Sunday 15 January 2017

എം റഷീദ് എന്ന അറിവ് ഒരു നിറഞ്ഞ ഓർമ്മ

(ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനി ഇ. മൊയ്തു മൗലവിയുടെ പുത്രനും പ്രമുഖ പത്രപ്രവർത്തകനും എഴുത്തുകാരനുമായ എം. റഷീദ്നെ കുറിച്ചുള്ള ഓർമ്മക്കുറിപ്പ്)

ന്ത്യൻ സ്വാതന്ത്ര്യ സമര സേനാനി ഇ. മൊയ്തു മൗലവിയുടെ പുത്രനും പ്രമുഖ പത്രപ്രവർത്തകനും എഴുത്തുകാരനുമായ എം. റഷീദ് ഒരു കാലത്ത് വായനയിലൂടെ മാത്രം അറിയാമായിരുന്ന ഒരാൾ. സഖാവ് കെ.ദാമോദരൻ, റോസാ ലക്ശംബർഗ്, മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ്, വെളിയംകോട് ഉമർ ഖാസി എന്നിവരെ പറ്റി എഴുതിയ പുസ്‌തകവായനയിലൂടെ അദ്ദേഹത്തെ കാണാനുള്ള ആഗ്രഹം കൂടികൂടിവന്നു.   എന്നെങ്കിലും ഒന്ന് കാണണം എന്ന് ആഗ്രഹിച്ചു, അങ്ങനെ ആ ആഗ്രഹം അവിടെ കിടന്നു കുറെനാൾ. ഒരു ദിവസം ഹക്കീം വെളിയത്ത്  എന്ന സുഹൃത്ത് ചോദിച്ചു "നമുക്ക് റഷീദ്ക്കയെ ഒന്ന് പോയി കണ്ടാലോ?" 
അത് ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനി ഇ. മൊയ്തു മൗലവിയുടെ പുത്രനും പ്രമുഖ പത്രപ്രവർത്തകനും എഴുത്തുകാരനുമായ എം. റഷീദ് ആണെന്നറിഞ്ഞതും ഒട്ടും താമസിച്ചില്ല, അന്ന് ഏറെ നേരം സംസാരിച്ചു എന്റെ കുടുംബത്തെ കുറിച്ചും തറവാടിന്റെ കുറിച്ചും ഒക്കെ  ചോദിച്ചറിഞ്ഞു, അപ്പോഴാണ് എന്റെ ഉപ്പാനെ അറിയും എന്ന് ഞാൻ അറിയുന്നത്. ഇക്കാര്യം ഉപ്പാട്  പറഞ്ഞപ്പോൾ അദ്ദേഹം "കോഴിക്കോടല്ലേ"
അല്ല ഇവിടെ നമ്മുടെ അടുത്ത് അപ്പോൾ തന്നെ ഉപ്പയുമായി ഞാൻ വെളിയംകോട്ട് പഴഞ്ഞിയിലേക്ക് തിരിച്ചു 
അവർ പരസ്പരം സംസാരിക്കുന്നത് ഞാൻ ഏറെ നേരം നോക്കിയിരുന്നു.  മുഹർത്താമായിരുന്നു ആ കൂടിച്ചേരൽ, വർഷങ്ങൾക്കു  ശേഷമാണ് റഷീദിക്ക ഉപ്പയെ കാണുന്നത്. അവരുടെ രണ്ടുപേടുടെയും കണ്ണുകളിൽ ആനന്ദാശ്രു ഞാൻ കണ്ടു. രണ്ടുപേരും കൂടി എന്നെ ചേർത്ത് പിടിച്ചു ഇന്നും ആ ഓർമ്മ എന്നിൽ നിറഞ്ഞു നിൽക്കുന്നു.  ആ  സ്വാധീനം ഇന്നും എന്നിൽ നിറഞ്ഞു നിൽക്കുന്നു. 
പിന്നീട് ഞാൻ അവിടെ ഒരു നിത്യ സന്ദർശകനായി ഓരോ വരവിലും അദ്ദേഹം തുറന്നു വെക്കുന്ന ചരിത്രത്തിന്റെ അറിവുകൾ നിറഞ്ഞ ഓർമ്മകൾ എന്നെ അത്ഭുതപ്പെടുത്തി. ടീച്ചറുമ്മ സുലൈമാനി തരും അതും  കുടിച്ച് ഏറെ നേരം സംസാരിച്ചിരിക്കും. എന്റെ ലേഖനങ്ങൾ കൃത്യമായി വായിക്കുന്ന ഒരാൾ, പലവട്ടം മാധ്യമം പക്തിയിൽ അക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്.  സുകുമാർ അഴിക്കോട് പങ്കെടുക്കുന്ന ഒരു പരിപാടി എരമംഗലത്ത് റഷീദ്ക്കയും ഒരു  മുഖ്യാതിഥിയാണ് അന്ന് റഷീദ്ക്കയെ ഞാനാണ് കൊണ്ടുവന്നത്, പരിപാടി തുടങ്ങാൻ ഇനിയും ഏറെ സമയം ആരും എത്തിയിരുന്നില്ല അഴീക്കോട് മാഷ് ക്ര്യത്യസമയത്ത് എത്തിയിരുന്നു സംഘാടകർ എത്തുന്നതിനു മുമ്പ് തന്നെ അഴീക്കോട് മാഷ് എന്ത് പറയും എന്ന പേടി ഉണ്ടായിരുന്നു മാഷ് പറഞ്ഞു "പരിപാടി വൈകിയത് നന്നായി ഞങ്ങൾക്ക് കുറച്ചു സംസാരിക്കാലോ" ആ കൂടിച്ചേരൽ രണ്ടു വലിയ മനുഷ്യർ ഉള്ള ആ സംഭാഷണത്തിൽ കുറച്ചു നേരം കേൾവിക്കാരനാകാൻ അവസരം കിട്ടി. ചരിത്രത്തിന്റെ ആഴങ്ങളിലേക്ക് രണ്ടു വലിയ മനുഷ്യർ ഇറങ്ങുമ്പോൾ കാതോർത്തുനിന്നു, അറിവിന്റെ വാതായനങ്ങൾ തുറന്നു, അവിസ്മരണീയ നിമിഷങ്ങൾ ആയിരുന്നു അത് ഇപ്പോഴിതാ ആ രണ്ടു മഹാരഥന്മാരും ചരിത്ര താളുകളിൽ പിന്നീട് പലതവണ അത്തരം ചെറിയ  യാത്രകൾ ഉണ്ടായി.

എന്റെ ഉപ്പയുടെ വിയോഗം, അതറിഞ്ഞ റഷീദ്ക്ക വിളിച്ചു.
"എനിക്ക് വരാനാവില്ല ഫൈസലേ തീരെ വയ്യ ,  തിരക്കൊഴിഞ്ഞാൽ നീയൊന്നു വാ ഒന്ന് കാണണം"
പിന്നീട് കണ്ടപ്പോൾ എന്റെ കൈകൾ പിടിച്ചു ഏറെ നേരം ഇരുന്നു. എന്തോ പറയാനുണ്ടായിരുന്നു എങ്കിലും ആ മനസ് വിങ്ങുകയാണ് എന്ന് ആ കണ്ണുകൾ പറഞ്ഞു. അന്നൊന്നും ഞങ്ങൾ സംസാരിച്ചില്ല. ഇറങ്ങുമ്പോൾ "ഇടക്ക് നാട്ടിൽ വരുമ്പോൾ വാ, ഇവിടെ ഉണ്ടങ്കിൽ കാണാം"

ഞാൻ മൊയ്തു മൗലവിയെ വരച്ചിട്ടുണ്ട് എന്ന് പറഞ്ഞപ്പോൾ അത് കാണണം എന്നായി. ഡ്രോയിങ് ബുക്കിൽ കോറിയിട്ട സ്കെച്ച് റഷീദ്ക്കാക്ക് ഏറെ ഇഷ്ടമായി ആ ചിത്രം കുറച്ചുകൂടി വലുതാക്കി വരച്ചുകൊടുത്തു. ആ ചിത്രം ഇപ്പോഴും അവിടെ ഉണ്ടോ എന്നറിയില്ല എന്നാൽ ഡ്രോയിങ് ബുക്കിൽ വരച്ച ചിത്രം ഇപ്പോഴും ഞാൻ സൂക്ഷിട്ടുണ്ട്
എന്റെ ബ്ലോഗിന് ഒരു പേര് വേണം റഷീദ്ക്കാട് ഞാൻ സൂചിപ്പിച്ചു, 
"നീ പരിസ്ഥിതിയുമായി നടക്കുന്ന ആളല്ലേ, ആദ്യം കുറച്ചു കയ്ച്ചാലും പിന്നെ മധുരിക്കാതിരിക്കില്ല, നീ എഴുതൂ, നെല്ലിക്ക എന്നിടാൻ പറ്റുമോ?' നൂറുവട്ടം സമ്മതമായിരുന്നു 

എന്നും പുതിയ കാര്യങ്ങൾ അറിവിലേക്ക് റഷീദ്ക്ക തന്നുകൊണ്ടിരുന്നു, അദ്ദേഹം നിർദേശിച്ച പുസ്തകങ്ങൾ തേടിപ്പിടിച്ചു വായിച്ചു ട്രോട്സ്ക്കിയും ബുക്കാറിനും, റോസാ ലക്സം ബർഗും എനിക്ക്  സുപരിചിതരായി അബ്ദുറഹ്മാൻ സാഹിബിനെ കുറിച്ച് പറയുമ്പോൾ ആ കണ്ണുകൾ  തിളങ്ങുന്നത് ഞാൻ കണ്ടു, കെ എ കൊടുങ്ങല്ലൂരിരെ പറ്റി ഏറ്റവും കൂടുതൽ കേട്ടതും റശീദ്‌ക്കയിൽ നിന്നും തന്നെ. ഇടക്ക് ടീച്ചറുമ്മ കട്ടൻ കാപ്പി യുമായി വരുമ്പോൾ ഞങ്ങൾ ഏതെങ്കിലും പുസ്തകം മുന്നിൽ വെച്ച് ചർച്ചയിൽ ആയിരിക്കും, ഇടക്കിടക്ക് ചില കുറിപ്പുകൾ വായിക്കാനായി തരും, ചില പുസ്‌തകങ്ങൾ കാണിക്കും... നിരവധി ദിനങ്ങൾ ഇങ്ങനെ. പുന്നയൂർക്കുളം ബാപ്പു സാഹിബിനെ പറ്റി എഴുതാൻ പ്രേരിപ്പിച്ചത് റഷീദ്ക്ക തന്നെ. നിർഭാഗ്യവശാൽ ആ അന്വേഷണം അധികം മുന്നോട്ട് പോയില്ല. പിന്നെ ഗൾഫിലേക്ക് പറന്നു... 
കഴിഞ്ഞ നാലഞ്ചു കൊല്ലമായി റഷീദ്ക്കയെ കാണാൻ പറ്റിയിരുന്നില്ല, അവസാനം കണ്ടത് ഈ ഡിസംബറിൽ, അപ്പോൾ പ്രായം വല്ലാതെ അവശനാക്കിയിരുന്നു. എന്നെ മനസിലായില്ല, ഏറെ നേരം പറയേണ്ടി വന്നു മനസിലാക്കാൻ അതോ മനസ്സിലായോ ആവോ ? . ആ കണ്ണുകൾ ഇന്നും ഓർമ്മയിൽ ഉണ്ട്, ആ കണ്ണുകൾ എന്തോ അന്വേഷിക്കുയാണ്.  ഓർമയുടെ താളുകളിൽ പതിപ്പിച്ച ചിത്രങ്ങൾ പരതുകയാകാം, അതിൽ ഈ മുഖം തേടുകയാണോ, ഞാൻ വീടിന്റെ ഗെയ്റ്റ് കടക്കുന്നത് വരെ അദ്ദേഹം നോക്കിയിരുന്നു. 
ഈ വിടവാങ്ങൽ മനസ്സിൽ ഒരു വിങ്ങലായി നിൽക്കുന്നു.

No comments:

Post a Comment