മലയാളസാഹിത്യത്തിലെ ആധുനികചെറുകഥാകൃത്തുക്കളിൽ പ്രമുഖനായിരുന്നു യു.പി. ജയരാജ്. ആധുനികതയിലെ മാർക്സിസ്റ്റ് ധാരയെ പ്രതിനിധാനം ചെയ്ത എഴുത്തുകാരന്‍. നിരാശാഭരിതനായ സുഹൃത്തിന് ഒരു കത്ത് , സ്മരണ, ഒക്കിനാവയിലെ പതിവ്രതകൾ എന്നീ മൂന്നു കൃതികള്‍ മാത്രമേ അകാലത്തില്‍ പൊലിഞ്ഞ ജയരാജില്‍ നിന്നും നമുക്കു ലഭിച്ചുള്ളൂ എങ്കിലും അവ മൂന്നും എണ്ണപ്പെട്ട കൃതികള്‍ തന്നെയായിരുന്നു. മഞ്ഞ് എന്ന ഒറ്റ കഥ മതി ജയരാജിന്റെ സര്‍ഗ വൈഭവത്തെ വിലയിരുത്താന്‍ . ഒക്കിനാവയിലെ പതിവ്രതകള്‍ , മഞ്ഞ് എന്നീ കഥകള്‍ മലയാളത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടവയാണ്.'ചില സസ്തന ജീവികൾ', 'തെയ്യങ്ങൾ', 'ശിശിരത്തിലെ ആദ്യത്തെ വെടിയൊച്ചകൾ, ഒരു പൗരന്റെ സംശയങ്ങൾ.ശവഭോജനം . വനഗീതികൾ കേട്ടുറങ്ങുന്നവർക്ക് താക്കീതുകൾ, സമകാലികമായ ഒരു കഥാകൃത്തിന്റെ ഓർമ്മക്ക് ..ഇങ്ങനെ എത്രയെത്ര കഥകൾ
കഥകളുടെ സിദ്ധാന്തങ്ങളെ കുറിച്ച് ആകുലതകൾ പെറാത്ത ഒരെഴുത്തുകാരനായിരുന്നു യുപി ജയരാജ്. അദ്ദേഹത്തിൽ നിറയെ കഥകളെഴുതുക എന്ന ഉത്സാഹമായിരുന്നു, 'തെയ്യങ്ങൾ' ആ സർഗ്ഗവൈഭവത്തെ രേഖപ്പെടുത്തുന്ന കഥയാണ്. നാടിന്റെ തുടിപ്പും ജീവനും നിറഞ്ഞു നിൽക്കുന്ന കഥ, കഥയിലെ ഗുളികൻ നൽകുന്ന രാഷ്ട്രീയതലം ഒരു നാടിൻറെ തുടിപ്പാണ് കയ്യിലുള്ള വെള്ളിദണ്ഡ് ചുഴറ്റുമ്പോൾ ഉണ്ടാകുന്ന ഊർജ്ജം നൽകുന്ന ഒരു സാഹസികതയുണ്ട് അത് കഥയിൽ നിറഞ്ഞു നില്കുന്നു. കഥ തുടങ്ങുന്നത് തന്നെ ആ ഊർജ്ജത്തോടെയാണ്,
"പിന്നെ മധ്യാഹ്നത്തിന്റെ പാതിമയക്കത്തിൽ അലസത പൂണ്ടിരുന്ന ഗ്രാമങ്ങൾ പെട്ടെന്ന് ഞെട്ടിയുണർന്നു, ചെണ്ടകളുടെ താളാത്മകമായ തകർപ്പ ശബ്ദം ഗ്രാമത്തെയാകെ ഉണർത്തിക്കഴിഞ്ഞിരുന്നു. പിറുത്തിച്ചോലകളിലെ ചരൽകല്ലുകളെ ചവിട്ടിത്തള്ളി നഗ്നപാദരായ കുട്ടികൾ ഇടവഴികൾ കടന്ന് ചാടിയും ആർത്തുവിളിച്ചും കാവിലേക്കോടി. അതാ, അതാ ദൃഢഗാത്രരായ മലയന്മാർ തോളിൽ തൂക്കിയിട്ട ചെണ്ടയുടെ ഭാരംകൊണ്ടു അലപം കുനിഞ്ഞു കയകപ്പുരയെയും പള്ളിയറയേയും മണ്ഡപങ്ങളെയും ഭണ്ടാരങ്ങളേയും പാമ്പിൻ കാവുകളെയും വളം വെച്ച് അവയെ വിളിച്ചുണർത്തി നേർത്ത ചെണ്ടക്കോലുകൾ അത്യധികമായ വിരുതോടെ അവരുടെ കൈവിരലുകളിൽ കിടന്നു തുടിച്ചു നൃത്തംവെച്ചു. നാഗ ദേവതകളെ ഉണരുക, കാരണൻമാരെ ഭണ്ടാരങ്ങളെ ഉണരുക, ശാസ്തപ്പാ, ചാമുണ്ടീ, ഭഗവതീ, ഗുളികാ, വസൂരിമാലേ ഉണരുക, ആദ്യത്തെ വേല തുടങ്ങുകയായി. തിറകൾ ആരംഭിക്കുകയായി. കാവുകളേ ഉണരുക..."
ഗുളികനായി വരുന്ന നന്ദന്റെ ഉള്ളിലെ രാഷ്ട്രീയബോധത്തെ സമകാലിക രാഷ്ട്രീയത്തോട് ചേർത്തുവെക്കാൻ ആകും, നാട്ടിൻപുറത്തെ തെയ്യങ്ങൾ നൽകുന്ന ബിംബങ്ങൾ മാഞ്ഞുപോയികൊണ്ടിരിക്കുന്ന കാലത്ത് തെയ്യം കെട്ടാൻ ആളില്ലാതെ അന്യസംസ്ഥാന തൊഴിലാളികളെ കൊണ്ട് തെയ്യം കെട്ടിക്കുന്ന ഈ കാലത്ത് തെയ്യങ്ങൾ എന്ന കഥക്ക് വലിയ രാഷ്ട്രീയ മാനങ്ങളുണ്ട്.
ജയരാജിന്റെ കഥകളെ പറ്റി കോവിലൻ പറയുന്നു " സരളവും വ്യാകുലവുമായ ഒരു മനസ്സാണ് ജയരാജിന്റെ കഥകൾക്കു പിന്നിൽ ഞാൻ കണ്ടത്. സരളവും വ്യാകുലവുമായതുകൊണ്ടു തന്നെ ഇ മനസ്സ് വിഭ്രാമകവുമാകുന്നു".
'നിരാശാഭരിതനായ സുഹൃത്തിന് ഒരു കത്ത്' എന്ന കഥയിൽ "നിന്റെ വാക്കുകൾ ഇത്രയും ഉചിതമായിരിക്കുന്നു, നിന്നെ പൂർണ്ണമായും വിശ്വസിച്ചുകൊണ്ട് ഈ പകലും രാത്രിയും എനിക്കിവിടെ വിശ്രമിക്കാമെന്ന് നിന്റെ വാക്കുകൾ എനിക്കുറപ്പു തരുന്നു. ഒരു അന്യവർഗ ചിന്താഗതിക്കാരന് ഒരിക്കലും ഇങ്ങനെ നിഷ്കപടമായി സംസാരിക്കാൻ ആവുകയില്ല" വാക്കുകളിൽ വിശ്വസിക്കുന്ന കഥാകാരൻ വാക്കുകൾ കൊണ്ട് തന്നെ വേദനപേറുന്ന ആകുലതകളും കുറിച്ചിട്ടു. ഒക്കിനാവയിലെ പതിവ്രതകളിൽ പറയുന്ന രാഷ്ട്രീയം ആഗോള വിഷയമാണ് കഥയുടെ അവസാനം ചോദിക്കുന്ന ചോദ്യവും പ്രസക്തം തന്നെ "എയ്ഡ്‌സ് ഇങ്ങനെ പ്രത്യഔശധമില്ലാതെ അതിന്റെ ജൈത്രയാത്ര തുടരുന്ന കാലംവരെയും ഒക്കിനാവയിലെ പതിവ്രതകളെ ആര് എങ്ങനെ സംരക്ഷിക്കും?" ജയരാജ് കഥകളിലാകെ നിറച്ചു വെക്കുന്ന ഈ ആകുലതകൾ ഉള്ളിൽ പിടയുന്ന രാഷ്ട്രീയ ബോധത്തെ തൊട്ടുണർത്തും ഒക്കിനാവ പോലുള്ള ഇടങ്ങൾ ഉണ്ടാകുന്ന സാമ്രാജ്യത്വ അധിനിവേശങ്ങളെ രാഷ്ട്രീയമായി അതിലുപരി സർഗാത്മകമായി പ്രതിരോധിക്കുന്നു എന്നതാണ് ഈ കഥയുടെ പ്രത്യേകത.
"ഇരുട്ടിലും നിശ്ശബ്ദതയിലും ഗ്രാമങ്ങൾ തളർന്നുറങ്ങുമ്പോൾ അവർ വന്നു. രാത്രിയുടെ സംഗീതത്തെ അവരുടെ കാലൊച്ചകൾ അലങ്കോലപ്പെടുത്തി. ശാലീനമായ ഗ്രാമ സൗന്ദര്യത്തിൽ ഈ പരിചിതരുടെ രൂപങ്ങൾ വികൃതമായി മുഴച്ചു നിന്നു. ഗ്രാമങ്ങൾ അപ്പോഴും തളർന്നുറങ്ങുകയായിരുന്നു" ഗ്രാമചിത്രങ്ങൾ എന്ന കഥയിൽ പറയുന്ന പോലെ ഗ്രാമങ്ങൾ ആ കാലൊച്ചകൾ അറിയാതെ തളർന്നുറങ്ങുമ്പോൾ ഒരു ഓർമ്മപ്പെടുത്തൽ ആയി കഥകൾ തെയ്യങ്ങളെ പോലെ നമുക്ക് മുന്നിൽ നിൽക്കുന്നു. ഇടക്ക് ഉറഞ്ഞു പറയുന്നു. പറയാനുള്ളത് വേഗത്തിൽ പറഞ്ഞു അതിനേക്കാൾ വേഗത്തിൽ കഥപറയാനാകാത്ത ലോകത്തേക്ക് അയാൾ എത്ര പെട്ടെന്നാണ് പറന്നു പോയത്. യുപി ജയരാജിന്റെ കഥകളിലേക്ക് ഇറങ്ങി ചെല്ലുമ്പോൾ തുറക്കപ്പെടുന്ന ലോകം ചിലപ്പോൾ നമ്മൾ കാണാതെ പോയ, അല്ലെങ്കിൽ കണ്ടിട്ടും കണ്ടില്ലെന്നു നടിച്ച ഇടങ്ങളാണ്. പ്രതിഭയുടെ ചൈതന്യം നിറഞ്ഞ കഥകൾ മലയാളത്തിന് എന്നും അലങ്കാരവുമാണ്.
കണ്ണാടി മാഗസിനിൽ 15-11-2018ൽ പ്രസിദ്ധീകരിച്ചു
കണ്ണാടി മാഗസിനിൽ 15-11-2018ൽ പ്രസിദ്ധീകരിച്ചു
No comments:
Post a Comment