മറുപടി ഈ കഥയിലും പ്രധാന കഥാപാത്രം അയാൾ എന്ന കഥാകൃത്ത് തന്നെയാണ് സ്വാമിനാഥൻ എന്ന പരിസ്ഥിതി പ്രവർത്തകൻ മുന്നോട്ടുവെക്കുന്ന വികലമായ ആശയം ഇന്നും പലരും ചെയ്തുവരുന്നതാണ് എന്നത് ഈ കഥയുടെ സമകാലിക പ്രസക്തി വിളിച്ചോതുന്നു. കഥയുടെ തുടക്കം തന്നെ രസകരമാണ് 
"രോഗം വന്നാൽ ഞങ്ങളാരും ചികിൽസിക്കാറില്ല, സ്വാമിനാഥന്റെ ആ അഭിപ്രായം എന്നെ അത്ഭുതപ്പെടുത്തി. 
പിന്നെന്തു ചെയ്യും ? 
ഉള്ളിൽ അടിഞ്ഞു കൂടുന്ന അഴുക്കിനെ പുറത്തു കളയുന്ന ഒരു ഉപാധിമാത്രമാണ് രോഗം" 
ഇത്രേം കേട്ടാൽ തന്നെ സ്വാമിനാഥനെ കുറിച്ച് ഒരു ഏകദേശ ധാരണ കിട്ടിക്കാണും, ഈ നിലയിൽ തികഞ്ഞ അപ്രസക്തമായ പാരിസ്ഥിതിക ചിന്ത പേറുന്ന സ്വാമിനാഥന്റെ വീട്ടിൽ അയാളുടെ ഭാര്യയും കുഞ്ഞുങ്ങളും സഹിക്കേണ്ടി വരുന്ന അവസ്ഥയും എന്നാൽ പുറത്ത് ആയാൾ സ്വീകരിക്കുന്ന രീതിയും തികഞ്ഞ കാപട്യം ആണെന്ന് തിരിച്ചറിയുന്നു, ഇത്തരത്തിൽ ഒട്ടനവധി പേര് ഇന്നും ഈ രംഗത്തുണ്ട് എന്ന സത്യം ഈ കഥയുടെ പ്രസക്തി വർധിപ്പിക്കുന്നു. 
ഇങ്ങനെ സാമൂഹിക  വിഷയങ്ങളിൽ തുറന്നടിക്കുന്നു നിരവധി കഥകൾ അതും ഒന്നിനൊന്നു വ്യത്യസ്തമായ കഥകൾ എഴുതിയ കഥാകൃത്താണ് ടാറ്റാപുരം സുകുമാരൻ. മനസ്സിന്റെ ലോലഭാവങ്ങൾ ഒപ്പിയെടുക്കുകയും അനുഭവ തീവ്രതയോടെ കഥയിൽ ആവിഷ്കരിക്കുകയും ചെയ്യുന്ന അത്ഭുതസിദ്ധിയാണ് ഇദ്ദേഹത്തിന്റെ പ്രത്യേകത. *രഹസ്യം, ഭാര്യയുടെ മുഖം,  മുഴക്കം, കടൽവിളക്കുകൾ, അഞ്ചാമൻ, കവല, രക്ഷകൻ, അലമാലകളിൽ, ഉറുക്കും മാംസവും, കടൽ മനുഷ്യൻ, വണ്ടികൾ നീങ്ങുന്നു, പായസം* എന്നിങ്ങനെ ഒട്ടനവധി കഥകൾ ഉണ്ട്. കൂടാതെ നോവലുകളും നാടകവും, യാത്രാവിവരണങ്ങളും, അതിലുപരി ഒട്ടേറെ വിവർത്തനങ്ങളും ഇദ്ദേഹത്തിൻേതായി ഇറങ്ങിയിട്ടുണ്ട് എന്നാൽ  നമ്മുടെ സാഹിത്യ രംഗത്ത് ടാറ്റാപുരം സുകുമാരന് അർഹമായ സ്ഥാനം ലഭിച്ചോ എന്നതിൽ  സംശയമുണ്ട്. ഓരോ കഥകളിലൂടെ പോകുമ്പോഴും  അതിന്റെ വൈചിത്ര്യവും വൈവിധ്യവും നമുക്ക് തിരിച്ചറിയാനാകും. 
-----------------------------------------------------------------
കണ്ണാടി ഓൺലൈൻ മാഗസിനിൽ 
http://kannadimagazine.com/index.php?article=708