Friday 17 May 2019

രണ്ടു പോലീസ് കഥകൾ

 വായനാനുഭവം

(കെപി രാമനുണ്ണിയുടെ മുഖലക്ഷണവും, ടിവി കൊച്ചുബാവയുടെ ഭാവിയിലെ പോലീസുകാരനും എന്നീ പൊലീസ് വിഷയമായ  കഥകളുടെ വായനാനുഭവം) 


മലയാള ചെറുകഥാ ലോകത്ത് തങ്ങളുടേതായ ഇടം സൃഷ്ടിച്ച എഴുത്തുകാരാണ് കെപി രാമനുണ്ണിയും,  അകാലത്തിൽ നമ്മെ വിട്ടുപോയ ടിവി കൊച്ചുബാവയും. വളരെ വ്യത്യസ്തമായ രചനാ ശൈലികളാണ് രണ്ടുപേരുടെയും കഥകളെ പ്രസക്തമാക്കുന്നത്. ടിവി കൊച്ചുബാവയുടെ 'ഭാവിയിലെ പോലീസുകാരൻ' കെപി രാമനുണ്ണിയുടെ 'മുഖലക്ഷണം' എന്നീ രണ്ടു കഥകളിലൂടെ ഒരു യാത്ര. രണ്ടു കഥകളിലും പോലീസുകാരാണ് കഥാപാത്രം എങ്കിലും തീർത്തും വ്യത്യസ്ഥമായ കഥകളാണ് രണ്ടും. 

മുഖം മനുഷ്യന്റെ കണ്ണാടിയാണ് എന്ന പഴഞ്ചൊല്ല് പറയാത്ത മലയാളികൾ ഉണ്ടാകില്ല. മുഖം നോക്കി ലക്ഷണം പറയുന്ന വിദ്യയെ സത്യമെന്നു കരുതി കൂടെ  കൊണ്ടുനടക്കുന്നവർ കൂടിയാണല്ലോ മലയാളികൾ. ഈ വിചാരങ്ങൾക്കിടയിലാണ് കെപി രാമനുണ്ണിയുടെ മുഖലക്ഷണം എന്ന കഥയുടെ പ്രസക്തി.  നിഷ്കളങ്കത  അടങ്ങിയ സുന്ദരമായ മുഖം ഒരു ഐപിഎസ് ഉദ്യോഗസ്ഥന് ചേരില്ല, പോലീസ് കാർക്കശ്യം ആ മുഖത്ത് പറ്റിച്ചു വെച്ചാലെ പൊലീസാകൂ എന്ന തെറ്റിദ്ധാരണയെയാണ് കഥയിൽ ചൂണ്ടികാണിക്കുന്നത്.  കയ്പ്പും നീരും നിറഞ്ഞ ജീവിത യാഥാർത്ഥ്യങ്ങളുടെ കഥയായി മുഖലക്ഷണം മാറുന്നത് നമുക്ക് കാണാം. 6 എപ്പിസോഡായി ജീവിത്തിലേക്ക് തിരിഞ്ഞു നോക്കുന്ന മാധവവർമ്മയുടെ പോലീസ് ജീവിതം.  ശസ്ത്രക്രിയക്ക് ടേബിളിൽ കിടക്കുമ്പോൾ ആണ് ഈ തിരിഞ്ഞു നോട്ടം. ഭീതിയോടെയാണു ജീവിത ത്തെ നേരിടുന്നത്‌. മുഖത്ത് ജന്മനാൽ എഴുതിച്ചേർക്കപ്പെട്ട യാഥാർഥ്യം ഔദ്യോഗിക ജീവിതത്തെ എങ്ങനെ ബാധിക്കുന്നു എന്നു ഇക്കാര്യം തുറന്നു പറയുന്നു.  ഉത്കണ്ഠകളായി വളരുകയും ഭയപ്പെടുത്തുന്നതും എങ്ങനെയെന്നു ഭ്രമാത്മകമായി എഴുതപ്പെട്ട കഥ. 
ലളിതമായ ആഖ്യാനരീതിയിൽ സങ്കീർണ്ണതകൾ നിറഞ്ഞ മാനസികാവസ്ഥകളെ ആവിഷ്കരിക്കാൻ ഈ കഥക്കാവുന്നുണ്ട്. ഉദ്യോഗസ്ഥൻ എന്ന നിലയിൽ മാധവ വർമ്മയുടെ ബുദ്ധിശക്തിയിലോ, കഴിവിലോ, പ്രവർത്തന ശേഷിയിലോ ഇച്ഛാശക്തിയിലോ ആർക്കും ലവലേശം സംശയം ഇല്ല. പിന്നെ അയാളെ നേരിടുന്ന പ്രശ്നമെന്താണ്? അതയാളുടെ സുന്ദരമായ ആ മുഖമാണ്.  
"വലതു കവിളിന്റെ പള്ളയിൽ കഠിനമായൊരു വെട്ട് - സ്ഥയിയായൊരു അതൃപ്തിയും രോഷവും  എപ്പോഴും അവിടെ തളംകെട്ടി നിർത്തിയിരിക്കുന്നു. ചുണ്ടിന്റെ ഓരത്ത് ചെങ്കുത്തായ ഇടിച്ചിറക്കം - എത്ര ചിരിച്ചാലും പുറത്തു വരാത്ത സൗഹൃദം. അവിടെ ചാടി ആത്മഹത്യചെയ്യുന്നു. തെക്കു വടക്കായി ദിശ തിരഞ്ഞു നിൽക്കുന്ന കൃഷ്ണമണികൾ - കൊങ്കണ്ണിന്റെ ആ ദുർഘടവീഥി കളിലൂടെ ആർക്കും ഇപ്പോൾ മാധവവർമ്മയുടെ കണ്ണുകളിലേക്ക് ഇറങ്ങാൻ സാധ്യമല്ല" 
ഭീതി നിറഞ്ഞ ഒരു  തിരിഞ്ഞുനോട്ടമോ, ഉത്കണ്ഠയോ  ഈ കഥയിൽ  നിഴലിക്കുന്നത് കാണാം. സത്യമേത് മിഥ്യയേത് എന്ന് തിരിച്ചറിയാൻ കഴിയുമോ?  

മുഖ സൗന്ദര്യം ഇത്രകണ്ട് പ്രശ്നങ്ങൾ ഉണ്ടാക്കുമോ? ശസ്ത്രക്രിയ ടേബിളിൽ സുന്ദരമായ മുഖത്തേക്ക് കാർക്കശ്യം തുന്നിച്ചേർക്കാൻ കിടക്കുമ്പോൾ അയാളിൽ പിടഞ്ഞത് ഈ ചോദ്യം ആകുമോ? സുന്ദരമായ ഒരു മുഖം ജോലിക്കും പുരുഷത്വത്തിനും ഒക്കെ തടസ്സമായി വരികയെന്നതിനെ മാറ്റിയെടുക്കാൻ വേണ്ടപ്പെട്ടവരെല്ലാം ഒരുപോലെ പറയുന്നു.  ഈ മുഖത്തു നിന്നും സൗന്ദര്യത്തെ ചുരണ്ടിയെടുത്ത് തന്നിലേക്ക് ഗൗരവം ഒട്ടിക്കുക. ചുറ്റുമുള്ള മുനവെച്ച നോട്ടങ്ങളെ കൂർത്ത നോട്ടത്തിൽ തളയ്ക്കുക. കുറ്റവാളികളിൽ ഭീതി പടർത്തുന്ന കണ്ണും ചുണ്ടും കാർക്കശ്യം കോറിയ കവിളും കൊണ്ടു ആദ്യ കാഴ്ചയിൽ തന്നെ പേടിപ്പിക്കുക. മാധവർമ്മയുടെ കുട്ടിക്കാലത്തും കൗമാരത്തിലും വീട്ടിൽ ജോലിക്കുണ്ടായിരുന്ന തന്നെക്കാൾ 6 വയസ്സു കൂടുതൽ ഉള്ള ശകുന്തളക്ക് മാത്രമാണ് മാധവ വർമ്മയിൽ വന്ന മാറ്റം ഉള്കൊള്ളാനാണ് കഴിയാതെ പോയത്. അവർ നിഷ്കളങ്കമായി തന്നെ കഥയിൽ അതു ചോദിക്കുന്നുമുണ്ട്. മുഖത്തു വരുന്ന മാറ്റങ്ങൾ ജീവിതത്തിന്റെ മാറ്റം വളരെ ഭംഗിയായി രാമനുണ്ണിക്ക് പറയാനായി.

 മുഖ ലക്ഷണത്തിൽ നിന്നും തീർത്തും വ്യത്യസ്തമായ കഥയാണ് ടിവി കൊച്ചുബാവയുടെ 'ഭാവിയിലെ പോലീസുകാരൻ'. രാമമൂർത്തി എന്ന പോലീസുകാരന്റെ ജീവിതത്തിൽ നിഴലിച്ചു നിന്ന പോലീസുജീവിതത്തിനപ്പുറം ഒരു ജീവിതത്തെയാണ് പറയുന്നത്. രാമമൂർത്തി ഒരു പോലീസുകാരൻ ആകേണ്ട ആളല്ല എന്നിട്ടും ഞാനൊരു പോലീസ് ആയി എന്ന് രാമമൂർത്തി തന്നെ പറയുന്നു. ടെലിവിഷൻ അഭിമുഖത്തിൽ രാമമൂർത്തിക്ക് വെളിച്ചം ഇഷ്ടമേ അല്ല ഇരുട്ടത്തിരുന്നു  അവ്യക്ത ചിത്രങ്ങൾ നൽകി അഭിമുഖം കൊടുത്തു. 
"ലൈറ്റ് ഓൺ ചെയ്യട്ടെ സാർ? ടെലിവിഷൻകാരൻ രാമമൂർത്തിയോട് ചോദിക്കുന്നു. ഇല്ലേൽ സാറിന്റെ മുഖം പ്രേക്ഷകർ തിരിച്ചറിയില്ല. 
തിരിച്ചറിയേണ്ട. രാമമൂർത്തി ഇരുട്ടിലേക്ക് ഒന്നുകൂടി തല കുനിക്കുന്നു. പോലീസുകാരന്റെ മുഖമല്ല പ്രേക്ഷകർക്ക് വേണ്ടത്. രാമമൂർത്തി പറയുന്നു ഞങ്ങളുടെ മുറിയിൽ വെളിച്ചത്തിനല്ല സ്ഥാനം" രാമമൂർത്തിയുടെ ആത്മ സംഘർഷവും ആത് നിന്ദയും എല്ലാ അടങ്ങിയ ആത്മഭാഷണം ആണ് ഈ കഥ. സ്വതം മകനെ ഹിന്ദി പഠിക്കാത്തതിന്റെ പേരിൽ തനി പോലീസായി മർദ്ദിക്കുന്ന ചിത്രം കഥയിൽ വരച്ചു കാട്ടുന്നു. ഇരയെ ഹെഡി തടകുന്ന തന്റെ മാനസികാവസ്ഥയെ പാട്ടി ഭാര്യ സാവിത്രിയുടെ മടിയിൽ തലവെച്ചു വിലപിക്കുന്നുണ്ട് രാമമൂർത്തി ജോണ് എന്ന ചെറുപ്പക്കാരനെ ഇടിച്ചു കൊല്ലുന്ന ക്രൂരതയിൽ ആനന്ദം കണ്ടെത്തുന്നു... വില്ലനായ ഒരു പോലീസുകാരനെയാണ് കൊച്ചുബാവ കഥയിൽ രാമമൂർത്തിയായി വരച്ചു വെക്കുന്നത്. അവസാനം ഒരു കൊച്ചുബാവ ശൈലിയിൽ തന്നെ കഥ അവസാനിപ്പിക്കുന്നു. "ഈ കഥ തികച്ചും സാങ്കല്പികമാണ്. ജീവിച്ചിരിക്കുന്നവരും മരിച്ചവരുംമില്ലാത്ത ഇക്കഥ റിട്ടയറായ ഒരു രാമമൂർത്തിയുടെ ഭ്രമകല്പനകളാണ്. ഇതിന്റെ  പൂർണ്ണ ഉത്തരവാദിത്വം രാമമൂർത്തിക്കാണെന്ന് വിനയപൂർവ്വം കഥാകൃത്ത്. ഒപ്പ്"  
രണ്ടു കഥകളും പോലീസ് ജീവിതത്തിലൂടെ കടന്നു പോകുന്നു. ആരും അധികം സ്പർശിക്കാതെ പോയ ഇടങ്ങളിലൂടെ അവരവരുടേതായ ശൈലിയിൽ വരച്ചിടുന്ന ചിത്രങ്ങളാണ് ഈ കഥകൾ.
--------------------------------------------------------

കഥകളുമായി ഒരേകാകിയുടെ അലച്ചിൽ

വായനാനുഭവം


(സുറാബിന്റെ *ഒരിടത്ത് ഒരു മരമുണ്ട്* എന്ന കഥാ സമാഹാരത്തിന്റെ വായനാനുഭവം)

കഥക്ക് വേണ്ടിയുള്ള അശാന്തമായ അലച്ചിലിൽ പ്രവാസ ജീവിതത്തിന്റെ ഉപ്പ് കാറ്റേറ്റ് തീവ്രമായ അനുഭവതലത്തെ തനിക്കുമാത്രമായി വരച്ചിടാവുന്ന ഒരു രചനാ പാടവം നേടിയെടുത്ത എഴുത്തുകാരനാണ് സുറാബ്. കഥകളിലൊക്കെ ഒരേകാകിയുടെ ഹൃദയം സ്പന്ദിക്കുന്നത് കാണാം. സുറാബിന്റെ കഥകളെ പറ്റി സിവി ബാലകൃഷ്ണൻ പറയുന്നു *"എഴുത്തുകാരുടെ മാർഗ്ഗങ്ങൾ, ജീവിതംപോലെതന്നെ, പരസ്പരഭിന്നവും വിചിത്രവുമത്രെ. സ്വന്തം സാഹചര്യങ്ങൾ വിശദീകരിച്ചുകൊണ്ട് സുറാബ് വ്യഥാഭരിതമായ ചില വാക്കുകൾ ഇവിടെ കുറിച്ചിടുന്നുണ്ട്. പഴയ കളിവഞ്ചിയുടെയും മൈലാഞ്ചിചോപ്പിന്റെയും കുപ്പിവളകളുടെയും ഓർമകൾ നെഞ്ചിലേറ്റിയുള്ള അശാന്തമായ അലച്ചിലുകൾക്കിടയിൽ സാന്ത്വനമായിത്തീരുന്നത് പറയാത്ത കഥകളായിരിക്കണം. അവ പറഞ്ഞുകേൾപ്പിക്കുമ്പോൾ സുറാബ് സാധിക്കുന്നത്  ഉള്ളിലെ തീവ്രമായ ഗൃഹാതുരത്വം പങ്കിടുകയാണ്. പ്രവാസ ജീവിതത്തിന്റെ ഊഷരതയെ, അതുളവാക്കുന്ന അസംതൃപ്തികളെ അങ്ങനെ അതിജീവിക്കാമെന്നു സുറാബ് കരുതുന്നു. ഒരു ഏകാകിയുടെ ഹൃദയം ഈ  കഥകളിലൊക്കെയും സ്പന്ദിക്കുന്നുണ്ട്"* കുഞ്ഞു കഥകളിലൂടെ വിശാലമായ ഒരിടം വായനക്കാരന് മുന്നിൽ തുറന്നു വെക്കാൻ ഈ കഥകൾക്കാവുന്നുണ്ട്.

 *ബിയ്യാത്തുവിന്റെ പരാതികൾ* എന്ന കഥയിലെ ബിയ്യാത്തു നമ്മെ സങ്കടപെടുത്തുന്നത് കൈവിട്ടുപോയ ജീവവിതത്തിന്റെ പുകച്ചിലായാണ്, എന്നാൽ കഥ വളരെ ലളിതമായി പറയുന്ന ആഴമേറിയ ചില അർത്ഥങ്ങൾ കൂടി അതിലടങ്ങിയിട്ടുണ്ട്. ഖബറുവെട്ടുകാരൻ മമ്മത്മാർ  നമുക്കിടയിൽ തന്നെ ധാരാളം ഉണ്ട്. ഇരുട്ടിൽ കരഞ്ഞു തീർക്കുന്ന ബിയ്യാത്തുമാരും. ചിലർ സ്വയം ഒരു തീവണ്ടിയുടെ കനിവിലേക്ക് ആരും കാണാതെ ഇഴഞ്ഞു പോകുന്നു. പിന്നെയവർ പനിനീർ ചെടിയായി കിളിർക്കുന്നു. 

*കുമാരസംഭവം* എന്നു കേൾക്കുമ്പോൾ നമ്മളിലേക്ക് സ്വാഭാവികമായും വരുന്ന ഒന്നല്ല ഈ കഥ. കറുത്ത ഹാസ്യത്തിന്റെ മേമ്പൊടി ചേരുന്ന ഒരു കുഞ്ഞുകഥ. കഥയുടെ അവസാനം കൂട്ടിച്ചേർത്ത വരികൾ അതിനെ സാധൂകരിക്കുന്നു. 
*"സംവാദം: ചക്ക, മാങ്ങ പോലെ വാഴക്കുലകളും സാഹിത്യത്തിൽ വ്യാപകമായി അപഹരിക്കപ്പെടുന്നുണ്ട്"*  വാഴക്കുലമോഷണത്തിലൂടെ കഥ പറയുന്നതും അതൊക്കെ തന്നെ.

 രണ്ടു കാലങ്ങളുടെ വ്യത്യാസങ്ങൾ ജീവിതങ്ങളുടെ അസന്തുലിതാവസ്ഥയുമൊക്കെ ഒരു വീടുപണിയുടെ ടെണ്ടറിലൂടെ പറയുന്ന കഥയാണ് *ടെണ്ടർ*  കുഞ്ഞമ്പു മെയ്‌സിരിയുടെ പഴയ കാലം അല്ല ഇന്ന് ആധുനിക വിദ്യ കയ്യാളുന്ന ചെറുപ്പക്കാരുടെ കാലമാണ്. അതിലെ കറുപ്പും വെളുപ്പും കഥയിൽ കാണാം. *"ആഘോഷത്തിമിർപ്പിൽ കുഞ്ഞമ്പുമെയ്സിരിയെ എല്ലാവരും മറന്നു. അയാളൊരു പഴഞ്ചനാണ്.  മാറ്റി പണിയാൻ കഴിയാത്ത മുൻവശത്തെ തൂണാണ്"* കഥ ഇങ്ങനെ അവസാനിക്കുമ്പോൾ കാര്യങ്ങൾ വ്യക്തം.

*ആവിഷ്‌ക്കാരം* എന്ന കുഞ്ഞുകഥ എഴുതുലോകത്തെ വഴിവിട്ട പ്രവണതകളെ വിമർശനത്തിലൂടെ കാണുന്ന കഥയാണ്.

 *ശിവരാമന്റെ എഴുതുന്നു* പ്രവാസികൾ നേരിട്ട അവസ്ഥയാണ്. നീണ്ട കാലത്തെ രസകരമായി കത്തുകളിലൂടെ കൊണ്ടുപോകുന്നു.

 *പുക* എന്ന കുഞ്ഞുകഥ കാലങ്ങൾ കുഴിച്ചുമൂടുന്ന ഓർമ്മകളെ വരച്ചു വെക്കുന്ന ഒന്നാണ്.
 ഈ പുസ്തകത്തിലെ മികച്ച കഥകളിലൊന്നാണ് *കാഴ്ച* 

*പാത്തുമ്മയും ഒരു ആടായിരുന്നു*  എന്ന കഥയിൽ പറയുന്ന പ്രതീകാത്മകമായ വിവരണങ്ങൾ നമ്മുടെയൊക്കെ ജീവിതത്തിൽ എത്തിനോക്കി പോയവയായിരിക്കും. കഥയിലെ കുഞ്ഞിപ്പാത്തുമ്മയും മുത്തുക്കോയയും  രണ്ടു മിത്തുകളെന്ന പോലെ കഥയിൽ നിറഞ്ഞു നിൽക്കുന്നു. 

*ഒരിടത്ത് ഒരു മരമുണ്ട്* പുസ്തകത്തിന്റെ ശീര്ഷകവും ഇതാണ്. സർവ ലോകരെ അതിസംബോധനം ചെയ്യുന്ന കഥയാണ് ഇത് കാലമോ ദേശമോ മാറിയാലും മാറാത്ത കഥകളുണ്ട്. കഥപറച്ചിൽ തന്നെ ഒരു കഥയാക്കിയുള്ള രീതി കഥയെ കൂടുതൽ മെച്ചപ്പെടുത്തുന്നു. *"മരുഭൂമിയിൽ ഒരിടത്ത് ഒരു മരമുണ്ട്. മഴ നനയാത്ത മരുഭൂമിയിൽ..." അടുത്ത തലമുറയോട് കഥ ഇങ്ങനെതുടങ്ങുമ്പോൾ  മൽസ്യം മോതിരം വിഴുങ്ങുന്ന പോലെ ആ മരം പണ്ടൊരാൾ ഈന്തപ്പഴത്തിന്റെ  കുരു വിഴുങ്ങി ഉണ്ടായതാണെന്നു പറയാൻ മടിയ്ക്കുമോ എന്തോ... അല്ലെങ്കിലും എല്ലാ ചരിത്രത്തിലും പറയാൻ മടിക്കുന്നത് മറച്ചുവയ്ക്കൽ നമ്മുടെ ശീലമാണല്ലോ..."*  കഥയിങ്ങനെ തീരുമ്പോൾ അവസാനിക്കുകയല്ല കഥ തുടങ്ങുകയാണ്. 
ഈ പുസ്തകത്തിൽ  ഇത്തരത്തിൽ കഥക്ക് ശേഷം നമ്മെ നടത്തിക്കുന്ന കഥകൾ ഇനിയും ഉണ്ട്. *അഞ്ച് ആധുനിക വർത്തമാനങ്ങൾ, അലക്ക്, എഴുത്തിന്റെ വഴികൾ..* ഇങ്ങനെ ചെറുതും വലുതുമായ പഴയ കളിവഞ്ചിയുടെയും മൈലാഞ്ചി ചോപ്പിന്റെയും  ഓർമ്മകളെ തഴുകുന്ന കഥകൾ. കഥയിലും നോവലിലും തന്റേതായ ഒരു വഴി വെട്ടിത്തെളിച്ചു സ്വയം ചൂട്ടുകത്തിച്ചു വെളിച്ചം പകർന്നു മരുഭൂമിയിലൂടെ കടന്നുപോയി നാടിന്റെ പച്ചപ്പിൽ തന്റെ സർഗ സപര്യ തുടരുന്ന എഴുത്തുകാരനാണ് സുറാബ്. സുറാബിന്റെ രചനകളെ വേണ്ടവിധത്തിൽ മലയാള സാഹിത്യലോകം തുറന്നു നോക്കിയില്ല എന്നത് ഇതിനോട് ചേർത്തു വായിക്കണം. സുറാബ് കൃതികളുടെ വായന ഇനിയും നടക്കട്ടെ.


കണ്ണാടി മാഗസിൻ  പ്രസിദ്ധീകരിച്ചു 17 / 5 / 2019 http://kannadimagazine.com/index.php?article=861   

ഗജവീരാ... നിൻ കണ്ണും നിറയുന്നല്ലോ, ആരു കാണാൻ?


വീരന്മാർ കരയാൻ പാടുണ്ടോ അതും പൊതു ഇടങ്ങളിൽ.. എന്നാൽ കണ്ണീർ പൊഴിക്കാത്ത ഏതു ഗജവീരനാണ് നമുക്ക് മുന്നിലൂടെ നെറ്റിപ്പട്ടം കെട്ടി പോയിട്ടുള്ളത്?
"ദ്യോവിനെ വിറപ്പിക്കുമാ വിളി കേട്ടോ മണി-
ക്കോവിലിൽ മയങ്ങുന്ന മാനവരുടെ ദൈവം!
എങ്കിലുമതുചെന്നു മറ്റൊലിക്കൊണ്ടു പുത്ര-
സങ്കടം സഹിയാത്ത സഹ്യന്റെ ഹൃദയത്തിൽ"  
സഹ്യന്റെ മകനിൽ വൈലോപ്പിള്ളി ചോദിക്കുന്നത് നെറ്റിപ്പട്ടം കെട്ടി ചമഞ്ഞു നിൽക്കുന്ന ഗജവീനന്മാരെ കാണുമ്പോൾ തോന്നാറുണ്ട്.  
"പതയും നെറ്റിപ്പട്ടപ്പൊന്നരുവികളോലും
പതിനഞ്ചാനക്കരിം പാറകളുടെ മുമ്പിൽ." കാട്ടിൽ വിഹരിക്കേണ്ട പുത്രനെ നാട്ടിൽ ചങ്ങായിട്ടു ദൈവത്തെ ബന്ദിയാക്കും പോലെ ബന്ദിയാക്കി അലങ്കരിച്ചു നിർത്തി കൊല്ലാതെ കൊല്ലുന്നു നമ്മുടെ സ്വാർത്ഥതയും ആഘോഷ മോഹങ്ങളും  
"കണ്ണുകൾ നിണസ്വപ്നം കാൺകയാം, തുമ്പിക്കരം
മണ്ണു തോണ്ടുന്നൂ – പാവം വിറപ്പൂ ശാന്തിക്കാരൻ !"
കണ്ണ് കാണാത്ത ആനപ്രേമം തലയെടുപ്പിൽ ആനന്ദിക്കുമ്പോൾ കാട്ടിൽ ലയിക്കേണ്ട മോഹങ്ങൾ നാട്ടിൽ തായമ്പകയുടെ കൊട്ടിൽ താളങ്ങൾ കണ്ണീരായി ഊർന്നു വീഴുന്നത് കാണുന്നില്ലല്ലോ?  
എന്നും നമ്മുടെ സാംസ്കാരിക മേന്മ പുറത്തു കാട്ടാൻ അവനെ ചമയച്ചു വെയിലിൽ നിര്ത്തണം.. 
മെരുവിൻ മദദ്രവമണമോ? തുമ്പിക്കയ്യാൽ
ചെറുതെന്നലിൽ തപ്പിച്ചെറ്റിട നിന്നാനവൻ.
പാറയിൽ നിന്നും ജലം പോലെ, വിസ്മയമേ, തൻ
വീര്യമൊക്കെയും വാർന്നു പോവതായ് ത്തോന്നീടുന്നു.
കാലിൽ വ്രണം പൂത്ത ചന്തം നോക്കി തായമ്പകയുടെ താളത്തിൽ നമ്മൾ ആവേശത്താൽ ആർപ്പൂ വിളിക്കുമ്പോൾ സഹിക്കവയ്യാതെ അവനൊന്നു ഇളകിആടിയാൽ അവിടെമാകെ കിടിലോൽകിടിലം 
എന്തിതീക്കോലാഹലം? “ആനയോടി!”യെന്നൊരു
വൻ തിരക്ക, ല്ലെമ്പാടും വളരും കൊടുങ്കാറ്റോ?
എല്ലാ കൂരമ്പുകളും പിന്നെയും പേറി കൂച്ചുവിലങ്ങിൽ അവനങ്ങനെ കറുത്ത പാറ മാത്രമായ് ഉറച്ചു പോകുന്നു, മനുഷ്യഹൃദയം ഉറച്ചപോലെ... സഹ്യന്റെ മകൻ കേഴുന്നത് കാണാൻ നമുക്കാകുന്നില്ല.   എന്നാലും നമ്മൾ സംസ്കാരം ഉയർത്തി പിടിക്കുന്നുണ്ട്... 
..........................

കണ്ണാടി മാഗസിൻ ഇത് എഡിറ്റോറിയൽ ആയി പ്രസിദ്ധീകരിച്ചു