Monday 30 May 2011

പരിസ്ഥിതി വാദവും ജീവനും

പരിസ്ഥിതി എന്നാല്‍ കേവലം ജൈവപ്രക്ര്യതി മത്രമല്ല, സാമൂഹിക പ്രകൃതി കൂടിയാണ് ലക്ഷ്യമിടുന്നത്. അതിനാല്‍ പരിസ്ഥിതി വാദം ഒരു വിശാല മണ്ഡലത്തെയാണ് ഓര്‍മപ്പെടുത്തുന്നത്. ഈ ചിന്ത ഇന്ന് ലോകത്ത് വ്യാപിക്കുകയാണ്, ഇങ്ങനെ ചിന്തിക്കേണ്ട നിര്‍ബന്ധിതാവസ്ഥ ഉണ്ടായി എന്ന് തിരുത്തുന്നതാവും ശരി. പ്രകൃതി സ്രോതസ്സുകള്‍ ചിലര്‍ക്കു മാത്രം അവകാശപെട്ട താണെന്ന വാദവും ലോകത്ത് മുറുകുകയാണ്. മുതലാളിത്ത ലാഭക്കണക്കില്‍ പ്രകൃതി വിഭവങ്ങള്‍ ആവശ്യതിലധികം എഴുതിച്ചേര്‍ത്തപ്പോള്‍ ചൂഷണം വര്‍ദ്ധിക്കുക യാണുണ്ടായത്. ഇന്ന് ചൊവ്വയിലെ ജീവന്റെ സാന്നിദ്ധ്യ മന്വേഷി ച്ചിറങ്ങുന്ന നാം സ്വന്തം കാല്‍ കീഴിലെ മണ്ണൊലിച്ചു പോകുന്നത് കാണുന്നില്ല. സുന്ദരമായ ഭൂമിയെന്ന ജീവന്‍ന്റെ ഗോളം നാളെ ഒരു തീഗോളമായി ചുരുങ്ങുമെന്ന സത്യത്തെ ഇനിയെങ്കിലും നാം കണ്ടില്ലെങ്കില്‍ മനുഷ്യവംശം കത്തി ചാമ്പലായി ദിനോസറുകള്‍ക്ക് സമമാകും. ഇതിനു കാരണക്കാരനും മനുഷ്യനല്ലാതെ മറ്റാരുമല്ല, ഭൂമിയിലെ സര്‍വ്വ ജീവനേയും തീഗോളത്തി ലെറിഞ്ഞ് കൊടുത്തെന്ന ശാപവും മനുഷ്യകുലം പേറേണ്ടി വരും. ഈ പച്ചയറിവിലേക്ക് എത്തി ച്ചേരാനുള്ള വഴി തുറക്കലാണ് പരിസ്ഥിതി വിചാരത്തെ ഉണര്‍ത്തുക വഴി യുണ്ടാകുന്നത്. പരിസ്ഥിതിയെ കുറിച്ചുള്ള ബോധം എല്ലാവരിലു മെത്തിക്കുന്നതിന് എല്ലാ ശ്രമങ്ങളും നടത്തേണ്ടതുണ്ട്.
- ചുട്ടുപ്പൊള്ളുന്ന ഭൂമിയെ കാത്തിരിക്കാന്‍ നമുക്കാവുമോ?
- കടലുയര്‍ന്ന് കരയെത്തിന്നുന്നത് നമുക്ക് സഹിക്കാനാവുമൊ?
- ശുദ്ധവായു ശ്വസിക്കാന്‍ ഓക്സിജന്‍ സിലിണ്ടര്‍ കൊണ്ടു നടക്കേണ്ട ഗതികേട് നാം എങ്ങനെ സഹിക്കും?
- ദാഹമകറ്റാന്‍ കുടിവെള്ളത്തിനായി സധാരണക്കാരന്‍ പൊരുതുമ്പോള്‍ മറുവശത്ത് വെള്ളം വിറ്റ് കാശാക്കുന്ന കുത്തക കമ്പനികള്‍. പ്രകൃതി വിഭവങ്ങള്‍ സ്വന്തമാക്കി കുത്തക കമ്പനികള്‍ തടിച്ചു വീര്‍ക്കുമ്പോള്‍ സാധാരണക്കാരന്റെ ഭാവിയെന്ത്?
- വരും തലമുറക്ക് നാം എന്ത് നല്‍കും? വരണ്ടുണങ്ങിയ പുഴയോ? ചുട്ടുപഴുത്ത ഭൂമിയോ? മലിനമാക്കപ്പെട്ട വായുവോ?
- കഴിഞ്ഞ തലമുറ നമുക്കു കൈമാറിയ അതേ ഭൂമി നമുക്ക് വരും തലമുറക്ക് കൈമാറാനാകുമോ?
“ജീവന്റെ അതിബ്ര്യഹത്തായ ഒരു സിംഫണിയാണ് പ്രക്ര്യതിയൊരുക്കുന്നത്, ഈ പ്രതിഭാസമാണ് ഭൂമിയുടെ ജീവന്‍”
പുതിയ സാങ്കേതിക യുഗത്തില്‍ അതേ വഴിയിലൂടെ, പരിസ്ഥിതിയെ കുറിച്ചറിയാന്‍, പറയാന്‍,  ഇനിയും നാം തയ്യാറായില്ലെങ്കില്‍?
പരിസ്ഥിതി വാദം ജീവന് വേണ്ടിയുള്ള ഒരു രാഷ്ട്രീയമാണ്. ഈ തിരിച്ചറിവ് നമ്മളില്‍ ഉണ്ടാവേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

ഒ. വി. വിജയന്‍ എന്ന ഇതിഹാസം


ov-vijayan"നാമൊക്കെ വാക്കുകള്‍ പണിയുന്ന തച്ചന്‍മാരാണ്. ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ നൂറ്റാണ്ടുകളിലൂടെ കൊച്ചുളിയും ചെറു ചുറ്റികകളുമായി അലസമായി പണി ചെയ്യുന്നു; വലിയ സന്ദേഹങ്ങളില്ലാതെ, സൃഷ്ടിയുടെ നോവുകളില്ലാതെ. ഈ ശരാശരിത്വം തുടര്‍ന്നു പോകുന്നതിന്റെ ചരിത്രമാണ് നമ്മുടെ സാഹിത്യം. ഇവിടെ മരത്തിന്റെ മാറ്റ് മനസ്സിലാക്കാതെ പോകുന്നത് തച്ചന്‍മാര്‍ തന്നെ."

എഴുത്തിലും, വരയിലും, ദര്‍ശനത്തിലും, മലയാളത്തിനും, വിവരണാതീതമായ സംഭാവനകള്‍ നല്‍കി മലയാളത്തിന്റെ എക്കാലത്തെയും ഇതിഹാസ ക്കാരന്‍ ഊട്ടുപുലാക്കല്‍ വേലുക്കുട്ടി വിജയന്‍ എന്ന ഒ. വി. വിജയന്‍ എഴുതാന്‍ ഒരു പാട് ബാക്കി വെച്ച്  യാത്രയായപ്പോള്‍, അക്ഷര ലോകത്തിന് ഒരു ഗുരുവിനെയാണ് നഷ്ടമായത്‌.

വിജയന്‍ തന്റെ വരയിലൂടെ ഉന്നയിച്ച ദര്‍ശനങ്ങള്‍ ദല്‍ഹിയിലെ ഭരണ സിരാ കേന്ദ്രങ്ങളെ വിറപ്പിച്ചിരുന്നു. എഴുത്തും വരയും ഒരു പോലെ അനായാസം കൈകാര്യം ചെയ്ത്, സ്വന്തമായൊരു ലോകം സൃഷ്ടിച്ച വിജയന്‍, മലയാള നോവല്‍ സങ്കല്‍പ്പത്തെ തകിടം മറിച്ച ഖസാക്കിന്റെ ഇതിഹാസത്തെ സൃഷ്ടിച്ചപ്പോള്‍, മലയാള സാഹിത്യത്തില്‍ എക്കാലത്തെയും മികച്ച നോവല്‍ പിറക്കുകയായിരുന്നു. ഖസാക്കിനോടു കിടപിടിക്കുന്ന ഒരു നോവലും ഇന്നും മലയാളത്തില്‍ ഉണ്ടായിട്ടില്ല എന്നതാണ് സത്യം. ഖസാക്കില്‍ നിന്നും തലമുറകളി ലെത്തുമ്പോള്‍ വിജയന്‍റെ മനസ് അവ്യക്തമായ ഏതോ ചേരിയിലേക്ക് ചാഞ്ഞു തുടങ്ങിയെന്ന് പലരും പറഞ്ഞു. എന്നാല്‍ ഭാരതീയമായൊരു ഹരിത ആത്മീയ സൗന്ദര്യ സമീപനമായിരുന്നു വിജയന്‍ സ്വീകരിച്ചു പോന്നത്. തനിക്കെതിരെ വന്ന വിമര്‍ശനങ്ങളെ സ്നേഹത്തോടെയാണ് അദ്ദേഹം നേരിട്ടത്‌. അതു കൊണ്ടാണ് അര്‍ഹതയുണ്ടായിട്ടും തന്നില്‍ നിന്നും തട്ടിത്തെറിപ്പിച്ച ജ്ഞാനപീഠം ലഭിക്കാതെ പോയതില്‍ ആരോടും കലഹിക്കാതിരുന്നത്. പുരസ്ക്കാരങ്ങളുടെ തണല്‍ പറ്റാന്‍ എന്നും വിജയന്‍ നിന്ന് കൊടുത്തിട്ടില്ല. എന്നിട്ടും അദ്ദേഹത്തെ ക്രൂശിക്കാന്‍ പലരും വന്നു. കമ്യൂണിസ്റ്റു വിരോധിയെന്നും അമേരിക്കന്‍ ചാരനെന്നു വരെ വിളിച്ചു കൂകി. അത് പ്രചരിപ്പിക്കാന്‍ പത്രങ്ങളില്‍ അച്ച് നിരത്തിയവര്‍ ഇന്നെവിടെയാണ് എത്തി നില്‍ക്കുന്നതെന്ന് ഓര്‍ക്കുക.

ഖസാക്കിനെ കൂടാതെ ധര്‍മ്മപുരാണം, ഗുരുസാഗരം, മധുരം ഗായതി, പ്രവാചകന്റെ വഴി, തലമുറകള്‍ എന്നീ നോവലുകളും എക്കാലത്തെയും മികച്ച കഥകളി ലൊന്നായ കടല്‍ത്തീരത്തും, എണ്ണ, അരിമ്പാറ, മൂന്നു യുദ്ധങ്ങള്‍... അങ്ങിനെ എത്രയെത്ര കഥകള്‍, ലേഖനങ്ങള്‍, കാര്‍ട്ടൂണുകള്‍.

വിജയന്‍റെ എഴുത്തിന്റെ, വരയുടെ ലോകം വിശാലമായിരുന്നു. ആഖ്യാനത്തിലെ വ്യത്യസ്തത, ചെത്തി മിനിക്കിയെടുത്ത ഭാഷ വിജയന്‍റെ കഥകളുടെ കരുത്തും വൈവിധ്യവും വിസ്മയകരമാണ്. "തൊകില്‍ ചിറകുകളുടെ താള വാദ്യവുമായി കടവാതില്‍പ്പടകള്‍ പതിര മുറിച്ചു നീന്തി, പിന്നെ സ്വച്ഛമായ കാടും, മഴയും, സ്നേഹവും, പാപവും തേഞ്ഞു തേഞ്ഞില്ലാ താവുന്ന വര്‍ഷങ്ങള്‍" ഇങ്ങനെ എത്രയെത്ര ഉദാഹരണങ്ങള്‍. ഭാഷയില്‍ കൊത്തിയെടുത്ത വിരുത് മലയാളിക്കെങ്ങനെ മറക്കാനാവും. ഖസാക്കിലെ രവി, അള്ളാപിച്ചാ മൊല്ലാക്ക, കുഞ്ഞാമിന, അപ്പുക്കിളി, കുപ്പുവച്ഛന്‍, നൈജാമലി, അങ്ങനെ വിജയന്‍ സൃഷ്ടിച്ച കഥാപാത്രങ്ങളെ നമുക്കെങ്ങനെ മറക്കാനാവും.

മരണം കാത്തു കിടക്കുന്ന കണ്ടുണ്ണിയെ കാണാന്‍ പൊതിച്ചോറുമായി അച്ഛന്‍ വെള്ളായിയപ്പന്‍ പാഴുതറയില്‍ നിന്നും യാത്ര തിരിക്കുമ്പോള്‍ പഴുതറയിലെ ആണുങ്ങളും പെണ്ണുങ്ങളും വിതുമ്പുന്നതോടൊപ്പം മലയാള മനസ്സും വിതുമ്പിയിരുന്നു. നവ്യമായ മൌലികതയും പാരമ്പര്യത്തില്‍ അധിഷ്ഠിതമായ ലോക വീക്ഷണവും നിറഞ്ഞ വിജയന്‍റെ സൃഷ്ടികള്‍ ലോക സാഹിത്യത്തിനു തന്നെ മുതല്‍ കൂട്ടാണ്.

പാലക്കാടന്‍ ഗ്രാമങ്ങള്‍ വിജയനെ വല്ലാതെ സ്വാധീനിച്ചിട്ടുണ്ട്. കരിമ്പന പട്ടകളില്‍ കാറ്റ്‌ ദൈവ സാന്ദ്രമാകുന്നത് അതു കൊണ്ടാണ്.

"ചിലപ്പോള്‍ ഞാന്‍ നിര്‍വൃതി അനുഭവിക്കുന്നു. പാലക്കാടന്‍ നാട്ടിന്‍ പുറത്തു കൂടെ ആള്‍ത്തിര ക്കില്ലാത്ത കഴിഞ്ഞ കാലങ്ങളില്‍ ചാന്തും സിന്ദൂരവും ചില്ലു കണ്ണാടിയും വിറ്റു നടക്കുന്ന വയന വാണിഭക്കാരന്റെ സ്വാതന്ത്ര്യം" (തലമുറകള്‍)

ഭൂമിയുടെ വേദന തന്റെ കൂടി വേദന യാണെന്ന് വിജയന്‍ തിരിച്ചറിഞ്ഞിരുന്നു ഭൂമിക്കേല്‍ക്കുന്ന ഓരോ മുറിവും യുഗാന്തരങ്ങള്‍ താണ്ടിയും പ്രതിഫലിക്കുമെന്ന് പലപ്പോഴായി അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഭരണകൂടത്തിന്റെ തലതിരിഞ്ഞ വികസന നയങ്ങളെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചിട്ടുണ്ട്. "ഉത്തര്‍ പ്രദേശിലെ നറോറയില്‍ ആണവ കേന്ദ്രം സ്ഥാപിച്ചിരിക്കുന്നു. നറോറ ഒരു ഭൂഗര്‍ഭ വൈകല്യത്തിന്റെ മുകളിലാണ് സ്ഥിതി ചെയ്യുന്നതെന്ന് വസ്തുത നമ്മുടെ ആണവ വകുപ്പിനെ പിന്തിരി പ്പിക്കുന്നില്ല". "നന്ദാദേവി എന്ന ഹിമവല്‍ ശൃംഗത്തില്‍ നെഹ്രുവിന്റെ അനുമതിയോടെ സി. ഐ. എ. യും, ഇന്ത്യയുടെ രഹസ്യ വകുപ്പും ചേര്‍ന്ന് ഒരു ആണവ പേടകം നിക്ഷേപിച്ചു. ചൈനയുടെ ആണവ പരിപാടി ചാര നിരീക്ഷണം ചെയ്യുകയായിരുന്നു ഈ പേടകത്തിന്റെ ഉദ്ദ്യേശം. പേടകം പ്രകൃതി സമ്മര്‍ദ്ദങ്ങള്‍ക്ക് വിധേയമായി ഇന്ന് സ്ഥാനം പിഴച്ചിരിക്കുന്നു. അതെവിടെ യാണെന്ന് ശാസ്ത്രജ്ഞന്‍മാര്‍ക്കും തിട്ടപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. മലയുടെ മഞ്ഞിലെവിടെയോ നഷ്ടപ്പെട്ട ഈ പേടകം പിളരുകയാണെങ്കില്‍ ആ മഞ്ഞ് അണു പ്രസരണം കൊണ്ട് നിറയുകയും അതില്‍ നിന്നും ഉറവെടുക്കുന്ന പുഴകള്‍, ആ പ്രസരത്തെ ആര്യാവര്‍ത്തത്തിലെ ജൈവ സമൂഹത്തിലേക്ക് പേറി കൊണ്ട് വരികയും ചെയ്യും."

ഇക്കാര്യം മറ്റാരാണ് നമ്മോട് വിളിച്ചു പറഞ്ഞിട്ടുള്ളത് ? ഇന്ത്യന്‍ ജനതയുടെ തലയ്ക്കു മീതെ തൂങ്ങി കിടക്കുന്ന ഇത്തരം സത്യങ്ങളെ ധൈര്യത്തോടെ വിളിച്ചു പറയാന്‍ ശേഷിയുള്ളവര്‍ എത്ര പേരുണ്ട്. ഇന്നു ലോകം ഏറെ മാറിയിരിക്കുന്നു. ഇന്ത്യയും കേരളവും മലയാളവും ഖസാക്കും നാമോരോരുത്തരും നമ്മുടെ ഭാഷയും...

"ഇന്നു കിഴക്കന്‍ കാറ്റില്ല, കരിമ്പനയുമില്ല. ഈ തിരോഭാവങ്ങളില്‍ എന്റെ ഭാഷയുടെ സ്ഥായുവക കൊട്ടിയടയ്ക്കുന്നു. എന്റെ ഭാഷ, മലയാളം, ആ വലിയ ബധിരതയിലേക്ക്‌ നീങ്ങുന്നു. എനിക്ക് എന്റെ ഭാഷയെ തിരിച്ചു തരിക"

എഴുത്തച്ഛന്‍ പുരസ്ക്കാരം സ്വീകരിച്ച് ഒ. വി. വിജയന്‍ ചെയ്ത പ്രസംഗമാണിത്. ഇനിയിങ്ങനെ വിലപിക്കുവാന്‍ വിജയനും നമ്മോടോപ്പമില്ല...

വിജയന്റെ ദര്‍ശനങ്ങള്‍ നമുക്ക് മുന്നിലുണ്ട്. മലയാളത്തിന്റെ ഇതിഹാസമായി തന്നെ.

- ഫൈസല്‍ ബാവ‍

Saturday 28 May 2011

മതം


ന്നവര്‍ സ്വയം
പൊള്ളിക്കൊണ്ട്
നേടിയതിന്നിവര്‍
മറ്റുള്ളവരെ
പ്പൊള്ളിച്ചു നേടുന്നു.



ആതുര സേവന മേഖലയിലെ വേട്ടക്കാര്‍

 

“നമുക്ക് ആവശ്യത്തിന് ഡോക്ടര്‍മാര്‍ ഉണ്ടോ എന്നതല്ല അവര്‍ക്ക് രാജ്യത്തെ ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാന്‍ ആ‍വുന്നുണ്ടോ എന്നതാണ് പ്രശ്നം” പീറ്റേഴ്സ് ഡോര്‍ഫിന്റെ ഈ നിരീക്ഷണം ഇന്നത്തെ അവസ്ഥയില്‍ വളരെ പ്രസക്തമാണ്. നമ്മുടെ ആരോഗ്യ രംഗം അപകടകരമാം വിധം കമ്പോള വല്‍ക്കരിച്ച് കൊണ്ടിരിക്കുന്നു. ഇപ്പോള്‍ തന്നെ ആവശ്യത്തില്‍ അധികം ഡോക്ടര്‍മാരാലും, ആശുപത്രികളാലും നിറയ്ക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. മാറി മാറി വന്ന സര്‍ക്കാരുകളുടെ ദീര്‍ഘ വീക്ഷണമില്ലാത്ത ആരോഗ്യ നയത്തിന്റെ ഭാഗമായി നമ്മുടെ പൊതു ആരോഗ്യ മേഖല നാള്‍ക്കു നാള്‍ ക്ഷയിച്ചു വന്നു. ആസൂത്രണത്തില്‍ വന്ന പാളിച്ചകളും സ്വകാര്യ മേഖലയെ വളര്‍ത്തുവാനുള്ള താല്പര്യവും വര്‍ദ്ധിച്ചതോടെ ജനങ്ങള്‍ക്കും സ്വകാര്യ മേഖലയെ ആശ്രയിക്കാതെ തരമില്ല എന്ന അവസ്ഥ സംജാതമായി.

ഈ അവസ്ഥയെ പരമാവധി ചൂഷണം ചെയ്യുവാ‍ന്‍ സ്വകാര്യ മേഖലയ്ക്കും കഴിഞ്ഞു. സര്‍ക്കാര്‍ ആശുപത്രികളുടെ ശോചനീ യാവസ്ഥയും, ഉദ്ദ്യോഗസ്ഥ ന്‍മാരുടെ കെടുകാര്യസ്തതയും സാധാരണക്കാരെ പൊതു ആരോഗ്യ സ്ഥാപനങ്ങളില്‍ നിന്നകറ്റി. ഈ ദുരവസ്ഥയെ ശപിച്ചു കൊണ്ടാണ് ഓരോ സാധാരണക്കാരനും ഇന്ന് ആശുപത്രിയുടെ പടി കയറുന്നത്.

ആരോഗ്യ രംഗം കച്ചവട വല്‍ക്കരിച്ചതിന്റെ ഗുണങ്ങള്‍ ലഭിക്കുന്നത് കുത്തക മരുന്ന് കമ്പനികള്‍ക്കും സമൂഹത്തിലെ ഒരു പറ്റം സമ്പന്ന വിഭാഗങ്ങക്കും മാത്രമാണ്. ഇറക്കിയ മുടക്കു മുതല്‍ തിരിച്ചു പിടിക്കുകയും, അമിത ലാഭം ദീര്‍ഘ കാലം നേടാനാവുന്ന ഒരു സുരക്ഷിത നിക്ഷേപ മേഖലയായി ആരോഗ്യ രംഗം ചുരുങ്ങിയിരിക്കുന്നു. ആതുര സേവന രംഗത്തു വന്ന മൂല്യ ത്തകര്‍ച്ച സ്വകാര്യ മേഖല ആധിപത്യം ഉറപ്പിച്ചതിന്റെ ഫലമായി വന്ന കച്ചവട മത്സരത്തിന്റെ ബാക്കി പത്രമാണ്. സാമ്പത്തിക താ‍ല്പര്യം മാത്രം മുന്‍ നിര്‍ത്തി നമ്മുടെ നഗരങ്ങളിലും ഗ്രാമങ്ങളിലും ഉയര്‍ന്നു വരുന്ന ആശുപത്രികള്‍ ഉണ്ടാക്കുന്ന അസന്തുലി താവസ്ഥ വളരെ വലുതാണ്. ചികിത്സയെ പഞ്ച നക്ഷത്ര തലത്തിലേക്ക് ഉയര്‍ത്തി കൊണ്ടു വരുന്നതിന്റെ പിന്നിലും അമിതമായ കച്ചവട താല്പര്യം മാത്രമാണ് ഒളിഞ്ഞി രിക്കുന്നത്.

ഒരു ഉല്പന്നം മാര്‍ക്കറ്റിങ്ങ് ചെയ്യുന്ന രീതിയി ലാണിന്ന് ആശുപത്രികളുടെയും, ഡോക്ടര്‍മാരുടെയും മരുന്നു കമ്പനികളുടെയും പരസ്യങ്ങള്‍ ദൃശ്യ - ശ്രാവ്യ - പത്ര മാധ്യമങ്ങളില്‍ നിറയുന്നത്. മരുന്നു കമ്പനികള്‍ തങ്ങളുടെ വരുമാനത്തിന്റെ ഇരുപത് ശതമാനവും പരസ്യങ്ങ ള്‍ക്കാണ് നീക്കി വെക്കുന്നത്. ഈ വിപണിയില്‍ ലക്ഷങ്ങള്‍ കോഴ കൊടുത്ത് ഡോക്ടറാവുന്ന ഒരാള്‍ക്ക് കൂടുതല്‍ ശ്രദ്ധ മുടക്കു മുതലും ലാഭവും തിരിച്ചെടു ക്കാനായിരിക്കും എന്നത് കുറഞ്ഞ നാളുകള്‍ക്കി ടയില്‍ തന്നെ പ്രകടമായി തുടങ്ങി. വരും നാളുകള്‍ നാട് ഇത്തരത്തിലുള്ള ഡോക്ടര്‍മാരാല്‍ നിറയ്ക്കപ്പെടുമ്പോള്‍ ഇതിലും കടുത്ത മത്സരത്തിന് സാധാരണ ക്കാരായ ജനങ്ങള്‍ കൂടുതല്‍ ഇരയാവേണ്ടി വരും.

ഇന്ത്യയിലെ 170-ല്‍ പരം മെഡിക്കല്‍ കോളേജുകളില്‍ നിന്നായി 18,000-ത്തിലധികം എം ബി ബി എസ് ബിരുദ ധാരികളാണ് പുറത്തിറങ്ങുന്നത്. ഇതില്‍ 7000- ത്തോളം പേര്‍ ഉപരി പഠനത്തിനായി പ്രവേശിക്കുമ്പോള്‍ ബാക്കി വരുന്നവര്‍ രാജ്യത്തെ അഞ്ചു ലക്ഷത്തോളം വരുന്ന ഡോക്ടര്‍മാരില്‍ ലയിക്കുകയാണ്. കേരളത്തില്‍ എല്ലാവരും ഡോക്ടര്‍മാരായെ അടങ്ങൂ എന്ന തരത്തിലേക്കാണ് നീങ്ങുന്നത്. ലോക ആരോഗ്യ സംഘടനയുടെ നിര്‍ദ്ദേശം അനുസരിച്ച് ഡോക്ടര്‍ ജനസംഖ്യ അനുപാതം 1: 3000 എന്നതാണ്, എന്നാല്‍ കേരളത്തി ലിപ്പോഴത് 1;400 എന്ന അനുപാതത്തിലാണ്.

സാന്ത്വനിപ്പിക്കേണ്ടവര്‍ ഭയപ്പെടുത്തുന്നു
ഇപ്പോള്‍ തന്നെ രോഗ നിര്‍ണ്ണയങ്ങ ള്‍ക്കായി നടത്തുന്ന ടെസ്റ്റുകള്‍ 30 മുതല്‍ 50 ശതമാനം വരെ സ്വകാര്യ ലാബുകളുടെടെയും ആശുപത്രികളുടെയും നില നില്‍പ്പിനും സാമ്പത്തിക ലാഭത്തിനും വേണ്ടി മാത്രമുള്ള വയാണ്. കഴിഞ്ഞ 15 വര്‍ഷങ്ങ ള്‍ക്കിടയില്‍ ഡോക്ടര്‍മാരുടെ ഭാഷയില്‍ വന്ന മാറ്റം സസൂക്ഷ്മം നിരീക്ഷിച്ചാല്‍ ഒരു കാര്യം പ്രകടമാണ്. അവരുടെ ഓരോ വാക്കുക ള്‍ക്കിടയിലും രോഗങ്ങളെ കുറിച്ചുള്ള അനാവശ്യ ഭീതി വളര്‍ത്തി യെടുക്കാനുള്ള ശ്രമമുണ്ട്. രോഗിയെ ഭീതിയുടെ മുള്‍ മുനയില്‍ നിര്‍ത്തി ക്കൊണ്ട് ദീര്‍ഘ കാലത്തേക്ക് തന്റെ കൈ പ്പിടിയില്‍ ഒതുക്കി നിര്‍ത്തു വാനുള്ള കച്ചവട തന്ത്രമാണ് ഇതിനു പിന്നിലുള്ളത്.
“ജനങ്ങളുടെ ഭീതിയും, ആകുലതയും ഇല്ലാതായാല്‍ ഒരു ഡോക്ടറുടെ പകുതി ജോലിയും മുക്കാല്‍ ഭാഗാം സ്വാധീനവും നഷ്ടപ്പെടും” എന്ന ബര്‍ണാഡ് ഷായുടെ വാക്കുകള്‍ ഇവിടെ വളരെ പ്രസക്തമാണ്.
ഇന്ന് ആധുനിക ചികിത്സയുടെ മറവില്‍ ജനങ്ങളില്‍ അടിച്ചേ ല്‍പ്പിക്കുന്ന ഒട്ടേറെ കാര്യങ്ങളുണ്ട്. വര്‍ദ്ധിച്ചു വരുന്ന സ്പെഷലൈ സേഷന്‍, ഭാഗികമായ സമീപനം, രോഗികളെ പരിഗണി ക്കാതെയുള്ള രോഗ കേന്ദ്രീകൃത ചികിത്സ, ആവശ്യ മില്ലാത്ത മരുന്നുകള്‍ ഉപയോഗി ക്കാനുള്ള പ്രോത്സാ‍ഹനം ഇങ്ങനെ ഒട്ടേറെ പ്രവൃത്തികള്‍ക്ക് ആരോഗ്യ രംഗം കീഴ് പ്പെടുകയാണ്.

ഇതിന് ബലിയാ ടാക്കപ്പെടുന്നത് കൂടുതലും ദരിദ്രരായ രോഗിക ളാണെന്ന താണ് ഏറെ ദു:ഖകരം. ആരോഗ്യ മേഖലയില്‍ മുതലാളിത്തം വളരെ മുന്‍പു തന്നെ കൈ കടത്തിയ തിന്റെ ദുരന്ത ഫലമാണ് ഇന്ന് വന്നിരിക്കുന്ന മൂല്യ ത്തകര്‍ച്ചയ്ക്ക് മുഖ്യ ഹേതു. ആരോഗ്യ രംഗം ഇങ്ങനെ അമിത കമ്പോള വല്‍ക്കണ ത്തിലേക്ക് വഴുതിയ തിനാലാണ് സാധാരണ ക്കാരന്‍ പോലും എത്ര ലക്ഷം കോഴ കൊടുത്തും മക്കളെ ഡോക്ടറാക്കി വാഴിക്കണ മെന്ന ആഗ്രഹം നിറവേറ്റു ന്നതിനായി വിയര്‍പ്പൊ ഴുക്കുന്നത്.
കേരളത്തിന്റെ പ്രത്യേക സാഹചര്യ ത്തില്‍ വിവാഹ കമ്പോളത്തില്‍ ഏറ്റവും വില യേറിയ ചരക്കാണിന്ന് ഡോക്ടര്‍മാ‍ര്‍.
നമ്മുടെ മാറി വന്ന ജീവിത ക്രമവും, ആഹാര രീതിയില്‍ വന്ന മാറ്റവും, അന്തരീക്ഷ മലിനീകരണവും കൂടുതല്‍ രോഗികളെ സൃഷ്ടിക്കുമ്പോള്‍ ആരോഗ്യ രംഗത്തെ സ്വകാര്യ വല്‍ക്കരണം കൂടുതല്‍ ഭീകരമായ കച്ചവട സാദ്ധ്യത തേടുന്നു. ഇങ്ങനെ ഒരു വിഭാഗത്തിന്റെ കീശ വീര്‍ക്കുമ്പോള്‍ രോഗങ്ങ ള്‍ക്കടിമ പ്പെടുന്ന സാധാരണ ക്കാരന്‍ നിത്യ കട ക്കെണിയി ലേക്ക് വഴുതി വീഴുന്നു.
സാമൂഹ്യ നീതിയി ലധിഷ്ഠി തമായ ചെലവു കുറഞ്ഞ മെച്ചപ്പെട്ട ആരോഗ്യം ലഭ്യമാ ക്കിയിരുന്ന അവസ്ഥ നമുക്കന്യമായി കൊണ്ടിരി ക്കുകയാണ്. പകരം പണമു ണ്ടെങ്കില്‍ മാത്രം ആരോഗ്യം സംരക്ഷി ക്കാനാവും എന്ന അവസ്ഥയി ലേക്ക് നമ്മുടെ ആരോഗ്യ മേഖല ചുരുങ്ങുകയാണ്. കഴിഞ്ഞ പത്ത് വര്‍ഷത്തി നിടയില്‍ ചികിത്സാ ചിലവ് അഞ്ചിരട്ടിയില്‍ അധിക മായാണ് വര്‍ദ്ധിച്ചത്. പുതിയ കമ്പോള സാദ്ധ്യത അനുസരിച്ച് വരും നാളുകളില്‍ ഭീമമായ വര്‍ദ്ധനവ് ഉണ്ടാവു മെന്നാണ് ഈ രംഗത്തെ വിദഗ്ധന്മാരുടെ അഭിപ്രായം.

എന്തായാലും ഈ പ്രവണത അവസാനി പ്പിക്കേണ്ട ബാധ്യത അതാത് ഭരണ കൂടങ്ങ ള്‍ക്കുണ്ട്. കമ്പോള താല്പര്യ ത്തിനനുസരിച്ച് ആരോഗ്യ നയങ്ങള്‍ തീര്‍ക്കുന്നത് ഒരു രാജ്യത്തിന്റെ സുരക്ഷിത ഭാവിക്ക് ഭൂഷണമല്ല. ഇത് മനസ്സി ലാക്കി സമഗ്രമായ ആരോഗ്യ നയത്തിന് രൂപം നല്‍കേണ്ട സമയം അതിക്രമി ച്ചിരിക്കുന്നു. പൊതു അരോഗ്യ കേന്ദ്രങ്ങളുടെ അടിസ്ഥാന സൌകര്യങ്ങള്‍ മെച്ചപ്പെടുത്തിയും, അധുനിക വല്‍ക്കരിച്ചും, ആധുനിക സാങ്കേതിക വിദ്യയുടെ പിന് ‍ബലത്തില്‍ ഔഷധ ഗവേഷണ കേന്ദ്രങ്ങള്‍ തുടങ്ങിയും സമഗ്രമായ പരിഷ്കാര ങ്ങള്‍ക്ക് ആരോഗ്യ മേഖല തയ്യാറാവണം. ഇല്ലെങ്കില്‍ ആതുര സേവന മേഖല ഒരു വേട്ട നിലമായി ചുരുങ്ങും!

- ഫൈസല്‍ ബാവ



കടപ്പാട്: 1. പ്രൊഫസര്‍ കെ ആര്‍ സേതുരാമന്‍ രചിച്ച ‘തന്ത്രമോ ചികിത്സയോ’(Trick or Treat) എന്ന ഗ്രന്ഥത്തോട് (EQUIP- Education for Quality Update of Indian Physicians) എന്ന സംഘടനയാണ് ഈ ഗ്രന്ഥം ഇറക്കിയിരിക്കുന്നത്
2. പി. സുന്ദരരാജന്‍

Thursday 19 May 2011

മേധ ഉയര്‍ത്തുന്ന രാഷ്ട്രീയം

 

‘ഒരു നയം സംബന്ധിച്ച് സംശയം വരികയാണെങ്കില്‍ ആ നയം ഏറ്റവും ദരിദ്രനായ മനുഷ്യനെ എങ്ങനെ അതു ബാധിക്കും എന്നു നോക്കി തീരുമാനമെടുക്കുക’. ഗന്ധിജിയുടെ ഈ വാക്കുകള്‍ക്ക് ഏറെ പ്രസക്തിയുണ്ട്. മേധാ പട്കറും ഇതേ വഴികളാണാവശ്യം എന്ന് വിശ്വസിക്കുന്ന രാഷ്ട്രീയക്കാരിയാണ്. മേധ ഉയര്‍ത്തി കാട്ടിയ രാഷ്ട്രീയ പ്രശ്നങ്ങള്‍ നിരവധിയാണ്. എങ്കിലും നമുക്കവരിന്നും പരിസ്ഥിതി പ്രവര്‍ത്തക മാത്രമാണ്. ഇന്ത്യയിലെ വിവിധ സമര മുഖത്ത് അണികള്‍ക്കൊ പ്പമിരുന്ന് ഉച്ചത്തില്‍ മുദ്രാവാക്യം വിളിക്കുന്ന, ജലസന്ധിലെ ആദിവാസികള്‍ക്കൊപ്പം കഴുത്തോളം വെള്ളത്തില്‍ മുങ്ങിക്കിടന്ന് സമരത്തിന് നേതൃത്വം നല്‍കിയ നര്‍മ്മദ താഴ്വരയിലെ *ദീദി വെറും പരിസ്ഥിതി പ്രവത്തക മാത്രമല്ല. അങ്ങിനെ മാത്രമായി ചുരുക്കി ക്കെട്ടാന്‍ ചില മാധ്യമങ്ങളും രാഷ്ട്രീയക്കരും നിരന്തരം ശ്രമിച്ചു കൊണ്ടിരിക്കുന്നു. ജനാധിപത്യ രാഷ്ട്രീയ വ്യവസ്ഥിതി നമുക്കിന്ന് ലഭിക്കുന്നുണ്ടെങ്കിലും തെരെഞ്ഞെടുപ്പ് രാഷ്ട്രീയം മാത്രമായി ചുരുങ്ങി പ്പോകുന്ന സമൂഹത്തില്‍ മേധയെ പോലുള്ള യഥാര്‍ത്ഥ രാഷ്ട്രീയ പ്രവര്‍ത്തകരുടെ നന്മയെ ഇല്ലാതാക്കുവനാണ് ഇക്കാലമത്രയും ചിലര്‍ ശ്രമിച്ചത്. മേധയെ ചുരുക്കി ക്കെട്ടാന്‍ അവര്‍ കണ്ടെത്തിയ ഒരേയൊരു വഴി അവരെ ഒരു പരിസ്ഥിതി പ്രവര്‍ത്തക മാത്രമായി കാണുക എന്നതായിരുന്നു. എന്നാല്‍ എല്ലാവരും കണ്ടില്ലെന്ന് നടിച്ച വികസനത്തിന്റെ രാഷ്ട്രീയത്തില്‍ ഞെരിഞ്ഞമരുന്ന ദരിദ്രരുടെ ശബ്ദം മേധയിലൂടെയാണ് പുറത്തേക്കെത്തിയത്.
മേധയുടെ ശബ്ദം നര്‍മ്മദയില്‍ മാത്രം ഒതുങ്ങി നിന്നില്ല. ആണവ ഇന്ധനം ഖനനം ചെയ്തു കൊണ്ട് പോകുന്നതിന്റെ ഫലമായി നിത്യ രോഗത്തിന്റെ ദുരിത ക്കയത്തില്‍ കഴിയുന്ന ജ്ഡാര്‍ഖണ്ഡ് ആദിവാസികളുടെ അതി ജീവനത്തിനായുള്ള സമരത്തിനു മുന്നില്‍ , നഗരം സൌന്ദര്ര്യ വല്‍ക്കരിക്കു ന്നതിന്റെ ഭാഗമായി ഇടതു പക്ഷം ഭരിക്കുന്ന പശ്ചിമ ബംഗാളിലെ കല്‍ക്കത്തയിലെ തെരുവു കച്ചവടക്കാരെ തുരത്തുന്ന തിനെതിരെ, ഗുജറാത്തിലെ ദഹാനുവില്‍ നിര്‍മ്മിക്കുന്ന തുറമുഖം മൂലം ലക്ഷ ക്കണക്കിന് മത്സ്യ തൊഴിലാളികളുടെ ജീവിതമില്ലാ താകുന്നതിനെതിരെ, അവര്‍ക്ക് മാന്യമായ പുനരധിവാസം നല്‍കുന്നതിനു വേണ്ടി, മഹാരാഷ്ട്രയിലെ ധബോളയിലുള്ള എന്‍റോണിനെതിരെ, യു. പി. വൈദ്യുതി ബോര്‍ഡ് സ്വകാര്യ വല്‍ക്കരിക്കുന്ന തിനെതിരെ, തെഹ് രി അണ ക്കെട്ടി നെതിരെ, തൂത്തുക്കുടിയിലെ ചെമ്പു ഖനികളിലെ പാരിസ്ഥിതിക പ്രശ്നങ്ങള്‍‍ ക്കെതിരെ, കൂടംകുളം ആണവ നിലയത്തിനെതിരെ, ഗുജറാത്തിലേയും, ഒറീസ്സയിലേയും വംശീയ നരഹത്യ ക്കെതിരെ, സിഗൂരിലെ കര്‍ഷകര്‍ക്കൊപ്പം, ഭോപാല്‍ യൂണിയന്‍ കാര്‍ബൈഡ് ദുരന്തത്തിന് ഇരയായവരുടെ നീതിക്കു വേണ്ടി, പ്ലാച്ചിമടയില്‍ കൊക്കകോളയുടെ ജല ചൂഷണത്തി നെതിരെ, അതിരപ്പിള്ളി – പാത്രക്കടവ് പദ്ധതികള്‍ക്കെതിരെ, അമേരിക്കയുമായി ഇന്ത്യ ഒപ്പിട്ട ആണവ കരാറിനെതിരെ, കരിമുകള്‍ , ഏലൂര്‍ , പെരിയാര്‍ മലിനീകരണ ങ്ങള്‍ക്കെതിരെ, മുത്തങ്ങയില്‍ നടന്ന അദിവാസി പീഡനങ്ങള്‍ ക്കെതിരെ, ആദിവാസികളുടെ ഭൂമി പ്രശ്നത്തില്‍ , ഇങ്ങനെ മുഖ്യ ധാരാ രാഷ്ട്രീയക്കാര്‍ കടക്കാന്‍ മടിക്കുന്ന വിഷയങ്ങളിലും, ഇന്ത്യയിലെ ഒട്ടു മിക്ക സാമൂഹിക, സാംസ്കാരിക, പാരിസ്ഥിതിക പ്രശ്നങ്ങളെ ക്കുറിച്ച് മേധ പട്കര്‍ തന്റെ നിലപാട് വ്യക്തമാക്കുന്നുണ്ടെന്ന് മാത്രമല്ല സജീവമായി ഇടപെടുന്നുമുണ്ട്. എന്നിട്ടും എന്തു കൊണ്ടാണ് മേധയെ ഒരു രാഷ്ട്രീയ ക്കാരിയായി കാണുവാന്‍ നാം മടിക്കുന്നത്.
യഥാര്‍ത്ഥ രാഷ്ട്രീയത്തിന്റെ നീതി യുക്തമായ വഴിയിലൂടെ സഞ്ചരിക്കുന്ന മേധ പട്കര്‍ സമകാലിക മുഖ്യ ധാരാ രാഷ്ട്രീയക്കാരുടെ കണ
- ഫൈസല്‍ ബാവ

ഓര്‍ത്തു വെയ്ക്കാന്‍ ജലത്തെ പറ്റി ചില അറിവുകള്‍

 

നിങ്ങള്‍ വെള്ളം പാഴാക്കി കളയുന്നവ രാണെങ്കില്‍ ഇക്കാര്യം കൂടി അറിഞ്ഞിരിക്കുക! ഭൂമിയിലെ ആകെ ജലത്തിന്റെ 97 ശതമാനവും കടലിലെ ഉപ്പു വെള്ളമാ‍ണ്. മൂന്ന് ശതമാനം മാത്രമെ ശുദ്ധ ജലമായി നിലവിലുള്ളൂ. ഇതിന്റെ തന്നെ 97.5 ശതമാനവും ഖര രൂപത്തിലുള്ള ഹിമ പാളികളാണ്. ബാക്കി വരുന്ന ശുദ്ധ ജലത്തിന്റെ ബഹു ഭൂരിപക്ഷവും മനുഷ്യന് എത്താനാവാത്ത അത്ര ആഴത്തിലുള്ള ഭൂഗര്‍ഭ ജലമാണ്. ആകെയുള്ള ജലത്തിന്റെ ഒരു ശതമാനത്തില്‍ നൂറിലൊരു അംശം മാത്രമേ മനുഷ്യന് ഉപയോഗിക്കാവുന്ന തരത്തില്‍ ഭൂമുഖത്തുള്ളൂ…
നാം അനാവശ്യമായി കളയുന്ന വെള്ളം എത്ര അമൂല്യമാണെന്ന് ഓര്‍ത്തു നോക്കൂ…
ഒന്നു ശ്രമിച്ചാല്‍ വെറുതെ പാഴാക്കി കളയുന്ന വെള്ളത്തിന്റെ അളവ് എത്രയെന്ന് വളരെ അനായാസമായി നിങ്ങള്‍ക്കും കണ്ടെത്തി അത് കുറയ്ക്കാന്‍ കഴിയും. ഉദാഹരണത്തിന് ദിവസവും രാവിലെ നിങ്ങള്‍ പല്ലു തേയ്ക്കുമ്പോള്‍ തുറന്നിട്ട പൈപ്പ് നിറുത്താറുണ്ടോ? ഇല്ലെങ്കില്‍ ഈ കണക്കു കൂടി അറിയുക . ഈ സമയത്തിനുള്ളില്‍ കുറഞ്ഞത് നാല് ലിറ്റര്‍ വെള്ളമെങ്കിലും നിങ്ങള്‍ വെറുതെ പാഴാക്കി കളയുന്നുണ്ട്. ഇത് ഒരു ഫ്ലാറ്റിലെ എല്ലാവരും ചെയ്താലോ‍? അങ്ങനെ ഒരു ബില്‍ഡിങ്ങിലെ കണക്കു നോക്കിയലോ? ഇങ്ങനെ നാം ശ്രദ്ധിക്കാതെ എത്ര ജലം വെറുതെ പാഴാക്കി കളയുന്നു എന്ന് നാം ഓരോരുത്തരും ചിന്തിച്ചു നോക്കൂ…
ഭൂമിയില്‍ ജലത്തിന്റെ ലഭ്യത കുറഞ്ഞു വരികയാണ്. വരും കാല യുദ്ധങ്ങള്‍ വെള്ളത്തിനു വേണ്ടിയാ‍കുമെന്ന പ്രവചനത്തെ നമുക്ക് തള്ളി കളയാനാകുമോ? കമ്പോളത്തിലെ കച്ചവട മൂല്യമുള്ള ഒന്നായി വെള്ളം മാറിക്കഴിഞ്ഞു. ഇതിനിടയിലും പ്രതിവര്‍ഷം 250 ലക്ഷം പേര്‍ ശുദ്ധ ജലം ലഭിക്കാതെയോ, ഇതു മൂലമുണ്ടാകുന്ന രോഗത്താലോ മരണമടയുന്നുണ്ട് എന്ന് നാം ടാപ്പ് തിരിയ്ക്കുന്നതിനു മുമ്പ് ഓര്‍ക്കുക. നാം പാഴാക്കുന്ന ഓരോ തുള്ളി വെള്ളത്തിനും ഒരാളുടെയെങ്കിലും ജീവന്റെ വില ഉണ്ടെന്ന് ഓര്‍ക്കുന്നത് നന്നായിരിക്കും…
ഈ അറിവ് ഒരു ഓര്‍മ്മ പ്പെടുത്തലാണ്… ജലമില്ലെങ്കില്‍ ജീവനില്ല എന്ന ഓര്‍മ്മപ്പെടുത്തല്‍..!

- ഫൈസല്‍ ബാവ

Wednesday 18 May 2011

അതിരപ്പിള്ളി പദ്ധതി: വിധി കാത്ത് ചാ‍ലക്കുടി പുഴയും

“നര്‍മ്മദയില്‍ പണിതു കൊണ്ടിരിക്കുന്ന സര്‍ദാര്‍ സരോവര്‍ അണക്കെട്ട് വീണ്ടും ഉയരം കൂട്ടി ക്കൊണ്ടിരിക്കുന്നു. ഈ മഴക്കാലം ഇവിടുത്തെ ജനങ്ങള്‍ക്ക് കണക്കില്ലാത്ത ദുരിതമാണ് സമ്മാനിച്ചത്. അതു കൊണ്ട് തന്നെ അതിരപ്പിള്ളിയെ മറ്റൊരു സര്‍ദാര്‍ സരോവര്‍ ആക്കരുതെന്നും തദ്ദേശ വാസികളുടെ മേലുള്ള അധികാരത്തെ ചവിട്ടി മെതിക്കരുത് എന്നും അഭ്യര്‍ത്ഥിക്കുന്നു” -മേധാ പട്കര്‍
ഒരു പുഴ കൂടി മരണ വിളി കാത്തു കിടക്കുന്നു. വികസന ദേവതയുടെ ബലി ക്കല്ലിനു മുന്നില്‍ ഊഴം കാത്തു കഴിയുന്ന ചെറു നീരുറവ മുതല്‍ ജലാശയങ്ങളും മഹാ നദികളും വരെ നീണ്ടു കിടക്കുന്ന ഇരകളുടെ പരമ്പരയില്‍ മറ്റൊന്ന്,ഇനി യൊരിക്കലും കാണാനാവില്ല നിങ്ങള്‍ക്ക് ഈ ചാലക്കുടി യാറിനെ, അതിരപ്പിള്ളിയെ, വാഴച്ചാലിനെ, അത് നമ്മുടെ നഷ്ടം. ഇനി വരുന്നൊരു തലമുറക്കോ? ഓ! അവര്‍, വെള്ളം കുപ്പിയില്‍ മാത്രം കണ്ട് ശീലമുള്ളോര്‍, ജലം വാട്ടര്‍ തീം പാര്‍ക്കിലെ കൌതുക വസ്തുവായി ആസ്വദിക്കുമ്പോള്‍ അവര്‍ക്ക് ഇതെങ്ങനെ ആഘാതം എന്നാവും!
അതിരപ്പിള്ളി ജല വൈദ്യുത പദ്ധതി യുദ്ധ കാല അടിസ്ഥാനത്തില്‍ നടപ്പിലാക്കു വാനാണ് ഭരണകൂടം ശ്രമിച്ചു കൊണ്ടിരിക്കുന്നത് അതിന് ഇടതോ വലതോ എന്ന വ്യത്യാസമില്ല. നിരവധി കള്ളങ്ങള്‍ നിരത്തിയും അവ ജനങ്ങള്‍ ക്കിടയില്‍ പ്രചരിപ്പിച്ചും ചാലക്കുടി പുഴയ്ക്കു കുറുകെ അണ കെട്ടി വൈദ്യുതി ഉല്പാദിപ്പിക്കു മ്പോള്‍ കിട്ടുന്നതി നേക്കാള്‍ എത്രയോ അധികം സാമൂഹിക, പാരിസ്ഥിതിക നഷ്ടമാകും സംഭവിക്കുക യെന്നത് ഇത് നടപ്പിലാക്കു ന്നവര്‍ക്ക് വിഷയമേയല്ല. അതിരപ്പിള്ളി പദ്ധതിയെ പ്രദേശത്തുള്ളവരും കേരള ക്കരയിലെ നിരവധി സാംസ്കാരിക – സാമൂഹിക പ്രവര്‍ത്തകരും എതിര്‍ത്തിട്ടും നമ്മുടെ സര്‍ക്കാര്‍ എന്തിനിത്ര നിര്‍ബന്ധം പിടിക്കുന്നുവെന്നത് അത്ഭുതകരമായി തോന്നുകയാണ്. അതാണ് വികസനത്തിന്റെ രാഷ്ട്രീയ ശാഠ്യം! ജീവനോടെ ഒഴുകാനുള്ള പുഴയുടെ അവകാശത്തെ കുരുതി കഴിച്ചതു കൊണ്ടുള്ള നഷ്ടങ്ങള്‍ ഇതിനകം നമ്മളേറെ അനുഭവിച്ചു കഴിഞ്ഞിട്ടുണ്ട്. ഒരു നദിയുടെ നാശം വലിയൊരു ഭൂപ്രദേശത്തിന്റെ ജീവിതത്തെയും സംസ്കാരത്തെയും ബാധിക്കുമെന്നത് ആരെയും ഓര്‍മ്മ പ്പെടുത്തേ ണ്ടതില്ല. നശിപ്പിക്കു വാനായി നമുക്ക് കാടും, പുഴയും ഇനിയില്ലെന്നതും സത്യം. അവശേഷിക്കുന്ന വയെങ്കിലും എന്തു വില കൊത്തും നില നിര്‍ത്തേണ്ടതിനു പകരം നശിപ്പിക്കു വാനാണ് നാം ഇന്ന് മുന്‍കൈ എടുക്കുന്നത് എന്നതാണ് ഏറെ കഷ്ടം.
എന്താണ് അതിരപ്പിള്ളി പദ്ധതി‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌
ചാലക്കുടി പുഴയില്‍ വാഴച്ചാല്‍ വെള്ളച്ചാട്ടത്തിന് 400 മീറ്റര്‍ മുകളിലാണ് അതിരപ്പിള്ളി അണക്കെട്ട് നിര്‍മ്മിക്കാന്‍ കെ എസ് ഇ ബി ഉദ്ദേശിക്കുന്നത്. 23 മീറ്റര്‍ ഉയരവും 311 മീറ്റര്‍ നീളവുമുള്ള ഡാമില്‍ നിന്നും ടണല്‍ വഴി വെള്ളം ഏഴ് കിലോമീറ്റര്‍ താഴെ, അതിപ്പിള്ളി വെള്ളച്ചാട്ടത്തിനും താഴെ, കണ്ണങ്കുഴി തോടിന്റെ കരയില്‍ സ്ഥാപിക്കുന്ന പവര്‍ഹൌസില്‍ എത്തിക്കുന്നു. ഇതിന് 160 മെഗാവാട്ട് സ്ഥാപിതശേഷിയുണ്ടെന്നാണ് അവകാശപ്പെടുന്നത്. എന്നാല്‍ ഇതിന്റെ വാര്‍ഷിക ഉത്പാദനക്ഷമത 23 മെഗാവാ‍ട്ടിന് സമമായ 23.3 കോടി യൂണിറ്റ് മാത്രമാണ്, 650 കോടിയാണ് ഈ പദ്ധതിയുടെ ചെലവ് പ്രതീക്ഷിക്കുന്നത്. കെ എസ് ഇ ബിയുടെ തന്നെ കണക്കുപ്രകാരം (അതും പെരുപ്പിച്ചാണ് പറയുന്നത്) പദ്ധതിയുടെ പ്രവര്‍ത്തനക്ഷമത വെറും 16 ശതമാനമാണ്. ഇപ്പോള്‍തന്നെ വന്‍ ബാ‍ധ്യതയില്‍ തുടരുന്ന കെ എസ് ഇ ബിയെ ഇത് കൂടുതല്‍ കടക്കെണിയിലേക്കാണ് നയിക്കുക. വൈകീട്ട് ആറു മുതല്‍ 11 വരെ വൈദ്യുതി കൂടുതല്‍ ആവശ്യം വരുന്ന സമയത്താണ് ഈ പദ്ധതിയുടെ ഗുണം ലഭിക്കുകയെന്ന് അവകാശപ്പെടുംബോള്‍ വൈദ്യുതി ഏറ്റവും ആവശ്യമായ വേനല്‍കാലത്ത് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളം പുഴയിലൊഴുകുന്നില്ല എന്നതാണ് സത്യം. നീരൊഴുക്കിന്റെ തെറ്റായ കണക്കുനിരത്തി ഇ ഐ എയുടെ അബദ്ധജഢിലവും അപൂര്‍ണവുമായ പഠനത്തെ മുന്‍നിര്‍ത്തിയാണ് ഈ പദ്ധതി നടപ്പിലാക്കുവാന്‍ കെ എസ് ഇ ബി ശ്രമിക്കുന്നത്. പാത്രക്കടവ് പദ്ധതിക്കുവേണ്ടിയും ഇതേ തന്ത്രംതന്നെയാണ് കെ എസ് ഇ ബി പയറ്റിനോക്കിയത്. പൂര്‍ത്തിയാക്കാന്‍ ഒട്ടനവധി പദ്ധതികള്‍ ഇനിയും ബാക്കിയുണ്ട്, വൈദ്യുതി വകുപ്പ് ഇത്രയേറെ കടക്കെണിയിലാണെന്നിരിക്കെ ഇങ്ങനെ നിരന്തരം പുതിയ പദ്ധതികള്‍ ഉണ്ടായെ തീരൂ എന്ന ശാഠ്യം ആര്‍ക്കുവേണ്ടിയാണെന്നാണ് മനസ്സിലാകാത്തത്.
വൈദ്യുതികമ്മി എന്ന പച്ചക്കള്ളം
കേരള ജനത കാലാകാലാങ്ങളായി കേട്ടുകൊണ്ടിരിക്കുന്ന ഒന്നാണ് വൈദ്യുതികമ്മി. മാത്രമല്ല,ഓരോരുത്തരും ദിനംപ്രതി ലോഡ്ഷെഡ്ഡിങ്, പവര്‍കട്ട്, വോള്‍ട്ടേജ് ക്ഷാമം ഇവയിലേതെങ്കിലുമൊന്ന് അനുഭവിക്കുന്നവരാണ്. അതിനാല്‍ വൈദ്യുതി കമ്മിയെന്ന വാദം ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യതനേടിക്കഴിഞ്ഞു. ഇവിടെയണ് കെ എസ് ഇ ബിയുടെ കള്ളങ്ങള്‍ വിജയിക്കുന്നത്. ഓരോ പുതിയ പദ്ധതി വിഭാവനം ചെയ്യുമ്പോഴും അതിന്റെ പ്രവര്‍ത്തനശേഷിയെ പെരുപ്പിച്ച് കാണിക്കുകയും പ്രവര്‍ത്തനാനുമതി നേടിയെടുക്കുകയും ചെയ്യുന്നു. വൈദ്യുതി കമ്മിയെക്കുറിച്ച് നാം വേവലാതി പ്പെടുന്നതിനെപ്പറ്റി പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകന്‍ സി. ആര്‍. നീലകണ്ഠന്‍ ഉന്നയിക്കുന്ന ചോദ്യം ഇവിടെ പ്രസക്തമാണ്. “നാം ഉപയോഗിക്കുന്ന ഭക്ഷണമടക്കമുള്ള എല്ലാ വസ്തുക്കളും ഏതാണ്ട് 90 ശതമാനവും പുറത്തുനിന്നും വരുന്നവയാണ് .(അന്യസംസ്ഥാനങ്ങളില്‍ നിന്നും മറ്റും) അതായത് 90 ശതമാനം കമ്മിയാണ്. ഈ കമ്മിയെപ്പറ്റി നമുക്കൊരു വേവലാതിയുമില്ല. എന്നാല്‍ പ്രത്യക്ഷത്തില്‍ അനുഭവപ്പെടുന്ന (യഥാര്‍ഥത്തിലല്ല) 10-15 ശതമാനം വൈദ്യുതി കമ്മിയെപ്പറ്റി നാം ഏറെ വേവലാതിപ്പെടുന്നു.”
വൈദ്യുതി കമ്മിയുണ്ടെന്ന് വിശ്വസിച്ചു പോരുന്ന കുറെ പേരെങ്കിലും നമുക്കിടയിലുണ്ട്. ലോവര്‍ പെരിയാര്‍, ഏലൂര്‍, ബ്രഹ്മപുരം എന്നീ നിലയങ്ങല്‍ പ്രവര്‍ത്തിച്ചിട്ടും കേന്ദ്രപൂളില്‍നിന്നും ആവശ്യത്തിന് വൈദ്യുതി ലഭ്യമായിട്ടും എന്തുകൊണ്ടാണ് പിന്നെയും കമ്മിയുണ്ടാകുന്നത്. യഥാര്‍ഥ പ്രശ്നം കമ്മിയല്ല, മറിച്ച് 5000 കോടിയോളം കടബാധ്യതയുള്ള കെ എസ് ഇ ബിയ്ക്ക് ഇനിയും വൈദ്യുതി വങ്ങാനുള്ള പണമില്ല എന്നതാണ്. ഈ 5000 കോടി എങ്ങനെ കടബാധ്യത വന്നു ഇതാണ് എത്രയും പെട്ടെന്ന് അന്വേഷണവിധേയമാക്കേണ്ടത്.ഇതിനിടയിലേക്കാണ് 650 കോടിയുടെ ബാധ്യതകൂടി ചേര്‍ത്ത് കൂടുതല്‍ നഷ്ടക്കണക്കെഴുതാന്‍ കെ എസ് ഇ ബി ശ്രമിക്കുന്നത്. ഏറ്റവും പ്രവര്‍ത്തനക്ഷമത കുറഞ്ഞ അതിരപ്പിള്ളി പദ്ധതിക്ക് വേണ്ടിവരുന്ന ചെലവ് ഈ ഭാരത്തെ ഇനിയും കൂട്ടൂകയേയുള്ളൂ. കാലതാമസം 650 കോടിയെന്നത് ഇനിയും ഇരട്ടിയായി വര്‍ദ്ധിച്ചേക്കാം. പദ്ധതിയുടെ മുടക്കുമുതല്‍ തന്നെ ലഭിക്കാന്‍ ഏറെ കാത്തിരിക്കേണ്ടിവരും. പാരിസ്ഥിതിക സാമൂഹിക നഷ്ടങ്ങള്‍ വേറെയും. അതുകൂടി കണക്കിലെടുത്താല്‍ നഷ്ടം മാത്രം വരുത്തിവെക്കുകയും പരിസ്ഥിതിക്ക് വലിയ ആഘാതമുണ്ടാക്കുന്ന ഈ പദ്ധതി എന്തിനു വേണ്ടിയാണ്? ആര്‍ക്കു വേണ്ടിയാണ്?
കേരളത്തില്‍ ഇന്ന് പ്രതിവര്‍ഷം 1700 കോടി യൂണിറ്റ് വൈദ്യുതി ലഭിക്കനുള്ള സാധ്യത നിലവിലുണ്ട്. എന്നാല്‍ 2004-05 കാലയളവില്‍ ഉപയോഗിച്ചത് 1270 കോടി യൂണിറ്റാണ്. ഇതില്‍ പ്രസരണ വിതരണ നഷ്ടം തന്നെ 336 കോടി യൂണിറ്റാണ്. കെ എസ് ഇ ബിയുടെ കണക്കുപ്രകാരം വൈദ്യുത ഉപഭോക്താക്കളുടെ വാര്‍ഷിക വര്‍ദ്ധനവ് ഏഴ് ശതമാനമാണ്. അങ്ങിനെ വന്നാല്‍ തന്നെ 2008ല്‍ 1554 കോടിയൂണിറ്റാണ് ആവശ്യം വരിക. 336 കോടിയൂണിറ്റ് പ്രസരണ വിതരണത്തിലൂടെ പാഴാകുന്നതിന് പകരമായി വെറും 23 കോടി യൂണിറ്റുല്പാദിപ്പിക്കുന്ന അതിരപ്പിള്ളി പദ്ധതി എങ്ങനെ ഗുണകരമാകും? പദ്ധതിമൂലമുണ്ടാകുന്ന സാമൂഹിക, പാരിസ്ഥിതിക നഷ്ടങ്ങള്‍ ഏത് കണക്കില്‍ വകയിരുത്തും? എല്ലാ അര്‍ത്ഥത്തിലും നഷ്ടം മാത്രമുണ്ടാക്കുന്ന ഈ പദ്ധതി നടപ്പിലാക്കിയാലെ കേരളത്തിലെ വൈദ്യുതി പ്രതിസന്ധി മാറുകയുള്ളൂ എന്ന് കെ എസ് ഇ ബി നിര്‍ബന്ധം പിടിക്കുന്നത് സത്യസന്ധമല്ല. കേരളത്തില്‍ 995 മെഗാവാട്ട് സ്ഥാപിതശേഷിയില്‍ വൈദ്യുതി ഉത്പാദനത്തിനായി ചെറുതും വലുതുമായ 38 അണക്കെട്ടുകള്‍ നിലവിലുണ്ട്. പശ്ചിമഘട്ട മേഖലയിലെ 31500 ഹെക്ടര്‍ വനഭൂമിയാണ് ഇതിനുവേണ്ടി നശിപ്പിക്കപ്പെട്ടത്. നശിപ്പിക്കപ്പെട്ട വനമേഖലക്കുപകരം മറ്റൊരിടത്ത് മരങ്ങള്‍ വെച്ചുപിടിപ്പിച്ച് സന്തുലിതാവസ്ഥ നിലനിര്‍ത്തുമെന്ന് എല്ലായ്പ്പോഴും പറയാറുണ്ടെങ്കിലും അന്നേവരേ അത് പാലിച്ചിട്ടില്ല. വനന്‍ശീകരണം മൂലം കേരളത്തിലെ 41 നദികളിലെയും നീരൊഴുക്ക് ഗണ്യമായി കുരഞ്ഞു കൊണ്ടിരിക്കുകയാണ്. നമ്മുടെ കുടിവെള്ള ക്ഷാമത്തിന് മറ്റൊരു കാരണം തേടേണ്ടതില്ലല്ലോ?
കേരളത്തിലെ ഒരു ജലവൈദ്യുതി പദ്ധതിയും നാളിതുവരെ സ്ഥാപിത ശേഷിയുടെ 50 ശതമാനം പോലും വൈദ്യുതി ഉത്പാദനം നടത്തിയിട്ടില്ല. (പ്രസരണ വിതരണ നഷ്ടത്തിനുപുരമെയാണിത്) ഇടുക്കി പദ്ധതിയുടെ സ്ഥാപിതശേഷി 780 മെഗവാട്ടായിരുന്നു, എന്നാല്‍ ലഭിക്കുന്നതോ 273.7 മെഗാവാട് മാത്രം. ഷോളയാര്‍- ശേഷി 54 മെഗവാട്ട്, ലഭിക്കുന്നത് 26.6 മെഗാവാട്ട്. പെരിങ്ങല്‍കുത്ത് സ്ഥാപിതശേഷി 32 മെഗാവാട്ട് ലഭിക്കുന്നത് 19.6 മെഗാവാട്ട്. മറ്റുള്ള നിലയങ്ങളും ഭിന്നമല്ല. കണക്കുകള്‍ സൂചിപ്പിക്കുന്നത് നാളിതുവരെ പദ്ധതി അവതരണസമയത്ത് കെ എസ് ഇ ബി ജനങ്ങള്‍ക്കു മുന്നില്‍ വെക്കുന്ന കണക്കുകള്‍ പച്ചക്കള്ളമാണെന്നാണ്. ഈ കള്ളങ്ങള്‍ക്കുമുമ്പില്‍ കേരളത്തിലെ പ്രകൃതിവിഭവങ്ങള്‍ക്ക് ഒരു വിലയുമില്ലേ? 27 പഞ്ചായത്തുകളിലെയും രണ്ട് മുനിസിപ്പാലിറ്റികളിലെയും ജനങ്ങളുടെ കുടിവെള്ളം മുട്ടിക്കുന്ന ഒരു പദ്ധതിക്കുവേണ്ടിയാണോ സര്‍ക്കാര്‍ ഇത്ര കടുംപിടുത്തം പിടിക്കുന്നത് ?. ഇനിയും ഒരണക്കെട്ടിനെ താങ്ങാനുള്ള ശേഷി കേരളത്തിനുണ്ടോ? അണക്കെട്ട് ഒരു മണ്ടന്‍വിദ്യയാണെന്ന് ലോകം തിരിച്ചറിഞ്ഞിട്ടും ഏറെ പ്രബുദ്ധരെന്ന് പറയുന്നവര്‍ എന്തുകൊണ്ടാണ് ഇത്തരം പദ്ധതികളുമായി മുന്നോട്ട് പോ‍കുന്നത് ? വൈദ്യുതി പ്രതിസന്ധിക്ക് പ്രായോഗികമായ എത്ര ബദല്‍ മാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കപ്പെട്ടുകഴിഞ്ഞിരിക്കുന്നു. പക്ഷെ അതൊന്നും കെ എസ് ഇ ബി മുഖവിലക്കെടുക്കാത്തതെന്തേ?
പാരിസ്ഥിതിക നഷ്ടങ്ങള്‍
അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി വന്നാലുണ്ടാകുന്ന പാരിസ്ഥിതിക നഷ്ടങ്ങള്‍ കണക്കാക്കാനാവാത്തത്ര വലുതാ‍ണ്. അനന്യമായ ഇക്കോവ്യൂഹമാണ് ചലക്കുടി പുഴയുടെ തീരം. ഇതിനെപറ്റി കാര്‍യ്യക്ഷമമായ ഒരു പരിസ്ഥിതി ആഘാത പഠനം നടത്തിയിട്ടില്ല്ല. ‘WAPCOS’ എന്ന കമ്പനി നടത്തിയ പഠനം പദ്ധതി ഏതുവിധേനയും നടപ്പിലാക്കണമെന്ന് ആവശ്യപ്പെടുന്ന കെ എസ് ഇ ബി യുടെ ഇംഗിതത്തിനനുസരിച്ചുള്ളതായിരുന്നു. പദ്ധതി പ്രദേശത്ത് താമസിക്കുന്ന ‘കാടര്‍‍’ വിഭാഗത്തില്‍പെടുന്ന ആദിവാസികളുടെ പുനരധിവാസത്തെ ക്കുറിച്ചോ അവരുടെ ജീവിത്തെക്കുറിച്ചോ ഒന്നും പറയുന്നില്ല. ജല ജന്തുക്കളെ ക്കുറിച്ചോ, വന്യജീവികളെ ക്കുറിച്ചോ കാര്യമായ പഠനം നടത്തിയിട്ടില്ല, ഉള്ളവ തന്നെ അപൂര്‍ണമാണ്. പുഴയോ‍രകാടുകളെക്കുറിച്ച് നടത്തിയ പഠനം പ്രഹസനമാണ്. പറമ്പിക്കുളം – പൂയംകുട്ടി വനമേഖലയെ ബന്ധിപ്പിക്കുന്ന ആനത്താര കടന്നുപോ‍കുന്ന പ്രദേശം വെള്ളത്തിനടിയിലാകും. ഈ പ്രദേശത്ത് അവശേഷിക്കുന്ന അപൂര്‍വം ആനത്താരയാണ് ഇതോടെ ഇല്ലാതാവുക. പശ്ചിമഘട്ടത്തില്‍ തന്നെ സമുദ്രനിരപ്പില്‍ നിന്നും 200-300 മീറ്റര്‍ ഉയരത്തിലുള്ള പുഴയോരക്കാടുകല്‍ അവശേഷിക്കുന്ന ഏക ഇടമാണിത്. N B F G R (നാഷ്ണല്‍ ബ്യൂറോ ഓഫ് ഫിഷ് ജനറ്റിക് റിസോഴ്സ്സ്) റിപ്പോര്‍ട്ട് പ്രകാരം ചാലക്കുടിപുഴ ഇന്ത്യയിലെ തന്നെ ഏറ്റവും മത്സ്യവൈവിധ്യമുള്ള പുഴയാണ്. ഫ്രഞ്ച് ഇന്‍സ്റ്റിറ്റ്യുട്ട് പോണ്ടിച്ചേരിവനം വകുപ്പിനുവേണ്ടി 2000-ല്‍ നടത്തിയ പഠനം (Biodiversity Conservation Strategy and Action Plan for Kerala) മാങ്കുളം കഴിഞ്ഞാല്‍ കേരളത്തില്‍ ഹൈ കണ്‍സര്‍വേഷന്‍ വാല്യൂ (75%) ഉള്ള പ്രദേശം വാഴച്ചാല്‍ ഡിവിഷനാണെന്ന് കാണിക്കുന്നു. അതിനാല്‍ മുങ്ങിപ്പോകുന്ന കാടിന്റെ വിസ്തൃതിക്കൊപ്പം അതിന്റെ മൂല്യവും കണക്കിലെടുക്കേണ്ടതുണ്ട്. ഇവിടെ ഒരു പദ്ധതിയുടെ കാര്‍യ്യത്തിലും അങ്ങനെ ചെയ്യാറില്ല. അതിരപ്പിള്ളി പദ്ധതി നടപ്പിലായാല്‍ മുങ്ങിപ്പോകുന്ന പ്രദേശം കേരളത്തില്‍ ഇന്ന് നിലനില്‍ക്കുന്ന പരിസ്ഥിതി വ്യൂഹത്തിന്റെ (Low Elevation Riparion Forest Ecosystem) ഏക കണ്ണിയാണ്. കൂടാതെ വംശനാശം നേരിടുന്ന മലമുഴക്കി വേഴാമ്പലടക്കം 225 സ്പീഷിസില്‍പെട്ട പക്ഷികളുടെ ആവാസകേന്ദ്രമാണ് അതിരപ്പിള്ളി പുഴയോരക്കാടുകള്‍ . ഇതില്‍ നാലിനം വേഴാമ്പലുകളെ കാണുന്ന കേരളത്തിലെ ഏക ഇടമാണിതെന്ന് പക്ഷിനിരീക്ഷകര്‍ പറയുന്നു. മലമുഴക്കി വേഴാമ്പല്‍ , പാണ്ടന്‍ വേഴാമ്പല്‍ , കോഴി വേഴാമ്പല്‍ , നാട്ടുവേഴാമ്പലെന്നിവയാണവ.
1700 ച: കി മീ വിസ്തൃതിയുള്ള ചാലക്കുടിപ്പുഴത്തടത്തിന്റെ 1100 ച് കി മീ കേരള വനം വകുപ്പിന്റെ കീഴിലാണ്, ഇതില്‍ തന്നെ നിത്യഹരിതവനസസ്യങ്ങളുടെ വിസ്തൃതി വെറും 100 കി മീ ആയി ഇതിനകം ചുരുങ്ങിക്കഴിഞ്ഞു. ഇതുതന്നെ തുണ്ടം തുണ്ടമായി ചിതറിക്കിടക്കുകയാണ്. ചാലകുടി പുഴയിലെ നീരൊഴുക്ക് വര്‍ഷംതോറും കുറഞ്ഞുവരികയാണെന്ന് പ്രദേശം സന്ദര്‍ശിക്കുന്നവര്‍ക്ക് മനസ്സിലാവും. മഴക്കാലത്ത് മാത്രമാണ് ചാര്‍പ്പ തോട് ഒഴുകുന്നതും ചാര്‍പ്പ വെള്ളച്ചാട്ടം കാണാന്‍ കഴിയുന്നതും. കണ്ണന്‍കുഴി തോടിന്റെ അവസ്ഥയും മറ്റൊന്നല്ല. കെ എസ് ഇ ബി നീരൊഴുകിന്റെ കള്ളക്കണക്കുണ്ടാക്കിയത് എന്തിനുവേണ്ടിയാണെന്ന് അന്വേഷിക്കേണ്ടതുണ്ട്. ഈപദ്ധതിക്കുവേണ്ടി കെ എസ് ഇ ബി കാണിക്കുന്ന ആവേശം ചെറുകിട ജലവൈദ്യുത പദ്ധതികള്‍ക്കുവേണ്ടിയും മറ്റു ഊര്‍ജ്ജ സ്രോതസ്സുകള്‍ക്കുവേണ്ടിയും കാണിക്കാത്തത് എന്തുകൊണ്ടാണ് ? “ജലക്ഷാമം രൂക്ഷമായികൊണ്ടീക്കുന്ന ഇക്കാലത്ത് വൈദ്യുതിയുടെ ഉത്പാദനത്തില്‍ ജലവൈദ്യുതിയുടെ സാങ്കേതിക ഭാവി എന്തായിരിക്കും?” എന്ന എം എന്‍ വിജയന്‍ മാഷിന്റെ ചോദ്യം വളരെ പ്രസക്തമാണ്.
ഈ പദ്ധതിമൂലം കാര്‍ഷിക മേഖലക്കുണ്ടാവുന്ന പ്രത്യാഘാതങ്ങള്‍ ഭയാനകമാണ്. 14000 ഹെക്ടര്‍ കൃഷിഭൂമിയുടെ ആശ്രയമായ തുമ്പൂര്‍മുഴി പദ്ധതിയുടെ പ്രവ്ര്ത്തനം അവതാളത്തിലാവും. 27 ഗ്രാമപഞ്ചായത്തുകളിലേയും രണ്ട് മുനിസിപ്പാലിറ്റികളിലെയും ജലസേചന ആവശ്യങ്ങള്‍ക്കായി നിലവില്‍ ഏറെ പ്രയോജനകരമാണ് തുമ്പൂര്‍മുഴി പദ്ധതി. ഒരു ഗ്രാവിറ്റി ടൈപ്പ് ഡൈവര്‍ഷനും 188 കി മീ വ്യാപിച്ചുകിടക്കുന്ന ഇടതുകര കനാലും 203 കി മീ നീളത്തില്‍ കിടക്കുന്ന വലതുകര കനാലും ഉള്‍പ്പെട്ടതാണ് തുമ്പൂര്‍മുഴി പദ്ധതി. 390 കി മീ നീളത്തില്‍ തൃശൂര്‍, എറണാംകുളം ജില്ലകളില്‍ വ്യാപിച്ചുകിടക്കുന്ന കനാല്‍ സംവിധാനത്തെ അതിരപ്പിള്ളി പദ്ധതി എങ്ങനെ ബാധിക്കുമെന്ന് പഠനം നടത്തിയിട്ടില്ല. ഇത്രയും തദ്ദേശവാസികളുടെ കൃഷി, കുടിവെള്ളം എന്നിവയെ ബാധിക്കുന്ന പ്രശ്നമായിട്ടും, ഭൂരിപക്ഷം വരുന്ന ജനങ്ങള്‍ എതിര്‍ത്തിട്ടും തങ്ങളുടെ ഇഷ്ടപ്രകാരം ഉണ്ടാക്കിയെടുത്ത റിപ്പോര്‍ട്ടിന്റെ ബലത്തില്‍ മുന്നോട്ടുപോകുന്ന കെ എസ് ഇ ബി യുടെ ഉദ്ദേശശുദ്ധിയെ സംശയിക്കാതെ തരമില്ല.
ബദല്‍ മാര്‍ഗ്ഗങ്ങള്‍
വിശ്വ സുസ്ഥിര ഊര്‍ജ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (W I S E) ഡയറക്ടര്‍ ജനറലായ ജി മധുസൂദനന്‍ ഐ എ എസ് കേരള ജനതയ്ക്കുമുമ്പില്‍വെച്ച ബദല്‍ മാര്‍ഗങ്ങള്‍ക്ക് നമ്മുടെ രാഷ്ടീയ നേതൃത്വങ്ങള്‍ പുല്ലുവിലയാണ് കല്‍പ്പിച്ചത്. കാറ്റ്, സൂര്യന്‍, ജൈവികാവശിഷ്ടങ്ങള്‍ എന്നിവയില്‍നിന്നും വൈദ്യുതിയുല്പാദിപ്പിക്കാന്‍ ഉതകുന്ന മികച്ച സാങ്കേതികവിദ്യ ഇന്ന് ലഭ്യമാണ്. എന്നാല്‍ ഈ വഴിയെ എത്തിനോക്കാന്‍ പോലും നമ്മുടെ വൈദ്യുതി വകുപ്പ് തയ്യാറല്ല. കാറ്റില്‍നിന്നും വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ആഗോള സ്ഥാപിതശേഷി ഇപ്പോള്‍ 40000 മെഗാവാട്ട് കഴിഞ്ഞിരിക്കുന്നു, (നാമിപ്പോഴും കാലഹരണപ്പെട്ട കാറ്റാടി യന്ത്രത്തിന്റെ ഓര്‍മയിലാണ്) യൂറോപ്പില്‍ 2010 ല്‍ എഴുപത്തയ്യായിരം മെഗാവാട്ടും 2020 ആകുന്നതോടെ ഒന്നര ലക്ഷവും ഇതുവഴി കണ്ടെത്താനാണ് ശ്രമിക്കുന്നത്. അതിനുള്ള പദ്ധതികല്‍ നടപ്പിലാക്കികഴിഞ്ഞു. ഈ മേഖലയില്‍ ഇന്ത്യയുടെ സാധ്യതകള്‍ വളരെയേറെയാണെങ്കിലും നാം വളരെ പിന്നിലാണെന്നതാണ് സത്യം ഇന്ത്യയില്‍ 40000 മെഗാവാട്ട് വൈദ്യുതി കാറ്റില്‍നിന്നു മാത്രം ഉത്പാദിപ്പിക്കാന്‍ കഴിയും. മികവുട്ട സാങ്കേതികവിദ്യ ലഭ്യമാകുന്നതോടുകൂടി ഇത് ഒരു ലക്ഷം മെഗാവാട്ടായി ഉയര്‍ത്താനും സാധിക്കും. എന്നാല്‍ നാം ആണവകരാര്‍ ഒപ്പിട്ട് അമേരിക്കയുടെ ചതിക്കടിമെടാനാണ് നമ്മുടെ മുഖ്യധാരാ രാഷ്ടീയനേതൃത്വത്തിനു താല്പര്യം. സാമ്രാജ്യത്വ അജണ്ടകള്‍ക്കനുസരിച്ച് ഭരണചക്രം തിരിക്കാന്‍ ഇവര്‍ പരസ്പരം മത്സരിക്കുന്നു. ഈ ചതിയുടെ പേരും ഊര്‍ജ്ജസുരക്ഷ എന്നതാണ് ഏറെ രസകരം.
കേരളത്തില്‍ കാറ്റില്‍നിന്നും വൈദ്യുതി ഉത്പാദിപ്പിക്കാന്‍ സാധ്യതകള്‍ വലുതാണ്. 16 സ്ഥലങ്ങള്‍ അനുയോജ്യമാണെന്ന് ശാസ്ത്രീയ പഠനങ്ങള്‍ തെളിയിക്കുന്നു. രാമക്കല്‍മേട്, പറമ്പുക്കെറ്റിമേട്, സക്കുളത്തുമേട്, നല്ലശിങ്കം, കൈലാസ് മേട്, കഞ്ഞിക്കോട്, കോട്ടത്തറ, കുളത്തുമേട്, പൊന്മുടി, സേനാപതി, കോലാഹലമേട്, കോട്ടമല, കുറ്റിക്കാനം, പാഞ്ചാലിമേട്, പുള്ളിക്കാനം, തോലന്നൂര്‍ എന്നിവിടങ്ങളിലാണിത്. ഇതില്‍ തന്നെ ആദ്യത്തെ പത്തുസ്ഥലങ്ങള്‍ നല്ല ലാഭത്തില്‍ വൈദ്യുതി ഉത്പാദിപ്പിക്കാന്‍ വേണ്ട കാറ്റിന്റെ ഘനിമ (Wind Power Density) ഉള്ളവയാണെന്ന് കണ്ടിട്ടുണ്ട്. അതുപോലെ സൂര്യപ്രകാശത്തില്‍നിന്നും വൈദ്യുതി എന്ന ആശയം ലോകത്ത് ഏറെ പ്രചാരം നേടിക്കഴിഞ്ഞു, ഈ രംഗത്തും നമ്മള്‍ ഏറെ പിന്നിലാണ്. കേരളത്തില്‍ മാത്രം 36 ലക്ഷം ടണ്‍ ജൈവ അവശിഷ്ടമാണ് പ്രതിവര്‍ഷം ലഭിക്കുന്നത്. ഇതിനെ വേണ്ടവിതത്തില്‍ ഉപയോഗിച്ചാല്‍ ഒരു മെഗാവാട്ടിന് പ്രതിവര്‍ഷം പതിനായിരം ടണ്‍ എന്ന കണക്കില്‍ 360 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിയും. എന്നാല്‍ മേല്പറഞ്ഞ വിഷയങ്ങളില്‍ ജി മധുസൂദനന്‍ ഐ എ എസ് നല്‍കിയ നിര്‍ദേശങ്ങള്‍ക്ക് നാം ഒരു വിലയും കല്പിക്കുകയുണ്ടായില്ല. “ഇടതുപക്ഷ സര്‍ക്കാരിന്റെ വൈദ്യുതി മന്ത്രിയായിരുന്ന എസ് ശര്‍മ്മയുമായും, യു ഡി എഫ് മന്ത്രിയായിരുന്ന കടവൂര്‍ ശിവദാസനുമായും ഇക്കാര്യം യഥാസമയങ്ങളില്‍ ചര്‍ച്ചചെയ്തിരുന്നു. രണ്ടര വര്‍ഷംകൊണ്ട് മഹാരാഷ്ട്രയില്‍ 400 മെഗാവാട്ട് ശേഷിയുള്ള വിന്‍ഡ് പവര്‍ സ്റ്റേഷന്‍ സ്ഥാപിച്ച അനുഭവമായിരുന്നു ഇതിന്റെ പിന്‍ബലം, എന്നാല്‍ ജന്മനാ‍ട് എനിക്ക് നിരാശ മാത്രമാണ് നല്‍കിയത് “ ജി മധുസൂദനന്‍ പറയുന്നു. ( ഇദ്ദേഹം മഹാരാഷ്ട്ര എനര്‍ജി ഡവലപ്പ്മെന്റ് ഏജന്‍സിയുടെ ഡയറക്ടര്‍ ജനറലായി പ്രവര്‍ത്തിച്ചിരുന്നു) നമ്മുടെ ബ്യൂറോക്രസിയുടെ കരാളഹസ്തം ജനങ്ങളെ എത്രമാത്രം ഞെരുക്കി ഇല്ലാതാക്കികൊണ്ടിരിക്കുകയാണെന്ന സത്യത്തെ നേരിടാന്‍ എല്ലാവരും മറക്കുകയാണ്.
അതിരപ്പിള്ളി പദ്ധതിക്ക് 650 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. സ്ഥാപിതശേഷിയായി അവകാശപ്പെടുന്നത് 163 മെഗാവാട്ടും, 67.70 ലക്ഷം വരുന്ന ഉപഭോക്താക്കള്‍ ഉപയോഗിക്കുന്ന രണ്ട് കോടിയിലധികം വരുന്ന സാധാരണ ബള്‍ബുകള്‍ക്ക് പകരം നല്ലതരം സി എഫ് എല്‍ ബള്‍ബുകള്‍ നല്‍കാന്‍ 140-150 കോടിയെ വരൂ, ഇതില്‍ നിന്നു മാത്രം കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്ന വൈകുന്നേരങ്ങളില്‍ 300-350 മെഗാവാട്ടിന്റെ കുറവ് വരുത്താനാവും. ചെറുകിട ജലവൈദ്യുത പദ്ധതികളെയും മറ്റു ബദല്‍ മാര്‍ഗങ്ങളെയും പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്, അല്ലാതെ ഇനിയും കാട് ഇല്ലാതാക്കി അണക്കെട്ട് കെട്ടാനും അത്യന്തം അപകടകാരിയായ ആണവോര്‍ജ്ജ ത്തിനുവേണ്ടി മുതലാളിത്ത രാജ്യങ്ങള്‍ക്കു മുന്നില്‍ യാചിക്കാനുമല്ല മുതിരേണ്ടത്. ഊര്‍ജ്ജോല്പാദന രംഗത്ത് പഞ്ചായത്തുകള്‍ക്ക് ചെറുകിട പദ്ധതികള്‍ക്ക് സഹായങ്ങള്‍ നല്‍കിയും, ബദല്‍ മാര്‍ഗങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരണം നടത്തിയും നിലവിലെ ഊര്‍ജ്ജപ്രതിസന്ധിക്ക് പരിഹാരം കാ‍ണാവുന്നതേയുള്ളൂ. ഊര്‍ജ്ജോല്പാദനരംഗത്ത് സംസ്ഥാനത്തിന് പുതിയ നയം സ്വീകരിക്കേണ്ടിയിരിക്കുന്നു. കൂടാതെ കെ എസ് ഇ ബിയുടെ അഴിമതിയും കെടുകാര്യസ്ഥതയും തുടച്ചുനീക്കുകയും വമ്പന്‍ കമ്പനികള്‍ നല്‍കാനുള്ള കുടിശ്ശിക നിര്‍ബന്ധമായും പിരിച്ചെടുക്കുകയും വേണം. കാലഹരണപ്പെട്ട വിതരണ സംവിധാനത്തെ മെച്ചപ്പെട്ട സാങ്കേതികവിദ്യയുടെ സഹായത്താല്‍ നവീകരിക്കുകയും വൈദ്യുതിമോഷണം തടയുകയും ചെയ്താല്‍ തന്നെ ഈ വകുപ്പ് ലാഭത്തിലേക്ക് കുതിക്കും. ഇതിനൊന്നും ശ്രമിക്കാതെ, പൂര്‍ത്തിയാകാതെ കിടക്കുന്ന പദ്ധതികള്‍ മുഴുമിപ്പിക്കാതെ, പുതിയ പദ്ധതികള്‍ക്കുപിന്നാലെ പായുന്ന പ്രവണത ഇനിയെങ്കിലും കെ എസ് ഇ ബി അവസാനിപ്പിക്കണം.
അതിരപ്പിള്ളി പദ്ധതി വരുന്നതോടെ വെള്ളച്ചാട്ടം നിലയ്ക്കും. അതോടെ കേരള ടൂറിസം വകുപ്പിനും അതുമായി ബന്ധപ്പെട്ടു ജീവിക്കുന്ന അഞ്ഞൂറിലധികം വരുന്ന കുടുംബങ്ങള്‍ക്കും വന്‍ നഷ്ടമാണുണ്ടാക്കുക. പ്രതിവര്‍ഷം എട്ട് ലക്ഷം സന്ദര്‍ശകരാണ് ഇവിടെ എത്തുന്നത്. ടൂറിസത്തേയും കുടിവെള്ളത്തെയും പരിസ്ഥിതിയേയും ബാധിക്കുന്ന ഈ പദ്ധതി നമുക്ക് വേണോ? ഒട്ടേറെ ബദല്‍ മാര്‍ഗങ്ങള്‍ മുന്നിലുള്ളപ്പോള്‍ എന്തിനാണ് ജീവജലം മുട്ടിക്കുന്ന, ജീവജാലങ്ങളെ നശിപ്പിക്കുന്ന, പച്ചപ്പിനെ ഇല്ലാതാക്കുന്ന, ജീവന്റെ ഉറവുകളെ കെടുത്തുന്ന ഈ പദ്ധതിക്കായി ഇത്ര വാശി പിടിക്കുന്നത്. നാളെ ഒരു തുള്ളി വെള്ളത്തിനായി നമ്മുടെ കുഞ്ഞുങ്ങള്‍ വിലപിക്കുമ്പോള്‍ എന്തു പ്രായശ്ചിത്തമാണ് നമുക്ക് ചെയ്യാനാവുക? ഇന്ന് ഈ സത്യത്തെ തിരിച്ചറിഞ്ഞില്ലെങ്കില്‍ ഇനിയൊരിക്കലും നമുക്കീ ഹരിത ഭൂമിയെ തിരികെ ലഭിക്കില്ല.
- ഫൈസല്‍ ബാവ

പച്ചപ്പിലൂടെ… പൊള്ളി ക്കൊണ്ട്

പരിസ്ഥിതിയെ പറ്റിയുള്ള ചിന്ത നമുക്കുള്ളില്‍ നിന്നും എങ്ങിനേയോ ചോര്‍ന്നു പോ‍യിരിക്കുന്നു. ചുട്ടു പൊള്ളുന്ന ഭൂമിയെ പറ്റി ചിന്തിക്കാന്‍ ആര്‍ക്കും ഇന്ന് നേരമില്ല. തീര പ്രദേശങ്ങളും ചെറു ദ്വീപുകളും എന്നും കടലിനടിയിലാകാം, ഇതിനെ പറ്റിയൊന്നും ആകുലതയില്ലാത്ത ചിലര്‍ പുതിയ അധിനിവേശ ഇടം തേടുന്നു. ഹരിത ഗൃഹ വാതകങ്ങളുടെ അമിത ഉപയോഗം ഉണ്ടാക്കിയ ആഗോള താപനം എന്ന പ്രതിഭാസത്തെ ഇനിയെങ്ങനെ നേരിടാനാകു മെന്നാണ് വളരെ വൈകി യാണെങ്കിലും യു. എന്‍. ചിന്തിച്ചു തുടങ്ങിരിക്കുന്നു.
ഭൂമുഖത്തു നിന്നും അപ്രത്യക്ഷം ആകാന്‍ ഇടയുള്ള നൌമിയ എന്ന ചെറു ദ്വീപ്
ആഗോള താപനത്തിന്റെ (Global Warming) ദുരന്ത ഫലങ്ങള്‍ ലോ‍കത്തിന്റെ പല ഭാഗങ്ങളിലായി പ്രതിഫലിച്ചു തുടങ്ങിയിരിക്കുന്നു. ഭൂമി വിയര്‍ക്കാന്‍ തുടങ്ങിയതോടെ മനുഷ്യനും മറ്റു ജീവ ജാലങ്ങളും അതിജീവിക്കാ നാവാതെ ഉരുകി ഇല്ലാതാവും. WWF ന്റെ കണക്ക് പ്രകാ‍രം ആഗോള താപനം മൂലം 1,60,000 പേര്‍ പ്രതി വര്‍ഷം മരണമട യുന്നുണ്ടെ ന്നാണ് പറയുന്നത്, 2030 ആകുന്നതോടെ ഇത് 300,000 കവിയുമെ ന്നാണ് സൂചിപ്പി ക്കുന്നത്. 2025 ആകുന്നതോടെ 4 ഡിഗ്രി സെല്‍ഷ്യസ് ചൂട് വര്‍ദ്ധിക്കുമെന്നും ഈ നൂറ്റാണ്ടിന്റെ അവസാന മാകുമ്പോഴേക്കും 1.4 മുതല്‍ 8.9 വരെ ചൂട് വര്‍ദ്ധിച്ചാല്‍ അത് അത്ഭുതപെടേണ്ട എന്ന് കണക്കുകള്‍ പറയുമ്പോള്‍ ഭൂമി ഒരു ചുടു ഗോളമാകാന്‍ അധികം താമസമുണ്ടാകില്ല.
പ്രകൃതിയുടെ സന്തുലിതാ വസ്ഥയെ തകര്‍ക്കുന്ന തരത്തില്‍ ഹിമാലയ, സൈബീരിയ, ആര്‍ട്ടിക്ക് മേഖലഖളിലെ ഹിമ പാളികള്‍ ഉരുകി കൊണ്ടിരിക്കു കയാണ്, ഇതു മൂലം സമുദ്ര നിരപ്പ് ഉയരുകയും ഒട്ടുമിക്ക പ്രദേശങ്ങളും വെള്ളത്തി നടിയിലാവും, കാലാവസ്ഥയുടെ ചെറു മാറ്റങ്ങള്‍ പോലും ഗുരുതരമായി ബാധിക്കുന്ന നിരവധി ചെറു ദ്വീപുകള്‍ക്ക് ഇത് വന്‍ ഭീഷണിയാണ്. തുവാലു, മാലി ദ്വീപ്, ലക്ഷ ദ്വീപ്, ആന്‍ഡമാന്‍, പപ്പുവ ന്യൂ ഗിനിയ, സോളമന്‍ ദ്വീപ്, മാള്‍ട്ട, വിക്ടോറിയ, നിക്കോഷ്യ, മാര്‍ഷല്‍ ദ്വീപുകല്‍ തിടങ്ങിയ ദ്വീപുകളും ജപ്പാന്‍, തായ്‌വാന്‍, ശ്രീലങ്ക, ഇന്ത്യ, മ്യാന്മാര്‍, വിയറ്റ്നാം, ബഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങള്‍ക്കും, ലണ്ടന്‍, ന്യൂയോര്‍ക്ക്, മുംബൈ, ഹോങ്കോംഗ്, ടോകിയോ, സിംഗപൂര്‍, കൊല്‍കൊത്ത തുടങ്ങിയ നിരവധി മഹാ നഗരങ്ങളുടെയും ഭാവി തുലാസിലാണ്. നാല്പതോളം രാജ്യങ്ങള്‍ക്ക് കനത്ത നാശം വരുത്തി വെക്കുന്ന ആഗോള താപന വര്‍ദ്ധനവു മൂലം നിലവിലെ ഒട്ടുമിക്ക പ്രദേശങ്ങളും മരുഭൂമിയായി മാറിയാലും അത്ഭുതപ്പെടാനില്ല.
തുവാലു കടലെടുക്കാന്‍ ഇനി എത്ര നാള്‍
ഏറ്റവും ചെറിയ സ്വതന്ത്ര ദ്വീപ് രാഷ്ട്രങ്ങളി ലൊന്നാണ് തുവാലു. പശ്ചിമ പസഫിക് സമുദ്രത്തിലാണ് ഈ ദ്വീപ് സ്ഥിതി ചെയ്യുന്നത് ഒമ്പത് പവിഴ ദ്വീപുകള്‍ അടങ്ങിയ തുവാലുവിന്റെ ആകെ വിസ്തീര്‍ണ്ണം 26 ചതുരശ്ര കിലോമീറ്ററാണ്, ജനസംഖ്യ പതിനൊന്നായിരവും. ഒറ്റ പര്‍വതങ്ങളും ഇല്ലാത്ത തുവാലുവിന്റെ ഭാവി തുലാസിലാണ്. കാലാവസ്ഥയുടെ ചെറിയ മാറ്റം പോലും ഗുരുതരമായി ബാധിക്കുന്ന ഈ ദ്വീപിന്റെ ചുറ്റുമുള്ള സമുദ്ര ജല നിരപ്പ് കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ 10-25 സെന്റീമീറ്റര്‍ ഉയര്‍ന്നു കഴിഞ്ഞു. ആഗോള താപന ഫലമായി സമുദ്ര നിരപ്പ് ഇനിയും ഉയര്‍ന്നേക്കാം, സമുദ്ര ജല നിരപ്പ് 40 സെന്റീ മീറ്ററായി ഉയര്‍ന്നാല്‍ തുവാലു എന്ന ദ്വീപ് ഭൂമുഖത്തുണ്ടാവില്ല എന്ന് ഇന്റര്‍ ഗവണ്മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചെയ്ഞ്ച് (IPCC) മുന്നറിയിപ്പ് തരുന്നു. ലോകത്ത് കാലാവസ്ഥ അഭയാര്‍ത്ഥി കളാകുന്നവരായി തുവാലു നിവാസികള്‍ മാറുകയ്യാണ്. ഇന്ന് ഇത് കണ്ടില്ലെന്ന് നടിക്കുന്ന പലര്‍ക്കും ഏറെ താമസിയാതെ ഇതേ ഗതികേട് വരുമെന്ന് IPCC പറയുന്നു. ആഗോള താപനം ഇനിയെത്ര കാലാവസ്ഥ അഭയാര്‍ത്ഥികളെ സൃഷ്ടിക്കും?…
ഇന്റര്‍ ഗവണ്മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചെയ്ഞ്ച് (IPCC) പുറത്തു വിട്ട കണക്കു പ്രകാരം കഴിഞ്ഞ പത്ത് വര്‍ഷത്തി നിടയില്‍ കാലാവസ്ഥ യിലുണ്ടായ മാറ്റത്തിന്റെ ഫലമായി കടല്‍ നിരപ്പ് 10-25 സെന്റീമീറ്റര്‍ വരെ ഉയര്‍ന്നു കഴിഞ്ഞിരിക്കുന്നു. ഇനി വരുന്ന പത്ത് വര്‍ഷം ഇത് ഇരട്ടിയിലധികം ആകുമെന്ന് പറയുമ്പോള്‍ മേല്‍ പറഞ്ഞ രാജ്യങ്ങളുടെ ഭാവി എന്തായിരിക്കും?
ഹരിത ഗൃഹ വാതകങ്ങളുടെ അമിതോ പയോഗം വരുത്തി വെച്ച വിനാശകരമായ നാളെയെ പറ്റി ഇനിയെങ്കിലും ചിന്തിക്കേണ്ടി യിരിക്കുന്നു. അന്തരീക്ഷ ത്തിലേക്ക് അമിതമായി തുറന്നു വിടുന്ന കാര്‍ബണ്‍ മൂലകങ്ങളുടെ അതി പ്രസരം ഭൂമിയെ ഒരു ചുടു ഗോളമാക്കി മാറ്റുന്നു എന്ന തിരിച്ചറിവാണ് കാര്‍ബണ്‍ വാതകങ്ങളുടെ ഉപയോഗം കുറച്ചു കൊണ്ടു വരണമെന്ന് പറയുന്നതിന്റെ സാരം. ഇപ്പോള്‍ തന്നെ അന്തരീക്ഷ ത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ ലെവല്‍ 383 ppm (parts per million) ആണ്. വ്യവസായ യുഗത്തിന് മുമ്പ് ഇത് 280 ppm ആയിരുന്നു. 2100 ആകുന്നതോടെ ഇത് 500 ppm ആയി വര്‍ദ്ധിക്കുമെന്നും അപ്പോള്‍ ജീവ ജാലങ്ങള്‍ക്ക് അതി ജീവിക്കാനാവില്ല എന്ന് ശാസ്ത്ര ലോകം പറയുന്നു.
ഭൂമി അതിന്റെ ഏറ്റവും ദുരിത പൂര്‍ണമായ കാലഘട്ട ത്തിലൂടെയാണ് നീങ്ങി കൊണ്ടിരിക്കുന്നത്. ഇതേ നില തുടര്‍ന്നാല്‍ വരും നാളുകള്‍ കൂടുതല്‍ കറുത്തതാകുമെ ന്നതില്‍ ആര്‍ക്കും സംശയം വേണ്ട.
- ഫൈസല്‍ ബാവ

ജല യുദ്ധങ്ങള്‍ വരുന്ന വഴി!

“അരുവികളിലൂടെയും പുഴകളിലൂടെയും ഒഴുകുന്ന തിളങ്ങുന്ന ജലം വെറും ജലമല്ല, ഞങ്ങളുടെ പൂര്‍വികരുടെ ജീവ രക്തമാണത്. ഭൂമി വില്‍ക്കുകയാണെങ്കില്‍ നിങ്ങളോര്‍ക്കണം അത് പവിത്രമാണെന്ന്. അരുവികളിലെ സ്വച്ഛന്ദമായ ജലത്തിലെ ഓരോ പ്രതിഫലനവും ഒരായിരം ഓര്‍മകള്‍ വിളിച്ചു പറയുന്നുണ്ട്. അരുവികളുടെ മര്‍മരത്തിലൂടെ സംസാരിക്കുന്നത് എന്റെ പിതാ മഹന്മാരാണ്. പുഴകള്‍ ഞങ്ങളുടെ സഹോദരന്മാരാണ്. ഞങ്ങളുടെ ദാഹമകറ്റുന്നത് അവരാണ്. ഞങ്ങളുടെ ചിറ്റോടങ്ങളെ ഒഴുക്കുന്നവര്‍, ഞങ്ങളുടെ കുഞ്ഞുങ്ങളെ പോറ്റുന്നവര്‍, അതു കൊണ്ട് ഒരു സഹോദരനു നല്‍കേണ്ട സ്നേഹവും ദയാവായ്പും പുഴകള്‍ക്കും നല്‍കേണ്ടതുണ്ട്” – റെഡ് ഇന്ത്യക്കാരുടെ സിയാറ്റിന്‍ മൂപ്പന്‍ 1854-ല്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡണ്ടിന് അയച്ച കത്തിലെ വരികളാണിത്. ആ തലമുറ പുഴകളെയും ജലാശയങ്ങളേയും എങ്ങിനെ കണ്ടിരുന്നു എന്ന് ഈ ഹൃദയാക്ഷരങ്ങളില്‍ നിന്ന് മനസ്സിലാക്കാം.
യൂഫ്രട്ടീസ് നദി
ജീവന്റെ നിലനില്‍പ്പു തന്നെ ജലം ഉള്ളതിനാലാണ്, അതു കൊണ്ട് തന്നെ ജലത്തെ പറ്റിയുള്ള ആകുലതകള്‍ക്ക് ഏറെ പ്രസക്തിയുണ്ട്. ശുദ്ധ ജലത്തിനായി കേഴുന്നവരുടെ നിര ദിനം പ്രതി വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നു, ഒപ്പം ജല വിനിയോഗത്തിന്റെ ധൂര്‍ത്തും ജല വിപണിയും. വെള്ളം വിപണന വസ്തുവായി മാറുന്നതോടെ ഏറെ പ്രതിസന്ധികള്‍ നെരിടേണ്ടി വരുമെന്ന യാഥാര്‍ഥ്യം നാം ഇന്ന് അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. ഭൂഗര്‍ഭ ജല വിതാനം വര്‍ഷത്തില്‍ ഒരു മീറ്റര്‍ വെച്ച് താഴുകയാണെന്ന ഞെട്ടിക്കുന്ന സത്യം നില നില്‍ക്കെയാണ് ജല വിപണി സജ്ജീവമാകുന്നത്. ആഗോളവ ല്‍ക്കരണത്തിന് സായുധ രൂപം ലോകത്തിന്റെ ജല സമ്പത്ത് വന്‍ ശക്തികളുടെ നിയന്ത്രണത്തില്‍ ആയി കൊണ്ടിരിക്കുന്നു. വന്‍ ജലസ്രോതസ്സുകള്‍ കൈവശ പ്പെടുത്തി ഇവര്‍ വില പറയുമ്പോള്‍ ലോകത്തിലെ ഭൂരിപക്ഷം വരുന്ന ജനത വെറും ഉപഭോക്താവ് മാത്രമായി ചുരുങ്ങും. കടം വാങ്ങി വിധേയത്വം സീകരിച്ചു കഴിഞ്ഞ മൂന്നാം ലോക രാജ്യങ്ങള്‍ക്കു മേലെ ഉയരുന്ന നിയന്ത്രണങ്ങള്‍ കോടി ക്കണക്കിന് ദരിദ്ര ജനങ്ങളെ ഇരകളാക്കും. അധിനിവേശത്തില്‍ ആനന്ദം കണ്ടെത്തുന്നവര്‍ക്ക് ഇതൊരു എളുപ്പ വഴിയാകും. വരാനിരിക്കുന്ന യുദ്ധങ്ങള്‍ വെള്ളത്തിനു വേണ്ടിയാകും എന്ന പ്രവചനം ശരിയാകുന്ന തരത്തിലേക്കാണ് ലോകം പോയി കൊണ്ടിരിക്കുന്നത്. രാജ്യങ്ങള്‍ തമ്മില്‍ ജല തര്‍ക്കങ്ങള്‍ കൂടി വരികയാണ്. 250 നദികള്‍ രാജ്യാതിര്‍ത്തികള്‍ മറി കടന്ന് ഒഴുകി കൊണ്ടിരിക്കു ന്നുണ്ടെന്നത് ഈ അവസ്ഥ കൂടുതല്‍ സങ്കീര്‍ണമാക്കും. 2025 ആകുന്നതോടെ 300 കോടി ജനങ്ങള്‍ കടുത്ത ജല ക്ഷാമത്തിന് ഇരയാകുമെന്ന് പഠന റിപ്പോര്‍ട്ടുകള്‍ പറയുമ്പോള്‍ വെള്ളം യുദ്ധ കൊതിയന്മാര്‍ക്ക് പുതിയ വഴി ഒരുക്കി കൊടുക്കും എന്നതിന് സംശയമില്ല. വെള്ളത്തിനു വേണ്ടി ഇസ്രയേല്‍ നടത്തുന്ന ഗൂഡ തന്ത്രം അമേരിക്ക ഇറാഖിലൂടെ സഫലീകരിച്ചു കൊടുക്കുകയായിരുന്നു. ഗള്‍ഫ് മേഖലയില്‍ ശുദ്ധ ജലം ഒഴുകുന്ന ഒരേയൊരു രാജ്യം ഇറാഖ് ആണെന്നും അവിടെ എണ്ണ മാത്രമല്ല എന്നും, ടൈഗ്രീസും യൂഫ്രട്ടീസും ഒഴുകുന്ന ഇറാഖിലെ ജല സമ്പത്ത് ചെറുതല്ലെന്നും ഉള്ള കാര്യം അധിനിവേശം നടത്തുന്നവര്‍ക്ക് നന്നായി അറിയാം. കുത്തക കമ്പനികള്‍ മൂന്നാം ലോക രാജ്യങ്ങളിലെ ജല സമ്പത്തിനായി മത്സരിക്കുകയാണ്. മൊണ്‍സാന്റൊ, മിത്സുബിഷി, ഹൊയണ്ടായ്, ന്യൂയസ് ലിയോനായിസ് ഡിയോക്സ്, വിവന്റി, അക്വാഡി ബാഴ്സിലോണ, തേംസ് വാട്ടര്‍, ആംഗ്ലിയന്‍ വാട്ടര്‍, ബെക്ടെല്‍ തുടങ്ങിയ ആഗോള കുത്തക കമ്പനികള്‍ മൂന്നാം ലോക രാജ്യങ്ങളിലെ ജല സമ്പത്ത് ലക്ഷ്യമിട്ട് ചതിയുടെ സഹായ ഹസ്തങ്ങള്‍ നീട്ടുമ്പോള്‍ അതത് രാജ്യങ്ങളിലെ ഭരണ കൂടങ്ങള്‍ വികസനം എന്ന പേരില്‍ ജനങ്ങള്‍ക്കു മേല്‍ അടിച്ചേല്‍പ്പിക്കുന്നു. വിവിധ തരത്തിലുള്ള പദ്ധതികളായി അവതരിപ്പിക്കുകയും പദ്ധതിയുടെ യഥാര്‍ഥ ഗുണ ഭോക്താക്കള്‍ കുത്തക കമ്പനികളാകുന്നു. കുത്തക കമ്പനികളുടെ സ്വാധീനത്തിനു വഴങ്ങി മൂന്നാം ലോക രാജ്യങ്ങളിലെ അതത് ഭരണ കൂടങ്ങള്‍ ജല വില്‍പ്പനക്ക് കൂട്ടു നില്‍ക്കുന്നു.
ലോകത്ത് ആകമാനം നടന്നു കൊണ്ടിരിക്കുന്ന സാമ്പത്തിക ഉദാര വല്‍ക്കരണ ത്തിന്റെ ഭാഗമായി ചില കൈകളില്‍ മാത്രം സമ്പത്ത് കുന്നു കൂടുകയും വലിയൊരു വിഭാഗം ദരിദ്ര്യത്തിലേക്ക് കൂപ്പു കുത്തുകയും ചെയ്തു കൊണ്ടിരി ക്കുകയാണ്. വന്‍ ശക്തികളുടെ ഈ ചൂഷണത്തിനു മുന്നില്‍ മൂന്നാം ലോക രാജ്യങ്ങളുടെ പ്രകൃതി വിഭവങ്ങള്‍ ഇല്ലാതായി കൊണ്ടിരി ക്കുകയാണ്. വന്‍ ശക്തികളുടെ സുഖ സൌകര്യങ്ങക്കായി ധൂര്‍ത്തടിച്ച് ഉപയോഗിക്കുന്ന അവസ്ഥ വര്‍ദ്ധിച്ചു വരുന്നു. പ്രകൃതിക്ക് അനുസൃതം അല്ലാത്ത പദ്ധതികള്‍ മൂന്നാം ലോക രാജ്യങ്ങളില്‍ അടിച്ചേല്‍പിച്ച് അവിടെ വിഭവ ത്തകര്‍ച്ച സൃഷ്ടിച്ച് വിപണി കണ്ടെത്തുകയാണ് കുത്തക കമ്പനികളുടെ ലക്ഷ്യം. മുതലാളിത്ത രാജ്യങ്ങളില്‍ ഒരാള്‍ ‘ഫ്ലഷ്’ ചെയ്തു കളയുന്ന ജലം പോലും മൂന്നാം ലോക രാജ്യത്തെ ഒരാളുടെ മുഴുവന്‍ ആവശ്യത്തിനു പോലും ഉപയോഗിക്കുന്നില്ല എന്നതാണ് സത്യം. യുദ്ധങ്ങളും ജല മലിനീകരണവും മൂലം ഉണ്ടാകുന്ന ദുരിതങ്ങള്‍ ഒട്ടനവധിയാണ്. ഓരോ യുദ്ധങ്ങളും നോക്കുക, ജല സംഭണികള്‍ തകര്‍ക്കുക എന്നത് ഒരു യുദ്ധ ലക്ഷ്യമാണ് ‍. ഇറാഖിനെ അമേരിക്ക ആക്രമിച്ചപ്പോള്‍ അവിടുത്തെ ജല സംഭരണികള്‍ ബോംബിട്ട് തകര്‍ത്തത് നാം കണ്ടതാണ്. ആദ്യ ബോംബ് സദ്ദാമിന്റെ കൊട്ടാരത്തെ ലക്ഷ്യമാക്കി ആയിരുന്നെങ്കില്‍ രണ്ടാമത്തെ ബോംബ് ശുദ്ധ ജല സംഭരണിക്കു നേരെ ആയിരുന്നു. ഈ ശുദ്ധ ജല പ്ലാന്റ് തകര്‍ത്തതിലൂടെ ജല വിതരണം മുടക്കി യുദ്ധ മുന്നേറ്റം നടത്തിയ അമേരിക്ക യുദ്ധാനന്തരം ഇറാഖിലെ ജല വിതരണത്തിന് ബെക്ടെല്‍ എന്ന കുത്തക കമ്പനിയെയാണ് ചുമതലപ്പെടുത്തിയത്. ആഗോള വല്‍ക്കരണത്തിന്റെ ഭീകര മുഖമാണ് ഇവിടെ കാണുന്നത്. ഇത്തരത്തില്‍ തകര്‍ക്കുക: പുനര്‍നിര്‍മ്മിക്കുക എന്ന മുതലാളിത്ത തന്ത്രം വെള്ള കച്ചവടത്തിലും വന്നിരിക്കുന്നു. യുദ്ധങ്ങള്‍ മൂലമുണ്ടാകുന്ന ജല മലിനീകരണത്തിന് വന്‍ ശക്തികളല്ലാതെ മറ്റാരാണ് ഉത്തരവാദി?
വരാനിരിക്കുന്ന യുദ്ധങ്ങള്‍ വെള്ളത്തിനും ഭക്ഷണത്തിനും വേണ്ടി ആകുമെന്നത് ഏറെ ക്കുറെ ശരിയായി തുടങ്ങിയിരിക്കുന്നു. ജലം ഇല്ല്ലെങ്കില്‍ ജീവനില്ല എന്ന സത്യത്തെ വിപണിയില്‍ എത്തിച്ച് വന്‍ ലാഭം കൊയ്യാന്‍ കാത്തിരിക്കുന്ന നൂറു കണക്കിന് ബഹുരാഷ്ട്ര കുത്തക കമ്പനികള്‍ ഇന്ത്യയേയും ലക്ഷ്യമിടുന്നുണ്ട്. ആഗോള വല്‍ക്കരണ നയങ്ങ ള്‍ക്കൊപ്പം ഓടാന്‍ വെമ്പുന്ന നമ്മുടെ ഭരണ കര്‍ത്താക്കള്‍ ഇന്ത്യയില്‍ കുത്തകള്‍ക്ക് വിപണി ഒരുക്കി കൊടുക്കുകയാണ്. 110 കോടി ജനങ്ങളുള്ള ഇന്ത്യ വലിയൊരു വിപണിയാണെന്ന് അവരും മനസിലാ ക്കിയിരിക്കുന്നു. കുപ്പി വെള്ളം വാങ്ങി കുടിക്കുക എന്നത് മാന്യതയായി കരുതുന്ന നമ്മുടെ സമൂഹത്തില്‍ ജല ചൂഷണം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വരും കാലം വെള്ളത്തിനായി പൊരുതേണ്ടി വരുമോ? ജല യുദ്ധങ്ങള്‍ വരുന്ന വഴി നാം തന്നെ വെട്ടി കൊടുക്കണോ?
“കാടുകള്‍ വെട്ടി വെളുത്തു, കരിമണ്‍ -
മേടുകള്‍ പൊങ്ങി കമ്പനി വക്കില്‍
ആറുകളില്‍ കുടി വെള്ളം വിഷമായ്
മാറുകയാം കെടു രാസ ജലത്താല്‍”
കൊന്ന പ്പൂക്കളിലെ വൈലോപ്പിള്ളിയുടെ വരികള്‍ എത്ര ദീര്‍ഘ വീക്ഷണത്തോടെ ആയിരുന്നു. കാടുകള്‍ വെട്ടി ത്തെളിച്ച് നാം വികസന മന്ത്രം ചൊല്ലുമ്പോള്‍ ഒന്നോര്‍ക്കുക വരും കാലം ജലത്തിനു വേണ്ടി നാം ഏറെ പൊരുതേണ്ടി വരുമെന്ന്! നമുക്ക് ബാക്കിയായ ജലാശയങ്ങളെങ്കിലും കാത്തു സൂക്ഷിക്കാം. വരും തലമുറക്ക് അതെങ്കിലും നമുക്ക് ബാക്കി വെക്കേണ്ടേ? ജലം സൂക്ഷിച്ച് ഉപയോഗിക്കാന്‍ നമുക്ക് പരിശീലിക്കാം, ഒപ്പം നമ്മുടെ കുട്ടികളേയും പഠിപ്പിക്കാം. അങ്ങനെ നമുക്കും ജല സാക്ഷരത നേടേണ്ടതുണ്ട്.
- ഫൈസല്‍ ബാവ

മലിനീകരണം

 


കാക്ക കുളിച്ചപ്പോള്‍
കൊക്കായി
കാക്കയുടെ കറുപ്പിന്റെ
അഴക് നക്കിയെടുത്ത്
പുഴ ഒഴുകിക്കൊണ്ടിരുന്നു
കാക്ക സമൂഹം ഭ്രഷ്ട് -
കല്‍പ്പിച്ച കാക്ക
കമ്പനി പടിയില്‍
നിരാഹാരമിരുന്നു.
- ഫൈസല്‍ ബാവ

പ്ലാസ്റ്റിക് മനുഷ്യനേയും ഭൂമിയേയും വിഷമയമാക്കുന്നു.

ഭൂമിയില്‍ മാലിന്യങ്ങള്‍ കുന്നു കൂടി കൊണ്ടിരിക്കുകയാണ്. മനുഷ്യന്റെ സ്വാര്‍ത്ഥ താല്പര്യങ്ങളും ആര്‍ത്തിയും സുഖ ലോലുപത യോടുള്ള അമിതാവേശവും ഉണ്ടാക്കി യെടുത്ത വലിച്ചെറിയല്‍ സംസ്കാരം ലോകത്താകെ വ്യാപിച്ചു കഴിഞ്ഞു. ഇങ്ങനെ വലിച്ചെറി യുന്നവയില്‍ ഇന്ന് ഏറ്റവും അധികം അപകട കാരിയാവുന്ന വസ്തുവാണ് പ്ലാസ്റ്റിക്. കഴിഞ്ഞ കാല്‍ നൂറ്റാണ്ടിനുള്ളില്‍ പ്ലാസ്റ്റിക്കിന്റെ ഉപയോഗം ക്രമാതീതമായി വര്‍ധിച്ചു. നിയോ കൊളോണിയല്‍ തന്ത്രമായ ‘ഉപയോഗ ശേഷം വലിച്ചെറിയുക’ രീതിക്ക് ഏറ്റവും അനുയോജ്യമായ വസ്തുവാണ് പ്ലാസ്റ്റിക്. മുതലാളിത്ത രാജ്യങ്ങള്‍ അമിതമായി ഉപയോഗിക്കുകയും ബാക്കി വരുന്ന മാലിന്യങ്ങള്‍ ദരിദ്ര രാജ്യങ്ങളിലേക്ക് വിവിധ തന്ത്രങ്ങളിലൂടെ പുറം തള്ളുകയാണ്. പ്ലാസ്റ്റിക്കിന്റെ നിര്‍മാണത്തിലും സംസ്കരണത്തിലും അപകടകരമായ വിഷാംശങ്ങള്‍ പുറത്തു വിടുന്നുണ്ടെന്ന് മനസ്സിലാക്കി യതിനാലാണ് മുതലാളിത്ത രാജ്യങ്ങള്‍ പ്ലാസ്റ്റിക് വ്യവസായത്തെ മൂന്നാം ലോക രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ പ്രോത്സാഹനം നല്‍കുന്നത്. പ്ലാസ്റ്റിക് മൂലമുണ്ടാകുന്ന ആരോഗ്യ – പാരിസ്ഥിതിക പ്രശ്നങ്ങളെ ഇനിയും ആരും ഗൌരവത്തില്‍ എടുത്തിട്ടില്ല. സര്‍വ മേഖലയിലും പ്ലാസ്റ്റിക്കിന്റെ സ്വാധീനം വ്യാപിക്കുകയാണ്. വിവിധ രാസ മാലിന്യങ്ങളാലും മറ്റ് മലിനീകരണങ്ങളാ‍ലും നിരവധി പ്രശ്നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരുന്ന മൂന്നാം ലോക രാജ്യങ്ങളില്‍ തന്നെയാണ് പ്ലാസ്റ്റിക്കിന്റെ വ്യാപനവും വ്യവസായവും അധികരിച്ചു കൊണ്ടിരിക്കുന്നത്.
പ്ലാസ്റ്റിക് എന്നാല്‍ ഓര്‍ഗാനോ ക്ലോറിനല്‍ വസ്തുവാണ്. ഒരിക്കലും നശിക്കുകയില്ല എന്നതാണ് ക്ലോറിനല്‍ വസ്തുക്കളുടെ പ്രത്യേകത. ഇവയുടെ ചുരുങ്ങിയ കാലയളവ് തന്നെ 4000 വര്‍ഷം മുതല്‍ 5000 വരെയാണ്. നിര്‍ഭാഗ്യ വശാല്‍ നമ്മുടെ യൊക്കെ നിത്യ ജീവിതത്തില്‍ പ്ലാസ്റ്റിക് ഒരു പ്രധാന ഘടകമായി മാറി ക്കഴിഞ്ഞു. ഭക്ഷണം കഴിക്കുന്ന, സൂക്ഷിക്കുന്ന, പാകം ചെയ്യുന്നതു വരെ ഇന്ന് പ്ലാസ്റ്റിക് നിര്‍മിതമാണ്. ഇവ വിവിധ രോഗങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. പ്ലാസ്റ്റിക് വ്യാപനത്തിനു പിന്നില്‍ മുതലാളിത്ത രാജ്യങ്ങള്‍ക്കുള്ള സ്വാധീനം ചെറുതല്ല. പ്ലാസ്റ്റിക്കിന്റെ ഉപയോഗം കൂടും തോറും രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നു. അങ്ങനെ കുത്തക കമ്പനികളുടെ മരുന്ന് വ്യവസായം കൊഴുക്കുന്നു. പ്ലാസ്റ്റിക് കത്തിക്കുമ്പോള്‍ ഡയോക്സിന്‍ എന്ന വിഷം അന്തരീക്ഷ ത്തില്‍ കലരുമെന്ന് കണ്ടെത്തിയിട്ടുണ്ട്. വായു മലിനീകരണത്തിന് പുറമെ ഡയോക്സിന്‍ കാന്‍സറിനും കാരണമാകും. 1979ല്‍ ഡോ. ഹാര്‍ഡണ്‍ കാന്‍സര്‍ രോഗത്തിന്റെ മുഖ്യ കാരണക്കാരില്‍ ഡയോക്സിനാണ് ഒന്നാമനെന്ന് കണ്ടെത്തി. ഇവ കൂടാതെ ഹൃദ്രോഗം, ആമാശയ രോഗങ്ങള്‍, ശ്വാസ കോശ രോഗങ്ങള്‍, ക്ഷയം, ത്വക്ക് രോഗങ്ങള്‍ എന്നിവക്കും ഡയോക്സിന്‍ കാരണമാകുന്നു. ഡയോക്സിന്‍ ഒരു ഗ്രൂപ്പ് രാസ വസ്തുക്കളുടെ സംയുക്തമാണ്. ഇവ മൂന്ന് തരമാണ്. പോളി ക്ലോറിനൈറ്റഡ് ഡൈ ബെന്‍സോ ഡയോക്സിന്‍, 135 സംയുക്തങ്ങ ളടങ്ങിയ പോളി ക്ലോററിനേറ്റഡ് ഡൈ ബെന്‍സോ ഫുറാന്‍, 209 സംയുക്തങ്ങള്‍ അടങ്ങിയ പോളി ക്ലോറിനൈറ്റഡ് ബൈഫിഡെ എന്നിവ. മൂന്നും മനുഷ്യനും അന്തരീക്ഷത്തിനും ഏറെ അപകടം വരുത്തുന്ന മൂലകങ്ങളാണ്. ഇവ വായു, മണ്ണ്, ജലം എന്നിവയെ വിഷലിപ്തമാക്കുന്നു. ക്ലോറിനല്‍ മൂലകത്തെ ചെകുത്താന്‍ തന്ന മൂലകമെന്നാണ് അറിയപ്പെടുന്നത്. നാം ഉപയോഗിക്കുന്ന പി വി സി പൈപ്പിലും (പോളി വിനൈല്‍ ക്ലോറൈഡ്) ധാരാളം ഡയോക്സിന്‍ അടങ്ങിയിട്ടുണ്ട്. പ്ലാസ്റ്റിക് പാത്രങ്ങളില്‍ നിന്നും മനുഷ്യ ശരീരത്തി നുള്ളിലേക്ക് വിഷാംശങ്ങള്‍ കലരാന്‍ സാധ്യത വളരെയധികമാണ്. പ്ലാസ്റ്റിക്കിന്റെ നിര്‍മിതിയില്‍ ഉപയോഗിക്കുന്ന രാസ വസ്തുക്കള്‍ പലതും അല്പാല്പമായി ഭക്ഷ്യ വസ്തുക്കളില്‍ കലരുന്നതി നാലാണിത്. കാഡ്മിയം, ഡയോക്സിന്‍ കോമ്പൌണ്ടുകള്‍, ബെന്‍സീന്‍, താലേറ്റ് കൊമ്പൌണ്ട് എന്നിങ്ങനെ പല തരം രാസ വസ്തുക്കള ടങ്ങിയതാണല്ലോ പ്ലാസ്റ്റിക്. ഈ രാസ വസ്തുക്കള്‍ ദീര്‍ഘ കാലം ശരീരത്തില്‍ തന്നെ നില നില്‍ക്കു ന്നതിനാല്‍ വിവിധ രോഗങ്ങള്‍ക്ക് കാരണമാകുന്നു.
ബോസ്റ്റണിലെ റ്റഫ്റ്റ്സ് യൂണിവേഴ്സിറ്റി സ്കൂള്‍ ഓഫ് മെഡിസിനില്‍ പ്രൊഫസറായ അനാസാട്ടോ നടത്തിയ പഠനം മനുഷ്യ രാശിയെ ഞെട്ടിക്കുന്നതാണ്. പ്ലാസ്റ്റിക് ഉണ്ടാക്കുവാ‍ന്‍ ഉപയോഗിക്കുന്ന ‘ബൈസനോള്‍ എ’, താലേറ്റ് എന്നീ രാസ വസ്തുക്കള്‍ ഗര്‍ഭാശയത്തില്‍ ഭ്രൂണങ്ങളുടെ വളര്‍ച്ചയെ പ്രതികൂലമായി ബധിക്കുന്നതിനാല്‍ ജനിക്കുന്ന കുഞ്ഞിന്റെ ആരോഗ്യത്തെയും വളര്‍ച്ചയേയും ബാധിക്കും. മനുഷ്യ നിര്‍മിതമായ ഈ രാസ വസ്തുക്കള്‍ക്ക് ശരീരത്തിലെ ഹോര്‍മോണുകളുമായി ഏറെ സാമ്യമുണ്ടെ ന്നതിനാല്‍ ഈ രാസ വസ്തുക്കള്‍ ശരീരത്തിലേക്ക് നുഴഞ്ഞു കയറി പ്രകൃത്യായുള്ള ഹോര്‍മോണുകളെ അനുകരിക്കാന്‍ ശ്രമിക്കുമ്പോഴാണ് ഭീകരന്മാരായി മാറുന്നത്. ഇത് ഗര്‍ഭസ്ഥ ശിശുക്കള്‍ക്കും, കുട്ടികള്‍ക്കും പ്രതികൂലമായി ബാധിക്കും, ഇതിന്റെ പ്രവത്തനത്തെ ചെറുക്കാനുള്ള ശക്തി ശരീരങ്ങള്‍ക്കില്ല എന്നതാണിതിന് കാരണം. താലേറ്റ് ഗര്‍ഭിണികളുടെ ഉള്ളില്‍ ചെന്നാല്‍ ജനിക്കുന്ന ആണ്‍ കുട്ടികള്‍ക്കാണ് കൂടുതലായും പ്രശ്നങ്ങള്‍ സൃഷ്ടിക്കുക, പുരുഷന്മാരില്‍ ഈ വസ്തുക്കള്‍ വന്ധ്യതക്ക് ഏറെ കാരണ മാകുന്നുണ്ടെ ന്നതാണ് പഠനങ്ങള്‍ പറയുന്നത്.
വ്യവസായ മേഖലയിലും നിത്യോപ യോഗത്തിലും പ്ലാസ്റ്റിക്കിന്റെ സ്വാധീനം വര്‍ധിച്ചു കൊണ്ടി രിക്കുകയാണ്. ചെലവ് കുറവും, ഭാര ക്കുറവും പ്ലാസ്റ്റിക്കിന് ഏറെ സ്വീകാര്യത നേടി കൊടുത്തു. മനുഷ്യ ജീവിതത്തിന്റെ വേഗത വര്‍ധിച്ചതോടെ ഉപയോഗ ശേഷം വലിച്ചെറിയുക എന്ന നിയോ കൊളോണിയല്‍ ചിന്ത വേരോടിയതും ഭക്ഷണ ക്രമം ഫാസ്റ്റ് ഫുഡ് സംസ്കാരത്തിലേക്ക് മാറിയതും പ്ലാസ്റ്റിക് വ്യാപനത്തിന് കാരണമായി. ഇതു മൂലം മൈക്രോണില്‍ കുറവു വന്ന പ്ലാസ്റ്റിക് ഉല്പന്നങ്ങളില്‍ ഭക്ഷണ പദാര്‍ഥങ്ങള്‍ സൂക്ഷിക്കാനും ഉപയോഗ ശേഷം വലിച്ചെറിയാനും തുടങ്ങിയതോടെ ഭൂമിയില്‍ മാലിന്യങ്ങള്‍ വര്‍ധിക്കാനും മനുഷ്യ ശരീരത്തില്‍ ഡയോക്സിന്‍, ഫുറാന്‍, താലേറ്റ് പോലുള്ള വിഷങ്ങള്‍ അധികമാകാനും തുടങ്ങി. ഏറ്റവും സാധാരണമായി ഉപയോഗിച്ചു വരുന്ന പാര്‍സല്‍ പാത്രങ്ങളുടെ കാര്യം മാത്രം ഉദാഹരണമായി എടുത്താല്‍ മതി. 40 ഡിഗ്രിയില്‍ കൂടുതല്‍ ചൂടുള്ള വെള്ളം ഇത്തരം പാത്രങ്ങളില്‍ ഒഴിക്കുന്നതോടെ പ്ലാസ്റ്റിക്കില്‍ അടങ്ങിയിടയ ഡയോക്സിനും ഫുറാനും ഭക്ഷണത്തില്‍ കലരുന്നു. ഇങ്ങനെ നിരന്തരം ധാരാളം വിഷം നമ്മുടെ ആമാശയ ത്തിലെത്തുന്നു. ഉപയോഗ ശേഷം വലിച്ചെറിയുന്ന പാത്രം മാലിന്യത്തെ വര്‍ധിപ്പിക്കുന്നു. അങ്ങനെ നമ്മുടെ ശരീരത്തോടൊപ്പം ഭൂമിയേയും നാം മലിനമാക്കുന്നു. ഒട്ടു മിക്ക പ്ലാസ്റ്റിക് ഉല്പന്നങ്ങളും ഇത്തരത്തി ലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ അപകടം വരുത്തുന്നു. പ്ലാസ്റ്റിക്കിന്റെ ഉല്പാദനത്തിലും ഉപയോഗത്തിലും സംസ്കരണത്തിലും വിഷം മാത്രമാണ് പുറംന്തള്ള പ്പെടുന്നത്. എങ്കില്‍ ഉപയോഗ ത്തിന്റെ സുഖം മാത്ര മോര്‍ത്ത് ഇത്തരം ഉല്പന്നങ്ങളെ ആശ്രയിക്കുന്ന മനുഷ്യന്റെ ചിന്തയെ പിന്തിരിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
ഭൂമിയുടെ പ്രകൃതി ജന്യമായ പ്രവര്‍ത്തനത്തിന് തടസ്സം വരുത്തിയും ഭൂമിയുടെ ജല സംഭരണത്തെയും വായു സഞ്ചാരത്തെയും ഇല്ലാതാക്കിയും പ്ലാസ്റ്റിക് നശിക്കാതെ ഭൂമിയില്‍ 5000 വര്‍ഷത്തോളം കിടക്കുന്നു. ഇതു മൂലം മണ്ണിനെ ഉപയോഗ ശൂന്യമാക്കി കാര്‍ഷിക വിളകളെ പ്രതികൂലമായി ബാധിക്കുന്ന തരത്തില്‍ ഈ ക്ലോറിനല്‍ മൂലകം പ്രവര്‍ത്തിക്കുന്നു. ഈ തിരിച്ചറിവ് പാശ്ചാത്യ മുതലാളിത്ത രാജ്യങ്ങള്‍ക്കു ണ്ടായതിനാലാണ് പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറച്ചു കൊണ്ടു വരാന്‍ ശ്രമിക്കുന്നത്. ഭൂമിക്ക് ഭാരമായി മാറി ക്കഴിഞ്ഞ ഈ പ്രശ്നത്തെ ഇനിയും തിരിച്ചറി ഞ്ഞില്ലെങ്കില്‍ ഭൂമി ഒരു വിഷ ഗോളമായി ചുരുങ്ങും. പ്ലാസ്റ്റിക്കിന്റെ വ്യാപകമായ ഉപയോഗത്തിന്റെ ദുരന്തങ്ങള്‍ അത്രയും വരും തലമുറ യെയാണ് ബാധിക്കുക. ഇനിയും ഒരു ബദല്‍ സാദ്ധ്യതയെ പറ്റി നാം കാര്യമായി ചിന്തിച്ചിട്ടില്ല എന്നതാണ് ഏറെ ഖേദകരം. ബദല്‍ മാര്‍ഗത്തിന് ഒട്ടേറെ പ്രതിസന്ധികള്‍ തരണം ചെയേണ്ടതുണ്ട്. എങ്കിലും വിഷ മയമായ അന്തരീക്ഷ ത്തില്‍ നിന്നും രക്ഷ നേടാന്‍ ബദല്‍ മാര്‍ഗം കണ്ടെത്തിയേ തീരൂ. പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറച്ചു കൊണ്ട് വരിക, പ്ലാസ്റ്റിക് വ്യവസായ ത്തെയും വിപണനത്തെയും നിരുത്സാഹ പ്പെടുത്തുക. പ്ലാസ്റ്റിക്കിന്റെ വിഷത്തെ പറ്റി ജനങ്ങളെ ബോധവ ല്‍ക്കരിക്കുക. ഉപയോഗ ശേഷം വലിച്ചെറിയുക എന്ന ജീവിത രീതിയില്‍ മാറ്റം വരുത്തുക, മര, ലോഹ, തുണി യുല്‍പ്പന്നങ്ങളേയും അതിനോട് ബന്ധപ്പെട്ട കുടില്‍ വ്യവസായ ങ്ങളേയും പ്രോത്സാഹി പ്പിക്കുക. പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറച്ചു കൊണ്ടു വരാന്‍ അതാത് ഭരണ കൂടങ്ങളും ജനങ്ങളും കൂട്ടായി ശ്രമിക്കേ ണ്ടതുണ്ട്. ഇല്ലെങ്കില്‍ വന്‍ ദുരന്തമാവും നമ്മെ കാത്തിരിക്കുന്നത്.

- ഫൈസല്‍ ബാവ

ആഗോള പരിസ്ഥിതിയും ഭാവിയും

 

biodiversity-year. പാരിസ്ഥിതിക അവബോധം നമുക്കിടയില്‍ നിന്നും എങ്ങിനെയോ ചോര്‍ന്നു പോയി കൊണ്ടിരി ക്കുകയാണ്. ഭൂമിയെ പരമാവധി നാം കാര്‍ന്നു തിന്നു കഴിഞ്ഞു. അവശേഷിക്കുന്നവ കാര്‍ന്നു തിന്നാന്‍ ആര്‍ത്തി കൂട്ടുന്നു. നാം നേടി എന്നവകാശപ്പെടുന്ന പുരോഗതി ശൂന്യമായ ഭാവിയെയാണ് മാടി വിളിക്കുക എന്ന് ബ്രിട്ടീഷ്‌ ദാര്‍ശനികനായ ആല്‍ഫ്രെഡ് നോര്‍ത്ത്‌ വൈറ്റ്‌ ഹൈഡ്‌ വളരെ മുന്‍പ്‌ തന്നെ പറഞ്ഞു: “ഇന്നത്തെ അമൂര്ത്തതകളെ മറികടന്നു മുന്നോട്ടു ചിന്തിക്കാന്‍ കഴിയാത്ത ഒരു സംസ്കാരം, പുരോഗതിയുടെ ഒരു ഇടവേളയ്ക്കു ശേഷം വന്ധ്യതയില്‍ കലാശിക്കുവാന്‍ ശപിക്കപ്പെട്ടിരിക്കുന്നു.”
ശാസ്ത്രം പ്രകൃതിയിലെ അദൃശ്യമായ പ്രക്രിയകളെ അറിയാതെ അമൂര്ത്തമായതിനെ സത്യമായി ഉദ്ഘോഷിക്കുന്നു. നാം നേടിയെടുത്ത പുരോഗതി തന്നെയാണ് ഇന്ന് വന്‍ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കുന്ന തരത്തില്‍ തിരിച്ചടിച്ചു കൊണ്ടിരിക്കുന്നത്. എന്നിട്ടും ഭൂമിയുടെ നാശത്തിലേക്ക് നയിക്കുന്ന പ്രവര്‍ത്തനം നാം തുടര്‍ന്നു കൊണ്ടിരിക്കുന്നു തന്മൂലം കൂടുതല്‍ ഇരുണ്ട ദിനങ്ങളെ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു. ആഗോള താപനം (Global Warming), ആഗോള ഇരുളല്‍ (Glogal Dimmimg) എന്നീ ദുരന്തങ്ങള്‍ ക്കരികിലാണ് ഭൂമി, ആഗോള താപനത്തിന്റെ ദുരന്ത ഫലങ്ങള്‍ അങ്ങിങ്ങായി പ്രതിഫലിച്ചു കൊണ്ടിരിക്കുന്നു. ഭൂമി വിയര്‍ക്കാന്‍ തുടങ്ങിയതോടെ മനുഷ്യനും മറ്റു ജീവജാലങ്ങളും അതിജീവിക്കുവാനായി പാടുപെടുകയാണ്, WWFന്റെ കണക്കു പ്രകാരം ആഗോള താപനം മൂലം ഏകദേശം 1,60,000 പേര്‍ മരിക്കുന്നു എന്നും 2025 ആകുന്നതോടെ ഇത് മൂന്നു ലക്ഷം കവിയുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
2025 ആകുന്നതോടെ അന്തരീക്ഷ താപനില 1.4 മുതല്‍ 8.9 വരെ വര്‍ധിച്ചാല്‍ അത്ഭുതപ്പെടേണ്ടതില്ല എന്ന് പഠനങ്ങള്‍ പറയുന്നു. ഇപ്പോള്‍ അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് 383 PPM (Parts Per Million) ആണ്. വ്യവസായ യുഗത്തിന് മുന്‍പ്‌ ഇത് 280 ppm ആയിരുന്നു. 2100 ആകുന്നതോടെ ഇത് 500 ppm ആയി വര്‍ദ്ധിക്കുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.
കാലാവസ്ഥയുടെ ചെറിയ മാറ്റങ്ങള്‍ പോലും ഗുരുതരമായി ബാധിക്കുന്ന നിരവധി ദ്വീപുകള്‍ നിലവിലുണ്ട്. മാലിദ്വീപ്‌, തുവാലു, ലക്ഷദ്വീപ്‌, ആന്‍ഡമാന്‍, പപ്പുവ ന്യൂ ഗിനിയ, സോളമന്‍ ദ്വീപ്‌, മാള്‍ട്ട, വിക്ടോറിയ, നിക്കോഷ്യ, മാര്‍ഷല്‍ ദ്വീപുകള്‍, മൌറീഷ്യസ്, മഡഗാസ്കര്‍, സീഷെല്‍, ഇന്തോനേഷ്യന്‍ ദ്വീപുകള്‍, ഫിലിപ്പിന്‍സ്‌ ദ്വീപുകള്‍, ജപ്പാന്‍, ശ്രീലങ്ക, തുടങ്ങിയ ചെറുതും വലുതുമായ പല രാജ്യങ്ങള്‍ക്കും ദ്വീപുകള്‍ക്കും, തീരപ്രദേശങ്ങള്‍ക്കും കനത്ത വില നല്‍കേണ്ടി വരും, നോര്‍ത്ത്‌ ഫസഫിക്കിലെ ഒട്ടുമിക്ക ദ്വീപുകളും പൂര്‍ണ്ണമായും ഇല്ലാതായേക്കാം, തീരപ്രദേശത്ത് സ്ഥിതി ചെയ്യുന്ന വന്‍ നഗരങ്ങളും കടലെടുക്കാന്‍ സാധ്യത ഏറെയാണ്, ഇന്ത്യയടക്കം നാല്‍പ്പതോളം രാജ്യങ്ങള്‍ക്ക്‌ കനത്ത നാശം സൃഷ്ടിച്ചു കൊണ്ട് കടലിലെ ജലനിരപ്പ്‌ ഉയരുമെന്ന് പഠനങ്ങള്‍ പറയുന്നു, ആഗോള താപന ഫലമായി കടല്‍ വികസികുന്നതോടെ മ്യാന്‍മാര്‍, ബംഗ്ലാദേശ്‌ എന്നീ രാജ്യങ്ങള്‍ക്ക്‌ വന്‍ നഷ്ടമാണ് വരുത്തി വെക്കുക, ടോക്കിയോ, സിംഗപ്പൂര്‍, മുംബൈ, കോല്‍ക്കത്ത, ചെന്നൈ, ലിസ്ബണ്‍, തുടങ്ങിയ ഒട്ടുമിക്ക തീരദേശ നഗരങ്ങളുടെയും ഭാവി തുലാസിലാണ്.
ഹരിത ഗൃഹ വാതകങ്ങളുടെ അമിതോപയോഗം വരുത്തിവെക്കുന്ന വിനാശകരമായ നാശങ്ങളെ പറ്റി ആകുലത പേറാത്ത ഒരു കൂട്ടം ഇതിനെ തൃണ വല്ക്കരിച്ച് തങ്ങളുടെ താല്പര്യത്തിനനുസരിച്ച് പ്രവത്തികള്‍ തുടരുന്നു, ഇവര്‍ തന്നെയാണ് ലോകത്തെ നയിക്കുന്നതെന്ന് അഹങ്കരിച്ചു കൊണ്ട് ലോകത്ത് എവിടെയും കടന്നാക്രമണം നടത്തി കൊണ്ടിരിക്കുന്നത്.
ആഗോള താപനത്തെ പോലെ തന്നെ മറ്റൊരു ദുരന്തമാണ് ആഗോള ഇരുളല്‍, വായു മലിനീകരണ ത്താലും മലിനീകരിക്കപ്പെട്ട മേഘങ്ങളാലും ഭൂമിയിലേക്ക് ലഭിച്ചു കൊണ്ടിരിക്കുന്ന സൂര്യ പ്രകാശത്തിന്റെ തോത് കുറയുകയും അങ്ങനെ ശക്തി കുറഞ്ഞ പ്രകാഷമാകുന്നതോടെ പകലിന്റെ ദൈര്‍ഘ്യം കുറഞ്ഞു വരികയും സസ്യങ്ങള്‍ക്ക് ആവശ്യാനുസരണം സൂര്യപ്രകാശം ലഭിക്കാതെ വരികയും ചെയ്യും.
അന്തരീക്ഷത്തില്‍ വര്‍ദ്ധിച്ചു വരുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് വന്‍ അപകടത്തെയാണ് വിളിച്ചു വരുത്തുക, അന്തരീക്ഷത്തില്‍ നിന്ന് മണിക്കൂറില്‍ രണ്ടു കിലോഗ്രാം കാര്‍ബണ്‍ ഡൈ ഓക്സൈഡിനെ വലിച്ചെടുക്കാനെ ഒരു മരത്തിനു കഴിയൂ, വന നശീകരണം മൂലം അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് ക്രമാതീതമായി വര്‍ദ്ധിച്ചു കൊണ്ടിരി ക്കുകയാണ്, ഇത് നിലവിലെ സന്തുലിതാവസ്ഥയെ തകര്‍ക്കുകയും ജീവന്റെ നാശത്തിലേക്ക് വഴിവെക്കുകയും ചെയ്യും.
കൃത്രിമ ഉപഗ്രഹങ്ങളാല്‍ ബഹിരാകാശം നിറഞ്ഞു കഴിഞ്ഞു. ഇവ പുറന്തള്ളുന്ന അവശിഷ്ടങ്ങള്‍ അപകടകരമാം വിധം വര്‍ദ്ധിച്ചുവരുന്നു. ബഹിരാകാശ മലിനീകരണം ഇനിയും വേണ്ട വിധത്തില്‍ നാം ശ്രദ്ധിക്കാതെ വിടുകയാണ്. കാലാവസ്ഥ വ്യതിയാനങ്ങള്‍ വരുത്തിവെക്കുന്ന വിനാശകരമായ നാളെയെ പറ്റി നാം ഇനിയെങ്കിലും ചിന്തിച്ചില്ല എങ്കില്‍ വരും നാളുകള്‍ കറുത്തതായിരിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.
കാലാവസ്ഥ വ്യതിയാനഫലമായി ചുഴലിക്കാറ്റ്‌, കൊടുങ്കാറ്റ്, സുനാമി എന്നീ ദുരന്തങ്ങള്‍ ഇപ്പോഴും ഉണ്ടാവാം എന്ന അവസ്ഥയാണുള്ളത്, അന്തരീക്ഷവും കരയും കടലും ക്രമാതീതമായി മലിനീകരിക്കപ്പെട്ടു കൊണ്ടിരിക്കുന്നു ഈ തോത് തുടര്‍ന്നാല്‍ ഭൂമിയിലെ മാലിന്യങ്ങള്‍ തള്ളാനായി മാത്രം ഭൂമിയേക്കാള്‍ വലിയ മറ്റൊരു ഗ്രഹത്തെ അന്വേഷിക്കേണ്ടി വരും,
കടല്‍ മലിനീകരിക്ക പ്പെടുന്നതിലൂടെ കടലിലെ ജീവന്റെ സാന്നിധ്യത്തിനു ഭീഷണിയാവുന്നു. കടലിലെ ജീവന്റെ സാന്നിധ്യം കുറയുന്നതോടെ മനുഷ്യന്‍ ആശ്രയിച്ചു കൊണ്ടിരിക്കുന്ന വലിയ ഭക്ഷ്യ ശേഖരമാണ് ഇല്ലാതാവുക. നിലവില്‍ തന്നെ ഭക്ഷ്യ ക്ഷാമം അനുഭവിച്ചു കൊണ്ടിരിക്കുമ്പോള്‍ മത്സ്യ സമ്പത്ത് കുറഞ്ഞാല്‍ ഉണ്ടാകുന്ന പ്രത്യാഘാതം എത്ര വലുതായിരിക്കും,
കടുത്ത ജല ദൌര്‍ലഭ്യതയും ചൂടും കാര്‍ഷിക മേഖലയെ ഏറെക്കുറെ തളര്ത്തിക്കഴിഞ്ഞു. അമിതമായ കീടനാശിനി പ്രയോഗം വിഷമയമായ അന്തരീക്ഷത്തെയും ഭക്ഷണത്തെയും സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു. ആഗോള പരിസ്ഥിതി പ്രതിസന്ധി ഭൂമിയിലെ ജീവനെ തുടച്ചു നീക്കുന്ന തരത്തില്‍ മാറികൊണ്ടിരിക്കുകയാണ്, ഇതിന്റെ പൂര്‍ണ്ണ ഉത്തരവാദി മനുഷ്യനല്ലാതെ മറ്റാരാണ്. “മനുഷ്യന്‍ പ്രകൃതിയുടെ പ്രക്രിയകളില്‍ ഇടപെടാന്‍ തുടങ്ങുന്നതോടെ യാണ് ഈ സംഹാരാത്മക സംസ്കാരത്തിന്റെ വികാസം ആരംഭിക്കുന്നത് ” പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകനായ സുന്ദര്‍ ലാല്‍ ബഹുഗുണയുടെ വാക്കുകള്‍ എത്ര ശരിയാണ് !
ഭൂമിയില്‍ കുന്നുകൂടി കൊണ്ടിരിക്കുന്ന മാലിന്യങ്ങള്‍ മൂലമുണ്ടാകുന്ന രോഗങ്ങളും മറ്റു പാരിസ്ഥിതിക പ്രശ്നങ്ങളും അനുഭവിക്കേണ്ടി വരുന്നതും ഈ മനുഷ്യന്‍ തന്നെയാണ്. രാസ – ആണവ അവശിഷ്ടങ്ങള്‍, പ്ലാസ്റ്റിക് അവശിഷ്ടങ്ങള്‍, കമ്പ്യൂട്ടര്‍ അവശിഷ്ടങ്ങള്‍, വാഹനാവശിഷ്ടങ്ങള്‍, കോണ്ക്രീറ്റ് അവശിഷ്ടങ്ങള്‍ തുടങ്ങിയവയും, ഫോസില്‍ ഇന്ധനങ്ങളുടെ അമിതോപയോഗം എന്നിവ മൂലം ഭൂമി ദിനംപ്രതി നശിച്ചു കൊണ്ടിരിക്കുകയാണ്.
മൂന്നാം ലോക രാജ്യങ്ങളിലെ ജൈവ ശേഖരത്തെ സാമ്രാജ്യത്വ ശക്തികള്‍ കൊള്ള ചെയ്യുകയും നശിപ്പിക്കുകയും ചെയ്‌താല്‍ പിന്നെ ബാക്കിയാവുക മനുഷ്യ നിയന്ത്രണ ത്തിനതീതമായി പ്രവര്‍ത്തിക്കുന്ന വൈറസുകള്‍ മാത്രമായിരിക്കും, ഇപ്പോള്‍ തന്നെ ശാസ്ത്ര ലോകത്തെ ഞെട്ടിച്ചു കൊണ്ട് പുതിയ രോഗങ്ങളും വൈറസുകളും ദിനം പ്രതി ലോകത്തിന്റെ വിവിധ ഇടങ്ങളില്‍ പ്രത്യക്ഷപ്പെട്ടു കൊണ്ടിരിക്കുകയാണ്.
ഗാരി എസ് ഹാര്‍ട്ട് ഷോണ്‍ പറഞ്ഞ കാര്യങ്ങള്‍ ഇവിടെ പ്രസക്തമാണ്, ” ഈ ദശാബ്ദം ചരിത്ര പ്രാധാന്യം അര്‍ഹിക്കുന്നതാണ്, എന്ത് കൊണ്ടെന്നാല്‍ പുതിയ നൂറ്റാണ്ടിലേക്കുള്ള ശാസ്ത്രീയവും സാമൂഹികവും രാഷ്ടീയവുമായ കാര്യ പരിപാടികള്‍ മുന്നോട്ടു വെക്കേണ്ട സമയമാണിത്‌. ദേശീയവും ദേശാന്തരീയവുമായ നയപരിപാടികളുടെ ഭാഗമായി പരിസ്ഥിതിയെ സംബന്ധിച്ചതും വിഭവങ്ങളുടെ ലഭ്യത, നിലനില്‍പ്പ് എന്നിവയെ സംബന്ധിച്ചതുമായ പ്രശ്നങ്ങള്‍ക്ക് മുന്‍ഗണന നല്‍കണം. സന്നദ്ധ സംഘടന കള്‍ക്കും പുരോഗമന, സാമൂഹ്യ, പ്രസ്ഥാനങ്ങള്‍ക്കും ഇതില്‍ നിര്‍ണ്ണായക പങ്കുണ്ട്.” ഈ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ പറഞ്ഞ ഇക്കാര്യങ്ങള്‍ എത്ര രാജ്യതലവന്മാര്‍ മുഖവിലക്കെടുത്തു എന്ന് പരിശോധിച്ചാല്‍ നിരാശയായിരിക്കും ഫലം.
കാലാവസ്ഥ വ്യതിയാനത്തിന്റെ ദുരന്ത ഫലങ്ങള്‍ നമ്മുടെ നാട്ടിലും കണ്ടു തുടങ്ങിയിരിക്കുന്നു. കടുത്ത ചൂട്‌ നമ്മുടെ ഹരിത വലയത്തെ ഇല്ലാതാക്കുമോ എന്ന വ്യാകുലത നമുക്കിടയിലേക്ക് ഇനിയും കാര്യമായി കടന്നു വന്നിട്ടില്ല നാമിന്നും വികസന മെന്ന ഭ്രാന്തമായ ഒരു വലയത്തിനുള്ളിലാണ്. വന്‍ കെട്ടിടങ്ങള്‍ വന്‍ ഫാക്ടറികള്‍ അണക്കെട്ടുകള്‍ മഹാ നഗരങ്ങള്‍ ഇതെല്ലാമാണ് നമ്മുടെ വികസന സ്വപ്നങ്ങള്‍, പാരിസ്ഥിതികമായ കാഴ്ച്പ്പാട് വികസന നയ രൂപീകരണത്തില്‍ എവിടെയും കാണുന്നില്ല.
അതിനു തെളിവാണ്‌ കേരളത്തില്‍ അങ്ങോളം കാണുന്ന പ്രതിരോധ സമരങ്ങളും പ്രധിഷേധങ്ങളും. പാത്രക്കടവ്, അതിരപ്പിള്ളി, പ്ലാച്ചിമട, ഏലൂര്‍, കരിമുകള്‍, കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ സമരം, ചക്കംകണ്ടം സമരം എന്നിങ്ങനെ വലുതും ചെറുതുമായ സമരങ്ങളുടെ കാരണം നമ്മുടെ വികസന ഭ്രാന്തിന്റെ ഫലമായി ഉണ്ടായതാണ്.
എക്സ്പ്രസ് ഹൈവേ, ഇപ്പോള്‍ കിനാലൂരില്‍ സംഭവിച്ചത്‌, കണ്ടല്‍ക്കാടുകള്‍ വെട്ടി നിരത്തി അമ്യൂസ്മെന്റ് പാര്‍ക്കുകള്‍ നിര്‍മ്മിക്കല്‍ എന്നിങ്ങനെ തുടരുന്നു നമ്മുടെ അബദ്ധങ്ങള്‍ നിറഞ്ഞ വികസനം. ഏതോ ഉട്ടോപ്യന്‍ സ്വപ്നം കണ്ടു കൊണ്ടാണ് പുരോഗമന പ്രസ്ഥാനങ്ങള്‍ വരെ തങ്ങളുടെ നയങ്ങള്‍ രൂപീകരിക്കുന്നത്. ഈ അധപതനം കേരളത്തെ ഇല്ലാതാക്കും.
ഭൂമി അതിന്റെ ഏറ്റവും ദുരിത പൂര്‍ണമായ കാലത്തെയാണ് അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്നത്. ഇതേ നിലയില്‍ തുടര്‍ന്നാല്‍ ലോകാവസാനത്തിലേക്ക് അധികം ദൂരമില്ലെന്ന സത്യം നാം ഓര്‍ക്കുന്നത് നന്നായിരിക്കും. ഇനിയെങ്കിലും നമ്മുടെ കുഞ്ഞുങ്ങളെ പരിസ്ഥിതിയെ കുറിച്ചും പ്രകൃതിയെ ക്കുറിച്ചും പഠിപ്പിക്കുവാന്‍ നാം തയ്യാറാവണം.
നാം പ്രാകൃതരായി കണ്ടിരുന്ന റെഡ്‌ ഇന്ത്യന്‍ ആദിവാസികളുടെ സിയാറ്റിന്‍ മൂപ്പന്‍ 1854ല്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റിനു അയച്ച കത്തിലെ വരികള്‍ ഇന്നും പ്രസക്തമാണ്. “ഞങ്ങള്‍ കുഞ്ഞുങ്ങളെ പഠിപ്പിച്ചത് എന്തോ അത് നിങ്ങളുടെ കുഞ്ഞുങ്ങളെയും പഠിപ്പിക്കാമോ? ഭൂമി നമ്മുടെ അമ്മയാണെന്ന്, ഭൂമിക്കുമേല്‍ നിപതിക്കുന്നതെന്തോ അത് അവളുടെ സന്തതികള്‍ക്കുമേലും നിപതിക്കുമെന്ന് നാമറിഞ്ഞിരിക്കണം. ഭൂമി മനുഷ്യരുടെതല്ല, മനുഷ്യന്‍ ഭൂമിയുടെതാണ്. നമ്മെ ഒന്നാക്കി നിര്‍ത്തുന്ന രക്തത്തെപ്പോലെ എല്ലാ വസ്തുക്കളും പരസ്പരം ബന്ധിതങ്ങളാണ്. മനുഷ്യന്‍ ഉയിരിന്റെ വല നെയ്യുന്നില്ല, അവനതിലെ ഒരിഴ മാത്രം. ഉയിരിന്റെ വലയോടവന്‍ ചെയ്യുന്നതെന്തോ അത് അവനോട് തന്നെയാണ് ചെയ്യുന്നത്.”
ഏറെ സംസ്കൃതചിത്തരും പരിഷ്കൃതരും എന്ന് അവകാശപ്പെടുന്ന നമുക്കിന്ന് ഇങ്ങനെ ചിന്തിക്കുവാനോ, ചോദിക്കുവാനോ കഴിയുന്നുണ്ടോ?…
- ഫൈസല്‍ ബാവ

കണ്ടല്‍ക്കാട്

 

mangrove-epathram
വെള്ളത്തിലും
കരയിലുമല്ലാതെ,
ഇടയ്ക്കുള്ള നില്‍പ്പ്
അപകടം തന്നെ.
എവിടെ നിന്നും
പിന്തുണയില്ലാതെ,
ഉണങ്ങാതെ ഉണക്കിയും,
മുക്കാതെ മുക്കിയും കൊല്ലും.
ചെയ്തു വെച്ച ഉപകാരങ്ങള്‍
ആരും ഓര്‍ത്തെന്നു വരില്ല.
അല്ലെങ്കിലും
ചേതമില്ലാത്ത
ഉപകാരങ്ങള്‍
ഇന്നാര്‍ക്കു വേണം.
വെള്ളത്തിനും
കരയ്ക്കുമിടയിലെ
ഇത്തിരി ഇടം
കണ്ടാലും
കണ്ടില്ലെന്നു നടിച്ചു
വെറുതെ കിടന്നോട്ടെ.
വയസ്സന്‍
പൊക്കുട* സ്വപ്നമെങ്കിലും
തകരാതെ കിടക്കട്ടെ.
(*കേരളത്തില്‍ കണ്ടല്‍ക്കാടുകള്‍ സംരക്ഷിക്കുകയും അവ നശിച്ചാലുള്ള ഭവിഷ്യത്തിനെ കുറിച്ച് ബോധവല്‍ക്കരണം നടത്തുകയും ചെയ്ത പരിസ്ഥിതി പ്രവര്‍ത്തകനാണ് കല്ലേന്‍ പൊക്കുടന്‍)
- ഫൈസല്‍ ബാവ

ആണവോര്‍ജ്ജം ആപത്തെന്ന് ആര് പറയും?

‘അമേരിക്കാ
നീയെന്നാണ്
യുദ്ധം നിര്‍ത്തുക ?
പോ…
നീ നിന്റെ
ആറ്റംബോംബുമായ്
പുലയാട്…’
- അലന്‍ ഗിന്‍സ്ബര്‍ഗ്
ലോകം ആണവ ഭീതിയില്‍ കഴിയുകയാണ്. വന്‍ ശക്തികള്‍ ആണവ ശേഖരം കൂട്ടി വെക്കുന്നു,മറ്റു രാജ്യങ്ങള്‍ ആണവ ശക്തിയാവാന്‍ തിരക്കു കൂട്ടുന്നു, തങ്ങള്‍ക്കും വേണമെന്ന് തര്‍ക്കിക്കുന്നു, ചിലര്‍ യാചിക്കുന്നു. ലോകം കണ്ട ആണവ ദുരന്തങ്ങളെ മറന്ന് ആണവ മത്സരം മുറുകുമ്പോള്‍ എന്ത് കൊണ്ടാണ് ഞങ്ങള്‍ക്കിത് വേണ്ട എന്ന് ആരും പറയാത്തത്.
എല്ലാവരും തങ്ങളുടെ സുരക്ഷിതത്വം കണ്ടെത്തുന്നത് അപകട കാരിയായ ആണവായുധ ശേഖരത്തില്‍ ആണെന്ന സത്യത്തെ ഭയത്തോടെ വേണം കാണുവാന്‍.

ഒരു ആണവ വിസ്ഫോടനം

ആണവ മത്സരത്തിന്റെ മറ്റൊരു മുഖമാണ് ആണവ ഊര്‍ജ്ജം. ഊര്‍ജ്ജ പ്രതിസന്ധിക്ക് ഒരു പരിഹാ‍രം എന്ന നിലക്കാണ് ആണവ ഊര്‍ജ്ജത്തെ പ്രോത്സാഹി പ്പിക്കുന്നത്. തികച്ചും അപകട കാരിയായ ഈ ഊര്‍ജ്ജത്തിലൂടെ മാത്രമേ ഇനി ലോകത്തിന് മുന്നോട്ട് പോകാനാവൂ എന്ന് വാദിക്കുന്ന സാമ്രാജ്യത്വ ശക്തികള്‍ ക്കൊപ്പം നിന്ന് നമുക്കും ആണവോ ര്‍ജ്ജം അനിവാര്യ മാണെന്ന് ചില എഴുത്തുകാരും സാമൂഹ്യ പ്രവര്‍ത്തകരും വാദിക്കുന്നു എന്നത് ഏറെ ദയനീയമാണ്. വികലമായ വികസന ബോധം തലക്കു പിടിച്ച നമ്മുടെ ചില രാഷ്ട്രീയക്കാരും ബ്യൂറോക്രാറ്റുകളും ആണവോ ര്‍ജ്ജം മതിയായെ തീരൂ എന്ന വാശിയിലാണ്. എന്നും സാമ്രാജ്യത്വ വിധേയത്വം പുലര്‍ത്തി പോന്നിട്ടുള്ള ഇന്ത്യയിലെ മാറി മാറി വന്ന സര്‍ക്കാരുകള്‍ പലപ്പോഴു മെടുത്തിട്ടുള്ള തീരുമാനങ്ങള്‍ സാമ്രാജ്യത്വ താല്പര്യത്തെ മുന്‍നിര്‍ത്തി യിട്ടുള്ളതായിരുന്നു.
തൊണ്ണൂറുകളില്‍ ഉദാര വല്‍ക്കരണം നടപ്പിലാക്കി കൊണ്ട് ബഹുരാഷ്ട്ര കുത്തക കമ്പനികള്‍ക്ക് ഇന്ത്യയില്‍ തേരോടാന്‍ അവസരമൊ രുക്കി കൊടുത്ത അന്നത്തെ ധനമന്ത്രി ഇന്ന് പ്രധാന മന്ത്രിയാ യപ്പോള്‍ അമേരിക്ക നടക്കാന്‍ പറഞ്ഞാല്‍ മുട്ടിലിഴയാന്‍ തയ്യാറാവുന്നു. വര്‍ദ്ധിച്ച ഊര്‍ജ്ജാ വശ്യങ്ങള്‍ക്കും കാര്‍ഷിക പുരോഗതിക്കും ആണവോ ര്‍ജ്ജം കൂടിയേ തീരൂ എന്നാണ് പ്രധാനമന്ത്രി മന്മോഹന്‍ സിംഗ് വാദിക്കുന്നത്. ഗാട്ട് കരാറിന്റെ കാര്യത്തിലും പേറ്റന്റ് നിയമങ്ങളുടെ കാര്യത്തിലും പ്രധാന മന്ത്രിക്ക് കര്‍ഷക താല്പര്യം പ്രശ്നമായി രുന്നില്ല. എന്തിന് ആയിര ക്കണക്കിന് കര്‍ഷകര്‍ ആത്മഹത്യ ചെയ്തപ്പോഴും പ്രധാന മന്ത്രി ഒട്ടും ഞെട്ടിയിരുന്നില്ല എന്നാല്‍ ഊഹ കച്ചവടമായ ഓഹരി കമ്പോളത്തിലെ തകര്‍ച്ചയില്‍ മുതലാളിമാരുടെ മനോവേദന എത്ര പെട്ടെന്നാണ് പ്രധാന മന്ത്രിയും ധന മന്ത്രിയും ഉള്‍കൊണ്ടതും ആകുലനായതും. സാമ്പത്തിക പരിഷ്കാര ങ്ങള്‍ക്ക് മാനുഷിക മുഖമെന്നത് ഓഹരി കമ്പോളത്തിലെ മുതലാളിത്ത മുഖമായിരിന്നു എന്നത് ഇന്ന് സത്യമായിരിക്കുന്നു.
ജന താല്പര്യത്തെ മാനിക്കാതെ അവിശ്വാസ പ്രമേയത്തിനു മേല്‍ പണാധിപത്യം നടമാടിയ കാഴ്ച നാം കണ്ടു കഴിഞ്ഞതാണ്. കരാറുകളുടെ ലംഘനങ്ങളുടെയും, ചതിയുടെയും ഒട്ടേറെ ചരിത്രമുള്ള അമേരിക്കയുമായി, അതും അവരുടെ താല്പര്യത്തി നനുസരിച്ച ആണവ കരാറില്‍ ഒപ്പിടാന്‍ പ്രധാന മന്ത്രി എന്തിനാണിത്ര തിടുക്കം കൂട്ടിയിരുന്നത് ? അപകടം പതിയിരിക്കുന്ന കരാറും ഊര്‍ജ്ജവും നമുക്കു തന്നേ തീരൂ എന്ന അമേരിക്കന്‍ വാശിയുടെ പിന്നിലെ ചതി എന്തായിരി ക്കുമെന്നതാണ് ജോര്‍ജ് ബുഷ് അമേരിക്കന്‍ സെനറ്റിനയച്ച രഹസ്യ കത്ത് പുറത്തായ തിലൂടെ മനസ്സിലാകുന്നത്. ഇതറിഞ്ഞിട്ടും എന്തിനായിരുന്നു പാര്‍ലിമെ ന്റിനേയും ജനങ്ങളേയും പ്രധാന മന്ത്രിയും കോണ്‍ഗ്രസ്സും തെറ്റിദ്ധരി പ്പിച്ചെതെന്ന് തുറന്നു പറയണം. ഒപ്പം പാര്‍ലിമെ ന്റിനുള്ളില്‍ നടന്ന കോഴ വിവാദവും, സമാജ് വാദി പാര്‍ട്ടി നേതാവ് സര്‍ക്കാരിന് പിന്തുണ കൊടുക്കാന്‍ ഒരുങ്ങുന്നതിന്റെ തൊട്ടു മുമ്പ് അമേരിക്ക സന്ദര്‍ശിക്കുകയും തിരിച്ചു വന്ന ഉടനെ ആണവ കരാറിനെ പിന്തുണക്കുകയും ചെയ്തത് സംശയിക്കേ ണ്ടിയിരിക്കുന്നു.
അമേരിക്കയ്ക്ക് ഇന്ത്യയുമായുള്ള ഈ കരാര്‍ അധിനിവേ ശത്തിന്റെ ആണവ ചരടാണെന്നും ഇതു കൊണ്ട് തന്നെ നമ്മളെ തളച്ചിടാനാ കുമെന്നുമുള്ള അമേരിക്കന്‍ ചതിയുടെ ആഴം വളരെ വലുതാണെന്നും, താല്‍കാലിക രാഷ്ട്രീയ ലാഭങ്ങള്‍ക്കപ്പുറം കടക്കാത്ത ഇന്ത്യന്‍ രാഷ്ട്രീയ നേതൃത്വങ്ങളെ വിലക്കെടുക്കാ‍ന്‍ വളരെ എളുപ്പമാണെന്ന് ഒരിക്കല്‍ കൂടി തെളിയിക്ക പ്പെട്ടിരിക്കുന്നു. 1 2 3 കരാര്‍ ഇന്ത്യക്കും ബാധകമാ ണെന്നും ഹൈഡ് ആക്ട് പ്രകാരമേ ആ‍ണവ കരാര്‍ നടപ്പിലാക്കാനാവൂ എന്നുമുള്ള കരാര്‍ വ്യവസ്ഥകള്‍ എന്തിനാണ് ആദ്യം ഇല്ലെന്നും പിന്നീട് ഉണ്ടെന്നും പ്രധാന മന്ത്രി ജനങ്ങളോട് കള്ളം പറഞ്ഞത്. കരാര്‍ എപ്പോള്‍ വേണമെങ്കിലും വേണ്ടെന്ന് വെക്കാന്‍ പറ്റുമെന്ന് ഇപ്പോള്‍ പറയുന്ന അനില്‍ കാക്കോദ്കര്‍ ആ കത്ത് പുറത്ത് വന്നില്ലാ യിരുന്നെങ്കില്‍ ഈ സത്യം മറഞ്ഞിരി ക്കുമെന്നാണ് സൂചിപ്പിക്കുന്നത്, അതായത് അറിഞ്ഞു കൊണ്ട് തന്നെയാണ് ഈ സത്യങ്ങള്‍ മറച്ചു വെച്ചു കൊണ്ട് പ്രധാന മന്ത്രി ജനങ്ങളെ തെറ്റിദ്ധരി പ്പിച്ചതെന്ന് വ്യക്തം.
ചതികള്‍ പതിയിരിക്കുന്ന ആണവ കരാര്‍ ഇന്ത്യക്ക് മേല്‍ അടിച്ചേ ല്‍പ്പിക്കുവാന്‍ അമേരിക്ക കാണിച്ച സമ്മര്‍ദ്ദ തന്ത്രങ്ങളും അതിനനുസരിച്ച് ചാഞ്ചാടിയ ഇന്ത്യന്‍ ഭരണ വര്‍ഗത്തെയും നാം കണ്ടു. എന്നാല്‍ ഇതിനെ രാഷ്ട്രീയ വല്‍ക്കരിച്ചു കാണാനാണ് നമ്മുടെ ഒട്ടു മിക്ക പാര്‍ട്ടികളും മാധ്യമങ്ങളും ശ്രമിച്ചത്. ഇപ്പോള്‍ രാഷ്ട്രീയ ലാഭത്തിനു വേണ്ടി മുതല കണ്ണീരൊഴുക്കി പ്രധാന മന്ത്രിയുടെ രാജി ആവശ്യപ്പെടുന്ന മുഖ്യ പ്രതിപക്ഷമായ ബി ജെ പിയും സഖ്യ കക്ഷികളും ഇതേ കരാറിനെ അനുകൂലിക്കു ന്നവരാണെന്നത് ശ്രദ്ധേയമാണ്.
കഴിഞ്ഞ ഒമ്പത് മാസമായി രഹസ്യമാക്കി വെച്ചിരുന്ന ഈ കത്ത് പുറത്തായാല്‍ മന്മോഹന്‍ സിംഗ് മന്ത്രി സഭയുടെ ഭാവി തുലാസിലാ കുമെന്നതി നാലാണ് ഇത്രയും കാലം രഹസ്യമാക്കി വെച്ചതെന്ന് പറയുന്നത് സാധാരണ ക്കാരനല്ല ഈ കത്ത് പുറത്ത് വിട്ട അമേരിക്കന്‍ ജന പ്രതിനിധി സഭയുടെ വിദേശ കാര്യ സമിതി ചെയര്‍മാന്‍ ഹൊവാര്‍ഡ് എല്‍ ബെര്‍മാനാണ്. ആയതിനാല്‍ തന്നെ യു പി എ സര്‍ക്കാരിനും മന്മോഹന്‍ സിംഗിനും ഇതില്‍ നിന്ന് തലയൂരാനാകില്ല.
ബുഷിന്റെ കത്തിനെ പറ്റി പ്രധാന മന്ത്രിക്ക് നേരത്തെ അറിയാമാ യിരുന്നെന്ന് കത്ത് പ്രസിദ്ധീകരിച്ച വാഷിങ്ങ്ടണ്‍ പോസ്റ്റ് ലേഖകന്‍ ഗ്ലെന്‍ കെസ്ലറും പറയുന്നു.
താല്‍കാലിക ലാഭത്തിനു വേണ്ടി മുറവിളി കൂട്ടുന്ന ഒരൊറ്റ പാര്‍ട്ടിയും ആണവോ ര്‍ജ്ജം വേണ്ട എന്ന പറയുന്നില്ല അവര്‍ വികസന വിരോധികളായി ചിത്രീകരി ക്കപ്പെടുമെന്ന് ഭയപ്പെടുന്നു. ആണവ കരാര്‍ ചര്‍ച്ച ചെയ്യുന്ന സമയത്ത് ഇന്ത്യന്‍ പാര്‍ലിമെ ന്റിന്റെ
ഭാവി മാത്രം ചര്‍ച്ച ചെയ്യാനും ഈ കരാര്‍ രാജ്യത്തിന് അഭിമാന മാണെന്നും അമേരിക്കയെ ഇന്ത്യയുടെ ഏറ്റവും നല്ല സുഹൃത്തായി ചിത്രീക രിക്കാനും ചില മാധ്യമങ്ങള്‍ കാ‍ണിച്ച തിരക്ക് ശ്രദ്ധിക്കേണ്ടതാണ്.

ചെര്‍ണോബില്‍ ദുരന്ത ബാധിത പ്രദേശത്ത് ജനിച്ച അലക്സി. കണ്ണില്‍ ടെന്നിസ് ബോള്‍ വലിപ്പത്തില്‍ ഉള്ള ട്യൂമറുമായാണ് അലക്സി ജനിച്ചത്.

ശാസ്ത്ര ലോകത്തിന്റെ സ്വപ്നം സൌരോ ര്‍ജ്ജത്തിലും ഹൈഡ്രജന്‍ ഊര്‍ജ്ജത്തിലും കേന്ദ്രീകരിക്കുന്ന ഇക്കാ‍ലത്ത് നാമെന്തിനാണ് ആണവോ ര്‍ജ്ജത്തിനു പിന്നില്‍ പായുന്നത് ? 1976-ല്‍ ഇറ്റലിയിലെ സെവസോയിലെ ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറി, 1979-ല്‍ അമേരിക്കയിലെ പെന്‍സില്വാനിയ ത്രീമെന്‍ ഐലന്റിലെ ന്യൂക്ലിയര്‍ അപകടം, 1984-ല്‍ പതിനായിര ക്കണക്കി നാളുകളെ കൊന്നൊടുക്കിയ യൂണിയന്‍ കാര്‍ബൈഡിന്റെ ഭോപ്പാല്‍ ദുരന്തം, 1986-ല്‍ ഉക്രെയ്നിലെ ചെര്ണോബില്‍ ന്യൂക്ലിയര്‍ പ്ലാ‍ന്റിന്റെ തകര്‍ച്ച, നാഗസാക്കിയെ ചാരമാക്കിയ ന്യൂക്ലിയര്‍ ബോംബ് നിര്‍മ്മിച്ച കാലിഫോര്‍ണി യയിലെ ഹാന്‍ഫോര്‍ഡ് ന്യൂക്ലിയര്‍ റിസര്‍വേഷനില്‍ 1997-ല്‍ ഉണ്ടായ രാസ വിസ്ഫോടനം (ഇന്ന് ഈ സ്ഥലം പാരിസ്ഥിതിക അത്യാഹിത മേഖലയാണ്. Environmental Disaster Area) ഇങ്ങനെ അനുഭവത്തിലുള്ള വ്യവസായ വല്‍കൃത രാജ്യങ്ങള്‍ ആണവോ ര്‍ജ്ജത്തിനു വേണ്ടി ന്യൂക്ലിയര്‍ പ്ലാന്റ് നിര്‍മ്മിക്കാന്‍ തയ്യറല്ലാത്ത ഇക്കാലത്ത് നാമെന്തിനാണ് ഈ ദുരന്ത സാദ്ധ്യതകളെ കൈ നീട്ടി വാങ്ങുന്നത്.
അതും ബഹുരാഷ്ട്ര കമ്പനികള്‍ ഇന്ത്യയില്‍ ദുരന്തങ്ങള്‍ വിതച്ചിട്ടും നഷ്ട പരിഹാരം ചോദിച്ചു വാങ്ങാന്‍ കഴിയാത്ത നമുക്കെങ്ങനെ വന്‍ശക്തിയായ അമേരിക്ക കരാര്‍ ലംഘിച്ചാല്‍ ചോദിക്കാനാവുക.
ലോക ജനസംഖ്യയുടെ 20 ശതമാന ത്തോളമുള്ള ഇന്ത്യയുടെ നിലപാടിന് ലോകത്തെ സ്വാധീനിക്കാന്‍ കഴിയുന്ന തരത്തിലേക്ക് നമ്മുടെ നയങ്ങള്‍ മറ്റിയെടു ക്കേണ്ടതിനു പകരം അമേരിക്കന്‍ താല്പര്യത്തെ അന്തമായി സ്വീകരിച്ച് കീഴടങ്ങാനാണ് ഇന്ന് നമ്മുടെ ഭരണകൂടം ശ്രമിച്ചു കൊണ്ടിരിക്കുന്നത്.
ആണവോ ര്‍ജ്ജമേ വേണ്ട എന്ന ധീരമായ തീരുമാനത്തി ലെത്താന്‍ ഇടതു പക്ഷത്തിനു പോലും കഴിയുന്നില്ല. അവരുടെ പ്രശ്നം മറുഭാഗത്ത് അമേരിക്ക യായതാണ് മറിച്ച് ചൈനയോ റഷ്യയോ ആയിരുന്നെങ്കില്‍ ഈ കരാറുമായി സഹരിക്കാന്‍ ബുദ്ധിമുട്ടു ണ്ടാകില്ല. അത്യന്തം അപകട കരമായ ആണ വോര്‍ജ്ജം വേണമെന്നു തന്നെയാണ് പ്രകാശ് കാരാട്ടും ബുദ്ധദേവും പറയുന്നത്. എല്ലാവര്‍ക്കും തീയുണ്ട വേണം തരുന്നതാ രാണെന്ന കാര്യത്തില്‍ മാത്രമാണ് തര്‍ക്കം.
ആണവോ ര്‍ജ്ജം മെല്ലെ ആണവാ യുധമാകുന്ന തെങ്ങനെയെന്ന് ഇസ്രായേലിന്റെ ചരിത്രം പരിശോധിച്ചാല്‍ മതി. പ്രകൃതി ദുരന്തങ്ങളും, തീവ്രവാദി ഭീഷണിയും നമ്മുടെ ആണവ റിയാക്ടറുകളുടെ എങ്ങനെ ബാധിക്കുമെന്നത് ചിന്തിക്കേ ണ്ടിയിരിക്കുന്നു. ഉത്തര്‍പ്ര ദേശിലെ നറോറയില്‍ ഗംഗയുടെ തീരത്തുള്ള ആണവ നിലയം സ്ഥിതി ചെയ്യുന്നത് ഭൂഗര്‍ഭ വൈകല്യത്തിന്റെ (Seismic Fault) മുകളിലാണ്. നമ്മുടെ നിലവിലുള്ള ആണവ റിയാക്ടറുകള്‍ തന്നെ അപകട ഭീഷണിയിലാണ്.
ഏറ്റവും വില കൂടിയ ആണവോ ര്‍ജ്ജവത്തി ലൂടെയാണ് നമ്മുടെ തകര്‍ന്നു കഴിഞ്ഞ കാര്‍ഷിക മേഖലയെ ഉണര്‍ത്താന്‍ ശ്രമിക്കുന്നത്. ആണവ വികിരണം മൂലം വായു, ജലം, മണ്ണ്, എന്നിവ മലിനീകരി ക്കപ്പെടുമെന്നത് തെളിയിക്ക പ്പെട്ടതാണ്. മറ്റു നിലയങ്ങളെ പോലെ പ്രവര്‍ത്തനം ആണവ നിലയങ്ങള്‍ നിറുത്തി വെക്കനോ അടച്ചു പൂട്ടുവാനോ സാധിക്കുകയില്ല. തുടര്‍ച്ചയായ റേഡിയേഷന്‍ ആ പ്രദേശത്തെ നിത്യ ദുരിതത്തിലാക്കും.

ബധിരനായ മൈക്കലും വരള്‍ച്ച മുരടിച്ച വ്ലാഡിമിറും. പതിനാറ് വയസുള്ള ഈ ഇരട്ടകള്‍ ആണവ വികിരണത്തിന്റെ ഇരകളാണ്.

ആണവാ വശിഷ്ടങ്ങള്‍ എങ്ങനെ സംസ്കരിക്ക ണമെന്നത് ഇന്നും ഒരു ചോദ്യ ചിച്നമാണ്. ആണവാ വശിഷ്ടങ്ങള്‍ തീര്‍ച്ചയായും ഒരു ബാധ്യതയാകും. ഖനനം, സമ്പുഷ്ടീകരണം, ഉപയോഗം എന്നീ എല്ലാ അവസ്ഥകളിലും റേഡിയോ ആക്ടീവ് അവശിഷ്ടങ്ങള്‍ സൃഷ്ടിക്ക പ്പെടുന്നുണ്ട്. ഒരു റിയാക്ടര്‍ പ്രതിവര്‍ഷം 20-30 ടണ്‍ ആണവാ വശിഷ്ടങ്ങളാണ് പുറംതള്ളുന്നത്. അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും കോണ്‍ക്രീറ്റ് ബ്ലോക്കുകളിലാക്കി കടലില്‍ തള്ളാറാണ് പതിവ്.
ഇതൊന്നും അറിയാത്തവരല്ല നമ്മുടെ ഭരണ കര്‍ത്താക്കള്‍. എന്തിനാണ് നമുക്കീ അപകടം പിടിച്ച ഊര്‍ജ്ജവും ചതി നിറഞ്ഞ കരാറും…

- ഫൈസല്‍ ബാവ