Sunday 25 June 2017

നെയ്‌ച്ചോർ

മിനിക്കഥ

മുപ്പത് ദിവസത്തെ വ്രതം കഴിഞ്ഞ്‌ അവൻ ഉമ്മ ഉണ്ടാക്കിയ നെയ്‌ച്ചോർ തിന്നാൻവേണ്ടി വീട്ടിലേക്ക്  തീവണ്ടിയിൽ കയറി

കഥ കഴിഞ്ഞു!
......................

Sunday 11 June 2017

പ്രകൃതിയുടെ പ്രണയ സംഗീതമായ മധുരം ഗായതി

പാരിസ്ഥിതിക പ്രശ്നങ്ങളെ വളരെ പ്രാധാന്യത്തോടെ കൈകാര്യം ചെയ്യുന്ന മലയാളത്തിലെ ആദ്യ കൃതിയെന്ന് ഒ.വി.വിജയന്റെ മധുരം  ഗായതിയെ ശേഷിപ്പിക്കാം. മിതോളജിയും ഇക്കോളജിയും ഈ നോവലിൽ സമന്വയിക്കുന്നു. ആല്‍മരവും സുകന്യയുമൊത്ത് നടത്തുന്ന യാത്രകളാണത് ഈ നോവലിൻറെ കഥാഗതി., ഈ കൃതിയിലൂടെ സഞ്ചരിച്ചാല്‍ ഒവി വിജയന്‍ എന്ന എഴുത്തുകാരന്റെ ആഴം മനസിലാക്കാം. ഖസാഖ് പോലെ അത്ര ചർച്ചകൾക്ക് വഴി  തുറന്നില്ല എങ്കിലും മധുരം  ഗായതി അദ്ദേഹത്തിന്റെ ഏറ്റവും മികച്ച രചനകളിൽ ഒന്നാണ്. എഴുത്തിലും വരയിലും ദര്‍ശനത്തിലും മലയാളത്തിനും വിവരണാതീതമായ സംഭാവനകള്‍ നല്‍കി മലയാളത്തിന്റെ എക്കാലത്തെയും ഇതിഹാസമായ  ഒ.വി.വിജയനെ ആർനെ നസ്സിന്റെ ഡീപ് ഇക്കോളജി ഒരു പക്ഷെ  അബോധതലത്തിലെങ്കിലും സ്വാധീനിച്ചിരിക്കാം. 
'സുകന്യ ആ മഹാവൃക്ഷത്തെ വണങ്ങി. കൊമ്പുകളും ഇലത്തഴപ്പും ഈ സന്ദർശനത്തിനായി ഒരു പക്ഷി അതിന്റെ തൂവലുകളെന്ന പോലെ ആൽമരം ഒതുക്കിച്ചുരുക്കിയിരുന്നു. അണിമ, മഹിമ തുടങ്ങിയ മഹാ സിദ്ധികൾ നേടിയ വൃക്ഷമായിരുന്നു അത്. അസംഖ്യം മൺചുറ്റുകളിൽ വേരുകൾ അഴിച്ചെടുത്ത് ഈ വഴിയത്രയും വന്ന ആൽമരത്തിന്റെ സൗഹൃദം സുകന്യയുടെ മനം കുളുർപ്പിച്ചു.' സുകന്യയിൽ കിളിർത്തു വരുന്ന പ്രണയത്തിന്റെ ആർദ്രമായ ഭാവങ്ങൾ വാക്കുകളിലൂടെ അറിയാം. പഞ്ചഭൂതങ്ങളോട് വിലയനം പ്രാപിച്ച സത്തയാണ് സുകന്യയുടേത്.
ഈ യാന്ത്രിക സംകൃതിയില്‍ വൈയക്തികമായ സത്ത വീണ്ടെടുക്കാനും തന്‍റെ പരിമിതികളെ കുറിച്ച് അവബോധമുണ്ടാകാനും പ്രകൃതി പ്രേരിപ്പിക്കുന്നു.  'പുതിയൊരു തുടക്കം സംഭോഗത്തിന്‍റെ സ്വാര്‍ഥമല്ലാത്ത ഗര്‍ഭധാരണം, രക്തം സ്രവിക്കാത്ത പ്രസവം, ഈ രാത്രി തൊട്ട് അമ്മയുടെ ഗര്‍ഭപാത്രം വിട്ട് അവള്‍ എന്റെ വയറ്റില്‍ ഉറങ്ങും. എന്നില്‍ നിന്ന് അവള്‍ പുറത്തു വരും പ്രകൃതിയുടെ ശിശുവായിട്ട്.'  
വ്യത്യസ്തമായ ഒരു രചനാ ശൈലി  ഈ നോവലിൽ ഒ.വി. വിജയൻ ഉണ്ടാക്കിയിട്ടുണ്ട്. സ്വാർത്ഥമായ മനുഷ്യവർഗ്ഗത്തിന്റെ കാണാതെ പോകുന്ന പതനത്തിന് നിന്നും ലളിതമായി മോചിക്കപ്പെടാൻ എങ്ങനെ സാധിക്കുമെന്ന ഒരന്വേഷണം ഒരൽമരവും വനകന്യകയായ സുകന്യയും തമ്മിലുള്ള പ്രണയം അതിന്റെ സൃഷ്ടിപരമായ സ്നേഹമെന്ന അടിസ്ഥാനത്തിൽ ഇഴചേർന്നു നിൽക്കുന്നതാണ് മനുഷ്യാത്മാവിന്റെ സ്നേഹസൗന്ദര്യമെന്നും അതിലേക്ക് ഇഴകിച്ചേരുന്ന യാത്രയാണ് ഈ നോവൽ എന്ന് വിവക്ഷിക്കാം. 
സുകന്യയുടെ അച്ഛനും അമ്മയുമായ സുമംഗലയും മൃത്യുഞ്ജയയനും നടത്തുന്ന സംഭാഷണത്തിലൂടെ ചുറ്റുമുള്ള യാഥാർഥ്യങ്ങളിലെ തർക്കങ്ങൾ നോവലിൽ ഭാഗിയായി ഊടും പാവും പോലെ ചേർത്തിരിക്കുന്നു. മകളുടെ കാമുകൻ ഒരു മനുഷ്യനല്ലെന്ന ആകുലത സുമംഗലയിൽ നിഴലിക്കുന്നതായി കാണാം. 
'അദ്ദേഹം ഒരു മനുഷ്യനല്ലെന്നു ചിന്തിക്കുമ്പോൾ' സുമംഗല പറഞ്ഞു തുടങ്ങി.
'ശാസ്ത്രത്തിന്റെ യുക്തിയനുസരിച്ച്  മനുഷ്യനാണ്' മൃത്യുഞ്ജയൻ പറഞ്ഞു. 'യാത്രങ്ങൾ അവരുടെ പരീക്ഷണശാലകളിൽ വിളയിച്ച പുതിയ ജൈവപരമ്പരയിലെ ഏറ്റവും ശ്രേഷ്‌ഠരായ മനുഷ്യരിൽ ഒരാൾ. ഓരോ കോശവും ജൈവഗണിത ശാസ്ത്രത്തിന്റെ യുക്തിയ്ക്ക് അനുസൃതമായി പണി തീർത്തെടുത്ത പിഴയില്ലാത്ത ജീവി.' 
'കാട്ടിലെ മനുഷ്യരായ നമുക്ക് നിറയെ പിഴയല്ലേ? നമ്മുടെ ജൈവ ഗണിത ശാസ്ത്രത്തിൽ നിറയെ വിടവുകൾ.'
ആദിപിതൃക്കൾക്ക് നമ്മെ സ്പർശിക്കാനുള്ള പഴുതുകളാണ് ആ വിടവുകൾ. ആദിമ പ്രജ്ഞകൾക്ക് ഒരുക്കി വരാനുള്ളരന്ധ്രങ്ങൾ.'  ഇങ്ങനെ ഇവരുടെ സംവാദം നീളുമ്പോൾ അവിടെ നമ്മോടു സംവദിക്കുന്നത് ജീവിത യാഥാർഥ്യത്തിന്റെ അർത്ഥതലങ്ങളിലേക്ക് വാക്കുകൾ ഇറ്റിയിറ്റി മരകറപോലെ ഒലിച്ചിറങ്ങിയകൊണ്ടിരിക്കുന്നു.
പ്രണയത്തിന്റെ മഹാ  പ്രയാണമാണ് ഈ  നോവൽ. ആ മഹാ പ്രയാണത്തിൽ ആൽമരവും സുകന്യയും അവരുടെ സഞ്ചാരപഥങ്ങളും ഇഴചേർന്ന് പ്രകൃതിയുടെ താളത്തിൽ ലയിപ്പിച്ച വർണ്ണനാതീതമായ ഒരു യാത്രയായി മാറുന്നു. 
'സംഗീതം നിലച്ചപ്പോൾ ഭൂമി ശുദ്ധമായി യന്ത്രിമയുടെയും വൈരുധ്യത്തിന്റെയും സ്ഫോടനത്തിന്റെയും ഓർമ്മ അകന്ന് അന്യമായി. ഭൂമിയിൽ സസ്യവും മൃഗവും ധാതുവും വീണ്ടും ഒന്നുചേർന്ന്. കാറ്റുകൾ ആർദ്രങ്ങളും കടലുകൾ അലസങ്ങളുമായി. കാലത്തിന്റെ ഗൂഢമായ വഴിത്താരയിലൂടെ വിദൂരമായ യുഗസന്ധ്യകളിലേക്ക് സംഗീതം ഒഴുകികടന്നു ഭൂമി അതിനെ തേടി പ്രയാണം തുടർന്നു.' മധുരം ഗായതി അവസാനിക്കുമ്പോൾ നമ്മൾ മറ്റൊരു ലോകത്തു നിന്നും ഇറങ്ങി വന്ന തോന്നലിലേക്ക് ചെന്നത്തപ്പെടുന്നുണ്ട്.  
ആൽമരത്തിന്റെയും സുകന്യയുടെയും പ്രണയം  സൃഷ്ടിയെ ശാന്തിയിലേക്കു നയിക്കുന്നു. മനുഷ്യാത്മാവിന്റെ സ്നേഹസൗന്ദര്യത്തെ പുല്‍കിയുണര്‍ത്തുന്ന സുതാര്യസംഗീതമാണ്‌ മധുരം ഗായതി എന്ന നോവൽ എന്ന് പറയാം. വാക്കുകള്‍ കൊണ്ട് ഇതിഹാസകാലം സൃഷ്ടിച്ച ഒ.വി. വിജയൻ എന്ന അപൂര്‍വത ഇന്നും നമുക്ക് ഒരത്ഭുതവും ആകുന്നു                                                                                        _________________________________
(2017 ജൂൺ  തസറാക് വെബ് മാസികയിൽ വന്ന ലേഖനം) 
http://thasrak.com/category/%E0%B4%B2%E0%B5%87%E0%B4%96%E0%B4%A8%E0%B4%82/188/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%95%E0%B5%83%E0%B4%A4%E0%B4%BF%E0%B4%AF%E0%B5%81%E0%B4%9F%E0%B5%86---%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A3%E0%B4%AF-%E0%B4%B8%E0%B4%82%E0%B4%97%E0%B5%80%E0%B4%A4%E0%B4%AE%E0%B4%BE%E0%B4%AF--%E0%B4%AE%E0%B4%A7%E0%B5%81%E0%B4%B0%E0%B4%82-%E0%B4%97%E0%B4%BE%E0%B4%AF%E0%B4%A4%E0%B4%BF
(കടപ്പാട്: ഡോ: ജിസാ ജോസിന്റെ ഒരു പഠനമാണ് മധുരം ഗായതിയിലേക്ക് എന്നെ വീണ്ടും തിരിച്ചു നടത്തിച്ചത്)