Saturday, 20 October 2018

ജാതിചോദിക്കുന്ന കാലം തിരിച്ചു വരുമ്പോൾ 'ജാതിക്കുമ്മി'യുടെ പ്രസക്തി

ലേഖനം 
വർത്തമാനകാലത്ത് ജാതി പുതിയ രൂപത്തിൽ ഇറങ്ങിവരികയും രാഷ്ട്രീയത്തിലും സംസ്കാരത്തിലുംതിരിച്ചു വരികയും ഒപ്പം അധികാരവും കയ്യാളുന്ന ഈ കാലത്ത് മലയാളത്തിലെആദ്യകാല ജാതി വിരുദ്ധ കാവ്യം എന്ന് അറിയപ്പെടുന്ന ജാതിക്കുമ്മി എഴുതിയ കീഴാള വർഗ്ഗത്തോടൊപ്പം നിന്ന്‌ അവരും മനുഷ്യരാണെന്ന് വീറോടെ പറഞ്ഞ വ്യത്യസ്തമേഖലകളിൽ തന്റെ കയ്യൊപ്പ് പതിച്ച പണ്ഡിറ്റ് കെപി കറുപ്പൻ  എന്നവലിയ മനുഷ്യനെ പറ്റി പഠിക്കേണ്ടതും ആ ചരിത്രത്തെ തിരിച്ചറിയേണ്ടതും എന്തുകൊണ്ടും  പ്രസക്തമാണ്. എന്നാൽ ചരിത്രത്തിൽ പണ്ഡിറ്റ് കറുപ്പൻ എന്ന പേര് അത്ര തിളക്കത്തോടെ എഴുതി ചേർക്കാൻ ആയോ എന്ന സംശയം ബാക്കി നിൽക്കുന്നു. സാഹിത്യ സാംസ്കാരിക സാമൂഹിക രംഗത്തു പണ്ഡിറ്റ് കറുപ്പൻ നൽകിയ സംഭാവനകൾ വിലപ്പെട്ടതാണ്. 'അയ്യൻകാളി മുതൽ വിടി വരെ' എന്ന അരവിന്ദൻ പണിക്കശ്ശേരിയുടെ പുസ്തകത്തിൽ പണ്ഡിറ്റ് കറുപ്പനെ പറ്റി ഇങ്ങനെ പറയുന്നു "ജാതിയുടെ പേരിൽ മനുഷ്യൻ മനുഷ്യനെ ആട്ടിയിടിക്കുകയും കീഴ്ജാതിക്കാരെ മൃഗങ്ങളെക്കാൾ ഹീനരായി കണക്കാക്കുകയും ചെയ്തിരുന്ന ഒരു കാലഘട്ടത്തിൽസാമൂഹിക പരിവർത്തനത്തിന്റെ ദീപശിഖ ഉയർത്തിപ്പിടിച്ചു അനാചാരങ്ങൾക്കെതിരെ കാവ്യകലയെ പടവാളാക്കിയ ധീരനായ കവിയാണ് പണ്ഡിറ്റ് കറുപ്പൻ" കുമാരനാശാൻ ദുരവസ്ഥ എഴുതുന്നതിനും പത്തു വർഷം മുമ്പാണ് പണ്ഡിറ്റ് കറുപ്പൻ  എഴുതിയ 'ജാതിക്കുമ്മി' ഇറങ്ങുന്നത്. ജാതിക്കെതിരായ മലയാളത്തിലെ ആദ്യകാല കാവ്യങ്ങളിൽ ഒന്നാണ് ഇത്. കേരളത്തിലെ ജാതി വിവേചനവും അതിന്റെ കറുത്ത വശങ്ങളും  തുറന്നു കാട്ടുന്നതിൽ ഈ കവിത വലിയ  പങ്കു വഹിച്ചു.  എന്നാൽ നമ്മുടെ ചരിത്രവും സാഹിത്യവും പണ്ഡിറ്റ് കറുപ്പനോടും ജാതികുമ്മിയോടും അത്ര പരിഗണന നൽകിയോ എന്ന കാര്യത്തിൽ നാം ഒന്നുകൂടി പരിശോധിക്കണം. 

"ഇക്കാണും ലോകങ്ങളീശ്വന്റെ
മക്കളാണെല്ലാമൊരു ജാതി
നീക്കനിർത്താമോ സമസൃഷ്ടിയെ?
ദൈവം നോക്കിയിരിപ്പില്ലേ,യോഗപെണ്ണേ? –
തീണ്ടൽ ധിക്കാരമല്ലയോ ജ്ഞാനപെണ്ണേ?

കവിതയിലൂടെ ഇക്കാര്യങ്ങൾ ചോദിക്കുന്ന കാലഘട്ടം ഏറെ പ്രസ്കതമാണ്. ജാതി  സമസ്ത മേഖലകളിലും അരങ്ങു വാണിരുന്ന കാലത്താണ് പണ്ഡിറ്റ് കറുപ്പൻ തന്റെ ജാതിവിരുദ്ധ സാഹിത്യവുമായി രംഗത്തു വരുന്നത്. 

"കാഷ്ഠം ഭുജിച്ചു നടന്നിരുന്ന
പട്ടിക്ക് ചാരെ നടന്നുകൊള്ളാം
കഷ്ടം! മനുഷ്യർക്ക് പാടില്ല എന്നുള്ള
ചട്ടം നിരുത്തേണ്ടേ യോഗപെണ്ണേ–
നിങ്ങൾ ശിഷ്ടന്മാരല്ലയോ ജ്ഞാനപ്പെണ്ണേ!

ഇങ്ങനെ ശക്തമായ ചോദ്യങ്ങൾ ഉന്നയിക്കാൻ അക്കാലത്ത് കൊച്ചി സഭയിൽ ഒരു എം എൽ സികൂടിയായിരുന്ന കവിക്ക് ആകുന്നു എന്നത് ഏറെ പ്രസക്തമാണ്. അർഹമായ സ്ഥാനത്ത് ഇരിക്കുമ്പോഴും ജാതിയുടെ പേരിൽ മാറ്റി നിർത്തപ്പെട്ട നിരവധി ദുരനുഭവങ്ങൾ പണ്ഡിറ്റ് കറുപ്പൻ നേരിടേണ്ടി വന്നിട്ടുണ്ട്. മദിരാശി ഗവർണർ ആയിരുന്ന ഘോഷൻ പ്രഭുവിന്റെ സന്ദർഷണവുമായി ബന്ധപ്പെട്ടു മഹാരാജാവ് നടത്തിയ വിരുന്നിൽനിന്നും ജാതിയുടെ പേരിൽ മാറ്റി നിർത്തപ്പെട്ടപ്പോൾ അദ്ദേഹമെഴുതിയ വരികൾ ആ വ്യവസ്ഥയോടുള്ള കടുത്ത പ്രതിഷേധവും വിമർശനവുമായി കാണാം. 

"ചൊല്ലാളുന്നെറണാകുളത്തു മരുവു -
'ന്നെമ്മൽസി'കൾക്കൊക്കെയും
ചെല്ലാവുന്ന വിരുന്നിലീയടിയനെ-
ക്കൂടെ ക്ഷണിച്ചീടുകിൽ
വല്ലായ്മക്കിട മെന്തു? താടികലരും
മർത്ത്യൻ കരേറീടുകിൽ
കല്ലോലങ്ങളിലാഴുമോ തരണി? ആർ
ചെയ്തിവിധം ദുർവിധി?"

ഇങ്ങനെ യഥാ സമയങ്ങളിൽ തന്നെ കവിതകളിലൂടെ അദ്ദേഹം പ്രതികരിച്ചു കൊണ്ടിരുന്നു.  നവോത്ഥാന മൂല്യങ്ങൾക്ക് ഏറെ വെല്ലുവിളി നേരിടുന്ന സമകാലിക അവസ്ഥയിൽജാതിക്കുമ്മി പോലുള്ള കവിതകളുടെ പുനർവായന കാലം ആവശ്യപ്പെടുന്നുണ്ട്. അന്ന്  പുലയരും മറ്റു കീഴ്ജാതിയിൽ അനുഭവിച്ച അവസ്ഥയെ കുറിച്ചു എഴുതിയ 
"പശുക്കളെയടിച്ചെനാലുടമസ്ഥൻ തടുത്തീടും
പുലയരെയടിച്ചെന്നാലൊരുവാനുമില്ല.
റോട്ടിലെങ്ങാനും നടന്നാലാട്ടുകൊള്ളുമതുകൊണ്ട്
തോട്ടിലേക്കൊന്നിറങ്ങിയാൽകല്ലേറുകൊള്ളും"
ഈ വരികളിലൂടെ പോകുമ്പോൾ ഇന്നും നാം ഉത്തരേന്ത്യയിൽ നിന്നും കേട്ടുകൊണ്ടിരിക്കുന്ന വാർത്തകളോട് ഏറെ വ്യത്യാസങ്ങൾ ഇല്ല എന്നതു കൂടി ഇതിനോട് ചേർത്തു വായിക്കാം. സാമൂഹികാവസ്ഥയേ കവിതയിലൂടെ തന്നെ വിമർശനത്തിന്റെ കൂരമ്പുകളയക്കാൻ സാധിച്ചു. 

കൊച്ചി നിയമസഭയിലേക്ക് സാമാജികനായി   നടത്തിയ ആദ്യപ്രസംഗം തന്നെ നിമസഭയുടെ പ്രവർത്തനങ്ങളിൽ കഴിയുന്നതും മലയാളം തന്നെ ഉപയോഗിക്കണം എന്ന പ്രമേയംഅവതരിപ്പിച്ചുകൊണ്ടായിരുന്നു.
സമസ്ത മേഖലകളിലും പണ്ഡിറ്റ് കറുപ്പൻ തന്റെതായ ഇടപെടൽ നടത്തിയിരുന്നു. ഈ ആസുരകാലത്ത് പണ്ഡിറ്റ് കറുപ്പനെ പോലുള്ളവരുടെ ചരിത്രം പുതു തലമുറയ്ക്ക് എത്തിക്കേണ്ടത് അനിവാര്യമാണ്. സാഹിത്യത്തിൽ പണ്ഡിറ്റ് കറുപ്പൻ നൽകിയ വിലപ്പെട്ട സംഭാവനകൾഅന്നും അതുപോലെ തന്നെ ഇന്നും പ്രസക്തി ഏറിവരികയാണ്. ചരിത്രത്തിലെ ചില പുനർവായനകൾ ആവശ്യമായി കൊണ്ടിരിക്കുന്ന ഈ കാലം എന്തുകൊണ്ടും കൂടുതൽപഠിക്കേണ്ട ഒന്നാണ് പണ്ഡിറ്റ് കെപി കറുപ്പനെയും അദ്ദേഹത്തിന്റെസാഹിത്യവും. കേരളം മറക്കാൻ പാടില്ലാത്ത നവോത്ഥാന നായകരിൽ ഒരാളാണ് പണ്ഡിറ്റ് കെപി കറുപ്പൻ. 1938 മാര്‍ച്ച്‌ 23നാണ് പണ്ഡിറ്റ് കെപി കറുപ്പൻ അന്തരിച്ചത്

കണ്ണാടി മാഗസിനിൽ 20-10-2018ൽ പ്രസിദ്ധീകരിച്ചു

http://kannadimagazine.com/index.php?article=362  

Saturday, 8 September 2018

വീടും കൂടും

മിനിക്കഥ 


പ്രളയത്തിൽ വീട് പൂർണ്ണമായും തകർന്ന അയാൾ വില്ലേജ് ഓഫീസിൽ പുതിയ വീട് നിർമ്മിക്കാൻ  അപേക്ഷ കൊടുത്തു ഇറങ്ങി, വില്ലേജ് മുറ്റത്ത് വീട് നഷ്ടപ്പെട്ടതും അതുണ്ടാക്കാൻ നേരിട്ട  കഷ്ടപ്പാടും ഓർത്ത് സിഗരറ്റിനു തീ കൊളുത്തി. 

മരത്തിൽ നിന്നും പക്ഷി കാഷ്ഠിച്ചത് അയാളുടെ വെള്ള ഷർട്ടിൽ തന്നെ വീണു, ദേഷ്യത്തിൽ മേലേക്ക് നോക്കി 
"നാശംപിടിച്ച ഈ കിളിക്കൂടുകൾ"  
അയാൾ ടവ്വൽ എടുത്തു തുടച്ചു. 

വില്ലേജിന്റെ പടിക്കൽ പൊതുജനങ്ങൾക്ക് ശല്യമായ  പക്ഷിക്കൂടുകൾ നിറഞ്ഞ ഈ മരം മുറിച്ചുമാറ്റണം എന്ന ഒപ്പുശേഖരത്തിൽ അയാളും  ഒപ്പുവെച്ചു.  



Sunday, 26 August 2018

പ്രവേശനമില്ല

മിനിക്കഥ
പുഴ കരകവിഞ്ഞൊഴുകിയതോടെ ഓരോരുത്തരായി കര വിട്ടൊഴിഞ്ഞു. വെള്ളം ആദ്യം മോട്ടോളവും പിന്നെ കഴുത്തോളവും ആരോടും ചോദിക്കാതെ തന്നെ വന്നു. 
സങ്കടങ്ങളും കൂട്ടക്കരച്ചിലുകളും കര കവിഞ്ഞൊഴുകി. വീടുകളും ആരാധനാലയങ്ങളും,
അന്യ മതസ്ഥർക്ക് പ്രവേശനം ഇല്ലെന്നെഴുതിയ ബോർഡ് കുത്തൊഴുക്കിൽ പെട്ടു.
സ്‌കൂൾ വരാന്തയിൽ എല്ലാവരും ഒരുമിച്ചിരുന്നു ചോറുണ്ടു. ഓണവും പെരുന്നാളും എല്ലാം കഴുകി വെളുപ്പിച്ചു പുഴ മെല്ലെ മെല്ലെ ഇറങ്ങിപ്പോയി. കോരിച്ചൊരിയുന്ന മഴയും കൂടെ പോയി. കണ്ണീർമഴ പിന്നേം പെയ്തുകൊണ്ടിരുന്നു.
ഇക്കാലമത്രയും പുഴയിലേക്ക് പുഴയിലേക്ക് വലിച്ചെറിഞ്ഞ ബാക്കിയായ മാലിന്യങ്ങൾ അഴുകാൻ സമ്മതിക്കാതെ വെള്ളത്തോട് സമരം ചെയ്തത് വെറുതെയായില്ല. അവ മുഴുവൻ പാലത്തിൽ തങ്ങി കിടന്നു. ഉപയോഗശേഷം പുഴയിലേക്കെറിഞ്ഞത് മുഴുവൻ പുഴ തിരിച്ചു നൽകി, സൂക്ഷിതത്രയും ചോദിക്കാതെ തന്നേ പുഴയെടുത്തു. ആണിയടിച്ചു നിർത്തിയ
അന്യമതസ്ഥർക്ക് പ്രവേശനം ഇല്ലെന്ന ബോർഡ് പുഴയും എടുത്തില്ല. മാലിന്യങ്ങൾക്കൊപ്പം പാലത്തിൽ തങ്ങികിടന്നു.
*********

Wednesday, 1 August 2018

വിശുദ്ധ വിലക്കുകൾ മറികടക്കുന്ന പ്രണയം

സിനിമാ ലേഖനം


സിനിമ.         വൂംബ്  (Womb), (ഹംഗറി) 
സംവിധാനം. Benedek Fliegauf





"അപകടത്തിൽ മരിച്ച കാമുകനെ  ക്ലോൺ  ചെയ്തു ഗർഭം ധരിച്ചു  വീണ്ടും ജനിപ്പിക്കുന്നതതിനു  വേണ്ടി  കാത്തിരിക്കുന്ന കാമുകിയുടെ കഥയാണ്  സിനിമ. ടോമിനെ ഗർഭംധരിച്ചു റബേക്ക പ്രസവിക്കുന്നു". 


പ്രണയം ആണ് ഏറ്റവും തീക്ഷ്ണമായ വികാരമെന്ന്  തെളിയിക്കുകയും  ചിലപ്പോഴൊക്കെ  നമ്മെ അന്ധാളിപ്പിക്കുകയും ചെയ്യുന്ന വിഷയമാണ് ഗർഭപാത്രം   എന്ന് അർത്ഥംവരുന്ന  ‘വൂംബ്എന്ന ഹംഗേറിയൻ  സിനിമയിൽ   ഉള്ളത്. എന്തുകൊണ്ടും സിനിമ  വ്യത്യസ്തം   തന്നെ .ഇതൊരു പ്രണയകഥ  മാത്രമല്ല കലാപരമായി സയൻസിനെ  എങ്ങനെ കൃത്യമായി ഉപയോഗിക്കാം എന്ന് കൂടി പറഞ്ഞു തരുന്നു.
ഒരു വിഷയം എങ്ങനെ സാമൂഹിക ഇടപെടലിലേക്ക് ഇഴകിച്ചേരാം,  അതൊരു സംവാദമാക്കാം,  ഇങ്ങനെയും ചിന്തിക്കാം എന്ന് ഒരു നാമ്പ് സിനിമയോർമ്മിപ്പിക്കുന്നുണ്ട്.

റെബേക്കടോമി എന്നീ രണ്ട് കുട്ടികൾ തമ്മിലുള്ള പ്രണയകഥയാണ് സിനിമയിൽ പറയുന്നത് എങ്കിലും  നാം കണ്ടു ശീലിച്ച പ്രണയ കഥയുടെ ശ്രേണിയിൽ ഇതിനെ ഉൾപ്പെടുത്താനാവില്ല. റബേക്ക അമ്മോയോടൊപ്പം ജപ്പാനിലേക്ക് പോകുന്നത്തോടെ റബേക്കയും ടോമും കണ്ടുമുട്ടാൻ സാധിക്കാത്തവിധം അകലെയാകുന്നു, എന്നാൽ രണ്ടുപേരുടെയും ഉള്ളിൽ കിളിർത്ത പ്രണയം അതെ പച്ചപ്പോടെ വീണ്ടും പന്ത്രണ്ട് വർഷത്തിനു ശേഷം കാണുമ്പോളും നിലനിൽക്കുന്നുടോം അപ്പോഴേക്കും ഒരു രാഷ്ട്രീയ പ്രവർത്തകൻ ആയി മാറി, അതും ക്ളോണിങ് വഴി കൃത്രിമമായി സൃഷ്ടിച്ച മൃഗങ്ങളെ ഉൾപ്പെടുത്തി ഒരു പാർക്ക് നിർമ്മിക്കാൻ ഒരുങ്ങുന്ന ബയോടെക് കമ്പനിക്കെതിരെ സമരമുഖത്താണ് ടോം.

റബേക്ക കംപ്യൂട്ടർ സോഫ്റ്റ് വെയർ പ്രോഗ്രാമറും. തുടർന്ന് സംഭവിക്കുന്നത്    ചിലപ്പോൾ നമ്മുടെ സദാചാര വിചാരങ്ങളെയും ചോദ്യം ചെയ്തേക്കാം. വിശുദ്ധ വിലക്കുകളെ മറികടന്നുള്ള   സയൻസ് അതിന്റെ മുന്നേറ്റങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ നേടിയെടുത്ത വ്യത്യസ്തമായ ഒരു ബന്ധത്തിന്റെ കഥയാണ്   വൂമ്പ് എന്ന സിനിമയിലൂടെ നാം കാണുന്നത് .    ക്ളോണിംഗ് എന്ന വിപ്ലവകരമായ കണ്ടുപിടുത്തം ജീവശാസ്താപരമായ വലിയ ചിന്തകൾക്കും ഒപ്പം ഇതുപോലുള്ള കലാ സൃഷ്ടികൾക്കും കാരണമാകുന്നു. തന്നെ ജീവനു തുല്യം സ്നേഹിക്കുന്ന കാമുകൻ ഒരു ദിവസം അപ്രതീക്ഷിതമായി അപകടത്തിൽ മരണപ്പെട്ടാൽ ഏതൊരു കാമുകിയും അവരുടെ ജീവൻ വരെ കാമുകന് നല്കാൻ തയ്യാറാകും . അത്തരത്തിൽ നിരവധി പ്രണയ സിനിമകൾ നാം കണ്ടിട്ടുണ്ട്. എന്നാൽ ഇവിടെ അവൾ ചെയ്യുന്നത് അതല്ല. അപകടത്തിൽ മരിച്ച കാമുകനെ ക്ലോൺ ചെയ്തു ഗർഭം ധരിച്ചു വീണ്ടും ജനിപ്പിക്കുന്നതതിനു വേണ്ടി കാത്തിരിക്കുന്ന കാമുകിയുടെ കഥയാണ് സിനിമ. ടോമിനെ ഗർഭംധരിച്ചു റബേക്ക പ്രസവിക്കുന്നു.തന്റെ ഉദരത്തിൽ കാമുകൻ ഭ്രൂണമായി വളരുന്നു എന്ന യാഥാർഥ്യം  , ഇതുണ്ടാക്കുന്ന സാമൂഹിക പ്രശ്നങ്ങൾ സദാചാര വിചാരങ്ങളിലൂടെ ഒക്കെ സമർത്ഥമായി സിനിമ കടന്നുപോകുന്നു.

ടോം ഒരു പൂർണ്ണ യുവാവ് ആകുന്നതോടെ തന്റേതായ ചിയ വ്യക്തിത്വ സ്വഭാവങ്ങൾ പ്രകടമാകുന്നു, റബേക്കയുടെ മുതിർന്ന പുത്രൻ എന്നാൽ ടോം എന്ന കാമുകനും അങ്കലാപ്പിലൂടെ സമർത്ഥമായി സിനിമ കൊണ്ടുപോകുന്നു. നാം സ്വീകരിച്ചുപോരുന്ന സദാചാര്യ മൂല്യങ്ങളെ വ് വെല്ലുവിളിക്കുന്ന രീതിയിൽ റബേക്കയും ടോമും ഉണ്ടാകുന്ന ലൈംഗിക ബന്ധം ഏവരെയും അത്ഭുതപ്പെടുത്തും.   പുരുവരസിന്റെ യുവത്വം വാങ്ങി വരുന്ന യയാതിയെ കണ്ടു വരുന്നത് മകനോ അമ്മയോ എന്ന് അങ്കലാപ്പിലാകുന്ന ശർമിഷ്ഠയെ എൻ എസ് മാധവൻ കഥയാക്കിയിട്ടുണ്ട്. ടോമിന്റെ  ഡി എൻ വഴി റബേക്ക ഗർഭിണിയാകുമ്പോൾ തന്നിൽ വളരുന്നത്പത്തു മാസത്തിൽ    പ്രസവിക്കുന്ന കുഞ്ഞിനെ കാമുകനോ മകനോ ആയി കാണാൻ സാധിക്കുക എന്ന അങ്കലാപ്പ് കാതിരിപ്പിൽ നമ്മെ എത്തിക്കും.. ഇവ ഗ്രീനിന്റെ മികച്ച അഭിനയം നമ്മെ അത്ഭുതപ്പെടുത്തും, റബേക്കയാകാൻ കുറച്ചു ധൈര്യം വേണം…. കാമുകനെ ഗര്ഭം ധരിച്ചു കത്തിരിക്കുന്ന റബേക്കയായി ഇവ ഗ്രീൻ നന്നായി കഥാപാത്രത്തെ ഉൾക്കൊണ്ട് ചെയ്തു.

ടോം ആയി മാറ്റ് സ്മിത്തും മത്സരിച്ചു അഭിനയിച്ചുഈഡിപ്പസ് കോംപ്ലസ് വിഷയമാക്കി ധാരാളം സിനിമകൾ വന്നിട്ടുണ്ട് എന്നാൽ ഇത് മറ്റൊരു തലം നമുക്ക് മുന്നിൽ തുറന്നു വെക്കുന്നു. ഗർഭപാത്രം എന്ന സിനിമാ എന്തുകൊണ്ടും വ്യെത്യസ്ഥം തന്നേ. പ്രണയം നൽകുന്ന വ്യത്യസ്തമായ ഒരനുഭവം ആണ് സിനിമ ലിസ്ലി മാൻവില്ല, പീറ്റർ വൈറ്റ്,ഹന്നാ മുറെ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ബെനഡിക് ഫ്ലിംഗാഫിന്റെ  2009 ഇറങ്ങിയ ചിത്രം വിവിധ ചലചിത്രമേളകളിലെ ശ്രദ്ധേയമായ ചിത്രമായിരുന്നു ഇന്നും ചിത്രം ചർച്ചാവിഷയമാണ്

                                        ************************************

http://myimpressio.com/       
myimpressio എന്ന വെബ് മാഗസിനിൽ 2018 ജൂൺ 15നു പ്രസിദ്ധീകരിച്ചത്   

http://myimpressio.com/%E0%B4%B5%E0%B4%BF%E0%B4%B6%E0%B5%81%E0%B4%A6%E0%B5%8D%E0%B4%A7-%E0%B4%B5%E0%B4%BF%E0%B4%B2%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%95%E0%B5%BE-%E0%B4%AE%E0%B4%B1%E0%B4%BF%E0%B4%95%E0%B4%9F%E0%B4%95/





Friday, 1 June 2018

മുണ്ടൂര്‍ കൃഷ്ണന്‍കുട്ടി: മറക്കാന്‍ പാടില്ലാത്ത കഥകളുടെ കഥാകാരന്‍

ഓർമ്മക്കുറിപ്പ് 

അധികംശബ്ദഘോഷങ്ങളില്ലാതെമലയാള കഥാലോകത്ത് നിറഞ്ഞ സാന്നിധ്യമായിരുന്നു മുണ്ടൂര്‍ കൃഷ്ണന്‍കുട്ടി.പ്രത്യാശാപൂര്‍ണ്ണമായ ചിരിയോടെ കഥകളെഴുതി നമുക്കൊപ്പം നമ്മളറിയാതെ നമ്മുടെ കഥകളെന്നപോലെ മൂന്നാമതൊരാളായി കൂടെ നടന്നുകൊണ്ടിരുന്നു. തന്‍റെ എഴുത്തിനെ പറ്റി മുണ്ടൂര് മാഷ്‌ തന്നെ പറഞ്ഞത് ഇങ്ങനെയാണ് “ഞാന്‍ എന്നില്‍നിന്നും വളരെ ദൂരെയാണ് എപ്പോഴും. അതുമൂലം പലപ്പോഴും എനിക്ക് എന്നെത്തന്നെ മനസിലാകാതെ പോകുന്നു. ഈ മനസില്ലായ്മയിലിരുന്ന് ഞാന്‍ എന്നെ മനസിലാക്കാന്‍ പെടുന്ന പാടാണ് എന്‍റെ എഴുത്ത്” കഥയെ മനസിലേറ്റുന്നവര്‍ക്കൊന്നും ഈ എഴുത്തുകാരനെ മറക്കാനാകില്ല. ലോക കഥകള്‍ക്കൊപ്പം വെക്കാന്‍ ‘മൂന്നാമതൊരാള്‍’ എന്ന ഒറ്റ കഥ മതി.ലോകത്തെ മികച്ച പത്തുകഥകളിലോന്നായായാണ് ടി. പത്മനാഭന്‍ ഈ കഥയെ ഉള്‍പ്പെടുത്തിയിരികുന്നത്. വായിച്ചു കഴിഞ്ഞാല്‍ നമ്മെ പിന്തുടരുന്ന ഒരു കഥയാണ് മൂന്നാമതൊരാള്‍. 

“ഞാന്‍ പഴയപോലെ പത്തായപുരയിലേക്ക്‌ പോയി.
പുരാതനമായൊരു മണം അവിടെ നിറഞ്ഞു നിന്നിരുന്നു. മാറാല കെട്ടിയ തട്ടില്‍ കാലം തല കീഴായി തൂങ്ങികിടന്നു. 
ഒരു കടവാതില്‍ ഞെട്ടിയുണര്‍ന്നു. അത് മുറിയില്‍ തലങ്ങും വിലങ്ങും പറന്നു. പിന്നെ കിളിവാതിലിലൂടെ രക്ഷപെട്ടു.
ഇപ്പോള്‍ ഈ വലിയ പുരയില്‍ ഈ മുറിയില്‍ ഞാന്‍ മാത്രം. കഴിഞ്ഞ വര്‍ഷം ഇതുപോലൊരു രാത്രിയില്‍ ഈ മുറി തുറക്കുമ്പോള്‍ എന്‍റെ കൂടെ മറ്റൊരാളുണ്ടായിരുന്നു.” 
ഇതുപോലൊരു മറ്റൊരാള്‍ എന്നും നമുക്ക് പിന്നിലൂടെ നടന്നു വരുന്നുണ്ടാകാം മൂന്നാമതൊരാള്‍ എന്ന കഥ ഈ എല്ലാ പ്രത്യക്ഷങ്ങള്‍ക്കുമിടയില്‍മനസിന്റെ വ്യഥകളെ അതിജീവിക്കാനുള്ള അന്വേഷണമാണ് ഈ കഥ.

നിറപകിട്ടാര്‍ന്ന ജീവിതത്തിലൂടെ മാത്രമല്ല നിറം വറ്റിയ ലോകത്തെ വരച്ചുകാട്ടാനും അവിടുറെ ശബ്ദങ്ങള്‍ക്ക് സസൂഷ്മം കാതോര്‍ക്കാനും കഥാകാരന് ആകുന്നുണ്ട്, ചിലപ്പോള്‍ സ്വപ്നങ്ങളില്‍ നിന്നും തുടങ്ങുന്ന കഥകള്‍ ജീവിതത്തിന്‍റെ നേര്‍കാഴ്ച്ചകളായ് മാറുന്നു. കഥാപാത്രങ്ങളുടെമനസുകളിലൂടെ വായനക്കാരന് സഞ്ചരിക്കാനാവുന്നു അത്തരത്തില്‍ ഒരു കഥയാണ് ‘അവശേഷിപ്പിന്റെ പക്ഷി’ 

"സ്വപ്നങ്ങളുടെ ശാപകുരുക്കിൽ നിന്നും വിടുതൽ കിട്ടുമ്പോഴേക്ക് രാവ് തീർന്നിരിക്കുന്നു" അവശേഷിപ്പിന്റെ പക്ഷി എന്ന കഥ തുടങ്ങുന്നത് ഇങ്ങനെയാണ് ജീവിത യാഥാർഥ്യങ്ങളും സ്വപ്നങ്ങളും ഇഴ ചേർന്നൊരു കഥ. ലിസിയുടെ ജീവിതത്തിലേക്ക് കടന്നു വരുന്ന വില്യം സ്വപ്നമോ യാതാര്‍ത്ഥ്യമോ എന്ന അങ്കലാപ്പിൽ എത്തിക്കുന്ന കഥ. "ലിസ്സി, നീതാഴേക്ക് കിടപ്പ് മാറ്റിയതോടെയാണ് എനിക്ക്, ഞാൻ പാപിയെന്നു പറഞ്ഞാൽ പോര കുറ്റക്കാരനാണ് എന്ന് തോന്നിതുടങ്ങിയത്. നാം ജനിക്കുമ്പോഴേ പാപികളാണല്ലോ. നമ്മൾ ഒന്നിച്ചു കാസറ്റ് കണ്ടതും പിന്നെ ഞാൻ നിന്റെ മുറിയിൽ വന്നതും പിന്നെ ഞാൻ തിരിച്ചുപോരുമ്പോൾ നീ എന്റെ കൈ പിടിച്ചു ഏങ്ങി പറഞ്ഞതുമെല്ലാം എന്റെ സ്വപ്നങ്ങളായാണ് ഞാൻ കരുതിയത്. നിനക്ക് പങ്കില്ലാത്ത സ്വപ്നങ്ങള്." ബന്ധങ്ങളിലെ ആത്മാര്ഥതകളെ അളക്കുന്ന മനഃശാസ്ത്രപരമായ ഒരു സമീപനം ആണ് ഈ കഥ.കഥയുടെ അവസാനം അവൾ ചോദിക്കുന്നുണ്ട്\"ഇപ്പോൾ പറയൂ കരുണേ, ഏതാ സ്വപ്നം ഏതാ പരമാർത്ഥം?\"വായനക്കാരെയും ഇത്തരത്തില്‍ ചിന്തിപ്പിക്കും ഈ കഥ. 

‘നിലാപിശുക്കുള്ള ഒരു രാത്രിയിൽ’ മുണ്ടൂര് മാഷിന്റെ മികച്ച സാമൂഹിക വിമർശനകഥകളില്‍ ഒന്നാണിത്. രാത്രി വീട്ടുവളപ്പിലെ ചന്ദന മരം മോഷ്ടിക്കാൻ വരുന്ന രണ്ടു കള്ളന്മാരും അതു നോക്കി നിൽക്കുന്ന നിസംഗനായ ഗൃഹനാഥനും കുടുംബവും ആണ് കഥയുടെ പശ്ചാത്തലം. മധ്യവർഗതിന്റെ നിസംഗതയും സാമൂഹ്യ വിഷയങ്ങളിൽ നിന്നും തെന്നി മാറി തന്നിലേക്ക് ചുരുങ്ങുന്നു കുടുംബ വ്യവസ്ഥിതിയും. കഥയിൽ വ്യക്തം, കഥയുടെആഖ്യാനരീതി ശ്രദ്ധേയമാണ്. ചന്ദനംമുറിക്കുന്നത്കണ്ടുനില്‍ക്കുന്ന ഗൃഹനാഥനും കുടുംബവും “നീ എന്താ കാവിലെ ഉത്സവം കാണുമ്പോലെ ഒരേ നില്‍പ്പ്?” എന്ന് ചോദിക്കുന്നുണ്ട് തൊട്ടടുത്ത ചന്ദന ഫാക്ടറി തുറന്നത് തന്നെ ഇവിടെയുള്ള "വീട്ടുവളപ്പുകളില്‍ വളരുന്ന ചന്ദനം കണ്ടാണെന്ന് ഇടക്ക് ഗൃഹനാഥന്‍ പറയുന്നുണ്ട്  അവിടെ ഫാക്ടറി രാത്രിയെ തുറക്കൂ എന്ന് കേട്ടിട്ടുണ്ട് ബകന്‍റെ വിശപ്പുള്ള ഒരു യന്ത്രമാണ് അവിടെ ഉള്ളത് ചവയ്ക്കാന്‍ വല്ലതും കിട്ടുമോ എന്ന് നോക്കികൊണ്ട്‌ യന്ത്രം വായും പൊളിച്ചുള്ള നില്‍പ്പാണത്രേ. അപ്പോഴാണ് നമ്മുടെ ചന്ദനമരം എത്തിച്ചേര്‍ന്നത്. വന്നപാടെ അത് യന്ത്രത്തിന്റെ വായിലേക്ക് നീങ്ങിപോയി. ഒരു തുരങ്കം പോലെയായിരുന്നു വായ. അവസാനത്തെ ഏറ്റുകാരനും വായിലേക്ക് വീണുകഴിഞ്ഞു. ഒടുക്കംതോളു കാട്ടേണ്ടി വരുന്നവന്റെ ദുരന്തമാണത്.” ചന്ദന ഫാക്ടറി ഇവിടെ ഒരു പ്രതീകമാണ്‌. സമൂഹത്തില്‍ നടന്നുവരുന്ന അവസ്ഥകളെ ഗൃഹനാഥന്‍റെ കാഴ്ചകളിലൂടെ സമൂഹത്തിന്‍റെ നിസംഗത ഒരുകുടുംബത്തിലൂടെയും കാണിക്കുന്നു “നിനക്ക്ചന്ദനഫാക്ടറിയെ കുറിച്ച് വല്ലതും അറിയാമോ? ആ വരണ്ടുവിള്ളുന്ന പ്രദേശത്ത് ഇത്രയേറെ ചന്ദന ഫാക്ടറികള്‍ എന്തിനാണ് തുറന്നിട്ടുള്ളത്? മരത്തടികള്‍ ചവച്ച് ചവച്ച് ഉണ്ടാക്കുന്ന ചാറാണോ തൈലമാക്കുന്നത്? ഇവിടെയുണ്ടാക്കുന്ന ചന്ദനതൈലം വിശേഷാണെന്ന് നീയും കേട്ടിട്ടുണ്ടോ? ചന്ദനത്തടിയോടൊപ്പം മനുഷ്യത്തടിയും ചവച്ചുചേര്‍ക്കുമ്പോഴാണ് തൈലത്തിന് വിശേഷപ്പെട്ട മണം കിട്ടുന്നത്” കഥയില്‍ പ്രതികരണ ശേഷിഇല്ലാത്ത ഒരു സമൂഹത്തെ കുടുംബത്തിലൂടെ കാണിക്കുന്നു. എന്നാല്‍ എല്ലാം ഗാലറിയില്‍ ഇരുന്നു കാണുന്ന കാഴ്ച്ചക്കാരും കൂടിയാണ് കഥയുടെ അവസാനം ആ നിസംഗത നിസ്സാഹയാവസ്ഥയായി മാറുകയാണ്‌. മകന്‍റെ കരച്ചില്‍ തിരിച്ചറിയാനാവാതെ നില്‍ക്കേണ്ടി വരുന്ന അവസ്ഥ “നാം അവനെ ഇന്നോളം കരായിപ്പിക്കാത്തത് തെറ്റായെന്നേ പറയേണ്ടു. നമുക്ക് അവന്റെ കരച്ചില്‍ പോലും അതുമൂലം തിരിച്ചറിയാന്‍ വയ്യാതെയായി” കഥ സാമൂഹിക വിമര്‍ശനം കൂടിയാകുമ്പോള്‍ഇത്തരം കരച്ചിലുകള്‍ തിരിച്ചറിയാതാകുന്ന അവസ്ഥ തുറന്നു കാട്ടുന്നതാകുകയാണ് കഥയുടെ ദൗത്യം. 

മുണ്ടൂര് മാഷിന്‍റെ കഥകളെ പറ്റി കെ.ഇ.എന്‍ പറഞ്ഞത് ഏറെ പ്രസക്തമാണ്“വിരുദ്ധ ബോധത്തിന്റെ ഇരുണ്ട വഴികളിലൂടെ കണ്ണീരുപ്പിലും മധുരം നുണഞ്ഞ് നിലവിളികള്‍ക്കിടയിലെ ചിരിയറിയിച്ച്, നിരാശ നിറയുമ്പോഴും നിറം കെടാത്ത പ്രത്യാശയുടെ കാവലായി നാളെയും മലയാളം മുണ്ടൂര്‍ കൃതികളെ ഓര്‍ക്കും” അവശേഷിപ്പിന്റെ പക്ഷി എന്ന കഥയില്‍ കെ.ഇ.എന്‍ തന്നെ കഥാപാത്രമായി വരുന്നുണ്ട്. സമഗ്രമായ ജീവിതത്തിന്റെ പോരാട്ടഭൂമികയെ തന്‍റെതായ ശൈലിയില്‍ വാരച്ചിടാന്‍ മുണ്ടൂര്‍ മാഷിനായി. 

സര്‍പ്പം എന്ന ചെറിയ കഥയെ മാത്രം എടുത്തു നോക്കിയാല്‍ മതി എത്ര സൂക്ഷ്മമായാണ് അതിന്‍റെ ആഖ്യാനവും അതില്‍ പറഞ്ഞിരിക്കുന്ന വിഷയവും. അന്നും ഇന്നും പെണ്ണ് എവിടെയും ഒരു നേരിടേണ്ടി വരുന്ന സാഹചര്യത്തെ എത്ര കഥയില്‍ ഭംഗിയായി അവതരിപ്പിക്കുന്നു. ഇന്റര്‍വ്യൂന് പ്രിസിപ്പല്‍ അവളോട്‌ മാര്‍ലൊവിന്റെ നാടകങ്ങളെ കുറിച്ച് ചോദിച്ചപ്പോള്‍ തന്നെ അവള്‍ക്ക് മനസിലായി ജോലി കിട്ടും എന്നുറപ്പില്ല എന്ന്.തിരിച്ചു കാറില്‍ പോകുമ്പോള്‍ അച്ഛന്‍റെ ഉള്ളില്‍ അരിച്ചുകേറിയ സംശയം അവളില്‍ പറയാതെ പറയുന്നുണ്ട്. 
“ഒരുപക്ഷേ തനിക്കു കിട്ടിയെക്കുമോ ഈ ജോലി എന്നായിരിക്കുമോ അച്ഛന്റെ വിഷമം? 
വരണ്ട പറമ്പുകളുടെ മധ്യത്തിലൂടെ നീണ്ടുപോകുന്ന കറുത്ത പാതയിലേക്ക് നോക്കി അവള്‍ അച്ഛന്റെ അരികില്‍ മിണ്ടാതിരുന്നു. ഈജിപ്തിലെ മണല്പരപുകളെ മുറിച്ച് ഒഴുകിപ്പോവുന്ന നൈല്‍നദി അവളുടെ മനസിലേക്ക് അപ്പോള്‍ കടന്നുവന്നു. 
ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന കാലം മുതല്‍ അവള്‍ അവളെ കണ്ടെത്തുകയായിരുന്നു. 
അച്ഛനും അവളെ കണ്ടെതിയിരിക്കുമോ? 
നേരിയദുഃഖത്തോടെ അവള്‍ ആ നല്ല കോളേജിനെക്കുറിച്ചും അവിടെയുള്ള ഒഴിവിനെക്കുറിച്ചും ഓര്‍ത്തു. 
ട്രോജന്‍യുദ്ധത്തെക്കുറിച്ചും അവള്‍ ഓര്‍ത്തുപോയി” 

സര്‍പ്പം എത്ര അര്‍ത്ഥവത്തായ തലക്കെട്ട്, സമൂഹത്തില്‍ എവിടെയും സര്‍പ്പം പ്രത്യക്ഷപ്പെടാതെ തന്നെ ആ ചീറ്റല്‍ വ്യക്തം. 

മലയാളത്തിലെ തന്നെ മികച്ച കഥകളില്‍ ഒന്നാണ് ‘ആശ്വാസത്തിന്‍റെ മന്ത്രച്ചരട്’ എത്ര സുന്ദരമായാണ് ആലീസിന്റെയും അച്ചുതന്‍കുട്ടിയുടെയും സൌഹൃദത്തെ വരച്ചുകാട്ടിയിരിക്കുന്നത്. കഥയുടെഒതുക്കം നമ്മെ അത്ഭുതപ്പെടുത്തും ഒരു നല്ലകഥയിതാ എന്ന് കാണിക്കാന്‍ പാകത്തില്‍ ഉള്ള കഥയാണ് ഇത്. മുണ്ടൂര്‍ കൃഷ്ണന്‍കുട്ടി തന്‍റെ തൂലികയില്‍ കുറിച്ചിട്ട കഥകളുടെ വഴികള്‍ ഈ കുറഞ്ഞ വാക്കുകളില്‍ തീര്‍ക്കാവുന്നതല്ല.കഥപറച്ചിലില്‍ മൂന്നാമതൊരാള്‍,നിലാപിശുക്കുള്ള ഒരു രാത്രിയിൽ, അവശേഷിപ്പിന്റെ പക്ഷി,എന്നെ വെറുതെ വിട്ടാലും, അമ്മയ്ക്ക് വേണ്ടി, ആരോ പിന്നിലുണ്ട്, കഥാപുരുഷന്‍ എന്നിവയാണ് പ്രധാന കഥാ സമാഹാരങ്ങള്‍ ഏകാകി, മനസ്സ് എന്ന ഭാരം, മാതുവിന്റെ കൃഷ്ണപ്പരുന്ത് എന്നീ നോവലുകളും എഴുതിയിട്ടുണ്ട്. കഥയുടെ ലോകത്ത് മലയാളത്തിന്‍റെ എക്കാലത്തെയും യശസ്സ് തന്നയാണ് മുണ്ടൂര്‍ കൃഷ്ണന്‍കുട്ടി. നൂറിലധികംകഥകളില്‍ഒട്ടുമിക്കവയും നമ്മുടെ ജീവിതത്തോട് ചേര്‍ന്ന് നില്‍ക്കുന്ന കഥകളാണ്. ആകഥകളിലൂടെ സഞ്ചരിക്കുമ്പോള്‍ ലഭിക്കുന്ന ആര്‍ദ്രത വളരെ നന്നായി നമുക്കനുഭാവിക്കാനാവും. കഥയും ജീവിതവും ഒന്നാകുന്ന ജീവിതത്തിന്റെ വിവിധ തലങ്ങളെ കഥകള്‍ ധാരാളം. എവിടെയോ തോര്‍ന്നു തീരുന്ന മഴ, പെരുവഴിയിലെ വിശേഷങ്ങള്‍, ഒരു ലക്ഷണം കേട്ടോന്‍റെ വേദാന്തം, മറക്കാന്‍ പാടില്ലാത്ത ഒരു കഥ, മണ്ണില്‍ ആണ്ടുപോയിരുന്ന സത്യം, ദീനാനുകമ്പ, തോന്നലുകളുടെ രാജ്യഭാരം... ഇങ്ങനെഒട്ടനവധി കഥകള്‍ പറയാനുണ്ട്‌. ഹൃദയത്തിന്റെ വിശുദ്ധതതയില്‍ നിന്നും ജീവിതത്തിന്‍റെ അഗാതമായ ആഴങ്ങളിലേക്ക് ഇറങ്ങി ഇരുളും വെളിച്ചവും അടയാളപ്പെടുത്തുന്ന മികച്ചകഥകള്‍ സമ്മാനിച്ച മലയാളത്തിന്റെ എക്കാലത്തെയും നല്ല കഥാകാരനാണ് മുണ്ടൂര്‍ കൃഷ്ണന്‍കുട്ടി.

--


2005 ജൂണ്‍ 4ന് മുണ്ടൂര്‍ കൃഷ്ണന്‍കുട്ടി മാഷ്‌ നമ്മോടു യാത്രപറഞ്ഞു മലയാള സാഹിത്യത്തിനു എക്കാലത്തെയും മികച്ച കഥകള്‍  മാഷിന്‍റെ ദീപ്തമായ ഓര്‍മകള്‍ക്ക് മുന്നില്‍ പ്രണാമം