Tuesday 29 November 2011

മുതലാളിത്തം പ്രലോഭനങ്ങളുടെ പരസ്യവല നെയ്യുമ്പോള്‍

"ധന സമ്പാദനം ലക്ഷ്യം വെച്ച് വളരെ നീണ്ട കാലത്തേക്ക് മനുഷ്യബുദ്ധിയെ അറസ്റ്റ്‌ ചെയ്യുന്ന കലയാണ്‌ പരസ്യം"
                                                                -:സ്റ്റീഫന്‍ ലീക്കൊക്ക്.

                ല്ലാ അതിരുകളും ലംഘിച്ച്, കച്ചവടത്തിനപ്പുറം മാനസികാധിനിവേശത്തിന് ഇടം നല്‍കുന്ന ഒന്നായി പരസ്യങ്ങള്‍ മാറുകയാണ്. ഒരു ഉല്പന്നവും പരസ്യത്തിന്‍റെ പിന്‍ബലമില്ലാതെ ഉപയോഗിക്കുന്നില്ല എന്നതാണ് ഇന്നത്തെ അവസ്ഥ. ഭക്ഷണം, പാര്‍പ്പിടം, ആരോഗ്യം, വിദ്യാഭ്യാസം എന്നീ അടിസ്ഥാന ആവശ്യങ്ങള്‍ പോലും പരസ്യത്തിലൂടെ നല്‍കിവരുന്ന മാതൃകകളാണ് സ്വീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. പാരമ്പര്യമായി നാം സ്വീകരിച്ചുപോരുന്ന ഭക്ഷണ രീതി പോലും പരസ്യങ്ങള്‍ മാറ്റിമറിച്ചു കൊണ്ടിരിക്കുകയാണ്. പരസ്യങ്ങളിലൂടെ ബഹുരാഷ്ട്രകുത്തകകമ്പനികളുടെ ഭക്ഷ്യ ഉല്പന്നങ്ങള്‍ നമ്മുടെ അടുക്കളയിലും ആമാശയത്തിലും ഇടം നേടിക്കഴിഞ്ഞു. ലോകത്തിന്‍റെ ഓരോ ഇരുപതു മീറ്ററിലും ഒരു കെന്റക്കിയെങ്കിലും ഉണ്ടായിരിക്കണമെന്ന കച്ചവട വാശി ലോകത്ത് ഏറെക്കുറെ യാഥാര്‍ത്ഥ്യമായിക്കഴിഞ്ഞു. ജൈവ സാങ്കേതിക വിദ്യ വികസിച്ചതോടെ നമുക്ക് മുന്നില്‍ തുറന്നിട്ട സാദ്ധ്യതകള്‍ ബഹുരാഷ്ട്ര കുത്തക കമ്പനികളാണ് വേണ്ട വിധത്തില്‍ ഉപയോഗിച്ചത്‌. തല്‍ഫലമായി അതാത് പ്രദേശങ്ങളില്‍ നിലനിനിരുന്ന പ്രാദേശിക ഭക്ഷണരീതിയെപോലും ഹൈജാക്ക്‌ ചെയ്തുകൊണ്ട് ബഹുരാഷ്ട്രകുത്തകകളുടെ ഉല്പന്നങ്ങള്‍ മൂന്നാം ലോക ജനതയ്ക്ക് മീതെ അടിച്ചേല്‍പ്പിക്കുന്നതിന് പരസ്യങ്ങള്‍ ഏറെ സഹായിച്ചു.  അതി ഉപഭോകൃത സംസ്കാരം പേറുന്ന കേരളത്തില്‍ മൈദ ഉല്പന്നങ്ങള്‍ ഭക്ഷണത്തിന്‍റെ പ്രധാന ഭാഗമായത്‌ ഇത്തരത്തില്‍ ചില ഇടപെടലുകളാണ്. പുതിയ ഭക്ഷണ രീതി സ്വീകരിച്ചതിന്‍റെ ഫലമായി ആരോഗ്യ രംഗത്ത്‌ ഉണ്ടായ പ്രശ്നങ്ങള്‍ മറച്ചു പിടിക്കുകയും, പകരം സമയലാഭത്തെയും, ഉപയോഗ സുഖത്തെയുംഅമിത പ്രാധാന്യം നല്‍കി തന്ത്രപരമായി മനസ്സുകളെ കീഴടക്കുകയാണ് ഒട്ടുമിക്ക പരസ്യങ്ങളും.
                ട്രെന്റുകള്‍ സൃഷ്ടിക്കുകയും അതിന്‍റെ മറവില്‍ വിപണനം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നതിനിടയില്‍ പ്രതിരോധങ്ങളെയും, ബദല്‍ സാധ്യതകളെയും പരസ്യങ്ങള്‍ തന്ത്രത്തില്‍ നിര്‍വീര്യമാക്കി സാമൂഹിക പ്രശനങ്ങളിലേക്കുള്ള സത്യസന്ധമായ ഇടപെടലുകളെ തട്ടിയകറ്റുന്നു. ഉല്‍പന്നങ്ങളുടെ ഗുണമേന്മ മാത്രം പെരുപ്പിച്ചു കാണിക്കുകയും ദോഷകരമായ എല്ലാ കാര്യങ്ങളെയും മറച്ചുവെക്കുകയും ചെയ്യുന്ന തന്ത്രപരമായ ഇടപെടലാണ് പരസ്യങ്ങള്‍. ചോദ്യം ചോദിക്കുക എന്ന യുക്തിയെ മറവിയുടെ ലോകത്തേക്ക് തള്ളിവിടാന്‍ പരസ്യങ്ങള്‍ക്കാവുന്നു. സമൂഹം നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്നങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനാവാത്ത അവസ്ഥയേയും ചില കമ്പനികള്‍ പരസ്യങ്ങളിലൂടെ തന്ത്രപരമായി ഉപയോഗിക്കാറുണ്ട്. ഒരേ നുണയെ തന്നെ നിരവധി തവണ അവതരിപ്പിച്ച് അതിനെ സത്യമാക്കി മാറ്റുന്ന ഗീബല്‍സിയന്‍ തന്ത്രം പലരും മനസിലാക്കാതെ പോകുന്നു. ആഗോളവല്‍ക്കരണത്തിന്റെ പ്രകടമായ പ്രത്യേകത ഓര്‍മ്മകളെ തുരത്തി പകരം കമ്പോള താല്പര്യത്തിലൂന്നിയ മനസ്സുകളെ സൃഷ്ടിക്കുക എന്നതാണല്ലോ. ഇന്ന് സമൂഹത്തിലെ മാന്യത എങ്ങിനെ നിര്‍ണ്ണയിക്കണമെന്നു പലപ്പോഴും പരസ്യങ്ങളാണ് തീരുമാനിക്കുന്നത്. തങ്ങള്‍ ഉയര്‍ത്തി കാട്ടുന്ന ഉല്പന്നം ഉപയോഗിച്ചില്ലെങ്കില്‍ ഒരിക്കലും നിങ്ങള്‍ക്ക് മാന്യനാകാന്‍ കഴിയില്ല എന്ന പരസ്യ വാചകത്തിന് മുന്നില്‍ എത്രപേരാണ് മുട്ടുമടക്കുന്നത്. സംസ്കാരത്തെ ഒരു വിനിമയ ചരക്കാക്കി ചുരുക്കികാട്ടുകയും ആ വഴിയിലേക്ക് ചിന്തിപ്പിക്കുകയുമാണ് ഒട്ടുമിക്ക പരസ്യങ്ങളുടെയും ദൗത്യം. അതിനു വിവര സാങ്കേതികത വിദ്യയുടെ വളര്‍ച്ചയെ ഒരു ചവിട്ടു പടിയാക്കുകയാണ് പരസ്യങ്ങള്‍. ആധുനികതയുടെ ഇടനിലക്കാരനായി പ്രത്യക്ഷപ്പെട്ട ടെലിവിഷന്‍ സാങ്കേതികതയുടെ മികവില്‍ മാധ്യമ രംഗത്ത്‌ മേല്‍കൈ നേടിയതോടെയാണ് പരസ്യ വിപണിയും കൂടുതല്‍ സജീവമായത്. ഉല്പന്നങ്ങളുടെ വിപണി മാത്രം ലക്ഷ്യമിട്ട് ഒട്ടനവധി പരസ്യങ്ങളും മറ്റു പരിപാടികളും നിരന്തരം സാറ്റലൈറ്റുകള്‍ വഴി അന്തരീക്ഷത്തില്‍ വിതറികൊണ്ടിരിക്കുകയാണ്. ഇന്‍റര്‍നെറ്റിന്‍റെ അനന്ത സാധ്യതകളെ ഏറ്റവും ക്രിയാത്മകമായി ഉപയോഗിക്കുന്നതും പരസ്യവിപണി തന്നെയാണ്. ബഹുരാഷ്ട്ര കുത്തക കമ്പനികള്‍ അതാതു മേഖലകളിലെ താരമൂല്യത്തെ ഉപയോഗിച്ചുകൊണ്ട് പരസ്യങ്ങള്‍ സൃഷ്ടിക്കുന്നതോടെ അവ അതിവേഗത്തില്‍ ജനമനസുകളില്‍ ചേക്കേറുന്നു. ഇവിടെ മൂല്യങ്ങള്‍ മാറ്റിവെക്കുകയും കൂടുതല്‍ ഒത്തുതീര്‍പ്പുകളിലേക്ക് നാം ഓരോരുത്തരും അടുക്കുന്നു. ഈ ഇടം നല്‍കല്‍ ബഹുരാസ്ത്ര കുത്തകളുടെ സ്വാധീനം വര്‍ദ്ധിപ്പിക്കുന്നു. സദാചാര്യമര്യാദയെ മാറ്റിവെച്ചുകൊണ്ട് ശരീരത്തെ വെറും പ്രദര്‍ശനവസ്തു മാത്രമാക്കി ചുരുക്കിയതോടെ സ്ത്രീ ശരീരം പരസ്യ ഉപഭോഗത്തിന്‍റെ ചൂഷണത്തിനു വിധേയമാകാന്‍ തുടങ്ങി. അങ്ങിനെ ശരീരത്തെ ആവശ്യത്തിനും അനാവശ്യത്തിനും ഉപയോഗിക്കുന്ന ഒരു വേദിയായി പല പരസ്യങ്ങളും. പുരുഷന്‍മാര്‍ മാത്രം ഉപയോഗിക്കുന്ന വസ്തു പോലും വിപണിയിലെത്തിക്കുവാന്‍ അര്‍ദ്ധനഗ്നമേനി പ്രദര്‍ശിപ്പിക്കുന്ന സുന്ദരിമാരെ വേണ്ടിവന്നു. ശരീര ഭാഷയും സൌന്ദര്യത്തെയും വെറും കാഴ്ച്ചവസ്തുവാക്കി ചുരുക്കുകയും അവ കൂടുതല്‍ 'പ്രോജക്ട്' ചെയ്യുന്നതിന് വേണ്ടി വിപണിയില്‍ അതിനനുസരിച്ച വസ്ത്രങ്ങളും സൗന്ദര്യവര്‍ദ്ധക വസ്തുക്കളും നിറഞ്ഞു. വിപണിയുടെ ഈ സാധ്യതയെയാണ് ശരീര പ്രദര്‍ശനത്തിലൂടെ മുതലെടുക്കുന്നത്.

                ഒരു പഠനത്തില്‍ ടെലിവിഷന്‍ ചാനലുകളില്‍ പ്രത്യക്ഷപ്പെടുന്ന പരസ്യങ്ങള്‍ മൊത്തം പരിപാടിയുടെ 40 ശതമാനം മുതല്‍ 60 വരെ വരുമെന്നാണ് സൂചിപ്പിക്കുന്നത്. അതായത്‌ നാം അധികവും പരസ്യങ്ങളാണ് ദിനംപ്രതി നാം കണ്ടു തീര്‍ക്കുന്നത് എന്ന് സാരം. ചില ചാനലുകളുടെ പൂര്‍ണ്ണ നിയന്ത്രണം പോലും പരസ്യ ദാതാക്കള്‍ക്കാണ്. ടെലിമാര്‍ക്കറ്റ്‌ എന്ന പേരില്‍ നമ്മുടെ സ്വീകരണമുറിയില്‍ കടന്നു കയറി കച്ചവടം നടത്തുന്ന നൂറുകണക്കിന് ചാനലുകളും, അതിനനുസരിച്ച പരിപാടികളുമാണ് നമുക്ക് മുന്നിലുള്ളത്. ചില കമ്പനികള്‍ നടത്തുന്ന പരിസ്ഥിതി മലിനീകരണവും, പ്രകൃതി വിഭവങ്ങളുടെ അമിത ചൂഷണവും പൊതുജനമധ്യത്തില്‍ എത്താതിരിക്കാന്‍ ഇവര്‍ പരസ്യങ്ങളിലൂടെയാണ് ചാനലുകളെ സ്വാധീനിക്കുന്നത്. പരസ്യങ്ങളിലൂടെ ലഭിക്കുന്ന സാമ്പത്തിക ലാഭത്തെ തട്ടിമാറ്റിക്കൊണ്ട് സാമൂഹിക-പാരിസ്ഥിതിക പ്രശ്നങ്ങളെ തുറന്നു കാണിക്കുവാന്‍ ഇവരുടെ സ്വാധീനത്തില്‍ അകപെട്ട മാധ്യമങ്ങള്‍ തയ്യാറായെന്നു വരില്ല. ഇത്തരത്തില്‍ പരസ്യ ദാതാക്കളുടെ അല്ലെങ്കില്‍ കോര്‍പ്പറേറ്റ് ശക്തികളുടെ ഇംഗിതത്തിനു വഴങ്ങി  വാര്‍ത്തകളെ അവരുടെ വഴികളിലേക്ക് തിരിച്ചു വിടുന്ന മാധ്യമങ്ങളും നമുക്ക് മുന്നിലുണ്ട്. {പ്രലോഭനങ്ങളില്‍ പെടാതെ സത്യം പുറത്ത് കൊണ്ടുവന്നമാധ്യമങ്ങളെയും മാധ്യമ പ്രവര്‍ത്തകരേയും ഇവിടെ വിസ്മരിക്കുന്നില്ല}.
                കുട്ടികളെയും യുവതീയുവാക്കളെയും ആകര്‍ഷിക്കുന്ന പരസ്യങ്ങള്‍ സൃഷ്ടിക്കുക വഴി തങ്ങളുടെ 'ബ്രാന്‍ഡ്‌ നെയിം' മനസ്സുകളില്‍ പതിപ്പിച്ചെടുക്കാനുള്ള മല്‍സരം പരസ്യവിപണിയില്‍ മുറുകുകയാണ്. അതാത് കാലത്തിന്‍റെ പ്രവണതക്ക് അനുസരിച്ച് നിര്‍മ്മിക്കുന്ന പരസ്യങ്ങള്‍ തീര്‍ത്ത വലയില്‍ നിന്നും രക്ഷ നേടാനാകാതെ കുഴങ്ങുകയാണ് കലാരംഗവും. സമൂഹത്തില്‍ ഏറെ സ്വാധീനം ചെലുത്താന്‍ കഴിയുന്ന ചലച്ചിത്ര-കായിക താരങ്ങള്‍ അണിനിരക്കുന്ന പരസ്യങ്ങള്‍ ചാനലുകളില്‍ നിറയ്ക്കപ്പെട്ടുകഴിഞ്ഞു. വന്‍കിട കമ്പനികളുടെ സ്വാധീനവും സാങ്കേതിക മികവും തന്നെയാണ് ഇവിടെയും വിജയം വരിക്കുന്നത്. സമ്പന്നമായ താരമൂല്യത്തെ ഇവര്‍ക്ക് എളുപ്പത്തില്‍ ഉപയോഗിക്കാനാവുന്നു. ഇതിനിടയില്‍ ചെറുകിട മേഖല തളരുന്നു. കേന്ദ്ര സര്‍ക്കാരിന്‍റെ പുതിയ നയത്തിന്‍റെ ഭാഗമായി ചില്ലറ വ്യാപാര രംഗത്തേക്കും കുത്തക കമ്പനികള്‍ ചേക്കേറുന്ന അവസ്ഥ ഉണ്ടായാല്‍ ഇപ്പോള്‍ തന്നെ തകര്‍ച്ച നേരിടുന്ന ചെറുകിട മേഖല ഇനിയും വന്‍ തകര്‍ച്ചയിലേക്ക് കൂപ്പുകുത്താം. ചെറുകിട മേഖലയുടെ ഈ തളര്‍ച്ച തന്നെയാണ് മുതലാളിത്തം ആഗ്രഹിക്കുന്നതും.
                എണ്‍പതുകളുടെ തുടക്കത്തോടെ നമ്മുടെ ഗ്രാമങ്ങളിലേക്ക് എത്തിയ ടെലിവിഷന്‍ തൊണ്ണൂറുകള്‍ ആയപ്പോഴേയ്ക്കും വ്യാപകമായി മാറി. ഈ മാറ്റം നമ്മുടെ കായിക സംസ്കാരത്തിലും വല്ലാതെ പ്രതിഫലിച്ചു. ബ്രിട്ടീഷ്‌ ആധിപത്യം നിലനിന്നിരുന്ന രാജ്യങ്ങളില്‍ മാത്രമാണ് ക്രിക്കറ്റ്‌ എന്നാ കായിക വിനോദം ഒരു ഭ്രാന്തായി മാറിയത്‌. അതോടെ ക്രിക്കറ്റിനു അമിത പ്രാധാന്യം നല്‍കികൊണ്ട് മറ്റു കായിക ഇനങ്ങളുടെ സാദ്ധ്യത ഇല്ലാതാക്കുന്ന തരത്തിലേക്ക് നമ്മുടെ കായിക സംസ്കാരം മാറി. ക്രിക്കറ്റിനു നല്‍കിവരുന്ന പ്രോത്സാഹനത്തിന്‍റെ നാലിലൊരു ഭാഗം മറ്റു കായിക ഇനങ്ങള്‍ക്ക് നല്‍കിയിരുന്നെങ്കില്‍ ചില ഇനങ്ങളിലെങ്കിലും നമുക്കും നന്നായി തിളങ്ങാമായിരുന്നു. ഒരു ദിവസം മുഴുവന്‍ ടെലിവിഷന് മുന്നിലിരിക്കുന്ന ഈ കളിക്കിടയില്‍ നിരവധി തവണ ഇടവേളകള്‍ ഉള്ളതിനാലാണ് കുത്തകകമ്പനികളും ദൃശ്യമാധ്യമങ്ങളും ക്രിക്കറ്റിനെ വിടാതെ പിടിച്ചിരിക്കുന്നത്. എട്ടു മണിക്കൂറോളം നീണ്ടു നില്‍ക്കുന്ന ഒരു ഏകദിന മത്സരത്തിനിടയില്‍ ഓരോ ഓവര്‍ കഴിയുമ്പോഴും ബാറ്റ്സ്മാന്‍മാര്‍ പുറത്താകുന്ന ഇടവേളകളിലും മറ്റുമായി ഏകദേശം അഞ്ഞൂറോളം പരസ്യ ചിത്രങ്ങളാണ് ഒരു പ്രേക്ഷകന്‍ കണ്ടുതീര്‍ക്കുന്നത്. ക്രിക്കറ്റിലെ പുതിയ ട്രെന്റ്‌ ആയ ട്വന്‍റി ട്വന്‍റി യിലും പരസ്യത്തിന്‍റെ ചാകരയാണ്. ഇതിനാലാണ് ഈ കായിക ഇനത്തെ മാധ്യമങ്ങളും ബഹുരാഷ്ട്രകുത്തകകമ്പനികളും പ്രോത്സാഹിപ്പിക്കുതിന്‍റെ രഹസ്യം.

                ചരിത്രത്തെയും, യുക്തിയെയും നിഷേധിക്കുന്ന മുതലാളിത്ത വാര്‍ത്തകള്‍ സൃഷ്ടിക്കുന്ന ചില മാധ്യമങ്ങള്‍ പരസ്യങ്ങളിലൂടെയും ഈ ദൗത്യം ഏറ്റെടുക്കുന്നുണ്ട് കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍ പരസ്യ ഭാഷയില്‍ വന്ന മാറ്റം ശ്രദ്ധിച്ചാല്‍ ഒരു കാര്യം വ്യക്തമാകും. കുറച്ചുകാലം മുമ്പ്‌ ഒട്ടുമിക്ക ഉല്‍പ്പന്നങ്ങളുടെയും ഗുണമേന്മ ശാസ്ത്രീയമായി തെളിയിക്കപെട്ടതാണ് എന്ന് പറഞ്ഞിരുന്നരീതി ഇന്ന് കുറഞ്ഞു വരികയും പകരം പാരമ്പര്യത്തിന്‍റെയും ഐതിഹ്യങ്ങളുടെയും പിന്‍ബലത്തോടെയാണ് പരസ്യങ്ങള്‍ ഇറങ്ങുന്നത്. ശാസ്ത്രജ്ഞനോ ഡോക്ടറോ ഉല്‍പ്പന്നങ്ങള്‍ പരിചയപ്പെടുത്തുന്ന രീതി ഇന്ന് കുറഞ്ഞു വരികയും പകരം മഹര്‍ഷിയോ ജോത്സ്യനോ ആണ് ഇന്ന് ഉല്‍പ്പന്നങ്ങള്‍ പരിചയപ്പെടുത്തുന്നത്. ഐതിഹ്യങ്ങളിലെ ഋഷിവര്യന്മാരും മറ്റുമാണ് (ഇവരുടെ വേശം കെട്ടിയ താരങ്ങള്‍) നമ്മുടെ ഉപഭോഗ മനസിനെ നിയന്ത്രിക്കുന്നത്. ജൈവ ഉല്‍പ്പന്നങ്ങളുടെ ഗുണമേന്മ തിരിച്ചറിഞ്ഞ ജനങ്ങള്‍ അതിലേക്കു തിരിഞ്ഞതോടെയാണ് പരസ്യങ്ങളില്‍ പാരമ്പര്യത്തിന്‍റെ അംശങ്ങള്‍ കുത്തിതിരികിയതും 'ഹെര്‍ബല്‍' എന്ന വാക്ക്‌ കൂട്ടിചേര്‍ത്തതും. മനുഷ്യന്‍ പ്രകൃതിയിലേക്ക് മടങ്ങുന്നതിന്‍റെ അനിവാര്യതയെ ചൂഷണം ചെയ്തുകൊണ്ട് ഒരു കാലത്ത്‌ അയിത്തം കല്‍പ്പിച്ചിരുന്ന ജൈവനാമങ്ങളാണ് ഇന്ന് പരസ്യങ്ങളില്‍ നിറഞ്ഞു കവിയുന്നത്. പരസ്യങ്ങളുടെ മനശ്ശാസ്ത്രപരമായ ഈ സമീപനം വില്‍പ്പനയെ ഏറെ സഹായിച്ചു. മാധ്യമങ്ങളുടെ സാമ്പത്തികവശം തിരിച്ചറിഞ്ഞ കുത്തക കമ്പനികള്‍ മദ്ധ്യവര്‍ഗ്ഗത്തിന്‍റെ ആടിയുലയുന്ന മനസിനെ കീഴടക്കാന്‍ ഇന്ന് പരസ്യങ്ങളെയാണ് ഉപയോഗിക്കുന്നത്. ഒരു പ്രേക്ഷകന്‍ എന്ത് കേള്‍ക്കണമെന്നും, എന്ത് കാണണമെന്നും, എന്ത് വാങ്ങിക്കണം, എങ്ങനെ ചിന്തിക്കണമെന്നും തീരുമാനിക്കുന്നത് പരസ്യങ്ങളിലൂടെയാണ് എന്ന അവസ്ഥയിലാണ് നാമിന്ന് ജീവിക്കുന്നത്. പരസ്യങ്ങളുടെ പ്രലോഭനങ്ങളില്‍ വിദ്യാസമ്പന്നരായവരാണ് വേഗത്തില്‍ അടിതെറ്റുന്നത്. പ്രബുദ്ധരും വിദ്യാ സമ്പന്നരുമായ മലയാളികള്‍ ആണല്ലോ തേക്ക്, ആട്, മാഞ്ചിയം, തുടങ്ങി ലിസ്, മണി ചെയിന്‍ തുടങ്ങിയ വിവിധ തരത്തിലുള്ള തട്ടിപ്പുകളില്‍ പെട്ടെന്ന് വീണുപോയത്. തന്ത്രപരമായ പരസ്യക്കെണിയില്‍ മലയാളിയെ എളുപ്പം വീഴ്ത്താനാവും എന്ന് പല വിരുതന്മാരും പലത്തവണ തെളിയിച്ചു കഴിഞ്ഞു. ഈ ആധുനിക പരസ്യവേട്ടക്കാര്‍ ഇന്ന് വൈദ്യ രംഗത്തെയും വിദ്യാഭ്യാസ രംഗത്തെയും ഏറ്റെടുത്തതോടെ ഉണ്ടായ സാമൂഹ്യ മേഖലയിലെ പ്രത്യാഘാതംങ്ങള്‍ വളെ വലുതാണ്‌. ഔഷധ വ്യവസായ രംഗത്തിന്‍റെ വില്‍പ്പനയുടെ ബാധ്യത ഡോക്ടര്‍മാര്‍ ഏറ്റെടുത്തതോടെ പാവപ്പെട്ട രോഗികള്‍ക്ക് മീതെ അനാവശ്യ മരുന്നുകള്‍ അടിച്ചേല്‍പ്പിക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ബന്ധിതരായി. അലോപ്പതി മരുന്ന് വ്യവസായ രംഗത്ത് പ്രതിവര്‍ഷ വില്‍പ്പന പതിനായിരം കോടിയിലധികമാണ്‌. ഇതിന്‍റെ ഇരുപത് ശതമാനത്തിലധികം പരസ്യങ്ങള്‍ക്ക് വേണ്ടിയാണ് ചെലവാക്കുന്നത്. ഗ്രാമങ്ങളില്‍ പോലും പഞ്ചനക്ഷത്ര ആശുപത്രികള്‍ ഉയരുകയും, അവയുടെ പരസ്യങ്ങള്‍ നമ്മുടെ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയുമാണ്. സേവന മേഖലയായി പ്രവര്‍ത്തിക്കേണ്ട ആരോഗ്യരംഗത്തിന്‍റെ ഈ ചുവടുമാറ്റം സമൂഹത്തില്‍ സൃഷ്ടിക്കുന്ന അസുന്തലിതാവസ്ഥ വളരെ വലുതാണ്‌. വഴിയോര കച്ചവടക്കാരന്‍ പല്ലുവേദന മുതല്‍ എയ്ഡ്സിനു വരെ ഉപയോഗിക്കാമെന്ന് അവകാശപ്പെടുന്ന ഒറ്റമൂലിയെ കുറിച്ചു തൊണ്ടകീറി വിളിച്ചുപറഞ്ഞ് ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കുന്ന അതേ രീതി തന്നെയാണ് ബിരുദങ്ങളുടെ ഭാരം പേറുന്ന നവ ഡോക്ടര്‍മാരും ചെയ്തു കൊണ്ടിരിക്കുന്നത്. ഇവിടെ അവര്‍ തെരുവിലിറങ്ങുന്നില്ല, പകരം ലക്ഷങ്ങള്‍ മുടക്കി പരസ്യങ്ങളിലൂടെ നമ്മുടെ സ്വീകരണ മുറിയിലേക്ക് നുഴഞ്ഞുകയറുന്നു എന്ന വ്യത്യാസം മാത്രം. ഇങ്ങനെ പരസ്യങ്ങളിലൂടെ ജനങ്ങളെ കബളിപ്പിച്ച് ലക്ഷങ്ങള്‍ കൊയ്യുന്ന ഒരു മേഖലയായി ആരോഗ്യരംഗം ചുരുങ്ങുന്നു. മുതലാളിത്തവും മരുന്ന് വ്യവസായവും തമ്മില്‍ലുള്ള ബന്ധത്തിന്‍റെ ആഴം മനസിലാകുമ്പോള്‍ ഇനിയും ഈ പ്രവണത കൂടാനാണ് സാധ്യത. വിദ്യാഭ്യാസ രംഗവും ഇതേ പ്രതിസന്ധി തന്നെയാണ് നേരിടുന്നത്. പഞ്ചനക്ഷത്ര തലത്തില്‍ സൃഷ്ടിച്ച പുതിയ പല വിദ്യാഭ്യാസ സ്ഥാപങ്ങങ്ങളുടെയും പരസ്യങ്ങള്‍ മാധ്യമങ്ങളില്‍ നിറഞ്ഞാടുകയാണ്. ആര്‍ട്ട്‌ വിഷയങ്ങളെ പാടെ തഴഞ്ഞുകൊണ്ട് ആഗോളവല്‍ക്കരണ താല്പര്യത്തെ സംരക്ഷിക്കാന്‍ പാകത്തിലുള്ള ബിരുദങ്ങള്‍ക്ക് അന്തസ് കല്പ്പിച്ചു നല്‍കി നമ്മുടെ വിദ്യാഭാസ രംഗത്ത്‌ മുതലാളിത്തം നടത്തിയ കടന്നുകയറ്റത്തിന്‍റെ ഇരകളായി നമ്മുടെ വിദ്യാര്‍ഥികള്‍. കമ്പോള താല്പര്യത്തെ സംരക്ഷിച്ചു നിര്‍ത്തുക എന്ന ഗൂഡലക്ഷ്യമിട്ട് അവതരിക്കപ്പെട്ട ബിരുദക്കെണികളില്‍ കേരള ജനതയെ അതിവേഗത്തില്‍ വീഴ്ത്താനായി എന്നതാണ് സത്യം. ഇതില്‍ പരസ്യങ്ങളുടെ പങ്ക് വളരെ വലുതാണ്‌. പ്രബുദ്ധരായ ഒരു ജനതയെ പരസ്യങ്ങള്‍ക്കൊണ്ട് പറ്റിക്കാനാവില്ല എന്ന നിരീക്ഷണം ഇവിടെ തിരുത്തിക്കുറിച്ചു.
വാര്‍ത്തകളും ആയുധപരസ്യങ്ങളും.
                ആഗോളീകരണത്തിന്‍റെ വിപണിയുടെ വ്യാപ്തി പരസ്യങ്ങളിലൂടെ വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം അധിനിവേശ സാദ്ധ്യതകളും വര്‍ദ്ധിക്കുന്നുണ്ട് എന്ന ഭീകരാവസ്ഥയെ ലോകം നിസംഗതയോടെയാണ് നോക്കികാണുന്നത്. ഇന്ന് ഓരോ യുദ്ധങ്ങളും യുദ്ധപരസ്യങ്ങളും കൂടിയാവുകയാണ്. സാമ്രാജ്യത്വ രാജ്യങ്ങള്‍ നിര്‍മ്മിക്കുന്ന മാരകമായ ആധുനിക ആയുധങ്ങള്‍ പ്രദര്‍ശിപ്പിക്കുവാനും, പ്രവര്‍ത്തിക്കുവാനുമുള്ള ഒരു വേദിയായി യുദ്ധങ്ങള്‍ മാറുകയാണ്. ശത്രു പാളയത്തിലേക്ക് ഒരു മില്ലീമീറ്റര്‍ പോലും തെറ്റാതെ ചെന്ന് പതിക്കുന്ന മിസൈലുകള്‍ തൊടുത്തു വിടുന്നതോടൊപ്പം അതിന്റെ കൃത്യതയോടെയുള്ള പ്രവര്‍ത്തനവും അതുണ്ടാക്കുന്ന പ്രഹരത്തിന്‍റെ ശക്തിയും മുതലാളിത്ത മാധ്യമങ്ങള്‍ വിശദമായി വിളമ്പുന്നുണ്ട്.. വാര്‍ത്തകളിലൂടെയുള്ള ഈ പരസ്യ രീതിയിലൂടെ ആയുധ വിപണി സജ്ജീവമാക്കുവാനും, ആയുധ കച്ചവടം വര്‍ദ്ധിപ്പിക്കുവാനും സാധിക്കുന്നു. ഇതോടൊപ്പം അധിനിവേശ താല്പര്യവും ഇവര്‍ സംരക്ഷിക്കപ്പെടുന്നു.
                സര്‍വ്വമേഖലകളിലുമുള്ള, ഒട്ടുമിക്കവരും പരസ്യങ്ങളുടെ പിടിയിലമരുന്നു. ഒട്ടുമിക്ക പരസ്യങ്ങളും സത്യത്തെ വക്രീകരിക്കുമ്പോള്‍ ഏറെ അസത്യങ്ങള്‍ നാം നിരന്തരം കാണുകയും കേള്‍ക്കുകയും ചെയ്യുന്ന നിര്‍ബന്ധിതാവസ്ഥ സംജാതമാകുന്നു. ഈ ദൃശ്യമലിനീകരണം മൂല്യങ്ങളെ അട്ടിമറിച്ചുകൊണ്ട് അശ്ലീലത്തെ ശ്ലീലമാക്കിയും, മേനി പ്രദര്‍ശനം ജീവിത യാഥാര്‍ത്ഥ്യങ്ങളില്‍ ഉള്‍പ്പെടുത്തിയും മുന്നേറുമ്പോള്‍ കച്ചവടലാഭം ലക്ഷ്യമിട്ട അവസ്ഥ സൃഷ്ടിക്കപെടുകയും സാധാരണക്കാരായ ജനങ്ങള്‍ എന്നും ഉപഭോക്താവ്മാത്രമായി ചുരുങ്ങുകയാണ് നല്ലത് എന്ന തെറ്റായ മാര്‍ഗ്ഗരേഖയാണ് ഒട്ടുമിക്ക പരസ്യങ്ങളും നമുക്ക് നല്കികൊണ്ടിരിക്കുന്നത്. വിപണിയും വിപണനവും സാമൂഹിക മൂല്യങ്ങള്‍ക്ക് വില കല്‍പ്പിക്കേണ്ടതാണെന്ന സത്യത്തെ അട്ടിമറിക്കുന്ന പരസ്യങ്ങളില്‍ നിന്നും നാം മോചനം നേടേണ്ടതുണ്ട്. ബഹുരാഷ്ട്രകുത്തകകളുടെയും മറ്റും എല്ലാതരത്തിലുള്ള പരസ്യ തന്ത്രങ്ങളെയും തിരിച്ചറിഞ്ഞുകൊണ്ട് വിപണിയുടെ ശുദ്ധമായ അതിരുകളിലേക്ക് മൂന്നാം ലോക ജനത എത്തപ്പെടേണ്ടതുണ്ട്. ആഗോളവല്‍ക്കരണ നയങ്ങള്‍ നമ്മളില്‍ അടിച്ചേല്‍പ്പിക്കാന്‍  പരസ്യങ്ങളെ എങ്ങനെ ഉപയോഗിക്കുന്നു എന്ന് തിരിച്ചറിയാനുള്ള സാമൂഹിക ബാധ്യത മൂന്നാം ലോക ജനത സ്വയം ആര്‍ജ്ജിക്കേണ്ടതുണ്ട്. നമ്മുടെ പാരമ്പര്യ കുടില്‍ വ്യവസായങ്ങളെ തകര്‍ത്തുകളഞ്ഞ അതേ തന്ത്രം മുതലാളിത്ത ആവനാഴിയില്‍ ഇനിയും വശേഷിക്കുന്നുണ്ടെന്ന ബോധം റിമോട്ട് കണ്‍ട്രോളില്‍ വിരലമര്‍ത്തുന്നതിന് മുമ്പ്‌ ഓര്‍ക്കുന്നത് നന്നായിരിക്കും. വിരല്‍തുമ്പില്‍ നിന്നും വിരിയുന്ന വിസ്മയ കാഴ്ചയില്‍ ഭ്രാമിച്ചുകൊണ്ടിരുന്നാല്‍ ഒരു പൂമ്പാറ്റയായോ അപ്സരസായോ നമ്മുടെ മസ്തിഷ്ക്കത്തിലേക്ക് പരസ്യത്തിലൂടെ പ്രലോഭനങ്ങളുടെ വിഷവിത്തുകള്‍ മുലപ്പിച്ചെടുക്കാന്‍ ശ്രമിക്കും. ലോകമാകെ പരസ്യക്കെണികളുടെ നീണ്ട വളകള്‍ നെയ്തുകൊണ്ട് ഒരു ചിലന്തിയെപോലെ മുതലാളിത്തവും കാത്തിരിക്കുന്നുണ്ട്. ഈ വലയില്‍ കുടുങ്ങാതെ ജീവിക്കുവാനുള്ള രാഷ്ട്രീയ ബോധത്തെ വളര്‍ത്തുക മാത്രമാണ് നമുക്ക് മുന്നിലെ ഏക പോംവഴി. അങ്ങനെ പ്രലോഭനങ്ങളുടെ പരസ്യ മഴയെ ഒരു പരിധി വരെ നമുക്ക് തടയാന്‍ കഴിയും.
*****************************************************
                                                                ഫൈസല്‍ ബാവ  

Saturday 26 November 2011

മുല്ലപെരിയാര്‍: വരാനിരിക്കുന്ന മഹാ ദുരന്തം

പ്പോള്‍ മാധ്യമങ്ങളിലും സോഷ്യല്‍ നെറ്റ്‌വര്‍ക്ക്‌ സൈറ്റുകളിലും നിറഞ്ഞു നില്‍ക്കുന്ന വിഷയമാണ് മുല്ലപെരിയാര്‍. ഡാം 999 എന്ന സിനിമ. പലപ്പോഴും ചര്‍ച്ചകള്‍ സിനിമ നിരോധിക്കണോ അതോ തമിഴ്‌ സിനിമകള്‍ കേരളത്തില്‍  നിരോധിക്കണോ എന്നായി ചുരുങ്ങുന്നു. മുല്ലപ്പെരിയാറിനെ കുറിച്ച് ചിലതു നാം മനസിലാകാനുണ്ട്. എന്തുകൊണ്ട് തമിഴ്നാട് ഇതിനെ എതിര്‍ക്കുന്നു? പുതിയ ഡാം എന്നത് പ്രാവര്ത്തികമാണോ? ഇത്തരത്തില്‍ കുഴക്കുന്ന ചിലപ്രശ്നങ്ങള്‍ ഇതോടൊപ്പം ചേര്‍ത്ത് വായിക്കണം. ഒപ്പം വരാനിരിക്കുന്ന ദുരന്തത്തെ ഗൗരവത്തോടെ സമീപിക്കുകയും വേണം. കഴിഞ്ഞ ദിവസങ്ങളില് വിദേശത്തു നിന്നെത്തിയ വിദഗ്ധര്‍ ഇവിടെ ഒരു റിസര്‍ച്ച് നടത്തുകയും തുടര്‍ന്ന് ഒരു സെമിനാറില്‍  ഡാമിന്റെ യഥാര്‍ത്ഥ അവസ്ഥ പറയുകയും ചെയ്തു. അതനുസരിച്ച്, പരമാവധി 5 വര്ഷം മാത്രമേ ഈ അണക്കെട്ടിനു ആയ്യുസ്സുള്ളൂ… നിര്ഭാഗ്യവശാല്‍ എന്തെങ്കിലും സംഭവിച്ചു (ചെറിയ ഭൂമികുലുക്കം ആയാല് പോലും) തകര്ന്നാല്‍, മുല്ലപ്പെരിയാറിന് താഴെയുള്ള എല്ലാ ചെറു ഡാമുകള്‍ തകരുകയും ഈ ജലം മുഴുവന്‍  ഇടുക്കിയിലെത്തുകയു ചെയ്യും. ഇത്രയും വലിയ പ്രഹരശേഷി തടയാന്‍ ഇടുക്കി ഡാമിന് കഴിയില്ല. അങ്ങനെ വന്നാല് ഇടുക്കി ആര്‍ച്ച് ഡാം തകരും, ഇടുക്കി ജില്ലയുടെ പകുതി മുതല് തൃശൂര് ജില്ലയുടെ പകുതി വരെ വെള്ളത്തിലാകും. എറണാകുളം ജില്ല പൂര്ണമായും നശിക്കും. നിര്‍ഭാഗ്യവശാല്‍ അങ്ങനെ സംഭവിച്ചാല്‍ നെടുമ്പാശ്ശേരി വിമാനത്താവളം പൂര്‍ണ്ണമായും വെള്ളത്തിനടിയിലാകും, ലുലു, ഒബ്രോണ് മാള്, ഇന്ഫോ പാര്‍ക്ക്,  തുടങ്ങി നിരവധി വലിയ സ്ഥാപനങ്ങള്‍ നാശോന്മുഖമാകും. എല്ലാത്തിലും പുറമേ, ഏകദേശം 30 ലക്ഷത്തിലധികം ജനങ്ങള്‍ കൊല്ലപ്പെടും. എത്രയോപേര്‍ ഭാവനരഹിതരാകും. ഏകദേശം 42 അടി ഉയരത്തില്‍ ആര്‍ത്തിരമ്പി വരുന്ന വെള്ളത്തിന്റെ മരണപ്പാച്ചിലില്‍ സര്‍വ്വതും നശിക്കും. വെള്ളം മുഴുവന് ഒഴുകി തീര്ന്നാല്‍, 10 ഓളം അടി ഉയരത്തില് ചെളി കെട്ടിക്കിടക്കുന്ന അവസ്ഥയുണ്ടാകും. ഇടുക്കി മുതല് അറബിക്കടല് വരെ സംഹാരതാണ്ടവം ആടി വെള്ളത്തിന് എത്തിച്ചേരാന് വെറും 4.30 മുതല് 5.30 വരെ മണിക്കൂറുകള് മതി. അതിനുള്ളില്‍ ലോകം തന്നെ കണ്ടത്തില് വച്ച് ഏറ്റവും വലിയ ദുരന്തം സംഭവിക്കും. പിന്നെ, ഇതിനുള്ള പരിഹാരങ്ങളിലും ആകെ പ്രശ്നങ്ങള്‍ ആണ്, തമിഴ്നാടിന്റെ. ഡാമിന് താഴെ പുതിയ ഡാം പണിയുന്നതിനു പാറ തുരന്നാല്‍ അത് ഡാമിന്റെ ഭിത്തികള്ക്ക് താങ്ങാന് കഴിയില്ല. ആകെയുള്ള പോംവഴി വെള്ളം മുഴുവന് തുറന്നു വിടുക എന്നതാണ്. അങ്ങനെ വെള്ളം മുഴുവന് തുറന്നു വിട്ടു പുതിയ ഡാം പണിതു അതില് വെള്ളം നിറഞ്ഞു തമിഴ്നാടിനു കിട്ടുമ്പോഴേക്കും കുറഞ്ഞത് 20 വര്ഷം എടുക്കും. അതുവരെ അവര്‍ വെള്ളത്തിനെന്തു ചെയ്യും? അതിനാലാണ് അവര്‍ ഇതിനെ ശക്തിയായി എതിര്‍ക്കുന്നത്. പക്ഷെ ഒരു പരിഹാരം കാണാതെ ഇരു സര്‍ക്കാരുകളും തര്‍ക്കിച്ചിരുന്നല്‍ന്നാല്‍ നിരപരാധികളായ ലക്ഷക്കണക്കിന് ആളുകളുടെ ജീവനും അവരുടെ സ്വപ്നങ്ങളും എല്ലാം വെള്ളം കൊണ്ട് പോകും. ഇരു സര്‍ക്കാരുകളും പരസ്പരം കൈകോര്‍ത്ത് ഏറ്റവും നല്ല പോംവഴി കണ്ടെത്തിയില്ലെങ്കില്‍ സഹിക്കാവുന്നതിലും അപ്പുറമുള്ള ഒരു ദുരന്തത്തെ ക്ഷണിച്ചു വരുത്തലാകും.

- ഫൈസല്‍ ബാവ
http://epathram.com/pacha/category/green-column

Friday 25 November 2011

കഥ- ഷെഹ് റസാദയുടെ പകലുകൾ

ടുത്ത ബറ്റാലിയൻ കമാന്റിനായി കാത്ത് നിൽക്കുകയാണ്. ടാങ്കിന്റെ ശബ്ദം ടെന്റിനകത്തേയ്ക്ക് ഇരച്ച് കയറിക്കൊണ്ടിരുന്നു. തുണിജാലകത്തിനപ്പുറം പരന്നുകിടക്കുന്ന മരുഭൂമിയിൽ നോക്കിയിരിക്കുകയാണ് നിക്കോളാസ്. മരുഭൂമിയുടെ വിശാലതയ്ക്ക് ആകാശം അതിരുകളായി. അയാൾക്ക് എന്തെല്ലാമോ പറയണമെന്നുണ്ടായിരുന്നെങ്കിലും തടിച്ച പുസ്തകം വായിച്ചുകൊണ്ടിരുന്ന റോജർ ലോപ്പസിനെ ശല്യം ചെയ്യാൻ അയാൾക്ക് തോന്നിയില്ല. നിക്കോളാസ് പുറത്തേയ്ക്കിറങ്ങി. ടെന്റിൽ ബാക്കിയായ രണ്ടുപേർ പട്ടാളവേഷമണിഞ്ഞ് ഇറങ്ങുമ്പോൾ തടിച്ച പുസ്തകം വായിക്കുന്ന ലോപ്പസിനെ നോക്കി. അവരുടെ മുഖത്ത് പരിഹാസച്ചുവയുള്ള ചിരി പടർന്നു. അവരും ഇറങ്ങിയതോടെ ടെന്റിനകത്ത് ലോപ്പസ് ഒറ്റയ്ക്കായി. ടെന്റുകൾക്ക് മീതെ അശാന്തമായൊരു മുഴക്കം തങ്ങി നിന്നു.
അയാൾ വായന തുടർന്നു. വായനയ്ക്കിടയിൽ അയാളിൽ പുതിയ സംശയങ്ങൾ കിളിർത്തു. “വലിയ പാറക്കല്ലുകളിട്ട് സിന്ദ് ബാദിന്റെ പ്രതീക്ഷകൾക്കൊപ്പം കപ്പലുകളേയും തൂക്കുന്ന ആനറാഞ്ചി പക്ഷികൾ..ഇതൊക്കെ അയാളിൽ കിളിർത്ത സംശയം ചങ്കിൽ നിന്നും പുറത്തേയ്ക്കൂരിത്തെറിച്ചതും അവിടെയാകെ നീലപ്പുക പടർന്നു. ലോപ്പസ് അന്ധാളിച്ച് നിൽക്കെ പുകപടലങ്ങൾക്കിടയിൽ നിന്നും ചോദ്യമുയർന്നു.
“ഉം..എന്താ സംശയം?”
അയാൾ അത്ഭുതത്തോടെ ചാടിയെഴുന്നേറ്റു. ഒരു സുന്ദരി അവിടെ പ്രത്യക്ഷപ്പെട്ടു.  അവളുടെ ചുണ്ടുകളിൽ പുഞ്ചിരി വിടർന്നു. നീലക്കണ്ണുകൾ തിളങ്ങി.  അത്ഭുതത്തോടെ അയാൾ തന്റെ തന്നെ ശരീരത്തിൽ നുള്ളി നോവിച്ച് നോക്കി.
“ഹോ!” വേദനയോടെ കൈ പിൻ വലിച്ചു. അവൾ ചിരിച്ചു. അയാൾ അമ്പരപ്പിൽ നിന്നും കുതറിമാറി ധൈര്യം വീണ്ടെടുത്ത്
“ആരാണ് നീ..ഈ ക്യാമ്പിനുള്ളിൽ എങ്ങിനെ കടന്നു?” അവൾ പൊട്ടിച്ചിരിച്ചു.
“സുഹൃത്തേ..ഇത് അത്ഭുതങ്ങളുടെ ഭൂമിയാണ്. അത്ഭുതങ്ങൾ മാത്രം പിറക്കുന്ന ഭൂമി”
“എന്നാലും” അയാളിൽ സംശയങ്ങൾ ബാക്കി നിന്നു. സുന്ദരിമാരായ പരിചാരികമാർ വെള്ളിത്താലത്തിൽ കൊണ്ടുവന്ന കറുത്ത വീഞ്ഞ് അയാൾക്ക് നീട്ടി. അയാളത് കുടിക്കുവാൻ മടിച്ചു.
“ഉം..കുടിച്ചോളൂ..ഇത് താങ്കൾക്കായി കൊണ്ടുവന്നതാണ്.” അയാൽ അല്പം മടിയൊടെ നിന്നു. അവൾ ചിരിച്ച് അയാളുടെ തോളിൽ തട്ടിക്കൊണ്ട്
“സമാധാനിക്കൂ..ഇവിടെ പേടി വേണ്ട..പിന്നെ നിങ്ങളുടെ ശരികളിലൂടെ മാത്രമേ ലോകം സഞ്ചരിക്കൂ എന്ന് കരുതരുത്. താങ്കൾ വീഞ്ഞ് കുടിച്ചാലും”
സ്പർശനത്തിന്റെ സൌഖ്യത്തിൽ അയാൾ അത്ഭുതത്തോടെ അവളുടെ മുഖത്തേയ്ക്ക് സൂക്ഷിച്ച് നോക്കി.
“ഹോ..എന്തൊരു സൌന്ദര്യം”
അയാൾ വീഞ്ഞ് പാത്രം ചുണ്ടിനൊടടുപ്പിച്ചു.
“വരൂ” അവൾ അയാളെ സ്വീകരണമുറിയിലേയ്ക്കാനയിച്ചു. അയാൾക്ക് പിന്തുടരാതിരിക്കാനായില്ല. പരിചാരികമാർ നമ്രശിരസ്കരായി നിന്നു. കൊട്ടാരസദൃശമായ സ്വീകരണ മുറിയുടെ കൊത്തുപണികളോടുകൂടിയ തൂണുകൾ അയാൾ അത്ഭുതത്തോടെ തൊട്ടുനോക്കി.കാൽമുട്ടോളം നീണ്ട മുടി മടിയിലേയ്ക്കൊതുക്കിയിട്ട് ചുവന്ന പട്ടുവിരിച്ച സിംഹാസനത്തിൽ അവൾ ചാരിയിരുന്നു. ലോപ്പസ് പരിഭ്രമിച്ചുകൊണ്ട് അവൾ ചൂണ്ടിയ പിഠത്തിൽ അമർന്നു.
“താങ്കൾക്കിനിയും സംശയങ്ങൾ ബാക്കിയല്ലേ? ഇതൊരു അത്ഭുതലോകമാണ്. എന്റെ മുഖത്തേയ്ക്ക് സുക്ഷിച്ച് നോക്കുക…നിങ്ങൾക്കെന്നെ തിരിച്ചറിയാതിരിക്കാനാകില്ല.. കഥകൾ വറ്റിയ താങ്കളുടെ മനസ്സുനിറയെ കഥകൾ നിറയ്ക്കുകയാണെന്റെ നിയോഗം”
“ഓഹ്…ഷെഹ്..ഷെഹ് റസാദ്…”അയാളുടെ ചുണ്ടുകൾ മന്ത്രിച്ചു. ആശ്ചര്യത്തോടെ കണ്ണുകൾ വിടർന്നു.
“താങ്കളെല്ലാം മനസ്സിലാക്കിയിരിക്കുന്നു…ഇനി താങ്കളുടെ സംശയത്തിലേയ്ക്ക് വരാം..സിൻ ബാദ് അല്ലേ? അയാളൊരു അത്ഭുതമാണ്, ദുരന്തങ്ങളെ അതിജീവിക്കുന്നവനാണ്..ഒരേ സമയം സമ്പന്നനും ദരിദ്രനുമാണയാൾ.. മഹാസഞ്ചാരി” അവൾ കഥ തുടർന്നു. ഒരു കൊച്ചുകുട്ടിയെപ്പൊലെ അയാൾ കഥ കേട്ടിരുന്നു. കഥ പറച്ചിലിനിടയിൽ അവൾ ഒരു ഉപാധി വച്ചു.
“എന്റെ കഥകൾ മുഴുവനായും പറഞ്ഞുതീർന്നാലേ എന്റെ രഹസ്യങ്ങളെക്കുറിച്ച് ചോദിക്കാൻ പാടുള്ളൂ..അതുവരെ എന്നെ വിശ്വസിക്കുക..എന്റെ കഥകളേയും” വീഞ്ഞിന്റെ ലഹരിയിൽ അയാൾ തല കുലുക്കി സമ്മതിച്ചു.
“ കഥ പറയൂ..എന്റെ സുന്ദരീ..”
കഥ പറച്ചിലിനിടയിലെപ്പോഴോ അയാൾ അവളുമായി പ്രണയത്തിലായി. രാത്രികളിൽ സുഗന്ധം പരത്തി അവൾ വന്നു. ഓരോ രാത്രികളും ഒരോ കഥകളാൽ അയാൾ ഉറക്കത്തിലേയ്ക്ക് വഴുതി വീണു. അവളുടെ നിശ്വാസം അയാളുടെ നെഞ്ചിലെ രോമകൂപങ്ങൾക്കിടയിൽ കിടന്നു പിടഞ്ഞു. ഊദിന്റെ സുഗന്ധമുള്ള അവളുടെ വിയർപ്പുതുള്ളികൾ അയാളുടെ നെഞ്ചിനെ മഴ നനഞ്ഞ കാടാക്കി. അവളുടെ നീലക്കണ്ണുകളിലേയ്ക്ക് നോക്കി അയാൾ ചോദിച്ചു.
“എന്റെ പ്രണയിനീ..നിനക്കെങ്ങിനെ ഇത്രയധികം കഥകൾ പറയാനാകുന്നു?”
“എന്റെ പ്രിയപ്പെട്ടവനേ, അതൊരു നിയോഗമാണ്. അല്ലാഹു പരമ
കാരുണ്യവാനാകുന്നു. അവൻ എന്റെ നാവിൽ കഥകൾ പെയ്തിറക്കുകയാണ്. ഓരോ കഥകളും ഒരോ രാത്രികളെ ജീവിപ്പിക്കുന്നു.”
വെളിച്ചത്തിന്റെ വെള്ളിനൂലുകൾ വീണുതുടങ്ങിയതോടെ-
“പ്രിയനേ, എനിക്ക് പോകാൻ സമയമായി..നാളത്തെ കഥ ഇതിലും രസകരമാണ്.”
അവൾ പറന്നുയരുന്നത് അയാൾ നോക്കി നിന്നു. കൈ വീശിക്കൊണ്ട് അവൾ പറഞ്ഞു.
“പ്രിയനേ, നാളേയും ഞാൻ വരും. കാത്തിരിക്കുക.” അവൾ വെളിച്ചത്തിൽ അലിഞ്ഞില്ലാതായി.
അയാൾ മലർന്ന് കിടന്നു. പകലുകൾ അവളുടെ സാമീപ്യത്തിനായി കൊതിച്ചു. അവളില്ലാത്ത ഒരോ പകലും ദശകങ്ങളോളം നിണ്ടുകിടക്കുന്നതായി അയാൾക്കുതോന്നി.
അടുത്ത യാമത്തിൽ
“എന്റെ നീലസുന്ദരീ..നിന്റെ രാത്രികളെപ്പൊലെ പകലും എനിക്ക് സമ്മാനിക്കൂ”
“പ്രിയപ്പെട്ടവനേ. എന്റെ രാത്രികൾ മാത്രമാണ് സുന്ദരം. പകലുകൾ!“
അവളുടെ ചുണ്ടുകൾ വിറയ്ക്കുന്നതും കണ്ണുകളിൽ തീ പടരുന്നതും അയാൾ കണ്ടു. അവൾക്കിടയിലേയ്ക്ക് ഒലിച്ചിറങ്ങിയ നിശബ്ദതയെ അവൾ തന്നെ തുടച്ച് നീക്കി.
“ഇത്രയും വിസ്മയകഥകളിൽ നീ ലയിച്ചുവല്ലേ! ഇന്ന് ഇനി ഒരു വർത്തമാനകഥയുടെ ചുരുലഴിക്കട്ടേ പ്രിയനേ?”
“അഴിച്ചോളൂ സുന്ദരീ!“ അയാളുടെ അർത്ഥം വച്ച നോട്ടം അവളുടെ മാറിടത്തിൽ തട്ടിത്തെറിച്ചു.
“നീയെന്ത് മൊഴിഞ്ഞാലും അത് തേനിനേക്കാൾ മധുരമേകുന്നതാണ്. നിന്റെ കഥകളത്രയും രസകരം തന്നെ, നി കഥകളിൽ വർണ്ണിച്ച ആ സുഗന്ധനഗരിയ്ക്ക് മുകളിലൂടെ ഒന്ന് പറക്കാനായെങ്കിൽ, ഒരു രാത്രി നമുക്കൊരുമിച്ച്..”
“നീ പറന്നുകഴിഞ്ഞല്ലോ പ്രിയതമാ, നീ ആദ്യബോംബ് വർഷിച്ചത് ആ സുഗന്ധനഗരിക്ക് മീതെയായിരുന്നില്ലേ?”
അയാൾ ഞെട്ടലോടെ അവളിൽ നിന്നകന്നു.
“ക്ഷമിക്കണം സുന്ദരീ..അത് ഞങ്ങളുടെ തൊഴിലാണ്”
അയാൾ അവളെ സമാധാനിപ്പിച്ചു. അവളുടെ വശ്യതയാർന്ന മുഖത്തേയ്ക്ക് അയാൾ നോക്കിയിരുന്നു. അവൾ പുഞ്ചിരിച്ചു. മെത്തയിൽ നീട്ടിവച്ച കണങ്കാലിൽ അയാൾ മെല്ലെ തടവി.
“കഥ പറയൂ സുന്ദരീ..”
“താങ്കൾ വിവാഹിതനാണോ? “ അപ്രതീക്ഷിതമായി അവളിൽ നിന്നുയർന്ന ചോദ്യത്തിനു മുന്നിൽ ആദ്യമൊന്നയാൾ പരുങ്ങിയെങ്കിലും അവളുടെ പുഞ്ചിരി അയാൾക്ക് ആശ്വാസമേകി. അയാൾ ചിരിച്ച് കൊണ്ട് പറഞ്ഞു:
“അതെ..ഒരു തവണയല്ല അഞ്ച് തവണ”. അവൾ ചിരിച്ചു.
“നാലിലും കൂടുതലോ?”
അയാളും ചിരിയിൽ ലയിച്ചു.
“എന്നിട്ടും നീയെന്നെ പ്രണയിക്കുന്നുണ്ടോ?”
“നിന്നെ പ്രണയിക്കാതിരിക്കാനാവില്ല സുന്ദരീ..നിന്റെ നീലക്കണ്ണുകൾ, ചുവന്നുതുടുത്ത ചുണ്ടുകൾ, വിസ്മയ കഥകൾ നിന്നെ ഞാനെങ്ങനെ പ്രണയിക്കാതിരിക്കാനാകും?”
അയാൾ ആലിംഗനത്തിനായി അവളിലേയ്ക്കടുത്തു.
“കഥ കേൾക്കൂ കള്ളക്കുറുക്കാ..കഥ കേൾക്കൂ.! “ അവൾ അയാളെ മെല്ലെ തള്ളിമാറ്റി. അയാൾക്കല്പം പിന്നിലേയ്ക്ക് വലിഞ്ഞു.
“ക്ഷമിക്കണം സുന്ദരീ ഞാൻ!“ നിമിഷങ്ങൾക്കിടയിൽ കത്തുന്ന മൌനത്തിൽ കലമ്പി.
“ഞാൻ കഥ തുടങ്ങാം പ്രിയമുള്ളവനേ!“
അയാൾ ആശ്വാസത്തോടെ അവളിലേയ്ക്ക് ചാഞ്ഞു.
ഒരു വേശ്യയുടെ കഥ
കാമം തിളക്കമുള്ള കണ്ണുകളിലൂടെയാണ് സഞ്ചരിക്കുക. കണ്ണുകളിലത് നിറഞ്ഞ് കവിയുമ്പോൾ മറ്റുള്ളവരിലേയ്ക്ക് കൊടുങ്കാറ്റിന്റെ വേഗത്തിൽ പ്രവേശിക്കാൻ വെമ്പും, ആ കണ്ണുകളുമായി അവൾ നടന്നു. തകർന്നുതരിപ്പണമായ തെരുവോരങ്ങളിലൂടെ, വെടിമരുന്ന് മണക്കുന്ന ഇടവഴികളുലൂടെ, ടാങ്കുകൾ പായുന്ന പാതകളിലൂടെ. പട്ടാളക്കാർ അവളെ നോക്കി കൈ വീശി കാണിക്കുമ്പോൾ അവർക്കുനേരെ തന്റെ മാദകക്കണ്ണുകളെറിഞ്ഞ് കുണുങ്ങി നടക്കും. ഇവളെ നമുക്ക് മോണിക്ക എന്ന് വിളിക്കാം. ഒരു സൌകര്യത്തിന് റോസെന്ന് ചുരുക്കി വിളിക്കാം. വലിയൊരു ദൌത്യത്തിന്റെ ഭാരങ്ങളൊന്നും അവളുടെ കണ്ണുകളിൽ തടയുന്നേയില്ല. സദാ പുഞ്ചിരി തൂകിയ അവളെ ഒട്ടുമിക്ക കണ്ണുകളും ഉഴിഞ്ഞെടുക്കും. റോസ് തെരുവോരങ്ങളിലൂടെ കുണുങ്ങി നടക്കുമ്പോൾ ഭാണ്ഡവും, കുട്ടികളും, ആടും, കോഴികളും ഉന്തുവണ്ടിയും കരയുന്ന കണ്ണുകളോട് കൂടിയ സ്ത്രീകളുമടങ്ങുന്ന പലായനക്കൂട്ടങ്ങൾ രോഷത്തോടെ അവളെ നോക്കും. അവരുടെ ക്ഷീണിച്ച കണ്ണുകൾ തിളങ്ങും. അടുത്ത വെടിയൊച്ച കേൾക്കുന്നതോടെ പ്രാണരക്ഷാർഥം അവർ ഓടിയകലും. റോസിന്റ്റെ ഉള്ള് ഒന്ന് മന്ദഹസിക്കും. തന്റെ ഓരോ അജണ്ടയും നടപ്പിലാക്കുന്നുവല്ലോ എന്നോർത്ത് അവളെ സദാ നിരീക്ഷിക്കുന്നവരും സമാധാനിക്കും.
റോസ് ഇടുങ്ങിയ വഴിയിലേയ്ക്ക് കടന്നു. തകർന്ന കെട്ടിടങ്ങൾക്ക് മീതെ പുക നിറഞ്ഞ ആകാശം. പെട്ടെന്ന് മുഖം മറച്ച രണ്ട് പേർ അവൾക്ക് മുന്നിലേയ്ക്ക് ചാടിവീണു. അവളുടെ നേരെ തോക്ക് ചൂണ്ടി. മുഖത്ത് മറച്ച കറുത്ത തുണിയ്ക്കിടയിൽ തിളങ്ങുന്ന കണ്ണുകൾ. അവൾ അവരുടെതീക്ഷ്ണത നിറഞ്ഞ കണ്ണുകളിലേയ്ക്ക് നോക്കി. കത്തിയാളുന്ന കണ്ണുകളിൽ മഴ പെയ്തിറങ്ങി, അവളുടെ വശ്യതയാർന്ന കണ്ണുകൾ അവർക്ക് നേരെ പതഞ്ഞൊഴുകി, അവൾ ഇറുകിയ ജീൻസിന്റെ നെരിയാണിയോളം നീണ്ട സിബ് മെല്ലെ താഴ്ത്തി. അവൾക്ക് നേരെ ചൂണ്ടിയ തോക്കുകൾ താഴ്ന്നു. അവളുടെ ഉടൽക്കാഴ്ചയിൽ അവരുടെ കണ്ണുകൾ തിളങ്ങി. അവളേയും കൊണ്ട് ഇടുങ്ങിയ വാതിലിലൂടെ അവർ പാതി തകർന്ന കെട്ടിടത്തിലേയ്ക്ക് കടന്നു. കുണുങ്ങിച്ചിരിച്ച് കൊണ്ട് അവർക്കുപിന്നാലെ ഇരുട്ട് പടർന്ന മുറിയിലേയ്ക്ക് റോസും.
ഷെഹ് റസാദ് കഥ പറച്ചിൽ നിർത്തി ലോപ്പസിന്റെ മുഖത്തേയ്ക്ക് നോക്കി.
“ പറയൂ സുന്ദരീ..പിന്നെയെന്തുണ്ടായി?” ലോപ്പസ് അവളെ ആർത്തിയോടെ നോക്കി. അവളുടെ കണ്ണുകൾ പതിവിലധികം തിളങ്ങുന്നു.
“തുടർന്ന് പറയൂ..” അയാൾക്കാവേശമായി.
“ഇനിയെന്തുണ്ടാകുമെന്ന് നിനക്ക് പറയാമോ?” അവൾ അയാളുടെ കണ്ണുകളിലേയ്ക്ക് നോക്കിക്കൊണ്ട് ചോദിച്ചു. അപ്രതീക്ഷിതമായി പറന്നുവീണ ചോദ്യത്തിന് മുന്നിൽ അയാൾ നിശ്ശബ്ദനായി. പിന്നെ ഉയിർത്തെഴുന്നേൽപ്പിന്റെ ആവേശത്തിൽ അയാൾ ഉച്ചത്തിൽ പറഞ്ഞു.
“അവർ ഉഗ്രമായി ഭോഗിക്കും..ആർത്തിയോടെ മാറിമാറി”
“ഛീ..അവൾ അയാളെ സർവ്വശക്തിയുമെടുത്ത് തള്ളിമാറ്റി, അവളുടെ കണ്ണുകൾ കത്തി ജ്വലിച്ചു.
“നീ വെറും ഛെ..” അവൾ കാർക്കിച്ച് തുപ്പി. അയാൾ ഞെട്ടലൊടെ മുഖം തിരിച്ചു.
“നിങ്ങൾക്കിപ്പോഴും ഞങ്ങളെ മനസ്സിലായിട്ടില്ല. ഈ മണ്ണിനെ അറിയില്ല.
ഞാനുമൊരു പോരാളിയാണ്. നിങ്ങളുടെ സ്വപ്നങ്ങളും യാഥാർത്യങ്ങളും ഞങ്ങളുടെ പോരാട്ടവിര്യം ഉരുക്കിക്കളയും..പോരാറ്റ്അവീര്യം എന്താണെന്ന് നീ കണ്ടോ?”
അയാൾ അന്ധാളിച്ച് നിന്നു. അവളുടെ മുഖം ചുവന്നു. കണ്ണുകൾ കത്തി. അവൾ തന്റെ മേൽക്കുപ്പായം മാറ്റി. അവളുടെ വെളുത്ത ശരിരം നേർത്ത തുണിയ്ക്കിടയിലുടെ ജ്വലിക്കുന്നു. അയാൾ സൂക്ഷിച്ച് നോക്കി. അവളുടെ അരയിൽ വീതിയേറിയ കറുത്ത ബെൽറ്റ്..
“ഓ..മൈ ഗോഡ്..” തോക്കെടുക്കാനായി അയാൾ കുതിക്കുമ്പോഴേയ്ക്കും അവിടയാകെ വെടിമരുന്നിന്റെ ഗന്ധം പരന്നു.

Sunday 20 November 2011

ലിയോ ടോള്‍സ്റ്റോയി ലോക സാഹിത്യത്തിലെ മഹാപ്രതിഭ

tolstoy-epathram
റഷ്യന്‍ എഴുത്തുകാരനും ചിന്തകനുമായ ലിയോ ടോള്‍സ്റ്റോയി എന്ന മഹാനായ എഴുത്തുകാരന്‍ ഈ ലോകത്തോട്‌ വിട പറഞ്ഞിട്ട് ഇന്നേക്ക് 101 വര്ഷം തികയുന്നു 1910 നവംബര്‍ 20നാണ് അദ്ദേഹം മരണമടഞ്ഞത്‌. റഷ്യന്‍ ജീവിതത്തിന്റെ തനതായ ആവിഷ്കാരത്തിന്റേയും മുനുഷ്യജീവിതത്തിലേയും ചരിത്രത്തിലേയും പ്രശ്നങ്ങളോടുള്ള സമഗ്രമായ സമീപനത്തിന്റേയും പേരില്‍ ടോള്‍സ്റ്റോയിയുടെ രചനകള്‍ ശ്രദ്ധിക്കപ്പെട്ടു. ഒരു ചിന്തകനെന്ന നിലയില്‍, അക്രമാരഹിത പ്രതിരോധമെന്ന ആശയത്തില്‍ അദ്ദേഹം പ്രത്യേകം ഊന്നല്‍ നല്‍കി. അഹിംസാമാര്‍ഗ്ഗം പിന്തുടര്‍ന്ന മഹാത്മാ ഗാന്ധി,മാര്‍ട്ടിന്‍ ലൂതര്‍ കിംഗ്‌ തുടങ്ങിയവര്‍, വലിയൊരളവോളം അദ്ദേഹത്തോട് ആശയപര മായി കടപ്പെട്ടിരിക്കുന്നു. യുദ്ധവും സമാധാനവും, അന്നാ കരേനിന എന്നിവയാണ് അദ്ദേഹത്ത്തിറെ ഏറ്റവും പ്രശസ്തമായ കൃതികള്‍. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ റഷ്യയുടെമേലുണ്ടായ നെപ്പോളിയന്റെ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍, മനുഷ്യചരിത്രത്തിന്റെ ഗതിയെ നിശ്ചയിക്കുന്നതെന്താണെന്ന് അന്വേഷിക്കുകയാണ് ടോള്‍സ്റ്റോയി  യുദ്ധവും സമാധാനവും എന്ന കൃതിയിലൂടെ ചെയ്യുന്നത്. മൂന്നു ഭാഗങ്ങളായി പ്രസിദ്ധീകരിക്കപ്പെട്ട തന്റെ ആദ്യ രചനയായ  ബാല്യം കൗമാരം യൗവ്വനം എന്ന ജീവചരിത്രസംബന്ധിയായ കൃതിയായിരുന്നു. സാധാരണ വായനക്കാര്‍‍ക്ക് രുചിക്കത്തക്കവണ്ണം, ലളിതമായ ശൈലിയില്‍ എഴുതപ്പെട്ട കഥകളാണ്. ഒരുമനുഷ്യന് എത്രമാത്രം ഭൂമിവേണം എന്ന പ്രസിദ്ധകഥ ഇതിന് ഒരുദാഹരണമാണ്.

Thursday 17 November 2011

ജൈവദർശനം: ജനത്തിനു വേണ്ടത് ജൈവം..ജൈവം മാത്രം...

ജൈവദർശനം: ജനത്തിനു വേണ്ടത് ജൈവം..ജൈവം മാത്രം...

ഷെഹ്റസാദയുടെ പകലുകൾ

അടുത്ത ബറ്റാലിയൻ കമാന്റിനായി കാത്ത് നിൽക്കുകയാണ്. ടാങ്കിന്റെ ശബ്ദം ടെന്റിനകത്തേയ്ക്ക് ഇരച്ച് കയറിക്കൊണ്ടിരുന്നു. തുണിജാലകത്തിനപ്പുറം പരന്നുകിടക്കുന്ന മരുഭൂമിയിൽ നോക്കിയിരിക്കുകയാണ് നിക്കോളാസ്. മരുഭൂമിയുടെ വിശാലതയ്ക്ക് ആകാശം അതിരുകളായി. അയാൾക്ക് എന്തെല്ലാമോ പറയണമെന്നുണ്ടായിരുന്നെങ്കിലും തടിച്ച പുസ്തകം വായിച്ചുകൊണ്ടിരുന്ന റോജർ ലോപ്പസിനെ ശല്യം ചെയ്യാൻ അയാൾക്ക് തോന്നിയില്ല. നിക്കോളാസ് പുറത്തേയ്ക്കിറങ്ങി. ടെന്റിൽ ബാക്കിയായ രണ്ടുപേർ പട്ടാളവേഷമണിഞ്ഞ് ഇറങ്ങുമ്പോൾ തടിച്ച പുസ്തകം വായിക്കുന്ന ലോപ്പസിനെ നോക്കി. അവരുടെ മുഖത്ത് പരിഹാസച്ചുവയുള്ള ചിരി പടർന്നു. അവരും ഇറങ്ങിയതോടെ ടെന്റിനകത്ത് ലോപ്പസ് ഒറ്റയ്ക്കായി. ടെന്റുകൾക്ക് മീതെ അശാന്തമായൊരു മുഴക്കം തങ്ങി നിന്നു.
അയാൾ വായന തുടർന്നു. വായനയ്ക്കിടയിൽ അയാളിൽ പുതിയ സംശയങ്ങൾ കിളിർത്തു. “വലിയ പാറക്കല്ലുകളിട്ട് സിന്ദ് ബാദിന്റെ പ്രതീക്ഷകൾക്കൊപ്പം കപ്പലുകളേയും തൂക്കുന്ന ആനറാഞ്ചി പക്ഷികൾ..ഇതൊക്കെ അയാളിൽ കിളിർത്ത സംശയം ചങ്കിൽ നിന്നും പുറത്തേയ്ക്കൂരിത്തെറിച്ചതും അവിടെയാകെ നീലപ്പുക പടർന്നു. ലോപ്പസ് അന്ധാളിച്ച് നിൽക്കെ പുകപടലങ്ങൾക്കിടയിൽ നിന്നും ചോദ്യമുയർന്നു.
“ഉം..എന്താ സംശയം?”
അയാൾ അത്ഭുതത്തോടെ ചാടിയെഴുന്നേറ്റു. ഒരു സുന്ദരി അവിടെ പ്രത്യക്ഷപ്പെട്ടു.  അവളുടെ ചുണ്ടുകളിൽ പുഞ്ചിരി വിടർന്നു. നീലക്കണ്ണുകൾ തിളങ്ങി. അത്ഭുതത്തോടെ അയാൾ തന്റെ തന്നെ ശരീരത്തിൽ നുള്ളി നോവിച്ച് നോക്കി.
“ഹോ!” വേദനയോടെ കൈ പിൻ വലിച്ചു. അവൾ ചിരിച്ചു. അയാൾ അമ്പരപ്പിൽ നിന്നും കുതറിമാറി ധൈര്യം വീണ്ടെടുത്ത്
“ആരാണ് നീ..ഈ ക്യാമ്പിനുള്ളിൽ എങ്ങിനെ കടന്നു?” അവൾ പൊട്ടിച്ചിരിച്ചു.
“സുഹൃത്തേ..ഇത് അത്ഭുതങ്ങളുടെ ഭൂമിയാണ്. അത്ഭുതങ്ങൾ മാത്രം പിറക്കുന്ന ഭൂമി”
“എന്നാലും” അയാളിൽ സംശയങ്ങൾ ബാക്കി നിന്നു. സുന്ദരിമാരായ പരിചാരികമാർ വെള്ളിത്താലത്തിൽ കൊണ്ടുവന്ന കറുത്ത വീഞ്ഞ് അയാൾക്ക് നീട്ടി. അയാളത് കുടിക്കുവാൻ മടിച്ചു.
“ഉം..കുടിച്ചോളൂ..ഇത് താങ്കൾക്കായി കൊണ്ടുവന്നതാണ്.” അയാൽ അല്പം മടിയൊടെ നിന്നു. അവൾ ചിരിച്ച് അയാളുടെ തോളിൽ തട്ടിക്കൊണ്ട്
“സമാധാനിക്കൂ..ഇവിടെ പേടി വേണ്ട..പിന്നെ നിങ്ങളുടെ ശരികളിലൂടെ മാത്രമേ ലോകം സഞ്ചരിക്കൂ എന്ന് കരുതരുത്. താങ്കൾ വീഞ്ഞ് കുടിച്ചാലും”
സ്പർശനത്തിന്റെ സൌഖ്യത്തിൽ അയാൾ അത്ഭുതത്തോടെ അവളുടെ മുഖത്തേയ്ക്ക് സൂക്ഷിച്ച് നോക്കി.
“ഹോ..എന്തൊരു സൌന്ദര്യം”
അയാൾ വീഞ്ഞ് പാത്രം ചുണ്ടിനൊടടുപ്പിച്ചു.
“വരൂ” അവൾ അയാളെ സ്വീകരണമുറിയിലേയ്ക്കാനയിച്ചു. അയാൾക്ക് പിന്തുടരാതിരിക്കാനായില്ല. പരിചാരികമാർ നമ്രശിരസ്കരായി നിന്നു. കൊട്ടാരസദൃശമായ സ്വീകരണ മുറിയുടെ കൊത്തുപണികളോടുകൂടിയ തൂണുകൾ അയാൾ അത്ഭുതത്തോടെ തൊട്ടുനോക്കി.കാൽമുട്ടോളം നീണ്ട മുടി മടിയിലേയ്ക്കൊതുക്കിയിട്ട് ചുവന്ന പട്ടുവിരിച്ച സിംഹാസനത്തിൽ അവൾ ചാരിയിരുന്നു. ലോപ്പസ് പരിഭ്രമിച്ചുകൊണ്ട് അവൾ ചൂണ്ടിയ പിഠത്തിൽ അമർന്നു.
“താങ്കൾക്കിനിയും സംശയങ്ങൾ ബാക്കിയല്ലേ? ഇതൊരു അത്ഭുതലോകമാണ്. എന്റെ മുഖത്തേയ്ക്ക് സുക്ഷിച്ച് നോക്കുക…നിങ്ങൾക്കെന്നെ തിരിച്ചറിയാതിരിക്കാനാകില്ല.. കഥകൾ വറ്റിയ താങ്കളുടെ മനസ്സുനിറയെ കഥകൾ നിറയ്ക്കുകയാണെന്റെ നിയോഗം”
“ഓഹ്…ഷെഹ്..ഷെഹ് റസാദ്…”അയാളുടെ ചുണ്ടുകൾ മന്ത്രിച്ചു. ആശ്ചര്യത്തോടെ കണ്ണുകൾ വിടർന്നു.
“താങ്കളെല്ലാം മനസ്സിലാക്കിയിരിക്കുന്നു…ഇനി താങ്കളുടെ സംശയത്തിലേയ്ക്ക് വരാം..സിൻ ബാദ് അല്ലേ? അയാളൊരു അത്ഭുതമാണ്, ദുരന്തങ്ങളെ അതിജീവിക്കുന്നവനാണ്..ഒരേ സമയം സമ്പന്നനും ദരിദ്രനുമാണയാൾ.. മഹാസഞ്ചാരി” അവൾ കഥ തുടർന്നു. ഒരു കൊച്ചുകുട്ടിയെപ്പൊലെ അയാൾ കഥ കേട്ടിരുന്നു. കഥ പറച്ചിലിനിടയിൽ അവൾ ഒരു ഉപാധി വച്ചു.
“എന്റെ കഥകൾ മുഴുവനായും പറഞ്ഞുതീർന്നാലേ എന്റെ രഹസ്യങ്ങളെക്കുറിച്ച് ചോദിക്കാൻ പാടുള്ളൂ..അതുവരെ എന്നെ വിശ്വസിക്കുക..എന്റെ കഥകളേയും” വീഞ്ഞിന്റെ ലഹരിയിൽ അയാൾ തല കുലുക്കി സമ്മതിച്ചു.
“ കഥ പറയൂ..എന്റെ സുന്ദരീ..”
കഥ പറച്ചിലിനിടയിലെപ്പോഴോ അയാൾ അവളുമായി പ്രണയത്തിലായി. രാത്രികളിൽ സുഗന്ധം പരത്തി അവൾ വന്നു. ഓരോ രാത്രികളും ഒരോ കഥകളാൽ അയാൾ ഉറക്കത്തിലേയ്ക്ക് വഴുതി വീണു. അവളുടെ നിശ്വാസം അയാളുടെ നെഞ്ചിലെ രോമകൂപങ്ങൾക്കിടയിൽ കിടന്നു പിടഞ്ഞു. ഊദിന്റെ സുഗന്ധമുള്ള അവളുടെ വിയർപ്പുതുള്ളികൾ അയാളുടെ നെഞ്ചിനെ മഴ നനഞ്ഞ കാടാക്കി. അവളുടെ നീലക്കണ്ണുകളിലേയ്ക്ക് നോക്കി അയാൾ ചോദിച്ചു.
“എന്റെ പ്രണയിനീ..നിനക്കെങ്ങിനെ ഇത്രയധികം കഥകൾ പറയാനാകുന്നു?”
“എന്റെ പ്രിയപ്പെട്ടവനേ, അതൊരു നിയോഗമാണ്. അല്ലാഹു പരമ
കാരുണ്യവാനാകുന്നു. അവൻ എന്റെ നാവിൽ കഥകൾ പെയ്തിറക്കുകയാണ്. ഓരോ കഥകളും ഒരോ രാത്രികളെ ജീവിപ്പിക്കുന്നു.”
വെളിച്ചത്തിന്റെ വെള്ളിനൂലുകൾ വീണുതുടങ്ങിയതോടെ-
“പ്രിയനേ, എനിക്ക് പോകാൻ സമയമായി..നാളത്തെ കഥ ഇതിലും രസകരമാണ്.”
അവൾ പറന്നുയരുന്നത് അയാൾ നോക്കി നിന്നു. കൈ വീശിക്കൊണ്ട് അവൾ പറഞ്ഞു.
“പ്രിയനേ, നാളേയും ഞാൻ വരും. കാത്തിരിക്കുക.” അവൾ വെളിച്ചത്തിൽ അലിഞ്ഞില്ലാതായി.
അയാൾ മലർന്ന് കിടന്നു. പകലുകൾ അവളുടെ സാമീപ്യത്തിനായി കൊതിച്ചു. അവളില്ലാത്ത ഒരോ പകലും ദശകങ്ങളോളം നിണ്ടുകിടക്കുന്നതായി അയാൾക്കുതോന്നി.
അടുത്ത യാമത്തിൽ
“എന്റെ നീലസുന്ദരീ..നിന്റെ രാത്രികളെപ്പൊലെ പകലും എനിക്ക് സമ്മാനിക്കൂ”
“പ്രിയപ്പെട്ടവനേ. എന്റെ രാത്രികൾ മാത്രമാണ് സുന്ദരം. പകലുകൾ!“
അവളുടെ ചുണ്ടുകൾ വിറയ്ക്കുന്നതും കണ്ണുകളിൽ തീ പടരുന്നതും അയാൾ കണ്ടു. അവൾക്കിടയിലേയ്ക്ക് ഒലിച്ചിറങ്ങിയ നിശബ്ദതയെ അവൾ തന്നെ തുടച്ച് നീക്കി.
“ഇത്രയും വിസ്മയകഥകളിൽ നീ ലയിച്ചുവല്ലേ! ഇന്ന് ഇനി ഒരു വർത്തമാനകഥയുടെ ചുരുലഴിക്കട്ടേ പ്രിയനേ?”
“അഴിച്ചോളൂ സുന്ദരീ!“ അയാളുടെ അർത്ഥം വച്ച നോട്ടം അവളുടെ മാറിടത്തിൽ തട്ടിത്തെറിച്ചു.
“നീയെന്ത് മൊഴിഞ്ഞാലും അത് തേനിനേക്കാൾ മധുരമേകുന്നതാണ്. നിന്റെ കഥകളത്രയും രസകരം തന്നെ, നി കഥകളിൽ വർണ്ണിച്ച ആ സുഗന്ധനഗരിയ്ക്ക് മുകളിലൂടെ ഒന്ന് പറക്കാനായെങ്കിൽ, ഒരു രാത്രി നമുക്കൊരുമിച്ച്..”
“നീ പറന്നുകഴിഞ്ഞല്ലോ പ്രിയതമാ, നീ ആദ്യബോംബ് വർഷിച്ചത് ആ സുഗന്ധനഗരിക്ക് മീതെയായിരുന്നില്ലേ?”
അയാൾ ഞെട്ടലോടെ അവളിൽ നിന്നകന്നു.
“ക്ഷമിക്കണം സുന്ദരീ..അത് ഞങ്ങളുടെ തൊഴിലാണ്”
അയാൾ അവളെ സമാധാനിപ്പിച്ചു. അവളുടെ വശ്യതയാർന്ന മുഖത്തേയ്ക്ക് അയാൾ നോക്കിയിരുന്നു. അവൾ പുഞ്ചിരിച്ചു. മെത്തയിൽ നീട്ടിവച്ച കണങ്കാലിൽ അയാൾ മെല്ലെ തടവി.
“കഥ പറയൂ സുന്ദരീ..”
“താങ്കൾ വിവാഹിതനാണോ? “ അപ്രതീക്ഷിതമായി അവളിൽ നിന്നുയർന്ന ചോദ്യത്തിനു മുന്നിൽ ആദ്യമൊന്നയാൾ പരുങ്ങിയെങ്കിലും അവളുടെ പുഞ്ചിരി അയാൾക്ക് ആശ്വാസമേകി. അയാൾ ചിരിച്ച് കൊണ്ട് പറഞ്ഞു:
“അതെ..ഒരു തവണയല്ല അഞ്ച് തവണ”. അവൾ ചിരിച്ചു.
“നാലിലും കൂടുതലോ?”
അയാളും ചിരിയിൽ ലയിച്ചു.
“എന്നിട്ടും നീയെന്നെ പ്രണയിക്കുന്നുണ്ടോ?”
“നിന്നെ പ്രണയിക്കാതിരിക്കാനാവില്ല സുന്ദരീ..നിന്റെ നീലക്കണ്ണുകൾ, ചുവന്നുതുടുത്ത ചുണ്ടുകൾ, വിസ്മയ കഥകൾ നിന്നെ ഞാനെങ്ങനെ പ്രണയിക്കാതിരിക്കാനാകും?”
അയാൾ ആലിംഗനത്തിനായി അവളിലേയ്ക്കടുത്തു.
“കഥ കേൾക്കൂ കള്ളക്കുറുക്കാ..കഥ കേൾക്കൂ.! “ അവൾ അയാളെ മെല്ലെ തള്ളിമാറ്റി. അയാൾക്കല്പം പിന്നിലേയ്ക്ക് വലിഞ്ഞു.
“ക്ഷമിക്കണം സുന്ദരീ ഞാൻ!“ നിമിഷങ്ങൾക്കിടയിൽ കത്തുന്ന മൌനത്തിൽ കലമ്പി.
“ഞാൻ കഥ തുടങ്ങാം പ്രിയമുള്ളവനേ!“
അയാൾ ആശ്വാസത്തോടെ അവളിലേയ്ക്ക് ചാഞ്ഞു.
ഒരു വേശ്യയുടെ കഥ
കാമം തിളക്കമുള്ള കണ്ണുകളിലൂടെയാണ് സഞ്ചരിക്കുക. കണ്ണുകളിലത് നിറഞ്ഞ് കവിയുമ്പോൾ മറ്റുള്ളവരിലേയ്ക്ക് കൊടുങ്കാറ്റിന്റെ വേഗത്തിൽ പ്രവേശിക്കാൻ വെമ്പും, ആ കണ്ണുകളുമായി അവൾ നടന്നു. തകർന്നുതരിപ്പണമായ തെരുവോരങ്ങളിലൂടെ, വെടിമരുന്ന് മണക്കുന്ന ഇടവഴികളുലൂടെ, ടാങ്കുകൾ പായുന്ന പാതകളിലൂടെ. പട്ടാളക്കാർ അവളെ നോക്കി കൈ വീശി കാണിക്കുമ്പോൾ അവർക്കുനേരെ തന്റെ മാദകക്കണ്ണുകളെറിഞ്ഞ് കുണുങ്ങി നടക്കും. ഇവളെ നമുക്ക് മോണിക്ക എന്ന് വിളിക്കാം. ഒരു സൌകര്യത്തിന് റോസെന്ന് ചുരുക്കി വിളിക്കാം. വലിയൊരു ദൌത്യത്തിന്റെ ഭാരങ്ങളൊന്നും അവളുടെ കണ്ണുകളിൽ തടയുന്നേയില്ല. സദാ പുഞ്ചിരി തൂകിയ അവളെ ഒട്ടുമിക്ക കണ്ണുകളും ഉഴിഞ്ഞെടുക്കും. റോസ് തെരുവോരങ്ങളിലൂടെ കുണുങ്ങി നടക്കുമ്പോൾ ഭാണ്ഡവും, കുട്ടികളും, ആടും, കോഴികളും ഉന്തുവണ്ടിയും കരയുന്ന കണ്ണുകളോട് കൂടിയ സ്ത്രീകളുമടങ്ങുന്ന പലായനക്കൂട്ടങ്ങൾ രോഷത്തോടെ അവളെ നോക്കും. അവരുടെ ക്ഷീണിച്ച കണ്ണുകൾ തിളങ്ങും. അടുത്ത വെടിയൊച്ച കേൾക്കുന്നതോടെ പ്രാണരക്ഷാർഥം അവർ ഓടിയകലും. റോസിന്റ്റെ ഉള്ള് ഒന്ന് മന്ദഹസിക്കും. തന്റെ ഓരോ അജണ്ടയും നടപ്പിലാക്കുന്നുവല്ലോ എന്നോർത്ത് അവളെ സദാ നിരീക്ഷിക്കുന്നവരും സമാധാനിക്കും.
റോസ് ഇടുങ്ങിയ വഴിയിലേയ്ക്ക് കടന്നു. തകർന്ന കെട്ടിടങ്ങൾക്ക് മീതെ പുക നിറഞ്ഞ ആകാശം. പെട്ടെന്ന് മുഖം മറച്ച രണ്ട് പേർ അവൾക്ക് മുന്നിലേയ്ക്ക് ചാടിവീണു. അവളുടെ നേരെ തോക്ക് ചൂണ്ടി. മുഖത്ത് മറച്ച കറുത്ത തുണിയ്ക്കിടയിൽ തിളങ്ങുന്ന കണ്ണുകൾ. അവൾ അവരുടെതീക്ഷ്ണത നിറഞ്ഞ കണ്ണുകളിലേയ്ക്ക് നോക്കി. കത്തിയാളുന്ന കണ്ണുകളിൽ മഴ പെയ്തിറങ്ങി, അവളുടെ വശ്യതയാർന്ന കണ്ണുകൾ അവർക്ക് നേരെ പതഞ്ഞൊഴുകി, അവൾ ഇറുകിയ ജീൻസിന്റെ നെരിയാണിയോളം നീണ്ട സിബ് മെല്ലെ താഴ്ത്തി. അവൾക്ക് നേരെ ചൂണ്ടിയ തോക്കുകൾ താഴ്ന്നു. അവളുടെ ഉടൽക്കാഴ്ചയിൽ അവരുടെ കണ്ണുകൾ തിളങ്ങി. അവളേയും കൊണ്ട് ഇടുങ്ങിയ വാതിലിലൂടെ അവർ പാതി തകർന്ന കെട്ടിടത്തിലേയ്ക്ക് കടന്നു. കുണുങ്ങിച്ചിരിച്ച് കൊണ്ട് അവർക്കുപിന്നാലെ ഇരുട്ട് പടർന്ന മുറിയിലേയ്ക്ക് റോസും.
ഷെഹ് റസാദ് കഥ പറച്ചിൽ നിർത്തി ലോപ്പസിന്റെ മുഖത്തേയ്ക്ക് നോക്കി.
“ പറയൂ സുന്ദരീ..പിന്നെയെന്തുണ്ടായി?” ലോപ്പസ് അവളെ ആർത്തിയോടെ നോക്കി. അവളുടെ കണ്ണുകൾ പതിവിലധികം തിളങ്ങുന്നു.
“തുടർന്ന് പറയൂ..” അയാൾക്കാവേശമായി.
“ഇനിയെന്തുണ്ടാകുമെന്ന് നിനക്ക് പറയാമോ?” അവൾ അയാളുടെ കണ്ണുകളിലേയ്ക്ക് നോക്കിക്കൊണ്ട് ചോദിച്ചു. അപ്രതീക്ഷിതമായി പറന്നുവീണ ചോദ്യത്തിന് മുന്നിൽ അയാൾ നിശ്ശബ്ദനായി. പിന്നെ ഉയിർത്തെഴുന്നേൽപ്പിന്റെ ആവേശത്തിൽ അയാൾ ഉച്ചത്തിൽ പറഞ്ഞു.
“അവർ ഉഗ്രമായി ഭോഗിക്കും..ആർത്തിയോടെ മാറിമാറി”
“ഛീ..അവൾ അയാളെ സർവ്വശക്തിയുമെടുത്ത് തള്ളിമാറ്റി, അവളുടെ കണ്ണുകൾ കത്തി ജ്വലിച്ചു.
“നീ വെറും ഛെ..” അവൾ കാർക്കിച്ച് തുപ്പി. അയാൾ ഞെട്ടലൊടെ മുഖം തിരിച്ചു.
“നിങ്ങൾക്കിപ്പോഴും ഞങ്ങളെ മനസ്സിലായിട്ടില്ല. ഈ മണ്ണിനെ അറിയില്ല.
ഞാനുമൊരു പോരാളിയാണ്. നിങ്ങളുടെ സ്വപ്നങ്ങളും യാഥാർത്യങ്ങളും ഞങ്ങളുടെ പോരാട്ടവിര്യം ഉരുക്കിക്കളയും..പോരാറ്റ്അവീര്യം എന്താണെന്ന് നീ കണ്ടോ?”
അയാൾ അന്ധാളിച്ച് നിന്നു. അവളുടെ മുഖം ചുവന്നു. കണ്ണുകൾ കത്തി. അവൾ തന്റെ മേൽക്കുപ്പായം മാറ്റി. അവളുടെ വെളുത്ത ശരിരം നേർത്ത തുണിയ്ക്കിടയിലുടെ ജ്വലിക്കുന്നു. അയാൾ സൂക്ഷിച്ച് നോക്കി. അവളുടെ അരയിൽ വീതിയേറിയ കറുത്ത ബെൽറ്റ്..
“ഓ..മൈ ഗോഡ്..” തോക്കെടുക്കാനായി അയാൾ കുതിക്കുമ്പോഴേയ്ക്കും അവിടയാകെ വെടിമരുന്നിന്റെ ഗന്ധം പരന്നു.

Saturday 12 November 2011

വിറ്റോറിയോ ഡിസീക്ക ലോക സിനിമയുടെ വസന്തം

vittorio-de-sica-epathram
ലോകസിനിമാ ചരിത്രത്തില്‍ നിയോറിയലിസത്തിന്റെ മുന്‍ നിരയില്‍ വരുന്ന വ്യക്തിയാണ് വിറ്റോറിയോ ഡിസീക്ക. 1929 ല്‍ നിര്‍മിച്ച റോസ് സ്കാര്‍ലെറ്റ് എന്ന സിനിമയിലൂടെയാണ് അദേഹത്തിന്റെ രംഗപ്രവേശം. ഇറ്റലിയില്‍ ജനിച്ച ഡിസീക്ക നാടകരംഗത്തു നിന്നാണ് സിനിമയിലേക്ക് വരുന്നത്. ഷൂ ഷൈന്‍(1946), ബൈസൈക്കിള്‍ തീവ്സ് (1948) എന്നീ ചിത്രങ്ങളോടെ ഡിസീക്ക ലോകസിനിമ ഭൂപടത്തില്‍ സ്ഥാനം നേടി. യെസ്റ്റെര്‍ഡെ ടുഡെ ടുമാറോ, ടു വുമന്‍, ദി വോയേജ് തുടങ്ങി പതിനാലോളം ചിത്രങ്ങള്‍ ഡിസീക്കയുടെതായുണ്ട്.
രണ്ടു ലോകമഹായുദ്ധങ്ങള്‍ ലോകത്തിനു സമ്മാനിച്ച ദുരിതങ്ങളിലേക്കാണ് ഡിസീക്കയുടെ മനസ്സ് ചലിച്ചത്. യുദ്ധങ്ങള്‍ക്കു ശേഷം യൂറോപ്പിലുണ്ടായ കൊടിയ ദാരിദ്ര്യവും തൊഴിലില്ലായ്മയും അക്രമങ്ങളും ഡിസീക്കയെ ശക്തമായി സ്വാധീനിച്ചു. അതാണ് ഷൂ ഷൈന്‍(1946), ബൈ സൈക്കിള്‍ തീവ്സ് (1948) തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കാന്‍ അദേഹത്തിന് പ്രേരണയായത്. ഈ ചിത്രങ്ങളുടെ വരവോടെ നിയൊ റിയലിസയത്തിനു തുടക്കമാകുകയായിരുന്നു. പല ചലച്ചിത്രകാരന്മാരെയും ഇത് വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. ഭാരതീയ സിനിമാ ചരിത്രത്തിന്റെ നാഴികക്കല്ലുകളിലൊന്നായ പഥേര്‍ പാഞ്ചാലി എടുക്കുവാന്‍ സത്യജിത് റേയ്ക്ക് പ്രചോദകമായത് ലണ്ടനില്‍ വെച്ച് ബൈ സൈക്കിള്‍ തീവ്സ് കാണാനിടയായതാണ് എന്ന് അദേഹം പറഞ്ഞിട്ടുണ്ട്.
ആല്‍ബെര്‍ട്ടോ മൊറോവിയുടെ റ്റു വുമന്‍ എന്ന നോവലിനെ അധാരമാക്കി ചെയ്ത ചിത്രം, രണ്ടാം ലോകമഹായുദ്ധത്തിനിടെ അധിനിവേശക്കാരായ പട്ടാളക്കാരില്‍ നിന്നും സ്വന്തം മകളുടെ മാനം സംരക്ഷിക്കാനുള്ള ഒരു സ്ത്രീയുടെ കഥയാണ്.
1973 ല്‍ പുറത്തിറങ്ങിയ ദി വോയേജ് ആണ് അദേഹത്തിന്റെ അവസാന ചിത്രം. സ്വന്തം നാട്ടില്‍ അപമാനിതനായ അദേഹം പിന്നീട് ഫ്രാന്‍സിലെത്തി അവിടുത്തെ പൗരത്വം നേടുകയാണുണ്ടായത്. 1974 നവംബര്‍ 13നു മഹാനായ ചലച്ചിത്രകാരന്‍ നമ്മെ വിട്ടുപോയി. ബൈസൈക്കിള്‍ തീവ്സ് എന്ന ക്ലാസിക്‌  സിനിമ ഇന്നും സിനിമാപ്രേമികളുടെ പ്രിയ ചിത്രമാണ്
- ഫൈസല്‍ ബാവ

Friday 11 November 2011

കെന്‍ സാരോ വിവ: പോരാളിയായ കവി

കെന്‍ സാരോ വിവ: പോരാളിയായ കവി

Ken-Saro-Wiwa-epathram
നൈജീരിയന്‍ എഴുത്തുകാരനും പരിസ്ഥിതി പ്രവര്‍ത്തകനും ടെലിവിഷന്‍ നിര്‍മ്മാതാവും “ഗോള്‍ഡ്‌മാന്‍ എന്‍‌വിറോണ്മെന്റല്‍ പ്രൈസ്” ജേതാവുമാണ്‌ കെന്‍ സാരോ വിവ എന്ന കെനുല്‍ കെന്‍ ബീസന്‍ സാരോ വിവ. നൈജീരിയയിലെ ഒഗോണി വര്‍ഗത്തിന്റെ മോചനത്തിനായി പോരാടി ജീവന്‍ ത്യജിച്ച കവിയാണ്. 1995 നവംബര്‍ 10 നാണ് നൈജീരിയന്‍ ഭരണകൂടം അദ്ദേഹത്തെ പരസ്യമായി തൂക്കികൊന്നത്. നൈജീരിയയില ഒഗോണി വംശത്തില്‍ പിറന്ന കെന്‍ സാരോ വിവ. ഒഗോണികളുടെ ജന്മദേശമായ നൈജര്‍ ഡെല്‍റ്റയിലെ ഒഗോണിലാന്റ് എന്ന പ്രദേശം അസംസ്കൃത എണ്ണ ഖനനത്തിനായി 1950 മുതല്‍ ഉപയോഗിക്കപ്പെട്ടിരുന്നു. ഇത് ഒഗോണിലാന്റില്‍ എണ്ണ മലിനാവശിഷ്ടങ്ങള്‍ വിവേചന രഹിതമായി തള്ളുന്നതിനും വന്‍ തോതിലുള്ള പാരിസ്ഥിതിക നാശത്തിനും കാരണമായി.
ഒഗോണിലാന്റിലെ ഭുമിക്കും വെള്ളത്തിനും വന്നു ചേരുന്ന പാരിസ്ഥിതിക നാശത്തിനെതിരെ “മൂവ്മെന്റ് ഫോര്‍ ദി സര്‍‌വൈവല്‍ ഓഫ് ദി ഒഗോണി പീപ്പിള്‍” [MOSOP] എന്ന സംഘടനയുടെ നേതൃത്വത്തില്‍ കെന്‍ സാരോ വിവ അക്രമരഹിത സമരത്തിന്‌ തുടക്കമിട്ടു. ബഹുരാഷ്‌ട്ര എണ്ണ കമ്പനികള്‍ക്കെതിരെ ഫലപ്രദമായ പാരിസ്ഥിതിക മലിനീകരണ നിയന്ത്രണ നടപടികള്‍ സ്വീകരിക്കുന്നതില്‍ നൈജീരിയന്‍ ഭരണകൂടം മടികാട്ടുകയാണ്‌ എന്ന് ആരോപിച്ചുകൊണ്ട് ജനറല്‍ സാനി അബാച്ചയുടെ നേതൃത്വത്തിലുള്ള പട്ടാള ഭരണത്തിനെതിരെയും ഷെല്‍ എന്ന എണ്ണക്കമ്പനിക്കെതിരെയും കെന്‍ സാരോ വിവ ശക്തമായി രംഗത്തു വന്നു.
ഈ സമരങ്ങള്‍ ഏറ്റവും ശക്തിപ്രാപിച്ചു നില്‍ക്കുന്ന സമയത്ത് പട്ടാള ഭരണകൂടം കെന്‍ സാരോ വിവയെ അറസ്റ്റു ചെയ്തു. പിന്നീട് പ്രത്യേക പട്ടാള ട്രിബ്യൂണലിന്റെ കീഴില്‍ വിചാരണ ചെയ്ത് 1995-ല്‍ എട്ട് സഹപ്രവര്‍ത്തകരോടൊപ്പം കെന്‍ സാരോ വിവയെ പട്ടാള ഭരണകൂടം തൂക്കിലേറ്റി. വിവക്കെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ മിക്കവയും അവാസ്തവങ്ങളും രാഷ്ട്രീയ ദുരുദ്ദേശ്യം വെച്ചുള്ളതുമായിരുന്നുവെന്ന് വ്യാപകമായി കരുതപ്പെടുന്നു. പട്ടാള ഭരണകൂടത്തിന്റെ ഈ നടപടി ലോകത്തിന്റെ എല്ലാ ഭാഗത്തുനിന്നും കടുത്ത പ്രതിഷേധം ക്ഷണിച്ചു വരുത്തി. കോമണ‌വെല്‍ത്ത് രാജ്യങ്ങളുടെ അംഗത്വത്തില്‍ നിന്ന് നൈജീരിയ താത്കാലികമായി പുറത്താക്കപ്പെടാന്‍ ഇതു കാരണവുമായി. പോരാളിയായ ഈ കവിയുടെ ഓര്‍മ്മയ്ക്ക്‌ മുന്നില്‍ കൂപ്പുകൈ.
- ഫൈസല്‍ ബാവ

Monday 7 November 2011

കൊച്ചുബാവയുടെ കഥാലോകം

ഫൈസല്‍ ബാവ

ഇ മെയില്‍: faisalbava75@gmail.com
ബ്ലോഗ്: faisalbavap.blogspot.com
വെബ് സൈറ്റ്: http://www.epathram.com/

ചിത്രീകരണം - രമേഷ് പെരുമ്പിലാവ്
ഏറെ ആകുലതകള്‍ മനസ്സില്‍ പേറി, മറ്റാരും നടക്കാത്ത വഴിയന്വേഷിച്ച് വീണുകിട്ടിയ കഥാബീജത്തെ തേച്ചുമിനുക്കിയെടുത്ത്‌ കറുത്തഹാസ്യത്തില്‍ പൊതിഞ്ഞ്‌ നല്കിയിരുന്ന ടി. വി. കൊച്ചുബാവ എന്ന കഥാകാരന്‍ 1999 നവംബറിലെ ഒരു തണുത്ത പ്രഭാതത്തില്‍ പറയാന്‍ എന്തെല്ലാമോ ബാക്കിവച്ച് ജീവിതത്തില്‍ നിന്നും നടന്നകന്നു. കൊച്ചുബാവയുടെ കഥാലോകം വളരെ വ്യത്യസ്തമായിരുന്നു. കറുത്തചിരിയില്‍ കുതിര്ന്ന യാഥാര്‍ത്ഥ്യങ്ങളെ തന്റെതായ ശൈലീവിന്യാസത്തിലേക്ക് ഉരുക്കിയെടുത്ത കഥകള്ക്കിന്നും സമകാലികപ്രസക്തിയുണ്ട്.
നഗ്നമാക്കപ്പെട്ട ജീവിതത്തിനു മുകളില്‍ കയറിനിന്ന് ‘എടോ ഇതാണ് വഴിയെന്നും, ഇങ്ങനെയും വഴിയുണ്ടെന്നും’ സങ്കോചമില്ലാതെ വിളിച്ചുപറയാനുള്ള ആര്ജ്ജവം കൊച്ചുബാവയുടെ കഥകളില്‍ കാണാം. ആധുനികതയുടെ കാലത്ത്‌ ആ ചൂടുപറ്റിവന്ന കഥാകൃത്തുക്കള്‍ക്കൊപ്പം സഞ്ചരിക്കുകയും, ഉത്തരാധുനികതയുടെ തീരത്തില്‍ നില്ക്കുമ്പോളും എഴുത്തിന്റെ വഴിയില്‍ വേറിട്ടുനിന്നുകൊണ്ട് കഥയിലൂടെ തന്റെ വ്യതിരിക്തശബ്ദം കേള്പ്പിക്കുവാന്‍ കൊച്ചുബാവക്ക് കഴിഞ്ഞിരുന്നു എന്നതാണ് മറ്റുള്ളവരില്‍ നിന്നും ബാവയെ വേറിട്ടുനിറുത്തുന്നത്. പ്രശസ്ത നിരൂപകനായ എന്‍. ശശിധരന്‍, ബാവയുടെ കഥാവീക്ഷണത്തെ ഇങ്ങനെ നിരീക്ഷിക്കുന്നു “കാല്‍നൂറ്റാണ്ടുകാലത്തെ കേരളീയ ജീവിതം നമ്മളിലേല്പിച്ച മുറിപ്പാടുകളും വര്ത്തമാനത്തോടുള്ള നമ്മുടെ ഹതാശമായ ഏറ്റുമുട്ടലുകളും കീഴടങ്ങലും, നമ്മുടെ നോവും, ദുരിതവും, ആര്ത്തിയും ആസക്തിയും കാപട്യങ്ങളും, പകയും, പോരും, കുതികാല്‍വെട്ടും വിജയാഘോഷങ്ങളുമെല്ലാം മറ്റൊരു വിനീതമായ ചരിത്രകാരനായി അകന്നു നിന്നുകൊണ്ട് കൊച്ചുബാവ വരച്ചുവെക്കുന്നു”. എന്നാല്‍ അകാലത്തില്‍ പൊലിഞ്ഞ കൊച്ചുബാവയുടെ കഥാലോകത്തെപ്പറ്റി ഇനിയും നല്ല പഠനം ഉണ്ടായിട്ടില്ല എന്നതാണ് സത്യം. 1999 നവംബര്‍ 25നാണ് അദ്ദേഹം നമ്മോട് വിട പറഞ്ഞത്‌.
തന്റെ മുന്നിലുള്ളവരുടെ വേദന തന്റേതുപോലെ കാണുകയും സമൂഹത്തില്‍ കാണുന്ന കൊള്ളരുതായ്മകള്‍ക്കെതിരെ കഥകളിലൂടെ പ്രതികരിക്കുകയും രോഷാകുലനാകുകയും ചെയ്യുന്ന കൊച്ചുബാവ കറുത്തയാഥാര്ത്ഥ്യങ്ങള്ക്കെതിരെ നിരന്തരം കലഹിച്ചിരുന്നു. സമൂഹത്തിലെ നെറികേടുകളെപ്പറ്റിയുള്ള കടുത്ത ആകുലത അദ്ദേഹം പ്രകടിപ്പിച്ചിരുന്നു. ഈ ഹൃദയഭാരമകാം കഥകളില്ലാത്ത ലോകത്തേക്ക് അദ്ദേഹം വേഗത്തില്‍ പറന്നു പോയതിനു കാരണം. മലയാളത്തിലെ മികച്ച പത്ത്‌ കഥകള്‍ തെരഞ്ഞെടുത്താല്‍ അതില്‍ കൊച്ചുബാവയുടെ കഥകളെ ഉള്പ്പെടുത്താതെ ആ പട്ടിക പൂര്ണ്ണമാകില്ല. അദ്ദേഹത്തിന്റെ, നിരൂപകശ്രദ്ധ പിടിച്ചുപറ്റാതെ പോയ ‘നനഞ്ഞ ശിരോവസ്ത്രങ്ങള്‍’ ‘കൊക്കരണി’, ‘അടുക്കള’, ‘പ്രണയം’. എന്നീ നാലു കഥകളിലൂടെ ഒരു സഞ്ചാര ശ്രമമാണ് ഇത്.

1.നനഞ്ഞ ശിരോവസ്ത്രങ്ങള്‍

മനുഷ്യന്റെ യുവത്വം നഷ്ടമാകുന്നതോടെ നരവീണ ശരീരം ഒരു ഭാരമായി മാറുന്നുവെന്ന അവസ്ഥ കൊച്ചുബാവ വൃദ്ധസദനം എന്ന നോവലിലും മറ്റു പല കഥകളിലും വളരെ ഭംഗിയായി വരച്ചുകാട്ടുന്നുണ്ട്. ഈ കഥയിലും അത്തരത്തിലുള്ള ആകുലതകള്‍ പേറുന്ന ഒരപ്പൂപ്പനും അമ്മൂമ്മയുമാണ് പ്രധാന കഥാപാത്രങ്ങള്‍. എന്നാല്‍ അവര്‍ തങ്ങളുടെ സമൂഹത്തിലെ മൂല്യച്യുതികള്ക്കൊപ്പംസഞ്ചരിക്കുകയും അതിലെ ദുരന്തങ്ങള്‍ ആസ്വദിക്കുകയും തങ്ങള്‍ തന്നെ ഒരു ഭാരമാണെന്നത് സ്വയം അനുഭവിച്ച് ആസ്വദിച്ചു ജീവിക്കുക എന്നതാണ് ഇവര്‍ പുലര്ത്തിപ്പോരുന്ന രീതി. അവര്‍ കൈകള്‍ കോര്ത്തു പിടിച്ചു വേച്ചു വേച്ചു നടക്കുന്നത് സേവ്യര്‍ തന്റെ ഭാര്യയെ അടിച്ചുപുറത്താക്കുന്നത് കാണാനാണ്. ഒരു പെണ്ണിന്റെ എല്ലാ ദൈന്യതയെയും സമൂഹം വെറും കാഴ്ചക്കാരായി നോക്കിനില്ക്കുന്നതിനെ കറുത്ത ചിരിയോടെയാണ് കഥാകൃത്ത്‌ വിമര്ശിക്കുന്നത്. “ചെറുതായി മഴയുണ്ടായിരുന്നു, ആ സമയത്ത്‌. മഴയില്‍ കുതിര്ന്ന ചെമ്മണ്ണില്‍ അവളുടെ കരച്ചിലും ദേഹവും അനാഥമായി കിടന്നു. പിരിഞ്ഞുപോകുന്നവരുടെ പാദങ്ങളോളം ചെന്നുതട്ടി അവളുടെ കരച്ചില്‍ ലോപിച്ചുപോകുകയും ചെയ്തു. അവരുടെ ഹൃദയത്തോളം കരച്ചിലെത്തിക്കാന്‍ കഴിയാതെ പോയിടത്താണ് അവളുടെ വന്‍പരാജയം”. സ്ത്രീകളോട് സമൂഹം കാണിക്കുന്ന അവഗണനയും പുരുഷാധിപത്യത്തിന്റെ നേര്ക്കാഴ്ചയുമാണ് ഇവിടെ വരച്ചുകാട്ടുന്നത്. ഈ കാഴ്ചയാണ് അവിടെ കൂടിയിരുന്നവര്‍ ഒരു പ്രതികരണവും ഇല്ലാതെ കണ്ടുതീര്ക്കുന്നത്. ഇത്തരം കാഴ്ചകള്‍ തേടിയലയുകയാണ് കഥയിലെ അപ്പൂപ്പനും അമ്മൂമ്മയും.
ഒരു സമൂഹം കറുത്ത യാഥാര്ത്ഥ്യങ്ങളെ സ്വീകരിക്കുക വഴി ആ സമൂഹത്തിലെ വൃദ്ധര്ക്ക് ഏറെ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരുമെന്ന് ഈ കഥയില്‍ ഭംഗിയായി അവതരിപ്പിക്കുന്നുണ്ട്. ഈ ബോധം അപ്പൂപ്പനിലും അമ്മൂമ്മയിലും ഉള്ളതിനാലാണ് സ്വന്തം മകളുടെ വീടിനുമുന്നിലുള്ള മാവിന്‍ചുവട്ടില്‍ അവര്‍ രാത്രി തള്ളിനീക്കുന്നത്. വൈകിയെത്തിയാല്‍ ചങ്ങലയഴിച്ചുവിട്ട നായ ആക്രമിക്കുമെന്നത് ഒരു പ്രതീകമാണ്. സ്വന്തം മാതാപിതാക്കളെ വൃദ്ധസദനത്തിലയച്ച് ജീവിതം സുഖിക്കുന്നവര്ക്കായി ഒരുക്കിവെച്ച ചോദ്യങ്ങളാണ് ഈ കഥ. കഥയില്‍ അപ്പൂപ്പനും അമ്മൂമ്മയും തെറ്റിപ്പിരിയുന്ന ഭാഗം എത്ര തന്മയത്വത്തോടെയാണ് കൈകാര്യം ചെയ്തിരിക്കുന്നത്.
ഇനിയുള്ള കാലം ജയിലിലെ ഭക്ഷണം കഴിച്ച് സുഖമായി കഴിയാമെന്ന തോന്നല്‍ ഒരു പിതാവില്‍ ഉണ്ടാകാന്‍ തന്നെ കാരണം തങ്ങളുടെ വാര്ദ്ധക്യകാലത്തെ ശ്രദ്ധിക്കുന്നില്ല എന്ന് മാത്രമല്ല ഉപദ്രവിക്കുകയും ചെയ്യുന്ന മക്കള്‍ ഉണ്ടാകുമ്പോഴാണ്. കഥയിലെ ചേന്ദു എന്ന കഥാപാത്രം തന്റെ മൂത്ത മകനെ കൊന്ന്‌ ജയിലില്‍ പോയാലും കുഴപ്പമില്ല എന്ന് ചിന്തിക്കുന്നത് അതുകൊണ്ടാണ്. വാര്ദ്ധക്യകാലത്തെ ദുരവസ്ഥയെ ഈ ഭാഗം വളരെ നന്നായി ചിത്രീകരിക്കുനുണ്ട്. കഥാകാരനിലെ കൈക്കരുത്താണ് ആഖ്യാനത്തിന്റെ ശക്തി. കൈക്കരുത്ത് ധൈര്യമാണ്. ധൈര്യത്തെ വേണ്ടവിധത്തില്‍ പ്രയോജനപ്പെടുത്തുന്നവനാണ് വിജയി. കൊച്ചുബാവ ഈ കഥയില്‍ ധൈര്യം വേണ്ടുവോളം പ്രയോജനപ്പെടുത്തിയിട്ടുണ്ട്. 1993 ല്‍ എഴുതിയ ഈ കഥയുടെ സമകാലിക പ്രസക്തി ഏറിവരികയാണ്.

2.കൊക്കരണി

വളരെ യാന്ത്രികമായ ജീവിതസാഹചര്യത്തെ കൂട്ടിയിണക്കി ജീവിക്കുവാന്‍ ശ്രമിക്കുന്ന ഒരു സമൂഹം ബന്ധങ്ങളുടെ പവിത്രതയില്‍ അത്ര വ്യാകുലപ്പെടുകയില്ല എന്നത് കൊച്ചുബാവ വളരെ മുമ്പുതന്നെ തിരിച്ചറിഞ്ഞുരുന്നു. ക്ലോണിങ്ങിന്റെ സാദ്ധ്യതകള്‍ അത്രയൊന്നും ചര്ച്ചചെയ്യപ്പെട്ടില്ലാത്ത കാലത്താണ് കൊക്കരണി എന്ന കഥ കൊച്ചുബാവ എഴുതുന്നത്.
ഇമ്മാനുവല്‍-ശാന്തമ്മ ദമ്പതികള്‍ കിഡീസ് കോര്ണര്‍ എന്ന കടയില്നി്ന്ന് ഒരു കമ്പ്യൂട്ടര്‍ നിയന്ത്രിത, എന്നാല്‍ യഥാര്ത്ഥമാണ് എന്ന് തോന്നിക്കുന്ന സ്വഭാവവും മനുഷ്യരൂപവുമുള്ള ഒരു കുഞ്ഞിനെ വാങ്ങിക്കുന്നതിലൂടെയാണ് കഥ തുടങ്ങുന്നത്. ഒരു ഉപഭോക്തൃസമൂഹമായി നാം ചുരുങ്ങികൊണ്ടിരിക്കുന്നതിന്റെ എല്ലാ പ്രശ്നങ്ങളും ഈ കഥയില്‍ വരച്ചുകാട്ടുന്നുണ്ട്. കിഡീസ് കോര്ണര്‍ സന്ദര്ശിക്കാന്‍ വന്ന ദമ്പതികള്‍ ബിസിനസ്സിനെപ്പറ്റി പറയുന്നത് ഇങ്ങനെയാണ്. “എല്ലാം കുഞ്ഞിനൊപ്പം വെച്ചിട്ടുള്ള കാറ്റലോഗിലുള്ള കാര്യങ്ങളാണ് എങ്കിലും ഒരിക്കല്‍ കൂടി പറയാം. കറന്റ് പോയി ഒരുമണിക്കൂര്‍ നേരത്തേക്ക്‌ കുഞ്ഞിനൊന്നും സംഭവിക്കില്ല. ഉദാഹരണത്തിന് ഫ്രിഡ്ജിലെ ഇറച്ചിയും മീനും പോലെ തന്നെ ഒരുമണിക്കൂര്‍ നേരത്തേക്ക് വലിയ ചീച്ചലൊന്നും ഉണ്ടാകില്ല”. കച്ചവടത്തിന്റെ എല്ലാ തന്ത്രങ്ങളും ഇതില്‍ വരുന്നതോടൊപ്പം എന്തും വാങ്ങിക്കാം എന്ന ഉപഭോക്തൃമനസ്സിനുമീതെ കൊച്ചുബാവ തൂക്കിയിടുന്ന ഡെമോക്ലീസിന്റെ വാളാണ് കൊക്കരണി എന്ന കഥ. കേരളത്തിന്റെ സാമൂഹികപ്രശ്നങ്ങളിലേക്ക് വിരല്‍ചൂണ്ടുന്ന കഥയില്‍ കേരളം നേരിടുന്ന വലിയ പ്രതിസന്ധികളില്‍ ഒന്നായ വൈദ്യുതിക്കമ്മി പ്രശ്നം എത്ര രസകരമായാണ് വെറും നാല് വരികളിലൊതുക്കി അവതരിപ്പിച്ചിരിക്കുന്നത്. “കിഡീസ് കോര്ണറിന്റെ ഏജന്സി ഇങ്ങോട്ട് തരാന്‍ വിദേശയൂണിറ്റിനു താല്പര്യം ഇല്ലാതിരുന്നതിന്റെ പ്രധാനകാരണം ഈ പവര്‍ പ്രോബ്ലംസാണ്. ഇനിയൊരു നൂറ്റാണ്ട് നടന്നാലും ഇക്കാര്യത്തില്‍ നമ്മള്‍ ഈ തെണ്ടല്‍ നിര്ത്തുമെന്ന് തോന്നുന്നില്ല”. ഇത്തരത്തില്‍ കഥയില്‍ ഒളിപ്പിച്ചുവെച്ച കറുത്ത ചിരി മലയാളിയുടെ സഹജമായ കാപട്യത്തിനു മീതെ വിമര്ശനനത്തിന്റെ ചീളാണ്. ഇത്തരത്തില്‍ നിരവധി ഭാഗങ്ങള്‍ കഥയിലുണ്ട്. ആഗോളതാപനത്തെ കുറിച്ച് വളരെ മുമ്പ്‌ തന്നെ വന്നു തുടങ്ങി എങ്കിലും അത്തരം ചര്ച്ചകള്‍ സാധാരണക്കാരനിലേക്ക് എത്തുന്നത് ഈയിടെയാണ്. ഭൂമി ചുട്ടുപൊള്ളുകയാണെന്നും ഓസോണ്‍ പാളിക്ക് വിള്ളലുണ്ട് എന്ന വിഷയം ഇന്ന് ചായക്കടയിലും ചര്ച്ചാവിഷയമാണ്. എന്നാല്‍ ഇക്കാര്യങ്ങള്‍ കൊച്ചുബാവ കഥയില്‍ കൊണ്ടുവന്ന രീതി രസകരമാണ്. കുഞ്ഞിന്റെ കച്ചവടത്തിനിടയില്‍ ഇക്കാര്യം “കിഡീസ് കോര്ണറിന്റെ ഉടമ മി: മിഷല്‍ വിവരിക്കുണ്ട്. “ക്ലോറോ ഫ്ലൂറോ കാര്ബണുകള്‍” മൂലം ഓസോണ്‍ പാളിക്ക് ഇനിയും ക്ഷതമേല്ക്കുകയാണെങ്കില്‍, ഭൂമി ഇതുപോലെ ചൂടില്‍ കത്തി ഉരുകുകയാണെങ്കില്‍ കുഞ്ഞിനെ പുറത്തിരുത്തുക എന്നത് 15 മിനിറ്റാക്കി ചുരുക്കണമെന്നു മാത്രം.
ഹോമറുടെ തലച്ചോറ്‌, പ്രോമിത്യൂസിന്റെ ഹൃദയം, ഹെര്ക്കുലീസിന്റെ കൈകാലുകള്‍... അടുത്ത പേജിലെ കുഞ്ഞ് ഇതിനെക്കാള്‍ സുന്ദരന്‍. മുയല്‍ക്കുഞ്ഞിന്റെ മുഖം, ഹിറ്റ്‌ലറുടെ തലച്ചോറ്, രാവണന്റെ ഹൃദയം’’... ഇത്തരത്തില്‍ തങ്ങള്‍ വാങ്ങി വളര്ത്തുന്ന ഷിന്ഗര്‍ ഇമ്മാനുവല്‍ എന്ന കുഞ്ഞിന്റെ വളര്ച്ചയും സാമൂഹികമാറ്റങ്ങളും തുറന്നുകാണിക്കുന്ന കഥയാണിത്‌.

3.അടുക്കള

“ ഒരു സ്ത്രീയെ സ്നേഹിക്കുകയെന്നാല്‍,
കരിയും, മെഴുക്കും പുരണ്ട പകലിനെ
സ്വര്ഗത്തിന്റെ പൂമ്പൊടി ഉച്ഛ്വസിക്കുന്ന
വാനമ്പാടിയായി മാറ്റുമെന്നാണ്”
(ദേശാടനം: സച്ചിദാനന്ദന്‍)
ഇദ്ദേഹത്തിന്റെ അടുക്കള എന്ന കഥ തികച്ചും ഒരു സ്ത്രീപക്ഷരചനയാണ്. ബാവയുടെ ഭാഷയില്‍ അടുക്കള ഒരു വേവുനിലമാണ്. കഥയിലെ നായിക കോകിലയെപ്പോലുള്ളവര്‍ വെന്ത് കരിപുരണ്ട് ജീവിക്കുന്ന വേവുനിലം. ഭര്ത്താവിന്റെ തീന്മേശയ്ക്ക് മുന്നിലിരുന്നുള്ള വിളി കേട്ടാല്‍ ഓടിയടുക്കേണ്ട, ആവശ്യങ്ങള്‍ വേണ്ടവിധത്തില്‍ നിര്‍വഹിക്കേണ്ട, നാളത്തെ പകലില്‍ അവനൂട്ടാന്‍ എന്തെന്ന് ഇന്നുതന്നെ ഓര്‍ത്താല്‍ ഒരു സ്വപ്നത്തില്‍ നിറച്ച് അതുമാത്രം കാണേണ്ട വെറും ഒരു പെണ്ണ്. ഇവിടെ പെണ്ണ് ഒരു യന്ത്രം മാത്രമാണ്. ഭര്ത്താവിന്റെ ഏമ്പക്കത്തിനോപ്പം മനംപുരട്ടേണ്ട യന്ത്രം. മലയാളത്തിലെ ഏറ്റവും മികച്ച സ്ത്രീപക്ഷരചനകളില്‍ ഒന്നാണ് ഇത്. ആഖ്യാനത്തിലെ വ്യത്യസ്തതയാണ് കഥയുടെ കരുത്ത്‌. ഈ കഥ ഫെമിനിസ്റ്റ്‌ കാഴ്ചകളില്‍ പോലും വേണ്ട വിധത്തില്‍ തടഞ്ഞില്ല. സ്ത്രീകളുടെ ജീവിതയാഥാര്ത്ഥ്യങ്ങളെ തുറന്നു കാണിക്കുന്ന ജീവനുള്ള ഒരേടാണ് അടുക്കള എന്ന കഥ.

4.പ്രണയം

അടുക്കളയിലെ കോകിലയെപ്പോലെയല്ല ഈ കഥയിലെ പൂജ. അവള്‍ ആധുനിക ജീവിതത്തെ ചേര്‍ത്തുപിടിച്ച് അതിനുസരിച്ച് സ്വഭാവവും ജീവിതശൈലിയും വേഷവും മാറ്റുന്നവളാണ്. അതുകൊണ്ടുതന്നെ ഭാരതസ്ത്രീതന്‍ ഭാവശുദ്ധി എന്ന കണ്സപ്റ്റിനെ അവള്‍ അത്ര സീരിയസായി കാണുന്നില്ല. എന്നാല്‍ പൂജയുടെ ഭര്ത്താവ് അവിനാശ് അങ്ങിനെയല്ല. ആധുനികജീവിതത്തോട് ഒപ്പമോടി എല്ലാം അനുഭവിച്ചറിയുകയും എന്നാല്‍ തന്റെ മുന്നില്‍ ആദ്യരാത്രി കാലെടുത്തുവെക്കുന്ന പൂജ വെള്ള കസവ് പുടവയെടുത്ത് മുല്ലപ്പൂ ചൂടി നാണത്തോടെ മുഖം താഴ്ത്തി കാലിന്റെ തള്ളവിരല്‍ കൊണ്ട് ചിത്രം വരയ്ക്കുന്നവളായിരിക്കണമെന്നാണ് ആഗ്രഹം. ജീവിതത്തിലെ എല്ലാ സുഖങ്ങളും ഒരുമിച്ചനുഭവിച്ച ശേഷം കല്ല്യാണമെന്ന നാട്ടുനടപ്പനുസരിച്ച് ആദ്യരാത്രിയിലെ അഭിനയം എന്തിനാണെന്നാണ് പൂജയുടെ ചോദ്യം. ഭാരതപൈതൃകത്തെപ്പറ്റി താന്‍ പഠിച്ചു കഴിഞ്ഞതിനാല്‍ ഈ കാര്യങ്ങള്‍ തനിക്ക് നിര്‍ബന്ധമാണെന്ന് അവിനാഷും പറയുന്നു. നാല് മാസം ഗര്ഭിണിയായ പൂജ അത്തരത്തിലുള്ള ആദ്യരാത്രി മനസാ സ്വീകരിക്കാന്‍ തയ്യാറല്ല. അത് കൊണ്ടുതന്നെ ജീന്സും ടോപ്പുമിട്ടാണ് അവള്‍ മണിയറയിലേക്ക്‌ വരുന്നത്. ഇത് അവിനാശിനെ ചൊടിപ്പിക്കുന്നു. തുടര്ന്നുള്ള ഇവരുടെ തര്ക്കത്തിലൂടെയാണ് കഥ പറയുന്നത്. ആഖ്യാനത്തിന്റെ ശക്തിയാണ് പ്രണയം എന്ന കഥയെ വ്യത്യസ്തമാക്കുന്നത്.
ആരും കാണാത്ത കാഴ്ച തേടി, ആരും എത്തിപ്പെടുന്നതിനു മുമ്പേ കഥകള്‍ തേടി അവിടേക്ക് കൊച്ചുബാവ വേഗത്തില്‍ ചെല്ലാറുണ്ട്. ജീവിതത്തിലും അദ്ദേഹമത്‌ ആവര്ത്തിച്ചു. കഥകള്‍ ബാക്കിവെച്ച് കൊച്ചുബാവ പറന്നുപോയി. “നിങ്ങള്‍ ജീവിച്ചു മരിച്ചു. ഒക്കെ ശരി, പക്ഷെ നിങ്ങള്‍ ചെയ്ത അത്ഭുതമെന്ത്‌” കൊച്ചുബാവ തന്നെ ചോദിച്ച ചോദ്യമാണിത്. കഥയില്‍ കുറെ അത്ഭുതങ്ങള്‍ കാണിച്ചുകൊണ്ട് എന്തിനാണ് കൊച്ചുബാവ ഇത്ര വേഗത്തില്‍ പറന്നുപോയത്?