Wednesday, 30 April 2025

മരവിപ്പ് (കവിത )

 

ന്യൂട്ടന്റെ 

ദർശനാനുവർത്തന ചക്രം 

പോലെ 

നിറമില്ലാതായി 

കറങ്ങുന്ന 

ഓപ്പറേഷൻ 

തീയറ്ററിലെ

കറുത്ത ഫാൻ. 


അതിർത്തി 

പങ്കിട്ടിട്ടും 

ഭൂപടത്തിൽ 

നമ്മുടേതല്ലാത്ത

അയൽരാജ്യം പോലെ

മരവിച്ചു 

തൂങ്ങിയാടുന്ന 

കൈ.


പരവാതാനി പോലെ 

നീണ്ടുകിടന്ന 

ആശുപത്രി 

ബില്ലുകളത്രയും 

ഞാൻ പോലും 

അറിയാതെ 

വലിച്ചെടുത്ത 

സൗഹൃദ ഹസ്തങ്ങൾ.

 

ഫോൺ തുറന്നപ്പോൾ 

അന്വേഷണങ്ങളുടെ 

വലിയ കുന്ന്.

 

എഫ് ബി തുറന്നപ്പോൾ 

പഹൽഗാമിലെ 

പുൽപ്പരപ്പിൽ  

ചിതറിയ 

മൃതദേഹങ്ങൾക്ക് 

മുന്നിൽ, 

ജീവൻ ഉണ്ടായിട്ടും 

മരിച്ചുമരവിച്ച 

ശരീരങ്ങൾ!


കൈകളിലെ 

മരവിപ്പ് 

ശരീരമാസകലം 

പടർത്തി.  

അപ്പോഴേക്കും 

ഒരു വെളുത്ത 

നൈറ്റിംഗേ വന്ന്

സിറിഞ്ചമർത്തി 

എന്തോ കയറ്റി. 


മയക്കം ഒരു കറുത്ത 

പുതപ്പായി വീണു.

മഞ്ഞു വീഴുന്ന, 

പുകപടർന്ന 

പുൽപ്പരപ്പിൽ ഞാൻ. 

 

നെറ്റിയിലേക്ക്

എകെ 47 ചൂണ്ടിയ

തീവ്രവാദികളുടെ ചോദ്യം.

 

കലിമ അറിയുമോ?


തോക്കുകൾക്ക് മുന്നിൽ 

പരിചപോലെ 

നെഞ്ചുവിരിച്ച് 

സയ്യിദ് ആദിൽ ഹുസൈൻ ഷാ. 

 

വേദനമരവിച്ച 

ഇടതു കൈക്കുള്ളിൽ

എല്ലിനു പകരം പിടിപ്പിച്ച

കൈമുട്ട് മുതൽ 

നീണ്ട് കിടക്കുന്ന 

ലോഹക്കമ്പി 

കപീഷിന്റെ 

വാലുപോലെ 

പുറത്തേക്ക് നീണ്ടു.


തോക്കേന്തിയവരുടെ 

കഴുത്തുകളിലത് 

സർവ്വ ശക്തിയോടെ 

ചുറ്റി  ഒറ്റവലി! 

 

നമ്മുടെ രാജ്യത്തെ 

മുഴുവൻ മനുഷ്യരും

ചേർത്ത് പിടിച്ചു 

വലിച്ചപോലെ. 


മരവിച്ച കൈയ്യിൽ 

വേദന പടർന്നു. 

കണ്ണു തുറന്നപ്പോൾ 

ന്യൂട്ടന്റെ 

ദർശനാനുവർത്തനചക്രം 

പോലെ 

നിറമില്ലാതെ കറങ്ങുന്നു

കറുത്ത ഫാൻ.


----------------------------------------

30/04/2025 ബഹുസ്വരയിൽ വന്ന കവിത

 

Link 👇

https://bahuswara.in/literature/f/bodies-scattered-in-the-pahalgam-grassland-poetry

Sunday, 27 April 2025

ഡിസൈനും പ്രതിരോധവും (ഓപ്പൺ പേജ് 181)




2025-ലെ അന്താരാഷ്ട്ര ഡിസൈൻ ദിനത്തിന്റെ തീം "ഔട്ട്ലാൻഡിഷ് ഒപ്റ്റിമിസം" ആണ്. ഈ തീം നെഗറ്റീവ് നാരേറ്റീവുകളിൽ നിന്ന് മോചിപ്പിക്കുകയും പോസിറ്റീവ് ഭാവിയെക്കുറിച്ച് ചിന്തിക്കുവാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു എന്നുകൂടി അർത്ഥമുള്ള എക്കാലത്തും, പ്രത്യേകിച്ച് ഈ കാലത്ത് ഏറെ പ്രസക്തമായ ആശയം. ഡിസൈൻ എന്നത് വെറും വാണിജ്യ താല്പര്യത്തെ പ്രദർശിപ്പിക്കാനുള്ള സൗന്ദര്യാത്മകമായ ഒരു പ്രവർത്തനമല്ല, മറിച്ച് സാമൂഹ്യപരിവർത്തനത്തിനുള്ള ഒരു ശക്തമായ ഉപകരണമാണ്. സംഘർഷങ്ങൾക്കെതിരെ പ്രതിരോധം നിർമ്മിക്കുന്നതിനും സമാധാനം പ്രോത്സാഹിപ്പിക്കുന്നതിനും ഡിസൈൻ എന്നും കല എന്ന അർത്ഥത്തിൽ പലപ്പോഴും ലോകത്തിനു മുന്നിൽ ശക്തമായ സൃഷ്ടികളിലൂടെ അവതരിപ്പിച്ച ചരിത്രം ഉള്ളതാണ്. വിവിധ തരത്തിലുള്ള കലാ സൃഷ്ടികളിലൂടെ നടത്തിയ പ്രതികരണങ്ങൾ, പ്രതിഷേധങ്ങൾ പ്രതിരോധങ്ങൾ ഒട്ടനവധി ഉണ്ടായിട്ടുണ്ട്. പിക്കാസോയുടെ പ്രശസ്തമായ ഗുർണിക്ക എന്ന പെയിന്റിംഗ്. എഴുപതുകളിലെ

വിയറ്റ്നാം യുദ്ധത്തിനെതിരെയുള്ള പോസ്റ്ററുകൾ അതിൽ എടുത്തു പറയേണ്ട സമാധാനത്തിന്റെ ഐക്കണായി മാറിയ. "വാർ ഈസ് ഓവ്!"എന്ന പോസ്റ്റർ, പോലീസ് ക്രൂരതയെതിരെ

പ്രതിഷേധത്തിനായുള്ള ഡിസൈൻ ആയി മാറിയ ഗ്രാഫിക്സിന്റെ ചലന രൂപമായ

ബ്ലാക്ക് ലൈവ്സ മാറ്റർ, ആണവ യുദ്ധത്തിന്റെ വേദനിക്കുന്ന ഓർമ്മയായി നിൽക്കുന്ന ഹിരോഷിമയിലെ 'പീസ് മെമ്മോറിയൽ പാർക്ക്' ഇങ്ങനെ ഉദാഹരണങ്ങൾ ഏറെയുണ്ട്. ഭീകരതയുടെയും സംഘർഷത്തിന്റെയും ഇരുട്ടിൽ നിന്ന് പുറത്തേക്കുള്ള കലാപരമായ ഒരു ദാർശനിക വഴിയാണ് ഇവയെല്ലാം.


കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണം പോലെയുള്ള മനുഷ്യത്വത്തിനെതിരെയുള്ള ക്രൂരതയുടെ ഓർമ്മപ്പെടുത്തുമ്പോൾ, ഡിസൈന്റെ ശക്തി വഴി പ്രതിരോധവും പുനർനിർമ്മാണവും സാധ്യമാണെന്ന് ഈ തീം ഊന്നിപ്പറയുന്നു. ഭീകരതയുടെ ലക്ഷ്യം ഭയവും ആശങ്കയും നിറച്ച് വിദ്വേഷത്തിന്റെ വിത്ത് വിഷ വിതയ്ക്കുകയാണ്. 


"ഔട്ട്ലാൻഡിഷ് ഒപ്റ്റിമിസം" എന്ന ആശയം വിഷാദത്തെ മറികടക്കാൻ ഡിസൈൻ ഉപയോഗിക്കാനാവശ്യപ്പെടുത്തുക എന്നതാണ്. ഉദാഹരണത്തിന്, സമാധാനപരമായ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്ന പോസ്റ്റർ ഡിസൈനുകൾ, സാമൂഹ്യ ഐക്യം ശക്തിപ്പെടുത്തുന്ന പ്രകടന കലകൾ തുടങ്ങിയവ. 

ഇന്ന് ലോകം ഒട്ടുമിക്കവാറും പ്രതിസന്ധികളാൽ ചുറ്റപ്പെട്ടിരിക്കുന്നു ഭീകരവാദം, യുദ്ധം, പരിസ്ഥിതി പ്രതിസന്ധി, രാഷ്ട്രീയ അസ്ഥിരത, സാമ്പത്തിക അസമത്വം തുടങ്ങിയവ. ഈ സാഹചര്യത്തിൽ, ഡിസൈൻ വഴി പ്രതീക്ഷയും പുത്തൻ ദർശനങ്ങളും സൃഷ്ടിക്കാനാകും എന്നതാണ് ഈ വർഷത്തെ തീമിന്റെ സന്ദേശം. ഉദാഹരണത്തിന്, സുസ്ഥിര ഡിസൈൻ (sustainable design), സാമൂഹ്യ നീതി പ്രോത്സാഹിപ്പിക്കുന്ന ആശയങ്ങൾ, ഫ്യൂച്ചറിസ്റ്റിക് ടെക്നോളജി ഡിസൈൻ തുടങ്ങിയവയിൽ ഈ ദിനം സ്വാധീനം നൽകുന്നു.

 

ഡിസൈൻ എന്നത് ചിത്രലിപി കാലം മുതലുള്ള മനുഷ്യന്റെ സാംസ്കാരിക പ്രയത്നമാണ്. ബൗഹാസ് (Bauhaus), ആർട്ട് ഡെക്കോ (Art Deco), മിനിമലിസം (Minimalism) തുടങ്ങിയവ ഡിസൈനെ എങ്ങനെ സാമൂഹ്യ പരിവർത്തനത്തിന് ഉപയോഗിച്ചു എന്ന് ചരിത്രം തെളിയിക്കുന്നു. 2025-ലെ ഈ തീം അത്തരം പരിവർത്തനങ്ങളുടെ തുടർച്ചയാണ് ഒരു പുതിയ ലോകം സൃഷ്ടിക്കാൻ ഡിസൈൻ എങ്ങനെ ഉപയോഗിക്കാം എന്നതിന്റെ പ്രതീക്ഷാബോധത്തോടെയുള്ള ആഹ്വാനം.  


"ഔട്ട്ലാൻഡിഷ് ഒപ്റ്റിമിസം" എന്ന തീം പോളിഷ് ഗ്രാഫിക് ഡിസൈനർമാരുടെ അസോസിയേഷൻ (STGU) ആണ് മുന്നോട്ട് വെച്ചത്.അതിനോട് ഐക്യ ദാർഢ്യപ്പെട്ട് യുക്രേനിയൻ ഗ്രാഫിക് ഡിസൈനർ ഒലേന ട്വെർഡോഖ്ലിബ് രൂപകൽപ്പന ചെയ്ത പോസ്റ്റർ കൂടി ആയതോടെ അത് ലോക ശ്രദ്ധ നേടി

"ഔട്ട്ലാൻഡിഷ് ഒപ്റ്റിമിസം" ഭയത്തിന്റെയും സംഘർഷത്തിന്റെയും നിലവിലെ നാരേറ്റീവുകളെ വെല്ലുവിളിക്കുകയും, ഡിസൈനർമാരെ ഒരു ശ്രേഷ്ഠമായ ഭാവിയെക്കുറിച്ച് സ്വപ്നം കാണാൻ പ്രേരിപ്പിക്കുകയും ചെയ്യുന്ന ആശയമായി വളർന്നു.   

ഈ തീം ഡിസൈനിൽ ഒരു പ്രതീക്ഷാബോധവും പോസിറ്റീവ് സമീപനവും പ്രോത്സാഹിപ്പിക്കാൻ ശ്രമിക്കുന്നു, യഥാർത്ഥ്യത്തെ പുനർരൂപകൽപ്പന ചെയ്യാനും മികച്ച ലോകങ്ങൾ സൃഷ്ടിക്കാനും ഡിസൈൻ ഒരു ഉപകരണമായി ഉപയോഗിക്കേണ്ടതുണ്ട്. .  


സംഘർഷങ്ങൾക്കെതിരെ ഡിസൈൻ ഒരു 'മൗനമായ യുദ്ധം' നടത്തുന്നു. ചരിത്രം തെളിയിക്കുന്നത് പോലെ, ഡിസൈൻ ഒരു 'പ്രതിരോധമാവാനും പുനർനിർമ്മാണത്തിന്റെ ഭാഷയാവാനും കഴിയുമെന്നാണ്. എന്നാൽ രാഷ്ട്രീയ പ്രതിബന്ധങ്ങൾ, ഫണ്ടിംഗ് പ്രശ്നങ്ങൾ തുടങ്ങിയ വെല്ലുവിളികൾ നിലനിൽക്കുന്നു. ഭാവിയിൽ, ടെക്നോളജിയും സാമൂഹ്യ ബോധവും ചേർന്ന് ഡിസൈൻ സമാധാനത്തിനായുള്ള കൂടുതൽ ശക്തിയായി മാറും എന്ന് തന്നെ കരുതാം. ഇന്റർ നാഷണൽ ഡിസൈൻദിനത്തിന്റെ സ്ലോഗൺ പഹൽഗാമിലെ ഭീകരാക്രമണത്തിനു കൂടിയുള്ള പ്രതിരോധമാകുന്നത് അതിനാലാണ്. ഏതൊരു കലാ പ്രവർത്തകനും വെറുതെ ഇരിക്കാനാവില്ല. പലപ്പോഴും കലയിലൂടെ അത് പ്രവചനസ്വരത്തിൽ വെളിപ്പെടുത്തും.

---------------------

Sunday, 23 March 2025

ദ യങ് കാൾ മാർക്‌സ്

 സിനിമ

 


 ലോകത്തിന്റെ മുഖച്ഛായ മാറ്റിയ ഇതിഹാസമാണ് കാള്‍ മാര്‍ക്‌സ്. ലോകത്തിന്റെ ഏത് കോണിലും ഏതു മാറിയ സാഹചര്യത്തിലും മനുഷ്യർക്ക് വേണ്ടി സംസാരിക്കുകയും പൊരുതുകയും ചെയ്യുകയാണ് അപ്പോഴും ഇപ്പോഴും മാർക്സ്. മുതലാളിത്തവും സാമ്രാജ്യത്വവും ഫാസിസവും സൃഷ്ടിക്കുന്ന മനുഷ്യവിരുദ്ധ മാരക വൈറസുകളുടെ ചികിത്സകരാണ് 'മാർക്സിസ്റ്റുകൾ. മാർച്ച് 14നാണ് കാറൽ മാർക്സിന്റെ ചരമദിനം

 

 

അതുകൊണ്ട് രോഗമുള്ള കാലം വരെ മാർക്സിസവും മാർക്സിസ്റ്റുകളും ലോകത്തെ സ്വാധീനിച്ചു കൊണ്ടിരിക്കും. 19-ാം നൂറ്റാണ്ടിലെ തൊഴിലാളിവർഗ്ഗത്തിന്റെ പോരാട്ടങ്ങളെയും വർഗ്ഗസമരത്തെയും വിശകലനം ചെയ്യുകയും മാർക്സിന്റെ ജീവിതത്തിലെ പ്രധാനപെട്ട കാലഘട്ടത്തിലൂടെ സഞ്ചരിക്കുകയും ചെയ്യുന്ന ഫ്രഞ്ച്- ജർമൻ സിനിമയാണ് റൗൾ പെക്ക് സംവിധാനം ചെയ്ത 2017ൽ ഇറങ്ങി ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ "ദ യങ് കാൾ മാർക്‌സ്".


കാൾ മാർക്സിന്റെയും ഫ്രെഡറിക് എംഗൽസിന്റെയും ജീവിതത്തിലെ നിർണായകമായ യുവത്വത്തെ അവതരിപ്പിക്കുന്ന ചിത്രമാണിത്.  1840-കളിലെ യൂറോപ്പിലെ രാഷ്ട്രീയവും സാമൂഹികവുമായ സാഹചര്യങ്ങളെ  പശ്ചാത്തലമാക്കിയാണ് സിനിമ മുന്നോട്ട് പോകുന്നത്.1843-ലെ കാലഘട്ടത്തിൽ നിന്ന് ആരംഭിക്കുന്ന ചിത്രം, കാൾ മാർക്‌സും ഫ്രെഡറിക് എംഗൽസും തമ്മിൽ കണ്ടുമുട്ടുന്നതും അവരുടെ സൗഹൃദം വളരുന്നതും മനോഹരമായ സീനുകളിലൂടെ വ്യക്തമാക്കുന്നു. അതിലൂടെ അക്കാലത്തെ രാഷ്ട്രീയ-സാമൂഹിക അവസ്ഥകളെ കുറിച്ച് അവർ എങ്ങനെ ചിന്തിക്കുന്നുവെന്നും  സിനിമയിൽ വ്യക്തമാക്കുന്നുണ്ട്. അവരിലെ ആശയങ്ങൾ  രൂപപ്പെടുന്നതും, പരസ്പരം സഹകരിക്കുന്നതും, അവരുടെ സൗഹൃദം  വളരുന്നുതുമൊക്കെ കാണാം .


ചരിത്രപരമായി ഏറെ പ്രാധാന്യം അർഹിക്കുന്ന 1840-കളിലെ യൂറോപ്പിന്റെ രാഷ്ട്രീയവും സാമൂഹികവുമായ സാഹചര്യങ്ങളെ കൃത്യമായി അവതരിപ്പിക്കുന്നു എന്നതാണ് ഈ സിനിമയുടെ പ്രത്യേകത. അതിലൂടെ മാർക്സിസത്തിന്റെ ഉദയത്തെക്കുറിച്ചും അതിന്റെ ചരിത്രപരമായ പശ്ചാത്തലത്തെക്കുറിച്ചും ചിത്രം വ്യക്തമായ കാഴ്ച നൽകുന്നു. കാൾ മാർക്സിന്റെയും ഫ്രെഡറിക് എംഗൽസിന്റെയും വ്യക്തിപരമായ ജീവിതവും കൂടി ഉൾപെടുത്തുന്നതോടെ  അവരുടെ ആശയങ്ങളുടെ രൂപീകരണത്തെ ഇതെല്ലാം എങ്ങനെ സ്വാധീനിച്ചു എന്നത് സിനിമയിൽ കാണാം.


 

ഇതിൽ എടുത്തു പറയേണ്ട ഒരു കാര്യം കാൾ മാർക്‌സിനെ അവതരിപ്പിച്ച ഓഗസ്റ്റ് ഡീലിന്റെ  മികച്ച അഭിനയമാണ്. ഒരു ചരിത്ര പുരുഷനെ അവതരിപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അഭിനേതാവ് സൂക്ഷ്മമായി പരിഗണിച്ചിട്ടുണ്ട്‌. അതുപോലെഫ്രെഡറിക് എംഗൽസിന്റെ വേഷം മനോഹരമാക്കിയ സ്റ്റെഫാൻ കോണാർസ്‌കി അവരുടെ സൗഹൃദവും, ആശയപരമായ സഹകരണവും മികച്ച രീതിയിൽ അവതരിപ്പിക്കുന്നു. സാങ്കേതികമായ മികവും സിനിമയെ ലോകോത്തരമാക്കുന്നു.സിനിമയുടെ ദൃശ്യങ്ങളും സംഗീതവും ചിത്രത്തിന്റെ അന്തരീക്ഷത്തിനോട്‌ ഏറെ ചേർന്ന് നിൽക്കുന്നു.


_______________________________________________________

 

 

2025 മാർച്ച് 14 ന് ബഹുസ്വരയിൽ പ്രസിദ്ധീകരിച്ചത്  

 

Link -  https://bahuswara.in/politics/f/the-young-karl-marx-life-and-message-of-marx--faisal-bava