Friday 12 July 2013

ഒരു സിനിമ കൊട്ടക കാലം

 
സിനിമ കൊട്ടക എന്ന പേര് തന്നെ നമുക്കിടയില്‍ നിന്നും മാഞ്ഞു കൊണ്ടിരിക്കുന്ന കാലഘട്ടമാണ് ഇത്, പുതിയ സാങ്കേതിക വിദ്യയുടെ കുത്തൊഴുക്കില്‍ സ്വാഭാവികമായും ഇല്ലാതാവുന്ന പലതില്‍ ഒന്നുമാത്രമാണ് ഇതെന്ന് നമുക്ക് ആശ്വസിക്കാം. മാത്രമല്ല ഈ സാങ്കേതിക വിദ്യ തന്നെ നമുക്ക് ലോക ക്ലാസിക്ക് സിനിമകള്‍ വിരല്‍ത്തുമ്പില്‍ എത്തിച്ചു തരുന്നു എന്നതും വളരെ നല്ല കാര്യം തന്നെ. അതുകൊണ്ടു തന്നെ സിനിമ കൊട്ടക എന്നത് നമുക്കിന്ന് ഗൃഹാതുരത്വം തരുന്ന ഓര്‍മയാണ്. ലോക ക്ലാസിക്ക് സിനിമകള്‍ എന്നും നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ കടന്നു വരികയോ ജനങ്ങള്‍ക്കിടയില്‍ താല്‍പര്യം ജനിപ്പിക്കുകയോ ഉണ്ടാകാത്ത ഒന്നാണെന്ന കാര്യം മറച്ചു വെക്കുന്നില്ല. അതുകൊണ്ടു തന്നെ രാജ്കുമാറും അമിതാബച്ചനും, രാജനീകാന്തും, പ്രേംനസീറും, മമ്മൂട്ടിയും, മോഹന്‍ലാലും, തുടങ്ങി ഫഹദ് ഫാസിലും അല്ലു അര്‍ജ്ജുനും വരെയുള്ള എത്തി നില്‍ക്കുന്ന താരനിരയും അവരുടെ സിനിമകളും നാട്ടിന്‍പുറങ്ങളില്‍ പോലും നിറഞ്ഞോടുമ്പോള്‍ തന്നെ ലോകം മുഴുവന്‍ ചര്ച്ച ചെയ്യപ്പെടുന്ന സംവിധായകരുടെ സിനിമകള്‍ ഇന്നും നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ അത്ര ചര്ച്ച ചെയ്യപ്പെടുന്നില്ല, ലോക ക്ലാസിക്കുകളായ സെവന്‍ത് സീല്‍, റെഡ് ബിയെര്‍ഡ്, ബാറ്റില്‍ഷിപ് പൊതംകിന്‍, നോസ്റ്റാള്‍ജിയ, ഇറാന്‍ സിനിമകള്‍, കിം കി ഡുക് സിനിമകള്‍, എന്തിന് ഇന്ത്യന്‍ ഇതിഹാസങ്ങളായ ഘട്ടക് സിനിമകള്‍, റേയുടെ ചിത്രങ്ങള്‍, മലയാളത്തിന്റെ മുഖം ലോകത്ത് എത്തിച്ച അടൂരോ അരവിന്ദനോ ഇവരുടെ ഒക്കെ എത്ര സിനിമകള്‍ നാട്ടിപുറങ്ങളില്‍ കണ്ടിട്ടുണ്ടാകും, ചര്ച്ച ചെയ്തിട്ടുണ്ടാകും.

എന്നാല്‍ ഇന്ന് ലോകം ഏറെ മാറികഴിഞ്ഞു, ലോകം വിരല്‍ത്തുമ്പില്‍ നിറഞ്ഞാടുകയാണ് ടോറന്‍റും മറ്റ് സൈറ്റുകളും നമ്മുടെ മുന്നില്‍ ഉണ്ട്, ലോക സിനിമകള്‍ കാണുന്ന ഒരു സമൂഹം ഇന്ന് വളര്‍ന്ന് വരുന്നു. ഒരു സംവിധായകനും ലോകത്തെ ഏത് ഭാഷയിലുള്ള സിനിമകളിലെ രംഗങ്ങളും പകര്‍ത്തി തന്റെ സിനിമയില്‍ ഉള്‍പ്പെടുത്താന്‍ പറ്റാത്ത കാലം അങ്ങിനെ ചെയ്താല്‍ ആ നിമിഷം സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകളിലൂടെ ഉടനടി പ്രതികരിക്കുന്ന സമൂഹം. ഈവര്‍ക്കിടയിലേക്കാണ് പഴയകാല ഫിലിം സൊസൈറ്റി പ്രവര്‍ത്തനത്തിന്റെ മാതൃക പിന്‍പറ്റി ഇന്നും കൃതമായി പ്രവര്‍ത്തിക്കുന്ന ചങ്ങരംകുളം കാണി ഫിലിം സൊസൈറ്റിയുടെയും സിനിമകള്‍ കാണിക്കാന്‍ അവസരം നല്‍കുന്ന കൃഷ്ണ മൂവീസിന്റെയും പ്രസക്തി. ഇന്നും ബദല്‍ സാധ്യതകളിലൂടെ പ്രതീക്ഷകള്‍ കാണുന്ന ഒരു കൂട്ടത്തിന്റെ വലിയ പ്രവര്‍ത്തനമാണ് കാണി ഫിലിം സൊസൈറ്റി. ഒരു ചെറിയ സമൂഹത്തില്‍ ആണെങ്കില്‍ പോലും നല്ല സിനിമകളെ കണ്ടെത്തി അവ ജനങ്ങളെ കാണിച്ചു നല്ല കാഴ്ചയുടെ സംസ്കാരം വളര്‍ത്തി കൊണ്ടുവരാന്‍ ഫിലിം സൊസൈറ്റികള്‍ നല്കിയിട്ടുള്ള സംഭാവനകള്‍ വളരെ വലുതാണ്.
ഇവിടെയാണ് ചങ്ങരം കൃഷ്ണ മൂവീസിനെ മറ്റു ടാക്കീസുകളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. കൃഷ്ണ മൂവീസിലാണ് കാണി ഫിലിം സൊസൈറ്റി എല്ലാ സിനിമകളും പ്രദര്‍ശിപ്പിക്കാറ്. നാട്ടിന്‍പുറത്തെ ടാക്കീസുകള്‍ ഓര്‍മ്മയില്‍ അവശേഷിക്കുകയോ ഓഡിറ്റോറിയമായി മാറുകയോ ചെയ്ത സാഹചര്യത്തില്‍ സാധാരണ സിനിമകള്‍ കാണിക്കുക മാത്രമല്ല മാസത്തില്‍ ഒരു ഞായറാഴ്ച ലോക ക്ലാസിക്ക് സിനിമ കാണിക്കുവാന്‍ അവസരം ഉണ്ടാകുന്നു എന്നത് നിസ്സാര കാര്യമല്ല. അത് കൊണ്ട് തന്നെ ചങ്ങരം കുളം കൃഷ്ണ മൂവീസില്‍ ബര്‍ഗ്മാന്‍റെ വൈല്‍ഡ് സ്റ്റോബറിയെന്നോ, കുറസോവയുടെ രാഷമോന്‍ എന്നോ, മഖ്മല്‍ ബഫിന്റെ സൈക്ക്ലിസ്റ്റെന്നു കേള്‍ക്കുമ്പോള്‍ ഇവിടെയുള്ളവള്‍ അത്ഭുതപ്പെടാറില്ല. അലന്‍ റെനെയുടെ വെര്‍ണര് ഹെര്‍സോഗിന്റെ കിം കി ഡുക്കിന്‍റെ സിനിമാ പോസ്റ്ററുകള്‍ കാണുമ്പോള്‍ സാധാരണം എന്ന മട്ടില്‍ അവര്‍ കാണുന്നു. സാധാരണക്കാരായ പ്രേക്ഷകരെ ഈ സിനിമകള്‍ കാണാന്‍ പ്രേരിപ്പിക്കുന്നതും ഈ ഫിലിം സൊസൈറ്റിയുടെ പ്രവര്‍ത്തനഫലമാണ്. ഗുണപരമായ ഒരു ദൃശ്യ സംസ്കാരം വളര്‍ത്തി കൊണ്ടുവരാന്‍ നടത്തുന്ന ഈ പ്രവര്‍ത്തനം അതിനായി അവസരം ഒരുക്കുന്ന ഒരു ടാക്കീസ് തീര്‍ച്ചയായും മറ്റുള്ള പ്രദേശങ്ങള്‍കും ഫിലിം സൊസൈറ്റി പ്രസ്ഥാനങ്ങള്‍ക്കും മാതൃകയാണ്.

No comments:

Post a Comment