Friday, 18 January 2019

ചരിത്രഗന്ധമുള്ള മയിലുകൾ




വായനാനുഭവം



(ഡോ.വി കെ മുഹമ്മദ് കുട്ടിയുടെ "സാഠ്മഹലിലെ മയിലുകൾ" എന്ന നോവലിന്റെ വായനാനുഭവം)

ചരിത്രത്തെ എങ്ങനെ ഒക്കെയാണ് വായിക്കേണ്ടത് എന്ന ചോദ്യത്തോടെയാണ് ഡോ.വി കെ. മുഹമ്മദ് കുട്ടിയുടെ ' സാഠ്മഹലിലെ മയിലുകൾ' എന്ന നോവൽ വായിക്കേണ്ടത്. ജീവിതത്തെ വ്യത്യസ്തമായ അനുഭവങ്ങളിലൂടെ സഞ്ചരിക്കുകയും ചരിത്രത്തിലെ അത്രയൊന്നും തെളിയാതെ കിടക്കുന്ന ഇടത്തിലേക്ക് സർഗാത്മകമായ സഞ്ചാരം കൂടിയാണ് ഈ നോവൽ. പ്രശസ്ത നോവലിസ്റ്റ് സി. രാധാകൃഷ്ണൻ ഈ നോവലിനെ കുറിച്ചു പറഞ്ഞത് പ്രസക്തമാണ്. "ചരിത്രത്തെ ഇങ്ങനെയൊക്കെ വായിക്കാമോ എന്ന ചോദ്യം ഉയരാം, സാമ്പ്രദായിക ചരിത്രപഠന രീതികൾ ഇവിടെ പുരികം വളച്ച് കൂർപ്പിച്ചു നോക്കിയേക്കാം. ഈ പ്രതിരോധത്തിന്റെ വിവിധ മാനങ്ങൾ ഇതിലെ ഗവേഷകർ തന്നെ ചർച്ച ചെയ്യുന്നുണ്ട്. ആ ചർച്ചകൾ അവരുടെ ജീവിതവീക്ഷണത്തിലും അഭിരുചികൾക്കും നിദർശനങ്ങളായി ഭവിക്കുമ്പോൾ , അവരുടെ കരണപ്രതികരങ്ങൾ മറ്റൊരു സമാന്തര കഥയായി രൂപപ്പെടുന്നു. രണ്ടു കഥകളും ഒരുമിച്ചാണ് പുരോഗമിക്കുന്നത്. ഇവ രണ്ടും തമ്മിൽ ഒരു ബന്ധവുമില്ലെന്ന നമ്മുടെ പ്രാരംഭ ധാരണ കഥ അല്പം പുരോഗമിക്കുന്നതോടെ തകിടം മറിയുന്നു." ഈ നോവൽ ചരിത്രത്തിലേക്ക് ഇറങ്ങി ആ പൗരാണിക ഗന്ധം നമ്മളിലേക്ക് എത്തിക്കുന്നു. ഗവേഷണതിനുള്ളിലെ ഗവേഷണം നമ്മെ അത്ഭുതപ്പെടുത്തും. ചരിത്ര ഗവേഷകയായ പ്രൊഫസർ സ്നിതയും, ഗവേഷക വിദ്യാർഥിയായ അരുണും ആണ് കേന്ദ്ര കഥാപാത്രങ്ങൾ. തീക്ഷ്ണമായ ജീവിത പശ്ചാത്തലങ്ങളിലൂടെ കടന്നുപോകുമ്പോൾ ഇവരുടെ ബന്ധത്തെ നാം മറ്റൊരു തരത്തിൽ മുൻവിധിയിൽ എത്തുമെങ്കിൽ, ഒരിക്കലും പ്രവചിക്കാനാവാത്ത നമ്മളെ നിരന്തരം അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുന്ന ഒരു രസവിദ്യയിലൂയാണ് സ്നിത എന്ന കഥാപാത്രത്തെ സൃഷ്ടിച്ചിട്ടുള്ളത്. വായന തുടരുമ്പോൾ മുൻവിധികളെല്ലാം കുടഞ്ഞു കളയേേണ്ടി വരും. ശവക്കല്ലറ തുറന്ന് മാഞ്ഞുപോയ ചരിത്രത്തിലൂടെ അതിലെ കാടും പൊന്തയും വെട്ടിമാറ്റി പുതിയൊരു തലം വായനക്കാരുടെ മുന്നിലേക്ക് ഇട്ടുതരുന്നു. നോവലിൽ
പറയുന്ന അത്ഭുതപ്പെടുത്തുന്ന ചരിത്രം പോലെ ഒരു അത്ഭുതപ്പെടുത്തുന്ന കഥാപാത്രം തന്നെയാണ് സ്നിത. പ്രവചനാതീതമായ സ്വാഭാവ വിശേഷണമുള്ള അവരുടെ രീതികളെ സ്വഭാവത്തകരാറ് എന്നാണ് അവരോട് ദേഷ്യമുള്ളവർ പറയുന്നത്. അവരെ കണ്ടാൽ അവരുടെ ബാധ കേറുമോ എന്ന ആശങ്ക അരുണിലും ഉണ്ട്. അവരുടെ സൗന്ദര്യത്തിൽ മനസ് ചാഞ്ചാടുന്നുമുണ്ട്. എന്നാൽ സ്ത്രീപക്ഷമെന്ന് വിളിക്കാവുന്ന ഒരു രീതിയിലാണ് നോവൽ പോകുന്നത്. ചരിത്രത്തെ സൃഷ്ടിക്കപ്പെട്ട സംഭവങ്ങളിൽ ഒക്കെ സ്ത്രീകളുടെ പങ്കുണ്ടെന്നും സ്നിത പറയുന്നുമുണ്ട്. പിഎച്ച്ഡിക്ക് സ്നിത തന്നെ ഗൈഡാവണം എന്ന അരുണിന്റെ ആവശ്യം അവർ സ്വീകരിക്കുന്നു. ക്രൂസേഡ്‌സ് തന്നെ വിഷയമായലോഎന്നു അരുൺ ചോദിക്കുമ്പോൾ
"ക്രൂസേഡ്‌സിൽ ക്രിസ്ത്യാനികളുടെ പക്ഷംപിടിക്കാനൊന്നും എന്നെ കിട്ടില്ല കേട്ടോ, രണ്ടു ഭാഗത്തും മുറിവുകൾ ഉണ്ടായിട്ടുണ്ട്, പക്ഷെ അതല്ല കാര്യം"
ചരിത്രത്തിൽ നിർമിതിയിൽ സ്ത്രീകളുടെ സങ്കടങ്ങൾ എവിടെയും എഴുതിചേർക്കാതെ കിടന്നു.
"അതിന്റെയൊക്കെ പിന്നിൽ ഒരുപാട് പാവം പെണ്ണുങ്ങളുടെ സങ്കടങ്ങളുണ്ട്, മനസ്സുറപ്പുള്ള പെണ്ണുങ്ങൾ! അവരെ ആരും ഗൗനിക്കാറില്ല" ഇത്തരത്തിൽ ആരും ഗൗനിക്കാത്ത സ്ത്രീകളുടെ ഒരു ലോകത്തേക്ക് നമ്മെ കൊണ്ടുപോകുമ്പോൾ സ്നിത എന്ന സ്ത്രീയുടെ മാനസികാവസ്ഥയിലൂടെ കൂടിയാണ് കടന്നുപോകുന്നത്. ഒരേ സമയം ചരിത്രത്തിൽ മാഞ്ഞുപോയ മനസ്സുറപ്പുള്ള പെണ്ണിന്റെ വിശേഷണങ്ങൾ ആവാഹിച്ച വർത്തമാനകാലത്തെ പെണ്ണായി സ്നിതയെ കാണാം. എന്നാൽ ഒരു തല തിരിഞ്ഞ പെണ്ണായി സ്നിതയെ കാണാനാണ് പലർക്കും താല്പര്യം, എന്നാൽ അവളുടെ മനസ്സുറപ്പുകൊണ്ട് അതിനെയെല്ലാം തൃണവൽക്കരിക്കുന്ന ഒരു സ്വാഭാവ രീതി അവളിൽ ഉണ്ട്. പിഎച്ച്ഡിക്കുവേണ്ടി നടത്തുന്ന ഗവേഷണം ഒരു വിനോദയാത്ര പോലെ നൂറ്റാണ്ടുകൾക്കു പിന്നിലേക്ക് ഇറങ്ങി പോകുന്ന അവസ്ഥയാണ്. ഒരു റഫറൻസ് ഗ്രന്ഥം വായിക്കുന്ന പോലെ അനുഭവിക്കുന്ന ഒരു രചനാ തന്ത്രം നോവലിസ്റ്റ് ഒളിപ്പിച്ചു വെച്ചിട്ടുണ്ട്. രസകരമല്ലാതകാൻ സാധ്യതയുള്ള ഒരു ചരിത്ര വിഷയത്തെ ഈ തന്ത്രത്തിലൂടെ മറികടക്കുന്നുമുണ്ട്. അതാണ് ഈ നോവലിന്റെ പ്രധാന വിജയം.തുർക്കിയിലെ ഭൂമികയിലേക്ക് കയറിച്ചെല്ലുന്നത് നാം അറിയുന്നേയില്ല. ഒരു കൊട്ടാരം കാണാൻ പോകുന്ന ആവേശത്തോടെ ഇസ്താംബുളിൽ വായനക്കാര് എത്തുകയും ചരിത്രപ്രാധാന്യമുള്ള ഗോൾഡൻ ഹോണ് ഹാർബർ വഴി എത്തുമ്പോൾ അത്തരം അറിവുകൾ പറഞ്ഞു തരുന്ന രീതി നമ്മെ ആലോസരപ്പെടുത്തുന്നില്ല.
"ഗോൾഡൻ ഹോണ് എന്ന പേര് വന്നതറിയില്ലേ? പണ്ട് കുരിശുയുദ്ധത്തിൽ സുൽത്താൻമാരുടെ ആക്രമം ഭയന്ന് ഓടിപ്പോയ ബൈസാന്റയിൻ ജനത ഇട്ടേച്ചു പോയ സ്വർണ്ണ ഉരുപ്പിടികൾ അവിടെയാണ്. കണ്ടില്ലേ, സൂര്യപ്രകാശത്തിൽ അവിടെ മാത്രം വെട്ടിത്തിളങ്ങുന്നത്!" ഇങ്ങനെ ചരിത്രവും ഐതിഹ്യവും കൂടികലർന്ന ഒരു നോവലാണ് സാഠ്മഹലിലെ മയിലുകൾ, ചരിത്രത്തിൽ രേഖപ്പെടുത്താതെ പോയ ഒരു അടിമയുടെ ഐതിഹാസിക ജീവിതം ഒരു മിത്തായി മുളച്ചുവരുന്ന നാടകീയ രീതിയാണ് ആഖ്യാനത്തിന്റെ പ്രത്യേകത. കഥക്കുള്ളിൽ രൂപപ്പെടുന്ന സമാന്തരമായ മറ്റൊരു കഥയും അതിന്റെ മുന്നോട്ടുള്ള ഓരോ യാത്രയിലും പ്രവചിക്കാനാവാത്ത തരത്തിൽ ഉള്ള മാറ്റങ്ങൾ നടത്തി എഴുത്തുകാരൻ അപകടകരമായ വഴി സ്വീകരിക്കുന്നത്. ഇരുവശങ്ങളിലും ഉള്ള ആഴമേറിയ ഗർത്തത്തിന് മുകളിലൂടേ ഒരു അഭ്യാസിയുടെ മെയ് വഴക്കത്തോടെ അനായാസ യാത്ര. ഒരു എഴുത്തുകാരനെ സംബന്ധിച്ച് ഇത് കൈവിട്ട കളിയാണ്. എന്നാൽ ആ കളിയിൽ എഴുത്തുകാരൻ വിജയിക്കുന്നുമുണ്ട്.

ഓരോ അദ്ധ്യായവും പുതിയ ചരിത്രകഥകളിലൂടെ സഞ്ചരിക്കുന്ന പ്രതീതിയാണ് വായനക്കാരന്. ഓട്ടോമാൻ കൊട്ടാരത്തിന്റെയും അതിനകത്തെ അന്തപ്പുര കന്യകമാരുടെ കഥ ഒരിടത്തു വിശദീകരിക്കുന്നുണ്ട്.
"സുൽത്താന്റെ ഭാര്യമാർ, വെപ്പാട്ടികൾ, സന്താനങ്ങൾ, അടിമകൾ എന്നിവർക്കായി അഞ്ഞൂറോറോളം മുറികളുള്ള കെട്ടിടം. ഒരു ഭാഗത്ത്‌ പ്രധാന ഭാര്യ വാലിദേ സുൽത്താനയുടെ ആർഭാടം നിറഞ്ഞ കൊട്ടാരം. മറുവശത്ത് ഇടുങ്ങിയ ഇടനാഴികളും ഇരുളടഞ്ഞ മുറികളുമുള്ള നിരവധി കെട്ടിടങ്ങൾ.
സാമന്തരാജ്യങ്ങളിലെ പ്രഭുക്കന്മാര് സമ്മാനികുന്ന കന്യകമാരും യുദ്ധത്തിൽ പിടിച്ചടക്കുന്ന അടിമകളുമാണ് ഒഡാലിസ്കെക്കുകൾ. ഇവരിൽ വലിദേ തിരഞ്ഞെടുക്കുന്ന സുന്ദരിമാരാണ് വെപ്പാട്ടികൾ. അതിൽത്തന്നെ സുൽത്താന് താത്പര്യമുള്ളവർക്കുമാത്രം ഭാര്യമാരുടെ കൊട്ടാരത്തിൽ പ്രവേശനം-അവരാണ് 'ഇഖ്ബാ'കൾ. ഇഖ്ബാ ഗർഭിണിയായാൽ പ്രത്യേകപദവിയാണ്-ഹാസികീൻ. അവൾ പ്രസവിച്ചത് ആണ്കുട്ടിയാണെങ്കിൽ അമ്മയ്ക്ക് സ്ഥാനക്കയറ്റം. പിന്നെ അടുത്ത സുൽത്താൻ പദവിക്ക് വേണ്ടിയുള്ള അമ്മയുടെ അങ്കമാണ്. അതിൽ എല്ലാ അടവുകളും പ്രയോഗിക്കുന്നു..." ഇത്തരത്തിൽ ഒരു ചരിത്ര പുസ്തകം പോലെ കൃത്യമായി വിശദീകരിച്ചു നോവൽ കടന്നുപോകുന്നു.

സ്നിത എഴുത്തുവെച്ച ചരിത്രക്കുറിപ്പുകളിലൂടെ ഗവേഷകനായ അരുണും സഹദയും ഹീരയുമൊക്കെ നടന്നു പോകുമ്പോൾ ഒപ്പം വായനക്കാരും അതേ അന്വേഷണത്വരയോടെ നീങ്ങും. സാഠ്മഹലിലെ ചരിത്രം തേടിയുള്ള യാത്രയിൽ മൂടപ്പെടാതെ പോയ ശവക്കല്ലറയിലേ അദ്ഭുതകരമായ കഥയും അത്ര തന്നെ വിസ്മയങ്ങളൊക്കെയുള്ള പുരാതനമിത്തുകളായ കഥാപാത്രങ്ങളായി ഇടക്ക് മാറുന്ന സ്നിത ചിലപ്പോൾ സൈനബ് ആണ്, ചിലപ്പോൾ ഗ്രാമവാസികളെ മുഴുവൻ രക്ഷിക്കുന് ബീഗം സൈദയാണ്, സൂഫി സംഗീതത്തോടൊപ്പം ഒഴുകുന്ന പ്രണയിനിയാണ്, അരുണിന്റെയും സഹദയുടെയും ഹീരയുടെയും പിഎച്ച്ഡി ഗവേഷണമുഖത്തുള്ള മനസിലാകാത്ത ഗൈഡാണ്. യൂണിവേഴ്‌സിറ്റിയിൽ അവർ തല തിരിഞ്ഞ ഗവേഷണത്തിന്റെ പേരിൽ അലഞ്ഞുതിരിയുന്ന പെണ്ണാണ്. തുർക്കിയും ഇറാനും ഇന്ത്യയും ഒക്കെ പശ്ചാത്തലമാകുന്ന മായിലുകളുടെ മണം നിറഞ്ഞു നിൽക്കുന്ന ചരിത്ര ഭൂമികയിലേക്ക് ഇറങ്ങി ചെല്ലുന്ന വ്യത്യസ്തമായ ഒരു രചനാ പാടവം ഈ എഴുത്തിൽ കാണാം.
മുഹമ്മദ്കുട്ടി എന്ന എഴുത്തുകാരന്റെ മറ്റൊരു കയ്യൊപ്പാണ് ഈ നോവൽ. ആദ്യ നോവലായ 'തസ്കിയ'യിൽ തികച്ചും വ്യത്യസ്തമായ രചനാ ശൈലിയും വിഷയവുമാണ് സാഠ്മഹലിലെ മയിലുകൾ എന്ന നോവലിൽ അദ്ദേഹം സ്വീകരിച്ചിരിക്കുന്നത്. ശിശുരോഗ വിദഗ്ദ്ധൻ, ചിത്രകാരൻ എന്നീ മേഖലകളിലും തന്റെതായ കയ്യൊപ്പ് ചാർത്തിയിട്ടുണ്ട്. ഏറെ കാലം യു.എ ഇ മിനിസ്ട്രി ഓഫ് ഹെൽത്തിൽ
ശിശുരോഗവിദഗ്ദ്ധനായി സേവനമനുഷ്ഠിച്ച അദ്ദേഹം ഇപ്പോൾ മലപ്പുറം ജില്ലയിലെ എടപ്പാളിൽ ഒരു സ്വകാര്യ ആശുപത്രിയിലാണ്. എഴുത്തും ചിത്രകലയും ചികിത്സയും എല്ലാം കൂടികലർന്ന ഒരു ബഹുമുഖ പ്രതിഭയാണ് ഡോ.വി കെ മുഹമ്മദ് കുട്ടി.

--------------------------------------------------------------------------------
Publication: National Book Stall


Published by Gulf Siraj Daily Njayarazhcha 6-1-2019

No comments:

Post a Comment