ലേഖനം
"അനുനയിക്കുവാനെത്തുമെൻകൂട്ടരോ-
ടരുളിടട്ടെയെന്നന്ത്യയാത്രാമൊഴി:
മറവിതന്നിൽ മറഞ്ഞു മനസ്സാലെൻ-
മരണഭേരിയടിക്കും സഖാക്കളേ!
സഹതപിക്കാത്ത ലോകമേ!-യെന്തിലും
സഹകരിക്കുന്ന ശാരദാകാശമേ!"
(മണിനാദം :- ഇടപ്പള്ളി)
ഒരാൾ സ്വയം ഇല്ലാതാവുക, സ്വന്തം ജീവനെടുക്കുക എന്ന രീതി മനുഷ്യനിൽ
തുടങ്ങിയിട്ട് നൂറ്റാണ്ടുകൾ ആയി. ഒരുപക്ഷെ ആദിമമനുഷ്യന്റെ കാലത്ത് തന്നെ
തുടങ്ങിയിട്ടുണ്ടാകാം. ആത്മഹത്യയെക്കുറിച്ചുള്ള പൊതുവായ അഭിപ്രായം ആദ്യകാല
നിവാസികൾക്കിടയിൽ എന്തായിരുന്നുവെന്ന് വ്യക്തമല്ല. എന്നിരുന്നാലും ലഭ്യമായ
വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഗ്രീക്കിലെ വീരന്മാരിൽ ഒരാളായ അജാക്കസ്,
വികാരാധീനനായി സ്വയം ജീവനൊടുക്കി. സ്പാർട്ടയിലെ നിയമസഭാംഗമായ ലൈക്കുർഗസ്
തന്റെ രാജ്യത്തിന്റെ നന്മയ്ക്കുവേണ്ടി ആത്മഹത്യ ചെയ്ത ഒരാളാണ്. ഏതാണ്ട്
എ.ഡി. 150-ൽ, "ഒരു മനുഷ്യന് പുക നിറഞ്ഞ ഒരു മുറിയിൽ നിന്ന്
പുറത്തുപോകാനുള്ള അവകാശം പോലെ തന്നെ ലോകം വിട്ടുപോകാനുള്ള അവകാശവും
ഉണ്ടായിരുന്നു" എന്ന് നെർവ-ആന്റണിൻ രാജവംശത്തിലെ അവസാനത്തെ അംഗവും, റോമൻ
ചക്രവർത്തിയും സ്റ്റോയിക് തത്ത്വചിന്തകനുമായിരുന്നു മാർക്കസ് ഔറേലിയസ്
അന്റോണിയസ് പ്രസ്താവിച്ചതായി പറയപ്പെടുന്നു*. ആത്മഹത്യ എല്ലാകാലത്തും
സമൂഹത്തിലെ പ്രധാന ചർച്ചകളിൽ ഒന്നായിരുന്നു. ഇങ്ങനെ സ്വയംഹത്യ
തെരെഞ്ഞെടുത്തവരിൽ വിവിധ മേഖലകളിൽ തന്റേതായ സംഭാവന നൽകിയ ഒട്ടേറെ
പ്രതിഭകളും ഉണ്ടായിരുന്നു.
പ്രതിഭകൾ അവരുടെ ജീവിതത്തെ പലപ്പോഴും സ്വയം ഇല്ലാതാക്കിയിട്ടുണ്ട്.
പ്രതിഭയുടെ ആധിക്യം അവരിൽ ഉണ്ടാക്കുന്ന മാനസിക സംഘര്ഷമാകാം കാരണം,
അതല്ലെങ്കിൽ സ്വകാര്യമായ മറ്റെന്തെങ്കിലും. അതെന്തായാലും ആത്മഹത്യകളിലൂടെ
ലോകത്തിന് വിവിധ തരത്തിൽ അനേകം പ്രശസ്തരെ നഷ്ടമായിട്ടുണ്ട്, അതിൽ
പ്രസിദ്ധരും, കുപ്രസിദ്ധരും പെടും.
നോബൽ സമ്മാനം ലഭിച്ച ഏണസ്റ്റ് ഹെമിങ്‌വേ, വിഖ്യാത ചിത്രകാരൻ വിൻസെന്റ്
വാൻഗോഗ്, കവയിത്രി സിൽവിയ പ്ലാത്ത്, ജപ്പാൻ സാഹിത്യകാരൻ യാസുനാരി കവബാത്ത,
പുലിസ്റ്റർ ജേതാവായ ഫോട്ടോഗ്രാഫർ കെവിൻ കാർട്ടർ, ജർമൻ ഏകാധിപതി അഡോൾഫ്
ഹിറ്റ്‌ലർ, ഹിറ്റ്ലറുടെ തന്നെ നാസി ജർമ്മനിയുടെ പ്രചരണ വിഭാഗം
മന്ത്രിയായിരുന്ന ഗീബൽസ്, ഹോളിവുഡ് നടൻ റോബിൻ വില്യംസ്, കമ്മ്യുണിസ്റ്റ്
നേതാവ് കനു സന്യാൽ, തിരുവിതാംകൂർ രാജ്യത്തെ ദളവ അഥവാ പ്രധാനമന്ത്രി
ആയിരുന്നു വേലായുധൻ ചെമ്പകരാമൻ തമ്പി എന്ന വേലുത്തമ്പി ദളവ, നോവലിസ്റ്റ്
നന്തനാർ, കവി ഇടപ്പള്ളി രാഘവൻ പിള്ള, എഴുത്തുകാരി രാജലക്ഷ്മി, ശില്പി
കൃഷ്ണകുമാർ, കവി ഗുഹൻ, കവയിത്രി നന്ദിത, "മലയാളി ഒരു തോറ്റ ജനതയാണ്" എന്ന്
എഴുതിവെച്ച സുബ്രഹ്മണ്യദാസ്, സ്വതന്ത്ര സോഫ്റ്റവെയർ ആക്ടിവിസ്റ്റ് ആരൺ
ഷ്വാർട്‌സ്... ഇങ്ങനെ പല കാരണങ്ങളാൽ പലവിധത്തിൽ സ്വയം ജീവിനൊടുക്കിയ
പ്രശസ്തരുടെ പട്ടിക നീണ്ടുപോകും.
ഇതുപോലെ ജപ്പാനിലെ പ്രശസ്തരായ രണ്ടു പ്രതിഭകളുടെ സർഗാത്മക ജീവിതവും
അവരുടെ ആത്മഹത്യപ്രവണതയും അവരുടെ പരസ്പര സർഗാത്മക ബന്ധവും ചേർത്ത്
വായിക്കുമ്പോൾ പ്രതിഭകൾ എല്ലാ കാലത്തും നേരിട്ടിരുന്ന ആത്മ സംഘർഷത്തിന്റെ
ആഴം എത്രയോ വലുതായിരിക്കും എന്ന് മനസിലാക്കാൻ സാധിക്കും. മുപ്പത്തിയഞ്ചാം
വയസിൽ സ്വയം ജീവിനൊടുക്കിയ എഴുത്തുകാരനായിരുന്നു റ്യൂനോസുകെ അകുതഗാവ (
Ryūnosuke Akutagawa) അതിലൊരാൾ. 1927ലാണ് അദ്ദേഹം ആത്മഹത്യ ചെയ്യുന്നത്.
വിഖ്യാത സംവിധായകൻ അകിര കുറസോവയാണ് ജീവിതത്തിലുടനീളം ആത്മഹത്യാ പ്രവണത
കണ്ടുനടന്ന മറ്റൊരാൾ. അകുതഗാവ സ്വയം ജീവനൊടുക്കുമ്പോൾ അന്ന് അകിര
കുറസോവക്ക് 17 വയസ്സാണ്. കുറസോവ 1998 സെപ്തംബർ 6, ന് മരണപ്പെട്ടു എങ്കിലും
പലതവണ അദ്ദേഹവും ആത്മഹത്യക്ക് ശ്രമിച്ചിട്ടുണ്ടായിരുന്നു. ഇരുവരും പലതവണ
ആത്മഹത്യാ ശ്രമങ്ങൾ നടത്തിയവരാണ്, അവരുടെ സർഗാത്മക ബന്ധത്തെ കൂടി ചേർത്ത്
വായിക്കുമ്പോൾ സർഗത്മകതയും ആത്മസംഘർഷവും എഴുത്തുകാരിൽ കലാകാരന്മാരിൽ
എത്രമാത്രം ചേർന്ന് നിന്നിരുന്നു എന്ന് മനസ്സിലാക്കാം. കുറസോവയെ ഏറെ
സ്വാധീനിച്ച എഴുത്തുകാരനാണ് റ്യൂനോസുകെ അകുതഗാവ. രണ്ടുപേരും ജപ്പാൻകാരാണ്.

പല തവണ ആത്മഹത്യശ്രമം നടത്തിയ അകുതഗാവ തന്റെ സുഹൃത്തിന് എഴുതിയ ആത്മഹത്യ
കുറിപ്പ് പ്രശസ്തമാണ്. "കഴിഞ്ഞ രണ്ട് വർഷമായി മരിക്കുന്നതിനെക്കുറിച്ച്
മാത്രമാണ് ഞാൻ ചിന്തിക്കുന്നത്. ഈ സമയത്താണ് ഞാൻ മെയിൻലാൻഡറിനെ ( Philipp
Mainländer ) അതീവ താല്പര്യത്തോടെ വായിച്ചത്. അമൂർത്തമായ ഭാഷയിൽ
മരണത്തിലേക്കുള്ള യാത്രയെ മെയിൻറാൻഡൽ സമർത്ഥമായി ചിത്രീകരിക്കുന്നു എന്നതിൽ
സംശയമില്ല. എന്നിരുന്നാലും, അതേകാര്യം കൂടുതൽ വ്യക്തമായി ചിത്രീകരിക്കാൻ
ഞാൻ ആഗ്രഹിക്കുന്നു".
ഈ മനുഷ്യൻ മരണത്തെ എത്ര ഒരുക്കത്തോടുകൂടിയാണ് മാടിവിളിച്ചത്, ആ കുറിപ്പ് വീണ്ടും തുടരുന്നു.
"എന്റെ ആദ്യത്തെ ചിന്ത വേദനയില്ലാതെ എങ്ങനെ മരിക്കാം എന്നതായിരുന്നു.
തീർച്ചയായും, ആത്മഹത്യയാണ് ഇതിന് ഏറ്റവും അനുയോജ്യമായ മാർഗം.
എന്നിരുന്നാലും, ഞാൻ സ്വയം തൂങ്ങിക്കിടക്കുന്നതായി സങ്കൽപ്പിച്ചപ്പോൾ,
എനിക്ക് അതിരുകടന്ന സൗന്ദര്യാത്മക വെറുപ്പ് തോന്നി. എനിക്ക് നീന്താൻ
അറിയാവുന്നതിനാൽ മുങ്ങിമരിക്കുന്നത് പോലും എന്റെ ലക്ഷ്യത്തിലെത്തില്ല.
മാത്രവുമല്ല, അത് വിജയിച്ചാലും തൂങ്ങിമരിച്ചതിലും വലുതായിരിക്കും വേദന.
അല്ലെങ്കിൽ കത്തി ഉപയോഗിച്ചുള്ള മരണം എന്റെ വിറയൽ മൂലം പരാജയപ്പെടാൻ
സാധ്യതയുണ്ട്. ഒരു കെട്ടിടത്തിൽ നിന്ന് ചാടുന്നതും വൃത്തികെട്ടതായിരിക്കണം.
ഇക്കാരണങ്ങളാൽ, സ്വയം കൊല്ലാൻ മയക്കുമരുന്ന് ഉപയോഗിക്കാൻ ഞാൻ
തീരുമാനിച്ചു. തൂങ്ങിമരിക്കുന്നതിനേക്കാൾ വേദനാജനകമായിരിക്കും
മയക്കുമരുന്ന് ഉപയോഗിച്ചുള്ള മരണം. എന്നിരുന്നാലും,
തൂങ്ങിമരിക്കുന്നതിനേക്കാൾ സൗന്ദര്യാത്മകമായി വെറുപ്പുളവാക്കാത്തതും
അപകടസാധ്യതയില്ലാത്തതുമാണ്".
മരണത്തെ കുറിച്ച് തീവ്രമായ അന്വേഷണത്തിലൂടെ അതിലേക്ക്
എത്തിച്ചേരുകയായിരുന്നു റ്യൂനോസുകെ അകുതഗാവ. അദ്ദേഹത്തിന്റെ പ്രസിദ്ധമായ
രണ്ടുകഥകളാണ് In a Grove (ഒരു കാട്ടിൽ) റാഷമോൺ എന്നിവ. നമുക്കൊന്നും അത്ര
പരിചിതമല്ലാത്ത ഒരു രീതി സ്വീകരിച്ചുകൊണ്ട് വ്യത്യസ്തമായി എഴുതിയ
വിശ്വാത്തര കഥകളാണ് ഇവരണ്ടും, ഈ കഥകളെ അടിസ്ഥാനമാക്കി കുറസോവ എടുത്ത,
റാഷമോൺ എന്ന സിനിമയും.

കുറസോവ
നാം കാണുന്ന സത്യം ആപേക്ഷികമാണ് എന്നും അവസ്ഥകൾക്കനുസരിച്ചു
വ്യത്യസ്തമാകാം എന്നും കൊടും ക്രൂരതകൾ വരെ സാധൂകരിക്കപ്പെടും
എന്നൊക്കെയുള്ള അവസ്‌ഥ ഈ കഥകളിൽ കാണാം. കാട്ടിൽ ഒരു കൊലപാതകം നടക്കുന്നതാണ്
സംഭവം. കാട് ഇവിടെ മനുഷ്യമനസ്സാണ്. പോലീസ് കമ്മീഷണറുടെ മുമ്പിൽ ഒരു
വിറകുവെട്ടുകാരന്റെ മൊഴിയോടെയാണ് കഥ തുടങ്ങുന്നത്. വിറകുവെട്ടുകാരൻ കാട്ടിൽ
കണ്ട ശവശരീരത്തെ പറ്റിയും താൻ കണ്ട പരിസരവും കമീഷണറോട് വിശദീകരിച്ചു.
സഞ്ചാരിയായ ബുദ്ധസന്യാസിയുടെ മൊഴിയായിരുന്നു അടുത്തത്. കൊല്ലപ്പെട്ടയാളുടെ
വസ്ത്രത്തെക്കുറിച്ചും സാഹചര്യങ്ങളെ കുറിച്ചും സന്യാസിയുടെ ഊഹങ്ങളാണ് ആണ്
കമ്മീഷണറുമായി പങ്കുവെച്ചത്. സംഭവുമായി ബന്ധപ്പെട്ടു കുപ്രസിദ്ധ
കൊള്ളക്കാരൻ തേജോമാരുവിനെ സാഹസികമായി കീഴടക്കി അറസ്റ്റ് ചെയ്ത വീരവാദം
മേലധികാരിക്കു മുന്നിൽ അവതരിപ്പിക്കുകയാണ് അടുത്ത ഭാഗം. പോലീസുകാരൻ
കമ്മീഷണറുടെ മുമ്പാകെ നൽകിയ മൊഴിയിൽ തേജോമാരുവാണ് കുറ്റക്കാരൻ.
"കിയോട്ടുവിന് ചുറ്റും പരുങ്ങി നടക്കുന്ന കൊള്ളക്കാരിൽ ഈ തേജോമാരുവാണ്
സ്ത്രീകൾക്ക് ഏറ്റവും ദ്രോഹം ചെയ്യുന്നവൻ" ഇതാണ് പോലീസുകാരന്റെ മൊഴിയിൽ
ഉള്ള വാദം. എന്നാൽ കമ്മീഷണറുടെ മുമ്പാകെ ഹാജരായ വൃദ്ധ പറയുന്നത് തന്റെ
മകളുടെ ഭർത്താവിന്റേതാണ് ശവം എന്നാണ്. അവർക്കും ആ കൊള്ളകാരനെയാണ് സംശയം.
തേജോമാരുവിന്റെ കുറ്റസമ്മതം കഴിഞ്ഞാൽ കഥ അവസാനിക്കും എന്നു കരുതിയാൽ
തെറ്റി, തീർത്തും വ്യത്യസ്തമായ മൊഴിയായിരുന്നു ഷിമീഡു ക്ഷേത്രത്തിലേക്ക്
വന്ന സ്ത്രീയുടേത്. പിന്നീട് കഥ കൊല്ലപ്പെട്ട ആത്മാവിന്റെ വിവരണം കൂടി
ആയതോടെ അസാധാരണമായ മറ്റൊരു തലത്തിൽ എത്തുന്നു.
ഈ രണ്ടു കഥകളിൽ നിന്നാണ് വിഖ്യാത ജപ്പാനീസ് സംവിധായകൻ അകിര കുറസോവ
റാഷമോണെന്ന ക്ലാസിക്ക് സിനിമ എടുക്കുന്നത്. പ്രതിഭയുടെ നിറകുടമായ കുറസോവ
നൽകിയ ഈ ക്‌ളാസിക് സിനിമ കാണാത്തവർ ചുരുക്കമായിരിക്കും. 1943ൽ സംശിരോ സുഗത
(Sanshiro Sugata) എന്ന സിനിമയിൽ തുടങ്ങി 1993 ൽ ഇറങ്ങിയ അവസാന സിനിമയായ
മദാദയോ (Mādadayo) വരെ നീണ്ട ചലച്ചിത്ര ജീവിതം ലോകത്തിനു നൽികിയ സംഭാവനകൾ
എണ്ണമറ്റതാണ്. 1998 സെപ്തംബർ 6 നു ഈ മഹാപ്രതിഭ മരണപെട്ടു, അകിര കുറസോവ
തന്റെ വ്യക്തിജീവിതം തുറന്ന് ചർച്ച ചെയ്യാൻ തയ്യാറായിരുന്നില്ല. 1981-ൽ
പ്രസിദ്ധീകരിച്ച ആത്മകഥയിൽ (Something like an Autobiography) 1950-ൽ
ഇറങ്ങിയ റാഷോമോൺ വരെ മാത്രമേ സൂചിപ്പിച്ചിട്ടുള്ളൂ. അതിനപ്പുറത്തേക്ക്
അദ്ദേഹം താനായി സഞ്ചരിച്ചത് സിനിമയിലെ കഥാപാത്ര സൃഷ്ടിയിലൂടെയായിരുന്നു.
"റാഷോമണിന് ശേഷം എനിക്ക് എന്ത് സംഭവിച്ചുവെന്ന് മനസിലാക്കുക എന്നെ
സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ടതാണ് എന്ന് ഞാൻ കരുതുന്നു, റാഷോമോണിന്
ശേഷം ഞാൻ ചെയ്ത സിനിമകളിലെ കഥാപാത്രങ്ങളിൽ എന്നെ അന്വേഷിക്കാൻ."
1971ൽ കുറസോവ വീണ്ടും ആത്മഹത്യ ശ്രമം നടത്തിയിരുന്നു, അതിനു കാരണം
ശരീരത്തിലെ പിത്താശയത്തിൽ രൂപപ്പെട്ട കല്ലുകൾ ഉണ്ടാക്കിയിരുന്ന വേദന
മാത്രമായിരിക്കില്ല. അറുപതുകൾ തൊട്ട് സിനിമയിൽ വന്ന മാറ്റങ്ങൾ, വിപണിയുടെ
സ്വാധീനം, തന്റെ സിനിമകളുടെ പരാജയം - ഇതൊക്കെയാകാം. 1960-കളിൽ പുതിയ
താൽപ്പര്യങ്ങളുള്ള നവസംവിധായകരുമായി സിനിമാവ്യവസായം അദ്ദേഹത്തിൽ നിന്ന്
അകന്നുപോകാൻ തുടങ്ങിയിരുന്നു. യുദ്ധാനന്തര കാലഘട്ടത്തിൽ, വഴിതെറ്റിപ്പോയ
ഒരു സമൂഹത്തിൽ അദ്ദേഹത്തിന്റെ ധാർമ്മികമായ അധ്യാപനസ്വരം സ്വാഗതം
ചെയ്യപ്പെട്ടിരുന്നു, എന്നാൽ തീവ്രമായ അന്തഃസംഘർഷത്തിലും 1950-കളുടെ
അവസാനവും 1960-കളുടെ അവസാനവും കുറോസോവയെ സംബന്ധിച്ചു അത്ര
ശുഭകരമായിരുന്നില്ല. എന്നാൽ 1965ൽ ഇറങ്ങിയ റെഡ് ബിയേർഡ്, ഡോഡെസ്‌കാ-ഡെൻ
(1970) ദർസു ഉസാല (1975) റാൻ (1985) ഡ്രീംസ് (1990) റാപ്‌സോഡി ഇൻ ഓഗസ്റ്റ്
(1991) തുടങ്ങിയ സിനിമകൾ നൽകി ആ പ്രതിഭ അത്ഭുതപ്പെടുത്തൽ തുടർന്നു.
കുറസോവ തന്റെ എൺപത്തിയെട്ടു വർഷത്തെ ജീവിതത്തിനിടയിൽ പലതവണ ജീവിതത്തിൽ
നിന്നും ഇറങ്ങി പോകാൻ ശ്രമിച്ചതിനു പിന്നിൽ അദ്ദേഹത്തിൽ വളർന്നു വന്ന
ആത്മസംഘർഷങ്ങൾക്ക് വലിയ പങ്കുണ്ടാവാം. പതിമൂന്നാം വയസ്സിൽ ഉണ്ടായ ഭൂകമ്പം
നൽകിയ ഭായനകമായ ഓർമ്മകൾ തന്റെ ആത്മകഥയിൽ പരാമർശിക്കുന്നുമുണ്ട്. "കരിഞ്ഞ,
പാതി കത്തിക്കരിഞ്ഞ ശവങ്ങൾ, ഗട്ടറുകളിൽ, നദികളിൽ, പാലങ്ങളിൽ എല്ലാം ശവങ്ങൾ
നിറഞ്ഞിരിക്കുന്നത് ഞാൻ കണ്ടു..." പിന്നീട് അമേരിക്കയുടെ ലോകത്തെ നടുക്കിയ
ഹിരോഷിമയിലും നാഗസാക്കിയിലും ആറ്റംബോംബ് ആക്രമണത്തെയും അതിജീവിച്ചു,
ഏതൊരു കലാകാരനേയും ആത്മസംഘർഷത്തിൽ പിടിച്ചുലക്കുന്ന സംഭവങ്ങൾ. ഇതെല്ലാം
ഉള്ളിൽ പതഞ്ഞു പൊങ്ങിക്കൊണ്ടിരുന്നപ്പോൾ അതിന്റെ തീവ്രത സിനിമകളിൽ നിറഞ്ഞു,
ഇനിയും വയ്യെന്ന അവസ്ഥയിൽ വാർധക്യത്തിലും അദ്ദേഹത്തെ അലട്ടിയിരുന്നത്രെ.
അത് ആത്മസംഘർഷങ്ങളുടെ കൂടിയായിരുന്നു. ഒരേ രാജ്യത്ത് ഒരേ ഭാഷയിൽ ചിന്തിച്ച,
എഴുത്തിലും സിനിമയിലും അത്ഭുതങ്ങൾ സൃഷ്ടിച്ച രണ്ടു പ്രതിഭകൾ.
ആത്മസംഘർഷത്താൽ ജീവിതത്തിൽ നിന്നും കുതറിയോടാൻ പലതവണ ശ്രമിക്കുകയും
അതിലൊരാൾ വളരെ പെട്ടെന്ന് കുതറി ഓടുകയും ചെയ്‌തു. ഒരാളുടെ എഴുത്തിന്
മറ്റൊരാൾ അഭ്രപാളിയിൽ കാവ്യം തീർത്തു. രണ്ടും ക്ലാസിക്കുകൾ.
റഫറൻസ് :
* Suicide Its History, Literature, Jurisprudence, Causation, and Prevention - W. Wynn Westcott
* Something Like An Autobiography: Akira Kurosawa
* To the distant observer: form and meaning in the Japanese cinema: Noel Burch
==========================================
wtplive.in
28th September | Issue 178