Monday, 2 May 2022

ആശയത്തിനുവേണ്ടി കലഹിക്കുന്ന കലാകാരൻ.

 (ബാർട്ട് ഹൈലൻ എന്ന കലാകാരന്റെ ചിത്രങ്ങളിലൂടെ )

 

നുഷ്യരൂപത്തിന് വലിയ അഭിരുചിയുണ്ട് എന്ന് വിശ്വസിക്കുകയും  വിചിത്രവും അസാധാരണവുമായ പെയിന്റിങ്ങുകളിലൂടെ  സൗന്ദര്യം, സ്ഥിരത, മാനസികാരോഗ്യം  എന്നിവ തിരയുന്ന കല നിർമ്മിക്കുകയും ചെയ്യുന്ന കലാകാരനാണ് ബെൽജിയത്തിൽ നിന്നുള്ള ബാർട്ട് ഹൈലൻ (Bart Heijlen). സൗന്ദര്യം, സ്ഥിരത, മാനസികാരോഗ്യം  എന്നിവയ്‌ക്കായുള്ള തിരയലാണ് തന്റെ കലയെന്ന് അദ്ദേഹം പറയുന്നു.



പരമ്പരാഗത പെയിന്റിങ്ങിന്റെ  പുനരുപയോഗം അദ്ദേഹത്തിന്റെ സൃഷ്ടികളിൽ കാണാം. എന്നാൽ ആ  മേച്ചിൽപ്പുറത്തിന് ഒരു തരത്തിലുമുള്ള നൊസ്റ്റാൾജിയയും, ചരിത്രത്തിന്റെ ഒരു  രുചിയും ഇല്ലാതെ തന്റെതായ ഒരു ശൈലിയിലേക്ക് കൊണ്ടുവരുമ്പോൾ കണക്കുകൾ വിചിത്രവും   തിരിച്ചറിയാവുന്നതും സ്വയം ഏറ്റുമുട്ടുന്നതുമായി മാറുന്നു,
സാർവത്രികമായി മനുഷ്യനെന്ന ആശയത്തിനുവേണ്ടി കലഹിക്കുന്നവരാണ്  കലാകാരന്മാർ.
കൃത്യതയോടെയുള്ള ഒരു ദർശനം എനിക്കുണ്ട്, സത്യത്തിൽ ഞാൻ സ്ഥാപനവൽക്കരിക്കപ്പെട്ട സമകാലികരെ ഇറക്കുമതി ചെയ്യുന്നില്ല" എന്ന് അദ്ദേഹം തന്നെ തന്നിലെ കലയെ കലാകാരനെ വിലയിരുത്തുന്നു



എക്സ്‌പ്ലോഷൻ എന്ന ചിത്രം നമ്മെ വല്ലാതെ അസ്വസ്ഥമാക്കും, ചിന്തകൾ താറുമാറാക്കുമ്പോൾ  ഒരാളിൽ ഉണ്ടാകുന്ന പൊട്ടിത്തെറിയെ ആ ചിതറലിൽ കാണാം. ദി മെഡിറ്ററേനിയൻ ചിത്രത്തിൽ വറ്റിപ്പോയ സമുദ്രത്തിൽ ഉറച്ചു നിൽക്കുന്ന കപ്പലും നങ്കൂരവും കാണാം. ചരിത്രത്തിന്റെ തിരുശേഷിപ്പ് കാണാം. 


 

 

 

 

 

 

 

 

 

 

Bart Heijlen ന്റെ പ്രശസ്തമായ  ചിത്രമാണ്  Eros and Thanatos. സിഗ്മണ്ട് ഫ്രോയിഡിന്റെ ബിയോണ്ട് ദ പ്ലെഷർ പ്രിൻസിപ്പിൾ എന്ന ലേഖനത്തിന്റെ വായനയിൽ നിന്നാണ് ഈ ചിത്രത്തിലേക്ക് എത്തിയത് എന്നു പറയുന്നു. ലൈംഗികതയും മരണവും കൈകോർത്തു  കൊണ്ടുള്ള  മനഃശാസ്ത്രപരമായ ഒരു സമീപനം ചിത്രത്തിൽ കാണാം.


The patch up princess എന്ന ചിത്രം ലോകത്തെ മുഴുവൻ തുന്നിക്കൂട്ടിയ ഒന്നാക്കി മാറ്റുന്നു. വാരി വലിച്ചെടുത്ത ലോകത്തിന്റെ ഭൂപടം കീറിയ ഇടങ്ങൾ തുന്നിച്ചേർക്കാൻ പാടുപെടുന്ന രാജകുമാരി. 'ഹെർകുലീസ് '  എന്ന ഡ്രോയിങ് വല്ലാതെ അസ്വാസ്ഥ്യം ഉണ്ടാക്കുന്ന ഒന്നാണ് മനുഷ്യകുലത്തെ മുഴുവൻ താങ്ങിനിൽക്കുന്ന ഹെർകുലീസ്. ആ ഗോളം നിറയെ മനുഷ്യരാണ്. വലയ്ക്കകത്ത് ഞെങ്ങി നിരങ്ങി കിടക്കുന്ന മനുഷ്യർ.  

 

ദി തിങ്കർ എന്ന ചിത്രം പുസ്തകങ്ങൾക്ക് മുകളിലിരിക്കുന്ന നഗ്നനായ  മനുഷ്യൻ കറുത്ത ഹാസ്യത്തിൽ  പൊതിഞ്ഞ ചിത്രം. നർമ്മത്തെ കുറിച്ചു ചിത്രകാരന്റെ അഭിപ്രായം പ്രസക്തമാണ്. "എന്തിനേയും ഏറ്റവും കൂടുതൽ വിമർശിക്കുന്ന രീതിയിലാണ് നർമ്മം ഇരിക്കുന്നത്. നർമ്മം എന്നെ പരിരക്ഷിക്കുകയും എന്നിൽ വ്യാപിക്കുകയും ചെയ്യുന്നു. എന്റെ ചിന്തകളോട് അടുപ്പമുള്ളവ". മനുഷ്യാവകാശങ്ങൾ തീർച്ചപ്പെടുത്തുന്ന ചിത്രങ്ങളാണ് പലതും. ലസ്റ്റ്   ഫോർ ലൈഫ് എന്ന ചിത്രം ആ തീവ്രതയിലേക്ക് നർമ്മത്തിലൂടെ അല്ലാതെ ഗൗരവമായി കടന്നു ചെല്ലുന്ന ചിത്രമാണ്. കുന്നുകൂടി കിടക്കുന്ന ഒരു പറ്റം മനുഷ്യർ അലറിവിളിച്ചു കരയുന്ന കുട്ടികൾ, വിജയാരവം മുഴക്കി ആട്ടവും പാട്ടുമായി എത്തുന്ന മറ്റൊരു സംഘം. എല്ലാ തരം അവസ്ഥയും അഭിമുഖീകരിക്കുന്ന തെരുവ്. ജീവിതാസക്തി തന്നെ എവിടെയും.

Curator animarum എന്ന ചിത്രം എങ്ങനെയും വായിക്കാം ആത്മാക്കളുടെ രോഗശാന്തി എന്നോ സമകാലിക രാഷ്ട്രീയത്തെയോ ചേർത്തുവെക്കാം പ്രത്യക്ഷത്തിൽ രാജാവ് നഗ്നനാണ് എന്ന് ലോകത്ത് എവിടെയും വിളിച്ചു പറഞ്ഞിട്ടുള്ളത് മുതിർന്നവർ അല്ല കുട്ടികൾ ആണ്. കുട്ടികൾക്കെ അതിനു കഴിയൂ രാജാധികാരം ഒരു ബുൾഡോസർ ആയി ഉരുണ്ടു വരുമ്പോൾ ഒരു നഗ്ന ബാലിക, കുരിശിൽ തറച്ച യേശു. ശക്തമായ രാഷ്ട്രീയ വിമർശനം.



Circus Europe comes to town സർക്കസ് യൂറോപ്പിലേക്ക് വരുന്നു എന്ന ചിത്രവും garden of delights എന്ന ചിത്രവും തികച്ചും വ്യത്യസ്തമാണ്. ആനന്ദത്തിന്റെ സൃഷ്ടിയാണ് ഇവ.


ഒരു കലാകാരൻ തന്റെ കലയനുസരിച്ചുള്ള  ജീവിത്തിൽ ഒട്ടേറെ പ്രതിസന്ധികൾ നേരിടണം. പല ഉപരോധങ്ങൾക്ക് വിധേയനാകണം.  എന്നാൽ ഇദ്ദേഹം വാണിജ്യപരമായ പെയിന്റ് ചെയ്യാറുണ്ടായിരുന്നു. മ്യൂറൽ അലങ്കാരങ്ങൾ ചെയ്യാറുണ്ട്, ശക്തമായ  ശില്പങ്ങൾ ചെയ്യാറുണ്ട്.  പലതും പുരാതന സംസ്കാരത്തെ കലയിലൂടെ തിരിച്ചു പിടിക്കാൻ ഉള്ള ശ്രമങ്ങൾ. എന്നാൽ  ഒരു കലാകാരൻ  സ്വയം ഭരണാധികാരിയായിക്കാനും അന്യായങ്ങൾക്കെതിരെ  ജീവൻ നൽകാനും നിരന്തരം കലഹിക്കാനും കഴിയുന്നവൻ ആകണം. കലയുടെ ചരിത്രം  കണക്കെടുക്കുമ്പോൾ  ആ കലഹങ്ങളുടെ പ്രതിഫലനങ്ങൾ കാണാം. നവോത്ഥാനത്തിന്റെ നട്ടെല്ലുകളാണ്  കലാകാരന്മാർ. പ്രായോഗികതയും കലാമൂല്യവും ചേർത്തുവെച്ച കലാപ്രവർത്തനം എന്ന് അദ്ദേഹം തന്നെ പറയുന്നു. 
"സാർവത്രികമായി മനുഷ്യന് വേണ്ടിയുള്ള ആശയത്തിന് വേണ്ടി കലഹിക്കുന്നവർ. നിലവിലെ കലാകാരന്മാർക്ക് കൃത്യതയോടെയുള്ള ഒരു ദർശനം എനിക്കുണ്ട്, സത്യത്തിൽ ഞാൻ സ്ഥാപനവൽക്കരിക്കപ്പെട്ട സമകാലികരെ ഇറക്കുമതി ചെയ്യുന്നില്ല"  അദ്ദേഹത്തിന്റെ ഈ വാക്യങ്ങൾ പ്രസക്തമാണ്. അസ്വസ്ഥമായ കുറെയേറെ കലാ സൃഷ്ടികളാൽ സമകാലികമായ കുറെ ചോദ്യങ്ങൾ നിറച്ച കലഹങ്ങളാണ് ഓരോ സൃഷ്ടിയും.

 

  https://athmaonline.in/article-faisal-bava/



Saturday, 30 April 2022

ഉപ്പയുടെ അവസാനത്തെ ശബ്ദം

 അനുഭവക്കുറിപ്പ്.



ഓരോ മനുഷ്യരുടെയും  അവസാനത്തെ ശബ്ദങ്ങൾക്ക് വല്ലാത്ത മുഴക്കം ഉണ്ടാകുമെന്നു തോന്നിയിട്ടുണ്ട്. എന്റെ  ജീവിതത്തെ ഇതാ  റദ്ദ് ചെയ്യുന്നു എന്നൊരു ധ്വനി. അതൊരു ഒച്ചവെക്കൽ ആകില്ല, ഒരുപക്ഷെ അശക്തമായ ഒരു മൊഴിയാകാം, അവശതയിൽ നിറച്ച വാക്കുകൾ ആകാം, പക്ഷെ അതിനു ഇടിമുഴക്കം പോലെ നമ്മുടെ ഉള്ളിൽ ഇളക്കി മറിക്കാൻ സാധിക്കും. ഒരു പിടച്ചിലിന്റെ ഇളക്കം ഉണ്ടാകും, ഒരു ഇടർച്ചയോടെയുള്ളവേർപാടിന്റെ ധ്വനിയുണ്ടാകും, ആർക്കും മനസിലാകാത്ത ഒരു യാത്ര പറച്ചിലിന്റെ വ്യഥയുണ്ടാകും, പറയാനാകാത്ത സങ്കടങ്ങൾ ഒളിപ്പിച്ചു വെച്ചിരിക്കും, മുന്നിൽ എല്ലാം  ശൂന്യമായപോലെ, എന്നും എപ്പോഴും തണലായി, ആശ്വാസമായി ഉണ്ടായിരുന്ന ഉപ്പ. ഉപ്പയിൽ  നിന്നും  ജീവിതത്തോളം  ആഴത്തിലുള്ള അവസാന വാക്കുകൾ നമ്മളിൽ പതിയുമ്പോൾ, പിന്നെയൊരിക്കലും പറയാനാകാത്ത ലോകത്തേക്ക് ഉപ്പ പോകുമ്പോൾ, നമ്മളിൽ ഉണ്ടാകുന്ന ഒരു പിടച്ചിലുണ്ട്. അക്ഷരങ്ങൾക്കോ, നിറങ്ങൾക്കോ പങ്കുവെക്കാനാവാത്ത എത്ര വലിയ  അത്യാധുനിക കേമറയിലും പകർത്താനാവാത്ത ഒന്ന്. ഒരു പക്ഷെ എന്നെ  ഏറ്റവും  അസ്വസ്ഥമാക്കുന്നത് ഇനിയുള്ള  ഉപ്പയുടെ  അസാന്നിദ്ധ്യം ആയിരിക്കാം.


ബാല്യകാല സഖിയിലെ മജീദിനോട് സുഹറ അവസാനമായി പറയാൻ ഉദ്ദേശിച്ചത് എന്തായിരിക്കും എന്ന് മജീദ് ആലോചിക്കും പോലെ ഒരു പക്ഷെ ജീവിതത്തോളം അത് നമ്മെ പിന്തുടരും. അവസാനമായി ഉപ്പ പറഞ്ഞ വാക്കുകൾ മുറിഞ്ഞുപോയത് എന്തായിരിക്കാം? ആ മുറിഞ്ഞുപോയ വാക്കുകൾ എന്റെയുള്ളിനെ എത്രമാത്രം  ഉലയ്ക്കുന്നുവെന്ന് വിവരിക്കാനാവാത്ത ഒന്നായി, അന്നും, ഇന്നും, എന്നും പൂരിപ്പിക്കാതെ കിടക്കുന്നു.  അങ്ങനെ പൂരിപ്പാക്കാതെ കിടക്കുന്ന ഓർമ്മയിലെ വേദനിപ്പിക്കുന്ന ഒരു ശബ്ദം. ഒട്ടനവധി വേദനിപ്പിക്കുന്ന ശബ്ദങ്ങൾക്കിടയിൽ ഒരു ശബ്ദം കൂടുതൽ കൂടുതൽ മുഴക്കത്തോടെ ആ അവശത വ്യക്തമാക്കുന്നു. 

രോഗവും ചികിത്സയും  അനുഭവവും പറയുമ്പോൾ വേദനയുടെ നീണ്ട കാലവും ഇടയ്ക്ക് ആശ്വാസത്തിന്റെ ചെറിയ തീരവും ചേർന്ന് നിൽക്കുന്നു. എന്നാലും വേദനയും വിടവാങ്ങലും വേദന പേറിയ ചികിത്സയും എല്ലാ ചേർന്നൊരു കാലം ഏറെ പ്രതിസന്ധിയുടേതായിരുന്നു. ഏറെ വായിക്കുന്ന കാലം കൂടിയായതിനാൽ  രോഗങ്ങൾ പ്രജ്ഞയെയും പ്രതിഭയെയും ഭാവനയെയും അവിചാരിതമേഖലകളിലേക്ക് ആനയിക്കുന്നതെങ്ങനെയെന്ന അന്വേഷണമാണ് ആദ്യം ഉള്ളിൽ കിളിർത്തത്. രോഗവും ചികിത്സയും ഏറ്റവും സർഗാത്മകരീതിയിൽ എഴുതി  വിസ്മയങ്ങൾ  വെളിപ്പെടുത്തികൊണ്ട് വ്യത്യസ്തമായ പല വായനകൾക്കിടയിൽ അവനവനിലെ രോഗത്തിന്റെ അനുഭവത്തിലൂടെ, ചികിത്സയിലൂടെ, അല്ലെങ്കിൽ ഏറ്റവും വേണ്ടപ്പെട്ടവരെ ചേർത്തുപിടിച്ചുള്ള അനുഭവങ്ങളിലൂടെയൊക്കെ പറയാനുണ്ടാകും. അത്തരത്തിൽ എന്റെ ജീവിതത്തിലെ ഏറ്റവും നിർണ്ണായകവും അത്രതന്നെ വേദനയും നൽകിയ ഉപ്പയുടെ രോഗകാലവും കൂടിപറയാൻ ശ്രമിക്കുകയാണ്.  ആ വേദന നിറഞ്ഞ അനുഭവലോകത്തെ കുറിച്ച് ചിന്തിക്കുമ്പോൾ ആദ്യം ഉള്ളിൽ വരുന്ന ചില പുസ്‌തകങ്ങൾ ഉണ്ട്. അതിൽ ഒന്ന്  സോൾ ഷെനിത്സന്റെ കാൻസർ വാർഡാണ് , നീണ്ടകാലം ആശുപത്രി ജാലകത്തിലൂടെ കമ്പിവരവീണ ആകാശം നോക്കി കിടക്കുമ്പോൾ അത്തരം  പുസ്തകങ്ങൾ ഉള്ളിൽ വന്നടിക്കും. 


ഒരു മനുഷ്യനെ സംബന്ധിച്ചു അവന്റെ സ്വതന്ത്രമായ  സഞ്ചാരം നഷ്ടപ്പെടുന്ന അവസ്ഥ എന്നത് ആരും ഇഷ്ടപെട്ടെന്നു വരില്ല. നടക്കുവാൻ ഏറെ ഇഷ്ടമുള്ള ഒരാളായിരുന്നു ഉപ്പ. നാട്ടുവഴികളിലൂടെ നടന്നു ശീലിച്ച ഉപ്പാക്ക് ഒരുപക്ഷെ ദീർഘകാലത്തെ പ്രവാസ ജീവിതത്തിൽ  നടത്തം എന്നത് പരിമിതമായ ഇടങ്ങളിൽ ഒതുങ്ങുന്ന ഒന്നായി മാറിയിയിട്ടുണ്ടായിരിക്കാം. പ്രമേഹത്തിന്റെ  തീവ്രമായ വേദന നൽകിയ 14 വർഷത്തെ അവസാന ഘട്ടത്തിൽ മുറിച്ചുമാറ്റിയ കാലിന്റെ വേദന നഷ്ടപെട്ട ഒരവയവത്തിലുപരി തന്റെ സ്വതന്ത്രമായ നടത്തത്തെയാണല്ലോ മുറിച്ചുമാറ്റിയത് എന്ന വ്യഥ ഉപ്പയുടെ ഉള്ളിൽ പിടയുന്നുണ്ടായിരിക്കാം. യാഥാർഥ്യം മറന്നുകൊണ്ട് കട്ടിലിൽ നിന്നും പഴയപോലെ നടക്കാനൊരുങ്ങിയപ്പോഴൊക്കെ  ഉറക്കമൊഴിച്ചുള്ള എന്റെ  കാത്തിരിപ്പ് രക്ഷയായി. തനിക്ക് ഇനി ഒറ്റക്ക് നടക്കാനാകില്ല എന്ന വേദന കണ്ണുകളിൽ നിറയുന്നത് ഞാൻ കണ്ടു. ഉപ്പ ഏറെനേരം എന്റെ തോളിൽ പിടിച്ചു അങ്ങനെ നിന്നു, എന്തോ പറയാൻ വെമ്പുന്നു എങ്കിലും കലങ്ങിമറിയുന്ന തിരപോലെ സങ്കടങ്ങൾ വാക്കുകളെ മുക്കിക്കളഞ്ഞിരിക്കണം. പുറത്ത് വെളിച്ചത്തെ  ഇരുട്ട്  കീറിയെറിഞ്ഞു, അപ്പോൾ പരന്നു കിടക്കുന്ന നിശബ്ദതയുടെ ഭീതി ഉള്ളിൽ പിടഞ്ഞു.


ഒരുദിവസം രാത്രി പന്ത്രണ്ട് മണി കഴിഞ്ഞിരിക്കണം, ഉപ്പയുടെ നേർത്ത ശബ്ദത്തിലുള്ള വിളി. യാദൃച്ഛികം എന്ന് പറയട്ടെ  ഞാൻ കെപി അപ്പന്റെ രോഗവും സാഹിത്യ ഭാവനയും എന്ന പുസ്തകത്തിലെ "ചങ്ങമ്പുഴയുടെ ക്ഷയരോഗവും 'കളിത്തോഴി' പ്രവചിച്ചിരുന്നു" എന്ന അദ്ധ്യായം വായിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇത്രേം രാത്രി നീയെന്താ വായിക്കുന്നത്? ഉപ്പയുടെ നിഷ്കളങ്കമായ ഈ  ചോദ്യം ചെറുപ്പം മുതലേ കേൾക്കാറുള്ളതാണ്. റൂമിൽ രാത്രി വൈകി ലൈറ്റ് കണ്ടാൽ ചോദിക്കാറുള്ള അതേ ചോദ്യം. പുസ്തകത്തിന്റെ ചട്ട നോക്കി മിണ്ടാതെ ഉപ്പ കിടന്നു. രോഗം എന്ന വാക്ക് പോലും ഉപ്പയെ വല്ലാതെ അലട്ടിയിരുന്നു എന്ന് മനസിലായി. അതോടെ ആശുപത്രി  മുറിയിലിരുന്നുള്ള വായന നിർത്തി.    

ഞാൻ ഏറ്റവും  കൂടുതൽ വിഷമിച്ച ദിവസം ഇന്നും വേദനയോടെ ഓർക്കുന്നു. ആദ്യം  രണ്ടാം തവണയും കാല് മുറിച്ചുമാറ്റുവാൻ ഉള്ള ഓപ്പറേഷന് മുമ്പ് ഒപ്പിടാനായി എന്നെ വിളിച്ചു. സത്യത്തിൽ വിരലുകൾ നിശ്ചലമായപോലെ എത്ര ശ്രമിച്ചിട്ടും പേന ചലിക്കുന്നില്ല. ഉള്ളും പുറവും ഒരുപോലെ ചൂട്. ഏസി മുറിയായിട്ടും മുഖത്ത് നിറയെ പൊളങ്ങൾ പോലെ വിയർപ്പ് തുള്ളികൾ. ആ ഒപ്പിടൽ ഇന്നും മറക്കാൻ ആകില്ല. അതുപോലെത്തന്നെ അന്ന് ഉപ്പാനെ സ്ഥിരമായി ഡ്രസ്സ് ചെയ്യാൻ വന്ന, മെഡിസിൻ പ്രാക്ടീസ് ചെയ്തിരുന്ന യുവാവായ ഡോക്ടർ. അദ്ദേഹത്തിന്റെ സാമീപ്യം ഉപ്പാക്ക് ഏറെ ആശ്വാസം നൽകിയിരുന്നു. കെട്ടിവെച്ചാൽ കൂടുതൽ പഴുക്കുമെന്നതിനാൽ തുറന്നിട്ട മുറിയിൽ മരുന്നുകൊണ്ട് തുടക്കുമ്പോൾ ഉപ്പയുടെ കരച്ചിൽ എന്നെ ചുറ്റിവരിഞ്ഞിരുന്നു. ഒരു കഷ്ണം മാത്രം ബാക്കിയായ കാലു പിടിച്ചു കൊടുക്കുമ്പോൾ ഉള്ള് പിടച്ചുകൊണ്ടിരുന്നു. ആ ഡോക്ടർ ഉപ്പയുടെ വേദന തിരിച്ചറിഞ്ഞു ഏറെ സമയം എടുത്ത്  ഡ്രസ്സ് ചെയ്തു. ഉപ്പയുടെ നോട്ടത്തിൽ നിന്ന് തന്നെ ഡോക്ടർ വേദനയുടെ തീവ്രത തിരിച്ചറിയുമായിരുന്നു. ആ ഡോക്ടറോട് വല്ലാത്ത സ്നേഹം തോന്നി. ഒരു രോഗിയുടെ മനസ്സ് അറിയുക എന്ന ഏറ്റവും മഹത്തായ കാര്യമാണ് അദ്ദേഹം നിർവഹിച്ചത്.  അതുവരെ ഡോക്ടർമാരെ കുറിച്ച് ഉള്ളിൽ കൊണ്ടുനടന്നിരുന്ന പല ധാരണകളും തിരുത്താൻ ഈ ഇടപെടലാണ് കാരണമായത്. “നമുക്ക് ആവശ്യത്തിന് ഡോക്ടര്‍മാര്‍ ഉണ്ടോ എന്നതല്ല, അവര്‍ക്ക് രാജ്യത്തെ ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാന്‍ ആ‍വുന്നുണ്ടോ എന്നതാണ് പ്രശ്നം” പീറ്റേഴ്സ് ഡോര്‍ഫിന്റെ ഈ നിരീക്ഷണം ഇവിടെ കുറിക്കുന്നു. ആതുരസേവനമേഖലയിൽ ഇതുപോലെയുള്ള ആത്മാർത്ഥത നിറഞ്ഞ പ്രവർത്തകരും ഡോക്ടർമാരും ഉള്ളതുകൊണ്ടാണ് ഈ ലോകം നടുക്കിയ മഹാമാരികാലത്തും മനുഷ്യരാശിയെ പ്രതീക്ഷയോടെ പിടിച്ചു നിർത്തിയത് എന്നത് ലോകത്തെ എല്ലാ ആരോഗ്യപ്രർത്തകർക്കും ഉള്ള ആദരമാണ്. “ജനങ്ങളുടെ ഭീതിയും, ആകുലതയും ഇല്ലാതായാല്‍ ഒരു ഡോക്ടറുടെ പകുതി ജോലിയും കുറയും” എന്ന ബര്‍ണാഡ് ഷായുടെ വാക്കുകള്‍ ഇവിടെ വളരെ പ്രസക്തമാണ്. ഡോക്ടർ തന്നെ ആ ഭീതി അകറ്റുമ്പോൾ രോഗി കൂടുതൽ ആശ്വാസം നേടുന്നവരായായി മാറുന്നു. ഉപ്പയുടെ ചികിത്സയുടെ അനുഭവത്തിലൂടെ  അത്തരത്തിൽ ഒരു ഡോക്ടർ എങ്ങനെ ഒരു രോഗിയിൽ സ്വാധീനിക്കപ്പടുന്നു എന്നും ഡോക്ടർ തന്റെ ജീവൻ രക്ഷിക്കാനുള്ള കഠിന ശ്രമത്തിലാണ്  എന്നും രോഗി മാനസിലാക്കുന്നതോടെ ചികിത്സതന്നെ അർത്ഥവത്തായി മാറും. ഇക്കാര്യം നേരനുഭവമായതോടെ ആശുപത്രികളോടും മോഡേൺ മെഡിസിനോടുമുള്ള കാഴ്ചപ്പാട് തന്നെ മാറുകയായിരുന്നു.


എഴുത്തും വായനയും എന്നും കൂടെയുള്ളതുകൊണ്ടുതന്നെ രോഗവും ചികിത്സയും അനുഭവവും പറയുമ്പോൾ കലാകാരന്മാരുടെയും എഴുത്തുകാരുടെയും  രോഗാനുഭവങ്ങൾ  ഉള്ളിൽ വരാതിരിക്കില്ല.  വായനയുടെ അനുഭവങ്ങൾ ചേർത്തുവെച്ചാണ് സ്വന്തം അനുഭവത്തിന്റെ പടികൾ കൂടികയറുന്നത് എന്നത് ഇതിനോട് ചേർത്ത് വെക്കുന്നു.  അതുകൊണ്ട് തന്നെ  'വിഷാദോന്മാദ' രോഗികളായ എഡ്ഗാർ അല്ലൻ പോ, സിൽവിയ പ്ലാത്ത്, വെർജീനിയ വൂൾഫ്,  ഏണസ്റ്റ് ഹെമിങ്‌വെ, ക്ഷയരോഗികളായ ചെഖോവും,  എമിലി ബ്രോണ്ടിയും, കീറ്റ്സും,  വിൻസെന്റ് വാൻഗോഗ്, റോബർട്ട് ഷൂമാൻ തുടങ്ങിയവരുടെയും  'അപസ്‌മാര'രോഗിയായ ഫ്യോയാദോർ ദസ്തേവ്സ്കിയുടെയും രോഗാനുഭവങ്ങൾ വായനയിലൂടെ അനുഭവിച്ചതിനാലാകാം രോഗവുമായി ബന്ധെപ്പെട്ട ഏതൊരു കാര്യം അറിയുമ്പോഴും  ഉള്ളിലൊരു പിടച്ചിലാണ്. ഒപ്പം അവസാനം ഉപ്പ എന്റെ കൈകൾ ചേർത്ത് പിടിച്ചതും, ദയനീയമായി നോക്കിയതും, ആ കണ്ണുകളിൽനിന്നും എന്നേക്കുമായി പ്രകാശം അകന്നുപോകുന്നതും നേരിട്ടനുഭവിക്കുമ്പോളും ചികിത്സയുടെ കാലത്ത് പലപ്പോഴും ഇത്രേം വേദന സഹിക്കേണ്ടതുണ്ടോ എന്ന് ആലോചിച്ചുപോയത്. വിടവാങ്ങലിന്റെ വിങ്ങലും വേദനയും അതുണ്ടാക്കിയ ശൂന്യതയും ഒരു ദശകം കഴിഞ്ഞിട്ടും  തുടരുമ്പോഴും അന്ന് ഉപ്പയുടെ ഒപ്പം ഞാനെന്ന പോലെ കൂടെനിന്ന ആ ഡോക്ടർ ഇന്നും ഉള്ളിൽ മായാതെ നിൽക്കുന്നു. ചില മനുഷ്യർക്ക് നമ്മുടെയുള്ളിൽ വല്ലാത്തൊരു സ്ഥാനം ലഭിക്കും. ഇനിയെന്നെങ്കിലും അയാളെ കാണുമോ എന്നൊന്നും അപ്പോൾ നമ്മെ ആകുലപ്പെടുത്തില്ല. ഏറ്റവും പ്രിയപ്പെട്ട ഉപ്പയെ സ്നേഹത്തോടെ വേദനയുടെ ഉള്ളറിഞ്ഞു അതിനനുസരിച്ചു മനസുകൾ സംവദിച്ചുകൊണ്ടുള്ള ആ ചികിത്സയിലൂടെ ആ ഡോക്ടർ ഉള്ളിൽ നേടിയ സ്ഥാനം ലോകത്താകമാനം ഉള്ള ആതുര സേവനമേഖലയിലെ പ്രവർത്തകർക്കുള്ള ആദരം കൂടിയാണ്.  

കബർസ്ഥാൻ എന്നത് മരണത്തിന്റെ ശിലകളുടെ  കാടാണല്ലോ, ആ കാട്ടിലേക്ക് മരിക്കാത്ത മനുഷ്യന്റെ അവയവവുമായി മരണത്തെ ഓർമ്മിപ്പിക്കും വിധം ഒരു യാത്ര  എന്നത്  ഇന്നും മറക്കാൻ ആകില്ല. പ്രമേഹം മൂർച്ഛിച്ചു കാല് മുറിക്കേണ്ടി വന്നപ്പോൾ ആ മുറിച്ചുമാറ്റിയയ കാല് മറവു ചെയ്യാനായി പോകുന്ന അവസ്ഥ ഇന്നും ഓർക്കാനേ വയ്യ. പിന്നീട് ഉപ്പയെ അതെ കബർസ്ഥാനിൽ കൊണ്ടുപോകുമ്പോൾ ഒരു മാസം മുമ്പ് മറാവ്‌ചെയ്യപ്പെട്ട കാലിന്റെ ഭാഗം കൊച്ചുകുട്ടിയുടെ കബർ പോലെ മണ്ണുയർന്നു നില്കുന്നു.

മരണം രംഗബോധമില്ലാത്ത കോമാളിയാണ് എന്ന് പറഞ്ഞത്  മഞ്ഞിൽ എംടിയാണ്, എന്നാൽ മരണം മുന്നിൽ വന്നു ആടിക്കളിക്കുന്നത് കാണേണ്ടി വന്നപ്പോൾ മരണം വില്ലനായി മാറുന്നത് തിരിച്ചറിഞ്ഞു. ഉപ്പയുടെ അവസാനത്തെ ശബ്ദം ഇപ്പോഴും ഉള്ളിൽ നിറഞ്ഞു നില്കുന്നു. പാതി മുറിഞ്ഞ വാക്കും ബാക്കി പറയാനാവാതെ കുഴഞ്ഞുപോയ നാവും ആ കണ്ണുകളും ഇന്നും മായാതെ നില്കുന്നു.

Thursday, 10 February 2022

നൂറിൽ പിഴച്ചവൻ

 കവിത

 Suicidal tendencies hard to spot in some people with autism | Spectrum |  Autism Research News

 




തോറ്റവർക്ക് എവിടേം ഇടങ്ങളില്ല.
ഞാൻ  തോറ്റുപോയതിനാൽ
സ്‌കൂൾപടി കയറുമ്പോൾ
അച്ഛന്റെ കാലുകൾ
വിറയ്കുന്നത് കണ്ടു.

ഹെഡ്മാഷിന്റെ കൂർത്ത നോട്ടത്തിൽ
നൂറുശതമാനം തികയാത്തതിന്റെ
പകയുടെ പുകച്ചുരുളുകൾ,
കട്ടികണ്ണടയുടെ
ഇടയിലൂടെ അത്
തോറ്റവനെ ചുറ്റിവരിയുന്നു.

കണക്കുടീച്ചറുടെ
നോട്ടത്തിന്
ന്യൂനകോൺ പോലെ
അസ്സലായിട്ടുണ്ട് എന്ന ഭാവം.

ചിലന്തിവല നെയ്യുന്നത് നോക്കിനിൽക്കുന്ന
തോറ്റ രാജാവിന്റെ കഥ പറഞ്ഞു തന്ന
മലയാളം മാഷിന്റെ 
മുഖത്ത് പുച്ഛം.

രാസമാറ്റങ്ങൾ പറഞ്ഞു തന്ന
കെമിസ്ട്രി ടീച്ചറുടെ
രസമില്ലാത്ത ചിരിയിൽ
ദേഷ്യത്തിന്റെ സൂത്രവാക്യം
ഒളിച്ചിരിക്കുന്നു.

കൈ വിറയ്ക്കാതെ
ഹൃദയം വരയ്ക്കാൻ പഠിപ്പിച്ച
ബയോളജി മാഷിന്റെ നോട്ടത്തിൽ
എന്റെ ജീവൻ പോയപോലെ.

തോറ്റരാജ്യത്തിന്റെ
ചരിത്രം പറഞ്ഞുതന്ന മാഷും 
നൂറിൽ പിഴച്ചവനെന്ന
കുറ്റപ്പെടുത്തൽ.

ജയിച്ചവരുടെ
ആഹ്ലാദ ലഡു
വിതരണം ചെയ്യുന്ന
പ്യൂൺ അപ്പുവേട്ടന്റെ 
ദയനീയമായ നോട്ടം.

സ്‌കൂൾ മുറ്റത്തെ മാവിൽ
നീണ്ട ഞെട്ടിയിൽ
കാറ്റിലാടുന്ന മാങ്ങ നോക്കി നിന്നയെന്നെ
അച്ഛൻ നെഞ്ചോട് ചേർത്ത് പിടിച്ചു.

ഉരുക്കിയെടുത്ത നോട്ടങ്ങളുടെ
ചൂട് ആ നെഞ്ചിൽ.

മാർക്ക്ലിസ്റ്റുമായി
അച്ഛൻ തലകുനിച്ചിറങ്ങുമ്പോൾ
എന്നിൽ ജയമൊരു പകയായി
ജനിക്കുന്നുണ്ടായിരുന്നു.
-----------------------
ഫൈസൽ ബാവ

കഥായുവത്വം 1 to 100 ലക്കങ്ങളുടെയും fb page മുഴുവൻ ലിങ്കുകളും

 

'#കഥായുവത്വം 2021 സെപ്റ്റംബർ 28 ഒരു വർഷം തികയുന്നു TRIMLINE 3594 NO. 2 POSTER Po KAKER' എന്ന് കാണിക്കുന്ന ടെക്‌സ്‌റ്റ് എന്നതിന്റെ ഒരു ചിത്രമായിരിക്കാം
#കഥായുവത്വം 100 ലക്കങ്ങളുടെയും fb page ലിങ്ക്
കഥായുവത്വം മുഴുവൻ ലിങ്കുകളും
========
കഥകളുടെ കുലപതി
കാരൂര് നീലകണ്ഠപ്പിള്ളയുടെ കഥകളിലൂടെ
==========
*കഥയിലെ പ്രണയപ്രാർത്ഥനകൾ*
ബഹിയയുടെ *ഉരഗപർവം* എന്ന സമാഹാരത്തിലൂടെ
=========
കഥയിലൂടെ ആഖ്യാന വൈഭവം
എസ്.ഹരീഷിന്റെ 'അപ്പൻ' എന്ന സമാഹാരത്തിലൂടെ.
==≠====≠=====
കുഞ്ഞുകഥകളിലെ വലിയ ലോകം
റഫീക്ക് മേമുണ്ടയുടെ കുഞ്ഞുകഥകളിലൂടെ.
===========
*പുതുമയുണർത്തുന്ന കഥ*
അമൽരാജ് പാറേമ്മലിന്റെ *'ബ്രണ്ണൻ ശിലാശാസനം'* എന്ന കഥയിലൂടെ
============
*കഥയിലെ പുതുനോട്ടങ്ങളുടെ മറുകര*
ബി മുരളിയുടെ കഥകളിലൂടെ
==============
*പുതിയകാല കഥയിലെ രാഷ്ട്രീയം*
ബീനയുടെ *'സെറാമിക് സിറ്റി'* അജയ്കുമാർ എം ന്റെ *'മിച്ചമൂല്യം'* എന്നീ കഥകളിലൂടെ
==========
*കഥയും ഏകാന്ത ജീവിതവും*
ജയനാരായണന്റെ *'സമയം ഒരു സമസ്യ'* എന്ന കഥയിലൂടെ
ഏവർക്കും കഥായുവത്വത്തിന്റെ നവവത്സരാശംസകൾ. 2021ലേക്ക് സ്വാഗതം 01/01/2021
=======≠≠===
ചോര പൊടിയുന്ന കഥ
ജോർജ് ജോസഫ്.കെയുടെ 'അവൻ മരണയോഗ്യൻ' എന്ന കഥയിലൂടെ.
#കഥായുവത്വം വായിക്കുന്ന എല്ലാവർക്കും പുതുവത്സരാശംസകൾ. 2020യിലെ അവസാന കഥായുവത്വം ആണിത്. ഇതുവരെ സ്നേഹത്തോടെ കൂടെ നിന്ന എല്ലാവർക്കും നന്ദി ഇനിയും കൂടെയുണ്ടാവണം.
31/12/2020
===========
*കഥയിലെ മരണഭയം*
പാറപ്പുറത്തിന്റെ *'ഭയം'* എന്ന കഥയിലൂടെ.
============
ഓർമ്മകളെ തിരയുന്ന ആട്
സലീം അയ്യനത്തിന്റെ
'മൂസാട് 'എന്ന കഥയിലൂടെ.
============
*സരസ്വതിയമ്മ എഴുത്തിലെ ധീരത* .
കെ.സരസ്വതിയമ്മയുടെ *'ചോലമരങ്ങൾ'* എന്ന കഥയിലൂടെ.
=======≠======
*കഥയിലെ ബ്രിഗേഡിയർ*
മലയാറ്റൂർ രാമകൃഷ്ണന്റെ *'പീറ്ററുടെ പ്രതികാരം'* എന്ന കഥയിലൂടെ
==============
ധൈഷണിക മരത്തിന്റെ കഥയുടെ ചില്ല
എം. ഗോവിന്ദന്റെ *'സർപ്പം', 'മണിയോർഡർ'* എന്നീ കഥകളിലൂടെ
=============
കഥായുവത്വം 86
കഥയിലെ ജോൺ മാജിക്
ജോൺ എബ്രഹാമിന്റെ 'പ്ലാസിറ്റിക് കണ്ണുളുള്ള അൾസേഷൻ പട്ടി' എന്ന കഥയിലൂടെ
=============
*പുതിയ കാലത്തിലേക്ക് തുറക്കുന്ന കഥകൾ*
അജിത്രിയുടെ *'ഓട്ടോണമസ് പ്രണയം'* എന്ന കഥാ സമാഹാരത്തിലൂടെ
================
*മലയാളത്തിലെ കയ്യടക്കമുള്ള കഥ*
സേതുവിന്റെ *'ദൂത്'* എന്ന കഥയിലൂടെ
====≠≠=====≠======
എരിഞ്ഞു കത്തുന്ന വാക്കുകൾ
രാജലക്ഷ്മിയുടെ കഥകളിലൂടെ
==============
*കഥയുടെ കടൽത്തീരത്ത്*
ഒ.വി.വിജയന്റെ *കടൽത്തീരത്ത്* എന്ന കഥയിലൂടെ.
============+++
പുതുകാല കഥയിലെ ഊർജ്ജം
യുവകഥാകൃത്ത് കെ.എസ്.രതീഷിന്റെ കഥകളിലൂടെ
==========+++=
*പറയാതെ പോയ പ്രണയം*
സിഎൻ. ശ്രീകണ്ഠൻ നായരുടെ *'പിച്ചിപ്പൂ'* എന്ന കഥയിലൂടെ.
==============
*വിസ്മയകഥകളുടെ ഉഷ്ണമേഖല*
*കാക്കനാടൻ കഥകളിലൂടെ*
============++++
*ചിരിയും ചിന്തയും കൂട്ടിയോജിപ്പിക്കുന്ന കഥ*
അക്ബർ കക്കട്ടിലിന്റെ *'പുതിയ വാതിലുകൾ'* എന്ന കഥയിലൂടെ
എന്നും മായാത്ത ഓർമ്മയാണ് കക്കട്ടിൽ മാഷ്.
================
#കഥായുവത്വം 77
#സ്മരണ
കഥയിലെ രാഷ്ട്രീയം അന്നും ഇന്നും പ്രസക്തം
പട്ടത്തുവിള കരുണാകരന്റെ കഥകളിലൂടെ.
================
#കഥായുവത്വം 77
#സ്മരണ
*കഥയിലെ രാഷ്ട്രീയം അന്നും ഇന്നും പ്രസക്തം*
പട്ടത്തുവിള കരുണാകരന്റെ കഥകളിലൂടെ.
================
#കഥായുവത്വം 76
സ്മരണ
*യു.എ. ഖാദർ കഥകളിലെ അമ്മമനസ്സ്*
യു.എ.ഖാദറിന്റെ 'ചാത്തുക്കുട്ടിയുടെ അമ്മ' എന്ന കഥയിലൂടെ
==================
#കഥായുവത്വം 75
കഥയിലെ കാപട്യങ്ങളില്ലാത്ത കാഴ്ചപ്പാടുകൾ
പി.എൻ.വിജയന്റെ 'ശ്വാസകോശത്തിൽ ഒരു ശലഭം' എന്ന കഥാസമാഹാരത്തിലൂടെ
================
#കഥായുവത്വം 74
*പുതുകാല കഥകളിലെ പ്രതീക്ഷകൾ*
സുനു എ.വിയുടെ *അബൂബക്കർ അടപ്രഥമൻ* എന്ന കഥയിലൂടെ
==================
#കഥായുവത്വം 73
*കഥാകൃത്തിനെ തേടി വരുന്ന കഥാപാത്രങ്ങൾ*
ചന്ദ്രമതിയുടെ 'റെയ്ൻഡിയർ' എന്ന കഥാ സമാഹാരത്തിലൂടെ
==================
#കഥായുവത്വം 72
*ചിഹ്നമായപ്പോൾ അഴക് ചോർന്ന പൂവ്*
നിധീഷ്‌.ജിയുടെ *'താമരമുക്ക്'* എന്ന കഥയിലൂടെ
==================
#കഥായുവത്വം 71
*കാരൂരിന്റെ ഉതുപ്പാന്റെ കിണർ*
===================
#കഥായുവത്വം 70
*ദുഃഖസാന്ദ്രമായ ഒരു രാഗം*
ഷാജി ഹനീഫിന്റെ *ആഹിർ ഭൈരവ്* എന്ന കഥാ സമാഹാരത്തിലൂടെ
================
#കഥായുവത്വം 69
*കഥയിലെ എതിരെഴുത്തുകൾ*
അയ്മനം ജോണിന്റെ *'ഇതര ചരാചരങ്ങളുടെ ചരിത്രപുസ്തകം'* എന്ന കഥാ സമാഹാരത്തിലൂടെ
======≠============
#കഥായുവത്വം 68
ശ്വാസകോശം ചുരുങ്ങിപ്പോകുമ്പോൾ
(പുതിയ കാലകഥകൾ)
സുദീപ് ഡി ജോർജിന്റെ 'ആര്യാനം വെയ്ജ', എന്ന കഥയിലൂടെ.
=================;
#കഥായുവത്വം 67
*കഥയുടെ ജൈവമനുഷ്യൻ*
*പി.സുരേന്ദ്രന്റെ കഥകളിലൂടെ*
=====================
#കഥായുവത്വം 66
*ജീവിതത്തിന്റെ അതിർത്തികൾ താണ്ടിയ കഥകൾ*
*അബു ഇരിങ്ങാട്ടിരി* യുടെ കഥകളിലൂടെ
======================
#കഥായുവത്വം 65
*ഉള്ള് നിറയും കഥകൾ*
സി.വി.ബാലകൃഷ്ണന്റെ കഥകളിലൂടെ
=======================
#കഥായുവത്വം 64
#സ്മരണ
മുണ്ടൂര് കൃഷ്ണന്കുട്ടി:
നാം മറക്കാന് പാടില്ലാത്ത കഥാകാരൻ
==================
#കഥായുവത്വം 63
#സ്മരണ
വിപി.ശിവകുമാർ: മലയാളത്തെ അതിശയിപ്പിച്ച കഥാകാരൻ
===========
#കഥായുവത്വം 62
വെറുപ്പിന്റെ വ്യാപാരികൾ
ടിഡി രാമകൃഷ്ണന്റെ കഥയിലൂടെ
========
#കഥായുവത്വം 61
#സ്മരണ
*ചേറപ്പായി കഥകളുടെ ചേല്*
(ഐപ്പ് പാറമേലിന്റെ ചേറപ്പായി കഥകളിലൂടെ)
================
#കഥായുവത്വം 60
എസ്‌.കെ പൊറ്റെക്കാടിന്റെ കഥകളുടെ സൗന്ദര്യം
=================
#കഥായുവത്വം 59
#സ്മരണ
*ടിആർ - പ്രതിഭയുടെ വിശ്വരൂപം*
============
#കഥായുവത്വം 58
*പോസ്റ്റ്മാൻ*
ബെന്യാമിന്റെ ഈ കഥയിലൂടെ
===============
#കഥായുവത്വം 57
*അളവുകോൽ നഷ്ടപ്പെടുമ്പോൾ*
പോഞ്ഞിക്കര റാഫിയുടെ *"ഫൂട്ട്റൂൾ "* എന്ന നീണ്ടകഥയിലൂടെ.
================
#കഥായുവത്വം 56
#സ്മരണ
*കൊച്ചുബാവ ഒരു മായാത്ത ഓർമ്മ*
ഇന്നത്തെ കഥായുവത്വത്തിൽ ടിവി കൊച്ചുബാവയുടെ സ്മരണയാണ്
==============
#കഥായുവത്വം 55
വെള്ളാരംകണ്ണുള്ള ഗോൾഡ്ഫിഷ്
ഇത്തവണ കഥായുവത്വത്തിൽ യുവ എഴുത്തുകാരി ഫർസാന അലിയുടെ 'വെള്ളാരംകണ്ണുള്ള ഗോൾഡ്ഫിഷ്' എന്ന കഥയിലൂടെ
====++++++++=====+++
#കഥായുവത്വം 54
*ഈ ആസുരകാലത്ത് വീണ്ടും വായിക്കേണ്ട കഥകൾ.
(പ്രശസ്ത ഉറുദു ഹിന്ദി സാഹിത്യകാരൻ സാദത് ഹസൻ മൻതോ യുടെ കഥകളിലൂടെ
==============+
#കഥായുവത്വം 53
ഓർമ്മകളുടെ നനവുള്ള കഥകൾ*
അഹ്മദ് മുഈനുദ്ദീന്റെ *ഒടുവിൽ ബാക്കിയാകുന്നത്* എന്ന കഥാ സമാഹാരത്തിലൂടെ
===============
#കഥായുവത്വം 52
#സ്മരണ
ചരിത്രബോധത്തിന്റെ മൂന്നാംകണ്ണാകുന്ന കഥകൾ
എം.സുകുമാരന്റെ കഥകളിലൂടെ.
========++++
#കഥായുവത്വം 51
#സ്മരണ
വെള്ളപ്പൊക്കത്തിലെ മനുഷ്യനേക്കാള് മനുഷ്യത്വമുള്ള പട്ടി
തകഴിയുടെ 'വെള്ളപൊക്കത്തിൽ' എന്ന കഥയിലൂടെ
≠==================
#കഥായുവത്വം 50th ദിനം
*റിയലിസത്തിലെ ദാർശനികത*
(മോപ്പസാങ്ങിന്റെ *അന്ധർ The Blind), തടവുകാർ (The Prisoners) ചെന്നായ (The Wolf), എന്നീ മൂന്നു കഥകളിലൂടെ)
=========
49 #കഥായുവത്വം
#സ്മരണ
ഗോത്രപാരമ്പര്യത്തിന്റെ വേരുകളാകുന്ന കഥകൾ
ടികെസി വടുതലയുടെ കഥകളിലൂടെ
==============+
48 #കഥായുവത്വം
മൂന്ന് ലോക കഥകൾ
*റിയുനോസുകെ അകുതഗാവയുടെ (In a Grove) ഒരു കാട്ടിൽ, ഫ്രാങ്ക് ആർ സ്റ്റോക്ക്ടണിന്റെ ദി ലേഡി ഓർ ദി ടൈഗർ" ലിയോ ടോൾസ്റ്റോയിയുടെ ദി ത്രീ ഹെർമിറ്റ്സ്* എന്നീ 3 ലോക കഥകൾ.
==≠==============
47 #കഥായുവത്വം
#സ്മരണ
*യുപി ജയരാജിന്റെ കഥകളിലൂടെ*
======--------=========
46 #കഥായുവത്വം
മാനവികതയുടെ കഥ: ജീവിതത്തിന്റെ ഗ്രന്ഥത്തിൽനിന്ന് എഴുതിയത്
ഉക്രേനിയൻ എഴുത്തുകാരൻ മിഖയലോ കൊട്സുബിൻസ്കിയുടെ Mykhailo Kotsiubynsky ഒരു കഥയിലൂടെ
=======;;=====++
45 #കഥായുവത്വം
*കാലത്തോട് സംവദിക്കുന്ന മുകുന്ദൻ കഥകൾ.
fb ലിങ്ക് ഇതാ👇🏾👇🏾
====================
44 #കഥായുവത്വം
*വേദനയോടെ വിടവാങ്ങൽ*
ഈയിടെ നമ്മോടു വിട പറഞ്ഞ കഥാകൃത്ത് ടി.സി.വി.ശന്റെ *'രാത്രി മഴ പെയ്തിറങ്ങുകയാണ്'* എന്ന കഥാസമാഹാരത്തിലൂടെ
≠================
43 #കഥായുവത്വം
കടലോളം പരന്ന കുഞ്ഞുകഥകൾ
പികെ പാറക്കടവിന്റെ കുഞ്ഞുകഥകളിലൂടെ
≠==========================
42 #കഥായുവത്വം
പോലീസിന്റെ മുഖലക്ഷണം
കെപി രാമനുണ്ണിയുടെ 'മുഖ്യലക്ഷണം' എന്ന കഥയിലൂടെ
==================
41 #കഥായുവത്വം
*പൊള്ളുന്ന കഥകളുമായി ഒറ്റക്കങ്ങനെ നടന്നുപോയ കഥാകാരി*
( അഷിതയുടെ കഥകളിലൂടെ)
അഷിതേച്ചിയെ ഓർക്കുമ്പോൾ ഇറ്റിവീഴുന്ന കണ്ണീരുകൂടിയാണ് ഈ അക്ഷരങ്ങൾ "പ്രണാമം"
==================
40 #കഥായുവത്വം
*കഥകളുമായി ഒരേകാകിയുടെ അലച്ചിൽ
(സുറാബിന്റെ *ഒരിടത്ത് ഒരു മരമുണ്ട്* എന്ന കഥാ സമാഹാരത്തിന്റെ വായനാനുഭവം
==================
39 #കഥായുവത്വം
കുന്തിരിക്കത്തിന്റെ മണം പരത്തുന്ന കഥകൾ
ബാബു കുഴിമറ്റത്തിന്റെ കഥകളിലൂടെ
തെരെഞ്ഞെടുത്ത കഥകളുടെ സമാഹാരമായ 'കുന്തിരിക്കത്തിന്റെ മണമുള്ള ദിവസം' വായനാനുഭവം
38 #കഥായുവത്വം
കാലവും ജീവിതവും ഇരമ്പുന്ന കഥകൾ
(എൻ.പ്രഭാകരന്റെ വാഗൺയാത്ര എന്ന സമാഹാരത്തിലൂടെ
ലിങ്ക്
=========
37 #കഥായുവത്വം
വാക്കുകളിൽ വിളക്കു കത്തുന്ന കഥകൾ
ശിഹാബുദ്ദീൻ പൊയ്ത്തുംകടവിന്റെ കഥകളിലൂടെ
ലിങ്ക്
========
36# കഥായുവത്വം
*ജീവിതത്തിന്റെ അപരമുഖങ്ങൾ*
എസ്.എം.ഫാറൂഖിന്റെ *അപരൻ ഒരു കോമാളിയാകുന്നു* എന്ന കഥാ സമാഹാരത്തിലൂടെ
ലിങ്ക്
========
35 #കഥായുവത്വം
*ജീവിതയാഥാർത്ഥ്യങ്ങളുടെ ഭാവതീവ്രത നിറഞ്ഞ കഥകൾ
(എൻ.പി.ഹാഫിസ്മുഹമ്മദിന്റെ കഥകളിലൂടെ
ലിങ്ക്
=====================
34 #കഥായുവത്വം
മെൽക്വിയാഡിസിന്റെ പ്രളയപുസ്തകം.
(കഥാസമാഹാരം)
ഷീല ടോമി.
ലിങ്ക്
===============
33 #കഥായുവത്വം
*പികെ നാണുവിന്റെ കഥകൾ*
പികെ നാണു* വിന്റെ *'കഥയല്ല'* എന്ന കഥാസമാഹാരത്തിലൂടെ
ലിങ്ക്
===================
32 #കഥായുവത്വം
കഥയിലൂടെ ജീവിതമെന്നു വായിക്കുമ്പോൾ
ഫൈസൽ ബാവ
(ഇ.സന്തോഷ് കുമാറിന്റെ 'ഗാലപ്പഗോസ്' എന്ന കഥാസമാഹാരത്തിലൂടെ)
ലിങ്ക്
==============
31 #കഥായുവത്വം
അത്ഭുത കഥാ പാരമ്പര്യത്തെ തൊടുന്ന എഴുത്ത്
തോമസ് ജോസഫിന്റെന്റെ
'മരണത്തിന്റെ ചതുരംഗം' എന്ന കഥയിലൂടെ...
......
ലിങ്ക്
==============
30 #കഥായുവത്വം
കഥാഭാവനയുടെ വൈവിധ്യമാർന്ന ആവിഷ്കാരരീതി
ഫൈസൽ ബാവ
(പ്രമോദ് രാമന്റെ ‘രതിമാതാവിന്റെ പുത്രൻ’ കഥാ സമാഹാരത്തിലെ കഥകളിലൂടെ)
......
ലിങ്ക്
==============
29 #കഥായുവത്വം
ജീവിതത്തിന്റെ ക്ലേശഭൂഖണ്ഡം കഥയിൽ
സന്തോഷ് ഏച്ചിക്കാനത്തിന്റെ കഥകളിലൂടെ
......
ലിങ്ക്
=============
28#കഥായുവത്വം
#സ്മരണ
പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ ഓർമ്മ ദിനം
( ഏപ്രിൽ 3, 1940 - ഒക്ടോബർ 27, 2017)
മലമുകളിലെ ധിക്കാരി
ലിങ്ക്
==========================
27 #കഥായുവത്വം
#സ്മരണ
ഇന്ന് കഥായുവത്വത്തിൽ സ്മരണയാണ്.
ഒക്ടോബർ 26നാണ് ടാറ്റാപുരം സുകുമാർ വിട പറഞ്ഞത് (1923 ഒക്ടോബർ 22 – 1988 ഒക്ടോബർ 26))
*വൈവിധ്യമാർന്ന, വൈചിത്ര്യങ്ങളാകുന്ന കഥകൾ*
ടാറ്റാപുരം സുകുമാരന്റെ കഥകളിലൂടെ
fb പേജ് ലിങ്ക് ഇതാ
👇🏾
=============
26 #കഥായുവത്വം
മറുകര തേടുന്ന പുനം കഥകൾ
*ഫൈസൽ ബാവ*
എം.ജി രാധാകൃഷ്ണന്റെ *പുനം കഥകൾ* എന്ന കഥാസമാഹാരത്തിലൂടെ
ലിങ്ക്
============+
25 #കഥായുവത്വം
കഥയിലെ അഗ്നി
(സിതാര.എസിന്റെ അഗ്നി എന്ന കഥയിലൂടെ)
ലിങ്ക്
===================
24 #കഥായുവത്വം
*പടച്ചോന്റെ ചിത്രപ്രദർശനത്തിന്റെ വർത്തമാനം*
(പി.ജിംഷാറിന്റെ പടച്ചോന്റെ ചിത്രപ്രദർശനം എന്ന കഥാസമാഹാരത്തിലൂടെ)
ലിങ്ക്
പ്രണയത്തിന്റെ അപനിർമ്മാണം
*സി. അനൂപി* ന്റെ *പ്രണയത്തിന്റെ അപനിർമ്മാണം* എന്ന കഥയിലൂടെ...
ലിങ്ക്
==============
22 #കഥായുവത്വം
കഥയുടെ പ്രകാശപൂർണമായ മുഖം
(എൻ.ടി ബാലചന്ദ്രന്റെ 'ഒരാൾകൂടി വരാനുണ്ട്' എന്ന കഥാ സമാഹാരത്തിലൂടെ)
ലിങ്ക്
======================
21 #കഥായുവത്വം
കാട്ടൂർക്കടവിലെ കഥാലോകം
ഫൈസൽ ബാവ
(അശോകൻ ചരുവിലിന്റെ കഥകളിലൂടെ)
........
ലിങ്ക്
&&&&&&&&&&&&&&&&&&&&&&&&&&&
20 #കഥായുവത്വം
പരിചിതജീവിതങ്ങളിലെ കാണാകാഴ്ചകൾ
ഫൈസൽ ബാവ
(എം ഫൈസലിന്റെ
'ദേഹവിരുന്ന്' എന്ന സമാഹാരത്തിൽ ഉള്ള 'ഏലി ഏലി ലമ്മാ ശബക്താനി' എന്ന കഥയിലൂടെ)
ലിങ്ക്
============
19#കഥായുവത്വം
പിരിയൻ ഗോവണിക്കു കീഴിലെ ഒറ്റ ജീവിതങ്ങൾ
വിഎം. ദേവദാസിന്റെ *അവനവൻതുരുത്ത്* എന്ന കഥാസമാഹാരത്തിലൂടെ
ലിങ്ക്
============================
18 #കഥായുവത്വം
മനോജ് ജാതവേദരുടെ രണ്ടു കഥകൾ
(മനോജ് ജാതവേദരുടെ
ഘർ വാപ്പസി, മന്ത്രികനായ മാൻഡ്രേക്ക് എന്നീ രണ്ടു കഥകളിലൂടെ)
ലിങ്ക്
വിലക്കുകൾ ധിക്കരിച്ച ഉൾകരുത്തുള്ള കഥകൾ
(സിഎസ് ചന്ദ്രികയുടെ 'എന്റെ പച്ചക്കരിമ്പേ' എന്ന കഥാസമാഹാരത്തിലൂടെ)
Sculpture by Rémy Donnadieu
ലിങ്ക്.
==========
16.#കഥായുവത്വം
നിശബ്ദതയുടെ വന്യമായ ഇടങ്ങൾ തേടുന്ന കഥകൾ
ഫൈസൽ ബാവ
(അർഷാദ് ബത്തേരിയുടെ കഥകളിലൂടെ)
(Painting 'Women with Cat' by Pablo Picasso)
ലിങ്ക്
===========
15.#കഥായുവത്വം
കപ്പിത്താള്: കഥകളുടെ പുതിയാഖ്യാനം
(ബിജു സിപിയുടെ 'കപ്പിത്താൾ' എന്ന കഥാ സമാഹാരത്തിലൂടെ)
===========
14.#കഥായുവത്വം
പുതിയ കാലത്തിന്റെ അടയാളമാകുന്ന കഥകൾ
(സുസ്മേഷ് ചന്ത്രോത്തിന്റെ *മാലിനീവിധമായ ജീവിതം* എന്ന കഥാ സമാഹാരത്തിലൂടെ)
ലിങ്ക്
===============
13#കഥായുവത്വം
കഥ തേടുന്ന കടലും, കടൽ കടന്ന കഥയും
പുസ്തക പരിചയം കഥയിലെ കടൽ (കഥാസമാഹാരം)
ബഷീർ മേച്ചേരി
ലിങ്ക്
==================
12.#കഥായുവത്വം
(കഥായുവത്വത്തിൽ സിവി ശ്രീരാമൻ സ്മരണ)
*അനുഭവത്തിന്റെ ഊടും പാവും കഥകളിൽ*
(സിവി ശ്രീരാമന്റെ കഥകളും ജീവിതവും)
==================
11 .#കഥായുവത്വം
*പുതിയകാല കഥയിലെ കരിക്കകം ടച്ച്*
(ശ്രീകണ്ഠൻ കരിക്കകത്തിന്റെ *അങ്കണവാടി* എന്ന കഥയിലൂടെ)
ലിങ്ക്
================
10. #കഥായുവത്വം
സുഭാഷ് ചന്ദ്രന്റെ കഥകളുടെ പറുദീസ
(സമാഹാരം: കഥകൾ. സുഭാഷ് ചന്ദ്രൻ
ഡിസി ബുക്സ്, വില 295)
ലിങ്ക്
=============
9.#കഥായുവത്വം
പെൺ യാത്രകളെ കൊത്തിവെച്ച കഥകൾ
(വി എച്ച്‌ നിഷാദിന്റെ ആതിര സൈക്കിൾ എന്ന കഥാസമാഹാരത്തിലൂടെ)
ലിങ്ക്
============+
8.#കഥായുവത്വം
'ഗോൾ-വാൾക്കർ' എന്ന വിനോദ് കൃഷ്ണയുടെ കഥയിലൂടെ
ലിങ്ക്
============
7.#കഥായുവത്വം
പുതുവായനയുടെ ജല ത്രികോണങ്ങൾ
(എ.ജെ മുഹമ്മദ് ഷെഫീറിന്റെ 'ജലത്തിന്റെ ത്രികോണങ്ങൾ' എന്ന കഥാസമാഹാരത്തിലൂടെ)
ലിങ്ക്
================
6 #കഥായുവത്വം
പുതിയ കാലത്തിന്റെ കഥകൾ
(അബിൻ ജോസഫിന്റെ "കല്യാശ്ശേരി തീസിസ് " എന്ന കഥാസമാഹാരത്തിലൂടെ)
ലിങ്ക്
==============
5.
#കഥായുവത്വം പേജിൽ ഒരു സ്മരണയാണ്
കഥ *അവസ്ഥാന്തരങ്ങൾ*
*എൻ മോഹനൻ*. (സമാഹാരം- *നുണയുടെ ക്ഷണികതകൾ തേടി* )
ലിങ്ക്.
===================
4.#കഥായുവത്വം
*കൂസലില്ലാതെ പുതുവഴികൾ വെട്ടുന്ന കഥാകാരൻ*
(അമലിന്റെ *പാതകം വാഴക്കൊലപാതകം* എന്ന കഥാസമാഹാരത്തിന്റെ വായനാനുഭവം)
=====================
3.#കഥായുവത്വം
വാക്കിന്റെ നൃത്തച്ചുവടുകൾ*
(എം.നന്ദകുമാറിന്റെ കഥകളിലൂടെ)
=================
2.
#കഥായുവത്വം
*നമുക്കുനേരെ പിടിച്ച കണ്ണാടികൾ*
(ഫാസിലിന്റെ കഥകളിലൂടെ)
.
===========================
1.
#കഥായുവത്വം
കഥയുടെ യുവത്വം
ഫൈസൽ ബാവ
(മജീദ് സെയ്ദിന്റെ ചോരപ്പോര്, അജിജേഷ് പച്ചാട്ടിന്റെ വേളിക്കുന്ന് ടാസ്ക്, അനിൽ ദേവസ്സിയുടെ കളമെഴുത്ത് എന്നീ മൂന്നു കഥകളിലൂടെ)