സിനിമ
ലോകത്തിന്റെ മുഖച്ഛായ മാറ്റിയ ഇതിഹാസമാണ് കാള്‍ മാര്‍ക്‌സ്. ലോകത്തിന്റെ ഏത് കോണിലും ഏതു മാറിയ സാഹചര്യത്തിലും മനുഷ്യർക്ക് വേണ്ടി സംസാരിക്കുകയും പൊരുതുകയും ചെയ്യുകയാണ് അപ്പോഴും ഇപ്പോഴും മാർക്സ്. മുതലാളിത്തവും സാമ്രാജ്യത്വവും ഫാസിസവും സൃഷ്ടിക്കുന്ന മനുഷ്യവിരുദ്ധ മാരക വൈറസുകളുടെ ചികിത്സകരാണ് 'മാർക്സിസ്റ്റുകൾ. മാർച്ച് 14നാണ് കാറൽ മാർക്സിന്റെ ചരമദിനം

അതുകൊണ്ട് രോഗമുള്ള കാലം വരെ മാർക്സിസവും മാർക്സിസ്റ്റുകളും ലോകത്തെ സ്വാധീനിച്ചു കൊണ്ടിരിക്കും. 19-ാം നൂറ്റാണ്ടിലെ തൊഴിലാളിവർഗ്ഗത്തിന്റെ പോരാട്ടങ്ങളെയും വർഗ്ഗസമരത്തെയും വിശകലനം ചെയ്യുകയും മാർക്സിന്റെ ജീവിതത്തിലെ പ്രധാനപെട്ട കാലഘട്ടത്തിലൂടെ സഞ്ചരിക്കുകയും ചെയ്യുന്ന ഫ്രഞ്ച്- ജർമൻ സിനിമയാണ് റൗൾ പെക്ക് സംവിധാനം ചെയ്ത 2017ൽ ഇറങ്ങി ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ "ദ യങ് കാൾ മാർക്‌സ്".
കാൾ മാർക്സിന്റെയും ഫ്രെഡറിക് എംഗൽസിന്റെയും ജീവിതത്തിലെ നിർണായകമായ യുവത്വത്തെ അവതരിപ്പിക്കുന്ന ചിത്രമാണിത്. 1840-കളിലെ യൂറോപ്പിലെ രാഷ്ട്രീയവും സാമൂഹികവുമായ സാഹചര്യങ്ങളെ പശ്ചാത്തലമാക്കിയാണ് സിനിമ മുന്നോട്ട് പോകുന്നത്.1843-ലെ കാലഘട്ടത്തിൽ നിന്ന് ആരംഭിക്കുന്ന ചിത്രം, കാൾ മാർക്‌സും ഫ്രെഡറിക് എംഗൽസും തമ്മിൽ കണ്ടുമുട്ടുന്നതും അവരുടെ സൗഹൃദം വളരുന്നതും മനോഹരമായ സീനുകളിലൂടെ വ്യക്തമാക്കുന്നു. അതിലൂടെ അക്കാലത്തെ രാഷ്ട്രീയ-സാമൂഹിക അവസ്ഥകളെ കുറിച്ച് അവർ എങ്ങനെ ചിന്തിക്കുന്നുവെന്നും സിനിമയിൽ വ്യക്തമാക്കുന്നുണ്ട്. അവരിലെ ആശയങ്ങൾ രൂപപ്പെടുന്നതും, പരസ്പരം സഹകരിക്കുന്നതും, അവരുടെ സൗഹൃദം വളരുന്നുതുമൊക്കെ കാണാം .

ചരിത്രപരമായി ഏറെ പ്രാധാന്യം അർഹിക്കുന്ന 1840-കളിലെ യൂറോപ്പിന്റെ രാഷ്ട്രീയവും സാമൂഹികവുമായ സാഹചര്യങ്ങളെ കൃത്യമായി അവതരിപ്പിക്കുന്നു എന്നതാണ് ഈ സിനിമയുടെ പ്രത്യേകത. അതിലൂടെ മാർക്സിസത്തിന്റെ ഉദയത്തെക്കുറിച്ചും അതിന്റെ ചരിത്രപരമായ പശ്ചാത്തലത്തെക്കുറിച്ചും ചിത്രം വ്യക്തമായ കാഴ്ച നൽകുന്നു. കാൾ മാർക്സിന്റെയും ഫ്രെഡറിക് എംഗൽസിന്റെയും വ്യക്തിപരമായ ജീവിതവും കൂടി ഉൾപെടുത്തുന്നതോടെ അവരുടെ ആശയങ്ങളുടെ രൂപീകരണത്തെ ഇതെല്ലാം എങ്ങനെ സ്വാധീനിച്ചു എന്നത് സിനിമയിൽ കാണാം.
ഇതിൽ എടുത്തു പറയേണ്ട ഒരു കാര്യം കാൾ മാർക്‌സിനെ അവതരിപ്പിച്ച ഓഗസ്റ്റ് ഡീലിന്റെ മികച്ച അഭിനയമാണ്. ഒരു ചരിത്ര പുരുഷനെ അവതരിപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അഭിനേതാവ് സൂക്ഷ്മമായി പരിഗണിച്ചിട്ടുണ്ട്. അതുപോലെഫ്രെഡറിക് എംഗൽസിന്റെ വേഷം മനോഹരമാക്കിയ സ്റ്റെഫാൻ കോണാർസ്‌കി അവരുടെ സൗഹൃദവും, ആശയപരമായ സഹകരണവും മികച്ച രീതിയിൽ അവതരിപ്പിക്കുന്നു. സാങ്കേതികമായ മികവും സിനിമയെ ലോകോത്തരമാക്കുന്നു.സിനിമയുടെ ദൃശ്യങ്ങളും സംഗീതവും ചിത്രത്തിന്റെ അന്തരീക്ഷത്തിനോട് ഏറെ ചേർന്ന് നിൽക്കുന്നു.
_______________________________________________________
2025 മാർച്ച് 14 ന് ബഹുസ്വരയിൽ പ്രസിദ്ധീകരിച്ചത്
Link - https://bahuswara.in/politics/f/the-young-karl-marx-life-and-message-of-marx--faisal-bava
No comments:
Post a Comment