Monday 25 July 2016

മരുഭൂമിയിലെ കൃഷിഗീത

(വയലും വീടും എന്ന ദുബായിലെ ഫേസ്ബുക്ക് കൂട്ടായ്മയെക്കുറിച്ച്)

 

  കേരളത്തിലെ  റേഡിയോ ശ്രോതാക്കള്‍  കേട്ടുകൊണ്ടിരുന്ന ജനകീയ പരിപാടിയാണ് വയലും  വീടും.   എന്നാല്‍ ഇത് ദുബൈയില്‍ ഇത്  ഹരിതാഭമായ മനസ്സുകളുടെ ഫേസ്ബുക്ക് കൂട്ടായ്മയാണ്, ഒരു കൂട്ടം ഊര്‍ജസ്വലരുടെ ഹരിതസേനയാണ്. 2008 ജൂണ്‍ 5 ലോക പരിസ്ഥിതി ദിനത്തിലാണ് ദുബായ് കേന്ദ്രമായി നാദി അല്‍ ശിബയിലെ ഹരിത കര്‍മ്മസേന എന്നു വിളിക്കുന്ന മരുഭൂമിയിലെ മലയാളി കര്‍ഷക സംഘം ‘വയലും വീടും’ എന്ന കൂട്ടായ്മക്ക് തുടക്കമിട്ടത്. തിരക്കിട്ട മറ്റു ജോലിക്കിടയിലും കര്‍ഷകരെന്നു പറയാന്‍ അഭിമാനിക്കുന്ന ഈ കൂട്ടത്തിന്‍്റെ പ്രവര്‍ത്തനം ഇന്ന് ദുബൈ കടന്ന് കേരളത്തിലും വ്യാപിക്കുന്നു. 

                                     വയലും വീടും കൂട്ടായ്മ സംഘടിപ്പിച്ച പരിപാടിയില്‍ നിന്ന്

 കര്‍ഷകര്‍ക്ക് താങ്ങും തണലുമായി ‘പത്തായം’  എന്നപേരില്‍ സൗജന്യ വിത്തു വിതരണവുമായും വളവും മണ്ണൊരുക്കലും കൃഷി സഹായവും മറ്റു സാമൂഹിക സേവനവുമായി ‘കര്‍മ്മസേന’ എന്നപേരില്‍ യുവ കര്‍ഷകരുടെ ഒരു നീണ്ട നിരയുമായി വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചു വരികയാണ്.  പാലക്കാട്ടെ കര്‍ഷകര്‍ക്കായി സൗജന്യ ഭക്ഷണവും താമസവുമൊരുക്കി എക്സിബിഷനും കാര്‍ഷിക മേളയുമുള്‍പ്പെടെ പരിപാടികള്‍ സംഘടിപ്പിക്കാനും കൂട്ടായ്മക്കായി. തൃശൂര്‍ ജില്ലയിലെ വട്ടേക്കാട്ട് നടന്ന രണ്ടുദിവസത്തെ കാര്‍ഷികോത്സവത്തിന്‍െറ വിജയം  ഈ കൂട്ടായ്മയുടെ  ശക്തി തെളിയിക്കുന്നു.
ജൈവ കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്‍്റെ ഭാഗമായി നല്ല കര്‍ഷകരെ കണ്ടത്തെി  പാരിതോഷികം നല്‍കി പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം കര്‍ഷകരുടെ ജൈവ വിളവുകളും മറ്റു കാര്‍ഷികോല്‍പന്നങ്ങളും കേരളത്തിലും ഗള്‍ഫിലും ആവശ്യക്കാര്‍ക്ക് എത്തിക്കാനായി ‘വെജ് വിലേജ്’ എന്ന വിപണന സംവിധാനവും  ഉണ്ട്. ഇതിലൂടെ കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ഇടനിലക്കാരില്ലാതെ  ന്യായ വില നല്‍കാനാകുന്നു. ആഴ്ച തോറും അംഗങ്ങളില്‍ നിന്ന് നല്ല കര്‍ഷകരെ കണ്ടത്തെി ആഴ്ചയിലെ നല്ല കര്‍ഷകരെ കണ്ടത്തെുന്ന സമ്മാന പദ്ധതിയുമുണ്ട്. പുതുതായി കൃഷിക്കുള്ള ജൈവ വളങ്ങളും വിത്തുകളും ജൈവ കീടനാശിനികളും കാര്‍ഷിക പ്രസിദ്ധീകരണങ്ങളുമടക്കം ഒരു വര്‍ഷത്തേക്കുള്ള സമ്മാന കിറ്റും നല്‍കുന്നു.

                                           വയലും വീടും കൂട്ടായ്മ സംഘടിപ്പിച്ച പരിപാടിയില്‍

                                                                  കെ വി ദയാല്‍       ക്ലാസെടുക്കുന്നു 

തൃശൂര്‍ ജില്ലയിലെ ചാവക്കാട് അടുത്തുള്ള അടിതിരുത്തിയില്‍ തുടങ്ങിയ വെജ് വിലേജ്ല്‍ കിട്ടാത്ത ജൈവ ഉല്‍പ്പങ്ങള്‍ ഒന്നും തന്നെയില്ല.  മൂന്ന് തരം ശര്‍ക്കര മുതല്‍ ഉമിക്കരി ,രണ്ടു തരം തവിട് ,ഉരുക്ക് വെളിച്ചെണ്ണ തുടങ്ങി മുള ഉത്പന്നങ്ങള്‍ വരെ ഇവിടെയുണ്ട്.  ഈ സംവിധാനം മലപ്പുറത്തും ദുബായിലും ഓരോ ശാഖകള്‍  തുടങ്ങാനുള്ള പുറപ്പാടിലാണ്.
പ്രതിഫലം വാങ്ങാതെയാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ തുടങ്ങി ഇന്ന് എല്ലായിടത്തും വ്യാപിക്കും തരത്തില്‍  ജൈവ കൂട്ടായ്മയായി മാറുകയാണ് വയലും വീടും. 

 --------------------------------------------------------------------------------------------------------------------------

മാധ്യമം ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ചത് 

http://www.madhyamam.com/agriculture/neighbourhood-farming/2016/jul/25/210931 

Wednesday 20 July 2016

ജാതിയുടെ നൂറു നൂറു സിംഹാസനങ്ങൾ

 വായനാനുഭവം


(ജയമോഹന്റെ നൂറു സിംഹാസനങ്ങൾ എന്ന നോവലിന്റെ വായനാനുഭവം)






















ജയമോഹന്റെ നൂറ് സിംഹാസനങ്ങൾ എന്ന നോവൽ വായിച്ചു തീരുമ്പോൾ നാം ഇതുവരെ നേടിയെന്നു പറയുന്ന പുരോഗതി ഒക്കെ തന്നെ ഇന്നും എത്രകണ്ട്‌ ജാതീയവും അസമത്വവും നിറഞ്ഞതാണെന്നും ഇന്നും കീഴാളവർഗ്ഗങ്ങളെ മുഖ്യധാര എങ്ങനെ കാണുന്നു എന്നും മനസിലാക്കാം. കീഴാളരിൽ പെട്ട നായാടിവർഗ്ഗം അന്നും ഇന്നും തീണ്ടാപാടകലെ മാത്രമല്ല അതിനുമപ്പുറം ആഴത്തിൽ ആണെന്നു വേണം പറയാൻ. സ്വന്തം അമ്മയുടെ ദയനീയ ജീവിതത്തിന്റെ പശ്ചാത്തലത്തിലൂടെയാണ് നോവൽ സഞ്ചരിക്കുന്നത്. നായാടിയായതിനാൽ അഴുക്കു പുരണ്ട ജീവിതസാഹചര്യങ്ങൾ മാത്രമേ അവകാശമായി കിട്ടിയിട്ടുള്ളൂ എന്നും നായാടി അല്ലാതെ ബാക്കി വരുന്ന മനുഷ്യർ ഒക്കെ തന്നെ തങ്ങളുടെ യജമാനന്മാരാണ് എന്നും മനസ്സിൽ പേറിയ ആ അമ്മയ്ക്ക് മകന്റെ ഉന്നത ജീവിതത്തോടൊപ്പം മുന്നോട്ട് പോകാനോ അതിൽ ലയിക്കാനോ സാധ്യമല്ല. അമ്മക്ക് മകൻ അന്ന് ഇന്നും മൂക്കൊലിപ്പിച്ച് ഷർട്ടിടാതെ നടക്കുന്ന കാപ്പൻ തന്നെയാണ്, കുപ്പായമിടുക എന്നത് അത്യന്തം പാതകമാണെന്നും അതു യജമാനന്മാരായ മറ്റുള്ളവർക്ക് പറഞ്ഞതാണെന്നും ആ പാവം അമ്മ അവസാനം വരെ വിശ്വസിച്ചുപോന്നു. എന്നാൽ രമണിയെ കല്യാണം കഴിച്ച് സമൂഹത്തിൽ ഉന്നത അധികാരം പേറുന്ന കാപ്പന് ആ പേര് പോലും ബാധ്യത ആകുകയാണ്. ഭീഷണമായി മുഖത്തേക്ക് തുറിച്ചു നോക്കുന്ന യാഥാർഥ്യങ്ങളാണ് കാപ്പന് ചുറ്റും. ഏതൊരു സിംഹാസനവും ജാതിയുടെ കറപറ്റിയ അവജ്ഞനിറഞ്ഞ നോട്ടങ്ങളുടെ നടുവിലാണെന്നു കാപ്പൻ തിരിച്ചറിയുന്നു. മൃഗാശുപത്രിയിലെ വാർഡിൽ മൃഗസമാനമായി കിടക്കുന്ന അമ്മയുടെ ചിത്രം സൂചിപ്പിച്ചുകൊണ്ട് കുഞ്ഞൻ നായർ പറയുമ്പോൾ ഏറെ കാലം ആ കരിഞ്ഞ ജീവിതത്തെ എത്തിനോക്കാത്ത വേദന ഉള്ളിൽ പേറുന്നു എങ്കിലും നിലവിലെ ജീവിത സാഹചര്യം അമ്മയെ വാരിയെടുത്ത് ആശുപത്രിയിൽ കൊണ്ടുപോകാൻ അനുവദിക്കുന്നില്ല. നായാടി വർഗത്തിന്റെ ദയനീയമായ ജീവിത പരിസരത്തെയാണ് അമ്മയുടെ ജീവിതത്തിലൂടെ വ്യക്തമാക്കുന്നത്. മനുഷ്യരായി പരിഗണിക്കാതെ പോയ ഈ ജീവിതങ്ങളുടെ ദുരന്തപൂർണ്ണമായ ചരിത്രത്തേയും നോവലിലൂടെ വരച്ചു കാട്ടുന്നു.

“ആയിരത്തി എണ്ണൂറ്റി എഴുപതുകളിലെ പഞ്ഞത്തിൽ തെക്കേയിന്ത്യയിൽ മാത്രം മൂന്നു കോടിയാളുകളാണ് പട്ടിണി കിടന്നു ചത്തത്. അതിൽ നായാടികൾ മിക്കവാറും ചത്ത്‌ മുടിഞ്ഞിട്ടിക്കാനാണ് സാധ്യത. കല്ലിന്റെയുള്ളിൽ കഴിയുന്ന തവളപോലെ അവർ ജീവിച്ചിരുന്നതും ആർക്കുമറിയില്ല, ചത്തതും അറിഞ്ഞിരിക്കില്ല. പക്ഷെ, അതും തറപ്പിച്ചു പറയാനാവില്ല. ചവറും അഴുക്കും തിന്നാൻ ശീലിച്ചവരാണ് നായാടികൾ. അവർ അതുമാത്രം തിന്ന് നഗരങ്ങളിൽ ജീവിച്ചിരിക്കാനും ഇടയുണ്ട്. നഗരങ്ങൾ വളർന്നപ്പോൾ ചവറ്റുകൂനകൾ വളർന്നു. അവയിൽ ജീവിക്കുന്ന ഒരുകൂട്ടമാളുകൾ ഉണ്ടായി. അവരിലധികവും നായാടികളായിരിക്കാം.”
നഗരം വളരുമ്പോൾ ഒപ്പം അഴുക്കുപുരണ്ട കുറെ ജീവിതങ്ങളും വരുമെന്നും പാർശ്വവൽക്കരിക്കപ്പെട്ട ഇവരെന്നും മനുഷ്യരല്ലാതെ കഴിയുമെന്നുമുള്ള സമകാലിക യാഥാർഥ്യം നോവലിൽ തുറന്നു കാണിക്കുന്നു. നായാടികളെ മനുഷ്യരായി കണക്കുകൂട്ടയിരുന്നില്ല എന്നുമാത്രമല്ല അവർക്ക് പൊതുസമൂഹത്തിൽ ഇടം നൽകാൻ പുരോഗമന വാദികൾ വരെ തയ്യാറായിരുന്നില്ല എന്നതാണ് സത്യം. ഈ നോവലിലെ നായകൻ ഉയർന്ന പദവി അലങ്കരിക്കുന്ന അധികാരി ആണെങ്കിൽ കൂടി നായാടിയാണെന്ന അപകർഷതാബോധം ഇടക്കിടക്ക് തികട്ടി വരുന്നുണ്ട്. ഇന്നും ഏറെ പുരോഗമിച്ചിട്ടും കീഴാള വർഗ്ഗത്തിൽ പെട്ടവൻ ഉന്നതാധികാരം കയ്യാളുമ്പോൾ അതിന്റെ അമർഷവും രോഷവും സവർണ്ണർ പരസ്യമായി തന്നെ പ്രകടമാക്കുകയും അതിനെ മറികടന്നു അപകർഷതാബോധത്തിൽ നിന്നും കുടഞ്ഞെഴുനേൽക്കാൻ തയ്യാറാവുന്നില്ല എന്നത്തന്നെയാണ് ഇന്നിന്റെയും ദുരന്തം.
“അധികാരത്തിന്റെ ഉത്തരവാദിത്തം മുഴുവൻ പേറികൊണ്ട് ഒരു അധികാരവും ഇല്ലാതെ ജീവിക്കുന്ന നഗരത്തിൽ ഞാൻ ചെന്നുചേർന്നു. ഞാൻ പണിയെടുത്ത ഓരോ ഓഫീസിലും എനിക്കു താഴെ ഒരു ശക്തനായ രണ്ടാംനില അധികാരി ഉണ്ടാവും. അയാൾ ആ ഭാഗത്ത് ഏറ്റവും കൂടുതലുള്ള ജാതിയിൽ പെട്ടയാളായിരിക്കും. ഭരണകക്ഷിയിലെ പ്രമുഖർക്കോ ഉന്നത അധികാരികൾക്കോ വേണ്ടപ്പെട്ട ആളായിരിക്കും. ഞാൻ വന്ന ഏതാനും ദിവസങ്ങൾക്കുള്ളിൽ മുഴുവൻ അധികാരവും അയാളുടെ കൈകളിലേക്ക് ചെന്നുചേരും. അയാളുടെ ഉത്തരവുകൾ മാത്രമേ നടക്കുകയുള്ളൂ. അയാളാണ് ഭരിക്കുന്നത് എന്ന് എല്ലാവരും അറിഞ്ഞിരിക്കും. എന്നാൽ അയാൾ എന്നോട് ഭവ്യതയോടെ പെരുമാറും. ആ പട്ടുതുണിയുടെ ഉള്ളിൽ ഇരുമ്പുണ്ടെന്ന് എപ്പോഴും എനിക്കയാൾ ഓർമ്മിപ്പിച്ചുകൊണ്ടിരിക്കും”


അധികാരികൾ എന്നും സവർണ്ണൻ തന്നെയായിരിക്കും എന്ന ഇന്ത്യൻ സാഹചര്യങ്ങളെയാണ് തുറന്നു കാണിക്കുന്നത്. അധികാരത്തിൽ എത്തിയാലും കീഴാളന്റെ മുഖത്ത് ഭീതി നിലനിൽക്കുന്നു. ഇവിടെ കാപ്പനിലും ആ ഭീതി നിഴലിക്കുന്നുണ്ട്. നായാടിയെ നായാടുന്ന സമൂഹത്തിന്റെ ക്രൗര്യവും, അപകർഷതാബോധം മൂലം ആൾക്കൂട്ടത്തിലും ഒറ്റപ്പെട്ടുപോകുന്ന ഒരു മനസ്സിന്റെ തീവ്ര വേദന ഈ നോവലിൽ വായിച്ചെടുക്കാനാകും.
ഒരെഴുത്തുകാരൻ എന്ന നിലയിൽ ജയ്മോഹന്റെ എഴുത്തിനോടുള്ള സമീപനവും രാഷ്ട്രീയവും ഈ നോവലിൽ നിന്നും വ്യക്തമാണ്. ആർക്കും എപ്പോഴും പകർപ്പവകാശം ഇല്ലാതെ തന്നെ ഈ നോവൽ ഉപയോഗിക്കാം എന്നുള്ളതുകൊണ്ട് തന്നെ ചെറുതും വലുതുമായ ഒട്ടുമിക്ക പ്രസാധകരും ഈ നോവൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതു കൊണ്ടുതന്നെ ഏറെ പേര് വായിച്ച ഈ നോവൽ എത്രപ്രതി ഇറങ്ങിയെന്നു അറിയാൻ കഴിയില്ല മലയാളം ഒന്നടങ്കം ഈ നോവൽ ഏറ്റെടുക്കുകയും ചർച്ച ചെയ്യുകയും ചെയ്തു എന്നുള്ളത് തന്നെ ഈ നോവലിന്റെ സ്വീകാര്യതയെയാണ് കാണിക്കുന്നത്.