Monday 3 February 2020

ഈ ആസുരകാലത്ത് വീണ്ടും വായിക്കേണ്ട കഥകൾ.

(പ്രശസ്ത ഉറുദു ഹിന്ദി സാഹിത്യകാരൻ അസദ് ഹസൻ മൻതോ യുടെ കഥകളിലൂടെ)

ഥ ജീവിതങ്ങളുടെ ആഴമേറിയ ഇടങ്ങളിലേക്ക് ഇറങ്ങി ചെല്ലുമ്പോൾ അത് എക്കാലത്തെയും പ്രതിനിധീകരിക്കും. ചരിത്ര മുഹൂർത്തങ്ങളിലേക്കുള്ള  സർഗാത്മക ഇടപെടൽ കൂടിയാകുമ്പോൾ അതിന്റെ ആഴവും പരപ്പും വര്ധിപ്പിച്ചുകൊണ്ട്  കാലത്തെ അതിജീവിക്കും. ഇന്ത്യ നേരിട്ട ഏറ്റവും വിഷമകരവും വേദനാജനകവുമായ കാലഘട്ടമായിരുന്നു ഇന്ത്യാ-പാക് വിഭജനം. ഒട്ടേറെ ജീവനുകൾ നഷ്ടമാക്കിയ, മതത്തിന്റെ പേരിൽ മനുഷ്യരുടെ ചോര ചീന്തിയ കാലം. വിഭജനത്തിന്റെയും വർഗ്ഗീയതയുടെയും. പേരിൽ ഇരകളാക്കപ്പെടുന്ന സാധാരണ മനുഷ്യരുടെ കണ്ണീരിന്റെയും ചോരയുടെയും  പൊള്ളുന്ന കഥകളെഴുതിയ പ്രശസ്ത ഉറുദു ഹിന്ദി സാഹിത്യകാരൻ സാദത്ത് ഹസൻ മൻതോയുടെ കഥകൾക്ക് ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയ അവസ്‌ഥയിൽ ഏറെ പ്രാധാന്യം ഉണ്ട്.  “ഇന്ത്യയെ രക്ഷിക്കണമെന്ന് പറയുന്ന ആളുകളിൽ നിന്ന് ഇന്ത്യയെ രക്ഷിക്കേണ്ടതുണ്ട് എന്നതാണ് വസ്തുത. സാദത്ത് ഹസൻ മൻതോയുടെ ഈ വാക്കുകൾ ഇന്ന് ഏറെ പ്രസക്തമാണ്. 

തോബാ ടേക്സിങ് എന്ന കഥ തുടങ്ങുന്നത് തന്നെ ഇന്ത്യാ പാക് വിഭജനകാലത്തെ കുറിച്ചുള്ള വ്യത്യസ്തമായ ചിന്തയിൽ നിന്നാണ്.
"ഇന്ത്യാ-പാക് വിഭജനം കഴിഞ്ഞു രണ്ടുമൂന്നു വർഷത്തിനു ശേഷം പാകിസ്ഥാൻ സർക്കാരിനും ഇന്ത്യാ സർക്കാരിനും ഒരു ബോധോദയമുണ്ടായി: തടവുപുള്ളികളെ കൈമാറിയപോലെ ഭ്രാന്തന്മാരെയും പരസ്പരം കൈമാറേണ്ടതല്ലേ? ഇന്ത്യൻ ഭ്രാന്താലയത്തിലെ മുസല്മാൻ ഭ്രാന്തന്മാരെ പാകിസ്ഥാനിലേക്കും, പാകിസ്താനിൽ കഴിയുന്ന ഹിന്ദു-സിക്ക് ഭ്രാന്തന്മാരെ ഇന്ത്യയിലേക്കും ഏല്പിച്ചുകൊടുക്കണം" 
ഇന്ത്യാ പാക് വിഭജനകളത്തിന്റെ പൊള്ളിക്കുന്ന കഥകളാണ് സാദത്ത് ഹസൻ മൻതോയുടേത്. അതിൽ പെടുന്ന കഥയാണ് തോബാ ടേക്സിങ്. സത്യത്തിൽ ഭ്രാന്തന്മാർക്ക് വിഭജനം എന്നത് എന്താണെന്നു പോലും തിരിച്ചറിയാതെ മുസൽമാനും സിക്കനും ഹൈന്ദവനും പരസ്പരം കെട്ടിപിടിക്കുന്ന കാഴ്ചകാണാം. കഥയിൽ ഒട്ടേറെ കഥാപാത്രങ്ങൾ വന്നുപോകുന്നുണ്ട്, ലാഹോറിൽ നിന്നുള്ള ഹിന്ദുവക്കീൽ തന്റെ പ്രേമ പരാജയത്തെ തുടർന്ന് ഭ്രാന്തനാകുകയിരുന്നു. കാമുകി അയാളെ ഉപേക്ഷിച്ചു എങ്കിലും അയാൾ അവളെ ഓർത്തു കരഞ്ഞുകൊണ്ടിരുന്നു  ഇന്ത്യയെ വെട്ടിമുറിച്ചു ഇന്ത്യയും പാകിസ്ഥാനും ആക്കിയ നേതാക്കളെ ശകാരം പറഞ്ഞുകൊണ്ടിരുന്നു .  തോബാ ടേക്സിങ് എന്ന് വിളിക്കുന്ന വിശൻസിങ്ങും ഒരു ഭ്രാന്തൻ ആയിരുന്നു, കഥയിൽ  സ്വയം തോബാ ടേക്സിങ് എവിടെയെന്നു അന്വേഷിച്ചു നടന്നുകൊണ്ടിരുന്ന ഒരാൾ. കഥയിൽ താൻ സ്വയം ദൈവം എന്ന് പറഞ്ഞു നടന്നിരുന്ന  ഒരു ഭ്രാന്തൻ ഉണ്ടായിരുന്നു.  തോബാ ടേക്സിങ്ങും ആ ദൈവമെന്നു പറയുന്ന ഭ്രാന്തനും തമ്മിലുള്ള സംസാരം കഥയുടെ പ്രാധാന്യമുള്ള ഭാഗമാണ്. ഒരിക്കൽ വിശൻ സിങ് എന്ന    തോബാ ടേക്സിങ് ദൈവമെന്ന ആ ഭ്രാന്തനോട്  "തോബാ ടേക്സിങ് പാകിസ്ഥാനിലോ അതോ ഹിന്ദുസ്ഥാനിയിലോ? താന്റെ  സ്വാഭികമായ പൊട്ടിച്ചിരിയോടെ  അയാൾ മറുപടി പറഞ്ഞു "അവൻ പാകിസ്ഥാനിലുമല്ല ഹിന്ദുസ്ഥാനിലുമല്ല അത്കൊണ്ട് നാം ആജ്ഞ നല്കിയതുമില്ല" ഭ്രാന്തില്ലാത്തവരുടേ മത-രാഷ്ട്രീയ വിചാരങ്ങൾ മനുഷ്യരെ പരസ്പരം ചുട്ടുകൊല്ലുമ്പോൾ നമ്മൾ അസാധാരണരെന്നും, ഭ്രാന്തരെന്നു പറന്നയുവരിൽ ഉണ്ടാകുന്ന മാനവികത പോലും നമ്മളിൽ ഉണ്ടാകാറില്ല എന്ന യാഥാർഥ്യം എന്ന കൃത്യമായ വിമർശനം ഇതിലൂടെ വായിച്ചെടുക്കാം. ഭ്രാന്തന്മാരെ ലോറിയിൽ കയറ്റി പരസ്പരം കൈമാറുന്ന രംഗം വൈകാരികതയോടെ വായിച്ചെടുക്കുമ്പോൾ ഭ്രാന്തുള്ളവരുടെ മനസികാവസ്ഥയ്ക്കൊപ്മാണ് എഴുത്തുകാരൻ സഞ്ചരിക്കുന്നത്. നമുക്കൊന്നും ഭ്രാന്തില്ല എന്നത് തന്നെയല്ലേ ഇന്നീ ലോകത്തിന്റെ പ്രശ്‌നം എന്നത് കഥ വായിക്കുന്നവരിൽ ഉണ്ടാകാം. 

മൻതോയുടെ ഏറെ ചർച്ചചെയപ്പെട്ട കഥയാണ് 
തുറക്കൂ  (കോൽദോ). ഈ കഥയിലെ തന്റെ ഏക മകളായ സക്കീനയെ വിളിച്ചു തെരഞ്ഞു അവശനായി ക്യാംപിൽ തളർന്നു വീണ വൃദ്ധനായ സിറാജുദ്ദീന്റെ മുഖത്തിന് ഇന്ന് ഒരു അസാമീസ് വൃദ്ധന്റെ ഛായ തോന്നുന്നില്ലേ?
"ആശയറ്റ് ഇരുണ്ട ആകാശത്തേക്ക് നോക്കിക്കൊണ്ടിരിക്കുന്ന സിറാജുദ്ദീൻ ദൃഷ്ടി സൂര്യനുമായി ഏറ്റുമുട്ടി. ശക്തമായ പ്രകാശം അയാളുടെ അസ്തിത്വത്തിന്റെ ഓരോ അണുവിലും ആണ്ടിറങ്ങി. അയാൾ ഉണർന്നു. അയാളുടെ ബുദ്ധിയിൽ ചില ചിത്രങ്ങൾ മിന്നിമറഞ്ഞു. കൊള്ള, തീവെപ്പ്, ഓട്ടം, സ്റ്റേഷൻ, വെടിയുണ്ട, രാത്രി, പിന്നെ സക്കീന... സിറാജുദ്ദീൻ പെട്ടെന്നു എഴുനേറ്റു തനിക്കു ചുറ്റും കൂടിനിന്ന മനുഷ്യ സമുദ്രത്തിൽ  ഒരു ഭ്രാന്തനെപോലെ പരതാൻ തുടങ്ങി" കഥയിലെ സക്കീനമാർ ധാരാളം ഇന്ത്യയിൽ ഉണ്ടായിട്ടുണ്ട്. വിഭജനകാലത്തെ സക്കീനമാർക്ക് ശേഷം പിന്നെയത് ഗുജറാത്ത് കലാപകാലത്ത് കേട്ടു, ഇപ്പോൾ വീണ്ടും കേട്ടുതുടങ്ങുന്നു സിറാജുദ്ദീൻമാർ മകളുടെ ശവമേന്തി കാതങ്ങൾ താണ്ടുന്ന വീഡിയോകൾ സാധാരമാണമായി കോൽദോ എന്ന കഥ എന്നത്തേയും ഇന്നത്തെയും യാഥാർഥ്യത്തെ തുറന്നു കാണിക്കുന്നു. അത്ര സുഖകരമായ കാഴ്ചയല്ല, വേദനയില്ലാതെ മറ്റൊന്നും അതിലില്ല. സഹായിക്കാനെന്ന് പറഞ്ഞു വരുന്ന സന്നദ്ധപ്രവത്തകരായ എട്ട് യുവാക്കൾ സീനത്തിനെ  ലോറിയിൽ കൊണ്ടുപോകുമ്പോൾ സിറാജുദ്ദീൻ അതറിയാതെ സക്കീനയെ കുറിച്ച് ചോദിക്കുന്ന ഭാഗം വല്ലാതെ വേദനിപ്പിക്കും, വിഭജനം നൽകിയ വേദനിപ്പിക്കുന്ന നേർചിത്രങ്ങൾ എന്നേ ഈ കഥയെ പറയാൻ സാധിക്കൂ  


കാലിൽ വെടിയേറ്റ് വീട്ടിലേക്ക് ഏന്തിവലിച്ചു കേറിയപ്പോൾ രക്തത്തിൽ കുളിച്ചു കിടക്കുന്ന തന്റെ ഭാര്യയുടെ മൃതദേഹം കണ്ടാൽ ഏതൊരാൾക്കും സമനില തെറ്റില്ലേ? ശരീഫൻ എന്ന കഥയിലൂടെ സഞ്ചരിക്കുമ്പോൾ പൗരത്വ ബില്ലിന്റെപേരിൽ യുപിയിൽ വെടിയേറ്റ് വീണവരുടെ കരച്ചിൽ കേൾക്കുന്നു എങ്കിൽ അതിൽ അത്ഭുതപ്പെടേണ്ടതുണ്ടോ? വർഗീയ കലാപങ്ങൾ പലപ്പോഴും സ്ത്രീകളെയാണ് ഇരകളാക്കുക, ഭാര്യയും ശരീഫൻ എന്ന മകളും ക്രൂരമായി കൊല്ലപ്പെട്ട വേദനിക്കുന്ന കാഴ്ചയിലൂടെ ചോരച്ചാലിലൂടെ നടക്കേണ്ടിവരുന്ന കഥയാണ് ശരീഫൻ  "പുറത്തിറങ്ങിയ അയാൾ സ്വന്തം ഭാര്യയുടെ ശവത്തിലേക്കും നോക്കിയില്ല. ഒരുപക്ഷേ, ശരീഫന്റെ നഗ്നമായ ശവം കണ്ണിൽ നിറഞ്ഞിരിക്ക കാരണം ഭാര്യയുടെ  ശവം കണ്ണിൽപെടാതിരിക്കുന്നതുമാവാം. മൂലയിൽ ചാരിവെച്ചുള്ള കോടാലിയെടുത്ത് അയാൾ പുറത്തേക്കിറങ്ങി"  കാസിം ഒരു ഭ്രാന്തനെപ്പോലെ മുന്നിൽ കണ്ടവരെയൊക്കെ കോടാലികൊണ്ടു വെട്ടി. വിജനമായ തെരുവിലൂടെ അയാൾ തെറിവിളിച്ചു കോടാലി വീശി നടന്നു... പതിനാലുകാരിയെ അയാൾ കഥ വല്ലാത്ത ഒരവസ്ഥയിൽ അവസാനിക്കുമ്പോൾ മതഭ്രാന്ത് എത്രകണ്ട് മനുഷ്യനെ മനുഷ്യനല്ലാതാക്കുമെന്നു കാണാം. 

തലക്കുമീതെ തൂങ്ങികിടക്കുന യുദ്ധാന്തരീക്ഷത്തെ ഇരുണ്ട ഹാസ്യത്തിലൂടെ പറയുന്ന കഥയാണ് തമാശ, ഈ കഥയിലെ ഖാലിദ് എന്ന കുട്ടി നമ്മെ ചിന്തിപ്പിക്കുന്ന കഥാപാത്രമാണ്. ആകാശത്തുകൂടെ വിമാനങ്ങൾ പറക്കുന്നത് നമുക്കുനേരെ വെടിയുതിർക്കാനാണ് എന്നവൻ നിരന്തരം പറഞ്ഞുകൊണ്ടിരുന്നു. "രണ്ടുമൂന്നുദിവസമായി വിമാനങ്ങൾ കറുത്ത കഴുകന്മാരെപോലെ ചിറകു വിടർത്തി വെളിമ്പ്രദേശങ്ങളിൽ ചുറ്റിത്തിരിയുന്നു"  ഇങ്ങനെയാണ് കഥ തുടങ്ങുന്നത് തന്നെ. വിമാനത്തെ  വെടിവെച്ചിടാനുള്ള പരിശീലനമാണ് മുറിക്കുളിലിരുന്ന് ഖാലിദ് എന്ന  ആ കുട്ടിയുടെ കളി, വിമാനങ്ങളിൽ നിന്നും വെടിയുണ്ട വരുമെന്ന് കുട്ടിയോട് പറഞ്ഞു കൊടുത്തത് അവന്റെ  അവന്റെ മാമനാണ്,  അത് കേട്ടത്ത്   മുതൽ അവൻ അക്കാര്യത്തെ പറ്റി മാത്രമായി ചിന്ത.  കളി കാര്യമാകുമെന്നും തമാശയല്ല എന്നും ഉപ്പ കുട്ടിയെ  ബോധ്യപ്പെടുത്തുന്നുണ്ട്
"ഖാലിദിന്റെ ഉപ്പ താൻറെ  മകന്റെ അസാധാരണമായ സാഹസം കേട്ട് ചിരിച്ചുകൊണ്ട് പറഞ്ഞു  'മാമ്മന് ഭ്രാന്താ. ഞാനവനോട് പറയും വീട്ടിൽ ഇത്തരം കാര്യങ്ങളൊന്നും പറയരുതെന്ന്. അവർ അത്തരം കാര്യങ്ങളൊന്നും ചെയ്യില്ല വിശ്വസിക്ക്."  ഇത്തരം സന്ദർഭങ്ങളിൽ  കുട്ടികളിൽ ജനിക്കുന്ന ഭീതിയുടെ ചിത്രം എത്ര ആഴമുള്ളതായിരിക്കും എന്നത്  നമുക്ക് ഖാലിദിലൂടെ വായിച്ചെടുക്കാം 

ഏതൊരു വിഭജനവും നൽകുന്നത് പൊള്ളുന്ന വേദനയാണ്, അന്ന് സാദത്ത് ഹസൻ മൻതോ പൊളളിച്ച കഥകളുടെ പൊള്ളൽ ഇന്നും അനുഭവിക്കേണ്ടി വരുമോ? ഈ  കഥകളും  സമകാലിക രാഷ്ട്രീയ അവസ്‌ഥയും ഒരുപോലെ പൊള്ളിക്കുന്നു. "സ്വാതന്ത്ര്യത്തിനുവേണ്ടി, രക്തസാക്ഷി, യോമേ ഇസ്തക് ലാൽ, രാം ഖേരാവൻ, മാനഹാനി"  ഇങ്ങനെ ഒട്ടേറെ കഥകൾ  സാദത്ത് ഹസൻ മൻതോയുടേതായി ഉണ്ട്. ഓരോ കഥയും ഈ കാലഘട്ടത്തിൽ വായിച്ചെടുക്കുമ്പോൾ അതിന്റെ പ്രസക്തി ഏറിവരികയാണ്. യുദ്ധത്തെ കുറിച്ച് മൻതോ തന്നെ പറഞ്ഞ വാക്കുകൾ ശ്‌മശാനത്തിൽ പോലും പണപ്പെരുപ്പം ഉണ്ടാക്കാനേ ഉതകൂ എന്നാണ്, മനുഷ്യന്റെ വേദന അവിടെ വിഷയമേ അല്ല. രാഷ്ട്രീയ തീരുമാനങ്ങൾക്ക്  ആയാൽ പോലും മനുഷ്യന്റെ ജീവിതത്തെ പറിച്ചുകളയുന്ന ഏതൊരു തീരുമാനവും മനുഷ്യവിരുദ്ധമാണ് എന്ന യാഥാർഥ്യം അതിന്റെ ഏറ്റവും വേദന നിറച്ചുകൊണ്ടു തന്നെ കഥകളിൽ ഒരുക്കിയെന്നതാണ് ഈ  കഥകളുടെ പ്രത്യേകത. വർഗീയതയും വംശീയതയും വലിയൊരു സാമൂഹ്യ പ്രശ്നമായി മനുഷ്യകുലത്തെ നിരന്തരം വേട്ടയാടിക്കൊണ്ടിരിക്കുന്ന ഈ ആസുരകാലത്തിൽ  സാദത്ത് ഹസൻ മൻതോയുടെ  കഥകൾ വീണ്ടും വായിക്കേണ്ടത് അനിവാര്യമാണ്.  
-----------------------------------

Published by Gulf  Siraj Njayarazhcha 02-02-2020

കഥയുടെ യുവത്വം

(മജീദ് സെയ്ദിന്റെ ചോരപ്പോര്, അജിജേഷ് പച്ചാട്ടിന്റെ വേളിക്കുന്ന് ടാസ്ക്, അനിൽ ദേവസ്സിയുടെ കളമെഴുത്ത് എന്നീ മൂന്നു കഥകളിലൂടെ)

ലയാള സാഹിത്യ ശാഖയിൽ ഏറ്റവും മുന്നോട്ടു നീങ്ങിയിട്ടുള്ളത് കഥയാണെന്നതിൽ സംശയമില്ല. മലയാളത്തിൽ എഴുത്തിന്റെ പുതുവഴി വെട്ടിത്തെളിച്ച് ശക്തമായ കഥകളെഴുതുന്ന വലിയൊരു യുവതയുണ്ട് എന്നതിൽ നമുക്കഭിമാനിക്കാം. കാലത്തിന്റെ യാഥാർഥ്യങ്ങളെ കൂസലില്ലാതെ തങ്ങളുടേതായ പുതു രീതിയിൽ ഇവർ വരച്ചു വെക്കുന്നു. ക്രാഫ്റ്റിനെ പ്രയോജനപ്പെടുത്തുന്നതിൽ ഏതറ്റം വരേ പോകാനും സ്വാതന്ത്ര്യത്തോടെ സാമൂഹികാവസ്ഥകളോടുള്ള തിരിച്ചറിവുള്ള വേറിട്ട വഴിതാണ്ടുന്ന ഈ യുവ എഴുത്തുകാരിൽ ഏറെ പ്രതീക്ഷയുണ്ട്. ശീലങ്ങളിൽ അകപ്പെട്ടുപോകാത്ത ഈ ഒച്ച ശക്തവുമാണ്.
ആ കൂട്ടത്തിൽ നിന്നും മൂന്നുപേരുടെ ഈയിടെ വന്ന കഥകളിലൂടെ സഞ്ചരിക്കാൻ ഒരു ശ്രമമാണിത്.

ബഷീറിന്റെ ജന്മനാടായ തലയോലപറമ്പിൽ നിന്നുള്ള
മജീദ് സെയ്ദ് ഡിസംബർ ലക്കം ഭാഷാപോഷിണിയിൽ എഴുതിയ കഥയാണ്. ചോരപ്പോര് സ്ത്രീയുടെ അതിജീവനം മാത്രമല്ല പകയും പ്രണയവും ഇഴചേർത്തു പറയുന്ന കഥയിലെ ജെറോമിയെന്ന കഥാപാത്രത്തിനു നൽകിയിട്ടുള്ള അസാധാരണമായ ധൈര്യം അമ്പരിപ്പിച്ചുകൊണ്ടിരിക്കും. കാലാ കാലങ്ങളായി ഉള്ളിൽ കൊണ്ടുനടക്കുന്ന സദാചാര വിചാരങ്ങൾക്കു മീതെ തീകൊരിയിട്ടു കരിയിച്ചു കളയുന്നുണ്ട് ഈ കഥ *"വർക്കല വിജയന്റെ ഒറ്റക്കുത്തിന് ഭൂമീന്നു കട്ടേം പടോം.  മടക്കിയ ഞങ്ങടെ പ്രാഞ്ചിയപ്പന്റെ പതിനഞ്ചാമത്തെ ആണ്ടു പൊലയാണ് നാളെ. ജെറോമിനെ പെറ്റെണീറ്റ് മൂന്നാം കൊല്ലത്തിലാണ് അപ്പൻ ചത്തതെന്ന് പോലീസിനെ വെട്ടിച്ച് ഓടിക്കേറിയ ജാതിത്തോട്ടത്തിലിരുന്ന് കെതച്ചോണ്ടു ഞാനോർത്തു"* ഇങ്ങിനെയാണ് കഥ തുടങ്ങുന്നത്. മുച്ചീട്ടു കളിയും പോക്കറ്റടിയും ഒക്കെയായ ഒരുത്സവന്തരീക്ഷത്തിലെ ആൾക്കൂട്ടത്തിനിടയിലും അവളിൽ നിറയുന്ന ഒരക്ഷിതാബോധമുണ്ട് അതിനെ അതിജീവിക്കാൻ അവൾ തന്നെ തന്നിലേക്ക് പകരുന്ന ഒരൂർജ്ജമുണ്ട്. ഓരോ ഉത്സവത്തിലുമവർ അപ്പനെ കൊന്നവരെ തിരയുന്നുണ്ട്. തിരക്കിൽ നിന്നും ഓടിരക്ഷപ്പെട്ടു കിട്ടിയത് എണ്ണുമ്പോൾ 
അവൻ പോക്കറ്റടിച്ചത്  മുന്നിലേക്കിട്ടു.

"തമ്മീ ഭേതം ഈ പണിയാ"
"ഇതെവിടുന്നാ"
"എവിടെച്ചെന്നാലും നെന്റെ മൊല കാണാൻ ചെലവൻമ്മാര് കൂടിനിക്കും, അങ്ങനൊള്ളവനൊക്കെ വല്ല വെളിവും വെള്ളിയാഴ്ചേം ഒണ്ടാ"
ജെറോമ് ഒച്ചതാത്തി ചിരിച്ചു..."

ഉത്സവന്താരീക്ഷത്തിലെ വെളിച്ചവും അതിലപ്പുറം ഉള്ള ഇരുളും നിഴലുമൊക്കെ കഥയിൽ നിറഞ്ഞ വല്ലാത്തൊരു അന്തരീക്ഷം സൃഷ്ടിക്കുന്നു.  കഥയുടെ ആഖ്യാനത്തിൽ കാണിച്ചിട്ടുള സൂക്ഷ്മത യിലൂടെ കഥാപാത്രങ്ങളുടെ വികാസം അമ്പരിപ്പിക്കുന്നു. പ്രണയത്തിന്റെയും പകയുടെയും സ്ത്രീപക്ഷ വായനാനുഭവം നൽകുന്ന കഥ.

ഇത്തവണത്തെ കേരള സാഹിത്യ അക്കാദമി ഗീതാ ഹിരണ്യൻ പുരസ്‌കാരം ലഭിച്ച എഴുത്തുകാരനാണ് അജിജേഷ് പച്ചാട്ട്.
മാധ്യമം ആഴ്ചപ്പതിപ്പ് ജനുവരി ആദ്യലക്കത്തിൽ വന്ന അജിജേഷ് പച്ചാട്ടിന്റെ കഥയാണ് വേളിക്കുന്ന് ടാസ്ക്  പതിവിൽ നിന്നും വ്യത്യസ്തമായി കറുത്ത ഹസ്യത്തിൽ പൊതിഞ്ഞ കഥ സമകാലിക ഇന്ത്യൻ രാഷ്ട്രീയ അവസ്‌ഥയെ കൃത്യമായി വരച്ചുകാട്ടുന്നു. ഒരു ചിത്രകഥപോലെ പറയുന്ന കഥയിൽ ചിത്രകഥയിലെ കഥാപാത്രങ്ങളായ മല്ലനും ഡേവിഡും ചിത്ര കഥയിൽ നിന്നും പഠപുസ്തകത്തിലേക്ക് കയറാനുള്ള ശ്രമത്തിനായി മറ്റൊരു കഥാപാത്രമായ തെനാലി രാമനെ കാണാൻ പോകുന്നത് കഥയുടെ രസകരമായ ഭാഗമാണ്.
പിന്നെ ഈ കഥാപാത്രങ്ങൾ  വേളിക്കുന്ന് പഞ്ചായത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നു.

തുടർന്നങ്ങോട്ട് ഇന്ത്യൻ രാഷ്‌ട്രീയ അവസ്‌ഥയുടെ സമകാലികമുഖത്തെ വരച്ചു കാട്ടാനുള്ള ശ്രമമാണ്. സംഭാഷണ ശകലങ്ങളിൽ അത് അതിനെ ഇടക്കിടക്ക് ഓർമ്മപ്പെടുത്തുന്നു

"പ്രമോദനെങ്ങോട്ടാ തിരക്കിട്ട്? കളീന്റെ ഡ്യൂട്ടി വല്ലതും ഉണ്ടോ?"
"ഇല്ല മാഷേ. ഇന്ത്യ കത്തണേന്റെടേല് നമ്മക്കൊക്കെ എന്ത് കളി!"

കാല്പന്തുകളിയുടെ ചരിത്രപരമായ ഗ്രാമകഥയുടെ പശ്ചാത്തലത്തിൽ ഗ്രാമ വാസികൾ രണ്ടായി പിരിഞ്ഞ അവസ്‌ഥയെ വിഭജനകാലത്തെ ഓർമിപ്പിച്ചു.

"പ്രിയമുള്ള വേളിക്കുന്ന് പഞ്ചായത്ത് നിവാസികളേ..."
അതോടെ തെനാലി രാമനും മല്ലനും ഡേവിഡും   ഒരുമിച്ചു തിരിഞ്ഞു നോക്കി. ഒരു മഹീന്ദ്ര ജീപ്പ് കണ്ടമാനം സ്പീക്കർ സെറ്റുകളും ഫ്‌ളക്‌സ് 
 ബോർഡുകളും പേറി പാതിയരഞ്ഞ തേരട്ടയെപ്പോലെ  ഇഴഞ്ഞിഴഞ്ഞു വരുന്നു..
"ഓർമയുണ്ടോ അന്ന ആ രാത്രി? വർഷങ്ങൾക്ക് മുമ്പ് വേളിക്കുന്ന് പഞ്ചായത്തിനെ പുത്തൂരെന്നും ഉൽപ്രംകോടെന്നും രണ്ടായി വിഭജിക്കാൻ കാരണമായ ആ രാത്രി..."

കളിയിലൂടെ പറയുന്നതത്രയും കറുത്ത ഹാസ്യത്തിൽ പൊതിഞ്ഞ രാഷ്ട്രീയമായിരുന്നു. 

"ദേ പപ്പ്വെട്ടാ, വേളിക്കുന്നിൽ നിന്നോണ്ട് തമ്പ്രാക്കൻമാർക്ക് വേണ്ടി            പറഞ്ഞാ വണ്ടി കയറ്റിവിടും അങ്ങ് തൃശ്ശൂർക്ക്, പറഞ്ഞില്ലാന്ന് വേണ്ട."

"യ്യങ്ങട്ട് ഒലത്തും. ഡാ ഇന്ത്യേ പാക്കിസ്ഥാനും ക്രിക്കറ്റ് കളിക്കുമ്പോ നീ ഇന്ത്യക്ക് വേണ്ടി കൈയടിക്കും. ഞാൻ നന്നായി കളിക്കുന്നോർക്ക് വേണ്ടിയും കൈയടിക്കും. അതെന്തൊണ്ടാ...? പറ, എന്തോണ്ടാ...?

"എന്തോണ്ടാ?

ഷവർമ അരിയുന്ന മുള്ളൻപന്നി മുടിക്കാരൻ പാതിമലയാളത്തിൽ വിളിച്ചുചോദിച്ചു.

"ഈ പാപ്പു ഒറിജിനലായതോണ്ട്..., വെറും ഒറിജിനല്ല, തനി ഒറിജിനലായതോണ്ട്.."

ഈ പറച്ചിലിലെല്ലാം ഗ്രാമത്തിന്റെ അവസ്ഥ മാത്രമല്ല പറയുന്നത്. 
പാഠപുസ്തകത്തിലെ പുതിയ സിലബസിൽ കേറാൻ ശ്രമിക്കുന്ന തെനാലി രാമനും മല്ലനും ഡേവിഡിനും പഴേ സിലബസ് പോലെയല്ല പുതിയ സിലബസ് എന്ന തിരിച്ചറിവ് പ്രസക്തമാണ്.  ആഖ്യാനത്തിന്റെ പുതുമയും  ഭാഷയും കഥാവായനക്ക് ഉണർവേകുന്നു. അജിജേഷിന്റെ വ്യത്യസ്തമായൊരു എഴുത്തുരീതി ഈ കഥയിൽ കാണാം.

അനിൽ ദേവസ്സി ശ്രദ്ധേയനായ യുവ എഴുത്തുകാരനാണ്. ഇത്തവണത്തെ ഡിസി നോവൽ പുരസ്ക്കാരം ലഭിച്ചത് അനിൽ ദേവസ്സിയുടെ യാ ഇലാഹി ടൈംസ് എന്ന കൃതിക്കായിരുന്നു. അനിൽ ദേവസ്സിയുടെ മാധ്യമം ആഴ്ചപ്പതിപ്പിന്റെ ജനുവരി ആദ്യലക്കത്തിൽ  വന്ന കഥയാണ് കളമെഴുത്ത്

ഉണ്ണിയച്ഛന്റെ കളമെഴുത്ത് ജീവിതത്തിലൂടെ, അതിന്റെ ഐതിഹ്യത്തിലൂടെ ഗ്രാമജീവിതത്തിന്റെ വേരുകൾ പറയുന്ന കഥയാണ് ഇതെങ്കിലും കൊച്ചിയിലെ ഇടുങ്ങിയ ജീവിതത്തിൽ ഇപ്പഴും പേര് പോലും ഒരു രാഷ്ട്രീയ പ്രശ്നമാകുന്ന സാഹചര്യവും, ഇടകലർന്ന് വിശാലമായ ഒരു കാൻവാസിൽ പറയുന്ന കഥയാണ് കളമെഴുത്ത്.

വ്യത്യസ്ത മതത്തിലുള്ളവരുടെ വിവാഹത്തിന്റയും പ്രണയത്തിന്റെയും ബാക്കി പത്രങ്ങൾ വേദനനിറഞ്ഞ സാഹചര്യത്തെ ഉണ്ടാകുന്നു എന്നത് അന്നും ഇന്നും ഒരു യാഥാർഥ്യമാണ്.
*"പതിറ്റാംകുഴി സുലൈമാൻ തങ്ങളുടെ ഔരോയൊരു മകളായ ജമീലയും നിരണേൽ മത്തായിയുടെ മൂത്ത സന്താനമായ ജോസഫും പ്രണയത്തിന്റെ പേരിൽ അവരവരുടെ വീടുകളിൽ നിന്നും വെറും കയ്യോടെ ഇറങ്ങുമ്പോൾ പരസ്പര വിശ്വാസവും സ്‌നേഹവും അതിലടിയുറച്ച ധൈര്യവും മാത്രമായിരുന്നു മുന്നോട്ടേക്ക് നടക്കാൻ വെളിച്ചമായത്. ആലപ്പുഴക്കും തൃശൂരിനുമിടയിൽ പ്രണയത്തിന്റെ വർണപ്രപഞ്ചം വിടർത്തിപ്പിടിച്ച കൊച്ചയിലേക്ക് തന്നെയാണ് അവരും ചേക്കേറിയത്. കൊച്ചിയുടെ വളർച്ച തിവേഗത്തിലായിരുന്നു. ആ വേഗത്തിനൊപ്പമെത്താൻ ഉമ്മച്ചിക്കും അപ്പനും കഴിഞ്ഞില്ല"*

പ്രണയബദ്ധരായ ജമീലയും ജോസഫും.  മകൻ ബെന്നിയ്ക്ക് മുന്നിൽവെച്ച് പരസ്പരം കലഹിക്കുന്നതും ആ കറുത്ത രാത്രിയെ ഇരുവരും ശപിച്ച്‌ പിണക്കങ്ങളുടെ ആയുസ്സ് ഒരു രാത്രിക്കപ്പുറം നീണ്ടുപോകാൻ പാടില്ലെന്ന വിശുദ്ധ ഉടമ്പടി തെറ്റുന്നതോടെ ആ ജീവിതങ്ങൾ എന്നന്നേക്കുമായി വേർപ്പെടുന്ന ഭാഗം കഥയിലെ ഏറ്റവും ശക്തവും ഭംഗിയുമുള്ളതാണ്.
 ബെന്നിയുടെ ആ രാത്രിയെ കുറിച്ചുള്ള വേദനിപ്പിക്കുന്ന വിവരണം ഇങ്ങനെ 
*"ആ രാത്രി അവരുടെ ഹൃദയങ്ങൾ എത്രമാത്രം വിങ്ങിയിട്ടുണ്ടാകാം, കണ്ണുനീരുകൊണ്ട് അവരവരെതന്നെ കഴുകി ശുദ്ധിയാക്കി, നേരം പുലരാൻ കാത്തു കിട്ടുന്നതിന് ഞാൻ മാത്രമാണ് സാക്ഷി. പൊറുക്കണേ നാഥാ എന്ന് മാപ്പിരന്നുതന്നെയാകണം ഉമ്മച്ചി നിസ്കാരപായയിൽനിന്നും ഞെട്ടിയെണീറ്റിട്ടുണ്ടാകുക. ജനൽപാളികൾക്കിടയിലൂടെ അരിച്ചിറങ്ങുന്ന വെട്ടത്തിലേക്ക് മുഖമുയർത്തി എന്റെ പിഴ എന്റെ പിഴ എന്റെ പിഴ എന്ന് ശപിച്ചുകൊണ്ടാകും അപ്പൻ ഉണരാൻ ശ്രമിച്ചിട്ടുണ്ടാകുക. അപ്പന്റെ ശ്രമങ്ങൾ എവിടെയോ പാളിക്കാണണം. നിസ്കാര പായയുടെ മിനുസത്തിലേക്ക് ചോരയും വെള്ളവുമിറ്റിച്ച് സകലഭരങ്ങളും ഇറക്കിവെച്ചു ഒരു തൂവലുപോലെ കിടന്ന അപ്പന്റെ ശരീരത്തിനരികിലൂടെ ഉറുമ്പുകളുടെ വരി നിരതെറ്റാതെ അപ്പന്റെ ജീവനുമേറ്റി പോകുന്നുണ്ടായിരുന്നു. പരിഭവങ്ങൾ പറഞ്ഞു തീർക്കാനകാതെ അത്രമേൽ പ്രിയപ്പെട്ട ഒരാൾ മരണത്തിലേക്കും മറ്റെയാൾ ജീവിതത്തിലേക്കും ഒറ്റപ്പെടുന്നത് തന്നെയല്ലേ ലോകാവസാനം"*  എന്തൊരു എഴുത്താണിത്..  കളമെഴുത്തിലേക്ക് ഇടകർത്തിയ ജീവിതത്തിന്റെ തീവ്രമായ ഭാവപകർച്ചയുടെ നിറങ്ങളിൽ നിറഞ്ഞ് നിൽക്കുന്ന മൗനത്തിലൂടെ എത്ര ആഴത്തിലാണ് ഈ ഭൂമികയിൽ നിലനിന്നിരുന്ന മത സൗഹാർദ്ദ അന്തരീക്ഷത്തെ വരച്ചു കാട്ടുന്നത്.  
ജമീലയും ഉണ്ണിയച്ഛനും ബെന്നിയും ശക്തമായ കഥാപാത്രങ്ങൾ തന്നെ. 

"പല കാലങ്ങളിൽ ജനിച്ച്‌ പല സ്ഥലങ്ങളിൽ ജീവിച്ച മനുഷ്യരുടെ ജീവിതമിപ്പോൾ ഒരു കളത്തിലെ വർണങ്ങൾപോലെ ചേർന്നുകിടക്കുകയാണല്ലോയെന്ന് ഓർത്തു കൊണ്ടു ഞാൻ കാറിന്റെ കീ തിരിച്ച് കയറ്റത്തിലേക്ക് കുതിക്കാൻ തയ്യറെടുത്തു. ദൂരെനിന്നും  സൂര്യൻ തെളിഞ്ഞുവരുന്നു; പോകെ പോകെ ഭൂമിയൊരു പഞ്ചവർണക്കളമായി  പരിണമിക്കാൻ തുടങ്ങി" ഇങ്ങനെ കാത്യാവസാനികുമ്പോൾ
കഥയിൽ ആദ്യാവസാനം എഴുത്തിന്റെ ഒരു വിചിത്രലോകം സൃഷ്ടിക്കുന്നു. കാലത്തിന്റെ അവസ്ഥാ വിശേഷങ്ങൾ സമകലീനതയുടെ കൂടിയാകുന്നു എന്ന പ്രത്യേകതയും ഇതിനുണ്ട്.

ഏറ്റവും പുതിയ ക്രാഫ്റ്റ് തേടിയലയുന്ന ഒരു പറ്റം യുവതീയുവാക്കളുടെ ഏറ്റവും തെളിഞ്ഞ ഭാഷയുമായി പരീക്ഷണ പറക്കലിലാണ് ഓരോരുത്തരും. ചൂടോടെ അടർത്തിയെടുക്കുന്ന കഥകളുമായി അവർ വായനക്കാരെ അമ്പരപ്പിച്ചുകൊണ്ടിരിക്കുന്നു. പുതിയ കാലം ഇവരേക്കുറിച്ചുള്ള പ്രതീക്ഷയിൽ പുതിയ കഥകൾക്കായി കാത്തിരിക്കുന്നു


(Painting by 1. Mahorni, 2. Marc Chagall 3.Renato Guttuso  ) 
-----------------------------------------------------------

Published by (31-01-2020) Mathrubhoomi Gulf Feature