Tuesday, 17 January 2017

“ഭംഗാസ്വനജന്മം”


നാടകം



കഥാപാത്രങ്ങൾ- വേഷം 
ആശാൻ:- എഴുപതിനോട് അടുത്ത പ്രായം,  നരച്ചതാടിയും മുടിയും, കണ്ണടനീണ്ട കാദർ ജുബ്ബ, തുണി

റഷീദ് :- മുപ്പതിനോട് അടുത്ത പ്രായം സാധാരണ വേഷം

ജോസഫ്:- നാല്പതിനോട് അടുത്ത പ്രായം സാധാരണ വേഷം 

ഒന്നാമൻ,
രണ്ടാമൻ,
മൂന്നാമൻ :- മൂന്നുപേരും യുവാക്കൾ. സാധാരണ വേഷങ്ങൾ തലയിൽ കെട്ട്
ര്‍ട്ടന്‍ ഉയരുമ്പോള്‍ മങ്ങിയ വെളിച്ചം. സമയം രാത്രി എട്ടുമണി. പശ്ചാത്തലം ഒരു വായനശാലയുടെ ഉള്‍ഭാഗം. ചുറ്റും പുസ്തകങ്ങള്‍ നിറച്ച അലമാരകള്‍, മുറിയുടെ മദ്ധ്യഭാഗത്തായി മേശയും കസേരയും മേശയുടെ ഇടതു വശത്തായി ബെഞ്ചും ഡെസ്ക്കും, ഡസ്ക്കില്‍ പരന്നു കിടക്കുന്ന പത്രങ്ങള്‍, ആനുകാലികങ്ങള്‍. അകത്തേക്ക് തുറക്കാന്‍ പാകത്തില്‍ ഉള്ള വാതില്‍. ഒരു വശത്ത് അടഞ്ഞു കിടക്കുന്ന (തുറക്കാന്‍ പറ്റാവുന്ന) ജനല്‍. പാതി മാത്രം ഉള്ള കര്‍ട്ടന്‍ (അല്പം പഴകിയത്). അടഞ്ഞു കിടക്കുന്ന വാതില്‍. താഴേക്ക് തൂങ്ങി കിടക്കുന്ന ഇലക്ട്രിക് ബള്‍ബ്. പശ്ചാത്തലത്തിൽ നേര്‍ത്ത സംഗീതം.

ആശാന്‍:-ഓരൊറ്റയെണ്ണം പുസ്തകോം, പത്രോം അടക്കി വെക്കില്ല...”

വാതില്‍ തുറന്ന് ആശാന്‍ അകത്തേക്ക് കടക്കുന്നു മുറി ആകമാനം ഒന്ന് നോക്കുന്നു പരന്നു കിടക്കുന്ന പത്രങ്ങളും പുസ്തകങ്ങളും കണ്ട് അല്പം നീരസത്തോടെ മേശപ്പുറത്ത് കിടക്കുന്ന പുസ്തകങ്ങള്‍ ഒതുക്കി വെക്കുന്നു.(ആശാന്‍ പിറുപിറുക്കുന്നു). എല്ലാം ഒതുക്കിയത്തിനു ശേഷം കസേര വലിച്ചിട്ട് അതില്‍ ഇരിക്കുന്നു മേശ വലിപ്പില്‍ നിനും രജിസ്റ്റര്‍ ബുക്ക്‌ എടുത്ത് എന്തോ എഴുതുന്നു.
അകത്തേക്ക് റഷീദും ജോസഫും കടന്നു വരുന്നു.
റഷീദ്:- “ആശാനെ... ഇത്തവണ നമുക്ക് നാടകം ചെയ്യേണ്ടേ?  
റഷീദും ജോസഫും മേശക്കരികില്‍ ഉള്ള ബെഞ്ചില്‍ വന്നിരിക്കുന്നു.
ജോസഫ്:- ആശാനേ... റഷീദ് പറഞ്ഞതിലും കാര്യണ്ട്, ആ കലാസമിതികാര് ഒരുക്കങ്ങള്‍ തൊടങ്ങി. നമ്മടെ നാടകേതാന്നാ അവര്ടെ ഒക്കെ നോട്ടം.
ആശാന്‍:- ഒരെണ്ണം മനസീകെടന്ന് പിടയുന്നുണ്ട്
റഷീദ്:- അപ്പൊ എഴുതിയിട്ടില്ലേ?...
ജോസഫ്:- അതൊക്കെ ആശാന്‍ വിചാരിച്ചാ ഒറ്റ ദിവസം മതി.!
റഷീദ്:- പക്ഷെ വിചാരിക്കണം.
ആശാന്‍:- കലാസമിതിക്കാര് തുടങ്ങട്ടെ. ഇത്തവണ നമുക്കൊരു പുതിയ നാടകം ചെയ്യാം!
ജോസഫ്:- ഏതാ നാടകം ആശാനെ. നാടകത്തിന്‍റെ പേര്?
ആശാന്‍:- പേരൊന്നും ഇട്ടിട്ടില്ല, അല്ലെങ്കിലും പേരിലൊക്കെ എന്തിരിക്കുന്നു. അതും മഹാഭാരത്തീന്ന് ആകുമ്പോള്‍!
റഷീദ്:- മഹാഭാരതത്തീന്നോ, അപ്പൊ പുരാണ നാടകമാണോ?
ആശാന്‍ ചിരിക്കുന്നു കസേരയില്‍ നിന്നെഴുന്നേറ്റ്‌ പുസ്തകങ്ങള്‍ വെച്ച അലമാരയില്‍ പുസ്തകങ്ങള്‍ തിരയുന്നു.
ജോസഫ്:- ആശാനെ ഈ മഹാഭാരതമൊക്കെ കൈകാര്യം ചെയ്യുമ്പോ സൂക്ഷിക്കേണ്ടേ, ഇതൊക്കെ എടുത്ത് കളിക്കാന്‍ പേടിയില്ലേ?
ആശാന്‍:- ഹ.. ഹ... എന്തിനു പേടിക്കണം, കടന്നല്‍ കൂട് കെട്ടിയ മരങ്ങള്‍ കണ്ട് തേനെടുക്കാന്‍ വരുന്ന വേടന്മാര്‍ ഭയന്ന് പിന്മാറാറുണ്ടോ? അതുപോലെയാ നമ്മള്‍ നാടകപ്രവര്‍ത്തകര്‍!
ജോസഫ്:- ഒന്ന് പറ ആശാനെ. മഹാഭാരതത്തില്‍ ഏതുഭാഗം? ഏതു കഥാപാത്രത്തെ പറ്റി?
ആശാന്‍:- മഹാഭാരതക്ഷീരപഥത്തില്‍ ആരും ശ്രദ്ധിക്കുന്ന പ്രമുഖ കഥാപാത്രങ്ങള്‍ ഉണ്ടെങ്കിലും ഏതോ വളവിലും തിരിവിലും ഒട്ടൊന്ന് ശ്രദ്ധിക്കാതെ എന്നാല്‍ പ്രാധാന്യമുള്ള ചില കഥാപാത്രങ്ങള്ണ്ട്.

റഷീദ് ഒരഭിനേതാവിനെപോലെ മുറിയുടെ മധ്യഭാഗത്തേക്ക് വരുന്നു നാടകീയത കലര്‍ന്നരീതിയില്‍ കൈകള്‍കൊണ്ട് ആംഗ്യങ്ങള്‍ കാണിച്ച്

റഷീദ്:- സൂര്യപുത്രനായിട്ടും സൂതപുത്രനായി ജീവിക്കാന്‍ വിധിക്കപ്പെട്ടവന്‍, പാണ്ഡവജേഷ്ഠനാണെങ്കിലും കൌരവപക്ഷത്ത് നില്‍ക്കെണ്ടിവന്നവന്‍, സ്വന്തം സഹോദരനെതിരെ ശത്രുപക്ഷത്ത് നിന്ന് യുദ്ധം നയിക്കേണ്ടിവന്ന നിര്‍ഭാഗ്യവാന്‍, യോഗ്യത ഉണ്ടായിട്ടും അംഗരാജപദവി ദാനമായി വാങ്ങേണ്ടിവന്ന ദാനവ്രതന്‍. അതെ കര്‍ണ്ണനല്ലേ ആശാനേ ആ കഥാപാത്രം.
ആശാന്‍ ഒരു ചെറുപുഞ്ചിരി ചുണ്ടില്‍ ഒളിപ്പിച്ച് അല്ലെന്ന് തലയാട്ടുന്നു.റഷീദ് അതെ രീതിയില്‍ തന്നെ
റഷീദ്:- എന്നാല്‍ ഗുരുവിന് വിരല്‍ ദക്ഷിണയായി നല്‍കിയ ഏകലവ്യന്‍?
ആശാന്‍ രണ്ടുപേരുടെയും മുഖത്തേക്ക് മാറിമാറി നോക്കുന്നു. എന്നിട്ട് അതുമല്ലെന്ന് തലയാട്ടുന്നു.
ജോസഫ്:- എന്നാ ഞാന്‍ പറയാം, പത്മവ്യൂഹത്തിലകപെട്ട അഭിമന്യൂ?
ആശാന്‍:- അല്ല
റഷീദ്:- അതുമല്ലേ? ഇനി യയാതി ആകുമോ? അല്ലെങ്കില്‍ യൌവ്വനം അച്ഛനു ദാനം നല്‍കിയ പുരുവരസ്? ഇവര്‍ക്കിടയില്‍ അമ്മയോ ഭാര്യയോ എന്നറിയാതെ പിടയുന്ന ശര്‍മിഷ്ഠ?
ആശാന്‍:- യയാതിയൊക്കെ വിഎസ് ഖണ്ടേക്കര്‍ നമുക്ക് മുന്നിലേക്ക് ഒരു ലോകത്തെ തന്നെ തുറന്നു തന്നതല്ലേ. അതില്പരം പിന്നെ നമുക്കെന്ത് ചെയ്യാനാകും. മഹാഭാരതം കടല് പോലെ പറന്നു കിടക്കുകയല്ലേ! ഏതു തീരത്തടുത്താലും ഒരു പുതുലോകം കാണാം.
റഷീദും ജോസഫും ചിന്തിച്ചുകൊണ്ട് ഇരിക്കുന്നു. ആശാന്‍ പുസ്തകങ്ങള്‍ക്കിടയില്‍നിന്നും മഹാഭാരതം എടുക്കുന്നു. സ്റ്റേജില്‍ വെളിച്ചം കുറയുന്നു. പിന്നില്‍ നിന്നും ചെറിയ ശബ്ദത്തില്‍ മഹാഭാരത വായന, കേള്‍ക്കുന്നു മങ്ങിയ വെളിച്ചം മൂവരുടെയും മുഖത്ത് പതിയുന്നു. ആശാന്‍ അല്പം മുന്നോട്ട് വന്നുനിന്ന്
ആശാന്‍:- “യദിഹാസ്തി തദന്യത്ര, യന്നേഹാസ്തി ന കുത്രച്ചില്‍”
വെളിച്ചം തെളിയുന്നു. രണ്ടുപേരും അത്ഭുതത്തോടെ ആശാന്റെ മുഖത്തേക് നോക്കുന്നു.
ആശാന്‍:- ഇവിടെയുള്ളത് മറ്റു പലയിടത്തും ഉണ്ടായിരിക്കും, എന്നാല്‍ ഇവിടെ ഇല്ലാത്തത് മറ്റെങ്ങും ഉണ്ടാകില്ല. അതാണ്‌ മഹാഭാരതം.
രണ്ടുപേരും മുഖത്തോട് മുഖം നോക്കുന്നു.
റഷീദ്:- ആശാനെ ഞാനൊരു സംശയം ചോദിച്ചോട്ടെ.
ആശാന്‍:- ഉം.
റഷീദ്:- ഈ പുരാണകഥ ഏശുമോ? ഇതിന്റെ സമകാലിക പ്രസക്തി ചോദ്യം ചെയ്യപ്പെടില്ലേ?

ആശാന്‍:- ഹ ഹ ഹ ... നമ്മടെ മിത്തുകളൊന്നും അത്രമോശമല്ല, അതൊക്കെ തിളക്കമുള്ളവയാ, പുരാണഇതിഹാസങ്ങളുടെ ആഴത്തെ അളക്കാന്‍ നമുക്കിന്നും ആയിട്ടില്ല.
ജോസഫ്:- ഈ ആസുരകാലത്ത്?
ആശാന്‍:- ഇപ്പോള്‍ തന്നെയാണ് പറയേണ്ടത്, ഈ കാലത്ത് തന്നെ, നിശബ്ദത നമ്മേ പടുകുഴിയില്‍ ചാടിക്കും. ഓരോ ശബ്ദവും മനുഷ്യന് വേണ്ടി ഉയരണം, അല്ലെങ്കില്‍ ഉയര്‍ത്തണം.
റഷീദ്:- ആശാനറിയാലോ? അന്ന് ഞാന്‍ കൃഷ്ണവേഷം ചെയ്തപ്പോ ഉണ്ടായ പുകില്.
ആശാന്‍:- റഷീദേ വിവരദോഷികള്‍, അവരാണോ ഈ ലോകം നിയന്ത്രിക്കുന്നത്, പോകാന്‍ പറ.
ജോസഫ്:- എന്നാലും?
ആശാന്‍ അവര്‍ക്ക് ചുറ്റും നടക്കുന്നു.
ആശാന്‍:- നിങ്ങള്‍ ഭയപ്പെടുന്ന പോലെ ജനങ്ങള്‍ അങ്ങനെയല്ല, കൂടുതല്‍ പേരും നമ ആഗ്രഹിക്കുന്നവരാ, പിന്നെ കുറച്ചുപേര്‍. ഒരു കുളം കലക്കാന്‍ ഒരു തുള്ളി വിഷം മതിയല്ലോ
റഷീദ്:- നാട്ടിലന്നെനിക്കും ഊരുവിലക്കായിരുന്നു. എന്തായിരുന്നു പ്രശ്നങ്ങള്‍, പെങ്ങള്ടെ കല്യാണം വരെ മുടക്കി,
ആശാന്‍;- ഇവര്‍ക്കൊക്കെ മനുഷ്യത്വം എന്താണെന്നറിയുമോ? ശവങ്ങള്‍!
ആശാന്‍ രോഷത്തോടെ മേശയില്‍ ഇടിക്കുന്നു. വെളിച്ചം കുറയുന്നു ചുവന്ന വെളിച്ചം തെളിയുന്നു. ആശാന്‍ മുന്നിലേക്ക് വന്നു കൈകള്‍ ഉയര്‍ത്തി
“മനുഷ്യന്‍ എത്ര സുന്ദരമായ പദം”
വെളിച്ചം കുറയുന്നു. മൂന്നുപേരും പോകുന്നു.
മേശപ്പുറത്തേക്ക് വെളിച്ചം വീഴുന്നു. ഒന്ന് രണ്ടു പുസ്തകങ്ങള്‍ തുറന്നു കിടക്കുന്നു. ആശാന്‍ ഇരുന്ന് എഴുതുന്നു ചുറ്റും ചുരുട്ടിയെറിഞ്ഞ കടലാസുകള്‍ എഴുതുന്നു കടലാസ് ചുരുട്ടി എറിയുന്നു, ഏറെ നേരം ചിന്തിച്ചിരിക്കുന്നു. ഇടക്ക് എഴുനേറ്റ് നടക്കുന്നു, അലമാരയില്‍ കൈകള്‍ വെച്ച് നില്‍ക്കുന്നു പെട്ടെന്ന് വീണ്ടും കസേരയില്‍ വന്നിരുന്ന് എഴുതുന്നു. കസേരയില്‍ ചാരി ഇരിക്കുന്നു. വെളിച്ചം കുറയുന്നു. ആശാന്‍ പുറത്തേക്ക് പോകുന്നു.

പുറത്ത് നിന്നും ബഹളം കേള്‍ക്കുന്നു. അട്ടഹാസങ്ങള്‍ കൊലവിളികള്‍ ആക്രോശങ്ങള്‍, ഒരു കലാപത്തെ സൂചിപ്പിക്കുന്ന തരത്തില്‍ ശബ്ദ കോലാഹലങ്ങള്‍.
റഷീദും ജോസഫും ഓടിക്കിതച്ച് വാതില്‍ തള്ളിത്തുറന്ന് വാതില്‍ അടക്കുന്നു. പേടിയോടെ രണ്ടുപേരും പുറത്തേക്ക് വാതില്‍ പഴുതിലൂടെ നോക്കുന്നു. ഭയന്ന് വിറച്ച് രണ്ടുപേരും പരസ്പരം നോക്കുന്നു. പുറത്തപ്പോഴും ശബ്ദകോലാഹലങ്ങള്‍. അരണ്ട വെളിച്ചം.
റഷീദ്:- (കിതച്ചുകൊണ്ട്) ഭാഗ്യത്തിനാ രക്ഷപെട്ടത്.
ജോസഫ്:- ഞാനും, അവര്ടെ കയ്യീ കിട്ടീരുന്നെങ്കി എന്നെ വെട്ടികൊന്നെനെ?
വെളിച്ചം അണയുന്നു
ആശാന്‍ കസേരയില്‍ ഇരിക്കുന്നു. വാതിലില്‍ ശബ്ദത്തോടെ മുട്ട് കേള്‍ക്കുന്നു. ആശാന്‍ വാതില്‍ തുറക്കുന്നു. മൂന്നുപേര്‍ അകത്തേക്ക് പ്രവേശിക്കുന്നു ഒരാളുടെ കയ്യില്‍ വാളുമുണ്ട്. തബലയുടെ ദ്രുതതാളം.
തെല്ലു ഭയത്തോടെ എന്നാല്‍ ഭയം പുറത്ത് കാണിക്കാതെ
ആശാന്‍:- ആരാ നിങ്ങള്‍? നിങ്ങള്‍ക്കെന്ത്‌ വേണം?
ഒന്നാമന്‍:- എന്ത് വേണമെന്നല്ല എന്ത് വേണ്ടെന്നറിയിക്കാനാ ഞങ്ങള്‍ വന്നത്.
ആശാന്‍:- എന്നോട് എന്ത് വേണം എന്ത് വേണ്ടെന്ന് പറയാന്‍ നിങ്ങളാരാ?
രണ്ടാമന്‍:- (കൈചൂണ്ടി) വേണ്ട... ഒന്നോര്‍ത്തോ? നാടകം എന്നൊക്കെ പറഞ്ഞ് ഇനീം വന്നാല്‍ സ്വന്തം സമുദായമാണേ എന്നൊന്നും നോക്കൂലാ. (വാള് ചൂണ്ടി) തലയെടുക്കും.
ആശാന്‍:- എന്താ ഭീഷണിയാണോ?
മൂന്നാമന്‍:- അങ്ങനെതന്നെയെന്നുതന്നെ വെച്ചോ! ഇനീം ആ കള്ള റഷീദിനെ വെച്ച് നമ്മടെ മഹാഭാരതകഥ പറഞ്ഞ് നാടകം ചെയ്താ! ആ...
ആശാന്‍:- നീ പോടാ, മഹാഭാരതമെന്താ നിനക്കൊക്കെ തീറെഴുതി തന്നതാ,
രണ്ടാമന്‍ വെട്ടാന്‍ മുന്നോട്ട് അവരുന്നു ഒന്നാമന്‍ അയാളെ തടുക്കുന്നു.
ഒന്നാമന്‍:- വേണ്ടെടാ, ..ഈ മഹാഭാരതം വെച്ച്ചോണ്ടുള്ള കളി അങ്ങ് നിര്ത്തിയേക്ക്.. ട്ടഡാ.. ഉം..
ആശാന്‍:- എന്നാ ഇതുകൂടി കേട്ടോ? എന്റെ അടുത്ത നാടകം മഹാഭാരതം അടിസ്ഥാനമാക്കി തന്നെയാ, നിനക്കൊന്നും അറിയാത്ത നീയൊന്നും ജീവിതത്തില്‍ കേള്‍ക്കാത്ത അറിയാത്ത ഒരു ഭാഗത്തെ കുറിച്ച്. ആദ്യം അതൊക്കെ മുഴുവന്‍ പഠിച്ചിട്ടു വാടാ എന്നിട്ട് മതി ഈ ആവേശം.
രണ്ടാമന്‍:- (വാള് ചൂണ്ടി) നിന്നെ ഇപ്പൊ വെറുതെ വിടുന്നു, നീ ചെവിയില്‍ നുള്ളിക്കോ, ഈ നാടകമായി വന്നാല്‍, ആ......
അവര്‍ ദേഷ്യത്തില്‍ വാതില്‍ അടച്ച് അവര്‍ പോകുന്നു. സംഗീതം നിലക്കുന്നു.
അവര്‍ പോയതിനു ശേഷം പതുങ്ങി റഷീദും ജോസഫും കടന്നു വരുന്നു. രണ്ടുപേരുടെയും മുഖത്ത് ഭയം നിഴലിക്കുന്നുണ്ട്. റഷീദ് തല താഴ്ത്തി നില്‍ക്കുന്നു.
റഷീദ്:-  ആശാനെ എന്നോട് ക്ഷമിക്ക്, ഞാന്‍...
ജോസഫ്:- ഇവന്റെ ഫെയ്സ്ബുക്ക്‌ പോസ്റ്റാ ഇതിനൊക്കെ കാരണം, ആശാന്റെ നാടകത്തെപറ്റി ഇവനിട്ട പോസ്റ്റാ ഇവരെ ചൊടിപ്പിച്ചത്.
ആശാന്‍: സാരല്ലാ... എഴുതീട്ടില്ലാ, അതിനുമുമ്പേ വിലക്ക് എന്തൊരു ലോകാ ഇത്.
റഷീദ്:- ഞാന്‍ ഒരു കൌതുകത്തിനിട്ടതാ ആശാന്റെ അടുത്ത നാടകം മഹാഭാരതത്തിലെ ഇതുവരെ ആരും പറയാതെ പോയ കഥ അതിത്ര പുലിവാലാകുമെന്ന് കരുതിയില്ല.
ജോസഫ്:- ആശാനെ ഇനി നമുക്കിത് വേണോ?
ആശാന്‍:- നിനക്ക് പേടിണ്ടോ? പേടിച്ചിരിക്കേണ്ട സമയമല്ലിത്.
റഷീദ്:- ഞാനൊരു അഭിപ്രായം പറയട്ടെ ആശാനെ. നമുക്കാ അയണസ്കോയുടെ ‘കാണ്ടാമൃഗം’ കളിച്ചാലോ? അതാകുമ്പോ ഇതൊക്കെ പറയുകയുമായി എന്നാ  ഇവറ്റകള്‍ക്കൊന്നും മനസിലാകുകയുമില്ല.
ആശാന്‍: അത് നമ്മൾ തന്നെ കളിച്ചതല്ലേ ഇവറ്റകൾക്കുണ്ടോ അതൊക്കെ മനസിലാകുന്നു, മാത്രല്ല മനസിലാക്കണം, അതാണ് വേണ്ടത് പറയേണ്ടത് പറയേണ്ട സമയത്ത് പറയണം, ഇവരുടെയൊക്കെ ഭീഷണിക്ക് വഴങ്ങി ഇതൊക്കെ വേണ്ടാന്ന് വെക്കാന്‍ പറ്റോ? ഇല്ലല്ലോ?
രണ്ടുപേരും തലയാട്ടുന്നു,
ആശാന്‍:- ഇവിടേം വന്നിരുന്നു, അവന്മാര് കെടന്ന് കുരക്കട്ടെ, നമുക്കെന്താ,
റഷീദ്:- ന്നാലും ആശാനെ?
ആശാന്‍:- ഞാന്‍ എന്തെഴുതണം എന്ത് എഴുതേണ്ട, എന്ത് തിന്നണം, എന്ത് തിന്നണ്ട, എന്നൊക്കെ പറയാന്‍ ഇവന്മാരാരാ? നാടകം എഴുതീട്ടില്ല, എന്നിട്ടാ ഇപ്പൊ, ചിന്തക്ക് പോലും വിലക്ക് കഷ്ടം.
റഷീദ്:- എല്ലാവരിലും ഇത്തരത്തിലുള്ള ചിന്തകള്‍ വേഗത്തില്‍ പടരുന്നുണ്ട്, അതാ കാലം,
ആശാന്‍:- അതെ വികല ചിന്തകള്‍ക്ക് പ്രാമുഖ്യം ലഭിക്കുന്ന കാലം, അടിസ്ഥാനമില്ലാത്ത കലകള്‍ക്ക് ജനസമ്മിതി ലഭിക്കുന്ന കാലം,
ജോസഫ്: ആശാന്‍ നാടകത്തെ പറ്റി ഇനീം പറഞ്ഞില്ല!
റഷീദ്:- അത് ശരിയാ കേള്‍ക്കാനുള്ള ആകാംഷ കൊണ്ടാ.
ആശാന്‍:- ഞാന്‍ പറഞ്ഞില്ലേ മഹാഭാരതം ഒരു കടലാണെന്ന്, അതില്‍ നിരവധി ആഖ്യാനങ്ങളും ഉപാഖ്യാനങ്ങളും ഉണ്ട്. അതിലെ ഒരു ഉപാഖ്യാനത്തിലെ കഥാപാത്രമാണ് ഭംഗാസ്വനന്‍
റഷീദ്:- ഭംഗാസ്വനന്‍?

ജോസഫ്:- ഞാനാദ്യമായാ ഈ പേര് കേള്‍ക്കണതെന്നെ.
ആശാന്‍:- എന്റെ മനസ്സില്‍ ചില ചിത്രങ്ങള്‍ രൂപപെട്ടിട്ടുണ്ട്,
ആശാന്‍ റഷീദിനെ നോക്കുന്നു എഴുന്നേറ്റ്നിന്ന് റഷീദിന്റെ തോളിൽ  രണ്ടു കയ്യുംവെച്ച്
ആശാന്‍:- ഇവനാ എന്‍റെ ഭംഗാസ്വനന്‍
റഷീദിനെ ആശാന്‍ വട്ടം ചുറ്റുന്നു, വെളിച്ചം മിന്നിമറയുന്നു, പശ്ചാത്തലത്തില്‍  സംഗീതം.
റഷീദ്:- എനിക്കൊരു ഐഡിയയും ഇല്ലാത്ത കഥാപാത്രാ, കേട്ടിട്ടുപോലുമില്ല
ആശാന്‍:-  ഇതാരും അധികം കേട്ടിരിക്കില്ല, ആ കഥാപാത്രത്തിന്റെ വൈചിത്ര്യമാണ് എന്നെ ആകര്‍ഷിച്ചത്. ഒരു മനുഷ്യായുസ്സില്‍ ആര്‍ക്കും ലഭിക്കാതെപോയ രണ്ടു അനുഭവ തലങ്ങളുണ്ട് ഭംഗാസ്വനന്.
ജോസഫ്:- ആരും അധികം കേള്‍ക്കാത്ത ഈ കഥ സ്വീകരിക്കപെടുമോ?
ആശാന്‍:- ഉം. സ്വീകരിക്കപ്പെടണം, അത്രക്കും വൈചിത്ര്യം കഥയില്‍ ഉണ്ട്. അനുഗ്രഹം വാങ്ങാനായി എത്തിയ യുധിഷ്ഠരനോട്‌ ശരശയ്യില്‍ കിടന്നുകൊണ്ട് ഭീഷ്മ പിതാമഹന്‍ പറഞ്ഞ ധര്‍മ്മതത്വങ്ങള്‍ക്കിടയില്‍ ഇഹജീവിതത്തിന്റെ സംശയ നിവാരണത്തിനു ഉദാഹരണമായാണ് ഭംഗാസ്വനനെപറ്റി പറഞ്ഞത്. അധികമാര്‍ക്കും ഈ ഉപാഖ്യാനത്തെ പറ്റി അറിയില്ല. ഇനി നമ്മള്‍ നാടകമായിട്ടെ കാണൂ...
റഷീദ്:- അതെ റിഹേഴ്സല്‍ ക്യാമ്പില്‍ വെച്ച്.
റഷീദ് ചിരിക്കുന്നു വെളിച്ചം കുറയുന്നു. എല്ലാവരും പോകുന്നു.
വായനശാലയിലെ മേശയും കസേരയും ഒരു വശത്തേക്ക് ഒതുക്കിയിട്ടിരിക്കുന്നു നേരിയ വെളിച്ചം, ആശാനും റഷീദും ജോസഫും മറ്റു നാലുപേരും ചേര്‍ന്ന് വട്ടത്തില്‍ നില്‍ക്കുന്നു. നടുവില്‍ വിവരണം നല്‍കുന്ന ആശാന്‍, ആണ്ഗ്യങ്ങള്‍ മാത്രം ചെറിയ വെളിച്ചം അവര്‍ക്ക് നടുവില്‍ വീഴുന്നു. നേര്‍ത്ത സംഗീതം. റിഹേഴ്സല്‍ ക്യാമ്പ് തുടങ്ങുന്നു.
ആശാന്‍ കയ്യടിച്ച് എല്ലാവരുടെയും ശ്രദ്ധ കൊണ്ടുവരുന്നു

ആശാന്‍:- നമ്മുടെ നാടകം എല്ലാവരും വായിക്കണം, ഇതൊരു മഹാഭാരത കഥയിലെ ഭാഗമാണ്. പ്രധാനകഥാപാത്രം ഭംഗാസ്വനന്‍ എന്ന പേരുള്ള ഒരു രാജാവാണ്,
എല്ലാവരും ശ്രദ്ധയോടെ കേള്‍ക്കുന്നു.
ആശാന്‍:- ഒരേ ജന്മത്തില്‍ തന്നെ ആണായും പെണ്ണായും ജീവിക്കാന്‍ അവസരം ലഭിച്ച ഒരാള്‍. 100 കുട്ടികളുടെ പിതാവായും 100 മാതാവായും ജീവിച്ച ഒരാള്‍.
റഷീദ്:- ങേ.. ആണും പെണ്ണോ ഒരാളോ?
ജോസഫ്:- ഇതൊരു സംഭവമാണല്ലോ ആശാനെ.
റഷീദ്:- ഈ കാലത്ത് ഇതിനു പ്രസക്തിയുണ്ടോ?
ആശാന്‍:- ഇതിഹാസങ്ങള്‍, മിത്തുകള്‍ ഇതിനൊക്കെ എന്നും പ്രസ്കതിയുണ്ട്, ഇന്ദ്രശാപമേറ്റ ഭംഗാസ്വനന്‍ സര്‍വമംഗല ആയതോടെ മനുജാതന്റെ സഖിയായി. പിന്നെ ക്ഷാപമോക്ഷം ലഭിച്ചപ്പോള്‍ സര്‍വ മംഗലയായി ജീവിതം തുടരാനാണ് അവര്‍ തീരുമാനിച്ചത്. ആണ്‍പെണ് വ്യത്യാസം നടമാടുന്ന ഇക്കാലത്ത് പെണ്ണിനെ മൂടിപ്പുതച്ച് വീട്ടിലിരുത്തണം എന്നുപറയുന്ന കാലത്ത്, ഈ കഥക്ക് ഏറെ പ്രസക്തിയുണ്ട്
റഷീദ്:- അതെ പെണ്ണ് പ്രസവിക്കാനുള്ള യന്ത്രം മാത്രമാണെന്ന് പറഞ്ഞ ഈ കാലത്ത്
ജോസഫ്:- അപ്പൊ ലിംഗമാറ്റ ശാസ്ത്രക്ക്രിയ അന്നേ ഉണ്ടായിരുന്നോ?
എല്ലാവരും ചിരിക്കുന്നു.
ആശാന്‍:- നമ്മുടെ നാടകത്തിന്റെ പേര് “ഭംഗാസ്വനജന്മം”   
വെളിച്ചം കുറയുന്നു എല്ലാവരും ചേര്‍ന്ന് നില്‍ക്കുന്നു, കൂട്ടമായി കൈകള്‍ മേലോട്ടുയര്‍ത്തി മുഷ്ടി ചുരുട്ടി പറയുന്നു
“ഭംഗാസ്വനജന്മം”   
വെളിച്ചം കുറയുന്നു എല്ലാവരും എല്ലാവരും പോകുന്നു

വായനശാല പഴയ പടി തന്നെ പുറത്ത് ശബ്ദ കോലാഹലങ്ങള്‍ ആക്രോശങ്ങള്‍  കേള്‍ക്കുന്നു റഷീദ് വാനശാലയിലെക്ക് ഓടി വീഴുന്നു പിന്നില്‍ വാളുമായി മൂന്നുപേരും ദ്രുതസംഗീതം  മിന്നിമറയുന്ന വെളിച്ചം കൂട്ടം ചേര്‍ന്ന്‍ മര്‍ദ്ദിക്കുന്നു മൂന്നാമന്‍ വാള്കൊണ്ട് വെട്ടുന്നു. വെട്ടുകൊണ്ട റഷീദ് പിടയുന്നു വായനശാലയിലേക്ക് ജോസഫും ആശാനും ഓടിയടുക്കുന്നു റഷീദിനെ വാരിയെടുക്കുന്നു
റഷീദ്:- ആശാനെ.. അവരാ സ്ക്രിപ്റ്റ് ചോദിച്ചു, ഞാന്‍... ഞാ.....ഞാ
റഷീദിന്റെ കണ്ണുകള്‍ അടയുന്നു. മുറിക്കകത്ത് ചിതറികിടക്കുന്ന നാടകത്തിന്റെ സ്ക്രിപ്റ്റ് അത് വാരി ആശാന്‍ മുന്നിലേക്ക് വരുന്നു
ആശാന്‍:- എന്തിനാടാ നിങ്ങക്കീ നാടകം ഇന്നാ കൊണ്ടുപോയി തിന്ന് തിന്ന്
ജോസഫ് റഷീദിന്റെ കണ്ണുകള്‍ അടക്കുന്നു.
ജോസഫ്:- എന്തിനാ ആശാനെ അവരീ റഷീദിനെ കൊന്നത്?
ആശാന്‍:- ഒരു കൊലക്കും കാരണങ്ങള്‍ ഇല്ല, ഒരു വിലക്കിനും കാരണങ്ങള്‍ ഇല്ല... ഇല്ല...
രണ്ടുപേരും റഷീദിന്റെ മൃതദേഹം താങ്ങി നില്‍ക്കുന്നു.   
        ---------------------------കര്‍ട്ടന്‍---------------------------
 

ഇടിമുറികളാകുന്ന പഠനമുറികൾ.

ലേഖനം




ഗോളീകരണത്തിന്റെ കനത്ത ആഘാതങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്ന ഒരു സാമൂഹ്യ സേവന മേഖലയാണ് വിദ്യാഭ്യാസം എന്ന യാഥാർഥ്യം നാൾക്കുനാൾ തെളിഞ്ഞു കൊണ്ടിരിക്കുന്നതായാണ്. വാർത്താ മാധ്യമങ്ങളിൽ വരുന്ന വാർത്തകളിൽ നിന്നും മനസിലാകുന്നത്. സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജുകളിൽ നടക്കുന്ന ക്രൂരതകൾ ഓരോന്നായി പുറം ലോകം അറിഞ്ഞുവരുന്നേയുള്ളൂ, ഏറെ പ്രതിബദ്ധത അവകാശപ്പെടുന്ന കേരളത്തിനകത്ത് തന്നെ ഇതൊക്കെ നടക്കുന്നു എന്നതാണ് വിരോധാഭാസം. രക്ഷിതാക്കളുടെ ആകുലത ഒരു വർത്തകാണലിൽ ഒതുങ്ങുന്നുവോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു പ്രതികരണ ശേഷിയില്ലാത്ത ഒരു യുവത്വത്തെ വളർത്താൻ പാകത്തിൽ ഉണ്ടാകുന്ന ഇത്തരം കലാലയങ്ങളിലാണ് പുതുതലമുറയുടെ  ഭാവിയുടെ താക്കോൽ എങ്കിൽ നിർഭാഗ്യം എന്നെ പറയാൻ ഒക്കൂ.   
കേരളമാണ് ആഗോളീകരണത്തിന്റെ  ആഘാതത്തിലമര്‍ന്നു  കഴിഞ്ഞ പ്രധാന മേഖല എന്ന സ്ഥിതിക്ക് ഈ കറുത്ത വാർത്തകൾ നൽകുന്ന ദുഃസൂചന വളരെ വലുതാണ്
 
 
വിദ്യാഭ്യാസം ലാഭം കൊയ്യാനുള്ള ഒരു രംഗമാക്കി വളര്‍ത്തി കൊണ്ട് വരിക എന്ന മുതലാളിത്ത ആശയങ്ങള്‍ കേരളത്തിൽ എത്ര പെട്ടെന്നാണ് പടർന്നത്. സ്വകാര്യ വിദ്യാലങ്ങളുടെയും കലാലയങ്ങളുടെയും വളര്‍ച്ചക്ക് വേണ്ടി നമ്മുടെ പൊതു വിദ്യാഭ്യാസ മേഖലയെ തകര്‍ക്കാന്‍ തന്ത്രപൂര്‍വ്വം ഭരണകൂടത്തെ ഉപയോഗിച്ചു. സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ശോചനീയാവസ്ഥ സാധാരണക്കാരെ പോലും പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും അകറ്റിയപ്പോള്‍ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നല്ല വളക്കൂറുള്ള മണ്ണായി കേരളം മാറി. മക്കളുടെ വിദ്യാഭ്യാസം മലയാളികളുടെ പ്രധാന ലക്ഷ്യമായതിനാല്‍ സ്വകാര്യ മേഖല തന്ത്രപൂര്‍വം വിദ്യാഭ്യാസ കച്ചവടം സാധാരണക്കാരനിലേക്കും വളര്‍ത്തി കൊണ്ടുവന്നു. അവിടെയാണ് ക്ലാസ് മുറികൾ ഇടിമുറികളായി രൂപാന്തരപ്പെട്ട കലാലയങ്ങൾ ഉണ്ടായതും അധ്യാപകർക്ക് പകരം ഗുണ്ടകൾ ആ സ്ഥാനത്തു വന്നതും.  വിദ്യാഭ്യാസരംഗത്തെ കച്ചവട വല്ക്കരണവും വര്‍ഗീയ വല്ക്കരണവും വളര്‍ന്നു വരുന്ന തലമുറയുടെ ഭാവി ഇരുളടഞ്ഞതാക്കും എന്നുമാത്രമല്ല ഇപ്പോൾ തന്നെ പ്രതികരിക്കാൻ ഭയപ്പെടുന്ന ഒരു വിഭാഗമായി ഈ കൗമാരക്കാർ മാറുന്നു എങ്കിൽ പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ ഏകാധിപത്യ മനസുപേറുന്ന വരുടെ രാഷ്ട്രീയ ഭരണശക്തി വർദ്ധിക്കുകയും ശണ്ഠസമാനമായ പ്രതികാരമില്ലാത്ത ഒരു സമൂഹം വളർന്നു വരികയും ചെയ്യും. "ലോകത്തിലെ ഓരോ കുട്ടിയും ബോധന പ്രക്രിയയിലൂടെ മലിനീകരണമെന്ന മഹാവിപത്തിനെപ്പറ്റി ബോധാവാനാകണം. പ്രകൃതിയുമായുള്ള മനുഷ്യന്റെ സമന്വയം ബോധനത്തിന്റെ ചെറിയ ചെറിയ കാല്‍വെയ്പ്പുകളിലൂടെയേ പൂര്ത്തിയാക്കാനാകൂ. മനുഷ്യന്റെ ഭാവി, ബോധന പ്രക്രിയയുടെ ഒരു പ്രധാന കണ്ണിയാകണം" (സരള ബഹന്‍: Revive our Dying Planet)  വിദ്യാഭ്യാസത്തിലൂടെ ഒരാള്‍ നേടിയെടുക്കേണ്ട സാമോഹിക പ്രതിബദ്ധതയെ ഒരു വിലയും കല്‍പ്പിക്കാതെ കുഴിച്ചു മൂടികൊണ്ടിരിക്കുകയാണ്. ധാര്‍മികതയും ധൈഷണികതയും ഉയര്‍ന്നു നിന്നിരുന്ന സമ്പന്നമായ ഒരു കാലത്തിന്റെ ബാക്കിപത്രമാണ് ഇന്ന് അവശേഷിക്കുന്ന നന്മയുടെ കാതല്‍. ലക്ഷങ്ങള്‍ കോഴകൊടുത്ത് ഉന്നത വിദ്യാഭ്യാസത്തിന് അവസരം തേടുന്ന ഒരാള്‍ക്ക് സാമൂഹിക പ്രതിബദ്ധതയെ പറ്റി ചിന്തിക്കാന്‍ കഴിഞ്ഞെന്നു വരില്ല. കലാലയങ്ങളിൽ രാഷ്ട്രീയം വേണ്ട എന്ന് അഭിമാനത്തോടെ പറഞ്ഞിരുന്നവർ ഇന്നത് തിരുത്തികൊണ്ടിരിക്കുകയാണ്. കലാലയങ്ങളിൽ രാഷ്ട്രീയം ഉണ്ടായിരുന്നു എങ്കിൽ ഈ ഇടിമുറികൾ അവർ അടിച്ചു നിരത്തുമായിരുന്നു. സേവന മേഖലയായി വര്‍ത്തിക്കേണ്ടതാണ് വിദ്യാഭ്യാസം എന്ന ചിന്ത പോലും നമ്മളില്‍ നിന്നും മാഞ്ഞുപോയി കൊണ്ടിരിക്കുന്നു എന്നതാണ് സത്യം.  സര്‍ക്കാരിന് ന്യായമായ  നിയന്ത്രണങ്ങള്‍ പോലും നിലനിര്‍ത്താനാവാത്ത സ്ഥിതി സ്വകാര്യമേഖലയ്ക്ക് ലഭിച്ചു കഴിഞ്ഞു. . ഇതൊരു യാഥാര്‍ത്ഥ്യമായതോടെ സാധാരണക്കാരന്‍ പോലും തന്റെ മക്കളുടെ വിദ്യാഭ്യാസമോഹം സഫലമാക്കാന്‍ ലോണെടുത്തും സ്വകാര്യ പണമിടപാട്‌ സ്ഥാപനങ്ങളെ ആശ്രയിച്ചും കടക്കെണിയില്‍ കുടുങ്ങുന്നു. ഈ ബാധ്യത താങ്ങാനാവാതെ വരുമ്പോള്‍ ആത്മഹത്യയില്‍ അഭയം പ്രാപിക്കുന്നു. കലാലയങ്ങളിലെ പീഡനങ്ങൾ സഹിക്കാനാവാതെ വിദ്യാർത്ഥികൾ ജീവനൊടുക്കുന്നു, ഇത്തരം അവസ്ഥ നിലനിൽക്കുമ്പോൾ നമുക്കെങ്ങനെ പ്രതിബദ്ധതയെപ്പറ്റിയും സാമൂഹിക ഉയർച്ചയെ പറ്റിയും പറയാനാകും.

ഉന്നത വിദ്യാഭ്യാസത്തിന്റെ പേരില്‍ പുതുതായി ഉയര്‍ന്നു വന്ന പല കോഴ്സുകളും ശ്രദ്ധിച്ചാല്‍ ഒരു കാര്യം വ്യക്തമാകും കലാലയങ്ങള്‍ കമ്പോള താല്പര്യത്തിനനുസരിച്ച് ജീവിക്കാന്‍ ഉതകുന്നവര്‍ക്കായുള്ള പരിശീലന കളരിയായി മാറുന്നുണ്ട്. വിദ്യാര്‍ഥികളുടെ വിമര്‍ശന ബുദ്ധിയെ തല്ലിക്കെടുത്താനും പകരം കമ്പോള താല്പര്യത്തെ വളര്‍ത്തി കൊണ്ട് വരാനുമുള്ള ശ്രമം നടക്കുന്നുണ്ട്. ഒരു കാലത്ത്‌ സാമ്രാജ്യത്വ മുതലാളിത്ത ശക്തികള്‍ക്കെതിരെ ശബ്ദിച്ചുകൊണ്ടിരുന്ന കാമ്പസുകള്‍ ഇന്നില്ല. പകരം ഫാഷന്‍ പരേഡും മുതലാളിത്ത ആശയങ്ങളും അവയെ കീഴടക്കി കൊണ്ടിരിക്കുന്നു. ബദല്‍ സാധ്യതകളൊന്നും ഉയര്‍ന്നു വരാത്ത വേദിയായി ഇന്ന് കലാലയങ്ങള്‍ ചുരുങ്ങു കൊണ്ടിരിക്കുന്നു. കാമ്പസ്‌ സംവാദങ്ങള്‍ വെറും ഉപരി വിപ്ലവമായ കാര്യങ്ങളില്‍ തട്ടി നില്‍ക്കുകയാണ്. വിദ്യാര്‍ത്ഥി രാഷ്ട്രീയം ബോധന വിദ്യ ഉള്‍കൊണ്ട്, കച്ചവട വല്‍ക്കരണത്തിലൂടെയുള്ള ദുഷ്ട ലക്ഷ്യത്തെ തിരിച്ചറിയേണ്ടതിനു പകരം അരാഷ്ട്രീയ വല്‍ക്കരണത്തിന്റെ പിടിയിലമര്‍ന്നു കൊണ്ടിരിക്കുകയാണ്. അരാഷ്ട്രീയ വല്ക്കരിക്കപ്പെട്ട ഒരു സമൂഹത്തിനു മുന്നില്‍ വിദ്യാലയങ്ങള്‍ പൊതുസ്വത്തല്ല. ആഗോള വിപണിക്കുതകുന്ന ചിന്തകളെ വളര്‍ത്തിയെടുക്കുന്ന കേന്ദ്രങ്ങളാണ്. 

വിദ്യാഭ്യാസ രംഗത്തെ ഈ  മൂല്യത്തകര്‍ച്ച ഇന്ന് ഏറെക്കുറെ യാഥാര്‍ത്ഥ്യമായി കഴിഞ്ഞിരിക്കുന്നു. അതിന്റെ അനന്തരഫലം നമ്മുടെ പൊതു സമൂഹത്തില്‍ പ്രകടമായി കൊണ്ടിരിക്കുന്നു. ആഗോളീകരണത്തിന്റെ ചിഹ്നങ്ങള്‍ വിദ്യാഭ്യാസ മാതൃകകളായി കേരളത്തില്‍ അവതരിക്കുന്നു. പൊതു വിദ്യാലയങ്ങളിലേക്ക് വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കേണ്ട ഒരു പദ്ധതികളുമായി  സര്‍ക്കാര്‍ മുന്നോട്ട്വരണം. വിദ്യാര്‍ഥികളുടെ ജൈവികവും രാഷ്ട്രീയവുമായ പ്രതിരോധത്തെ നിര്‍വീര്യമാക്കാനെ നിലവിലെ സ്വകാര്യ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ   ഉപകരിക്കുകയുള്ളൂ എന്ന് തെളിയിക്കുന്ന കാലത്ത് വിദ്യ എന്ന മഹനീയ ലക്ഷ്യം ഇല്ലാതെ ലാഭം മാത്രം ലക്ഷ്യമിട്ടു കൂണുപോലെ ഉയരുന്ന  സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളെ നിലക്ക് നിർത്തുക തന്നെ വേണം എന്നുമാത്രമല്ല ഗുണ്ടായിസം കാണിക്കുന്ന വിദ്യാഭ്യാസ ഗുണ്ടകളെ നിയമത്തിനു മുന്നിൽ കൊണ്ടുവരികയും വേണം . നല്ല രീതിയിൽ പ്രവർത്തിക്കുന്ന സ്വകാര്യ വിദ്യാഭ്യാസ സ്ഥാപങ്ങൾ തന്നെ ഈ പോക്രിത്തരങ്ങൾക്കെതിരെ രംഗത് വരണം. നമുക്ക് മൂന്നാംമുറയിൽ ഉരുട്ടി പാകപ്പെടുത്തിയ എഞ്ചിനീയര്മാരെയും ഡോക്ടർമാരെയും അല്ല വേണ്ടത്  അന്യായം കണ്ടാൽ അതിനെ വീറോടെ എത്തിക്കുന്ന ഒരു യുവത്വമാണ്.  വിദ്യാര്‍ഥികളെ അടിമകളാക്കി അവരുടെ   യഥാര്‍ത്ഥ അവകാശത്തെ ഹൈജാക്ക് ചെയ്തത് പീഡിപ്പിച്ചു അച്ചിൽ വാർത്തെടുക്കുന്നതിനെ എതിർക്കാൻ നമ്മുടെ സാമൂഹിക ബോധം വളർന്നു വരണം. അരാഷ്ട്രീയ വാദത്തെ പൂര്‍ണ്ണമായും തള്ളികളയാനുള്ള തന്റേടം ഇതോടൊപ്പം കാണിക്കണം. എങ്കിലേ പ്രതിബദ്ധതയുള്ള ഒരു സമൂഹത്തെ വളര്‍ത്തി കൊണ്ടുവരാന്‍ കഴിയൂ. കേരളത്തിലെ ജനകീയ വിദ്യാഭ്യാസത്തിന്റെ ആണിക്കല്ല് സര്‍ക്കാര്‍ തന്നെയാവണം. നമ്മുടെ സാമൂഹ്യ നന്മക്ക് പൊതു വിദ്യാഭ്യാസ മേഖല തകരാതെ നോക്കണം. നമുക്ക് വേണ്ടത് പഠന മുറികളാണ് അല്ലാതെ ഇടിമുറികൾ അല്ല!

Sunday, 15 January 2017

എം റഷീദ് എന്ന അറിവ് ഒരു നിറഞ്ഞ ഓർമ്മ

(ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനി ഇ. മൊയ്തു മൗലവിയുടെ പുത്രനും പ്രമുഖ പത്രപ്രവർത്തകനും എഴുത്തുകാരനുമായ എം. റഷീദ്നെ കുറിച്ചുള്ള ഓർമ്മക്കുറിപ്പ്)

ന്ത്യൻ സ്വാതന്ത്ര്യ സമര സേനാനി ഇ. മൊയ്തു മൗലവിയുടെ പുത്രനും പ്രമുഖ പത്രപ്രവർത്തകനും എഴുത്തുകാരനുമായ എം. റഷീദ് ഒരു കാലത്ത് വായനയിലൂടെ മാത്രം അറിയാമായിരുന്ന ഒരാൾ. സഖാവ് കെ.ദാമോദരൻ, റോസാ ലക്ശംബർഗ്, മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ്, വെളിയംകോട് ഉമർ ഖാസി എന്നിവരെ പറ്റി എഴുതിയ പുസ്‌തകവായനയിലൂടെ അദ്ദേഹത്തെ കാണാനുള്ള ആഗ്രഹം കൂടികൂടിവന്നു.   എന്നെങ്കിലും ഒന്ന് കാണണം എന്ന് ആഗ്രഹിച്ചു, അങ്ങനെ ആ ആഗ്രഹം അവിടെ കിടന്നു കുറെനാൾ. ഒരു ദിവസം ഹക്കീം വെളിയത്ത്  എന്ന സുഹൃത്ത് ചോദിച്ചു "നമുക്ക് റഷീദ്ക്കയെ ഒന്ന് പോയി കണ്ടാലോ?" 
അത് ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനി ഇ. മൊയ്തു മൗലവിയുടെ പുത്രനും പ്രമുഖ പത്രപ്രവർത്തകനും എഴുത്തുകാരനുമായ എം. റഷീദ് ആണെന്നറിഞ്ഞതും ഒട്ടും താമസിച്ചില്ല, അന്ന് ഏറെ നേരം സംസാരിച്ചു എന്റെ കുടുംബത്തെ കുറിച്ചും തറവാടിന്റെ കുറിച്ചും ഒക്കെ  ചോദിച്ചറിഞ്ഞു, അപ്പോഴാണ് എന്റെ ഉപ്പാനെ അറിയും എന്ന് ഞാൻ അറിയുന്നത്. ഇക്കാര്യം ഉപ്പാട്  പറഞ്ഞപ്പോൾ അദ്ദേഹം "കോഴിക്കോടല്ലേ"
അല്ല ഇവിടെ നമ്മുടെ അടുത്ത് അപ്പോൾ തന്നെ ഉപ്പയുമായി ഞാൻ വെളിയംകോട്ട് പഴഞ്ഞിയിലേക്ക് തിരിച്ചു 
അവർ പരസ്പരം സംസാരിക്കുന്നത് ഞാൻ ഏറെ നേരം നോക്കിയിരുന്നു.  മുഹർത്താമായിരുന്നു ആ കൂടിച്ചേരൽ, വർഷങ്ങൾക്കു  ശേഷമാണ് റഷീദിക്ക ഉപ്പയെ കാണുന്നത്. അവരുടെ രണ്ടുപേടുടെയും കണ്ണുകളിൽ ആനന്ദാശ്രു ഞാൻ കണ്ടു. രണ്ടുപേരും കൂടി എന്നെ ചേർത്ത് പിടിച്ചു ഇന്നും ആ ഓർമ്മ എന്നിൽ നിറഞ്ഞു നിൽക്കുന്നു.  ആ  സ്വാധീനം ഇന്നും എന്നിൽ നിറഞ്ഞു നിൽക്കുന്നു. 
പിന്നീട് ഞാൻ അവിടെ ഒരു നിത്യ സന്ദർശകനായി ഓരോ വരവിലും അദ്ദേഹം തുറന്നു വെക്കുന്ന ചരിത്രത്തിന്റെ അറിവുകൾ നിറഞ്ഞ ഓർമ്മകൾ എന്നെ അത്ഭുതപ്പെടുത്തി. ടീച്ചറുമ്മ സുലൈമാനി തരും അതും  കുടിച്ച് ഏറെ നേരം സംസാരിച്ചിരിക്കും. എന്റെ ലേഖനങ്ങൾ കൃത്യമായി വായിക്കുന്ന ഒരാൾ, പലവട്ടം മാധ്യമം പക്തിയിൽ അക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്.  സുകുമാർ അഴിക്കോട് പങ്കെടുക്കുന്ന ഒരു പരിപാടി എരമംഗലത്ത് റഷീദ്ക്കയും ഒരു  മുഖ്യാതിഥിയാണ് അന്ന് റഷീദ്ക്കയെ ഞാനാണ് കൊണ്ടുവന്നത്, പരിപാടി തുടങ്ങാൻ ഇനിയും ഏറെ സമയം ആരും എത്തിയിരുന്നില്ല അഴീക്കോട് മാഷ് ക്ര്യത്യസമയത്ത് എത്തിയിരുന്നു സംഘാടകർ എത്തുന്നതിനു മുമ്പ് തന്നെ അഴീക്കോട് മാഷ് എന്ത് പറയും എന്ന പേടി ഉണ്ടായിരുന്നു മാഷ് പറഞ്ഞു "പരിപാടി വൈകിയത് നന്നായി ഞങ്ങൾക്ക് കുറച്ചു സംസാരിക്കാലോ" ആ കൂടിച്ചേരൽ രണ്ടു വലിയ മനുഷ്യർ ഉള്ള ആ സംഭാഷണത്തിൽ കുറച്ചു നേരം കേൾവിക്കാരനാകാൻ അവസരം കിട്ടി. ചരിത്രത്തിന്റെ ആഴങ്ങളിലേക്ക് രണ്ടു വലിയ മനുഷ്യർ ഇറങ്ങുമ്പോൾ കാതോർത്തുനിന്നു, അറിവിന്റെ വാതായനങ്ങൾ തുറന്നു, അവിസ്മരണീയ നിമിഷങ്ങൾ ആയിരുന്നു അത് ഇപ്പോഴിതാ ആ രണ്ടു മഹാരഥന്മാരും ചരിത്ര താളുകളിൽ പിന്നീട് പലതവണ അത്തരം ചെറിയ  യാത്രകൾ ഉണ്ടായി.

എന്റെ ഉപ്പയുടെ വിയോഗം, അതറിഞ്ഞ റഷീദ്ക്ക വിളിച്ചു.
"എനിക്ക് വരാനാവില്ല ഫൈസലേ തീരെ വയ്യ ,  തിരക്കൊഴിഞ്ഞാൽ നീയൊന്നു വാ ഒന്ന് കാണണം"
പിന്നീട് കണ്ടപ്പോൾ എന്റെ കൈകൾ പിടിച്ചു ഏറെ നേരം ഇരുന്നു. എന്തോ പറയാനുണ്ടായിരുന്നു എങ്കിലും ആ മനസ് വിങ്ങുകയാണ് എന്ന് ആ കണ്ണുകൾ പറഞ്ഞു. അന്നൊന്നും ഞങ്ങൾ സംസാരിച്ചില്ല. ഇറങ്ങുമ്പോൾ "ഇടക്ക് നാട്ടിൽ വരുമ്പോൾ വാ, ഇവിടെ ഉണ്ടങ്കിൽ കാണാം"

ഞാൻ മൊയ്തു മൗലവിയെ വരച്ചിട്ടുണ്ട് എന്ന് പറഞ്ഞപ്പോൾ അത് കാണണം എന്നായി. ഡ്രോയിങ് ബുക്കിൽ കോറിയിട്ട സ്കെച്ച് റഷീദ്ക്കാക്ക് ഏറെ ഇഷ്ടമായി ആ ചിത്രം കുറച്ചുകൂടി വലുതാക്കി വരച്ചുകൊടുത്തു. ആ ചിത്രം ഇപ്പോഴും അവിടെ ഉണ്ടോ എന്നറിയില്ല എന്നാൽ ഡ്രോയിങ് ബുക്കിൽ വരച്ച ചിത്രം ഇപ്പോഴും ഞാൻ സൂക്ഷിട്ടുണ്ട്
എന്റെ ബ്ലോഗിന് ഒരു പേര് വേണം റഷീദ്ക്കാട് ഞാൻ സൂചിപ്പിച്ചു, 
"നീ പരിസ്ഥിതിയുമായി നടക്കുന്ന ആളല്ലേ, ആദ്യം കുറച്ചു കയ്ച്ചാലും പിന്നെ മധുരിക്കാതിരിക്കില്ല, നീ എഴുതൂ, നെല്ലിക്ക എന്നിടാൻ പറ്റുമോ?' നൂറുവട്ടം സമ്മതമായിരുന്നു 

എന്നും പുതിയ കാര്യങ്ങൾ അറിവിലേക്ക് റഷീദ്ക്ക തന്നുകൊണ്ടിരുന്നു, അദ്ദേഹം നിർദേശിച്ച പുസ്തകങ്ങൾ തേടിപ്പിടിച്ചു വായിച്ചു ട്രോട്സ്ക്കിയും ബുക്കാറിനും, റോസാ ലക്സം ബർഗും എനിക്ക്  സുപരിചിതരായി അബ്ദുറഹ്മാൻ സാഹിബിനെ കുറിച്ച് പറയുമ്പോൾ ആ കണ്ണുകൾ  തിളങ്ങുന്നത് ഞാൻ കണ്ടു, കെ എ കൊടുങ്ങല്ലൂരിരെ പറ്റി ഏറ്റവും കൂടുതൽ കേട്ടതും റശീദ്‌ക്കയിൽ നിന്നും തന്നെ. ഇടക്ക് ടീച്ചറുമ്മ കട്ടൻ കാപ്പി യുമായി വരുമ്പോൾ ഞങ്ങൾ ഏതെങ്കിലും പുസ്തകം മുന്നിൽ വെച്ച് ചർച്ചയിൽ ആയിരിക്കും, ഇടക്കിടക്ക് ചില കുറിപ്പുകൾ വായിക്കാനായി തരും, ചില പുസ്‌തകങ്ങൾ കാണിക്കും... നിരവധി ദിനങ്ങൾ ഇങ്ങനെ. പുന്നയൂർക്കുളം ബാപ്പു സാഹിബിനെ പറ്റി എഴുതാൻ പ്രേരിപ്പിച്ചത് റഷീദ്ക്ക തന്നെ. നിർഭാഗ്യവശാൽ ആ അന്വേഷണം അധികം മുന്നോട്ട് പോയില്ല. പിന്നെ ഗൾഫിലേക്ക് പറന്നു... 
കഴിഞ്ഞ നാലഞ്ചു കൊല്ലമായി റഷീദ്ക്കയെ കാണാൻ പറ്റിയിരുന്നില്ല, അവസാനം കണ്ടത് ഈ ഡിസംബറിൽ, അപ്പോൾ പ്രായം വല്ലാതെ അവശനാക്കിയിരുന്നു. എന്നെ മനസിലായില്ല, ഏറെ നേരം പറയേണ്ടി വന്നു മനസിലാക്കാൻ അതോ മനസ്സിലായോ ആവോ ? . ആ കണ്ണുകൾ ഇന്നും ഓർമ്മയിൽ ഉണ്ട്, ആ കണ്ണുകൾ എന്തോ അന്വേഷിക്കുയാണ്.  ഓർമയുടെ താളുകളിൽ പതിപ്പിച്ച ചിത്രങ്ങൾ പരതുകയാകാം, അതിൽ ഈ മുഖം തേടുകയാണോ, ഞാൻ വീടിന്റെ ഗെയ്റ്റ് കടക്കുന്നത് വരെ അദ്ദേഹം നോക്കിയിരുന്നു. 
ഈ വിടവാങ്ങൽ മനസ്സിൽ ഒരു വിങ്ങലായി നിൽക്കുന്നു.

Saturday, 5 November 2016

നിലാവ് കോരിക്കുടിച്ച കള്ളിമുള്‍ചെടികളിലൂടെ

വി മുസഫര്‍ അഹമ്മദിന്‍റെ മരുഭൂമിയുടെ ആത്മകഥയുടെ  (യാത്രാ വിവരണം) വായനാനുഭവം 
 
 
രുഭൂമിയുടെ അനുഭവകാഴ്ചകള്‍ക്ക് ഒടുങ്ങാത്ത വിശാലതയാല്‍ തീരാത്ത കൊതിയോടെ വീണ്ടും വീണ്ടും വായിപ്പിക്കുന്ന ഒരു പ്രത്യേക തലമാണ് മുസഫര്‍ അഹമ്മദിന്റെ മരുഭൂമിയുടെ ആത്മകഥക്കുള്ളത്. ഓരോ യാത്രയും തീക്ഷ്ണമായ  അനുഭവചൂടില്‍ പൊള്ളുകയും ചിലപ്പോള്‍ കടുത്ത ശൈത്യത്താല്‍ വിറക്കുകയും ചെയ്യുന്ന ഒരു വായനാനുഭവം ഉണ്ടാകുന്നു. ഓരോ യാത്രയും ഓരോ അനുഭവത്തിലൂടെ കടന്നുപോകുമ്പോള്‍ നമ്മളില്‍ മണലും മരുക്കാറ്റും തട്ടി ചിന്നി ചിതറുന്നു. മരങ്ങളില്ലാത്ത കാട്ടില്‍ അലയുന്നു യാത്രികന്‍ അവിടുത്തെ ഒളിഞ്ഞു കിടക്കുന്ന മിത്തുകളും ചരിത്രത്തിന്റെ അവശേഷിപ്പുകളും ജീവിതത്തിന്‍റെ ചൂരും പച്ചപ്പോടെ അനുഭവിപ്പിക്കുന്നു.  "നിലാവ് വീണുകിടക്കുന്ന കള്ളിമുള്‍ച്ചെടിക്കൂട്ടത്തില്‍ നിന്ന്‍ അല്പം അകലെയായിരുന്നു തമ്പ്, മുള്ള് കൊള്ളാതെ ചെടിക്കൂട്ടത്തിനരികില്‍ പോയി നിന്നു, പൊടുന്നനെ കള്ളിമുള്‍ച്ചെടികള്‍ ചുംബനം ഏറ്റുവാങ്ങാനെന്ന പോലെ എഴുന്നു നില്ക്കുന്നു, ഇലകള്‍ നിവര്‍ന്നു നിന്നതിന് പിന്നാലേ മുള്ളുകളും എഴുന്നു നിന്നു, മുള്ളുകള്‍ ചെടികളുടെ രോമങ്ങള്‍ ആണെന്ന പാഠം ആ രാത്രിയിലാണ് പഠിച്ചത്, തമ്പിലുണ്ടായിരുന്ന പ്രായമുള്ള ഒരു ബദുവിനോട് ചെടികളുടെ ഭാവമാറ്റത്തെക്കുറിച്ച് ചോദിച്ചു, അദ്ദേഹം ചിരിച്ചുകൊണ്ട് പറഞ്ഞു, മരുഭൂമിയെ കുറിച്ചറിയാന്‍ ശ്രമിക്കുന്നവന് പ്രപഞ്ചത്തെക്കുറിച്ച് സാമാന്യ ധാരണയെങ്കിലും വേണമെന്ന്‍, ചെടികളും മനുഷ്യരെ പോലെ ദൈവ സൃഷ്ടിയാണെന്നും അവയ്ക്കും വികാരങ്ങളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു" (നിലാവ് കോരിക്കുടിച്ച കള്ളിമുള്‍ചെടികള്‍ എന്ന അദ്ധ്യായം) സസ്യങ്ങള്‍ക്കും മനസുണ്ട്  എന്ന ആശയം  മുമ്പ് പലയിടത്തും നമ്മള്‍ വായിച്ചിരിക്കും മുസഫര്‍അഹമ്മദിന്‍റെ യാത്രാനുഭവത്തിലും ഇക്കാര്യം തന്നെ പറയുന്നു. ലൂഥര്‍ ബെര്‍ബാങ്ക് (Luther Burbank) എന്ന പ്രകൃതി സ്നേഹിയായ ശാസ്ത്രജ്ഞന്‍ മുന്നോട്ട് വെച്ച അല്‍ഭുതം എന്നു പറയാവുന്ന ഒരു ആശയം ആണ് സസ്യങ്ങള്‍ക്കും മനസുണ്ട് എന്നത്. അതിന്നദ്ദേഹം അനുഭവത്തിന്റെ ഒരേട് നമുക്ക് പറഞ്ഞു തരുന്നു 
"തന്‍റെ മട്ടുപ്പാവിലെ റോസാ ചെടിയില്‍ എന്നും അദ്ദേഹം തലോടികൊണ്ട് പറയാറുണ്ടത്രേ "നീ എത്ര സുന്ദരിയാണ് നിന്റെ പൂക്കള്‍ നല്‍കുന്ന സൌരഭ്യം എത്ര വലുതാണ് പക്ഷേ നിന്റെ ഈ മുള്ളുകള്‍? അത് ഈ സൌന്ദര്യം നിറഞ്ഞ നിന്നില്‍ വേണ്ടായിരുന്നു, സുരക്ഷക്കാണ് നീയിതിനെ നിലനിര്‍ത്തുന്നത് എങ്കില്‍ ഈ മട്ടുപ്പാവില്‍ എന്നും നീ സുരക്ഷിതയായിരിക്കും അതിനാല്‍ നിന്‍റെ മുള്ളുകള്‍ നിനക്കു വേണ്ട നിന്നെ ഞാന്‍ സംരക്ഷിക്കും" എന്നും  അദ്ദേഹം ഈ പ്രക്രിയ തുടര്‍ന്നു ക്രമേണ പുതുതായി കിളിര്‍ത്തു വന്ന കൊമ്പുകളില്‍ മുള്ളുകള്‍ ഉണ്ടായിരുന്നിലത്രേ. എന്നാല്‍ ഇവിടെ ചെടികളുടെ മനസിനെ പറ്റി  അത്ര പരിഷ്കാരം ഒന്നും ഇല്ലാത്ത വിവര സാങ്കേതിക ജ്ഞാനത്തിന്റെ പിന്തുണയൊന്നും ഇല്ലാത്ത സാധാരണക്കാരനായ ഒരു ബദുവിയന്‍ അറബിയുടെ അനുഭവ ജ്ഞാനത്തില്‍ നിന്നും നമുക്ക് ലഭിക്കുന്നു.

യാത്രയുടെയും അനുഭവത്തിന്റെയും പൊള്ളല്‍ അനുഭവിപ്പിക്കുന്ന എഴുത്താണ് മുസഫറിന്റെത്.  ചില അനുഭവങ്ങള്‍ തീവ്രവും സഹിക്കനാവാത്തവുമാണ്. മരണത്തിന്‍റെ പൊള്ളല്‍ എന്ന അദ്ധ്യായം അത്തരത്തില്‍ നമ്മെ പൊള്ളിക്കും. മരുഭൂമിയിലെ തീവ്രമായ ജീവിതാനുഭത്തിന്റെ വേര്‍പാടുകള്‍ ഉണ്ടാക്കുന്ന വേദന ആഴത്തില്‍ ഉള്ളതാണ് എന്ന് വരികള്‍ വ്യക്തമാക്കുന്നു.
"തോട്ടത്തില്‍ എള്ളുവിളഞ്ഞു നില്‍ക്കുന്നിടത്ത് എരിക്കാണെന്ന് തോന്നുന്ന മരമുണ്ട് ആ മരത്തില്‍ നിന്ന് അല്‍പ്പം മാറി മറ്റൊന്നു കൂടിയുണ്ട്. യൊരു മരത്തില്‍ നിന്നും മറ്റൊരു മരത്തിലേക്ക് ഒരു പെരുമ്പാമ്പിനെ വലിച്ചു കെട്ടിയിട്ടുണ്ട്. അതിനു ജീവനുണ്ട്. വലിച്ചു കെട്ടിയിട്ട നിലയിലും അത് ജീവനുള്ള പ്രതിഷേധ ചിഹ്നങ്ങള്‍ ദുര്‍ബലമാമെങ്കിലും  പ്രകടിപ്പിക്കുന്നുണ്ട്. വയര്‍ കീറാന്‍ പോലിസ് അനുമതി നല്‍കിയതോടെ പാമ്പിനെ മരങ്ങളില്‍ നിന്നും താഴെയിറക്കി. തുടര്‍ന്ന് അതിന്റെ വയറില്‍ വാള്‍ സമാനമായ രണ്ട് കത്തികള്‍ അവിടെയുള്ളവര്‍ പായിച്ചു. പതുക്കെ ചെയ്യൂ, അവന് ജീവനുണ്ടാകാനിടയുണ്ട്. അവനെ നോവിക്കാതെ പതുക്കെ കീറൂ- തോട്ടത്തിന്‍റെ ഉടമയായ ബദവി പറഞ്ഞു കൊണ്ടിരുന്നു...... പാമ്പിന്‍റെ വയര്‍ തുരക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെ മനുഷ്യ വിരലുകള്‍ പുറത്തുചാടി. പിന്നെ ഓരോ അവയവങ്ങളും പുറത്തേക്ക് വന്ന് കൊണ്ടിരുന്നു. ഒടുവില്‍ തുടക്കത്തില്‍ പറഞ്ഞപോലെ ഉറങ്ങികിടക്കുന്ന  മനുഷ്യന്‍ മുഴുവനായി പുറത്തേക്ക് വന്നു. മൃതദേഹത്തിന് മൂന്നു ദിവസം പഴക്കമുണ്ടെന്ന് പോലിസ് സംഘത്തോടൊപ്പം ഉണ്ടായിരുന്ന ഡോക്ടര്‍ സ്ഥിരീകരിച്ചു. അവനൊന്നും പറ്റിയിട്ടില്ലല്ലോ എന്ന് ആവര്‍ത്തിച്ചുകൊണ്ടിരുന്ന തോട്ടം മുതലാളി ഡോക്ടര്‍ മരണം സ്ഥിരീകരിച്ചതോടെ പൊട്ടികരയന്‍ തുടങ്ങി.

ടീഷര്‍ട്ടും ബര്‍മുഡയും ധരിച്ച നിലയിലുള്ള നേപ്പാളി തൊഴിലാളിയുടെ മൃതദേഹം കുഞ്ഞ് അമ്മയുടെ ഗര്‍ഭ പാത്രത്തില്‍ കിടക്കുന്ന അതേ നിലയിലായിരുന്നു"... എഴുത്തുകാരന്‍ അനുഭവിച്ച കാഴ്ചയുടെ ഈ പൊള്ളല്‍ വായനക്കാരിലും അതെ അളവില്‍ തന്നെ പൊള്ളിക്കുന്ന തരത്തില്‍ ആകുന്നു എന്നതാണ് ഈ എഴുത്തിന്റെ പ്രത്യേകത... 

മരുഭൂമിയിലെ വിവരിക്കാനാവാത്ത അനുഭവങ്ങള്‍ ഇങ്ങനെ അറ്റമില്ലാത്ത മരുഭൂമി പോലെ പരന്നു കിടക്കുന്നു. മുസഫ്ഫറിന്റെ എഴുത്തും ഇതുപോലെ ആഴത്തില്‍ മനസിനെ തൊട്ടു നില്‍ക്കുന്നു. മരുഭൂമിയുടെ ഓരോ അദ്ധ്യായത്തിലും ഭൂമിശാസ്ത്രത്തെ നന്നായി വിവരിക്കുന്നുണ്ട്
"ഗാരയുടെ വിടവുകള്‍ സൂര്യപ്രകാശത്തേയും അതിന്റെ ബലിഷ്ഠ പേശികള്‍ ശൂന്യതയെയും പുണര്‍ന്ന് നില്‍ക്കുന്നു. മരുഭൂമിയില്‍ മഴയും മണ്ണും മണലും കാറ്റും ചേര്‍ന്ന് നൂറ്റാണ്ടുകള്‍ കൊണ്ട് രൂപപ്പെടുത്തിയതായിരിക്കണം ജബല്‍ ഗാര എന്ന് വിളിക്കുന്ന ഈ മണല്‍പാറ മലകള്‍".
(ഗൂഡ ലിപികളില്‍ കൊത്തിയ ജലഭൂപടം എന്ന അദ്ധ്യായത്തില്‍).
അറേബ്യന്‍ മരുഭൂമിയുടെ അനുഭവ കഥകള്‍ മലയാളത്തില്‍ അത്ര പരിചിതമല്ല, ആയിരത്തൊന്നു രാവുകളും ഖലീന വ ദിംനയും വായിച്ച് തീര്‍ത്ത മലയാളിക്ക് മരുഭൂമിയുടെ ആത്മകഥ പുതിയൊരു അനുഭവ ഭാഷ്യം നല്‍കുന്നുണ്ട്. എത്ര യാത്ര ചെയ്താലും വീണ്ടും വീണ്ടും തിരിച്ചു വിളിക്കുന്ന ഒരു മാസ്മരികത ഈ മരുഭൂമികള്‍ക്കുണ്ട്. സൌദ്യ അറേബ്യയിലെ മക്ക, മദീനാ, ലൈല അഫ്ലാജ്, ജബല്‍ ഉല്ലൂഷ്, തബൂക്ക്, അല്‍ ജൌഫ്, അല്‍ ഉല, അല്‍ നഫൂദ്, സക്കാക, ദോമ, മദായിന്‍ സ്വാലിഹ് തുടങ്ങിയ ചരിത്രപ്രസിദ്ധമായ മരുപ്രദേശങ്ങളില്‍ സഞ്ചരിച്ച് ഉള്ളില്‍ ആവാഹിച്ച അനുഭവത്തിന്റെ അക്ഷരരൂപങ്ങളാണ് മനോഹരമായ ഭാഷയില്‍ വി മുസഫര്‍ അഹമ്മദ് എഴുതിയ മരുഭൂമിയുടെ ആത്മകഥ. ഈ യാത്രയില്‍ കൊതി തീരാതെയാണ് മുസഫര്‍ അവസാനിപ്പിച്ചത് എന്ന് മനസിലാക്കാം മുസഫര്‍ തന്നെ തന്റെ ഈ യാത്രയെ പറ്റി ഇങ്ങനെ എഴുതുന്നു "മണല്‍ യാത്രകള്‍ തുടരാന്‍ കഴിയുമെന്ന് തന്നെയാണ് പ്രതീക്ഷ. മരുഭൂമി എന്നും ക്ഷണിച്ചുകൊണ്ടിരിക്കും. ആയുസ്സിന്‍റെ ഇല പൊഴിയുംവരെ യാത്ര ചെയ്യേണ്ടവരാണല്ലോ മനുഷ്യര്‍"  
 



 
 
 
 
 
 
 
 
 
 
 
 
 
 
മലയാള മാധ്യമം വെബ് മാഗസിനിലെ വായന എന്ന പംക്തിയിലെ 5 ലക്കം