Friday 3 November 2023

ബസ്തർ: ആദിവാസി ജീവിതങ്ങളിലൂടെ ഒരു യാത്ര

 

പുസ്തക പരിചയം | 'ആംചൊ ബസ്തർ'

 



ഇന്ത്യയിലെ ഏറ്റവും വലിയ ആദിവാസി മേഖലകളിലൂടെയുള്ള ഒരു സാഹസിക യാത്രയാണ് നന്ദിനി മേനോൻ എഴുതിയ 'ആംചൊ ബസ്തർ' എന്ന പുസ്തകം. ഭാരതീയ പുരാണങ്ങളിലെ ദണ്ഡകാരണ്യമെന്ന ഇടമാണ് ഇപ്പോൾ  ഛത്തീസ്ഗഡ് സംസ്ഥാനത്തിന്റെ ഭാഗമായ ബസ്തര്‍, ദന്തേവാദ, കൊണ്ടെഗാവ്, നാരായണ്‍പൂര്‍, കാംകേര്‍, സുക്മ, ബിജാപൂര്‍ എന്നീ ഏഴു ജില്ലകള്‍ ഒന്നിച്ചുചേരുന്ന റെഡ് കോറിഡോർ എന്നറിയപ്പെടുന്ന ബസ്തര്‍. 


ബസ്തർ: ആദിവാസി ജീവിതങ്ങളിലൂടെ ഒരു യാത്ര

ഈ പുസ്തകം കാഴ്ചകളെ എഴുതി വെക്കുക മാത്രമല്ല ചെയ്യുന്നത്‌, ചരിത്രത്തെയും ഭൂമി ശാസ്ത്രത്തെയും പരത്തി വിവരിക്കുകയുമല്ല; മറിച്ച്‌ അല്ലവയെല്ലാം പാകത്തിലുള്ള ചേരുവയാക്കി മനോഹരമായി ആവിഷ്കരിക്കുകയാണ്. ജനജീവിതം, മനുഷ്യരുടെ വേദനകൾ, പ്രണയങ്ങൾ, സമരങ്ങൾ.... എന്നിങ്ങനെ ബസ്തറിലെ ജീവിതാവസ്ഥകളെ കൃത്യമായി നിരീക്ഷിച്ച് കാലങ്ങളെടുത്ത് പഠിച്ചു മികച്ച ഭാഷയിൽ എഴുതിയ പുസ്തകമാനിത്‌.


ഐതിഹാസികമായും ഭൂമിശാസ്ത്രപരമായും നരവംശശാസ്ത്രപരമായുമൊക്കെ പ്രാധാന്യം നിലനിൽക്കുന്ന ഇവിടം പോരാട്ടങ്ങളുടെയും കലാപങ്ങളുടെയും ചോരപ്പാടുകൾ പതിഞ്ഞ ഭൂമിക കൂടിയാണ്. സംഭവങ്ങളെ എത്ര മനോഹരമായാണ് അവതരിപ്പിക്കുന്നത്‌ എന്നതിന്റെ ഉദാഹരണമാണ്, പ്രണയകഥകൾ വിശദീകരിക്കുന്ന ഭാഗം.  ഗ്രാമീണ സാമൂഹിക അവസ്ഥകൾ നാടോടിക്കഥയുടെ നൈർമല്യത്തോടെയാണ് പറഞ്ഞു വെക്കുന്നത്‌. ’ജിട്കു മിട്കി' എന്ന അധ്യായത്തിലൂടെ സഞ്ചരിക്കുമ്പോൾ അത് കാണാം. 


 ആംചൊ ബസ്തർ

▪ നന്ദിനി മേനോൻ

(സഞ്ചാര സാഹിത്യം) 

പ്രസാ: മാതൃഭൂമി ബുക്സ്‌


"കൃഷിയും കന്നുകാലികളും ധാരാളമുള്ള ഏഴാങ്ങളമാരുടെ കുഞ്ഞിപ്പെങ്ങളായിരുന്നു അതിസുന്ദരിയായ മിട്കി. കൗമാരം താണ്ടും മുന്നേതന്നെ സുന്ദരനും ധനികനും ഭാര്യവീട്ടിൽ തങ്ങാൻ തയ്യാറായവനുമായ വരനെ അവരന്വേഷിച്ചു തുടങ്ങി. എന്നാൽ അതിമനോഹരമായി വാദ്യോപകരണങ്ങൾ വായിക്കുന്ന അയൽഗ്രാമക്കാരനായ ജിട്കു  അവളുടെ മനസ്സിൽ കുടിയേറിയിരുന്നു. അയാൾ ദരിദ്രനായ കന്നുകാലിച്ചെറുക്കനായിരുന്നു എന്നത് മിട്കിക്ക്  വിഷയമായിരുന്നതുമില്ല. നീണ്ട മുടിയും നീളൻ മുക്കും നിലാവിന്റെ നിറവുമുള്ള മിട്കി അവനിൽ നിറഞ്ഞുതൂവിയിരുന്നു.


മിട്കിയുടെ പ്രണയത്തിനു മുന്നിൽ ആങ്ങളമാർക്ക് വഴങ്ങേണ്ടിവന്നു. ചൈത്രത്തിൽ വിവാഹം നടന്നു. പക്ഷേ, ഭാര്യവീട്ടിൽ തങ്ങാതെ ജിട്കു  ചെറിയൊരു കുടിൽ കെട്ടി മിട്കിയുടെ ഗ്രാമത്തിൽ ജീവിതമാരംഭിച്ചു. ആ മിഥുനങ്ങളുടെ പ്രണയം മഹുവക്കൊമ്പിലെ കാട്ടുതേവിയെപ്പോലും മോഹിപ്പിച്ചു. സല്ലാപങ്ങൾ പൂത്തുലഞ്ഞ ചമ്പയെപ്പോലും നാണിപ്പിച്ചു. രണ്ടുപേരും ആങ്ങളമാർക്കൊപ്പം പാടത്ത് കറിനാദ്ധ്വാനം ചെയ്തു.


അങ്ങനെയിരിക്കേയാണ് ഗ്രാമത്തിൽ അതിരൂക്ഷമായ വരൾച്ചയും ക്ഷാമവും ആരംഭിച്ചത്. കന്നുകാലികൾ ചത്തൊടുങ്ങാൻ തുടങ്ങി, പാടങ്ങൾ കരിഞ്ഞു. ഗ്രാമപഖരായ സഹോദരങ്ങൾ ചേർന്ന് വിശാലമായൊരു കുളം കുഴിച്ചെങ്കിലും അത് വീണ്ടുകീറിക്കിടന്നു. മരണം ഗ്രാമവാതിൽക്കൽ വന്നതിൽ അന്നൊരു രാവിൽ കുലദേവത മൂത്ത ആങ്ങളയുടെ സ്വപ്നത്തിൽ വന്ന് സുന്ദരനും നല്ലവനും അദ്ധ്വാനിയും ലക്ഷണയുക്തനുമായ യുവാവിന്റെ ബലി ആവശ്യപ്പെട്ടു. അയാളത് ആവേശത്തോടെ ഗ്രാമീണരുമായി പങ്കിട്ടു. എന്നാൽ അങ്ങനൊരാളെ കണ്ടുപിടിക്കാനാവാതെ അവർ വലഞ്ഞു.



അപ്പോഴാണ് ഒരിക്കൽ മിട്കിയെ കിനാവു കണ്ടു തളർന്നിരുന്ന ഗ്രാമീണ യുവാക്കൾ ആങ്ങളമാരെ സമീപിക്കുന്നത്. ഇപ്പറഞ്ഞ ലക്ഷണങ്ങളെല്ലാം തികഞ്ഞ ജിട്കുവിനെ ബലികൊടുക്കുക, അവൻ നമ്മുടെ ഗ്രാമക്കാരനല്ല. നമ്മുടെ ഗ്രാമം രക്ഷപ്പെടും, യൗവ്വനത്തിലേക്കു കാൽകുത്തിയിട്ടുള്ള മിട്കിയെ പരിണയിക്കാൻ മേളപോലെ ചെറുപ്പക്കാർ വരും. ആങ്ങളമാർ ജിട്കുവിനെയും കൊണ്ട് പിറ്റേന്ന് പാടത്തേക്കു പോയി. അന്നുച്ചയ്ക്ക് ഇടിവെട്ടി കാടുലഞ്ഞ് ആർത്തിരമ്പി മഴ പെയ്തു. 


മിട്കീ റാഗിച്ചോറും കറികളും കമ്പിളി നിർത്തിയ കിടക്കയുമായി കാത്തിരുന്നു. മുറ്റത്തുകൂടെ ചുവന്ന ചാലുകൾ അട്ടഹസിച്ചൊഴുകി. ജിട്കി  വന്നില്ല. അവളുടെ കൊച്ചുകുടിൽ ചോർന്നൊഴുകി, മുറ്റത്തെ മന്ദാരം മുഖം കുത്തി. ജിട്കു വന്നില്ല. കൂരിരുട്ടത്ത് അവൾ അന്വേഷിച്ചിറങ്ങി. നിറങ്ങളും പാലങ്ങൾ തിരഞ്ഞു. തകർന്ന ഏറുമാടങ്ങൾ തിരഞ്ഞു. പൊട്ടിയൊലിക്കുന്ന പാറപ്പ ങ്ങളിലും തട്ടിയുടഞ്ഞ താഴ്വാരങ്ങളിലും തിരഞ്ഞു. ജിട്കുവിനെ വിളിച്ച കേണവൾ കുളക്കരയിലെത്തി. നിറഞ്ഞൊഴുകുന്ന കുളത്തിൽ അവരി അവന്റെ മണം കിട്ടി. പെരുമഴയത്ത് ഭ്രാന്തിയെപ്പോലെ അവൾ കുളത്തിൽ മുങ്ങിത്തപ്പി. ഒടുവിൽ പാതിരാവിൽ അവന്റെ മുറിച്ചുമാറ്റപ്പെട്ട ശിരസ്സുമായി അവൾ പൊങ്ങി.


ചെളിവെള്ളത്തിൽ ആലോലം വാർന്നുനിന്ന് അവൾ ഗ്രാമത്തെ ഉള്ളിൽ ശപിച്ചു. ഒരിക്കലും ഗുണം പിടിക്കാതെ നശിച്ചുപോകട്ടെ. പിറ്റേന്ന് പെരുമഴ തോർന്നപ്പോൾ കാലുകൾ തല്ലിയൊടിച്ച നിലയിൽ ജിട്കുവിന്റെ കബന്ധം കുളക്കരയിലും അവന്റെ ശിരസ്സിനെ മാറോടു ചേർത്ത നിലയിൽ മിട്കിയുടെ ശരീരം കുളത്തിലും ഗ്രാമീണർ കണ്ടു. അത് ഫലഭൂയിഷ്ഠമായിരുന്ന ആ ഗ്രാമത്തിന്റെ ഒടുക്കത്തിന്റെ തുടക്കമായിരുന്നു.


പിന്നീട് പല രാവുകളിലും അടുത്ത ഗ്രാമങ്ങളിലെ ഊടുവഴികളിലൂടെ ചോരയൊലിക്കുന്നൊരുവൻ മുടന്തുന്ന കാലും വലിച്ചു നടന്നു കേണ്‌  മീട്കി....നീണ്ടമുടിയുമായി നനഞ്ഞൊട്ടിയ ഒരുവൾ കൈകൾ നീട്ടി വിലപിച്ചു. ജിട്കൂ.. പലരുടെയും കിനാവുകളിൽ ഉറക്കെയൊരു വിലാപവുമായി അവർ.ഒരു ഗ്രാമത്തിന്റെ ദുരന്തപര്യവസാനമായി മാറിയ പ്രണയകഥ പകർത്തി ഗ്രാമചിത്രം വരയ്ക്കുമ്പോൾ ഒരു നാടോടിക്കഥ വായിക്കുമ്പോലെ വായിക്കാവുന്ന രീതിയിലാണ് ഈ പുസ്തകത്തിലെ ഭാഷ. 


ഇന്തയിലെ ഏറ്റവും വലുതും അതിപുരാതമവുമായ ഏഴു ജില്ലകൾ ഒന്നിച്ചു ചേരുന്ന  ആദിവാസി മേഖലയായ ബസ്തർ ഡിവിഷന്റെ ഭൂമിശാസ്ത്രപരമായ കിടപ്പ് വിവരിച്ചു കൊണ്ട് തുടങ്ങുന്ന ആംചൊ ബസ്തർ മികച്ച വായനനുഭവം തരുന്നു. കൃതിയുടെ ആഖ്യാന രീതി സഞ്ചാര സാഹിത്യത്തിൽ തന്നെ പുതുവഴി സൃഷ്ടിച്ചിരിക്കുന്നു.

______________________________________________________________

 

:ബഹുസ്വര വെബ് മാഗസിനിൽ 31 October 2023ന്  പ്രസിദ്ധീകരിച്ചു


https://bahuswara.in/literature/f/ബസ്തർ-ആദിവാസി-ജീവിതങ്ങളിലൂടെ-ഒരു-യാത്ര

No comments:

Post a Comment