Wednesday 30 May 2012

ജോണിന്റെ വേര്‍പ്പാടിന് കാല്‍ നൂറ്റാണ്ട്

 

എവിടെ ജോൺ?
ആര്‍ത്തുപൊങ്ങുന്നിതാ
വെറും പൊടിയില്‍ നിന്നും
മനുഷ്യരക്തത്തിന്റെ നിലവിളി
മുട്ടുകുത്തി വീഴുമ്പോഴെന്‍
കരളു ചീന്തിത്തെറിക്കുന്നു വാക്കുകള്‍”

john-abraham-epathram
“ലോക സിനിമയിലെ ഒരു അത്ഭുതം”
1987 മേയ് 31നു അലച്ചിലിന്റെ പുതിയ ഇടം തേടി പോയി. അലസമായ തന്റെ മുടിയും തടിയും കാറ്റില്‍ പാറിക്കളിച്ചു…അതെ ജോണ്‍ എബ്രഹാം എന്ന തന്റേടം നമ്മെ വിട്ടകന്നിട്ട് ഇന്നേക്ക് കാല്‍ നൂറ്റാണ്ട് തികയുന്നു. ഈ ലോകത്ത്‌ ഒരേയൊരു ജോണെ ഉള്ളൂ… വ്യക്തമായ രാഷ്ടീയ നിരീക്ഷണങ്ങളും സാമൂഹ്യ വിമർശനവും പരീക്ഷണാത്മകതയും ജോണിന്റെ ഓരോ സിനിമയേയും വേറിട്ടു നിർത്തി. അഗ്രഹാരത്തിലേക്കു ജോൺ ഒരു കഴുതയെ നടത്തിക്കയറ്റിയതു സവർണ മേധാവിത്വത്തിന്‌ എതിരേയുള്ള വെല്ലുവിളി യോടെയായിരുന്നു. ശക്തമായ വിമര്‍ശനം അഭ്രപാളികളില്‍ നിറഞ്ഞ ‘അഗ്രഹാരത്തിലെ കഴുത’ ഇറങ്ങിയതോടെ ചിത്രത്തിനെതിരേ ഒരു വിഭാഗം ശക്‌തമായ പ്രതിഷേധിച്ചു രംഗത്തിറങ്ങി. ഫ്യൂഡൽ വ്യവസ്‌ഥിതിയെയും പോലീസ്‌ അരാജകത്വത്തെയും ജോൺ വരച്ചു കാട്ടിയ ‘ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങളിൽ’ ഒരു ഭൂപ്രഭുവിനെ തെങ്ങിന്റെ മുകളിലേക്കു കയറ്റിയത് ഒട്ടേറെ അർഥ തലങ്ങളുള്ളതായി വ്യാഖ്യാനിക്കപ്പെടുന്നു. ഒരു കാലഘട്ടത്തിൽ വസന്തത്തിന്റെ ഇടിമുഴക്കത്തിനു കാതോർക്കാനും, ചോരയിലൂടെ സ്‌ഥിതി സമത്വ വാദം ഉറപ്പു വരുത്താനും യുവാക്കളെ ആഹ്വാനം ചെയ്‌ത നക്‌സലിസത്തിന്റെ അനന്തര ഫലമായിരുന്നു ‘അമ്മ അറിയാൻ’ എന്ന ചലച്ചിത്രം.
john-abraham-amma-ariyaan-epathram
“ഞാൻ ആത്മസാക്ഷാത്കാരത്തിന് വേണ്ടി സിനിമയെടുക്കാറില്ല. ജനങ്ങളോട് ചിലത് വിളിച്ച് പറയണമെന്ന് തോന്നുമ്പോഴാണ് ഞാൻ സൃഷ്ടാവാകുന്നത്, സിനിമയെടുക്കുന്നത്. എന്റെ സിനിമ ജനങ്ങൾ കാണണമെന്നും അതിന്റെ എല്ലാ അർത്ഥത്തിലും മനസ്സിലാക്കണമെന്നും എനിക്ക് നിർബന്ധം ഉണ്ട് ”
ഈ പറച്ചിലുകള്‍ പറയാന്‍ ധൈര്യമുള്ള, സിനിമ സാധാരണ ജനങ്ങള്‍ക്കുള്ളതാണ് എന്ന് പറഞ്ഞു കൊണ്ട് ജനങ്ങളില്‍ നിന്ന് തന്നെ പിരിച്ചെടുത്ത് ജനങ്ങള്‍ക്കിടയില്‍ തന്നെ കാണിക്കാന്‍ മുതിര്‍ന്ന ഒരേയൊരു ജോണ്‍. ജോണിനെ ഓര്‍ക്കാന്‍ നിരവധി കാര്യങ്ങള്‍ ഉണ്ട്, മറക്കാതിരിക്കാന്‍ അതിലേറെയും.

ജോണ്‍ എന്ന ഒറ്റ മരത്തെ പറ്റി ബാലചന്ദ്രന്‍ ചുള്ളിക്കാട് എഴുതിയ  'എവിടെ ജോണ്‍ ?' എന്ന കവിത
1
തരിക നീ
പീതസായന്തനത്തിന്റെ നഗരമേ
നിന്റെ വൈദ്യുതാലിംഗനം.
കൊടികളൊന്നുമില്ലാതെ, കോശങ്ങളില്‍ -
ത്തുരിശുമീര്‍ച്ചപ്പൊടിയും നിറച്ചു, നിന്‍
തുറമുഖത്തിലണയുകയാണെന്റെ
കുപിത യൗവനത്തിന്‍ ലോഹനൗകകള്‍
അരുത്
നീ വീണ്ടുമെന്നില്‍ വിളിച്ചുണര്‍ത്തരുത്
നിന്റെ നിയോണ്‍ വസന്തത്തിന്റെ
ചുന കുടിച്ചെന്റെ ധൂര്‍ത്തകൗമാരവും
ജലഗിഥാറിന്‍റെ ലൈലാകഗാനവും
പ്രണയനൃത്തം ചവുട്ടിയ പാതിരാ-
ത്തെരുവുകള്‍ .
ഇന്നു ദുഃഖദീര്‍ഘങ്ങള്‍
വിഹ്വലസമുദ്രസഞ്ചാരങ്ങള്‍ തീര്‍ന്നു
ഞാനൊരുവനെത്തേടി വന്നു.
വേദങ്ങളിലവനു ജോണെന്നു പേര്‍ .
മേല്‍വിലാസവും നിഴലുമില്ലാത്തവന്‍ .
വിശക്കാത്തവന്‍ .
2
പകലോടുങ്ങുന്നുന്നു
സോഡിയം രാത്രിയില്‍ -
പ്പകരുകയാം നഗരാര്‍ത്ഥജാഗരം
തെരുവ്
രൂപങ്ങള്‍തന്‍ നദി.
വിച്ഛിന്നഘടനകള്‍ തന്‍ ഖരപ്രവാഹം
പരിക്ഷുഭിത ജീവല്‍ഗതാഗതധാരയില്‍
തിരകയാണെന്റെ പിച്ചളക്കണ്ണുകള്‍
ശിഥിലജീവിതത്തിന്‍ ഭ്രാന്തരൂപകം.
കരിപിടിച്ച ജനിതകഗോവണി-
പ്പടി കയറുന്നു രാസസന്ദേശങ്ങള്‍ .
3
ഇരുപതാം നമ്പര്‍ വീട്.
അതെ മുറി.
ഒരു മെഴുതിരി മാത്രമെരിയുന്നു.
നയനരശ്മിയാല്‍പ്പണ്ടെന്‍ ഗ്രഹങ്ങളെ-
ഭ്രമണമാര്‍ഗ്ഗത്തില്‍ നിന്നും തെറിപ്പിച്ച
മറിയ നീറിക്കിടക്കുന്നു തൃഷ്ണതന്‍
ശമനമില്ലാത്തൊരംഗാരശയ്യയില്‍
"എവിടെ ജോണ്‍..?"
സ്വരം താഴ്ത്തി ഞാന്‍ ചോദിച്ചു.
"അവനു ഞാനല്ല കാവലാള്‍ .പോവുക."
4
പരിചിതമായ ചാരായശാലയില്‍
നരകതീര്‍ത്ഥം പകര്‍ന്നുകൊടുക്കുന്ന
പരിഷയോട് ഞാന്‍ ചോദിച്ചു :
"ഇന്ന് ജോണിവിടെ വന്നുവോ..?"
പൊട്ടിച്ചിരിച്ചുകൊണ്ടൊരു പരിചയം
ഗ്ലാസു നീട്ടുന്നു:
"താനെവിടെയായിരുന്നിത്രനാളും കവേ?
ഇതു ചെകുത്താന്റെ രക്തം. കുടിക്കുക."
"ഇവിടെയുണ്ടായിരുന്നു ജോണ്‍ . എപ്പോഴോ
ഒരു ബൊഹീമിയന്‍ ഗാനം പകുതിയില്‍ -
പ്പതറി നിര്‍ത്തി, അവനിറങ്ങിപ്പോയി."
"അവനു കാവലാളാര് ?
ഈ ഞങ്ങളോ? "
ജലരഹിതമാം ചാരായം
ഓര്‍ക്കാതെയൊരു കവിള്‍ മോന്തി
അന്നനാളത്തിലൂ
ടെരിപൊരിക്കൊണ്ടിറങ്ങുന്നു മെര്‍ക്കുറി.
5
പഴയ ലോഡ്ജില്‍
കൊതുകുവലയ്ക്കുള്ളില്‍
ഒരു സുഹൃത്തുറങ്ങിക്കിടക്കുന്നു.
ഞാനവിടെ മുട്ടുന്നു:
"ജോണിനെക്കണ്ടുവോ..?"
"പഴയ ജീവിതം പാടെ വെറുത്തു ഞാന്‍
ഇനിയുമെന്നെത്തുലയ്ക്കാന്‍ വരുന്നുവോ?
പ്രതിഭകള്‍ക്കു പ്രവേശനമില്ലെന്റെ മുറിയില്‍ .
ഒട്ടും സഹിക്കുവാന്‍ വയ്യെനിക്കവരുടെ
സര്‍പ്പസാന്നിദ്ധ്യം.
എന്റെയിപ്പടി കയറുവാന്‍ പാടില്ല
മേലില്‍ നീ.
അറിക, ജോണിന്റെ കാവലാളല്ല ഞാന്‍."
പടിയിറങ്ങുന്നു ഞാന്‍ . കശേരുക്കളില്‍ -
പ്പുകയുകയാണു ചുണ്ണാമ്പുപൂവുകള്‍.
6
വിജനമാകുന്നു പാതിരാപ്പാതകള്‍ .
ഒരു തണുത്ത കാറ്റൂതുന്നു
ദാരുണസ്മരണപോല്‍
ദൂരദേവാലയങ്ങളില്‍
മണി മുഴങ്ങുന്നു.
എന്നോട് പെട്ടന്നൊ-
രിടിമുഴക്കം വിളിച്ചു ചോദിക്കുന്നു:
"എവിടെ ജോണ്‍ ?"
ആര്‍ത്തുപൊങ്ങുന്നിതാ
വെറും പൊടിയില്‍ നിന്നും
മനുഷ്യരക്തത്തിന്റെ നിലവിളി
മുട്ടുക്കുത്തിവീഴുമ്പോഴെന്‍
കുരലു ചീന്തിത്തെറിക്കുന്നു വാക്കുകള്‍ :
"അവനെ ഞാനറിയുന്നില്ല ദൈവമേ.
അവനു കാവലാള്‍ ഞാനല്ല ദൈവമേ." ***
7
ഇവിടെ
ഈ സെമിത്തേരിയില്‍
കോണ്‍ക്രീറ്റു കുരിശുരാത്രിതന്‍ മൂര്‍ദ്ധാവില്‍
ഇംഗാല മലിനമാം മഞ്ഞു പെയത്പെയ്ത്
ആത്മാവു കിടുകിടയ്ക്കുന്നു.
മാംസം മരയ്ക്കുന്നു.
എവിടെ ജോണ്‍ ,
ഗന്ധാകാമ്ലം നിറച്ച നിന്‍
ഹൃദയഭാജനം?
ശൂന്യമീക്കല്ലറയ്ക്കരികില്‍
ആഗ്നേയ സൗഹൃദത്തിന്‍
ധൂമവസനമൂരിയെറിഞ്ഞ
ദിഗംബരജ്വലനം?
 ********

2 comments:

  1. നല്ല സചിത്ര ലേഖനം

    ReplyDelete
  2. Nandi suhruthe evide john enna kavitha post cheythathinu.Amma Ariyan u tubel kanditt njaan aa kavithaye kurichaalochikkukayaayirunnu. Americakk prumpol njaan kavitha pusthakangalonnum eduthirunnilla .Rashamon seven samurai charulatha bycicle thief thutangi 30olam classic cenemakal kazhinja 2 masathinullil kandu athu kondu thanne oru kaaryam enikku manassilaayi.Amma Ariyan loka nilavaramulla oru classic thanneyaanu Orthetukkaan sramichukondirunna kavitha pettennu kannil pettappozhundaaya Ahlaadam uhikkamallo Nadi orikkal koodi.

    ReplyDelete