Sunday 27 May 2018

പി.എന്ന ഒറ്റ അക്ഷരത്താല്‍ കുറിക്കപ്പെട്ട കവിതയും പ്രകൃതിയും


പ്രകൃതിയേയും, മനുഷ്യനെയും പ്രണയത്തെയും പറ്റി ഭാഷയുടെ സൗന്ദര്യം നിറച്ച കവിതകള്‍ എഴുതി മലയാളത്തെ വാനോളം ഉയര്‍ത്തിയ മഹാകവി പി കുഞ്ഞിരാമന്‍ നായര്‍ വിട വാങ്ങിയിട്ട് നാല് പതിറ്റാണ്ട്. കേരളത്തിന്‍റെ പ്രകൃതിയും ഗ്രാമീണ ജീവിതവും, കാര്‍ഷിക സംസ്കാരവും നിറഞ്ഞാടുന്ന കവിതയില്‍, ഇതെല്ലാം ഇല്ലാതായേക്കുമോ എന്ന ആകുലതയും നമുക്ക് കാണാം. പ്രകൃതിയെ പി യോളം നിരീക്ഷിച്ച ഒരാളില്ല എന്ന് തന്നെ പറയാം.കേരളത്തിന്റെ പച്ചപ്പ്‌ നിറച്ച കവിതകള്‍ നിരവധി സംഭാവന ചെയ്യാന്‍ ഇദ്ദേഹത്തിന് കഴിഞ്ഞു. ജീവിതം തന്നെ കവിതക്കായി ഒരലച്ചിലാക്കി മാറ്റിയ ഈ നിത്യസഞ്ചാരിയുടെ ജീവിതം അടുക്കും ചിട്ടയുമില്ലാതെയായിരുന്നു എങ്കിലും എഴുതിയ കവിത കള്‍ തുറന്നിടുന്ന വലിയലോകത്തെ എത്ര വ്യാഖാനിച്ചാലും അതധികമാകില്ല. പ്രകൃതിക്ക് മേല്‍ മനുഷ്യന്‍ ഏല്‍പ്പിക്കുന്ന ഓരോ മുറിവും പി കവിതയിലൂടെ ആവിഷ്കരിച്ചു.
“കൈ മെയ്‌ പുണര്‍ന്നു മലരുതിരു-
മാമരത്തോപ്പുകളെങ്ങുപോയി?
പൊന്‍കതിരുണ്ടു പുലര്‍ന്നോരോമല്‍-
പ്പൈങ്കിളിക്കൂടുകളെങ്ങുപോയി?
സല്ലീലമോമനക്കാറ്റുനൂഴും
വല്ലീനികുഞ്ജങ്ങളെങ്ങുപോയി?”
എന്ന് കവി ചോദിച്ചുകൊണ്ടേയിരുന്നു.നഷ്ടമാകുന്ന പ്രകൃതിസൌന്ദര്യത്തിൽ മനംനൊന്ത് വിലപിക്കുന്ന പി ഇങ്ങനെ നിരവധി ചോദ്യങ്ങള്‍ നാല് പതിറ്റാണ്ട്കള്‍ക്ക് മുമ്പ് ചോദിച്ചതത്രയും ഇന്നിന്റെയും യാതാര്‍ത്ഥ്യമാകുന്നു എന്നിടത്താണ് കവിയുടെ ദീര്‍ഘവീക്ഷണം പ്രസക്തമാകുന്നത്
“കന്നാലിമേയും ഹരിതചിത്ര-
സുന്ദരമൈതാനമെങ്ങുപോയി?
കുന്നിന്‍ചെരുവില്‍ കുഴല്‍വിളിക്കും
കന്നാലിപ്പിള്ളരിന്നെങ്ങുപോയി?”
പ്രകൃതിയോടു ഇണങ്ങി ജീവിച്ചിരുന്ന മനുഷ്യരെയും കവി അന്വേഷിക്കുകയാണ്. ഗ്രാമത്തിന്റെ ഇല്ലായ്മകളിലേക്കും കവി ചെന്നെത്തുന്നു. ഗ്രാമത്തെ വിട്ടൊഴിയുന്ന ഒരു മനസ്സ് ചേക്കേറുന്ന മനുഷ്യവിചാരങ്ങളെ ഇല്ലാതാകുന്ന ചിഹ്നങ്ങളിലൂടെ കാണിക്കുന്നു. ഒപ്പം അവനവന്റെ തന്നെ വീഴ്ചയും തിരിച്ചറിയുന്നു.
“മര്‍ത്ത്യന്റെ ഭാരം ചുമന്നു നിന്നൊ-
രത്താണി മണ്ണില്‍ക്കമിഴ്ന്നു വീണു!
വൈദ്യുതക്കമ്പികളേറ്റി, തന്ത്ര-
വാഹനം മര്‍ദ്ദിച്ച പാതപറ്റി,
ഒന്നിനു പിമ്പൊന്നായ്‌ക്കാളവണ്ടി
ചന്ത കഴിഞ്ഞു തിരിക്കയായി.”
ഇങ്ങനെ എല്ലാ കോണുകളിലൂടെയും പി. എന്നഏകാക്ഷരത്താല്‍തന്നെ പ്രസിദ്ധനായിത്തീര്‍ന്ന മഹാകവി സഞ്ചരിക്കുമ്പോള്‍ പ്രകൃതിയെ പറ്റി തന്‍റെ കാവ്യപ്രമേയത്തിന്‍റെ അപൂര്‍വതകൊണ്ടും കാവ്യശൈലിയുടെ മനോഹാര്യത കൊണ്ടും മറ്റാരുണ്ട് എന്ന ചോദ്യം ബാക്കിയാകുന്നു. കവിയെവിടെ എന്ന കവിതയില്‍ മോന്നോട്ടു വെച്ച ഈ ആകുലതകള്‍ ഇനിയും പലതുണ്ട്.
“ആനന്ദവൈകുണ്ഠം കാട്ടിത്തന്ന
പാണന്‍റെ ചാളയിന്നെങ്ങുപോയി?
പ്രാണനു ചെറ്റിട മിന്നലൊളി
കാണിക്കും പാണനിന്നെങ്ങുപോയി?”
എന്ന് കവിക്ക് ചോദിക്കാനകുന്നു. പ്രകൃതിയുടെ മനോഹാര്യത അവിടുത്തെ മനുഷ്യരും ചേര്‍ന്നതാണ് എന്നും എന്നാല്‍ മനുഷ്യര്‍ തന്നെ തീര്‍ത്ത മതില്കെട്ടിനു പുറത്തേക്കു വലിച്ചെറിയപ്പെട്ട മനുഷ്യരുടെ വിലാപവും അതോടൊപ്പം കൂര്‍ത്ത ചോദ്യങ്ങളും കവി നിരന്തരം ചോദിച്ചുകൊണ്ടേയിരുന്നു. കവി കവിയോട് തന്നെ നിരന്തന്തരം ചോദിച്ചുകൊണ്ടിരുന്നു.
“കുഗ്രാമവീഥിതന്നുള്‍പ്പൂവിലെ -
യുള്‍ത്തുടിപ്പിന്‍ കവിയെങ്ങുപോയി?
പട്ടിണിത്തീയിലെരിഞ്ഞെരിഞ്ഞാ
നാട്ടിന്‍പുറത്തിന്‍ കവി മരിച്ചു!”

നിത്യ സഞ്ചാരത്തില്‍ താന്‍ കണ്ടെടുത്ത ജീവിതത്തിന്‍റെ നേര്‍ചിത്രങ്ങളിലെ ഓരോ അണുവും സൂക്ഷ്മദര്‍ശിനി വെച്ച് നോക്കുന്നതായി നമുക്ക് കാണാം. ഇന്നും ഈ ചോദ്യങ്ങള്‍ പ്രസക്തം എന്നതാണ് കാവ്യപ്രമേയത്തിലെയും അപൂര്‍വതകൊണ്ട് സ്വന്തം തട്ടകം തീര്‍ത്ത കവിയെ അനശ്വരനായിത്തീര്‍ക്കുന്നത്
“കുളിച്ചു പൂപ്പൊലിപ്പാട്ടിൽ വിളിച്ചു
മലനാടിനെ
ഒളിച്ചു പൂക്കളം തീർത്ത്
കുളിച്ചുപുലർവേളകൾ”
എന്ന് തുടങ്ങുമ്പോള്‍ നമ്മുടെ ഉള്ളിലെ പച്ചപ്പും കേരളത്തിന്‍റെ പ്രകൃതിയും നിറയുന്നു, എന്നാല്‍ ആപോഴെല്ലാം പ്രകൃതിയെ മനുഷ്യന്‍ ഉപയോഗിച്ചുവരുന്ന രീതിയില്‍ ഉള്ള ആശങ്കയും ആകുലതയും കവിതകളിലെങ്ങും കാണാം. വര്‍ത്തമാനകാലത്ത് നാം അഭിമുഖീകരിക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങള്‍ അതുമൂലം സര്‍വ്വ ജീവികളും നേരിടേണ്ടിവരുന്ന വെല്ലുവിളികള്‍ ഇതെല്ലാം അന്നേ കവിതയിലൂടെ നിരന്തരം ചോദിച്ചുകൊണ്ടിരുന്നു. .
പ്രകൃതിയുടെ ഓരോ ചലനവും കവിതയിലൂടെ അവഹിക്കുന്നു. പ്രാകൃതിയും പ്രണയവും ഇഴചേര്‍ന്നു നില്‍ക്കുന്നു. ഇവിടെ പ്രകൃതിയോടുള്ള പ്രണയം സൌന്ദര്യ പൂജയായ് മാറുന്നു
“പൂനിലാവിൽ മുങ്ങി
നീരുമാമ്പലപ്പൂവുപോലവേ
മലഞ്ചെരുവിലാപ്പുള്ളി
മാൻകിടാവെന്നപോലവെ
കസ്തൂരിക്കുറിപൂശുന്ന വരമ്പിൻ
വക്കിലൊക്കെയും കാൽവെപ്പിനാൽപൂനിരത്തി
രമ്യശാരദ കന്യക”
മനുഷ്യനില്‍ പ്രകൃതിയുണ്ടാവണം എങ്കിലേ പ്രകൃതിയില്‍ മനുഷ്യരുണ്ടാകൂ കവി പദ്യത്തിലും ഗദ്യത്തിലും നിരന്തരം പറഞ്ഞുകൊണ്ടിരുന്നു, പ്രകൃതിക്ക് മനുഷ്യഭാവവും മനുഷ്യന് പ്രകൃതിയുടെ ഭാവവും നല്‍കി.
“പറന്നുപോയ്പഞ്ച
വർണ്ണകിളിക്കൂട്ടങ്ങൾ
പോലവെ
കുന്നിചെരുവിലോണപ്പൂക്കളേന്തിയ
സന്ധ്യകൾ”
എന്നെഴുതുമ്പോള്‍ ഓണപ്പൂകളവും ആ വസന്തകാലവും ഋതുഭേതങ്ങളും ഗ്രമാചിത്രങ്ങളും അനുഭവിപ്പിക്കുകയാണ്‌. പ്രകൃതിയുടെ സൗന്ദര്യവും ഭാഷയുടെ സൗന്ദര്യവും പ്രകൃതിയും മനുഷ്യനും ഇഴ ചേര്‍ന്ന് നില്‍കുന്ന ആഖ്യാന ശൈലിയില്‍ കവി വാക്കുകളുടെ പ്രപഞ്ചം തീര്‍ക്കുന്നു. വ്യാഖാനത്തിലുപരി ആസ്വാദനത്തിന്റെ തലം തുറന്നു തരുന്നു.
“സത്വവെണ്മയേഴും
കന്നിവാനിൽച്ചുറ്റിപ്പറക്കവെ
പൂമണിച്ചിറകിൻക്കാറ്റിലാടി
സ്വർഗീയസൗഭഗം
നിശതൻ ഖണ്ഡകാവ്യങ്ങൾ തിരുത്തും
സൂര്യരശ്മികൾ
നിർമ്മിച്ചുതൂവലിൻ തുമ്പാൽ
ഭാവാനാമണി പത്തനം”
പ്രകൃതിയും കൃഷിയും കാര്‍ഷിക സംസ്കാരവും ആ മനോഹാരിതയും ജീവിതവും വേദനയുമെല്ലാം പ്രകൃതിയെ അതിന്റെ സൗന്ദര്യത്തെ വര്‍ണിക്കുന്നത് ഒരു പൂജയായി കവി കാണുന്നു. കവി ഒരു നിത്യ സഞ്ചാരി ആയതിനാലാകാം പ്രകൃതിയില്‍ ഇത്രമാത്രം നയിച്ച്‌ ചേര്‍ന്ന് എഴുതനായത്.
“അർക്കന്റെകാൽക്കൽത്തലവെച്ചുറന്ന
മിഴിനീരൊലി
ഒതുക്കി നോക്കുന്ന കുട്ടി
കഴിഞ്ഞവിളഭൂമികൾ
ചളിപ്പാടത്തു താരങ്ങൾ
പിടിതാളുപെറുക്കവെ
അലക്കിത്തേച്ച കുപ്പായമിട്ടുലാത്തുന്നു
വെണ്മുകിൽ”
എന്നാല്‍ പ്രാകൃതിയുടെ സൌന്ദര്യത്തെ മാത്രമല്ല നോക്കികാണുന്നത് മനുഷ്യന്‍ തന്നെ പ്രകൃതിക്കുമേല്‍ നടത്തുന്ന ചെറിയ പ്രഹരം പോലും കവിതയില്‍ നിറയുന്നു. മനുഷ്യന്റെ രണ്ടു മുഖങ്ങളും മായാതെ തെളിയുന്നു
“സത്യപ്രകൃതിദീപത്തിൽക്കത്തും
പൊൻതിരിപോലവെ
അരിവാളെന്തിനിൽക്കുന്നു
കന്നിക്കർഷക കന്യക
കുളുർക്കെയവൾ നോക്കുമ്പോൾ
പൂത്തുവിൺപിച്ചകച്ചെടി
അവൾനീരാടാവെ നീലദർപ്പണം
പാഴ്ച്ചെളിക്കുളം”
മനുഷ്യന്‍ അവന്‍റെ ആര്‍ത്തിയാല്‍ കൈവിട്ടുപോകുന്ന പലതും കവിതയില്‍ കാണാം, കന്നിമാസത്തിന്റെ ആഹ്ളാദവും തിമിര്‍പ്പും കവിതയില്‍ നിറയുന്നു കാലം തന്നെ തീര്‍ക്കുന്ന പ്രകൃതിയുടെ വിവിധ ഭാവങ്ങള്‍ മലയാളവുമായി എത്രകണ്ട് അടുത്ത് നില്കുന്നു എന്ന് കാണാം.
‘ആ ചെന്താമരപ്പൂവ്’ എന്ന കവിതയില്‍ പെരിയാറലകളുടെ നെടുവീര്‍പ്പുകളില്‍ പ്രണയത്തിന്റെ വിരഹവും പെരിയാറിന്‍കരയുടെ ഭംഗിയും ഇഴ ചേര്‍ന്ന് നില്കുന്നു.
തള്ളുന്നൂ ലാവണ്യവെണ്‍നുര സങ്കല്പ-
പ്പുള്ളിയുലയുമാ വെള്ളസാരി!
ആ മലഞ്ചോലതന്‍ തീരത്തിലംബുജ-
ത്തുമുഖം തേടുന്നു വണ്ടിന്‍ചാരെ;
ഉള്ളംകുലുര്‍പ്പിക്കുമാദ്യത്തെത്തൂമഴ-
ത്തുള്ളിയില്‍നിന്നൊരെഴുത്തു വീണു!”
വിരിഞ്ഞു നില്‍ക്കുന്ന ചെന്താമാരയോടു ഇടറിയ ശബ്ദത്തില്‍ മൊഴിയുന്നു.
“തെക്കുനിന്നൊരാല്‍ത്തോഴാന്‍വരുംതെന്നലിന്‍-
പക്കല്‍ക്കുറിച്ചു കൊടുക്കേണമേ;
പ്രേമപ്പൂമ്പൊയ്കയില്‍ നീന്തിക്കളിക്കുമെന്‍
താമരപ്പൂവേ, നിന്‍ മേല്‍വിലാസം”
(ആ ചെന്താമരപ്പൂവ്)
കവിതയിലെവിടെയും ഭാഷയുടെ സൗന്ദര്യതലം കാണാം, അന്നത്തെ തിരുവാതിര എന്ന കവിതയില്‍
“കേറിപ്പുളച്ചുവരുമാതിരക്കുളിര്‍ത്തെന്ന-
ലാറിന്റെയലകളിലൂഞ്ഞാലിട്ടൂ;
തെല്ലിട മുങ്ങിപ്പൊങ്ങി വാര്‍മുടിയൊതുക്കുന്ന
വള്ളിതന്‍ മൃദുമേനി തൊട്ടുരുംമ്മീ.”
പി.യുടെ സൗന്ദര്യദര്‍ശനം നിറഞ്ഞ കവിതകള്‍ ധാരാളം. പ്രകൃതിയെ തന്നിലേക്കാവാഹിച്ചു നടത്തുന്ന പൂജയാണ് പിയുടെ കവിതകള്‍ മുക്കുറ്റികളുടെ കടങ്കഥകള്‍ പൂതുമ്പകളുടെ പഴഞ്ചൊല്ലുകള്‍ തോടുകളുടെ നാടോടിപ്പാട്ടുകള്‍ അങ്ങനെ പ്രകൃതി വര്‍ണ്ണന പ്രപഞ്ച ദര്‍ശനമായി കവി മാറ്റുന്നു ‘ചിതറിയ ചിത്രങ്ങള്‍’ എന്ന കവിത അത്തരത്തിലൊരു യാത്രയാണ്, മുളംക്കൂടിന്റെ ശബ്ദത്തെ കവി വര്‍ണ്ണിക്കുന്നവേലയില്ലാതെ കലമ്പി പിണങ്ങി നില്കുന്നുവെന്നാണ്.
“ഹൃദയം മീട്ടും വീണാത്ന്ധങ്കാരമുതിരുന്ന
മധുരസ്മൃതിപോലെ മങ്ങി ശാരദ സന്ധ്യ!
വാടിവീഴുന്നൂ പനീര്‍പ്പൂവിതളോരോന്നായി,
വാനില്‍ചില്ലയിലുണ്ടു ഞെട്ടിയാം പകല്‍ ദീപ്തി.
ഫുല്ലമാം പകലിന്റെ ജീവിതദാനം പാറ-
ക്കല്ലിനും കടലിനും പുല്ലിനുമുള്ളില്‍ത്തട്ടീ.
ഇല്ല പുല്ലിനും സ്വൈരം പദഘാതത്താല്‍ വേല-
യില്ലാതെ കലമ്പുന്നൂ പിണങ്ങും മുളക്കൂട്ടം.”
(ചിതറിയ ചിത്രങ്ങള്‍)

വിക്രമ സൂര്യന്‍ കയരിനിള്‍ക്കും വിശ്വ-
ചക്രവാളമതില്‍ക്കെട്ടിന്‍മുകളിലായ്
അന്തിയുഷസ്സുകള്‍ ചന്തത്തില്‍ വില്ലീസ്സു
നെയ്തുതള്ളും നെയ്ത്തുശാലയ്ക്കരികിലായ്”
(സന്ന്യാസിയുടെ പാട്ട്)

പൊന്നണിഞ്ഞു മിന്നുമീ-
പ്പുണ്യശൈലസാനുവില്‍,
മുറ്റുമിന്നു പൊന്‍കതിര്‍-
ക്കറ്റയേറ്റി നില്‍ക്കയായ്
(വീരകേരളം)

പിയുടെ കവിതകളിലൂടെ എത്ര സഞ്ചരിച്ചാലും തീരില്ല. കേരളത്തിന്‍റെ സാംസ്കാരിക പൈതൃകം കവിതയിലൂടെ തുറന്നു വെക്കുകയും ഒപ്പം കവി മുന്നോട്ടുവെക്കുന്ന പ്രപഞ്ച ദര്‍ശനം വിശ്വലോകത്തിനു വേണ്ടി കൂടിയാണ്. കവികളുടെ ദൗത്യവും അതാണല്ലോ. വറ്റിപ്പോകരുത് ഈ പ്രകൃതിയോടുള്ള സ്നേഹം എന്ന് തന്‍റെ ജീവിത സഞ്ചാരത്തിലുടനീളം നിരന്തരം ഓര്‍മ്മിപ്പിച്ചു. ജീവിതം തന്നെ ഒരലച്ചിലായി കവിതപോലെയാകുന്നു അതുകൊണ്ടാണ് “കുയിലും മയിലും കുഞ്ഞിരാമന്‍ നായരും കൂടുകൂട്ടാറില്ല” എന്ന് കെജി ശങ്കരപിള്ള പിയെ കുറിച്ച് എഴുതിയത്. പി എവിടെയും കാത്തുനില്‍ക്കാതെ അലയുകയായിരുന്നു, കവിതക്കായി ജീവിതം മുഴുവന്‍ അലഞ്ഞു തീര്‍ത്ത ഒരു സമ്പൂര്‍ണ്ണനായ കവി. പി എന്ന കവിയെ കവിതയിലൂടെ നാം എത്രമാത്രം അറിഞ്ഞു എന്ന ചോദ്യം നമ്മോടു തന്നെ ചോദിക്കേണ്ടത് കാലത്തിന്റെ അനിവാര്യതയാണ്. പി യുടെ ജീവിതത്തിലേക്ക് നാം എത്തിനോക്കിയ അത്ര ആ കവിതയിലേക്ക് നോക്കിയോ എന്ന സംശയം ബാക്കി നില്ക്കും. സുകുമാര്‍ അഴിക്കോട് ഇക്കാര്യം കൃത്യമായി പറയുന്നു “കുഞ്ഞിരാമന്‍ നായരുടെ കവിതകളിലെ സംവിധാനശില്പത്തെ അഥവാ നാടകീയതയെ വാഴ്തേണ്ടത്ര വാഴ്ത്തിയിട്ടില്ല നമ്മുടെ നമ്മുടെ സഹൃദയലോകം.” അതെ പി.യെ നമ്മള്‍ വായിച്ചത് അധികവും ജീവിതത്തിലൂടെയാണ് ജീവിതം തന്നെ കവിതപോലെയൊന്നായതിനാല്‍ നമ്മള്‍ കവിതയിലും എത്തി. കാലമേറെ കഴിഞ്ഞാലും മലയാളം ബാക്കിവെക്കുന്ന കവിതകള്‍ ആയിരിക്കും പി.യുടേത്. മറവിയുടെ പുതപ്പില്‍ ഈ കവിതകള്‍ ഒതുങ്ങിപോകില്ല കാലമേറും തോറും കൂടുതല്‍ പ്രസക്തമാകും ഓരോ കവിതകളും. കവിതയിലെ പ്രകൃതിലൂടെ മാത്രം ഹരിതാഭമായ വാക്കുകളാല്‍ തീര്‍ത്ത കാട്ടില്‍ ദിവസങ്ങളോളം അലയേണ്ടി വരും. പദ്യത്തിലും ഗദ്യത്തിലും പി ഉണ്ടാക്കിയ ലോകം അത്രയും വിപുലമാണ്.
“ലോലവണ്ടിണ്ടപോലുള്ള വാനിന്‍
നീലിമയിങ്കല്‍ നീരാടുവാനും
വിണ്ണഴകിന്‍ മുഖത്തൂര്‍ന്നുവീഴും
കണ്ണുനീര്‍ ചുംബിച്ചെടുക്കുവാനും
വാനിന്‍റെ ദിവ്യസന്ദേശമേന്തും
ഗാനം വിവര്‍ത്തനം ചെയ്യുവാനും
അല്ലാതെ ഞാനറിഞ്ഞീലയൊന്നും
അല്ലാതെ ഞാന്‍ പഠിച്ചീലയൊന്നും
പാവനപ്രേമത്തിന്‍ പൂജയാണെന്‍
ജീവിതഗാനപ്രപഞ്ചമെല്ലാം.”
ജീവിതത്തെയും പ്രകൃതിയേയും കവിതയിലേക്ക് വിവര്‍ത്തനം ചെയ്യുകായിരുന്നു പി. കുഞ്ഞിരാമന്‍ നായര്‍ എന്ന മഹാകവി. അദ്ദേഹം വിട്ടുപോയ സിംഹാസനത്തില്‍ ഇരിക്കാന്‍ പാകത്തില്‍ ആരും പിന്നെ മലയാളത്തില്‍ ഉണ്ടായിട്ടില്ല ഉണ്ടാകുമോ, എന്നും സംശയവുമാണ്. കേരളത്തിന്റെ പച്ചപ്പ്‌,സാമൂഹികാവസ്ഥ, ക്ഷേത്രാന്തരീക്ഷം,ആചാരാനുഷ്ഠാനങ്ങൾ, ദേവതാസങ്കൽപ്പങ്ങൾ എന്നിവയുടെ, ചുരുക്കത്തിൽ കേരളീയതയുടെനേര്‍ ചിത്രങ്ങളെല്ലാം ഒരാത്മകഥയാക്കി തരികയായിരുന്നു പിയുടെ ഓരോ കവിതയുംനാല് പതിറ്റാണ്ടിനപ്പുറം മലയാളനാടാകെയലഞ്ഞു നടന്നിരുന്ന പച്ച മനുഷ്യന്‍ മലയാള സാഹിത്യത്തിനു നല്‍കിയ സംഭാവനകള്‍ എക്കാലവും കൂടുതല്‍ പ്രസക്തമാകും. ഈ അനശ്വരതയാണ് പി എന്ന ഒറ്റക്ഷരത്തില്‍ അന്നും ഇന്നും തെളിഞ്ഞു നില്‍കുന്ന കവിയും കവിതയും.

ഫൈസല്‍ ബാവ