ചിത്രകല

പാശ്ചാത്യ ചിത്രകലയിൽ ദൃതവേഗമുള്ള മാറ്റങ്ങൾ പ്രകടമായിരുന്ന അക്കാലത്ത് ആ മാറ്റങ്ങൾ ഉൾക്കൊള്ളാതെ ഇന്ത്യയിലെ ചിത്രകലയിൽ സുപ്രധാനമായൊന്നും ചെയ്യാൻ കഴിയില്ലെന്ന് അദ്ദേഹം കരുതി. സ്വിസ്സ് കലാകാരനായ പോൾ ക്ലീയും അക്കാലത്ത് അദ്ദേഹത്തിൽ സ്വാധീനം ചെലുത്തി. ഈജിപ്ഷ്യൻ ചിത്രകലയും നിഗൂഢലിഖിതങ്ങളും പോൾ ക്ലീയെ സ്വാധീനിച്ചിരുന്നു. പോൾ ക്ലീയുടെ ജീവൻ തുളുമ്പുന്ന സൃഷ്ടികൾ പിക്കാസോ, ബ്രാക്ക് എന്നിവരേക്കാളും ഇന്ത്യൻ ചിത്രകലയുമായി അടുത്തു നിൽക്കുന്നതായി അദ്ദേഹം വിശ്വസിച്ചു. എന്നാൽ തന്റെ രചനകൾ പോൾ ക്ലീയുടേതിന്റെ അനുകരണമാവുന്നതിനേക്കാൾ സ്വന്തമായ രീതിക്ക് തുടക്കമിടാനാണ് അദ്ദേഹം ആഗ്രഹിച്ചത്. 1963-ൽ പുതിയ ഭാവുകത്വത്തിലേക്ക് അദ്ദേഹത്തിന്റെ രചനകൾ പ്രവേശിച്ചു. അറബിക് അക്കങ്ങളും ആൾജിബ്രയിലേയും ജ്യാമിതിയിലേയും ലാറ്റിൻ പ്രതീകങ്ങളും രൂപങ്ങളും പുതിയ ആശയങ്ങൾക്ക് രൂപം നൽകാൻ അദ്ദേഹത്തെ സഹായിച്ചു. പരമ്പരാഗതമായ ഇന്ത്യൻ പ്രതീകങ്ങളും ജ്യോതിഷ ചാർട്ടുകളും ചിഹ്നങ്ങളും അദ്ദേഹത്തിന്റെ താൽപര്യ പരിധികളിൽ വന്നു. രചനയുടെ ആദ്യകാലങ്ങളിൽ ഉപയോഗിച്ചിരുന്ന റോമൻ അക്ഷരങ്ങൾ അദ്ദേഹം വെടിയുകയും മലയാള ലിപികൾ കൂടുതൽ സ്വീകരിക്കുകയും ചെയ്തു. പിന്നെയും കുറേ കാലം കഴിഞ്ഞാണ് കെ.സി.എസ് പണിക്കർ താന്ത്രിക ചിത്രകലയിലേക്ക് തിരിയുന്നത്. പക്ഷേ ഒരു പരിധി വരെ ഇതിന് തന്റെ ക്രിയാത്മക ചോദനകളെ സംതൃപ്തമാക്കാൻ കഴിയാതിരുന്നതായി അദ്ദേഹം വിലയിരുത്തുന്നുണ്ട്. പിന്നീട് ചിത്രകലയിൽ കെ.സി.എസ്. പണിക്കർ ഉപയോഗിച്ച അടയാളങ്ങൾ ഏതെങ്കിലും ഭാഷയിലെ ലിപികൾ എന്നതിനേക്കാളേറെ സ്വയം രൂപപ്പെടുത്തിയ ചിഹ്നങ്ങളായിരുന്നു. മലയാളം അക്ഷരങ്ങൾ മാത്രം വളരെ ഭാഗികമായി അവയിൽ അവശേഷിച്ചു. നിരർത്ഥകമായ ആ അക്ഷരസമാനമായ രൂപങ്ങൾ അദ്ദേഹം ദൃശ്യങ്ങളുടെ സ്വാധീനം വർദ്ധിപ്പിക്കാൻ മാത്രമാണ് ഉപയോഗിച്ചത്.
തമിഴ് നാട്ടിലെ ചോളമണ്ഡലത്തിൽ കെ.സി.എസ്. പണിക്കർ സ്ഥാപിച്ച കലാഗ്രാമം ദക്ഷിണേന്ത്യയിലെ യുവ ചിത്രകാരുടെ കൂട്ടായ്മക്കും വളർച്ചക്കും സഹായകരമായതായി വിലയിരുത്തപ്പെടുന്നു. ചിത്രകാരൻമാർക്കായുള്ള ഇന്ത്യയിലെ ആദ്യത്തെ കലാഗ്രാമമാണിത്. ജയപാലപ്പണിക്കർ, പാരീസ് വിശ്വനാഥൻ, എം.വി.ദേവൻ, ഹരിദാസ്, നന്ദഗോപാൽ, എസ്. ജി. വാസുദേവ്, പി. ഗോപിനാഥ്, സേനാധിപതി തുടങ്ങിയ പ്രശസ്ത ചിത്രകാരൻമാർ ഇവിടെ കേന്ദ്രീകരിച്ച് പ്രവർത്തിച്ചു.പ്രദർശനങ്ങളും പുരസ്കാരങ്ങളും17 വയസ്സായപ്പോഴേക്കും അദ്ദേഹം ‘മദ്രാസ് ഫൈൻ ആർട്ട്‌സ് സൊസൈറ്റി‘ യുടെ വാർഷിക ചിത്രകലാ പ്രദർശനങ്ങളിൽ തന്റെ ചിത്രങ്ങൾ പ്രദർശിപ്പിക്കുവാൻ തുടങ്ങിയിരുന്നു. മദ്രാസിലെ പ്രോഗ്രസീവ് പെയിന്റേഴ്‌സ് അസോസിയേഷന്റെ രൂപവത്കരണത്തിനു ശേഷം 1944 മുതൽ '53 വരെ മദ്രാസ്, ബോംബേ, കൽക്കത്ത, ന്യൂഡൽഹി, ലണ്ടൻ എന്നിവിടങ്ങളിൽ അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ പ്രദർശനം നടത്തിയിട്ടുണ്ട്. 1954-ൽ ന്യൂ ഡൽഹിയിലെ ലളിത കലാ അക്കാദമി അദ്ദേഹത്തെ മികച്ച ഒമ്പത് കലാകാരിൽ ഒരാളായും അക്കാദമിയുടെ എക്സിക്യൂട്ടീവ് ബോർഡ് അംഗമായും തെരഞ്ഞെടുത്തു. ഇംഗ്ലണ്ട്, ഫ്രാൻസ്, ഇറ്റലി, സ്വിറ്റ്‌സർലാന്റ് എന്നീ രാജ്യങ്ങളിൽ സഞ്ചരിച്ചു. ലണ്ടനിലെ ഇന്ത്യൻ ഹൗസിലും ഫ്രാൻസിലും പ്രദർശനങ്ങൾ നടത്തി. 1955-ൽ മദ്രാസിലെ ഗവ. ആർട്‌സ് & ക്രാഫ്റ്റ്സ് സ്കൂളിന്റെ വൈസ് പ്രിൻസിപ്പാൾ ആയും '57-ൽ പ്രിൻസിപ്പാൾ ആയും അദ്ദേഹം സ്ഥാനമേറ്റു. 1959-ൽ അന്നത്തെ സോവിയറ്റ് യൂണിയനിൽ പര്യടനം നടത്തി, മോസ്കോയിലും ലെനിൻ ഗ്രാഡിലും കീവിലും ഇന്ത്യൻ ചിത്രകലയെ കുറിച്ച് പ്രഭാഷണങ്ങൾ നടത്തുകയും ചെയ്തു. 1961-ൽ ബ്രസീലിലും 1962-ൽ മെക്സിക്കോയിലും പ്രദർശനങ്ങൾ നടത്തി. ഇക്കാലയളവിൽ മദ്രാസിലെ ആർട്‌സ് & ക്രാഫ്‌റ്റ്‌സ് സ്കൂൾ കോളേജായി ഉയർത്തപ്പെട്ടു. 1963-ൽ ന്യൂയോർക്കിൽ വെച്ചു നടന്ന ലോക ചിത്രകലാ സമ്മേളനത്തിൽ ഇന്ത്യൻ പ്രതിനിധി സംഘത്തിലെ അംഗമായി പങ്കെടുത്തു. അമേരിക്കയുടെ ഔദ്യോഗിക അതിഥിയായി അമേരിക്കയിലുടനീളം സഞ്ചരിക്കുകയും അമേരിക്കൻ കലാകാരുമായി ചർച്ചകളിൽ ഏർപ്പെടുകയും ചെയ്തു. 1965-ൽ ടോക്യോയിലെ അന്തർദേശീയ പ്രദർശനത്തിലും ലണ്ടനിലെ ഫെസ്റ്റിവൽ ഹാൾ പ്രദർശനത്തിലും പങ്കെടുത്തു. ഈ വർഷം ചിത്രരചനക്ക് ദേശീയ പുരസ്കാരം ലഭിച്ചു. 1966-ൽ മദ്രാസിൽ ചോളമണ്ഡലം കലാഗ്രാമം സ്ഥാപിച്ച കെ.സി.എസ് 1967-ൽ ആർട്സ് & ക്രാഫ്റ്റ്സ് കോളേജിലെ പ്രിൻസിപ്പാൾ സ്ഥാനത്ത് നിന്നും വിരമിച്ചു. മകനും പ്രശസ്ത ശില്പിയുമായ നന്ദഗോപാൽ ആണ് ഇപ്പോഴത്തെ ചോളമണ്ഡലം കലാഗ്രാമം സെക്രട്ടറി. മരണം1977 ജനുവരി 15ന് അറുപത്തി ആറാമത്തെ വയസ്സിൽ കെ.സി.എസ്. പണിക്കർ ചെന്നൈയിൽ വെച്ച് അന്തരിച്ചു.
No comments:
Post a Comment