Monday, 3 February 2020

ഈ ആസുരകാലത്ത് വീണ്ടും വായിക്കേണ്ട കഥകൾ.

(പ്രശസ്ത ഉറുദു ഹിന്ദി സാഹിത്യകാരൻ അസദ് ഹസൻ മൻതോ യുടെ കഥകളിലൂടെ)

ഥ ജീവിതങ്ങളുടെ ആഴമേറിയ ഇടങ്ങളിലേക്ക് ഇറങ്ങി ചെല്ലുമ്പോൾ അത് എക്കാലത്തെയും പ്രതിനിധീകരിക്കും. ചരിത്ര മുഹൂർത്തങ്ങളിലേക്കുള്ള  സർഗാത്മക ഇടപെടൽ കൂടിയാകുമ്പോൾ അതിന്റെ ആഴവും പരപ്പും വര്ധിപ്പിച്ചുകൊണ്ട്  കാലത്തെ അതിജീവിക്കും. ഇന്ത്യ നേരിട്ട ഏറ്റവും വിഷമകരവും വേദനാജനകവുമായ കാലഘട്ടമായിരുന്നു ഇന്ത്യാ-പാക് വിഭജനം. ഒട്ടേറെ ജീവനുകൾ നഷ്ടമാക്കിയ, മതത്തിന്റെ പേരിൽ മനുഷ്യരുടെ ചോര ചീന്തിയ കാലം. വിഭജനത്തിന്റെയും വർഗ്ഗീയതയുടെയും. പേരിൽ ഇരകളാക്കപ്പെടുന്ന സാധാരണ മനുഷ്യരുടെ കണ്ണീരിന്റെയും ചോരയുടെയും  പൊള്ളുന്ന കഥകളെഴുതിയ പ്രശസ്ത ഉറുദു ഹിന്ദി സാഹിത്യകാരൻ സാദത്ത് ഹസൻ മൻതോയുടെ കഥകൾക്ക് ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയ അവസ്‌ഥയിൽ ഏറെ പ്രാധാന്യം ഉണ്ട്.  “ഇന്ത്യയെ രക്ഷിക്കണമെന്ന് പറയുന്ന ആളുകളിൽ നിന്ന് ഇന്ത്യയെ രക്ഷിക്കേണ്ടതുണ്ട് എന്നതാണ് വസ്തുത. സാദത്ത് ഹസൻ മൻതോയുടെ ഈ വാക്കുകൾ ഇന്ന് ഏറെ പ്രസക്തമാണ്. 

തോബാ ടേക്സിങ് എന്ന കഥ തുടങ്ങുന്നത് തന്നെ ഇന്ത്യാ പാക് വിഭജനകാലത്തെ കുറിച്ചുള്ള വ്യത്യസ്തമായ ചിന്തയിൽ നിന്നാണ്.
"ഇന്ത്യാ-പാക് വിഭജനം കഴിഞ്ഞു രണ്ടുമൂന്നു വർഷത്തിനു ശേഷം പാകിസ്ഥാൻ സർക്കാരിനും ഇന്ത്യാ സർക്കാരിനും ഒരു ബോധോദയമുണ്ടായി: തടവുപുള്ളികളെ കൈമാറിയപോലെ ഭ്രാന്തന്മാരെയും പരസ്പരം കൈമാറേണ്ടതല്ലേ? ഇന്ത്യൻ ഭ്രാന്താലയത്തിലെ മുസല്മാൻ ഭ്രാന്തന്മാരെ പാകിസ്ഥാനിലേക്കും, പാകിസ്താനിൽ കഴിയുന്ന ഹിന്ദു-സിക്ക് ഭ്രാന്തന്മാരെ ഇന്ത്യയിലേക്കും ഏല്പിച്ചുകൊടുക്കണം" 
ഇന്ത്യാ പാക് വിഭജനകളത്തിന്റെ പൊള്ളിക്കുന്ന കഥകളാണ് സാദത്ത് ഹസൻ മൻതോയുടേത്. അതിൽ പെടുന്ന കഥയാണ് തോബാ ടേക്സിങ്. സത്യത്തിൽ ഭ്രാന്തന്മാർക്ക് വിഭജനം എന്നത് എന്താണെന്നു പോലും തിരിച്ചറിയാതെ മുസൽമാനും സിക്കനും ഹൈന്ദവനും പരസ്പരം കെട്ടിപിടിക്കുന്ന കാഴ്ചകാണാം. കഥയിൽ ഒട്ടേറെ കഥാപാത്രങ്ങൾ വന്നുപോകുന്നുണ്ട്, ലാഹോറിൽ നിന്നുള്ള ഹിന്ദുവക്കീൽ തന്റെ പ്രേമ പരാജയത്തെ തുടർന്ന് ഭ്രാന്തനാകുകയിരുന്നു. കാമുകി അയാളെ ഉപേക്ഷിച്ചു എങ്കിലും അയാൾ അവളെ ഓർത്തു കരഞ്ഞുകൊണ്ടിരുന്നു  ഇന്ത്യയെ വെട്ടിമുറിച്ചു ഇന്ത്യയും പാകിസ്ഥാനും ആക്കിയ നേതാക്കളെ ശകാരം പറഞ്ഞുകൊണ്ടിരുന്നു .  തോബാ ടേക്സിങ് എന്ന് വിളിക്കുന്ന വിശൻസിങ്ങും ഒരു ഭ്രാന്തൻ ആയിരുന്നു, കഥയിൽ  സ്വയം തോബാ ടേക്സിങ് എവിടെയെന്നു അന്വേഷിച്ചു നടന്നുകൊണ്ടിരുന്ന ഒരാൾ. കഥയിൽ താൻ സ്വയം ദൈവം എന്ന് പറഞ്ഞു നടന്നിരുന്ന  ഒരു ഭ്രാന്തൻ ഉണ്ടായിരുന്നു.  തോബാ ടേക്സിങ്ങും ആ ദൈവമെന്നു പറയുന്ന ഭ്രാന്തനും തമ്മിലുള്ള സംസാരം കഥയുടെ പ്രാധാന്യമുള്ള ഭാഗമാണ്. ഒരിക്കൽ വിശൻ സിങ് എന്ന    തോബാ ടേക്സിങ് ദൈവമെന്ന ആ ഭ്രാന്തനോട്  "തോബാ ടേക്സിങ് പാകിസ്ഥാനിലോ അതോ ഹിന്ദുസ്ഥാനിയിലോ? താന്റെ  സ്വാഭികമായ പൊട്ടിച്ചിരിയോടെ  അയാൾ മറുപടി പറഞ്ഞു "അവൻ പാകിസ്ഥാനിലുമല്ല ഹിന്ദുസ്ഥാനിലുമല്ല അത്കൊണ്ട് നാം ആജ്ഞ നല്കിയതുമില്ല" ഭ്രാന്തില്ലാത്തവരുടേ മത-രാഷ്ട്രീയ വിചാരങ്ങൾ മനുഷ്യരെ പരസ്പരം ചുട്ടുകൊല്ലുമ്പോൾ നമ്മൾ അസാധാരണരെന്നും, ഭ്രാന്തരെന്നു പറന്നയുവരിൽ ഉണ്ടാകുന്ന മാനവികത പോലും നമ്മളിൽ ഉണ്ടാകാറില്ല എന്ന യാഥാർഥ്യം എന്ന കൃത്യമായ വിമർശനം ഇതിലൂടെ വായിച്ചെടുക്കാം. ഭ്രാന്തന്മാരെ ലോറിയിൽ കയറ്റി പരസ്പരം കൈമാറുന്ന രംഗം വൈകാരികതയോടെ വായിച്ചെടുക്കുമ്പോൾ ഭ്രാന്തുള്ളവരുടെ മനസികാവസ്ഥയ്ക്കൊപ്മാണ് എഴുത്തുകാരൻ സഞ്ചരിക്കുന്നത്. നമുക്കൊന്നും ഭ്രാന്തില്ല എന്നത് തന്നെയല്ലേ ഇന്നീ ലോകത്തിന്റെ പ്രശ്‌നം എന്നത് കഥ വായിക്കുന്നവരിൽ ഉണ്ടാകാം. 

മൻതോയുടെ ഏറെ ചർച്ചചെയപ്പെട്ട കഥയാണ് 
തുറക്കൂ  (കോൽദോ). ഈ കഥയിലെ തന്റെ ഏക മകളായ സക്കീനയെ വിളിച്ചു തെരഞ്ഞു അവശനായി ക്യാംപിൽ തളർന്നു വീണ വൃദ്ധനായ സിറാജുദ്ദീന്റെ മുഖത്തിന് ഇന്ന് ഒരു അസാമീസ് വൃദ്ധന്റെ ഛായ തോന്നുന്നില്ലേ?
"ആശയറ്റ് ഇരുണ്ട ആകാശത്തേക്ക് നോക്കിക്കൊണ്ടിരിക്കുന്ന സിറാജുദ്ദീൻ ദൃഷ്ടി സൂര്യനുമായി ഏറ്റുമുട്ടി. ശക്തമായ പ്രകാശം അയാളുടെ അസ്തിത്വത്തിന്റെ ഓരോ അണുവിലും ആണ്ടിറങ്ങി. അയാൾ ഉണർന്നു. അയാളുടെ ബുദ്ധിയിൽ ചില ചിത്രങ്ങൾ മിന്നിമറഞ്ഞു. കൊള്ള, തീവെപ്പ്, ഓട്ടം, സ്റ്റേഷൻ, വെടിയുണ്ട, രാത്രി, പിന്നെ സക്കീന... സിറാജുദ്ദീൻ പെട്ടെന്നു എഴുനേറ്റു തനിക്കു ചുറ്റും കൂടിനിന്ന മനുഷ്യ സമുദ്രത്തിൽ  ഒരു ഭ്രാന്തനെപോലെ പരതാൻ തുടങ്ങി" കഥയിലെ സക്കീനമാർ ധാരാളം ഇന്ത്യയിൽ ഉണ്ടായിട്ടുണ്ട്. വിഭജനകാലത്തെ സക്കീനമാർക്ക് ശേഷം പിന്നെയത് ഗുജറാത്ത് കലാപകാലത്ത് കേട്ടു, ഇപ്പോൾ വീണ്ടും കേട്ടുതുടങ്ങുന്നു സിറാജുദ്ദീൻമാർ മകളുടെ ശവമേന്തി കാതങ്ങൾ താണ്ടുന്ന വീഡിയോകൾ സാധാരമാണമായി കോൽദോ എന്ന കഥ എന്നത്തേയും ഇന്നത്തെയും യാഥാർഥ്യത്തെ തുറന്നു കാണിക്കുന്നു. അത്ര സുഖകരമായ കാഴ്ചയല്ല, വേദനയില്ലാതെ മറ്റൊന്നും അതിലില്ല. സഹായിക്കാനെന്ന് പറഞ്ഞു വരുന്ന സന്നദ്ധപ്രവത്തകരായ എട്ട് യുവാക്കൾ സീനത്തിനെ  ലോറിയിൽ കൊണ്ടുപോകുമ്പോൾ സിറാജുദ്ദീൻ അതറിയാതെ സക്കീനയെ കുറിച്ച് ചോദിക്കുന്ന ഭാഗം വല്ലാതെ വേദനിപ്പിക്കും, വിഭജനം നൽകിയ വേദനിപ്പിക്കുന്ന നേർചിത്രങ്ങൾ എന്നേ ഈ കഥയെ പറയാൻ സാധിക്കൂ  


കാലിൽ വെടിയേറ്റ് വീട്ടിലേക്ക് ഏന്തിവലിച്ചു കേറിയപ്പോൾ രക്തത്തിൽ കുളിച്ചു കിടക്കുന്ന തന്റെ ഭാര്യയുടെ മൃതദേഹം കണ്ടാൽ ഏതൊരാൾക്കും സമനില തെറ്റില്ലേ? ശരീഫൻ എന്ന കഥയിലൂടെ സഞ്ചരിക്കുമ്പോൾ പൗരത്വ ബില്ലിന്റെപേരിൽ യുപിയിൽ വെടിയേറ്റ് വീണവരുടെ കരച്ചിൽ കേൾക്കുന്നു എങ്കിൽ അതിൽ അത്ഭുതപ്പെടേണ്ടതുണ്ടോ? വർഗീയ കലാപങ്ങൾ പലപ്പോഴും സ്ത്രീകളെയാണ് ഇരകളാക്കുക, ഭാര്യയും ശരീഫൻ എന്ന മകളും ക്രൂരമായി കൊല്ലപ്പെട്ട വേദനിക്കുന്ന കാഴ്ചയിലൂടെ ചോരച്ചാലിലൂടെ നടക്കേണ്ടിവരുന്ന കഥയാണ് ശരീഫൻ  "പുറത്തിറങ്ങിയ അയാൾ സ്വന്തം ഭാര്യയുടെ ശവത്തിലേക്കും നോക്കിയില്ല. ഒരുപക്ഷേ, ശരീഫന്റെ നഗ്നമായ ശവം കണ്ണിൽ നിറഞ്ഞിരിക്ക കാരണം ഭാര്യയുടെ  ശവം കണ്ണിൽപെടാതിരിക്കുന്നതുമാവാം. മൂലയിൽ ചാരിവെച്ചുള്ള കോടാലിയെടുത്ത് അയാൾ പുറത്തേക്കിറങ്ങി"  കാസിം ഒരു ഭ്രാന്തനെപ്പോലെ മുന്നിൽ കണ്ടവരെയൊക്കെ കോടാലികൊണ്ടു വെട്ടി. വിജനമായ തെരുവിലൂടെ അയാൾ തെറിവിളിച്ചു കോടാലി വീശി നടന്നു... പതിനാലുകാരിയെ അയാൾ കഥ വല്ലാത്ത ഒരവസ്ഥയിൽ അവസാനിക്കുമ്പോൾ മതഭ്രാന്ത് എത്രകണ്ട് മനുഷ്യനെ മനുഷ്യനല്ലാതാക്കുമെന്നു കാണാം. 

തലക്കുമീതെ തൂങ്ങികിടക്കുന യുദ്ധാന്തരീക്ഷത്തെ ഇരുണ്ട ഹാസ്യത്തിലൂടെ പറയുന്ന കഥയാണ് തമാശ, ഈ കഥയിലെ ഖാലിദ് എന്ന കുട്ടി നമ്മെ ചിന്തിപ്പിക്കുന്ന കഥാപാത്രമാണ്. ആകാശത്തുകൂടെ വിമാനങ്ങൾ പറക്കുന്നത് നമുക്കുനേരെ വെടിയുതിർക്കാനാണ് എന്നവൻ നിരന്തരം പറഞ്ഞുകൊണ്ടിരുന്നു. "രണ്ടുമൂന്നുദിവസമായി വിമാനങ്ങൾ കറുത്ത കഴുകന്മാരെപോലെ ചിറകു വിടർത്തി വെളിമ്പ്രദേശങ്ങളിൽ ചുറ്റിത്തിരിയുന്നു"  ഇങ്ങനെയാണ് കഥ തുടങ്ങുന്നത് തന്നെ. വിമാനത്തെ  വെടിവെച്ചിടാനുള്ള പരിശീലനമാണ് മുറിക്കുളിലിരുന്ന് ഖാലിദ് എന്ന  ആ കുട്ടിയുടെ കളി, വിമാനങ്ങളിൽ നിന്നും വെടിയുണ്ട വരുമെന്ന് കുട്ടിയോട് പറഞ്ഞു കൊടുത്തത് അവന്റെ  അവന്റെ മാമനാണ്,  അത് കേട്ടത്ത്   മുതൽ അവൻ അക്കാര്യത്തെ പറ്റി മാത്രമായി ചിന്ത.  കളി കാര്യമാകുമെന്നും തമാശയല്ല എന്നും ഉപ്പ കുട്ടിയെ  ബോധ്യപ്പെടുത്തുന്നുണ്ട്
"ഖാലിദിന്റെ ഉപ്പ താൻറെ  മകന്റെ അസാധാരണമായ സാഹസം കേട്ട് ചിരിച്ചുകൊണ്ട് പറഞ്ഞു  'മാമ്മന് ഭ്രാന്താ. ഞാനവനോട് പറയും വീട്ടിൽ ഇത്തരം കാര്യങ്ങളൊന്നും പറയരുതെന്ന്. അവർ അത്തരം കാര്യങ്ങളൊന്നും ചെയ്യില്ല വിശ്വസിക്ക്."  ഇത്തരം സന്ദർഭങ്ങളിൽ  കുട്ടികളിൽ ജനിക്കുന്ന ഭീതിയുടെ ചിത്രം എത്ര ആഴമുള്ളതായിരിക്കും എന്നത്  നമുക്ക് ഖാലിദിലൂടെ വായിച്ചെടുക്കാം 

ഏതൊരു വിഭജനവും നൽകുന്നത് പൊള്ളുന്ന വേദനയാണ്, അന്ന് സാദത്ത് ഹസൻ മൻതോ പൊളളിച്ച കഥകളുടെ പൊള്ളൽ ഇന്നും അനുഭവിക്കേണ്ടി വരുമോ? ഈ  കഥകളും  സമകാലിക രാഷ്ട്രീയ അവസ്‌ഥയും ഒരുപോലെ പൊള്ളിക്കുന്നു. "സ്വാതന്ത്ര്യത്തിനുവേണ്ടി, രക്തസാക്ഷി, യോമേ ഇസ്തക് ലാൽ, രാം ഖേരാവൻ, മാനഹാനി"  ഇങ്ങനെ ഒട്ടേറെ കഥകൾ  സാദത്ത് ഹസൻ മൻതോയുടേതായി ഉണ്ട്. ഓരോ കഥയും ഈ കാലഘട്ടത്തിൽ വായിച്ചെടുക്കുമ്പോൾ അതിന്റെ പ്രസക്തി ഏറിവരികയാണ്. യുദ്ധത്തെ കുറിച്ച് മൻതോ തന്നെ പറഞ്ഞ വാക്കുകൾ ശ്‌മശാനത്തിൽ പോലും പണപ്പെരുപ്പം ഉണ്ടാക്കാനേ ഉതകൂ എന്നാണ്, മനുഷ്യന്റെ വേദന അവിടെ വിഷയമേ അല്ല. രാഷ്ട്രീയ തീരുമാനങ്ങൾക്ക്  ആയാൽ പോലും മനുഷ്യന്റെ ജീവിതത്തെ പറിച്ചുകളയുന്ന ഏതൊരു തീരുമാനവും മനുഷ്യവിരുദ്ധമാണ് എന്ന യാഥാർഥ്യം അതിന്റെ ഏറ്റവും വേദന നിറച്ചുകൊണ്ടു തന്നെ കഥകളിൽ ഒരുക്കിയെന്നതാണ് ഈ  കഥകളുടെ പ്രത്യേകത. വർഗീയതയും വംശീയതയും വലിയൊരു സാമൂഹ്യ പ്രശ്നമായി മനുഷ്യകുലത്തെ നിരന്തരം വേട്ടയാടിക്കൊണ്ടിരിക്കുന്ന ഈ ആസുരകാലത്തിൽ  സാദത്ത് ഹസൻ മൻതോയുടെ  കഥകൾ വീണ്ടും വായിക്കേണ്ടത് അനിവാര്യമാണ്.  
-----------------------------------

Published by Gulf  Siraj Njayarazhcha 02-02-2020

കഥയുടെ യുവത്വം

(മജീദ് സെയ്ദിന്റെ ചോരപ്പോര്, അജിജേഷ് പച്ചാട്ടിന്റെ വേളിക്കുന്ന് ടാസ്ക്, അനിൽ ദേവസ്സിയുടെ കളമെഴുത്ത് എന്നീ മൂന്നു കഥകളിലൂടെ)

ലയാള സാഹിത്യ ശാഖയിൽ ഏറ്റവും മുന്നോട്ടു നീങ്ങിയിട്ടുള്ളത് കഥയാണെന്നതിൽ സംശയമില്ല. മലയാളത്തിൽ എഴുത്തിന്റെ പുതുവഴി വെട്ടിത്തെളിച്ച് ശക്തമായ കഥകളെഴുതുന്ന വലിയൊരു യുവതയുണ്ട് എന്നതിൽ നമുക്കഭിമാനിക്കാം. കാലത്തിന്റെ യാഥാർഥ്യങ്ങളെ കൂസലില്ലാതെ തങ്ങളുടേതായ പുതു രീതിയിൽ ഇവർ വരച്ചു വെക്കുന്നു. ക്രാഫ്റ്റിനെ പ്രയോജനപ്പെടുത്തുന്നതിൽ ഏതറ്റം വരേ പോകാനും സ്വാതന്ത്ര്യത്തോടെ സാമൂഹികാവസ്ഥകളോടുള്ള തിരിച്ചറിവുള്ള വേറിട്ട വഴിതാണ്ടുന്ന ഈ യുവ എഴുത്തുകാരിൽ ഏറെ പ്രതീക്ഷയുണ്ട്. ശീലങ്ങളിൽ അകപ്പെട്ടുപോകാത്ത ഈ ഒച്ച ശക്തവുമാണ്.
ആ കൂട്ടത്തിൽ നിന്നും മൂന്നുപേരുടെ ഈയിടെ വന്ന കഥകളിലൂടെ സഞ്ചരിക്കാൻ ഒരു ശ്രമമാണിത്.

ബഷീറിന്റെ ജന്മനാടായ തലയോലപറമ്പിൽ നിന്നുള്ള
മജീദ് സെയ്ദ് ഡിസംബർ ലക്കം ഭാഷാപോഷിണിയിൽ എഴുതിയ കഥയാണ്. ചോരപ്പോര് സ്ത്രീയുടെ അതിജീവനം മാത്രമല്ല പകയും പ്രണയവും ഇഴചേർത്തു പറയുന്ന കഥയിലെ ജെറോമിയെന്ന കഥാപാത്രത്തിനു നൽകിയിട്ടുള്ള അസാധാരണമായ ധൈര്യം അമ്പരിപ്പിച്ചുകൊണ്ടിരിക്കും. കാലാ കാലങ്ങളായി ഉള്ളിൽ കൊണ്ടുനടക്കുന്ന സദാചാര വിചാരങ്ങൾക്കു മീതെ തീകൊരിയിട്ടു കരിയിച്ചു കളയുന്നുണ്ട് ഈ കഥ *"വർക്കല വിജയന്റെ ഒറ്റക്കുത്തിന് ഭൂമീന്നു കട്ടേം പടോം.  മടക്കിയ ഞങ്ങടെ പ്രാഞ്ചിയപ്പന്റെ പതിനഞ്ചാമത്തെ ആണ്ടു പൊലയാണ് നാളെ. ജെറോമിനെ പെറ്റെണീറ്റ് മൂന്നാം കൊല്ലത്തിലാണ് അപ്പൻ ചത്തതെന്ന് പോലീസിനെ വെട്ടിച്ച് ഓടിക്കേറിയ ജാതിത്തോട്ടത്തിലിരുന്ന് കെതച്ചോണ്ടു ഞാനോർത്തു"* ഇങ്ങിനെയാണ് കഥ തുടങ്ങുന്നത്. മുച്ചീട്ടു കളിയും പോക്കറ്റടിയും ഒക്കെയായ ഒരുത്സവന്തരീക്ഷത്തിലെ ആൾക്കൂട്ടത്തിനിടയിലും അവളിൽ നിറയുന്ന ഒരക്ഷിതാബോധമുണ്ട് അതിനെ അതിജീവിക്കാൻ അവൾ തന്നെ തന്നിലേക്ക് പകരുന്ന ഒരൂർജ്ജമുണ്ട്. ഓരോ ഉത്സവത്തിലുമവർ അപ്പനെ കൊന്നവരെ തിരയുന്നുണ്ട്. തിരക്കിൽ നിന്നും ഓടിരക്ഷപ്പെട്ടു കിട്ടിയത് എണ്ണുമ്പോൾ 
അവൻ പോക്കറ്റടിച്ചത്  മുന്നിലേക്കിട്ടു.

"തമ്മീ ഭേതം ഈ പണിയാ"
"ഇതെവിടുന്നാ"
"എവിടെച്ചെന്നാലും നെന്റെ മൊല കാണാൻ ചെലവൻമ്മാര് കൂടിനിക്കും, അങ്ങനൊള്ളവനൊക്കെ വല്ല വെളിവും വെള്ളിയാഴ്ചേം ഒണ്ടാ"
ജെറോമ് ഒച്ചതാത്തി ചിരിച്ചു..."

ഉത്സവന്താരീക്ഷത്തിലെ വെളിച്ചവും അതിലപ്പുറം ഉള്ള ഇരുളും നിഴലുമൊക്കെ കഥയിൽ നിറഞ്ഞ വല്ലാത്തൊരു അന്തരീക്ഷം സൃഷ്ടിക്കുന്നു.  കഥയുടെ ആഖ്യാനത്തിൽ കാണിച്ചിട്ടുള സൂക്ഷ്മത യിലൂടെ കഥാപാത്രങ്ങളുടെ വികാസം അമ്പരിപ്പിക്കുന്നു. പ്രണയത്തിന്റെയും പകയുടെയും സ്ത്രീപക്ഷ വായനാനുഭവം നൽകുന്ന കഥ.

ഇത്തവണത്തെ കേരള സാഹിത്യ അക്കാദമി ഗീതാ ഹിരണ്യൻ പുരസ്‌കാരം ലഭിച്ച എഴുത്തുകാരനാണ് അജിജേഷ് പച്ചാട്ട്.
മാധ്യമം ആഴ്ചപ്പതിപ്പ് ജനുവരി ആദ്യലക്കത്തിൽ വന്ന അജിജേഷ് പച്ചാട്ടിന്റെ കഥയാണ് വേളിക്കുന്ന് ടാസ്ക്  പതിവിൽ നിന്നും വ്യത്യസ്തമായി കറുത്ത ഹസ്യത്തിൽ പൊതിഞ്ഞ കഥ സമകാലിക ഇന്ത്യൻ രാഷ്ട്രീയ അവസ്‌ഥയെ കൃത്യമായി വരച്ചുകാട്ടുന്നു. ഒരു ചിത്രകഥപോലെ പറയുന്ന കഥയിൽ ചിത്രകഥയിലെ കഥാപാത്രങ്ങളായ മല്ലനും ഡേവിഡും ചിത്ര കഥയിൽ നിന്നും പഠപുസ്തകത്തിലേക്ക് കയറാനുള്ള ശ്രമത്തിനായി മറ്റൊരു കഥാപാത്രമായ തെനാലി രാമനെ കാണാൻ പോകുന്നത് കഥയുടെ രസകരമായ ഭാഗമാണ്.
പിന്നെ ഈ കഥാപാത്രങ്ങൾ  വേളിക്കുന്ന് പഞ്ചായത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നു.

തുടർന്നങ്ങോട്ട് ഇന്ത്യൻ രാഷ്‌ട്രീയ അവസ്‌ഥയുടെ സമകാലികമുഖത്തെ വരച്ചു കാട്ടാനുള്ള ശ്രമമാണ്. സംഭാഷണ ശകലങ്ങളിൽ അത് അതിനെ ഇടക്കിടക്ക് ഓർമ്മപ്പെടുത്തുന്നു

"പ്രമോദനെങ്ങോട്ടാ തിരക്കിട്ട്? കളീന്റെ ഡ്യൂട്ടി വല്ലതും ഉണ്ടോ?"
"ഇല്ല മാഷേ. ഇന്ത്യ കത്തണേന്റെടേല് നമ്മക്കൊക്കെ എന്ത് കളി!"

കാല്പന്തുകളിയുടെ ചരിത്രപരമായ ഗ്രാമകഥയുടെ പശ്ചാത്തലത്തിൽ ഗ്രാമ വാസികൾ രണ്ടായി പിരിഞ്ഞ അവസ്‌ഥയെ വിഭജനകാലത്തെ ഓർമിപ്പിച്ചു.

"പ്രിയമുള്ള വേളിക്കുന്ന് പഞ്ചായത്ത് നിവാസികളേ..."
അതോടെ തെനാലി രാമനും മല്ലനും ഡേവിഡും   ഒരുമിച്ചു തിരിഞ്ഞു നോക്കി. ഒരു മഹീന്ദ്ര ജീപ്പ് കണ്ടമാനം സ്പീക്കർ സെറ്റുകളും ഫ്‌ളക്‌സ് 
 ബോർഡുകളും പേറി പാതിയരഞ്ഞ തേരട്ടയെപ്പോലെ  ഇഴഞ്ഞിഴഞ്ഞു വരുന്നു..
"ഓർമയുണ്ടോ അന്ന ആ രാത്രി? വർഷങ്ങൾക്ക് മുമ്പ് വേളിക്കുന്ന് പഞ്ചായത്തിനെ പുത്തൂരെന്നും ഉൽപ്രംകോടെന്നും രണ്ടായി വിഭജിക്കാൻ കാരണമായ ആ രാത്രി..."

കളിയിലൂടെ പറയുന്നതത്രയും കറുത്ത ഹാസ്യത്തിൽ പൊതിഞ്ഞ രാഷ്ട്രീയമായിരുന്നു. 

"ദേ പപ്പ്വെട്ടാ, വേളിക്കുന്നിൽ നിന്നോണ്ട് തമ്പ്രാക്കൻമാർക്ക് വേണ്ടി            പറഞ്ഞാ വണ്ടി കയറ്റിവിടും അങ്ങ് തൃശ്ശൂർക്ക്, പറഞ്ഞില്ലാന്ന് വേണ്ട."

"യ്യങ്ങട്ട് ഒലത്തും. ഡാ ഇന്ത്യേ പാക്കിസ്ഥാനും ക്രിക്കറ്റ് കളിക്കുമ്പോ നീ ഇന്ത്യക്ക് വേണ്ടി കൈയടിക്കും. ഞാൻ നന്നായി കളിക്കുന്നോർക്ക് വേണ്ടിയും കൈയടിക്കും. അതെന്തൊണ്ടാ...? പറ, എന്തോണ്ടാ...?

"എന്തോണ്ടാ?

ഷവർമ അരിയുന്ന മുള്ളൻപന്നി മുടിക്കാരൻ പാതിമലയാളത്തിൽ വിളിച്ചുചോദിച്ചു.

"ഈ പാപ്പു ഒറിജിനലായതോണ്ട്..., വെറും ഒറിജിനല്ല, തനി ഒറിജിനലായതോണ്ട്.."

ഈ പറച്ചിലിലെല്ലാം ഗ്രാമത്തിന്റെ അവസ്ഥ മാത്രമല്ല പറയുന്നത്. 
പാഠപുസ്തകത്തിലെ പുതിയ സിലബസിൽ കേറാൻ ശ്രമിക്കുന്ന തെനാലി രാമനും മല്ലനും ഡേവിഡിനും പഴേ സിലബസ് പോലെയല്ല പുതിയ സിലബസ് എന്ന തിരിച്ചറിവ് പ്രസക്തമാണ്.  ആഖ്യാനത്തിന്റെ പുതുമയും  ഭാഷയും കഥാവായനക്ക് ഉണർവേകുന്നു. അജിജേഷിന്റെ വ്യത്യസ്തമായൊരു എഴുത്തുരീതി ഈ കഥയിൽ കാണാം.

അനിൽ ദേവസ്സി ശ്രദ്ധേയനായ യുവ എഴുത്തുകാരനാണ്. ഇത്തവണത്തെ ഡിസി നോവൽ പുരസ്ക്കാരം ലഭിച്ചത് അനിൽ ദേവസ്സിയുടെ യാ ഇലാഹി ടൈംസ് എന്ന കൃതിക്കായിരുന്നു. അനിൽ ദേവസ്സിയുടെ മാധ്യമം ആഴ്ചപ്പതിപ്പിന്റെ ജനുവരി ആദ്യലക്കത്തിൽ  വന്ന കഥയാണ് കളമെഴുത്ത്

ഉണ്ണിയച്ഛന്റെ കളമെഴുത്ത് ജീവിതത്തിലൂടെ, അതിന്റെ ഐതിഹ്യത്തിലൂടെ ഗ്രാമജീവിതത്തിന്റെ വേരുകൾ പറയുന്ന കഥയാണ് ഇതെങ്കിലും കൊച്ചിയിലെ ഇടുങ്ങിയ ജീവിതത്തിൽ ഇപ്പഴും പേര് പോലും ഒരു രാഷ്ട്രീയ പ്രശ്നമാകുന്ന സാഹചര്യവും, ഇടകലർന്ന് വിശാലമായ ഒരു കാൻവാസിൽ പറയുന്ന കഥയാണ് കളമെഴുത്ത്.

വ്യത്യസ്ത മതത്തിലുള്ളവരുടെ വിവാഹത്തിന്റയും പ്രണയത്തിന്റെയും ബാക്കി പത്രങ്ങൾ വേദനനിറഞ്ഞ സാഹചര്യത്തെ ഉണ്ടാകുന്നു എന്നത് അന്നും ഇന്നും ഒരു യാഥാർഥ്യമാണ്.
*"പതിറ്റാംകുഴി സുലൈമാൻ തങ്ങളുടെ ഔരോയൊരു മകളായ ജമീലയും നിരണേൽ മത്തായിയുടെ മൂത്ത സന്താനമായ ജോസഫും പ്രണയത്തിന്റെ പേരിൽ അവരവരുടെ വീടുകളിൽ നിന്നും വെറും കയ്യോടെ ഇറങ്ങുമ്പോൾ പരസ്പര വിശ്വാസവും സ്‌നേഹവും അതിലടിയുറച്ച ധൈര്യവും മാത്രമായിരുന്നു മുന്നോട്ടേക്ക് നടക്കാൻ വെളിച്ചമായത്. ആലപ്പുഴക്കും തൃശൂരിനുമിടയിൽ പ്രണയത്തിന്റെ വർണപ്രപഞ്ചം വിടർത്തിപ്പിടിച്ച കൊച്ചയിലേക്ക് തന്നെയാണ് അവരും ചേക്കേറിയത്. കൊച്ചിയുടെ വളർച്ച തിവേഗത്തിലായിരുന്നു. ആ വേഗത്തിനൊപ്പമെത്താൻ ഉമ്മച്ചിക്കും അപ്പനും കഴിഞ്ഞില്ല"*

പ്രണയബദ്ധരായ ജമീലയും ജോസഫും.  മകൻ ബെന്നിയ്ക്ക് മുന്നിൽവെച്ച് പരസ്പരം കലഹിക്കുന്നതും ആ കറുത്ത രാത്രിയെ ഇരുവരും ശപിച്ച്‌ പിണക്കങ്ങളുടെ ആയുസ്സ് ഒരു രാത്രിക്കപ്പുറം നീണ്ടുപോകാൻ പാടില്ലെന്ന വിശുദ്ധ ഉടമ്പടി തെറ്റുന്നതോടെ ആ ജീവിതങ്ങൾ എന്നന്നേക്കുമായി വേർപ്പെടുന്ന ഭാഗം കഥയിലെ ഏറ്റവും ശക്തവും ഭംഗിയുമുള്ളതാണ്.
 ബെന്നിയുടെ ആ രാത്രിയെ കുറിച്ചുള്ള വേദനിപ്പിക്കുന്ന വിവരണം ഇങ്ങനെ 
*"ആ രാത്രി അവരുടെ ഹൃദയങ്ങൾ എത്രമാത്രം വിങ്ങിയിട്ടുണ്ടാകാം, കണ്ണുനീരുകൊണ്ട് അവരവരെതന്നെ കഴുകി ശുദ്ധിയാക്കി, നേരം പുലരാൻ കാത്തു കിട്ടുന്നതിന് ഞാൻ മാത്രമാണ് സാക്ഷി. പൊറുക്കണേ നാഥാ എന്ന് മാപ്പിരന്നുതന്നെയാകണം ഉമ്മച്ചി നിസ്കാരപായയിൽനിന്നും ഞെട്ടിയെണീറ്റിട്ടുണ്ടാകുക. ജനൽപാളികൾക്കിടയിലൂടെ അരിച്ചിറങ്ങുന്ന വെട്ടത്തിലേക്ക് മുഖമുയർത്തി എന്റെ പിഴ എന്റെ പിഴ എന്റെ പിഴ എന്ന് ശപിച്ചുകൊണ്ടാകും അപ്പൻ ഉണരാൻ ശ്രമിച്ചിട്ടുണ്ടാകുക. അപ്പന്റെ ശ്രമങ്ങൾ എവിടെയോ പാളിക്കാണണം. നിസ്കാര പായയുടെ മിനുസത്തിലേക്ക് ചോരയും വെള്ളവുമിറ്റിച്ച് സകലഭരങ്ങളും ഇറക്കിവെച്ചു ഒരു തൂവലുപോലെ കിടന്ന അപ്പന്റെ ശരീരത്തിനരികിലൂടെ ഉറുമ്പുകളുടെ വരി നിരതെറ്റാതെ അപ്പന്റെ ജീവനുമേറ്റി പോകുന്നുണ്ടായിരുന്നു. പരിഭവങ്ങൾ പറഞ്ഞു തീർക്കാനകാതെ അത്രമേൽ പ്രിയപ്പെട്ട ഒരാൾ മരണത്തിലേക്കും മറ്റെയാൾ ജീവിതത്തിലേക്കും ഒറ്റപ്പെടുന്നത് തന്നെയല്ലേ ലോകാവസാനം"*  എന്തൊരു എഴുത്താണിത്..  കളമെഴുത്തിലേക്ക് ഇടകർത്തിയ ജീവിതത്തിന്റെ തീവ്രമായ ഭാവപകർച്ചയുടെ നിറങ്ങളിൽ നിറഞ്ഞ് നിൽക്കുന്ന മൗനത്തിലൂടെ എത്ര ആഴത്തിലാണ് ഈ ഭൂമികയിൽ നിലനിന്നിരുന്ന മത സൗഹാർദ്ദ അന്തരീക്ഷത്തെ വരച്ചു കാട്ടുന്നത്.  
ജമീലയും ഉണ്ണിയച്ഛനും ബെന്നിയും ശക്തമായ കഥാപാത്രങ്ങൾ തന്നെ. 

"പല കാലങ്ങളിൽ ജനിച്ച്‌ പല സ്ഥലങ്ങളിൽ ജീവിച്ച മനുഷ്യരുടെ ജീവിതമിപ്പോൾ ഒരു കളത്തിലെ വർണങ്ങൾപോലെ ചേർന്നുകിടക്കുകയാണല്ലോയെന്ന് ഓർത്തു കൊണ്ടു ഞാൻ കാറിന്റെ കീ തിരിച്ച് കയറ്റത്തിലേക്ക് കുതിക്കാൻ തയ്യറെടുത്തു. ദൂരെനിന്നും  സൂര്യൻ തെളിഞ്ഞുവരുന്നു; പോകെ പോകെ ഭൂമിയൊരു പഞ്ചവർണക്കളമായി  പരിണമിക്കാൻ തുടങ്ങി" ഇങ്ങനെ കാത്യാവസാനികുമ്പോൾ
കഥയിൽ ആദ്യാവസാനം എഴുത്തിന്റെ ഒരു വിചിത്രലോകം സൃഷ്ടിക്കുന്നു. കാലത്തിന്റെ അവസ്ഥാ വിശേഷങ്ങൾ സമകലീനതയുടെ കൂടിയാകുന്നു എന്ന പ്രത്യേകതയും ഇതിനുണ്ട്.

ഏറ്റവും പുതിയ ക്രാഫ്റ്റ് തേടിയലയുന്ന ഒരു പറ്റം യുവതീയുവാക്കളുടെ ഏറ്റവും തെളിഞ്ഞ ഭാഷയുമായി പരീക്ഷണ പറക്കലിലാണ് ഓരോരുത്തരും. ചൂടോടെ അടർത്തിയെടുക്കുന്ന കഥകളുമായി അവർ വായനക്കാരെ അമ്പരപ്പിച്ചുകൊണ്ടിരിക്കുന്നു. പുതിയ കാലം ഇവരേക്കുറിച്ചുള്ള പ്രതീക്ഷയിൽ പുതിയ കഥകൾക്കായി കാത്തിരിക്കുന്നു


(Painting by 1. Mahorni, 2. Marc Chagall 3.Renato Guttuso  ) 
-----------------------------------------------------------

Published by (31-01-2020) Mathrubhoomi Gulf Feature 

Friday, 17 January 2020

പുതുതലമുറയുടെ ഒച്ച

(വിനോയ് തോമസിന്റെ മുള്ളരഞ്ഞാണം എന്ന സമാഹാരത്തിലൂടെ)
Painting by Renato-Guttuso

പുതുതലമുറയിലെ എഴുത്തുകാരിൽ വിനോയ് തോമസ് എന്ന ചെറുപ്പക്കാരനെ ആർക്കും മറക്കാൻ സാധിക്കില്ല. ഉടമസ്ഥൻ എന്ന കഥയടക്കം നല്ല കുറച്ചു കഥകൾ കരിക്കോട്ടക്കരി നോവൽ ഇങ്ങനെ വായനക്കാർ പ്രതീക്ഷയോടെ ഉരുവിടുന്ന പേരാണ് വിനോയ് തോമസ്. *മുള്ളരഞ്ഞാണം* എന്ന കഥാസമാഹാരവും ആ പ്രതീക്ഷ നിലനിർത്തുന്നു.

*"അപൂർവമായ ജീവിതമേഖലകളും അത്യപൂർവ്വമായ ജീവിതസന്ധികളും കണ്ടെത്തുക, സമകാലികജീവിതവുമായി അവയെ വൈരുദ്ധ്യാത്മികമായി ബന്ധിപ്പിക്കുക, മതം, രാഷ്ട്രീയം തുടങ്ങിയ സാമൂഹികപാരികല്പനകൾക്കകത്ത് വിമർശനാത്മകമായി വിന്യസിക്കുക, നാടൻ നർമ്മത്തിന്റെയും ധ്വന്യാത്മകമായ വിരുദ്ധോക്തിയുടെയും ലാളിത്യം കൊണ്ട് കഥയുടെ പ്രഹേളികാസ്വഭാവം നിലനിർത്തുക, അങ്ങനെ ഭാഷയ്ക്കകത്ത് ഒരു മറുഭാഷയുടെ സൃഷ്ടി സാദ്യമാക്കുക... വിനോയ് തോമസിന്റെ സർഗാത്മകതയുടെ അടരുകൾ ഇങ്ങനെ പലതാണ്."* അവതാരികയിൽ എൻ.ശശിധരൻ പറയുന്നതാണിത്.
ക്രൈസ്തവ പൗരോഹിത്യവും അതുമായി ബന്ധപ്പെട്ട ജീവിതവും വിലക്കുകളും ഉൾപ്പെട്ട വിശാലമായ കഥപറച്ചിലാണ് വിനോയ്‌തോമസ് കരിക്കോട്ടകരി എന്ന നോവലിൽ ചെയ്യുന്നത്. ഇറാനിമോസ് എന്ന കഥാപാത്രത്തെ ആർക്കും മറക്കാനാകില്ല, അത്തരമൊരു ക്രൈസ്തവ കഥാ പരിസരം തന്നെയാണ് വ്യത്യസ്തമായ ആഖ്യാനത്തിലൂടെ മുള്ളരഞ്ഞാണം എന്ന കഥയിലും പറയുന്നത്. സ്ത്രീകൾക്ക് നേരെയുള്ള സദാചാര വിലങ്ങുകൾ പലതും മതകീയ അജണ്ടയിൽ നിന്നും ഉണ്ടാകുന്നതാണ് എന്ന യാഥാർഥ്യത്തിലൂടെയാണ് കഥ സഞ്ചരിക്കുന്നത്. മാവിൽ കേറാൻ പേടിയുള്ള സിബിയെ മാവിലേക്ക് കയറാൻ മാവിൽ മുകളിൽ തൂങ്ങിക്കിടന്നു കൈകൾ നീട്ടുന്ന കവിത മരം കേറുന്ന പെൺകുട്ടിയുടെ ജീവിതത്തിലൂടെയാണ് കഥപറയുന്നത്. ചരിത്രപരമായ ചില യാഥാർഥ്യങ്ങൾ കൂടി ഈ മരംകേറ്റതിനു പിന്നിലുണ്ട്. *"അവളുടെ എടുപ്പും നടപ്പും കാണുമ്പോൾ പുഴയ്ക്കക്കരെ താമസിക്കുന്ന കല്ലാനി മേഴ്‌സി പറയും. കവിതയുടെ കോലേക്കേറ്റംകൊണ്ടുമാത്രമല്ല മേഴ്‌സി തന്റെ മക്കളുടെ പിള്ളേരെയൊന്നും പുഴയുടെ ഇക്കരയ്ക്ക് കളിക്കാൻ വിടാത്തത്. കവിതയുടെ അമ്മ അൽഫോൻസയുടെ ചരിത്രം അറിയുന്നത്കൊണ്ട് കൂടിയാണ്"* എല്ലാവരും നോട്ടപുള്ളിയാക്കി വെച്ചിട്ടുള്ള കവിതയുടെ സാഹസം അവിടംകൊണ്ടൊന്നും തീരുന്നില്ല മേരിമമ്മി മാവിന് അൽഫോൻസാ എന്ന് മകളുടെ പേരിട്ടത് അന്നേ സംസാരവിഷമായിരുന്നെന്ന് മനസിലാക്കാം. അതിന്റെ ബാക്കിപത്രമാണ് ഇന്നും കേൾക്കുന്നതും
*"അൽഫോൻസാമാവിന്റെ മൂത്രമത്സരം നടത്തുന്നത്. ഏറ്റവും മുകളിലത്തെ കൊമ്പിൽ കയറിയിരിക്കുന്നത് കവിതയാണ്. മാവിൽ നിന്നും പുഴയിലേക്ക് മുള്ളുന്നതാണ് മത്സരം. വേറെ പെമ്പിള്ളേരൊന്നും മത്സരത്തിൽ പങ്കെടുക്കുന്നില്ല. ആമ്പിള്ളേരെല്ലാം നീട്ടിപ്പിടിച്ച് അകലേക്ക് മുള്ളാൻ നിൽക്കുന്നു. മൂത്രം ഏറ്റവും ദൂരെ തെറിപ്പിക്കുന്ന ആളാണ് വിജയിക്കുക"
ഇത്തരത്തിൽ കവിതയെന്ന കഥാപാത്രത്തെ കൃത്യമായി വരച്ചുകാട്ടുന്നുണ്ട്.
*"ഇതാണ് കാർന്നോന്മാര് പറയുന്നത് ഇരുട്ടത്ത് ചെയ്തത് വെളിച്ചത്ത് വരൂന്ന് വളന്നു വളന്ന് മൂന്നാംക്‌ളാസിലെത്തിയപ്പോഴേക്കും ഇനം ഏതാന്ന് നമ്മക്ക് മനസിലായില്ലേ"* ഇത്തരം മനസിലാക്കലുകൾക്കുമീതെയാണ് ഇന്നും സ്ത്രീജീവിതങ്ങൾ. എല്ലാത്തരം പ്രതിരോധചിന്തകൾക്കും കൂച്ചു വിലങ്ങിടുന്നതിനു മീതെ കയറിനിന്ന് സദാചാരബന്ധനങ്ങളെ തകർത്തുകളയുന്ന ഒരാത്മധൈര്യം കഥയിൽ കാണാം
*കളിഗെമിനാറിലെ കുറ്റവാളികൾ* എന്ന കഥ രണ്ടു പോലീസുകാരുടെ ജീവിതത്തിലൂടെയാണ് പറയുന്നത്. കുറ്റവാളിയെ തേടിയുള്ള അന്വേഷണമാണല്ലോ പോലീസ് ജീവിതത്തിലെ പ്രധാന സംഭവങ്ങൾ. അത്തരത്തിൽ പിടികിട്ടാപുള്ളികളായ പ്രതികളെ പിടിക്കാനായി വേഷംമാറി വിദൂരദേശത്തേക്ക് പോകുന്ന പൊലീസുകാർ അവരുടെ പ്രവൃത്തിയിൽ അവർ തന്നെ കുടുങ്ങിപോകുന്ന അവസ്ഥയൊക്കെ രസകരമായി അവതരിപ്പിച്ച കഥയാണ്. ഇത്.
*"വലിയ ബഹളമില്ലാതെ. മഞ്ഞുപാറിനിൽക്കുന്ന ഒരു രാത്രിയിൽ മഗലാപുരത്തുനിന്നും ധർമ്മസ്ഥലത്തേക്ക് ഓടിത്തുടങ്ങിയ ബസ്സിലിരിക്കുമ്പോൾ ആ യാത്രയ്ക്ക് വേണ്ടി മാത്രം ആന്റണി എന്ന പേര് സ്വീകരിച്ചിരിക്കുന്ന എ.എസ്.ഐ. തന്റെ കൂടെ ഷാജീവൻ എന്ന മാറ്റപ്പേരുമായി വന്നിരിക്കുന്ന പോലീസിനോട് പറഞ്ഞു:* കഥയുടെ തുടക്കത്തിൽ തന്നെ പെരുമാറ്റി പോകുന്ന സന്ദര്ഭത്തെ പറഞ്ഞുകൊണ്ട് ഒരു കാരണവശാലും സാറേ എന്നു വിളിക്കരുതെന്നും ആന്റണിചേട്ടനെന്നേ വിളിക്കാവൂ എന്നുമൊക്കെ പറഞ്ഞുകൊണ്ടാണ് വിഷയത്തിലെ പുതുമയില്ലായ്മയെ ആഖ്യാനത്തിന്റെ പുതുമയാൽ പുതുക്കി പണിത് കഥ കൊണ്ടുപോകുന്നത്. രണ്ടു പേരും ചെന്നു പെടുന്നിടത്ത് അവർ ചെയ്‌തുപോകുന്ന തെറ്റുകളും കേസന്വേഷണവും ഒക്കെയായി രസകരമായി കഥ പറയുന്നു.
വിനോയ്‌ തോമസിന്റെ വേറിട്ട ഒരു കഥയാണ്
*ആനന്ദബ്രാന്റൻ* ആത്മീയതെപോലെയുള്ള ഒരു ബ്രാന്റ്മീയത അനുഭവിപ്പിക്കുന്ന കഥ മറ്റെല്ലാ കഥകളിൽ നിന്നും വേറിട്ടു നിൽക്കുന്നു.
*കുട്ടുക്കുറത്തീ കുർ..കുർ..,* എന്ന കഥയിലെ കുട്ടൂസും പിന്നെ കൊച്ചുതെയ്യാ വല്യമ്മച്ചിയും മറക്കാനാവാത്ത കഥാപാത്രങ്ങൾ തന്നെ.
ഇവ കൂടാതെ
*ചൂടൻ ഇങ്കന്റെ ശവമടക്ക്, നായ്കുരണ, തുഞ്ചൻ ഡയറ്റ്* എന്നീ കഥകളക്കം ഏഴുകഥകളാണ് മുള്ളരഞ്ഞാണം എന്ന ഈ സമാഹാരത്തിൽ ഉള്ളത്. പല നിലയ്ക്കും ശ്രദ്ധേയങ്ങളായ കഥകളാൽ പുതുതലമുറയുടെ ഒച്ചയാണ് ഈ സമാഹാരം.
ഒരുപക്ഷേ മറ്റാർക്കും ആവർത്തിക്കാനാത്ത ഒച്ച.
വിനോയ് തോമസ്

............
ഡിസി ബുക്ക്‌സ്. വില 130 ₹

കഥയിലെ അഗ്നി

(സിതാര.എസിന്റെ അഗ്നി എന്ന കഥയിലൂടെ)

ലയാള കഥയിൽ ശക്തമായ ആഖ്യാനങ്ങൾ കൊണ്ട് ശ്രദ്ധേയയായ എഴുത്തുകാരിയാണ് സിതാര.എസ്. നിലനിൽക്കുന്ന സദാചാര ചിന്തകളെ തള്ളിക്കളഞ്ഞു കൊണ്ടു സാമൂഹ്യവസ്ഥകളോടുള്ള തിരിച്ചറിവും പ്രതിഷേധവും പ്രതിരോധവും സ്വാതന്ത്ര്യത്തെകുറിച്ചുള്ള അനന്തമായ സ്വപ്നവും ഉള്ളിലുള്ള എഴുത്തുകാരിയുടെ കഥാനിർമ്മിതിയിൽ അഗ്നി പോലുള്ള കഥകൾ പിറന്നില്ലെങ്കിലേ അത്ഭുതമുള്ളൂ.
*"സൈക്കിൾയാത്ര പ്രിയയ്ക്ക് അത്ര ഇഷ്ടമുള്ള സംഗതിയല്ല. പക്ഷേ ചിലപ്പോഴൊക്കെ ഓഫീസിലെ കടലാസുകൾ ടൈപ്പുചെയ്തു കഴിയുമ്പോൾ നേരം സന്ധ്യയാകും. അങ്ങനെയുള്ള ദിവസങ്ങളിൽ വീട്ടിലേക്കു വേഗം എത്താൻ ഒരു സൈക്കിൾ ഉള്ളതു നല്ലതാണ്. സന്ധ്യയ്ക്ക്, ഓഫീസിനു തൊട്ടുള്ള ടി.പി. നാസർ റോഡിലൂടെ സൈക്കിൾ ചവിട്ടുമ്പോൾ പ്രിയ ഇക്കാര്യം ഒന്നുകൂടി മനസ്സിൽ ഉറപ്പിച്ചു."* അഗ്നി എന്ന കഥ തുടങ്ങുന്നത് ഇങ്ങനെയാണ്.
പ്രിയ ധൈര്യശാലിയായ യുവതിയാണ് എങ്കിലും നേരം ഇരുട്ടിയാൽ ആളൊഴിഞ്ഞ ഈ വഴിയിലൂടെ സഞ്ചരിക്കുന്നത് ഭയമാണ്. ഇത് നമ്മുടെ നാട്ടിലെ അവസ്ഥ കൂടിയാണ്.
*"ഒഴിഞ്ഞ ആ വഴിയിലൂടെ രാവിലെ വരുമ്പോൾപോലും പ്രിയയ്ക്ക് ചെറുതായി പേടി തോന്നും. എതിരേ വല്ലപ്പോഴും വരുന്ന മനുഷ്യരെ അവൾ സംശയത്തോടെ സൂക്ഷിച്ചുനോക്കും-കണ്ണുകളിൽ ആസക്തിയുമായി നടക്കുന്ന അപരിചിതൻ എന്ന ലേബൽ പതിക്കാവുന്നവനാണോ അയാൾ എന്ന്."*
മൂന്നുപേർ ചേർന്ന് പ്രിയയെ കുറ്റിക്കാട്ടിനപ്പുറത്തേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി ബലാൽസംഗം ചെയ്യുന്നു.
എന്നാൽ തന്നെ ബലാൽസംഗം ചെയ്ത മൂന്നുപോരോട് പിന്നീടുള്ള പ്രിയയുടെ സമീപനമാണ് കഥയെ. മറ്റൊരു തലത്തിൽ എത്തിക്കുന്നത്. സാറാ ജോസഫ് സിതാരയുടെ കഥകളെ പറ്റി ഇങ്ങനെ പറയുന്നു *"എന്നെ ഏറെ അതിശയിപ്പിച്ചുകൊണ്ടാണ് സിതാര എന്ന പെണ്കുട്ടി ലക്ഷ്മണരേഖകളെ ഒന്നൊന്നായി ചവിട്ടിപുറത്താക്കുന്നത്. ലൈംഗികതയെപറ്റി തുറന്നു സംസാരിക്കാൻപോലും തയ്യാറല്ലാത്ത കാപട്യം നിറഞ്ഞ സമൂഹത്തോട് ലൈംഗികത കേന്ദ്രപ്രമേയമാകുന്നു..... കാമുക സന്നിധിയിൽ ലജ്ജകൊണ്ടു വിവശയായി കാൽനഖംകൊണ്ട് വരച്ചുനിന്നിരുന്ന 'പെണ്കുട്ടി'യിൽ നിന്ന് അഗ്നി എന്ന കഥയിൽ, തന്നെ ബലാൽസംഗം ചെയ്തവനോട് നീയത്രക്കുപോരാ, ഒരു പെണ്ണിനെ പൂർണമായി തൃപ്തിപ്പെടുത്താൻ നിനക്കാവില്ല എന്നു പുച്ഛിക്കുന്ന പെണ്കുട്ടിയിലേക്കുള്ള മാറ്റം അത്ര നിസാരമല്ലല്ലോ."* അഗ്നി എന്ന കഥയുടെ ശക്തി ഈ ട്വിസ്റ്റ് ആണ്. എന്നും മാഞ്ഞുപോകാത്ത കഥയാണ് സിതാരയുടെ അഗ്നി.
-----------------------------------------------------------------------------------
16 / 01 / 2020ന് കണ്ണാടി ഓൺലൈൻ മാസികയിൽ പ്രസിദ്ധീകരിച്ചു 
http://kannadimagazine.com/article/1189

Sunday, 12 January 2020

പശ്ചിമേഷ്യൻ ദേശം-രാഷ്ട്രം-രാഷ്ട്രീയം റിക്ലിസിന്റെ സിനിമകളിൽ

(ഇസ്രായേലി സംവിധായധകൻ എറാൻ  റിക്ലിസിന്റെ 'ലെമൺ ട്രീ',  സൈത്തൂൻ  എന്നീ സിനിമകളുടെ ആസ്വാദനം) 


ശ്ചിമേഷ്യൻ ജീവിതത്തിന്റെ  കഥകൾ പറയുമ്പോൾ  അത്രയും അതിജീവനതിന്റെ ആകുന്നതിന്റെ പൊരുൾ പറയേണ്ടതില്ലല്ലോ. അതുകൊണ്ട് തന്നെ അവിടെ നിന്നും വരുന്ന സിനിമകല്ക്കും ഈ അതിജീവനത്തിന്റെ കഥകൾ പറയാനുണ്ടാകും അത്തരത്തിൽ അതിജീവനത്തിന്റെ കഥ പറയുന്ന രണ്ടു സിനിമകളാണ് ലെമൺ ട്രീയും സൈതൂണും. അറബ് ജനതയോട് അടുപ്പം പുലര്‍ത്തുന്ന ഇസ്രയേലി കലാകാരന്മാരിലൊരാളായ എറാന്‍ റിക്ലിസ് ആണ് ഈ ചിത്രത്തിന്റെ  സംവിധായകന്‍. ഒരു സിനിമ എങ്ങനെ ലളിതമായി ജീവിതത്തിന്റെ തീക്ഷ്ണമായ യാഥാർഥ്യങ്ങളെ പകർത്താം എന്ന് റിക്ലിസിന്റെ   സിനിമകൾ  മനസിലാക്കി തരുന്നു.  പ്രതിരോധത്തിന്റെ നാരങ്ങാ മണം നിറഞ്ഞ സിനിമയാണ്  "ലെമണ്‍ ട്രീ"  പാരമ്പര്യമായി ലഭിച്ച തന്റെ ചെരുനാരങ്ങാതോട്ടം നോക്കി അതില്‍നിന്നുള്ള വരുമാനത്തിലൂടെ ജീവിതം നീക്കുയാണ് സൽമ സിദാൻ എന്ന 45 വയസുള്ള  പലസ്തീൻ കാരിയാണ് നായിക. 

വിശാലമായ നാരങ്ങാ തോട്ടം അവരുടെ ജീവിതം തന്നെയാണ്. ഒരു ദിവസവും  തുടങ്ങുന്നതും ഈ തോട്ടതിൽ നിന്നാണ്. നാരങ്ങ ചെടിയിൽ പഴുത്തു നില്ക്കുന്ന ചെറുനാരങ്ങ അതിരാവിലെ ഇവർ തന്നെ അവ വിവിധ മാർകറ്റിൽ എത്തിക്കുന്നു. ഇവർക്ക് ഭർത്താവില്ല.  ആകെയുള്ള ഒരു മകൻ അമേരിക്കയിൽ ഒരു റെസ്റ്റോറന്റിൽ ജോലി ചെയ്യുകയാണ് അവനും അമ്മയുടെ കൃഷിയോട് താല്പര്യമില്ല. വെസ്റ്റ്‌ ബാങ്കിലെ ഇസ്രയേൽ പലസ്തീൻ അതിര്ത്തി പ്രദേശത്താണ് ഈ തോട്ടം സ്ഥിതിചെയ്യുന്നത്. എപ്പോഴും അക്രമത്തിന്റെ ചുവയുള്ള മണ്ണിൽ എപ്പോൾ വേണമെങ്കിലും അക്രമം ഉണ്ടാകാം, വെടിയൊച്ച മുഴങ്ങാം. ഇതാണ് സിനിമയുടെ പശ്ചാത്തലം. സംഘര്ഷ ഭരിതമായ അതിര്ത്തി പ്രദേശങ്ങളില ഉണ്ടാകുന്ന എല്ലാ പ്രതിസന്ധികളും ഇവര്ക്ക് നേരിടേണ്ടി വരുന്നുണ്ട്.  പ്രതിസന്ധിയുടെ ചെറുതായ ദൃശ്യങ്ങൾ നമുക്കും കാണാൻ ആകുന്നുണ്ട് എന്നാൽ വലിയ സംഘർഷ ഭാരം കാഴ്ചക്കാരനിൽ അടിച്ചേൽപ്പിക്കുന്നില്ല എന്ന പ്രത്യേകത ഉണ്ട് പറയുന്നതത്രയും ലളിതമായി തന്നെ അതിന്റെ യാഥാർത്യത്തെ ചോർത്തികളയാതെ പറയുന്നു. ഇങ്ങനെ പ്രതിസന്ധികളിലൂടെ തന്റെ ജീവിതം മുന്നോട്ട് നയിക്കുമ്പോൾ ഒരു സുപ്രഭാതത്തില്‍ ഈ തോട്ടത്ത്തിനടുത് ഇസ്രയേൽ പ്രതിരോധ മന്ത്രി ഈസ്ര എൽനോവോന്റെ വീട് ഈ അതിര്ത്തിക്കരികിൽ വരികയാണ് അതോടെ സുരക്ഷയുടെ പേരില്‍ നാരങ്ങ തോട്ടം നീക്കണമെന്ന ആവശ്യവും ഉയരുന്നു ഇതോടെ സല്മയുടെ ജീവിതത്തിൽ വരുന്ന പോരാട്ടമാണ് ഈ സിനിമ. സാധാരണക്കാരിയായ ഒരു സ്ത്രീ അതിജീവനത്തിനായി നടത്തുന്ന പോരാട്ടം സിനിമയെ മികച്ചതാക്കുന്നു. പട്ടാളം പറിച്ചെറിഞ്ഞ നാരങ്ങ ചെടികൾ സുരക്ഷാ ഉദ്യോഗസ്ഥര്ക്ക് നേരെ ഉയർത്തി കാട്ടി "ഇതെന്റെ ജീവിതമാണ് ഇതിനെ ഇതുപോലെ പിഴുതു മാറ്റാൻ സാധ്യമല്ല" എന്നവർ പറയുന്നുണ്ട്. വീണുകിടക്കുന്ന നാരങ്ങകൾ മന്ത്രിയും മറ്റുള്ളവരും നോക്കി നില്ക്കെ തന്നെ അവർക്കുനേരെ വലിച്ചെറിയുന്നുണ്ട്. തന്റെ നാരങ്ങ തോട്ടം നിലനിർത്താനായി അവർ നിയമ നടപടിക്കൊരുങ്ങുന്നു അതിനായി അവരെ സഹായിക്കാൻ ഒരു വക്കീൽ എത്തുന്നു അവർക്കിടയിൽ പ്രണയത്തിന്റെ നേരത്ത രേഖകൾ  മുളക്കുന്നുണ്ട്. കേസിന്റെ കാര്യങ്ങൾക്കായി അവർ ഒരുമിച്ചു പല തവണ സഞ്ചരിക്കുന്നു. അയാളെ തേടി ഒരു ദിവസം ഓഫിസിൽ എത്തിയപ്പോൾ അടക്കും ചിട്ടയും ഇല്ലാത്ത വക്കീലിന്റെ ഓഫിസ് സൽമ തന്നെ അടക്കിയൊതുക്കി വെക്കുന്നുണ്ട്. 

ആരും സ്നേഹിക്കാനില്ലാത്ത സൽമയുടെ ജീവിതത്തിലേക്ക് സ്നേഹത്തിന്റെ പ്രതീക്ഷയുടെ കവാടം തുറക്കുകയാണ് അവർക്കിടയിൽ എങ്ങിനെയോ പ്രണയത്തിന്റെ നേർത്ത രേഖകൾ പിറക്കുന്നു. എന്നാൽ അതിന്റെ ആയുസ്സ് വളരെ കുറവായിരുന്നു. അയാളിൽ പ്രണയം മാത്രം ആയിരുന്നില്ല ലക്ഷ്യം സൽമയുടെ ശരീരം തന്നെയായിരുന്നു എന്നവർ കൃത്യമായി തിരിച്ചറിഞ്ഞതോടെ അയാളെ അവർ തന്റെ  ജീവിതത്തിൽ നിന്നും അകറ്റി ഔദ്യോഗിക കാര്യങ്ങളിൽ മാത്രം ഒതുക്കി നിര്ത്തുന്നു. പുരുഷനോട്ടം പതിയുമ്പോൾ അതിന്റെ ആത്മാർത്ഥത തിരിച്ചറിയാൻ അവർക്കാവുന് അതിനെ പക്വതയോടെ മാറ്റി നിർത്താൻ അവർക്കു കഴിഞ്ഞു.  മന്ത്രി മന്ദിരത്തിലെ സുരക്ഷാ ഉദ്യോഗസ്ഥര് അവരെ തോട്ടത്തിലേക്ക് കടത്തി വിടാത്ത തരത്തിൽ  പ്രതിരോധ മതിൽ  തീർത്തതോടെ അവർ ഒറ്റപെട്ട പോലെ ആയി. തന്റെ പിതാവിന്റെ സുഹൃത്തും അവരോടൊപ്പം കൃഷി കാര്യങ്ങളിൽ സഹായിക്കുന്ന വൃദ്ധൻ ഇവരുടെ അവസ്ഥയിൽ സമാധാനിപ്പിക്കുനുണ്ട് പക്ഷെ വലിയൊരു മതിലിനു പിറകെ നിന്നാണ് തന്റെ പ്രതിരോധത്തിന്റെ മുറവിളി അത് വളരെ ചെറുതായി മാത്രമേ അധികൃതരുടെ ചെവികളിൽ എത്തൂ എന്നൊക്കെ അവർ മനസിലാക്കുന്നുണ്ട് എങ്കിലും താൻ സത്യതോടൊപ്പം ആണെന്നും നന്മയും നീതിയും എന്നായാലും വിജയിച്ചേ മതിയാകൂ എന്നവർക്ക് ഉറപ്പുണ്ട് അതിനവർ കഠിന പ്രയത്നം തന്നെ നടത്തുന്നു. ഇവരുടെ പോരാട്ടം  ലോക ശ്രദ്ധ നേടുന്നു അമ്മയുടെ പോരാട്ടം മകൻ അമേരിക്കയിൽ ഇരുന്നു കാണുന്ന രംഗമുണ്ട്. അതിജീവനത്തിനായുള്ള ഇവരുടെ പോരാട്ടവും വിജയവും ഈ സിനിമയെ മികച്ചതാക്കുന്നു. ഹിയാം അബ്ബാസ്‌ ആണ് സൽമ സിദാൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഇവരുടെ അഭിനയം ഈ സിനിമയെ കൂടുതൽ ഉയരത്തിൽ എത്തിക്കുന്നു. മന്ത്രിയായി എത്തിയ ഡോരോണ്‍ ടാരോവി റോണ ലിപാസ് മിഷേൽ തുടങ്ങിയവരും മികച്ച അഭിനയമാണ് കാഴ്ചവെച്ചിരിക്കുന്നത്....പ്രതിരോധത്തിന്റെ നാരങ്ങാമണം പരത്തി അവരുടെ സമരജൈത്രയാത്ര വിജയിക്കുന്നു മികച്ച ഷോട്ടുകളാൽ സമ്പന്നമായ സിനിമ. 

ഏറാൻ  റിക്ലിസിന്റെതന്നെ മറ്റൊരു സിനിമയാണ്  സൈത്തൂന്‍   യുദ്ധങ്ങള്‍ എന്നും സിനിമയിലെ ഒരു വിഷയമായിരുന്നു. എപ്പോഴും  വെടിയൊച്ചകളാൽ ശബ്ദമുകരിതമായ നഗരമാണ്  സൈത്തൂന്‍ എന്ന സിനിമയുടെ പശ്ചാത്തലം.  പശ്ചിമേഷ്യയിലെ സമാധാനം ലോകത്തിന്റെ ആഗ്രഹമാണ്. എന്നാല്‍ എന്നും ഇവിടം യുദ്ധ കലുഷമായിരുന്നു.  1982 ലെ ലബനാന്‍ ഇസ്രായേല്‍ യുദ്ധം ഒരുദാഹരണം മാത്രം.  ഇരുരാജ്യങ്ങളുടെയും അതിര്‍ത്തിയില്‍ ചോരക്കറ വീണത്‌ നാം കണ്ടതാണ്.  “ഭയമെന്ന വാക്കിന്റെ അര്‍ത്ഥം‍ അവര്‍ക്ക് (ഫലസ്തീനികള്‍ക്ക്) ഇപ്പോള്‍ അറിയില്ല, മുട്ടുകുത്തി ജീവിക്കുന്നതിനേക്കാള്‍ എഴുന്നേറ്റുനിന്ന് മരിക്കാന്‍ തീരുമാനിച്ചവരാണവര്‍" പലസ്തീന്‍ കവി മുസ്തഫുല്‍ കുര്‍ദ്ദിന്റെ വരികളില്‍ അവര്‍ക്കിന്നും ആവേശമാണ്. യുദ്ധമണം ശ്വസിച്ചു വളരുന്ന കുട്ടികളുടെ ജീവിതവും ലോക മനസാക്ഷിയെ ഞെട്ടിച്ച ഈ യുദ്ധത്തിനിടയിലെ അപൂര്‍വമായ ഒരു സൌഹൃദത്തിന്‍റെ കഥ പറയുകയാണ് ഈ സിനിമ.  സൈത്തൂന്‍ എന്നാല്‍ ഒലീവ് ആണ്. അറേബ്യന്‍ മേഖലയില്‍ ഒലീവ് തൈകള്‍ക്ക് വളരെ ഏറെ പ്രാധാന്യം ഉണ്ട്  ചിത്രത്തിന്റെ അവസാനം വരെ ഒരു ഒലീവ് തൈ സാന്നിദ്ധ്യം അതിന്റെ പ്രാധാന്യത്തെയാണ് കാണിക്കുന്നത്.  ഇസ്രയേലി ഭടന്മാരുടെ ക്രൂര വിനോദങ്ങളില്‍ പ്രതികരിക്കുന്ന കുട്ടികളുടെ കൂട്ടത്തില്‍ പെട്ട ഫഹദ് എന്ന ബാലനാണ് ചിത്രത്തിലെ പ്രധാന കഥാപാത്രം. ഫുട്ബോള്‍ പ്രേമിയായ ഫഹദ്   പ്രശസ്ത ഫുട്ബോള്‍ താരം സീക്കോ എന്ന പേരിലറിയാനാണ് ഇഷ്ടം. അതുകൊണ്ട് തന്നെ ആര് പേര് ചോദിച്ചാലും സീക്കോ എന്നാണ് പറയാറ്. അവന്റെ ഒരു ദിനം ആരംഭിക്കുന്നത് തന്നെ വെടിയൊച്ചകളുടെ അകംപടിയോടെയാണ്. നിരന്തരം ആക്രമണം നടക്കുന്ന ദേശത്തു നിന്നും വളരുന്ന കുട്ടികളില്‍  പ്രതിരോധമാര്‍ഗ്ഗം അവര്‍ തന്നെ കണ്ടെത്തും. ഫഹദ് അവന്റെ കൂട്ടുകാരുമൊത്ത് ഇസ്രയേല്‍ ഭടന്മാരുടെ കണ്ണില്‍ പെടാതെയാണ് നടക്കുന്നത് മുത്തച്ഛന്റെ സേനഹമാണ് അവന്റെ ആശ്വാസം.  എന്നാൽ പോരാളികളുടെ കുട്ടിപട്ടാളത്തിൽ ചേരാനും അവനു താല്പര്യം ഇല്ല. എന്നാൽ അവർ അവനെയും കൂട്ടുകാരെയും വട്ടമിട്ട് പിടിക്കുന്നുണ്ട്. അവസാനം അവനും സംഘവും കുട്ടിപട്ടാളത്തിലെ അംഗമാകുന്നു. മുത്തച്ഛൻ അവനെ അവരെ കൂടെ കൂടിയതിന് വഴക്ക് പറയുന്നുണ്ട്. ജീവിതത്തിന്റെ തീഷ്ണതയെ പറ്റി എപ്പോഴും ഓര്‍മ്മിപ്പിക്കുന്ന പിതാവിന്‍റെ മുന്നിലവന്‍ പരുങ്ങിയെ നില്‍ക്കാറുള്ളൂ. ഉപ്പ ചട്ടിയില്‍ വളര്‍ത്തുന്ന ഒലീവ് തൈ പരിചരിക്കുമ്പോള്‍ പുറത്ത് വെടിയൊച്ച മുഴങ്ങുന്നു. തെരുവിൽ കേട്ട വെടിയോച്ചകൊപ്പം  രക്ഷിക്കാനായ്‌ ഇറങ്ങിയ തന്റെ പിതാവ് മരിച്ചു വീഴുന്നു. പിതാവിന്റെ വേർപാട് അവനിൽ പോരാട്ട വീര്യം വർദ്ധിപ്പിക്കുന്നു പിതാവ് വെള്ളമൊഴിച്ച് നാട്ടു വളർത്തുന്ന ഒലിവ് തൈ നോക്കി അവൻ ഇസ്രായേലി പട്ടാളത്തെ വെറുക്കുന്നു. 

കുട്ടി പട്ടാള ക്യാമ്പിൽ അവന്‍ കൂടുതല്‍  ശക്തിയോടെ ആയുധ പരിശീലനം നേടുന്നു. ആകാശത്തിലൂടെ ചീറിപ്പായുന്ന ഹെലികോപ്ടര്‍ ഫഹദ് വെടിവെച്ചിടുന്നു. പാരച്യൂട്ടില്‍ രക്ഷപ്പെടുന്ന യാനി എന്ന ഇസ്രയേലി പട്ടാളക്കാരനെ അവര്‍ ബന്ധിയാക്കുന്നു. അവരുടെ എല്ലാ ദേഷ്യങ്ങളും അവര്‍ ഈ പട്ടാളകാരനില്‍ തീര്‍ക്കുകയാണ്.  അത്രയും വെറുപ്പാണ് അവന് ഇസ്രയേല്‍ പട്ടാളക്കാരോട്. ബന്ധിയാക്കിയ പട്ടാളക്കാരനെ അവന്‍ പ്രകോപിപ്പിക്കാറുണ്ട്. വെള്ളം കൊടുക്കുക്കുന്നതായി കാണിച്ചു അയാളെ ഫഹദ് കളിയാക്കുന്നുണ്ട് അപ്പോഴൊക്കെ ഇസ്രയേല്‍ പട്ടാളം കുട്ടികളോട് കാണിക്കുന്ന ക്രൂരതയുടെപ്രതികരണം അവിടെ ഉടലെടുക്കുന്നതായി പ്രേക്ഷകന് തോന്നും. കയ്യില്‍ കിട്ടിയ വിലങ്ങ് അവന്‍ യാനിയുടെ കൈകളില്‍ ഇടുന്നു.  ഫഹദിന്റെ ഒരാഗ്രഹം എങ്ങനെയും അതിര്‍ത്തി കടക്കണം എന്നാണ് ഒരു രാത്രി അവന്‍ യാനിയുടെ അടുത്ത് എത്തുകയാണ്. കയ്യില്‍ വിലങ്ങണിഞ്ഞ അയാളെ ഫഹദ് തുറന്നു വിടുന്നു രണ്ടുപേരും രാതിയുടെ മറവില്‍ രക്ഷപ്പെടുകയാണ് അവരുടെ വെറുപ്പ് അതേപടി നിലനില്‍ക്കുമ്പോളും അവരില്‍ എങ്ങിനെയോ ഒരടുപ്പം ഉടലെടുക്കുന്നു. ഇടക്കിടക്ക് ഇവര്‍ തമ്മില്‍ തല്ല് കൂടുന്നു. ഇതിനിടയില്‍ യാനിക്ക് രക്ഷപ്പെടാനുള്ള ഒരവസരത്തില്‍ ഫഹാദിനെ ബന്ധിയാക്കി അയാള്‍ രക്ഷപ്പെടുന്നുണ്ട്. എന്നാല്‍ ഏറെ താമസിയാതെ അയാള്‍ തിരിച്ചു വന്ന് ബന്ധന്‍സ്ഥാനായ മോചിതനാക്കി കൂടെ കൂട്ടുന്നു. അതിര്‍ത്തിയിലേക്കുള്ള യാത്രയാണ് അവര്‍ തുടരുകയാണ് യാത്രക്കിടയിലെ രസകരമായ സംഭവങ്ങള്‍ അവരുടെ സൌഹൃദത്തിന്‍റെ ആഴം വര്‍ദ്ധിക്കുന്നു. ക്രമേണ അവര്‍ക്ക് പരസ്പരം പിരിയാനാവാത്ത അവസ്ഥയില്‍ എത്തുന്നു  എംബസിയില്‍ എത്തിയതോടെ യാനി തന്‍റെ ജീവന്‍ കിട്ടി എന്ന ആശ്വാസം പങ്കിടുന്നു യാനിക്കും ഫഹദിനും  പിരിയാന്‍ തോന്നുന്നില്ല എങ്കിലും അവര്‍ ഫഹാദിനെ യാത്രയാക്കാന്‍ ഒരുങ്ങുന്നു.... യുദ്ധഭൂമിയില്‍ നിന്നും കഥ പറയുമ്പോളും ഒരു അപൂര്‍വ സൌഹൃദത്തിന്റെ ചിലപ്പോള്‍ ഒരിയ്ക്കലും നടക്കാന്‍ സാദ്ധ്യ ഇല്ലാത്ത സൌഹൃദത്തിന്‍റെ നേര്‍രേഖ തയാറാകിയ എറാന്‍ റിക്ലിസിന്റെ രീതി പ്രശംസിക്കാതെ വയ്യ. വളരെ ലളിതമായി സിനിമ പറയാന്‍ അദ്ദേദത്തിനാവുന്നു. സിനിമയില്‍ ആദ്യാവസാനം വരെ കാണുന്ന ഒലീവ് തൈ ഒരു പ്രതീകമാണ്. പ്രതീക്ഷയുടെ പ്രതീകമാണ് വെടിയൊച്ചകള്‍ക്കിടയിലെ ഈ ഒലീവ് തൈ...... സ്റ്റെഫാൻ  ഡോര്‍ഫനാണ്‌  യാനി എന്ന ഇസ്രയേലി പട്ടാളക്കാരന്റെ വേഷം ചെയ്തിരിക്കുന്നത്. ഫഹദിന്റെ വേഷം ചെയ്ത അബ്ദുല്ല അല്‍ ആകാലിന്റെ അഭിനയത്തെ പറ്റി പറയാതെ വയ്യ. ദുരിതങ്ങള്‍ക്ക് നടുവില്‍ ഉണരുന്ന പോരാട്ട വീര്യം അവനില്‍ നിറഞ്ഞു നില്ക്കുന്നു. ചിത്രത്തിന്‍റെ സംഗീതം ചെയ്തിരിക്കുന്നത് സിറിള്‍ മോറിന്‍ ആണ് തിരക്കഥ നാദര്‍ റിസ്കിന്‍റേതാണ്. ടൊറന്‍റോ, ലണ്ടന് ചലച്ചിത്രമേളകളില്‍ ശ്രദ്ധേയമായ ചിത്രമാണ് സൈത്തൂന്‍. 

Director: Eran Riklis

എറാൻ റിക്ലിസ് എന്ന സംവിധായകന്റെ സിനിമകിലൂടെ കടന്നുപോകുമ്പോൾ  തീക്ഷ്ണമായ ജീവിത ചിത്രങ്ങൾ കാണാം. നിരന്തരം യുദ്ധപശ്ചാത്തലങ്ങളിലൂടെ കഥ പറയുമ്പോളും സിനിമ അധികം വയലൻസിന്റെ ശബ്ദകോലാഹലങ്ങൾ സിനിമകളിൽ കാണാൻ സാധിക്കില്ല.  1984ൽ ഇറങ്ങിയ  ഓൺ എ ക്ലിയർ ഡേ യു കാൻ സീ ഡമാസ്കസ് ആണ് ആദ്യസിനിമ 1991ൽ ഇറങ്ങിയ ദി കപ്പ് ഫൈനൽ മോസ്‌കോ ഇന്റർനാഷണൽ ഫെസ്റ്റിവലിൽ ഏറെ ശ്രദ്ധ നേടി. ലെമൺ ട്രീ യുടെ തിരക്കഥയ്ക്ക്  2008ൽ ഏഷ്യ ഫസഫിക് സ്ക്രീൻ അവാർഡും, ദി ഹ്യൂമൻ റിസോഴ്‌സ് മാനേജർ മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള അക്കാദമി അവാർഡും ലഭിച്ചു സൈതൂൺ ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഏറെ ശ്രദ്ധനേടിയിരുന്നു.
--------------------------------------------------------
ആഡ്കോം മാസികയിൽ ചെയ്തുവരുന്ന  കോളം  2020 ജനുവരി ലക്കത്തിൽ പ്രസിദ്ധീകരിച്ചു 
 


Monday, 9 September 2019

അസ്വസ്ഥകളുടെ കൊത്തിവെക്കൽ

ശില്പ പരിചയം

സിറിയൻ ആർട്ടിസ്റ്റ് ഖാലിദ് ദവ്വയുടെ ഒരു ശിൽപങ്ങൾ നമ്മെ അസ്വസ്ഥമാക്കും. ജീവിതത്തിന്റെ ജീർണ്ണിച്ച അവസ്ഥ മാത്രമല്ല ശാരീരികവും മാനസികവുമായ കം‌പ്രഷൻ അവസ്ഥയിലുള്ള ആളുകളിലൂടെ മതിപ്പുകളും വികാരങ്ങളും ശില്പത്തിൽ കൊണ്ടുവരാൻ ശ്രമിക്കുന്നു. തന്റെ രാഷ്ട്രീയ ജീവിതവും ഒളിവിൽ കഴിഞ്ഞ കാലവും അധികാരത്തിന്റെ അധിനിവേശ മുഖവും നമുക്ക് ശില്പങ്ങളിൽ വായിച്ചെടുക്കാം. അസ്വസ്ഥപ്പെടുത്തുന്ന രൂപഘടനയും ഭീതിപ്പെടുത്തുന്ന ശില്പ പ്രതലവും, Nicholas Cort ന്റെ കൊഴുപ്പു ഭൂതം എന്ന ശില്പങ്ങൾ പോലുള്ള അവസ്ഥയും അധികാരത്തിന്റെ ജീർണ്ണിച്ച അവസ്ഥയെ കാണിക്കുന്നു.
 


കലയിലൂടെ സ്വീകരിച്ച രാഷ്ട്രീയ പ്രതികരണങ്ങൾ ഭരണകൂടങ്ങളെ പൊള്ളിച്ചു. 2013ന്റെ മധ്യത്തിൽ, അദ്ദേഹത്തിന്റെ സ്റ്റുഡിയോ സ്ഥിതിചെയ്യുന്ന സ്ഥലത്ത് ബോംബെറിഞ്ഞു, ഖാലിദിന് പരിക്കേറ്റു. പിന്നീട് അറസ്റ്റിലാവുന്നു. ജയിലിലടയ്ക്കപ്പെടുന്നു. നിബന്ധിത സൈനിക സേവനത്തിനായി അയക്കുകയും ചെയ്യുന്നു. ഒരു സൈനിക പ്രവർത്തനത്തിലും ഏർപ്പെടാൻ വിസമ്മതിച്ച അദ്ദേഹം ഒളിച്ചോടുകയും സിറിയയിൽ നിന്ന് പലായനം ചെയ്യുകയും ചെയ്യുന്നു. 2014 ഒക്ടോബറിൽ അദ്ദേഹം ഫ്രാൻസിലേക്ക് പോകുന്നതിനുമുമ്പ് ഒരു വർഷം ഒളിവിൽ താമസിക്കുന്ന ലെബനനിലേക്ക് പോകുന്നു. ഈ സംഭവങ്ങൾ അദ്ദേഹത്തെ ആഴത്തിൽ സ്വാധീനിക്കുകയും കലയിലേക്ക് അതിനെ കൊണ്ടുവരികയും ചെയ്തു. ഈ രാഷ്ട്രീയ സാഹചര്യത്തിൽ മനുഷ്യനെ ഒരു ഫ്രയിൻറെ ഉള്ളിലേക്ക് കംപ്രസ് ചെയ്യുന്ന രീതിയിൽ ഉള്ള ശില്പങ്ങളും ഒരു രീതിയായിരുന്നു. പാലായനത്തിന്റെ തീവ്രത ശില്പങ്ങളിലും അദ്ദേഹത്തിന്റെ വരകളിലും കാണാം. ഗ്രിൽ ചെയ്ത കളിമണ്ണും, കൂടാതെ മഷി-ഓൺ-പേപ്പർ എല്ലാം തന്റെ സൃഷ്ടിയെ രൂപപ്പെടുത്താനുള്ള മാധ്യമങ്ങളാണ്. അസ്വസ്ഥതയുടെ കൊത്തി വെക്കലുകലാണ് ഖാലിദ്‌ ദവ്വയുടെ രണ്ടു രീതിയിലും ഉള്ള ശില്പങ്ങൾ.