Tuesday 29 January 2019

കടലോളം പരന്ന കുഞ്ഞുകഥകൾ

വായനാനുഭവം
പികെ പാറക്കടവിന്റെ കുഞ്ഞു കഥകളിലൂടെ

ടലിൽ കടുകല്ല കടുകിൽ കടലാണ് എന്ന പറഞ്ഞ പോലെയാണ് പാറക്കടവ് കഥകൾ മിനി കഥകൾ ആശയം കൊണ്ട് ഒരു നോവലിനോളം വലിപ്പം തോന്നിപ്പിക്കും   പാറക്കടവിന്റെ ആർദ്രം മിനിക്കഥാ സമാഹാരം അത്തരത്തിൽ കടുകിൽ കടൽ നിറച്ചു തരുന്നതാണ് ആ തിരയിളക്കവും ആഴവും തീവ്രതയും ഒക്കെ കഥകളിൽ നിന്നും കിട്ടും, പ്രണയത്തിന്റെയും പെൺഭാവങ്ങളുടേയും കഥകളാണിവ. "ദർശനങ്ങൾ ചോർന്നു പോകുന്ന കാലത്താണു പാറക്കടവ്‌ തന്റെ കുഞ്ഞു കഥകൾ തത്വചിന്തകളാക്കി മാറ്റുന്നത്‌. ചെറുതാവുക എന്നതിനർത്ഥം സൂക്ഷ്മമാവുക എന്നതാണു. ഭാവനാത്മകമായ നിർ വഹണം ആശയതലത്തിൽ മാത്രമല്ല വാക്കുതന്നെ ഭാവനയായി മാറുകയാണ്" (പി.സുരേന്ദ്രൻ). ഈ സമാഹാരത്തിനു മറ്റൊരു പ്രത്യേകത കൂടിയുണ്ട്‌. പാറക്കടവിന്റെ വിപുലമായ മിനിക്കഥാലോകത്ത്‌ നിന്നും പ്രണയഭാവവും പെൺഭാവവും നിറഞ്ഞ കഥകൾ മാത്രം ഉൾപ്പ്പെടുത്തിയ പുസ്തകമണ് ആർദ്രം. ഇതിൽ ഉൾപ്പെടുത്തിയ 'മൂന്നാമത്തെ രാത്രി' എന്ന കഥ ആദ്യം വന്നത്‌ ഞങ്ങൾ ഇറക്കിയ ഞാൻ തന്നെ എഡിറ്റർ ആയിരുന്ന  കാലം ഇൻല്ലന്റ്‌ മാസികയിലാണെന്നത്‌ ഈ പുസ്തകത്തോടുള്ള ഇഷ്ടം വർദ്ധിപ്പിക്കുന്നു.
*മൂന്നാമത്തെ രാത്രി* എന്ന കഥ.  *ആദ്യരാത്രി ആദ്യരാത്രി തന്നെ,രണ്ടാമത്തെ രാത്രി ആദ്യ രാത്രി പോലെ തന്നെ, മൂന്നാമത്തെ രാത്രിയാണ് കഥ നടക്കുന്നത്, അവളുടെ സൗന്ദര്യം ഊറ്റിക്കുടിച്ച് അയാൾ അവശേഷിച്ച അവളെ ജാലകവാതിൽ തുറന്ന് പുറത്തേക്ക് വലിച്ചെറിഞ്ഞു, അയാളുടെ കരുത്ത് ഊറ്റിയെടുത്ത് ബാക്കിയായ അയാളെ അവൾ ചവറ്റുകൊട്ടയിലേക്കിട്ടു*  
 ആർദ്രത്തിലെ തന്നെ പ്രണയം നിറച്ച നിന്നോടുള്ള വർത്തമാനങ്ങൾ എന്ന കഥയിൽ  *"നിന്റെ കത്തുന്ന പ്രകാശത്തിൽ എന്റെ ചിറകുകൾ കരിഞ്ഞു. എന്നിട്ടും ചിറകുകളില്ലാതെ ഇഴഞ്ഞിഴഞ്ഞു നിന്നിലെത്തുന്നു. സ്വയം ഇല്ലാതായി നിന്നിലലിയാൻ"* എന്തൊരു എഴുത്ത്... 
*രഹസ്യം* എന്ന  കഥ എത്ര ചെറുത് പക്ഷെ അതിന്റെ വലുപ്പം അളക്കാൻ ആകുമോ *"രണ്ടറ്റവും കത്തുന്ന ഒരു മെഴുകുതിരയാണ് ഞാൻ" ഇരുട്ടിൽ അയാൾക്ക് പ്രകാശം പരത്തിക്കൊണ്ട് അവൾ പറഞ്ഞു. അയാൾക്ക് സഹിച്ചില്ല. അയാൾ അവളെ ഊതിക്കെടുത്തി. അങ്ങനെയാണ് അയാൾ ഒറ്റക്കായത്*  
സാമൂഹിക വിഷയങ്ങളിൽ പാറക്കടവ് തീർക്കുന്ന കഥകൾക്ക് കൂർത്ത അമ്പിന്റെ മൂർച്ചയാണ് മണ്ണാങ്കട്ടയും കരിയിലയും കാശിക്ക് പോയത് എക്കാലത്തും പ്രസക്തമായ കഥയാണ് മനുഷ്യൻ തമ്മിൽ ജാതി പറഞ്ഞു കൊല്ലുന്ന കാലത്തെല്ലാം പ്രസക്തം. അക്ഷരം അഗ്നിയാണ് എന്ന് പാറക്കടവ് തന്നെ എഴുതിയിട്ടുണ്ട്. എന്റെ പ്രിയപ്പെട്ട കൊച്ചുകഥകൾ എന്ന സമാഹാരത്തിൽ ഇത്തരത്തിൽ നിരവധി കഥകൾ *കേരളം* എന്ന കഥയിൽ *ശങ്കരൻ വീണ്ടും തെങ്ങിൻമേൽ കേറി രണ്ടു പെപ്സി, ഒരു സേവന അപ്, മൂന്ന് കൊക്കോകോള ഇത്രയും താഴേക്കിട്ടു* എത്ര ചുരുക്കി ഒരു സാമൂഹികാവസ്ഥയെ വിമർശിച്ചു
പ്രകൃതിയും, മണ്ണും, പെണ്ണും, പ്രണയവും ഒക്കെ കുറഞ്ഞ വാക്കുകളിൽ നിറഞ്ഞു വരുന്നു. ഓരോ കുഞ്ഞു കഥയും ഒട്ടേറെ വ്യാഖ്യാനങ്ങൾക്ക് വഴിവെക്കുന്നു. സന്തോഷവും കണ്ണീരും ആനന്ദവും കലാപവും ഒക്കെ കുഞ്ഞു വാക്കുകളിലൂടെ നിറയുന്നു, പ്രണയമെന്ന ജൈവഭാവത്തെ മണിഹരമായി വാക്കുകളിൽ നിറക്കാൻ പാറക്കടവിനു ആകുന്നു. വായിച്ചാലും മതിവരാത്ത കഥകൾ നമ്മളെ വേറൊരു ലോകത്തിലേക്ക്‌ കൊണ്ട്‌ പോകുന്നു. പാറക്കടവിന്റെ കുഞ്ഞു കഥകൾ വായിച്ചു ആസ്വാദിക്കാനുള്ളതാണ്....

No comments:

Post a Comment