Sunday 27 March 2016

നാടകമെന്ന ദൃശ്യശ്രാവ്യകല

മാര്‍ച്ച് 27 ലോക നാടക ദിനം
ല്ലാ കാലത്തും നാടകം എന്നത് മനുഷ്യപക്ഷത്ത് ചേര്‍ന്ന് നില്‍ക്കുന്ന കലയാണ്‌ ഒട്ടനവധി വിപ്ലവ മുന്നേറ്റങ്ങള്‍ക്കും സാമൂഹ്യ പരിഷ്കരണങ്ങള്‍ക്കും നാടകം എന്ന കല വലിയ പങ്ക് വഹിച്ചിട്ടുണ്ട്, വളരെയധികം ജനപ്രീതിയാർജ്ജിച്ച ഒരു സുകുമാരകലകളിൽ പെട്ട നാടകത്തിന്‍റെ ചരിത്രം ഏറെ പഴക്കമേറിയതും അതാത് കാലത്തിന്റെ കയ്യൊപ്പ് പതിഞ്ഞതുമാണ്. അഭിനയം, സംഭാഷണം എന്നിവയിലൂടെ, സമ്പൂർണമായ ഒരു മനുഷ്യവ്യാപാരത്തെ പ്രേക്ഷകരിലേക്ക് പകരുന്ന ദൃശ്യശ്രാവ്യകലയാണ് നാടകം. നാടകത്തെ സമ്പൂർണമായി ഉൾക്കൊള്ളുന്ന ആംഗലേയപദം തിയെറ്റർ (Theatre) ആണ്. അതിനാല്‍ ലോകവ്യാപകമായി തിയറ്റര്‍ ഡേ എന്നാണു അറിയപ്പെടുന്നത്. ഈ വര്‍ഷത്തെ തിയറ്റര്‍ ഡേ സന്ദേശം പ്രമുഖ റഷ്യന്‍ നാടക സംവിധായകനും Moscow Theatre School of Dramatic Arts സ്ഥാപകനുമായ അനടോളി വസിലിവേ (Anatoli Vassiliev)യാണ് നല്‍കുക.
നാടകം ലോകസാഹിത്യത്തിലെ ഏറ്റവും പഴക്കമുള്ള കലകളിലൊന്നാണ്.വളരെ പ്രാചീന കാലത്തുതന്നെ നാടകം ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ വിവിധ തരത്തില്‍ രൂപംകൊള്ളുകയും അതാത് രാജ്യങ്ങളില്‍ അവിടുത്തെ അനുഷ്ഠാനമായിബന്ധപ്പെട്ട് രൂപപ്പെട്ട നാടകങ്ങള്‍ ജനങ്ങളുമായി ഏറെ ചേര്‍ന്ന് നിന്നിരുന്നതിനാല്‍ ഒരേ സമയം കലാപരവും ജനപ്രിയവും ആയിരുന്നു. ഇവ വികസിച്ച് വിവിധ പ്രഗല്‍ഭരുടെ കൈകളിലൂടെ നാടകം അന്നും ഇന്നും സുരക്ഷിതമായി സഞ്ചരിച്ചു കൊണ്ടിരുന്നു. 
ഇന്ന് ലഭ്യമായതിൽ വച്ച് ഏറ്റവും പുരാതനമായ തെളിവ് ഉള്ളത് ബിസി 534ൽ ഏഥൻസിലെ അക്രോപോളീസിലെ ഡയോണിസസ് തിയ്യറ്ററിൽ നടന്നിരുന്നതായി അറിയപ്പെടുന്ന ദുരന്തനാടക മത്സരത്തെക്കുറിച്ചുള്ളതാതാണ്. ആ നാടകമത്സരങ്ങളിലെ വിജയിയായിരുന്ന തെസ്പിസ് ആണ് അറിയപ്പെട്ടിട്ടുള്ളതിൽ വച്ച് ആദ്യത്തെ നടനും നാടകകൃത്തും. ഈ വലിയ ഡയോണിസസിൽ 14000 പേർക്ക് നാടകം കാണാൻ സൗകര്യം ഉണ്ടായിരുന്നു. ഇവിടെ അഭിനയിക്കുന്ന വേദിയെ ഓർക്കസ്ട്ര എന്നാണ്‌ വിളിച്ചിരുന്നത്. ഗ്രീക്ക് നാടകങ്ങളെ പ്രധാനമായും മൂന്ന് തരത്തിൽ വിഭജിച്ചിരിക്കുന്നു. ദുരന്തനാടകം(Tragedy),ആക്ഷേപഹാസ്യ നാടകം(Satyr Plays), ശുഭാന്ത്യ നാടകം(Comedies) എന്നിവയാണ്‌ അവ. ഇതിൽ ദുരന്തനാടകങ്ങളാണ് വിശിഷ്ടമായ നാടകരൂപമായി കരുതപ്പെട്ടുവന്നത്. ഈസ്കിലസ് ആണ്‌ ദുരന്തനാടകപ്രസ്ഥാനത്തിൻറെ സ്ഥാപകൻ എന്ന് കരുതപ്പെടുന്നു. മറ്റൊരു പ്രധാന ദുരന്തനാടകകൃത്തായിരുന്നു സോഫോക്ലീസ്,
ലോക പ്രസസ്തമായ ഈഡിപ്പസ് ഇദ്ദേഹതിന്റെതായിരുന്നല്ലോ. പുരാതന നാടക കാലം, മദ്ധ്യ നാടക കാലം ആധുനിക നാടക കാലം എന്നിങ്ങനെ മൂന്നായി ഈ കാലഘട്ടങ്ങളെ തരം തിരിക്കാം. കലാരൂപം എന്ന നിലക്ക് നാടകത്തെ കുറിച്ച് 'ഒരു പൂര്‍ണ കലയുടെ അനുകരണം' (An Imitation Of An Action) എന്നാണ് ഗ്രീക്ക് തത്വചിന്തകനായ് അരിസ്റ്റോട്ടില്‍ പറഞ്ഞിട്ടുള്ളത്. 
അരങ്ങ് എന്ന മാധ്യമത്തെ വിശദമായി പരിശോധിച്ച് രംഗവേദിക്കനുസൃതമായ രൂപത്തില്‍ ഈ ഒരു കലാ സൃഷ്ടിയെ ദൃശ്യാനുഭവമാക്കി തീര്‍ക്കുന്നതോടെ ഒരു നാടകം ജനിക്കുകയായി. ഇതിനായി നടക്കുന്ന നാടക പരിശീലന കളരികള്‍ ആണ് യഥാര്‍ത്ഥത്തില്‍ ഈ കലയുടെ കാതല്‍, രംഗവേദി അതിന്റെ അവസാനത്തെ തുറന്നു വിടലാണ്. പിന്നെ തുറന്നു വിട്ട പക്ഷിയാണ് ഓരോ നാടകവും.
ഇന്ത്യന്‍ നാടകവേദിക്കും ലോക നാടക ചരിത്രത്തില്‍ സവിശേഷമായ ഇടമുണ്ട് ഭരതമുനിയുടെ നാട്യശാസ്ത്രമാണ് ഭാരതീയ നാട്യകലയുടെ വേദപുസ്തകം എന്ന് പറയാം, നാട്യശാസ്ത്രവും സംഗീതവും കൂടി ചേര്‍ന്നു രൂപപ്പെടുത്തിയ രംഗവേദി നാടക തുടര്‍ച്ചക്ക് ഏറെ ഗുണകരമായിട്ടുണ്ട്. സംസ്കൃത നാടകങ്ങൾ ഒരു കാലത്ത് ഇന്ത്യൻ നാടകത്തിന് പുതിയ വഴിതുറക്കുന്നതായിരുന്നു, ഭാസന്റെ കർണ്ണഭാരം ഒരു ഉദാഹരണം മാത്രം. നാടോടികഥകളില്‍ നിന്നും രൂപപ്പെട്ട രംഗ സാധ്യതകളും നാടകത്തെ വളരാന്‍ ഏറെ സഹായിച്ചു. ഭാരതീയ നാടകചരിത്രത്തിന്റെ ഭാഗികമായ പുനർനിർമ്മാണത്തിൽ ഭാഗഭാക്കാകാനും സങ്കീർണമായ സാംസ്കാരിക പ്രതിസന്ധികളെ മറികടക്കാനും ഫോക് തിയെറ്റർ ഏറെ സഹായിക്കുകയുണ്ടായി. എന്നാല്‍ 19-ാം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ ഇന്ത്യയിൽ ആധുനിക നാടകസങ്കല്പത്തിന് അരങ്ങൊരുന്ഗുകയും ആ നൂറ്റാണ്ടിന്‍റെ മധ്യകാലം ആകുംമ്പോഴേക്കും കൂടുതല്‍ ശക്തി പ്രാപിക്കുകയും വൈദേശിക ശക്തികളുടെ കടന്നുവരവോടെ സംഭവിച്ച കൊളോണിയൽ ജീവിതവ്യവസ്ഥ ജീവിതത്തെ കാര്യമായി ബാധിച്ചപോലെ നാടകത്തില്‍ വളരെ പെട്ടെന്ന് വലിയ മാറ്റങ്ങള്‍ ഉണ്ടാകുകയും ചെയ്തു. ഷേയ്ക്ക്സ്പിയറിന്റെ ക്ലാസിക്ക് നാടകങ്ങള്‍ ഇന്ത്യന്‍ രംഗവേദികളില്‍ ഇടം നേടുകയും മറ്റു വിദേശ നാടകങ്ങള്‍ നമ്മുടെ രംഗ സാധ്യതകളില്‍ വലിയ ഇടപെടല്‍ നടത്തുകയും ചെയ്തു. ഇതോടെ ഒരു പുതിയ ഭാവുകത്വം ഭാരതീയ നാടകകലയെ ആവേശിക്കാൻ തുടങ്ങി.
നാടകം കേരളത്തില്‍ ഉണ്ടാക്കിയ ഇടപെടലും വളരെ പ്രാധാന്യം അര്‍ഹിക്കുന്നതാണ്. ജാതി വ്യവസ്ഥിതിയില്‍ കുടുങ്ങി കിടന്ന ഒരു ജനതയിലേക്ക്‌ സ്വാതന്ത്രത്തിന്റെ വെളിച്ച വീശാന്‍ മലയാള നാടകവേദി അതാത് കാലത്ത് നടത്തിയ ഇടപെടല്‍ വളരെ വലുതാണ്‌. തമിഴ് സംഗീത നാടകസംസ്കാരത്തിന്റെയും സ്വാധീനവും സമന്വയവുമാണ് ആദ്യകാല മലയാള നാടകങ്ങളിലുണ്ടായിരുന്നു എങ്കിലും വളരെ പെട്ടെന്ന് അതില്‍ നിന്നും കുതറി മാറി ഒരു പുതു വഴി വെട്ടാന്‍ മലയാള നാടകങ്ങള്‍ക്ക് കഴിഞ്ഞു. കല്ലൂർ ഉമ്മൻ ഫിലിപ്പോസ് ഷെയ്ക്സ്പിയർ കൃതിയിൽനിന്ന് പരിഭാഷപ്പെടുത്തിയ ആൾമാറാട്ടമാണ് (കോമഡി ഒഫ് എറേഴ്സ്) മലയാളത്തിലെ ആദ്യനാടക കൃതിയെന്ന് കരുതുന്നു (1866). തുടര്‍ന്ന്‍ ശാകുന്തളത്തേ അടിസ്ഥാനമാക്കി രൂപപെട്ട സംഗീത നാടകങ്ങള്‍ ഒരു വഴിവിളക്കായി. എന്നാല്‍ 1930 കളിൽ ഇബ്സന്റെ നാടകങ്ങളുടെ സ്വാധീനം ആംഗലേയലോകത്തെന്നപോലെ മലയാളത്തിലും നാടകരംഗത്ത് സുപ്രധാന മാറ്റങ്ങൾക്കു വഴിതെളിച്ചു.സിവി രാമൻ പിള്ള കേരള ഇബ്സൻ എന്നറിയപെട്ട എൻ കൃഷ്ണപിള്ള, സി എൻ ശ്രീകൺഠൻ നായർ, ഇ.വി. കൃഷ്ണപിള്ള, കൈനിക്കര കൃഷ്ണപിള്ള, എൻ.ബാലകൃഷ്ണപിള്ള, പുളിമന പരമേശ്വരൻപിള്ള, ഇടശ്ശേരി ഗോവിന്ദൻ നായർ, സി.ജെ.തോമസ് പണ്ഡിറ്റ്‌ കെ പി കറുപ്പൻ തുടങ്ങിയ നിരവധി പ്രഗൽഭരുടെ കൈകളിൽ മലയാള നാടകം സുരക്ഷിതമായി. 
വീടിനകത്ത് വാതിലടച്ച് ഒതുങ്ങി കൂടുന്ന സ്ത്രീകളെ അരങ്ങിലെക്കെത്തിച്ച് വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് വഴി വെച്ചു. വി.ടി.ഭട്ടതിരിപ്പാടിന്റെ ‘അടുക്കളയിൽനിന്നും അരങ്ങത്തേക്ക്’ കെ ദാമോദരന്റെ 'പാട്ടബാക്കി' എം ആര്‍ ബിയുടെ 'മറക്കുടക്കുള്ളിലെ മഹാനരകം' തുടങ്ങിയ സാമൂഹിക പരിഷ്ക്കാരങ്ങൾക്ക് വഴി വെച്ചു, കെപിഎസി, കാളിദാസ കലാ കേന്ദ്രം, എന്നീ നാടക സമിതികളിലൂടെ കേരള രാഷ്ട്രീയത്തെ പുതിയ ദിശയിലേക്ക് നയിക്കാൻ പാകത്തിൽ നാടകങ്ങൾ ജനങ്ങളെ സ്വാധീനിച്ചു, കേരള കലാനിലയം, കലിംഗ തിയ്യറ്റെഴ്സ്, സൂര്യസോമ, രംഗ ചേതന ഇങ്ങനെ നിരവധി സംഘങ്ങളും നാടകത്തെ കേരളത്തിന്റെ മച്ചകത്തിൽ സുരക്ഷിതമാക്കി നിർത്തി, 1950-60കളിലെ നാടകങ്ങൾ നാടക ഗാനങ്ങൾക്കു പ്രാധാന്യമുള്ളവയും രാഷ്ട്രീയ-സാമൂഹിക ചായ്‌വുകൾ ഉള്ളവയുമായിരുന്നു. 

തോപ്പിൽ ഭാസി, എൻ.എൻ. പിള്ള, കെ.ടി. മുഹമ്മദ്, ജി. ശങ്കരപ്പിള്ള, കാവാലം നാരായണപ്പണിക്കർ, തിക്കോടിയൻ, ജോസ് ചിറമേൽ തുടങ്ങിയവർ മലയാള നാടകത്തെ ലോക നടകത്തോടൊപ്പം എത്തിച്ചു. ഇന്നിതാ ദീപൻ ശിവരാമൻ, ശങ്കർ വെങ്കിടേഷ്, സുവീരൻ, പ്രിയനന്ദനൻ, തുടങ്ങി പുതിയ തലമുറയിൽ ശക്തരായ നിരവധി പേരുടെ കൈകളിലൂടെ ഇന്നും മലയാള നാടകവേദി ശക്തമായി നിലനിൽക്കുന്നു, ഇന്ന് കേരളത്തിൽ നടക്കുന്ന നാടകോത്സവങ്ങൾ എല്ലാം തന്നെ നിറഞ്ഞ ഇടങ്ങള ആണ് ഈ നാടക ദിനം വ്കടന്നു പോകുമ്പോളും മലയാള നാടകവേദി ഏറ്റവും പ്രാഗത്ഭ്യം ഉള്ള ചെറുപ്പക്കാരുടെ കൈകളിൽ തന്നെയാണ് എന്ന് ആശ്വസിക്കാം. ഈ പ്രവാസ ഭൂമിയിലും മികച്ച നാടക പ്രവർത്തകരാൽ സമ്പന്നമാണ് അബുദാബി കേരള സോഷ്യൽ സെന്റർ നടത്തിവരുന്ന ഭരത് മുരളി നാടകോത്സവം തന്നെ അതിനൊരു ഉദാഹരണമാണ്. സ്വന്തം നാടും മണ്ണും വിട്ടിട്ടും ഇന്നും നാടകത്തെ നെഞ്ചോട്‌ ചേർത്ത് പിടിക്കുന്ന മലയാളികൾ മറുനാട്ടിലും ഉണ്ടെന്ന സത്യം ഇതിനോട് ചേര്ത്ത് വായിക്കണം. ഇന്ന് സാങ്കേതിക മികവോടെ ജീവിതത്തെ തീക്ഷണമായി അവതരിപ്പിക്കുകയും അഭിനയം സംഭാഷണം എന്നിവയിലൂടെ ജന മനസുകളില്‍ കുടിയേറുന്ന ഒന്നായി നാടകം മാറുകയാണെന്ന സത്യം ഈ ദിനത്തിന്റെ പ്രാധാന്യം വിളിച്ചോതുന്നു.

ഈ വര്‍ഷത്തെ നാടക സന്ദേശം (2016)

Monday 14 March 2016

മഴ

കവിത 

നിന്‍റെ അഭാവം
എന്നില്‍ തീര്‍ത്ത 
ശൂന്യതയില്‍ നിന്ന്
നമ്മുടെ 
പ്രണയത്തെയാണെനിക്ക്
കുഴിച്ചെടുക്കാനായത്‌...
ഒടുവില്‍.,
അങ്ങകലെ നിന്നും
നിന്‍റെ ശബ്ദം
കാതിൽ പതിച്ചപ്പോൾ
പരിഭവങ്ങൾ
എങ്ങോ ഉരുകി
മറഞ്ഞു.
അതായിരുന്നോ
പ്രണയത്തിന്‍റെ
അഗ്നി നാളങ്ങള്‍...?
നീ
വന്നെന്‍റെ
ആത്മാവില്‍
ചുംബിച്ചപ്പോള്‍
നെഞ്ചിലെ നീറ്റലിന്നു മീതെ
കണ്ണീർ
മഴ ആര്‍ത്തു
പെയ്യുന്നുണ്ടായിരുന്നു..
'''''''''''''''''''''''''''''''''''''''''''''''''''''''''''''''''

Monday 7 March 2016

ഇതിഹാസത്തിലെ അപൂർവ ജന്മത്തിലൂടെ.


ഇത് ഞാന്‍ എന്‍റെ പ്രിയപ്പെട്ട കക്കട്ടില്‍മാഷിന്‍റെ നിറഞ്ഞ ഓര്‍മ്മകള്‍ക്ക് മുമ്പില്‍ സമര്‍പ്പിക്കുന്നു.

(അക്ബര്‍ കക്കട്ടിലിന്റെ സ്ത്രൈണം എന്ന നോവലിന്റെ വായനാനുഭവം)

തിഹാസങ്ങളും ഐതിഹ്യങ്ങളും അതിലെ കഥാപാത്രങ്ങളും മിത്തുകളും മലയാള സാഹിത്യത്തില്‍ നിരവധി തവണ വിഷയമായിട്ടുണ്ട്. എംടിയുടെ രണ്ടാമൂഴവും, പി കെ ബാലകൃഷ്ണന്റെ 'ഇനി ഞാന്‍ ഉറങ്ങട്ടെ', എന്‍ മോഹനന്റെ 'ഇന്നലത്തെ മഴ' തുടങ്ങി നിരവധി കൃതികള്‍ മലയാളത്തില്‍ ഉണ്ടായിട്ടുണ്ട്, ഇത്തരത്തില്‍ മഹാഭാരതത്തിലെ ഒരു ഉപാഖ്യാനത്തെ ആസ്പദമാക്കി അക്ബര്‍ കക്കട്ടില്‍ രചിച്ച ഒരു മികച്ച നോവലാണ്‌ സ്ത്രൈണം. മഹാഭാരതത്തിലെ ഭംഗാസ്വനോപ്യാഖ്യാനത്തെ അടിസ്ഥാനമാക്കി ആണ്‍-പെണ് സമത്വവും, അതിന്റെ നീതിയും, ഇതിഹാസങ്ങളിലെ ലിംഗനീതിയെയും അന്വേഷിക്കുകയാണ് ഈ നോവല്‍. ഭാഷയിലും ആഖ്യാനത്തിലും കക്കട്ടില്‍ മാഷ്‌ കാണിച്ചിട്ടുള്ള സൂക്ഷ്മത ശ്രദ്ധേയമാണ്, ആരും ശ്രദ്ധിക്കാതെ വിട്ട ഒരു ഉപാഖ്യാനത്തിന്റെ സമകാലിക പ്രസക്തിയും ആണ്‍ പെണ് സമത്വവും നോവലിലൂടെ ഭംഗിയായി അവതരിപ്പിക്കുന്നു. ഈ വിഷയം തെരഞ്ഞെടുത്തത്തിന്റെ പ്രത്യേകതയെ പറ്റി അവതാരികയില്‍ പ്രശസ്ത കവി ഒ എന്‍ വി ഇങ്ങനെ പറയുന്നു.
"മഹാഭാരതക്ഷീരപഥത്തില്‍ ആരും ശ്രദ്ധിച്ചുപോരുന്ന കഥാപാത്രങ്ങളുണ്ടെങ്കില്‍ ഏതോ വളവുകളിലും തിരിവുകളിലും ഒട്ടൊന്നു മറഞ്ഞു നില്‍ക്കുന്ന കഥാപാത്രങ്ങളുണ്ട്. അവരുടെ ആന്തരഗൌരവം നാം വേണ്ടത്ര മനസ്സിലാക്കാതെയുമുണ്ട്. ഏറ്റവും ശ്രദ്ധേയരായ കഥാപാത്രങ്ങളുടെ നിരയില്‍ ഭീഷ്മരും, കൃഷ്ണനും, ധൃതരാഷ്ട്രരും, കര്‍ണ്ണനുമൊക്കെയുണ്ട്. ...... കുന്തിയും, ഗാന്ധാരി, പാഞ്ചാലിയുമുണ്ട്. അവരൊക്കെ പില്‍കാലസാഹിത്യത്തിന്‍റെ ശില്പശാലകളില്‍ എത്രയെത്ര വ്യത്യസ്ത മൂശകളിലാണ് വാർ ത്തെടുക്കപ്പെട്ടിട്ടുള്ളത്! മറ്റൊരു നിരയില്‍ ഭീമനെയും യായാതിയേയും, ദേവയാനിയുമെല്ലാം ആധുനിക ഭാരതീയ നോവലില്‍ നാം കാണുന്നില്ലേ? എന്നാല്‍, അതിവിശാലമായ ആ പ്രപഞ്ചത്തില്‍ പെട്ടെന്നാരും ശ്രദ്ധിക്കാതെ ഏതോ കോണില്‍ സൂക്ഷ്മദൃക്കുകൾക്കു മാത്രം കാണാവുന്ന വിധം മിന്നത്തെ മിന്നി നില്‍ക്കുന്ന ചില നക്ഷത്രങ്ങളുണ്ട്. അതിലൊന്നാണ് ഭംഗാസ്വനന്‍". ഈ ഇതിഹാസങ്ങളുടെ മേന്മയാലാകാം അതുമായി ബന്ധപെട്ട് കിടക്കുന്ന എന്തും നമ്മെ സര്‍ഗവിസ്മയത്തില്‍ എത്തിക്കുന്നു, സര്‍ഗധനരായവരുടെ കൈകളില്‍ ഇതെല്ലാം സുരക്ഷിതവുമാണ്, ഓരോന്നും അവരവരുടെ ശൈലീ വിന്യാസത്തിലൂടെ പ്രത്യേക താളം സൃഷ്ടിച്ചെടുക്കുന്നു, ഇവിടെ കക്കട്ടില്‍ മാഷും അത്തരത്തില്‍ ഒരു പ്രത്യേക തലത്തിലേക്ക് ഈ നോവലിനെ കൊണ്ടുപോകുന്നുണ്ട്, സന്താനഭാഗ്യം ഇല്ലാത്ത ഭംഗാസ്വന രാജാവിന്‍റെ വംശം നിലനിര്‍ത്താനായി നടത്തുന്ന മഹാ യാഗത്തിലൂടെയാണ് നോവല്‍ ആരംഭിക്കുന്നത്. ഒരു രാജ്യം മുഴുവന്‍ യാഗയജ്ഞശാലയിലേക്ക് ആവേശത്തോടെ ഒഴുകിയെത്തുകയാണ് തങ്ങളുടെ മഹാരാജാവായ ഭംഗാസ്വനനും മഹാറാണി രത്നാവലിക്കും ഈ യാഗയജ്ഞത്തിലൂടെ സന്താനഭാഗ്യം ഉണ്ടാകുകയും അങ്ങനെ രാജ്യത്തിനു ഒരു പിന്ഗാമി ഉണ്ടാകുമെന്നും വിശ്വസിക്കുന്നു. അതുകൊണ്ട് തന്നെ ഈ യാഗയജ്ഞത്തിന്റെ ദിനങ്ങൾ പ്രജകൾക്ക് പ്രതീക്ഷയുടെ ഒരുത്സവമാണ്‌. പ്രജാക്ഷേമതല്പരനായ രാജാവും റാണിയും പ്രജകളെ സന്തോഷത്തോടെ വരവേറ്റു. എന്നാൽ ദേവലോകത്ത് മറ്റൊരു സംഭവം നടക്കുന്നുണ്ടായിരുന്നു. തന്നെ ഈ യാഗത്തിന് പരിഗണിക്കാത്തത്തിൽ കോപാകുലനായ ഇന്ദ്രദേവൻ നാരദമഹര്ഷിയുടെ ഉപദേശം തേടുന്നു. നാരദന്‍ ഇങ്ങനെ പറയുന്നു.
"പുത്രാസന്താനങ്ങളെ ആഗ്രഹിക്കുന്നവര്‍ പൂര്‍വ്വാര്‍ജ്ജിതപാപങ്ങള്‍ക്ക് പ്രായശ്ചിത്തമായി ചെയ്യുന്ന ഇത്തരം യാഗങ്ങളുടെ തുടര്‍ച്ച ഭാവിയില്‍ ദേവേന്ദ്രപദവിക്ക് തന്നെ ഭീഷണിയായിക്കൂടെന്നില്ലല്ലോ" അതോടെ ഇന്ദ്രകോപം വര്‍ദ്ധിക്കുന്നു. ദേവലോകം വിറക്കാനും ഭംഗാസ്വനനോടുള്ള പ്രതികാരം ഇന്ദ്രമനസ്സില്‍ ആളികത്താനും തുടങ്ങി. ഒരവസരം വരാതിരിക്കില്ല എന്ന ഉറപ്പോടെ ദേവേന്ദ്രന്‍ കാത്തിരുന്നു.
ഭംഗാസ്വനന്‍ സർവ്വസൈന്യ സമേതം നായാട്ടിനിറങ്ങിയപ്പോള്‍ ദേവേന്ദ്രന്‍ കാത്തിരുന്ന സമയം എത്തിച്ചേരുകയായിരുന്നു. ഇക്കാര്യം മാതലി ഇന്ദ്രനോട് ഉണര്ത്തിക്കുമ്പോള്‍ ഇതൊരു മംഗള മുഹൂര്‍ത്തം എന്നാണ് ഇന്ദ്രന്‍ പറയുന്നത്. അതില്‍ നിന്നുതന്നെ ഭംഗാസ്വനനോടുള്ള കോപത്തിന്റെ ആഴം നമുക്ക് തിരിച്ചറിയാനാകും. ഈ ഭാഗങ്ങള്‍ വളരെ ഭംഗിയായി നോവലില്‍ അവതരിപ്പികുന്നു.
ഇന്ദ്രകോപത്താൽ നായാട്ടിനു പോയ ബംഗാസ്വനരാജാവ് വഴിതെറ്റി കൊടുംകാട്ടിൽ ഒറ്റപ്പെടുന്നു തളര്ന്നു അവശനായ രാജാവ് കുളിക്കാൻ ഒരു പൊയ്ക കണ്ടപ്പോൾ ഇറങ്ങുന്നു തുടർന്ന് ശരീര അവയവങ്ങൾക്ക് പൗരുഷത്തിന്റെ ശക്തി കുറയുകയും കൂടുതൽ കൂടുതൽ മൃദുവാകുകയും തന്നിലേക്ക് എങ്ങനെയോ സ്ത്രൈണ ഭാവം ഇഴകി ചേരുകയും തുടർന്ന് പൂർണ്ണയായ ഒരു സുന്ദരിയാകുന്നു. പാതി ജന്മം പുരുഷനായും പാതി സ്ത്രീയായും ജീവിക്കുവാനുള്ള അപൂർവതയാണ് ബംഗാസ്വനൻ രാജാവിന് ഇന്ദ്രകോപത്താൽ ഉണ്ടാകുന്നത്, ഏറെ പ്രാർത്ഥനകലക്കും യാഗങ്ങൾക്കും ശേഷം ലഭിച്ച നൂറു മക്കൾ എന്ന സൌഭാഗ്യങ്ങളെയും രത്നാവലി എന്ന തന്റെ ഹൃദയത്തിന്റെ ഒരു ഭാഗവുമായ പ്രിയതമയെയും പ്രിയ പ്രജകളെയും എങ്ങനെ അഭിമുഖീകരിക്കും എന്ന ഭയത്താൽ ബംഗാസ്വനൻ പത്നിയെയും നൂറു മക്കളെയും തന്റെ പ്രിയ പ്രജകളെയും കാണാൻ ഇന്ദ്രന്റെ അപ്രീതിക്കു പാത്രമായ ഭംഗാസ്വനൻ പുറപ്പെടുന്നു. പൌരുഷം നഷ്ടപ്പെടുകളും ഒരു തികഞ്ഞ അംഗലാവണ്യമുള്ള സ്ത്രീയായി രൂപാന്തരപെട്ട ആ വ്രണിത ഹൃദയം പുരുഷ ജീവിതത്തിന്റെ എല്ലാ സ്മൃതികളോടെയും ജീവിക്കേണ്ടി വരുന്നഅവസ്ഥ. തന്റെ ഭർത്താവിന്റെ അവസ്ഥയിൽ മനംനൊന്ത രത്നാവലി തന്റെ ദൃഷ്ടികൾ അനന്തതയിലൂന്നി നിരാലംബമായ കൈകൾ മോലോട്ടുയർത്തി ഗദ്ഗ്ദകൺഠയായി പറഞ്ഞു " ഏതൊരാളാണോ എന്നിൽ ബീജങ്ങൾ വിതക്കേണ്ടത്, എതോരാളിലാണോ എന്റെ വികാരങ്ങള അർപ്പിക്കേണ്ടത്, ഏതൊരാളാണോ എന്നിൽ കാമത്തോടെ പടർന്നുകയറേണ്ടത്, അയാളിതാ കാട്ടിലേക്ക് പോയിരിക്കുന്നു. എന്റെ കാമിതങ്ങളുടെ താങ്ങായി നിന്ന പ്രാണപ്രിയൻ എനിക്ക് നഷ്ടമായിരിക്കുന്നു. ഇനി മറ്റൊരാൾ അയാളിൽ ബീജങ്ങൾ വിതയ്ക്കും. മാധുരാവേശത്തോടെ പുല്കും. പടർന്നു കയറും! ഹേ ഭഗവാൻ, ലോകത്തൊരു സ്ത്രീക്കും എന്റെ ഈ അവസ്ഥ വരാതിരിക്കട്ടെ. അഗ്നികണക്കെ എന്റെ ദുഃഖം എന്നെ ദാഹിപ്പിക്കുന്നുവല്ലോ..." രത്നാവലിയുടെ ഈ വാക്കുകളിലൂടെ ബംഗാസ്വനന്റെ അവസ്ഥയും സ്ത്രീഎന്ന നിലയിൽ അവരുടെ അവസ്ഥയും വ്യക്തമാണ്.

പിൽകാലം സർവ്വമംഗലയായി ജീവിക്കാൻ വിധിക്കപ്പെട്ട ഭംഗാസ്വനൻ മനുജാതൻ എന്ന മുനികുമാരന്റെ പത്നിയായി നൂറു മക്കൾക്ക്‌ ജന്മം നല്കുന്നു. പിന്നീട് ഏതെങ്കിലും ഒരു ജന്മവും അതിലുള്ള നൂറുമക്കളെയും സ്വീകരിക്കാം എന്ന അവസ്ഥ സംജാതമായപ്പോൾ സർവ്വമംഗല എന്ന സ്ത്രീയായി തുടർന്നാൽ മതിയെന്ന തീരുമാനം ഇന്ദ്രനെ ഞെട്ടിക്കുന്നുണ്ട്. ഇന്ദ്രൻ ചോദിക്കുന്നുണ്ട് പിന്നെ സ്ത്രീയായിരിക്കാൻ ആഗ്രഹിക്കുനതിന്റെ രഹസ്യമെന്ത്? പറയൂ, എന്താണതിന്റെ പൊരുൾ? ആ മുഖം ഒന്നുകൂടി തുടുത്തു, നാസികാഗ്രത്തിൽ സ്വേദകണങ്ങൾ ഉതിർന്നു. അധരം വിറച്ചു. കപോലങ്ങൾ ശോണിയാർന്നു. തിളങ്ങുന്ന കണ്ണുകളിൽ ഒന്നും പറയാതെ എല്ലാം പറയുന്ന പ്രതീതിയുണ്ടായി. നാണത്തിൽ പൊതിഞ്ഞ ഒരു പുഞ്ചിരി ചുണ്ടുകളിൽ വിലോലമായ ഒരു ചലനമുണ്ടാക്കി. ഒരു മാത്ര! ഒരു മാത്ര ആ ലജ്ജാവതിയുടെ മുഖത്ത് നിറയുന്നതെന്താണ്?.... പറയാൻ വയ്യാത്ത വാക്കുകള അവൾക്കുള്ളിൽ ഇടറി നിന്നു: ദേവാ, ഒരു പുരുഷനായ അങ്ങയോട് ഞാനതെങ്ങനെ പറയും?."
ഇതിഹാസങ്ങളിലെ ലിംഗനീതിയെ ഈ നോവൽ വളരെ നന്നായി കൈകാര്യം ചെയ്യുന്നുണ്ട്. ആഖ്യാനത്തിലും ഭാഷയിലും കക്കട്ടിൽ മാഷ്‌ കാണിച്ചിട്ടുള്ള വൈഭവം നോവലിനെ മികച്ചതാക്കുന്നു. ഒരു പുരുഷന്റെ കാഴ്ചപ്പാടിലൂടെയാണ് ഈ നോവലും മുന്നോട്ട് പോകുന്നത്. ക്ലാസിക് സാഹിത്യം പൊതുവെ പുരുഷാധിപത്യം ആണും ഇന്നും ഉണ്ടെന്ന സത്യം പലയിടത്തായി നിഴലിക്കുന്നുണ്ട്. പുരുഷനേക്കാൾ ജീവിത സാഫല്യം സ്ത്രീകള് നേടുന്നുണ്ട് എന്ന പുരുഷാധിപത്യ കാഴ്ചപ്പാടിന് ഇവിടെയും പിന്തുണ ലഭിക്കുന്നുണ്ട്. ഭാഷയുടെ നിലവിലെ കക്കട്ടിൽ ശൈലി ഈ നോവലിൽ നിന്നും പാടെ മാറ്റിമറിക്കുന്നുണ്ട്. "ഘർമ്മാതപംകൊണ്ട് ചുട്ടുപൊള്ളുന്ന ഗ്രീഷ്മമൂർദ്ധന്യത്തിൽ, ആകാശവും ഭൂമിയും പിളര്ക്കുന്ന ഇടിമിന്നലിന്റെയും കാടും മലകളും കുലുക്കി കണ്ടതെല്ലാം കടപുഴക്കുന്ന കൊടുങ്കാറ്റിന്റെയും അകമ്പടിയോടെ മതിയാവോളം പെയ്തുലച്ചു തോര്ന്ന ഒരു പുതുവര്ഷത്തിനു ശേഷം അവിടവിടെ തെളിയുന്ന നക്ഷത്രദീപങ്ങൾക്കു കീഴെ, നീട്ടിവീശുന്ന നനുത്ത കാറ്റിൽ തണുത്തുറങ്ങുന്ന താഴ്വരപ്പോലെ ശാന്തമായി സർവ്വമംഗല കിടന്നു.." ഈ ഭാഷാ നൈപുണ്ണ്യത്തെ ഒ എൻ വി ഇങ്ങനെ വിവക്ഷിക്കുന്നു
"അക്ബറുടെ മുന്കൃതികളിലൊന്നുമില്ലാത്ത ഈ ഭാഷാ രീതി, 'സ്ത്രൈണ'ത്തിന്റെ ഇതിഹാസോല്ഭിന്നമായ ഇതിവൃത്തത്തിനുചിതമായി രൂപംപൂണ്ടാതാണെന്ന് മനസ്സിലാക്കാൻ അധികമൊന്നും ആലോചിക്കേണ്ടതില്ല" അതാണ്‌ കക്കട്ടിൽ ഈ നോവലിൽ കാണിച്ചിട്ടുള്ള മാന്ത്രികതയും. അക്ബർ കക്കട്ടിൽ എന്ന സർഗപ്രതിഭയുടെ മലയാളത്തിലുള്ള അടയാളപ്പെടുത്തലാണ് സ്ത്രൈണം എന്ന നോവൽ.
**************

(വര്‍ത്തമാനം ദിനപത്രം ഞായറാഴ്ചയില്‍ വന്നത് 7/3/2016 )


(ഞങ്ങളുടെ സൗഹൃദം വളരെ വിലപെട്ടതായിരുനു ഇതോടൊപ്പം ഉള്ള ഫോട്ടോയിൽ സൌഹൃദത്തിന്റെ പൂമരം കാണാം അതിൽ രണ്ടു പൂക്കള പൊഴിഞ്ഞു കക്കട്ടിൽ മാഷും കവി അസമോ പുത്തൻചിറയും ഞാനും വിശ്വേട്ടനും ബാക്കി)

Sunday 6 March 2016

ഇന്ന് താഴമ്പൂ മണമുള്ള കാറ്റെവിടെ?


പൂകൈത പൂക്കുന്ന യാമങ്ങളിൽ ......, കൈതപ്പൂ വിശറിയുമായ ് കാറ്റേ കൂടെവരൂ.... ഈ കൈതപൂവിൻ സുഗന്ധം ഇന്ന് നമുക്കന്യമായിമായികൊണ്ടിരിക്കുകയാണ് അതുകൊണ്ട് തന്നെ നാടൻ പാട്ടുകളിൽ പറഞ്ഞ "കൈതോല പായവിരിച്ച് പായേലിത്തിരി നെല്ല് പരത്തി...." ഇതൊക്കെ ഓർമയാകുകയാണ് കൈതപ്പൂവ് വെച്ച് അടക്കി വെച്ച വസ്ത്രങ്ങൾ ഇന്ന് ഓര്‍മയാണ്,  നമുക്കൊന്നും എന്താണെന്ന് പോലുമറിയാത്ത ഏതോ രാസ വസ്തുക്കള്‍ ചേര്‍ത്ത് ഉണ്ടാക്കുന്ന കൃത്രിമ സുഗന്ധ ലായനികള്‍ വിവിധ നിറങ്ങളില്‍ കലക്കിയ  പുതിയ സ്പ്രേ ഇടം നേടിയിരിക്കുന്നു. ഈ ഓർമകളിലേക്ക് ഇറങ്ങാൻ ഇവിടെ നമുക്കാവുമോ 
കൈതോല പറിക്കാൻ പോയ ഓർമകളും, കൈതോലപ്പായ നെയ്ത കാലവും കൈതപ്പൂവിന്റെ സുഗന്ധവും നിങ്ങളുടെ ഓർമകളെ  ഉണര്ത്തുന്നുണ്ടോ? നാഗത്താന്‍ പതിയിരിപ്പുണ്ടെന്നു പേടിച്ചു എത്തിനോക്കുന്ന  കൈതകള്‍ അന്യമായി കൊണ്ടിരിക്കുന്നു കൈതയുടെ വംശനാശം ഉണ്ടാക്കുന്ന പാരിസ്ഥിതിക  നഷ്ടം ഏറെയാണ്‌  കൈതക്കാടുകള്‍ മണ്ണൊലിപ്പ് തടയാനും ശുദ്ധ ജലത്തെ  സംരക്ഷിക്കാനും കഴിവുള്ള ഒരു ചെടിയാണ്, കൂടാതെ കായല്‍ പ്രദേശങ്ങളില്‍ മത്സ്യ പ്രജനനത്തിനും സഹായകമാകുന്നു പാരമ്പര്യ തൊഴില്‍ മേഖലയില്‍  ഒരു കാലത്ത് ഏറ്റവും ഉപകാരപ്രദമായ ഒന്നായിരുന്നു കൈതോലകള്‍. പ്ലാസ്റ്റിക് പായകള്‍ വരുന്നതിനു മുമ്പ് കൈതോല പായകള്‍ ഉപയോഗിക്കാത്ത ഒരു വീടും കേരളത്തില്‍ ഉണ്ടായിരുന്നില്ല. ഇന്ന്‍ ഗൃഹാതുരത്വത്തിന്റെ ഒരടയാളമായി പായകള്‍ നമ്മള്‍ ഒരലങ്കാര വസ്തുവായി വീടുകളില്‍ സൂക്ഷിക്കുന്നു. ഒരുകാലത്ത് അദ്ധ്വാനത്തിന്റെ  വിയര്‍പ്പു പതിഞ്ഞ ജീവിത പായകള്‍ പില്‍കാലത്ത് നമുക്കന്യമായി. സ്ത്രീകൾ പണ്ട് കാലത്ത് മുടിയിൽ ചൂടിയിരുന്നു. വസ്ത്രങ്ങൾ സൂക്ഷിക്കുന്ന പെട്ടികളിൽ സുഗന്ധവസ്തുവായി ഇതുപയോഗിച്ചിരുന്നു. പെട്ടികളിൽ ഇതിന്റെ ഗന്ധം ദീർഘകാലം നിലനിൽക്കും. പൂക്കൾ ഹൃദയഹാരിയായ അതിസുഗന്ധമുള്ളവയാണ്‌. 12 വർഷത്തിലൊരിക്കലേ കൈതപൂക്കാറുള്ളു. കൈതപ്പൂവിനെപ്പറ്റി പുരാണങ്ങളിൽ പരാമർശമുണ്ട്. നല്ല വെള്ളമുള്ള സ്ഥലങ്ങളിലും അപൂർവ്വം ചില മലകളിലും വളരുന്ന സുഗന്ധമുള്ള പൂക്കളുണ്ടാവുന്നതും മുള്ളുകളോടുകൂടിയ ഇലകളുമുള്ള സസ്യമാണ്‌ കൈത. ശാസ്തീയനാമം Pandanus Canaranusപൂക്കൈത എന്നുംതഴ എന്നും വിളിക്കുന്നു. കൈതപ്പൂവിന്റെ മണം നമ്മുടെ സാഹിത്യത്തിലും സിനിമകളിലും സുഗന്ധം പടര്‍ത്തിയ  ഒരു കാലം ഉണ്ടായിരുന്നു "കൈതപ്പൂ വിശറിയുമായി കാറ്റേ  കൂടെവരൂ..." അന്ന് കവിമനസുകളില്‍ കൈതപൂവിന്‍ കാറ്റ്  നിറഞ്ഞു നിന്നിരുന്നു. സാഹിത്യത്തിലും സിനിമകളിലും നാടന്‍ വാക്കുകളും ചെടികളും പൂക്കളും ഇല്ലാത്ത വരണ്ട ഒരു കാലമാണിന്ന്. അതുകൊണ്ട് തന്നെ കൈതകള്‍ നമുക്കന്യമാകുന്നത് പോലെ കൈതക്കാറ്റും നമ്മുടെ കവിതകളില്‍ നിന്നും മാഞ്ഞു പോയിരിക്കുന്നു. "താഴമ്പൂ മണമുള്ള തണുപ്പുള്ള രാത്രിയില്‍ തനിച്ചിരിന്നുറങ്ങുന്ന ചെരുപ്പക്കാരീ..." എഴുപതുകളിലാണ് ഇങ്ങനെ കൈതപ്പൂ സുഗന്ധത്തില്‍ ചെറുപ്പക്കാരികള്‍ തനിച്ചിരുന്നത്, ഇന്ന് താഴമ്പൂ എന്ന വാക്ക് തന്നെ നമുക്കില്ലാതായി ഒപ്പം കൈതപ്പൂവും. 


വയലുകളും കായലുകളും ധാരാളം വെള്ളവുമുള്ള സ്ഥലങ്ങളിലുമാണ് സാധാരണ  കൈതകള്‍ ധാരാളം കണ്ടുവരുന്നത്. ദക്ഷിണേന്ത്യയിൽ കേരളത്തിലും കർണ്ണാടകത്തിലും ഇവ പല ഇടങ്ങളിലായി ഇപ്പോഴും ഉണ്ട്. കായലുകള്‍ തന്നെ ഇല്ലാതാകുന്ന കാലത്ത് ഈ ഇരുതലയും മുള്ളുള്ള ചെടിയെ ആരോര്‍ക്കാന്‍. വംശനാശ ഭീഷണി പട്ടികയില്‍ ഇടം നേടിയ ഈ ചെടി നാളെ നമ്മുടെ ഗ്രുഹാതുരത്വത്തിന്റെ ചിഹ്നമായി ചുമരില്‍ ചിത്രമായും മാറും. പഴയകാല ഗാനങ്ങള്‍ മൂളുമ്പോള്‍ മാത്രം പറക്കുന്ന ഒരു സുഗന്ധമായി കൈതപ്പൂവിന്‍ മണം ഓര്‍മകളില്‍  പരക്കും.  

--------------------------------------------------------------------------------------------------
ഗള്‍ഫ് സിറാജ് ദിനപത്രം ഞായറാഴ്ചയില്‍  പച്ചമരം എന്ന കോളത്തില്‍ വന്നത് 

മുളങ്കാടുകളുടെ സംഗീതം നിലക്കുമോ


പാഴ്മുളം തണ്ടിൽ പാട്ടിന്റെ പാലാഴി തീർക്കാൻ പാകത്തിൽ പ്രകൃതി അനുഗ്രഹിച്ചു നല്കിയ ഒരു സസ്യമാണ് മുള. പുല്ലിന്റെ വർഗത്തിൽ പിറക്കുകയും എന്നാൽ വൻ വൃക്ഷത്തേക്കാൾ ഉയരത്തിൽ വളരുകയും ചെയ്യുന്ന ഈ വൻപുല്ല് ഇന്ന് വംശനാശ ഭീഷണി നേരിടുകയാണ്. പുല്ലിന്റെ വംശത്തിലെ ഏറ്റവും വലിയ ചെടിയാണ്‌ മുള. ഇതൊരു ഏകപുഷ്പിയാണ്. ഇതിലെ ഏറ്റവും വലിയ ഇനമായ ഭീമൻ മുളകൾക്ക് 80 അടിയോളം ഉയരമുണ്ടാകുംചില ഇനങ്ങൾ എല്ലാ വർഷവും, ചിലവ ആയുസ്സിൽ ഒരിക്കൽ മാത്രമേ പുഷ്പിക്കാറുള്ളൂ. വേനൽകാലത്ത് വനത്തിൽ അവശേഷിക്കുന്ന പ്രധാന ഭക്ഷണമാണ് മുള. ഇളംപച്ച നിറത്തിലുള്ള ഇവയുടെ പൂക്കൾ വളരെ ചെറുതാണ്. മുളയുടെ ഫലത്തിന് ഗോതമ്പുമണിയോടാണ് കൂടുതൽ സാദൃശ്യം. ആദിവാസികളുടെ ജീവിതത്തോട് ഏറെ ചേർന്ന് നില്ക്കുന്ന ഒരു സസ്യമാണ് മുള ഇന്ത്യയിലെ പലയിടങ്ങളിലും ഈ സസ്യം വംശനാശം നേരിടാതെ നിലക്കുന്നതിന്റെ പ്രധാന കാരണം ആദിവാസികളും മുളയെ അവരുടെ ജീവിതത്തിന്റെ തന്നെ ഭാഗമായാതിനാലാണ്. 

അവർ മുളകൊണ്ട് നിരവധി ഇന്ത്യയുടെ വടക്കുകിഴക്കൻമേഖലയിലെ ആദിവാസികൾ മുളകൊണ്ടുള്ള ഭാരം കുറഞ്ഞ വീടുകളുണ്ടാക്കുന്നു. എന്നാൽ മുള പൂത്ത് വിത്തുണ്ടാകുന്ന കാലം ഒരു നിർഭാഗ്യകരമായ ഒന്നായി പലയിടങ്ങളിലും കണക്കാക്കുന്നവരും ഉണ്ട് . എലികൾ ഈ വിത്ത് തിന്നാനായി ധാരാളമായി എത്തുകയും വിത്തുകൾ തീരുന്നതോടെ അവ മറ്റു വിളകൾ ആക്രമിക്കാനാരംഭിക്കുകയും ഇതുവഴി വൻ ക്ഷാമം അനുഭവപ്പെടുകയും ചെയ്യുന്നതായിരിക്കണം ഇതിനു  കാരണം വയനാട്ടിൽ ഉറവ് എന്ന കൂട്ടായ്മ നടത്തിയ വിപ്ലവകരമായ മുന്നേറ്റം ഇന്ത്യയിലും ലോകത്താകമാനവും  മുല ഉത്പന്നങ്ങൾക്ക് മൂല്യം നല്കാൻ സഹായിച്ചിട്ടുണ്ട് ഇന്ന് പല ഗവേഷണങ്ങളും മുളയെ അടിസ്ഥാനമാക്കി നടക്കുന്നുണ്ട്. അതുപോലെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരം പ്രവർത്തനങ്ങൾ നടക്കുന്നു മുളയുടെ പാരിസ്ഥിതികമായ പ്രസക്തിയും ഉപയോഗയോഗ്യതയും പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തിൽ എല്ലാ വർഷവും സെപ്റ്റംബർ 18-നാണ് ലോക മുള ദിനം ആചരിക്കുന്നു. വേൾഡ് ബാംബൂ ഓർഗനൈസേഷനാണ് ഈ ദിനാചരണം ആരംഭിച്ചത്.  കേരളീയ ജീവിതത്തോട് ചേർന്ന് നില്ക്കുന്ന നിരവധി ഉൽപന്നങ്ങൾ മുളകൊണ്ട് നിര്മ്മിക്കുന്നവയുണ്ട്. ഇന്നതിന്റെ സ്ഥാനം പ്ലാസ്റ്റിക് ഏറ്റെടുത്തതോടെ കുടിൽ വ്യവസായമായിരുന്ന മുള ഉല്പന്നങ്ങളുടെ ഉപയോഗം കുറഞ്ഞു വന്നു. കേരളത്തിലെ കാർഷികവൃത്തിയിൽ മുളകൾകൊണ്ടു നിർമ്മിച്ച കുട്ടവട്ടിപരമ്പ്, പലതരം മുറങ്ങൾ  ഉപകരണങ്ങൾക്ക് വിപണി സാധ്യത ഇല്ലാതായി. മുളകൊണ്ട് നിർമ്മിച്ച അളവുപാത്രങ്ങളും പാചകോപകരണങ്ങളും ഒരുകാലത്ത് നമ്മുടെ വീടുകളിലെ പ്രധാനഇനങ്ങൾ ആയിരുന്നു  ടൂറിസത്തിന്റെ ഭാഗമായി മുള കൊണ്ട് നിര്മ്മിക്കുന്ന കരകൌശല വസ്തുക്കളും ഫർണീച്ചർ തുടങ്ങിയവക്കും ഇന്ന് പ്രചാരം ഏറി വരുന്നു എന്നത് ആശ്വാസം തന്നെ. ഒരുകാലത്ത് മുളംകാടുകളാൽ സമൃദ്ധമായിരുന്ന വയനാട്ടിൽ നിന്നും ഗ്വാളിയോർ റയോണ്‍ ഫാക്ടറിയിലേക്കും കടലാസ് നിർമാണത്തിനായും വെട്ടി കൊണ്ടുപോകാൻ തുടങ്ങിയതോടെ മുളകളുടെ കഷ്ടകാലം തുടങ്ങി, ഇന്ന് വംശനാശം നേരിടുന്ന സസ്യങ്ങളുടെ പട്ടികയിൽ മുളയും ഉണ്ട്   ഇതുകൊണ്ടുണ്ടാക്കുന്നു. അളവുപാത്രങ്ങളും പാചകോപകരണങ്ങളും ഒരുകാലത്ത് നമ്മുടെ വീടുകളിലെ പ്രധാനഇനങ്ങൾ ആയിരുന്നു. ഇന്ന് മുള നമുക്ക് ഒരു ശല്യകാരനാണ്. വംശനാശം നേരിടുന്ന ഏറ്റവും വലിയ പുല്ലിനെ വെറും പുല്ലായി കാണാതെ സംരക്ഷിച്ചു നിറുത്തേണ്ടത് ആവശ്യമാണ്‌. 


---------------------------------------------------------------------------------------------------------------------
ഗള്‍ഫ് സിറാജ് ദിനപത്രം ഞായറാഴ്ചയില്‍  പച്ചമരം എന്ന കോളത്തില്‍ വന്നത് 

കളിയോർമ്മകൾ ഉണർത്തുന്ന പുന്നയും പുന്നക്കായും

ണലേകാൻ ഒരു മരം എന്നതിലുപരി ഒരു മരം പ്രകൃതിക്ക് നല്കുന്ന നിരവധി സംഭാവനകൾ ഉണ്ട് അതിന്റെ ഏറ്റവും വലിയ ഗുണഭോക്താവ് മനുഷ്യൻ തന്നെയാണ് അതുകൊണ്ട് തന്നെ വംശനാശ ഭീഷണി നേരിടുന്ന സസ്യങ്ങളെ കുറിച്ച് ബോധാവാനാകേണ്ടാതിന്റെ പ്രാധാന്യം വളരെ വലുതാണ്‌. കേരളത്തിൽ കണ്ടുവന്നിരുന്ന പല മരങ്ങളും നമുക്കിന്ന് അന്യമായികൊണ്ടിരിക്കുകയാണ്. അത്തരത്തിൽ വംശനാശ ഭീഷണി നേരിടുന്ന പട്ടികയിൽ സ്ഥാനം പിടിച്ച ഒരു നിത്യഹരിത സസ്യമാണ് പുന്ന അഥവാ പുന്നാഗം.(Calophyllum inophyllum

കേരളത്തില അടക്കം ഇന്ത്യയുടെ ദക്ഷിണ തീരപ്രദേശങ്ങളിലും  പൂർവ ആഫ്രിക്ക മലേഷ്യവരെയുള്ള പ്രദേശങ്ങളിലും  ഓസ്ട്രേലിയയിലും ഈ മരം കണ്ടുവരുന്നു. മണലിൽ നന്നായി വളരുന്നതുകൊണ്ടും ഒരു തണൽവൃക്ഷമായി വളരുന്നതുകൊണ്ടും മറ്റനേകം ഉപയോഗമുള്ളതുകൊണ്ടും ചില പസഫിക്‌ രാജ്യങ്ങളിൽ പുന്നമരത്തെ വിശുദ്ധവൃക്ഷമായി കരുതുന്നു. കറുപ്പുകലർന്ന ചാരനിറമാർന്ന  തൊലിയുള്ള ഇത്  ഏറെ ഉറപ്പുള്ള മരമാണ്, വെള്ളത്തിൽ ഏറെ കാലം കിടന്നാൽ കേടുവരില്ല എന്നതിനാൽ പണ്ടുകാലം മുതൽ തന്നെ കേരളത്തിൽ തോണി നിർമാണത്തിന് പുന്നത്തടി ഉപയോഗിച്ചിരുന്നു. കടുപ്പമുള്ള പുന്നയുടെ തടി ബോട്ടുണ്ടാക്കാനും മറ്റു നിർമ്മാണപ്രവർത്തങ്ങൾക്കും ഉപയോഗിക്കുന്നു. പണ്ടുമുതലേ പസഫിക്‌ ദ്വീപുകളിലുള്ളവർ ബോട്ടുകൾക്ക്‌ കീലിടാൻ പുന്ന ഉപയോഗിച്ചിരുന്നു. അവർ  ഉണങ്ങിയ  പുന്നക്കായ്‌ കുട്ടികളുടെ പ്രകൃതിദത്തമായ ഗോലിയാണ്, ഇക്കാലത്ത് കുട്ടികൾ കളിക്കാൻ പുന്നക്കായ്‌ ഉപയോഗിക്കുന്നില്ല എങ്കിലും പണ്ട് കുട്ടികളുടെ പ്രധാന കളികളിൽ പുന്നക്കായ്‌ ഒരു പ്രധാന സാന്നിദ്ധ്യമായിരുന്നു. 

പുന്നയുടെ കുരുവിൽ നിന്നും ലഭിക്കുന്ന കട്ടിയുള്ള കടുംപച്ച നിറത്തിലുള്ള പുന്നയെണ്ണ ഔഷധമായും തലയിൽ പുരട്ടുവാനും ഉപയോഗിക്കുന്നു. ഡോംബാ ഓയിൽ (ബോംബെ എണ്ണ) എന്ന് ഇത് വിദേശരാജ്യങ്ങളിൽ അറിയപ്പെടുന്നു. ജൈവൈന്ധനമായി ഉപയോഗിക്കാൻ പുന്നയെണ്ണ നല്ലതാണ്‌. മരമൊന്നിന്‌ 11.7 കിലോ എണ്ണ ലഭിക്കുന്നു (ഒരു ഹെക്ടറിന്‌ 4680 കിലോ). രാത്രിയിൽ വിളക്കുകത്തിക്കാൻ കേരളത്തിലും ഫിലിപ്പൈൻസിലും പുന്നയെണ്ണ ഉപയോഗിച്ചിരുന്നു. മണ്ണെണ്ണയുടെയും വൈദ്യുതിയുടെയും വരവോടെയാണ്‌ ഇതിനു മാറ്റമുണ്ടായി. പണ്ടുകാലത്ത്‌ പുന്നയെണ്ണയ്ക്ക്‌ കേരളത്തിൽ നികുതിയേർപ്പെടുത്തിയിരുന്ന ഒരു കാലം ഉണ്ടായിരുന്നു. 

ചരിത്രപരമായ മറ്റൊരു പ്രത്യേകത പുന്നയെണ്ണക്കുണ്ട്.  രണ്ടാം ലോകമഹായുദ്ധകാലത്ത്‌ റേഡിയോയ്ക്ക്‌ വൈദ്യുതി ഉണ്ടാക്കാൻ പുന്നയെണ്ണ ഉപയോഗിച്ചിട്ടുണ്ട്‌... ഔഷധമായും പണ്ടുമുതലേ പുന്നയെണ്ണ ഉപയോഗിച്ച് വരുന്നു. തൈലം വേദന ശമിപിക്കും. തൊലിയിലെ കറക്ക് വൃണങ്ങളെ കരിക്കാനുള്ള ശേഷിയുണ്ട്. അതിസാരം പ്രവാഹിക, എന്നിവ ശമിപ്പിക്കാൻ ഇതിനു കഴിയും. പുന്നമരത്തിന്റെ ഇലയുടെ നീര് കോർണിയയെ വ്യക്തതയുള്ളതാക്കും (തിമിരം) എന്ന് വൃന്ദമാധവത്തിൽ പരാമർശിച്ചിരിക്കുന്നു. സന്ധിവാതത്തിനു് പുന്നക്കായിൽ നിന്നെടുക്കുന്ന പുന്നയെണ്ണ നല്ലതാണ് ഇത്തരത്തിൽ ഏറെ പ്രയോജനപ്രദമായ ഒട്ടനവധി കാര്യങ്ങള്ക്ക് ഉപയോഗിക്കുന്ന ഈ നിത്യ ഹരിത മരമാണ് ഇന്ന് കേരളക്കരയിൽ നിന്നും കാണാതായി കൊണ്ടിരിക്കുകയാണ്. പുന്നതൈ പറിച്ചു നടുന്നത് നല്ലതല്ല എന്ന അന്ധവിശ്വാസം നിലനില്കുന്നതിനാൽ ഇതിന്റെ വംശ വർദ്ധനക്ക് തടസം ഉണ്ടാകുന്നു. ഇന്ന് വളരെ അപൂർവമായേ പുന്നമരത്തെ കാണുന്നുള്ളൂ. ഏറെ കാലത്തെ പഴക്കമുള്ള ഒരു പുന്നമരം ആലപ്പുഴയിലെ പറവൂരിൽ കേരള സർക്കാർ സംരക്ഷിച്ചുവരുന്നു.
ആലപ്പുഴയിലെ പറവൂരിൽ കേരള സർക്കാർ സംരക്ഷിച്ചുവരുന്ന പഴക്കമുള്ള ഒരു പുന്ന മരം. 
---------------------------------------------------------------------------------------------------------------------
ഗള്‍ഫ് സിറാജ് ദിനപത്രം ഞായറാഴ്ചയില്‍  പച്ചമരം എന്ന കോളത്തില്‍ വന്നത്