ന്യൂട്ടന്റെ
ദർശനാനുവർത്തന ചക്രം
പോലെ
നിറമില്ലാതായി
കറങ്ങുന്ന
ഓപ്പറേഷൻ
തീയറ്ററിലെ
കറുത്ത ഫാൻ.
അതിർത്തി
പങ്കിട്ടിട്ടും
ഭൂപടത്തിൽ
നമ്മുടേതല്ലാത്ത
അയൽരാജ്യം പോലെ
മരവിച്ചു
തൂങ്ങിയാടുന്ന
കൈ.
പരവാതാനി പോലെ
നീണ്ടുകിടന്ന
ആശുപത്രി
ബില്ലുകളത്രയും
ഞാൻ പോലും
അറിയാതെ
വലിച്ചെടുത്ത
സൗഹൃദ ഹസ്തങ്ങൾ.
ഫോൺ തുറന്നപ്പോൾ
അന്വേഷണങ്ങളുടെ
വലിയ കുന്ന്.
എഫ് ബി തുറന്നപ്പോൾ
പഹൽഗാമിലെ
പുൽപ്പരപ്പിൽ
ചിതറിയ
മൃതദേഹങ്ങൾക്ക്
മുന്നിൽ,
ജീവൻ ഉണ്ടായിട്ടും
മരിച്ചുമരവിച്ച
ശരീരങ്ങൾ!
കൈകളിലെ
മരവിപ്പ്
ശരീരമാസകലം
പടർത്തി.
അപ്പോഴേക്കും
ഒരു വെളുത്ത
നൈറ്റിംഗേൾ വന്ന്
സിറിഞ്ചമർത്തി
എന്തോ കയറ്റി.
മയക്കം ഒരു കറുത്ത
പുതപ്പായി വീണു.
മഞ്ഞു വീഴുന്ന,
പുകപടർന്ന
പുൽപ്പരപ്പിൽ ഞാൻ.
നെറ്റിയിലേക്ക്
എകെ 47 ചൂണ്ടിയ
തീവ്രവാദികളുടെ ചോദ്യം.
കലിമ അറിയുമോ?
തോക്കുകൾക്ക് മുന്നിൽ
പരിചപോലെ
നെഞ്ചുവിരിച്ച്
സയ്യിദ് ആദിൽ ഹുസൈൻ ഷാ.
വേദനമരവിച്ച
ഇടതു കൈക്കുള്ളിൽ
എല്ലിനു പകരം പിടിപ്പിച്ച
കൈമുട്ട് മുതൽ
നീണ്ട് കിടക്കുന്ന
ലോഹക്കമ്പി
കപീഷിന്റെ
വാലുപോലെ
പുറത്തേക്ക് നീണ്ടു.
തോക്കേന്തിയവരുടെ
കഴുത്തുകളിലത്
സർവ്വ ശക്തിയോടെ
ചുറ്റി ഒറ്റവലി!
നമ്മുടെ രാജ്യത്തെ
മുഴുവൻ മനുഷ്യരും
ചേർത്ത് പിടിച്ചു
വലിച്ചപോലെ.
മരവിച്ച കൈയ്യിൽ
വേദന പടർന്നു.
കണ്ണു തുറന്നപ്പോൾ
ന്യൂട്ടന്റെ
ദർശനാനുവർത്തനചക്രം
പോലെ
നിറമില്ലാതെ കറങ്ങുന്നു
കറുത്ത ഫാൻ.
----------------------------------------
30/04/2025 ബഹുസ്വരയിൽ വന്ന കവിത
Link 👇
https://bahuswara.in/literature/f/bodies-scattered-in-the-pahalgam-grassland-poetry
No comments:
Post a Comment