ലേഖനം
കണ്ണാടി മാഗസിനിൽ 20-10-2018ൽ പ്രസിദ്ധീകരിച്ചു
http://kannadimagazine.com/index.php?article=362
വർത്തമാനകാലത്ത് ജാതി പുതിയ രൂപത്തിൽ ഇറങ്ങിവരികയും രാഷ്ട്രീയത്തിലും സംസ്കാരത്തിലുംതിരിച്ചു വരികയും ഒപ്പം അധികാരവും കയ്യാളുന്ന ഈ കാലത്ത് മലയാളത്തിലെആദ്യകാല ജാതി വിരുദ്ധ കാവ്യം എന്ന് അറിയപ്പെടുന്ന ജാതിക്കുമ്മി എഴുതിയ കീഴാള വർഗ്ഗത്തോടൊപ്പം നിന്ന് അവരും മനുഷ്യരാണെന്ന് വീറോടെ പറഞ്ഞ വ്യത്യസ്തമേഖലകളിൽ തന്റെ കയ്യൊപ്പ് പതിച്ച പണ്ഡിറ്റ് കെപി കറുപ്പൻ എന്നവലിയ മനുഷ്യനെ പറ്റി പഠിക്കേണ്ടതും ആ ചരിത്രത്തെ തിരിച്ചറിയേണ്ടതും എന്തുകൊണ്ടും പ്രസക്തമാണ്. എന്നാൽ ചരിത്രത്തിൽ പണ്ഡിറ്റ് കറുപ്പൻ എന്ന പേര് അത്ര തിളക്കത്തോടെ എഴുതി ചേർക്കാൻ ആയോ എന്ന സംശയം ബാക്കി നിൽക്കുന്നു. സാഹിത്യ സാംസ്കാരിക സാമൂഹിക രംഗത്തു പണ്ഡിറ്റ് കറുപ്പൻ നൽകിയ സംഭാവനകൾ വിലപ്പെട്ടതാണ്. 'അയ്യൻകാളി മുതൽ വിടി വരെ' എന്ന അരവിന്ദൻ പണിക്കശ്ശേരിയുടെ പുസ്തകത്തിൽ പണ്ഡിറ്റ് കറുപ്പനെ പറ്റി ഇങ്ങനെ പറയുന്നു "ജാതിയുടെ പേരിൽ മനുഷ്യൻ മനുഷ്യനെ ആട്ടിയിടിക്കുകയും കീഴ്ജാതിക്കാരെ മൃഗങ്ങളെക്കാൾ ഹീനരായി കണക്കാക്കുകയും ചെയ്തിരുന്ന ഒരു കാലഘട്ടത്തിൽസാമൂഹിക പരിവർത്തനത്തിന്റെ ദീപശിഖ ഉയർത്തിപ്പിടിച്ചു അനാചാരങ്ങൾക്കെതിരെ കാവ്യകലയെ പടവാളാക്കിയ ധീരനായ കവിയാണ് പണ്ഡിറ്റ് കറുപ്പൻ" കുമാരനാശാൻ ദുരവസ്ഥ എഴുതുന്നതിനും പത്തു വർഷം മുമ്പാണ് പണ്ഡിറ്റ് കറുപ്പൻ എഴുതിയ 'ജാതിക്കുമ്മി' ഇറങ്ങുന്നത്. ജാതിക്കെതിരായ മലയാളത്തിലെ ആദ്യകാല കാവ്യങ്ങളിൽ ഒന്നാണ് ഇത്. കേരളത്തിലെ ജാതി വിവേചനവും അതിന്റെ കറുത്ത വശങ്ങളും തുറന്നു കാട്ടുന്നതിൽ ഈ കവിത വലിയ പങ്കു വഹിച്ചു. എന്നാൽ നമ്മുടെ ചരിത്രവും സാഹിത്യവും പണ്ഡിറ്റ് കറുപ്പനോടും ജാതികുമ്മിയോടും അത്ര പരിഗണന നൽകിയോ എന്ന കാര്യത്തിൽ നാം ഒന്നുകൂടി പരിശോധിക്കണം.
"ഇക്കാണും ലോകങ്ങളീശ്വന്റെ
മക്കളാണെല്ലാമൊരു ജാതി
നീക്കനിർത്താമോ സമസൃഷ്ടിയെ?
ദൈവം നോക്കിയിരിപ്പില്ലേ,യോഗപെണ്ണേ? –
തീണ്ടൽ ധിക്കാരമല്ലയോ ജ്ഞാനപെണ്ണേ?
കവിതയിലൂടെ ഇക്കാര്യങ്ങൾ ചോദിക്കുന്ന കാലഘട്ടം ഏറെ പ്രസ്കതമാണ്. ജാതി സമസ്ത മേഖലകളിലും അരങ്ങു വാണിരുന്ന കാലത്താണ് പണ്ഡിറ്റ് കറുപ്പൻ തന്റെ ജാതിവിരുദ്ധ സാഹിത്യവുമായി രംഗത്തു വരുന്നത്.
"കാഷ്ഠം ഭുജിച്ചു നടന്നിരുന്ന
പട്ടിക്ക് ചാരെ നടന്നുകൊള്ളാം
കഷ്ടം! മനുഷ്യർക്ക് പാടില്ല എന്നുള്ള
ചട്ടം നിരുത്തേണ്ടേ യോഗപെണ്ണേ–
നിങ്ങൾ ശിഷ്ടന്മാരല്ലയോ ജ്ഞാനപ്പെണ്ണേ!
ഇങ്ങനെ ശക്തമായ ചോദ്യങ്ങൾ ഉന്നയിക്കാൻ അക്കാലത്ത് കൊച്ചി സഭയിൽ ഒരു എം എൽ സികൂടിയായിരുന്ന കവിക്ക് ആകുന്നു എന്നത് ഏറെ പ്രസക്തമാണ്. അർഹമായ സ്ഥാനത്ത് ഇരിക്കുമ്പോഴും ജാതിയുടെ പേരിൽ മാറ്റി നിർത്തപ്പെട്ട നിരവധി ദുരനുഭവങ്ങൾ പണ്ഡിറ്റ് കറുപ്പൻ നേരിടേണ്ടി വന്നിട്ടുണ്ട്. മദിരാശി ഗവർണർ ആയിരുന്ന ഘോഷൻ പ്രഭുവിന്റെ സന്ദർഷണവുമായി ബന്ധപ്പെട്ടു മഹാരാജാവ് നടത്തിയ വിരുന്നിൽനിന്നും ജാതിയുടെ പേരിൽ മാറ്റി നിർത്തപ്പെട്ടപ്പോൾ അദ്ദേഹമെഴുതിയ വരികൾ ആ വ്യവസ്ഥയോടുള്ള കടുത്ത പ്രതിഷേധവും വിമർശനവുമായി കാണാം.
"ചൊല്ലാളുന്നെറണാകുളത്തു മരുവു -
'ന്നെമ്മൽസി'കൾക്കൊക്കെയും
ചെല്ലാവുന്ന വിരുന്നിലീയടിയനെ-
ക്കൂടെ ക്ഷണിച്ചീടുകിൽ
വല്ലായ്മക്കിട മെന്തു? താടികലരും
മർത്ത്യൻ കരേറീടുകിൽ
കല്ലോലങ്ങളിലാഴുമോ തരണി? ആർ
ചെയ്തിവിധം ദുർവിധി?"
ഇങ്ങനെ യഥാ സമയങ്ങളിൽ തന്നെ കവിതകളിലൂടെ അദ്ദേഹം പ്രതികരിച്ചു കൊണ്ടിരുന്നു. നവോത്ഥാന മൂല്യങ്ങൾക്ക് ഏറെ വെല്ലുവിളി നേരിടുന്ന സമകാലിക അവസ്ഥയിൽജാതിക്കുമ്മി പോലുള്ള കവിതകളുടെ പുനർവായന കാലം ആവശ്യപ്പെടുന്നുണ്ട്. അന്ന് പുലയരും മറ്റു കീഴ്ജാതിയിൽ അനുഭവിച്ച അവസ്ഥയെ കുറിച്ചു എഴുതിയ
"പശുക്കളെയടിച്ചെനാലുടമസ്ഥൻ തടുത്തീടും
പുലയരെയടിച്ചെന്നാലൊരുവാനുമില്ല.
റോട്ടിലെങ്ങാനും നടന്നാലാട്ടുകൊള്ളുമതുകൊണ്ട്
തോട്ടിലേക്കൊന്നിറങ്ങിയാൽകല്ലേറുകൊള്ളും"
ഈ വരികളിലൂടെ പോകുമ്പോൾ ഇന്നും നാം ഉത്തരേന്ത്യയിൽ നിന്നും കേട്ടുകൊണ്ടിരിക്കുന്ന വാർത്തകളോട് ഏറെ വ്യത്യാസങ്ങൾ ഇല്ല എന്നതു കൂടി ഇതിനോട് ചേർത്തു വായിക്കാം. സാമൂഹികാവസ്ഥയേ കവിതയിലൂടെ തന്നെ വിമർശനത്തിന്റെ കൂരമ്പുകളയക്കാൻ സാധിച്ചു.
കൊച്ചി നിയമസഭയിലേക്ക് സാമാജികനായി നടത്തിയ ആദ്യപ്രസംഗം തന്നെ നിമസഭയുടെ പ്രവർത്തനങ്ങളിൽ കഴിയുന്നതും മലയാളം തന്നെ ഉപയോഗിക്കണം എന്ന പ്രമേയംഅവതരിപ്പിച്ചുകൊണ്ടായിരുന്നു.
സമസ്ത മേഖലകളിലും പണ്ഡിറ്റ് കറുപ്പൻ തന്റെതായ ഇടപെടൽ നടത്തിയിരുന്നു. ഈ ആസുരകാലത്ത് പണ്ഡിറ്റ് കറുപ്പനെ പോലുള്ളവരുടെ ചരിത്രം പുതു തലമുറയ്ക്ക് എത്തിക്കേണ്ടത് അനിവാര്യമാണ്. സാഹിത്യത്തിൽ പണ്ഡിറ്റ് കറുപ്പൻ നൽകിയ വിലപ്പെട്ട സംഭാവനകൾഅന്നും അതുപോലെ തന്നെ ഇന്നും പ്രസക്തി ഏറിവരികയാണ്. ചരിത്രത്തിലെ ചില പുനർവായനകൾ ആവശ്യമായി കൊണ്ടിരിക്കുന്ന ഈ കാലം എന്തുകൊണ്ടും കൂടുതൽപഠിക്കേണ്ട ഒന്നാണ് പണ്ഡിറ്റ് കെപി കറുപ്പനെയും അദ്ദേഹത്തിന്റെസാഹിത്യവും. കേരളം മറക്കാൻ പാടില്ലാത്ത നവോത്ഥാന നായകരിൽ ഒരാളാണ് പണ്ഡിറ്റ് കെപി കറുപ്പൻ. 1938 മാര്‍ച്ച് 23നാണ് പണ്ഡിറ്റ് കെപി കറുപ്പൻ അന്തരിച്ചത്
കണ്ണാടി മാഗസിനിൽ 20-10-2018ൽ പ്രസിദ്ധീകരിച്ചു
http://kannadimagazine.com/index.php?article=362
No comments:
Post a Comment