വായനാനുഭവം
എം.സുകുമാരന്റെ കഥകളിലൂടെ
എം.സുകുമാരന്റെ കഥകളിലൂടെ
എം സുകുമാരന്റെ കഥകൾ കാലങ്ങളെ സാക്ഷിയാക്കി എന്നും നിലനിൽക്കും. ആദ്യകാല കഥകൾ തൊട്ട് ദീർഘകാലത്തെ നിശ്ശബ്ദതക്ക് മുമ്പ് വരെ എഴുതപ്പെട്ട കഥകളൊക്കെ അതിനുദാഹരണങ്ങളാണ്. സുകുമാരന്റെ കഥകൾ എന്ന സമാഹാരത്തിനു വേണ്ടി എഴുതിയ നീണ്ട അവതാരികയിൽ സച്ചിദാനന്ദൻ ഇങ്ങനെ പറയുന്നു *"സാഹിത്യത്തിലെ ആധുനികതയുടെ സൗന്ദര്യാത്മകസംസ്കാരം ഉൾക്കൊണ്ട് തന്റെ കഥകളെ ലാവണ്യശില്പങ്ങളാക്കി നിർത്തിക്കൊണ്ടുതന്നെ ചരിത്രബോധത്തിന്റെ മൂന്നാംകണ്ണു തുറക്കുകയും സാമൂഹ്യ വിപ്ലവത്തിന്റെ പക്ഷത്ത് നിലയുറപ്പിക്കുകയും ചെയ്തയാളാണ് സുകുമാരൻ"*
സച്ചിദാനന്ദൻ കഥകളെ 'പീഡനം', 'ചരിത്രം', 'അവസ്ഥ', 'മനസ്സ്' എന്നിങ്ങനെ നാലു വിഭാഗങ്ങൾ ആയാണ് വിവരിച്ചിട്ടുള്ളത്. അതിൽ ചരിത്രം എന്ന ഭാഗത്ത് ഉൾപ്പെടുത്തിയ *ചരിത്രഗാഥ, സംഘഗാനം, വിചാരണരയ്ക്കു മുമ്പ്, ഭരണകൂടം, സിംഹാസനങ്ങളിൽ തുരുമ്പ്, അയൽരാജാവ്* എന്നീ കഥകളിലൂടെ.
കഥകളിൽ പ്രാചീനാന്തരീക്ഷം സൃഷ്ടിച്ചുകൊണ്ടും ഐതിഹ്യങ്ങളി പേരുകൾ കഥാപാത്രങ്ങൾക്ക് നല്കികൊണ്ടും കഥകളിൽ രൂപപ്പെടുത്തിയെടുക്കുന്ന പ്രാചീനതയിൽ നിന്നും ആധുനികതയിലേക്കുളള യാത്രകളാണ് കഥകൾ. ഏതു കാലത്തെയും രാഷ്ട്രീയ സാഹചര്യത്തിലൂടെ ഈ കഥകളെ വായിച്ചെക്കാം എന്നതാണ് ഒരു പ്രത്യേകത. *ചരിതഗാഥ* എന്ന കഥ പഴങ്കഥയുടെ ഭാഷാശൈലിയാണ് സ്വീകരിച്ചിരിക്കുന്നത്. എന്നാൽ വർഗ്ഗസമരത്തിന്റെ ആഴമേറിയ അർത്ഥം ലളിതമായി കഥയിൽ കൊണ്ടുവരുന്നു. പ്രിയഗുപ്തനിലൂടെയും വിശ്വരൂപനിലൂടെയും പറയാൻ ശ്രമിക്കുന്നതും അതാണ്. വിശ്വരൂപൻ സാമ്രാജ്യമായി വളരുമ്പോൾ പ്രിയഗുപ്തൻ അടിമകൾക്കിടയിൽ വളരുന്നു. *"കനത്ത നിശ്ശബ്ദത ചുറ്റും പരന്നു. അവർ എട്ടുപേർ പരസ്പരം നോക്കി. സമ്മതമറിയിക്കാനുള്ള സമയം അടുത്തുകൊണ്ടിരുന്നു. ഒടുവിൽ ആ കാലയളവിന്റെ അവസാനത്തെ നിമിഷത്തിൽ അവർ മൂളി. ഞങ്ങൾ അടിമകൾ. ഞങ്ങളുടെ ഉടമ താങ്കൾ"* പ്രിയഗുപ്തന്റെ പ്രതിഷേധങ്ങളെ വിശ്വരൂപനെ ആസ്വാസ്ഥാനാക്കുന്നേയില്ല. പ്രിയഗുപ്തന്റെ ദയനീയ അവസ്ഥയെ പോലും വിശ്വരൂപൻ പരിഹാസത്തോടെയാണ് കണ്ടത്. അവസാനം പ്രിയഗുപ്തന്റെ പ്രതീക്ഷകളിലേക്ക് കഥ കടക്കുന്നു.
*സംഘഗാനം* എന്ന കഥയിൽ കഥാകൃത്ത് വയനശാലക്ക് നൽകിയ പേരും ടൗണ്ഹാളിനു നൽകിയ പേരും എന്നത്തേയും രാഷ്ട്രീയ വിമര്ശനമുണ്ടതിൽ ശക്തമാകുന്ന വർഗീയതക്കുളള മുന്നറിയിപ്പും താക്കീതും ഉണ്ടതിൽ. *ഗോഡ്‌സെ സ്മാരക വായനശാല, യൂദാസ് മെമ്മോറിയൽ ടൗണ്ഹാൾ* ഗൗതമനെ തേടിയുള്ള അന്വേഷണം വിവിധ സാഹചര്യങ്ങളെ കൃത്യമായി തുറന്നു കാട്ടുന്നു.
*വിചാരണയ്ക്കു മുമ്പ്* എന്ന കഥ ധർമ്മപാലനിലൂടെയാണ് വികസിക്കുന്നത്. താൻ അറിയാത്ത തെറ്റിന് ശിക്ഷ ഏൽകേണ്ടിവരുന്ന ധർമ്മപാലൻ തലതിരിഞ്ഞ സാമൂഹ്യനീതിയെ പച്ചയായിതന്നെ കഥയിൽ വരച്ചുകാണിക്കുന്നു. ലോകത്തെവിടെയും അനീതിയുടെ തുലാസിന് ഒരേ രൂപമണെന്ന സത്യംതുറന്നു പറയുന്നു.
*ഭരണകൂടം* എന്ന കഥയിൽ ഒരു ഭരണകൂടം സൃഷ്ടിക്കുന്ന അധികാര ലോകത്തെ ഈ കഥയിൽ കാണാം.. ശശാങ്കൻ ഗോകുലന് തോക്കുകൊടുക്കുകയും പകരം ശശാങ്കൻ ഗോകുലന്റെ ഓടക്കുഴൽ വാങ്ങിക്കുന്നതും ഒക്കെ സമകാലിക രാഷ്ട്രീയത്തോട് ചേർത്തു നിർത്താം
*"ശശാങ്കൻ കൊട്ടാരത്തിലെ ഇടനാഴികളും അകത്തളങ്ങളും ഉള്ളറകളും ചുറ്റികണ്ടശേഷം പൂമുഖത്ത് തിരിച്ചെത്തി. തോക്കുകൾ തുടച്ചു വൃത്തിയാക്കുന്ന പ്രവൃത്തിയിൽ മുഴുകിയിരിക്കുന്ന അച്ഛൻ മുഖമുയർത്തിയില്ല. ഉയർന്ന ഒരു പീഠത്തിലിരിക്കുന്ന അച്ഛന്റെ കാലുകൾ നിലം തൊടാതെ തൂങ്ങിക്കിടക്കുന്നു. കാൽ വണ്ണകളിലെ ഞരമ്പുകൾ ഇരവിഴുങ്ങി തൊലിക്കടിയിൽ ഉറങ്ങി. പാദുകങ്ങൾ രണ്ടു വർഗവൈരുദ്ധ്യങ്ങളപ്പോലെ മുഖം തിരിച്ചു ... "* പൂജാരിയെത്തന്നെ ന്യായാധിപൻ ആക്കുന്നതിലൂടെ മതവും ഭരണകൂടവും തമ്മിലുള്ള ബന്ധത്തെ സൂചിപ്പിക്കുമ്പോൾ സമകാലിക രാഷ്ട്രീയത്തെ അതെത്ര കണ്ടു ചേർന്നു നിൽക്കുന്നു എന്നും അതിന്റെ അപകടവും മനസിലാക്കാം.
*സിംഹാസനങ്ങളിൽ തുരുമ്പ്* ആ ശീര്ഷകത്തിൽ തന്നെ നിറഞ്ഞ ഒരർത്ഥമുണ്ട്. ഒരു നഗരമാണ് കഥയുടെ പശ്ചാത്തലത്തിൽ എങ്കിലും നമുക്കതിനെ ഇന്ത്യയായി കാണാം. കഥയുടെ അവസാനം പറയുന്ന വാക്കുകൾ മതി കഥയുടെ ആഴം തിരിച്ചറിയാൻ *"എന്റെ തലയിൽ മസ്തിഷ്കം സ്ഥിതിചെയ്യുന്ന ഭാഗത്ത് വിരലൂന്നി ഞാൻ പറഞ്ഞു:
ഇതിവിടെയുണ്ടെന്ന കാര്യം മറന്നതാണ് നിങ്ങൾക്കും മേയർക്കും അയാളുടെ മുന്ഗാമികൾക്കും പറ്റിയ ഏറ്റവും വലിയ അബദ്ധം. ഇതിന്റെ ചലനങ്ങളെ നിയന്ത്രിക്കാനുള്ള താക്കോൽ ഇനിയും കണ്ടുപിടിക്കേണ്ടിയിരിക്കുന്നു."*
*"ഞാൻ ശിക്ഷിക്കപെടുമെന്നും, കിട്ടാതാവുന്നതിന്റെ പരമാവധി ശിക്ഷ എനിക്ക് ലഭിക്കുമെന്നും നേരത്തെ ഉറപ്പുള്ളതിനാൽ എന്റെ ശിരസ്സ് ഉയർന്നുതന്നെ നിന്നു. ഒരു ശക്തനായ ഭ്രാന്തനെയെന്നപോലെ കൈകാലുകൾ ചങ്ങലയിട്ടു ബന്ധിച്ച് വർഗ്ഗബോധമുണർന്നിട്ടില്ലാത്ത ആയുധധാരികളായ രാജഭടന്മാർ എന്നെ രാജസന്നിധിയിൽ ഹാജരാക്കി. എന്റെ ഗാംഭീര്യം നിറഞ്ഞ മുഖവും, കഠിനാധ്വാനത്തിന്റെ പാറക്കഷണങ്ങളായി മുഴച്ചു നിൽക്കുന്ന മാംസപേശികളും കണ്ടിട്ടാവണം രാജസദസ്സിൽ പൊടുന്നനെ അടക്കാനാവാത്ത അമര്ഷത്തിന്റെ പുക പരന്നത്"*
അയൽരാജാവ് എന്ന കഥ തുടങ്ങുന്നത് തന്നേ ഇങ്ങനെയാണ്. ഈ കഥയിലെ ആചാരലംഘനവും നമുക്കിന്ന് സമകാലിക സാഹചര്യത്തോട് ചേർത്തുവായിക്കാം. കന്യകമാരെ അധികാരികൾക്ക് കാഴ്ചവെക്കുന്ന സഹശയനം എന്ന നാട്ടാചാരത്തെ എതിർത്തുമുന്നോട്ടു വരുന്നതും ആചാരലംഘനം ആയി കണക്കാക്കുന്നു. മരണം മുന്നിൽ വിചാരണയായി നിൽക്കുമ്പോഴും ഉമാപതി പതറാതെ പറയുന്ന വാക്കുകൾ പ്രസക്തമാണ്
*"ജനവഞ്ചകരേ, നിങ്ങളെയും വ്യാഖ്യാനിച്ചാൽ നിങ്ങൾക്കുമാത്രം ഗുണം കിട്ടുന്ന, നിങ്ങളുണ്ടാക്കിയ നിയമങ്ങളെയും ഞാൻ പുല്ലായി കരുതുന്നു. നിങ്ങൾക്കെന്റെ ശരീരത്തെ മാത്രമേ ബന്ധിക്കാൻ കഴിയൂ, എന്റെ മനസ്സിപ്പോഴും സ്വതന്ത്രമാണ്. എന്റെ ചിന്താശക്തിയും ആവേശവും ആദർശധീരതയും നശിപ്പിക്കാൻ നിങ്ങളെകൊണ്ടാവില്ല.മരണത്തിനുമപ്പുറത്തുള്ള ഒരു ശിക്ഷ തരാൻ നിങ്ങൾ അശക്തരാണ്. ആയതിനാൽ ഈ സദസ്സിനെ എല്ലാ അവജ്ഞയോടുംകൂടി ഞാൻ പുച്ഛിച്ചുതള്ളുന്നു."* കഥയുടെ അവസാനം കുറിച്ച വരികൾ കഥയെ കൂടുതൽ വ്യക്തമാക്കുന്നു.
*"ഞാനിവിടെ തളർന്നുവീണാൽ എനിക്ക് പരിക്കുകൾ പറ്റില്ല. കാരണം പതുപതുത്ത കട്ടിയുള്ള ചുവന്ന കംബളം നിലത്തു വിരിച്ചിരുന്നു."*
പ്രശസ്ത കവി പിഎൻ ഗോപീകൃഷ്ണൻ എം സുകുമാരനെ കുറിച്ചു പറഞ്ഞത് പ്രസക്തമാണ്.
*"എം. സുകുമാരൻ കഥകളിൽ ചെയ്തത് , സോഷ്യലിസ്റ്റ് റിയലിസത്തിൽ നിന്നും കാല്പനികതയിൽ നിന്നും അതിനെ മോചിപ്പിക്കുക മാത്രമായിരുന്നില്ല. ആധുനികതയുടെ അരാഷ്ട്രീയ പൊങ്ങച്ചങ്ങളെ കൂടി അത് നേരിട്ടു."* അതേ അരാഷ്ട്രീയ പൊങ്ങച്ചങ്ങളേ തുറന്നുകാട്ടുന്ന ചരിത്രബോധത്തിലൂന്നിയുള്ള എം.സുകുമാരന്റെ കഥകൾ നടത്തുന്ന ചരിത്രപരമായ ദൗത്യത്തിന്റെ പ്രധാന്യം ഇന്നത്തെ പോലെ വരും കാലങ്ങളിലും പ്രസക്തമാകും.
-----------------------------------------------------------------------------
http://kannadimagazine.com/index.php?article=647
11/01/2019
11/01/2019
No comments:
Post a Comment