Saturday 26 May 2012

‘പി’ പ്രകൃതിയെ പ്രണയിച്ച കവി


Kunhiraman_nair-epathram

“കുയിലും, മയിലും,
 കുഞ്ഞിരാമന്‍ നായരും
 കൂടുകൂട്ടാറില്ല”
-: കെ. ജി. ശങ്കരപ്പിള്ള

മലയാള കവിതയില്‍ പ്രകൃതി സൗന്ദര്യം കവിതകളിലേക്ക് ആവാഹിച്ച കാല്പനിക കവിയായിരുന്നു ‘പി’ എന്ന ചുരുക്കപേരില്‍ അറിയപ്പെടുന്ന പി. കുഞ്ഞിരാമന്‍ നായര്‍. കേരളത്തിന്റെ പച്ചപ്പ്‌ നിറച്ച കവിതകള്‍ നിരവധി സംഭാവന ചെയ്യാന്‍ ഇദ്ദേഹത്തിന് കഴിഞ്ഞു. ജീവിതം തന്നെ കവിതക്കായി ഒരലച്ചിലാക്കി മാറ്റിയ ഈ നിത്യസഞ്ചാരിയുടെ ജീവിതം അടുക്കും ചിട്ടയുമില്ലാതെ എഴുതിയ കവിത പോലെയായിരുന്നു. കേരളത്തിന്റെ പച്ചപ്പ്‌, ക്ഷേത്രാന്തരീക്ഷം, ആചാരാനുഷ്ഠാനങ്ങൾ, ദേവതാസങ്കൽപ്പങ്ങൾ എന്നിവയുടെ, ചുരുക്കത്തിൽ കേരളീയതയുടെ നേര്‍ ചിത്രങ്ങള്‍ ആയിരുന്നു പിയുടെ ഓരോ കവിതയും.
തനി കേരളീയ കവിയാണ് പി. പ്രകൃതിക്ക് മനുഷ്യഭാവവും മനുഷ്യന് പ്രകൃതിഭാവവും നല്‍കിയ കവി. ഏറെക്കാലം കൊതിച്ചു കാത്തിരുന്ന ഉത്സവം കാണാനാകാതെ ആല്‍ത്തറയില്‍ കഞ്ചാവടിച്ചു മയങ്ങിപ്പോയതിനെപ്പറ്റിയും ‘തോഴനാം കൊച്ചുമിടുക്കന്റെ ഉര്‍വശീവേഷമിരുട്ടത്ത് കണ്ടുമിരണ്ടനാള്‍’ പടിക്കു പുറത്താവുന്ന കഥകളി ക്കാരനെപ്പറ്റി എമെഴുതുമ്പോള്‍ ആത്മകഥയും കവിതയും ഒന്നാവുന്നു. പ്രകൃതിക്ക് മേല്‍ മനുഷ്യന്‍ ഏല്‍പ്പിക്കുന്ന ഓരോ മുറിവും പി കവിതയിലൂടെ ആവിഷ്കരിച്ചു. വിശ്വാസത്തിന്റെ വരമ്പിലൂടെ നടക്കുമ്പോള്‍ തന്നെ വിശ്വാസത്തിന്റെ പേരില്‍ നടക്കുന്ന നെറികേടുകളെ കണ്ടില്ലെന്നു നടിക്കാന്‍ പിയ്ക്ക് ആയില്ല.
ക്ഷേത്രം ഭരിപ്പുകാരായ
പെരുച്ചാഴികള്‍ കൂട്ടമായ്
മാന്തിപ്പൊളിക്കയായ് സ്വര്‍ണ
നിക്ഷേപത്തിന്റെ കല്ലറ.”
(നരബലി)
ആത്മീയത എന്നാല്‍ സ്വയം തിരിച്ചറിയേണ്ട ഒന്നാണെന്ന് പി മനസിലാക്കി
“പാട്ടുപെട്ടിക്കേളി കേട്ടൊരു കോവിലിന്‍
നീടുറ്റ പുണ്യനട കണ്ടുവെങ്കിലും,
പേര്‍ത്തുമടച്ച നട തുറക്കും വരെ
കാത്തു കിടക്കാന്‍ സമയമില്ലായ്കയാല്‍
മിന്നുന്ന സത്യപ്പൊരുളിന്‍ മലരടി
കണ്ടു തൊഴാതെ തിരിച്ചു പോകുന്നു ഞാന്‍.”

പി എവിടെയും കാത്തു നില്‍ക്കാതെ അലയുകയായിരുന്നു. തന്റെ കവിതക്കായ്‌ നിറുത്താതെ അലഞ്ഞ തീര്‍ത്തും ഒരു സമ്പൂര്‍ണ്ണനായ ഒരു കവി. തന്റെ ഏറ്റവും പ്രശസ്തമായ കവിതയായ കളിയച്ഛനില്‍ ഇങ്ങനെ എഴുതി
ബോധമില്ലാതെ കിടക്കുമവസ്ഥയ്ക്കു
മീതെയായ് ഘോരവിപത്തെന്തു ഭൂമിയില്‍?”

അലച്ചിലിനിടയില്‍ ഏറെ പ്രണയഭാരങ്ങള്‍ പിയെ വലം വെച്ചു, ചിലത് തേടി ചെന്നു, ചിലത് ഉപേക്ഷിച്ചു. ഇത്തരത്തില്‍ കുറെ പ്രണയ പാപങ്ങളും കവിയില്‍ വന്നടിഞ്ഞു
ഏവമെന്തിനിണങ്ങി നാം തമ്മില്‍
വേര്‍പിരിയുവാന്‍ മാത്രമായ്
(മാഞ്ഞുപോയ മഴവില്ല്)
“യൗവനം വറ്റിയ കാറ്റിന്‍ പ്രേമ-
ലേഖനം പൂവു തിരിച്ചയച്ചു”
(പിച്ചിച്ചീന്തിയ പുഷ്പചിത്രം)



ഇങ്ങനെ നീളുന്നു പിയുടെ ജീവിതമെന്ന കവിത. അതുകൊണ്ടാണ് ഭ്രഷ്ടകാമുകനായി അലഞ്ഞുതിരിഞ്ഞ പി. വാക്കും വരികളും വാരിയെറിഞ്ഞ ധൂര്‍ത്തന്‍ എന്ന് പറയുന്നത് .
വിരഹവേദനയും ഗൃഹാതുരതയും കാല്‍പ്പനിക കവികളുടെ പൊതുസ്വത്താണെങ്കിലും ആ ബാങ്കില്‍ ഏറ്റവും വിപുലമായ സ്ഥിരനിക്ഷേപം കുഞ്ഞിരാമന്‍നായരുടെ പേരില്‍ത്തന്നെ പതിഞ്ഞുകിടക്കും’ – എന്ന് പിയെപറ്റി എം. ലീലാവതി എഴുതി. അതെ പിയുടെ നിക്ഷേപം കവിതയായ്‌, ആത്മകഥയായ്‌ നമുക്ക് മുന്നില്‍ അനശ്വരമായി നിലനില്‍ക്കുന്നു. പ്രകൃതിയെ കുറിച്ച് നിറുത്താതെ കവിതയെഴികൊണ്ടിരുന്ന പി ഈ പച്ചപ്പിനെ വിട്ടകന്നിട്ട് ഇന്നേക് 34വര്‍ഷം തികയുന്നു. ഒട്ടേറെ കവിതാ സമാഹാരങ്ങളും ജീവചരിത്രങ്ങളും നാടകങ്ങളും രചിച്ചിട്ടുണ്ട്‌. ആത്മകഥാപര ഗ്രന്ഥങ്ങളായ ‘കവിയുടെ കാൽപ്പാടുകൾ’,'എന്നെ തിരയുന്ന ഞാൻ’, ‘നിത്യകന്യകയെത്തേടി’ എന്നിവ മലയാളഭാഷയിലെ കവിത തുളുമ്പുന്ന ഗദ്യത്തിന്‌ ഉത്തമോ ദാഹരണങ്ങളാണ് ഇവ‌. വാസന്തിപ്പൂക്കള്‍, പൂമ്പാറ്റകള്‍, അന്തിത്തിരി, മണിവീണ, അനന്തന്‍കാട്ടില്‍, ഭദ്രദീപം, പടവാള്‍, നിറപറ, പാതിരാപ്പൂവ്, ശംഖനാദം, നിശാന, പ്രേമപൗര്‍ണമി, വരഭിക്ഷ, കളിയച്ഛന്‍, നക്ഷത്രമാല, പൂത്താലി, പൂമാല, താമരത്തോണി, താമരത്തേന്‍, വയല്ക്കരയില്‍, പൂക്കളം, ഓണപ്പൂക്കള്‍, സൗന്ദര്യദേവത, ചിലമ്പൊലി, രഥോത്സവം എന്നിവയാണ് പിയുടെ മറ്റു പ്രധാന കൃതികള്‍.
കവിതയൊഴികെ മറ്റൊന്നും ജീവിതത്തിൽ ലക്ഷ്യമാക്കാതെ നടത്തിയ യാത്രകൾക്കൊടുവിൽ 1978 മേയ്‌ 27ന്‌ തിരുവനന്തപുരത്തെ ഒരു സത്രത്തിൽ ഹൃദയസ്തംഭനംമൂലം പി കുഞ്ഞിരാമന്‍ നായര്‍ അന്തരിച്ചു. എന്നാല്‍ ‘പി’യുടെ കവിതകള്‍ കാലത്തെ അതിജീവിച്ച് കൂടുതല്‍ കൂടുതല്‍ നമ്മളിലേക്ക് ചേര്‍ന്ന് വരികയാണ്. ‘പി’യില്ലാത്ത മലയാള കവിത അപൂര്‍ണ്ണമാണ്. അത്രയും മലയാളത്തെ സ്വാധീനിച്ച കവിയാണ് ‘പി’. പ്രകൃതിയെപ്പറ്റി ഇത്രയധികം പാടിയ മറ്റൊരു കവിയുണ്ടാവില്ല. ആധുനികകാല കവികളില്‍ അടിമുടി കവിയായ ഒരാളേയുള്ളു. അതാണ്‌ പി. കുഞ്ഞിരാമന്‍ നായര്‍.

- ഫൈസല്‍ ബാവ

1 comment:

  1. ഇല്ല മരിക്കില്ലോരിക്കലും ഈ പീ തന്‍ പേരും കവിതകളും
    ഓലപ്പീലിചുടുമോരായിരം കേര വൃക്ഷതലപ്പുകള്‍ കൈയ്യാട്ടി വിളിക്കും ആ വരികള്‍ ഒരിക്കലും മരിക്കില്ല കട്ടായം

    ReplyDelete