Sunday, 21 April 2013

പൊള്ളുന്ന ഭൂമി മാറുന്ന കാലാവസ്ഥ

 പരിസ്ഥിതി
                        എപ്രില്‍ 22 – ലോക ഭൌമ ദിനം - Earth Day 2013
                                           "The Face of Climate Change"
 
"ഭൂമിക്കു മേല്‍ നിപതിക്കുന്നതെന്തോ അത് അവരുടെ സന്തതികള്‍ക്കു മേലും നിപതിക്കുമെന്ന് നാമറിഞ്ഞിരിക്കണം. ഭൂമി മനുഷ്യരുടെതല്ല മനുഷ്യന്‍ ഭൂമിയുടെതാണ്. മനുഷ്യന്‍ ഉയിരിന്റെ വല നെയ്യുന്നില്ല, ഉയിരിന്റെ വലയോട് അവന്‍ ചെയ്യുന്നതെന്തോ അത് അവന്‍ അവനോട് തന്നെയാണ് ചെയ്യുന്നത്"
റെഡ് ഇന്ത്യക്കാരുടെ സിയാറ്റിന്‍ മൂപ്പന്‍ 1854ല്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റിനയച്ച കത്തിലെ വരികളാണിത്. നാം അപരിഷ്കൃതരെന്ന് വിശേഷിപ്പിച്ച ഒരു സമൂഹത്തിന്റെ തലവന്‍ എഴുതിയ ഈ മഹത്തായ വരികള്‍ക്കിന്നും പ്രസക്തി ഏറി വരികയാണ്. എന്നാല്‍ ഏറെ പുരോഗതി കൈവരിച്ചു എന്നവകാശപ്പേടുന്ന നാം ചെയ്യുന്നതോ? കത്തിയമരാന്‍ പോകുന്ന ഈ ജീവന്റെ ഗോളത്തെ പറ്റി ഇനിയും കാര്യമായി ചിന്തിച്ചില്ലെങ്കില്‍ ഇങ്ങനെ ഒരു ഗോളം ഉണ്ടായിരുന്നെന്ന് പറയാന്‍ പോലും മനുഷ്യ വര്‍ഗം ബാക്കിയുണ്ടാവില്ല എന്ന കാര്യം ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിക്കാന്‍ ഇതാ ഒരു ഭൌമ ദിനം കൂടി കടന്നു വന്നിരിക്കുന്നു. "The Face of Climate Change" എന്നാണ് ഇത്തവണത്തെ ഭൌമദിന വാക്യം പൊള്ളുന്ന നമ്മുടെ ഭൂമിയെ തണുപ്പിക്കാൻ നമുക്കാവില്ലേ ഒരു ശ്രമം നമുക്ക് നടത്ത്തിക്കോടെ, ബാക്കിയായ ഹരിത വലയത്തിന്നെ യെങ്കിലും കത്ത് സൂക്ഷിക്കാൻ എല്ലാവരും ചേർന്ന് നമുക്കൊരു നയം ഉണ്ടാക്കികൂടെ
ശാസ്ത്രം അതിന്റെ ശുദ്ധമായ ഉത്സാഹത്തോടെ കണ്ടെത്തിയ കാര്യങ്ങളെ ഗുണകരമായി മാറ്റേണ്ടതിനു പകരം പലപ്പോഴും കച്ചവട താല്പര്യത്തിന്റെയും ലാഭക്കൊതിയുടെയും ഇടയില്‍ മനുഷ്യന്റെ തന്നെ നാശത്തിലേക്ക് നയിക്കുന്ന തരത്തില്‍ നീങ്ങിയതിന്റെ ഫലമായി നിരവധി ദുരന്തങ്ങള്‍ വിവിധ ഇടങ്ങളിലായി നാം കണ്ടു കഴിഞ്ഞു. ഈ ഭൌമ ദിനത്തില്‍ നാം കൂടുതല്‍ ചിന്തിക്കേണ്ടത് ഏത് തരത്തിലുള്ള ഊര്‍ജ്ജമാണ് ഇനി നാം പ്രയോജനപ്പെടുത്തേണ്ടത് എന്നും എതെല്ലാം നാം തിരസ്ക്കരിക്കണം എന്നുമാണ്.

ജപ്പാനിലെ ഫുക്കുഷിമ ആണവ നിലയങ്ങളില്‍ നിന്നും ആണവ വികിരണങ്ങള്‍ അന്തരീക്ഷത്തിലേക്കും സമുദ്രത്തിലേക്കും കലര്‍ന്നു കൊണ്ടിരിക്കുന്നു. ചെര്‍ണോബിലിനേക്കാള്‍ വലിയ അപകടാവസ്ഥ നിലനില്‍ക്കുന്നു. ഏറെ സാങ്കേതിക മികവു പുലര്‍ത്തുന്ന ജപ്പാന്‍ ഇക്കാര്യത്തില്‍ എന്തു ചെയ്യണമെന്നറിയാതെ പകച്ചു നില്‍ക്കുന്നു. ഇന്ത്യയില്‍ ജോതാപൂരില്‍ ആണവ നിലയത്തിനെതിരെ മുറവിളി കൂട്ടുന്ന ജനങ്ങളെ സര്‍ക്കാര്‍ അടിച്ചൊതുക്കുന്നു. കൂടംകുളത്ത് എല്ലാ പ്രതിഷേധങ്ങളെയും കാറ്റിൽ പറത്തി ആണവ നിലയം കമ്മീഷൻ ചെയ്യുമെന്നു സര്ക്കാര് തന്നെ പറയുന്നു
ആണവോര്‍ജ്ജം തന്നെ ഇനി ലോകത്തിനു വേണ്ട എന്ന് ചിന്തിക്കേണ്ട സമയത്തും നാം ആണവോര്‍ജ്ജ ഉല്പാദനത്തെ വാനോളം പുകഴ്തി പാടുന്നു. വരാനിരിക്കുന്ന നാളുകള്‍ കൂടുതല്‍ കറുത്തതാക്കാനേ ഈ നയം ഉപകരിക്കൂ എന്ന് ധൈര്യപൂര്‍വ്വം ആര് വിളിച്ച് പറയും?
ഭൂമി അതിന്റെ സംഹാര താണ്ഡവമാടാന്‍ തുടങ്ങിയാല്‍ നാം ഇക്കാലമത്രയും നേടിയെടുത്ത ഒരറിവും, ഒരു ശക്തിയും ഒന്നിനും കൊള്ളാത്ത ഒന്നായി മാറുമെന്ന കാര്യം മനുഷ്യന്‍ മറക്കുന്നു. ജപ്പാനിലുണ്ടായ സുനാമി അതിന്റെ ഒരു മുന്നറിയിപ്പാണ്. ആഗോള താപനത്താല്‍ ഭൂമി വിയര്‍ക്കാന്‍ തുടങ്ങിയപ്പോള്‍ പൊള്ളുന്ന പകലിനെ ചെറുക്കാനാകാതെ പിടയുന്ന നാം എത്ര നിസ്സാരരാണെന്ന് ചിന്തിക്കണം. ഭൂമിക്ക് എന്തു സംഭവിക്കുന്നു എന്ന് നമുക്കിന്ന് കൃത്യമായി പ്രവചിക്കാനാവും. അതിനുള്ള ശാസ്ത്ര ജ്ഞാനം നാം നേടിക്കഴിഞ്ഞു. ഇനി ഭാവി തലമുറക്ക് എങ്ങിനെ ഈ ഭൂമിയെ സുരക്ഷിതമായി കൈമാറാമെന്ന് ചിന്തിക്കേണ്ടതിനു പകരം കൂടുതല്‍ കൂടുതല്‍ നാശത്തിലേക്കാണ് നാം പോയി കൊണ്ടിരിക്കുന്നത്. വരും തലമുറ നമ്മെ ശപിക്കപെട്ടവരാക്കി മാറ്റും എന്ന കാര്യത്തില്‍ സംശയം വേണ്ട.

സാങ്കേതിക ജ്ഞാനത്തെ പ്രകൃതിക്കും മനുഷ്യനും ഒരു പോലെ ഗുണകരമാകുന്ന തരത്തില്‍ പ്രയോജനപ്പെടുത്തണം. പ്രകൃതിയെ ഒട്ടും പരിഗണിക്കാതെയുള്ള ഒരു വികസനമാണ് നാം പിന്തുടരുന്നത്. ഈ നില തുടര്‍ന്നാല്‍ വരുന്ന അമ്പത് വര്‍ഷത്തിനകം ഈ ജീവന്റെ ഗോളത്തില്‍ നിന്നും ജീവന്‍ എന്ന മഹത്തായ പ്രതിഭാസം എന്നെന്നേക്കുമായി ഇല്ലാതായാല്‍ അത്ഭുതപ്പെടേണ്ട എന്നാണ് ശാസ്ത്രജ്ഞനായ സ്റ്റീഫന്‍ ഹോക്കിങ്സ് അഭിപ്രായപ്പെട്ടത്. ശാസ്ത്രം പ്രകൃതിയിലെ അദൃശ്യമായ പ്രക്രിയകളെ അറിയാതെ അമൂര്ത്തമായതിനെ സത്യമായി ഉദ്ഘോഷിക്കുന്നു. നാം നേടിയെടുത്ത പുരോഗതി തന്നെയാണ് ഇന്ന് വന്‍ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കുന്ന തരത്തില്‍ തിരിച്ചടിച്ചു കൊണ്ടിരിക്കുന്നത്. എന്നിട്ടും ഭൂമിയുടെ നാശത്തിലേക്ക് നയിക്കുന്ന പ്രവര്‍ത്തനം നാം തുടര്‍ന്നു കൊണ്ടിരിക്കുന്നു തന്മൂലം കൂടുതല്‍ ഇരുണ്ട ദിനങ്ങളെ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു. ആഗോള താപനം (Global Warming), ആഗോള ഇരുളല്‍ (Glogal Dimmimg) എന്നീ ദുരന്തങ്ങള്‍ ക്കരികിലാണ് ഭൂമി, ആഗോള താപനത്തിന്റെ ദുരന്ത ഫലങ്ങള്‍ അങ്ങിങ്ങായി പ്രതിഫലിച്ചു കൊണ്ടിരിക്കുന്നു. ഭൂമി വിയര്‍ക്കാന്‍ തുടങ്ങിയതോടെ മനുഷ്യനും മറ്റു ജീവജാലങ്ങളും അതിജീവിക്കുവാനായി പാടുപെടുകയാണ്, WWFന്റെ കണക്കു പ്രകാരം ആഗോള താപനം മൂലം ഏകദേശം 1,60,000 പേര്‍ മരിക്കുന്നു എന്നും 2025 ആകുന്നതോടെ ഇത് മൂന്നു ലക്ഷം കവിയുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്
മനുഷ്യ വംശം അതിന്റെ ഊര്‍ജ്ജം നേടുന്നത് പ്രകൃതിയില്‍ നിന്നാണ്. സംസ്കാരങ്ങള്‍ വേരാഴ്ത്തുന്നതും പ്രകൃതിയില്‍ തന്നെ. അതിനാല്‍ പ്രകൃതിയെ നാശത്തില്‍ നിന്നും രക്ഷിച്ചേ മതിയാകൂ. രാ‍ഷ്ട്രങ്ങള്‍ ഇതിനായി ഒന്നിക്കേണ്ടതുണ്ട്. ഐക്യ രാഷ്ട്ര സഭ തയ്യാറാക്കിയ ചാര്‍ട്ടറില്‍ ഇങ്ങനെ പറയുന്നുണ്ടെങ്കിലും സാമ്രാജ്യത്വ ശക്തികള്‍ നടത്തുന്ന ചൂഷണത്തെ തടുക്കാന്‍ പാകത്തിലുള്ള ശക്തി ഇന്ന് ഐക്യ രാഷ്ട്ര സഭക്ക് ഇല്ല എന്ന സത്യം നിലനില്‍ക്കുന്നു. ഉച്ചകോടികളും സമ്മേളനങ്ങളും അതാത് കാലത്ത് നടക്കുന്നു. ഭൂമിക്കു മേലുള്ള പ്രഹരം ദിനം പ്രതി വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നു. പ്രകൃതിക്കു മേലുള്ള ഈ കടന്നാക്രമണത്തെ ഭൂമിയെ സ്നേഹിക്കുന്ന നാം ഓരോരുത്തരും മനസിലാക്കി പ്രവര്‍ത്തിക്കേണ്ട കാലമാണിത്. അണ്ണാര കണ്ണനും തന്നാലായത് എന്ന പോലെ നാം ഓരോരുത്തരും ചിന്തിച്ചാല്‍ വരാനിരിക്കുന്ന കറുത്ത നാളേയേ കുറച്ചെങ്കിലും അകറ്റാന്‍ സാധിച്ചേക്കും.
നാം നല്ലതെന്ന് കണ്ടെത്തി ഉപയോഗിച്ച പലതും പില്‍കാലത്ത് നമുക്ക് ഏറെ ദുരന്തങ്ങള്‍ക്ക് കാരണമായിട്ടുണ്ട് എന്നതിന് ഉത്തമ ഉദാഹരണമാണ് ആണവോര്‍ജ്ജം. വര്‍ദ്ധിച്ചു വരുന്ന ഊര്‍ജ്ജാവശ്യ ത്തിനാണെങ്കില്‍ പോലും ഈ അപകട കാരിയായ പദാര്‍ത്ഥം നാം എവിടെ സുരക്ഷിതമായി കൊണ്ടു വെയ്ക്കുമെന്ന ചോദ്യം ഏവരേയും കുഴക്കുന്നതാണ്. എന്തു കൊണ്ട് നമുക്കിത് വേണ്ട എന്ന് തീര്‍ത്ത് പറയാന്‍ കഴിയാതെ പോകുന്നു?

ഉപയോഗ ശേഷം വലിച്ചെറിയുക എന്ന ചീത്ത ശീലത്തെ നമ്മുടെ ജീവിതത്തോട് ഒപ്പം ചേര്‍ത്തു പിടിച്ചതു മുതലാണ് ഭൂമിയില്‍ മാലിന്യങ്ങള്‍ കുന്നു കൂടാന്‍ തുടങ്ങിയത്. നാം വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളും, വ്യവസായ ശാലകള്‍ തുപ്പുന്ന വിഷപ്പുകയും, ജലാശയ ങ്ങളിലേക്ക് തുറന്നു വിടുന്ന വിഷ ദ്രാവകങ്ങളും, കൃഷിയിടങ്ങളില്‍ അടിക്കുന്ന കീടനാശിനികളും എല്ലാം തന്നെ ഇതിനകം ഭൂമിയെ കാര്‍ന്നു തിന്നു കഴിഞ്ഞു. ഇത്തരത്തില്‍ മുന്നോട്ട് പോയാല്‍ മാലിന്യം തള്ളാന്‍ വേണ്ടി മാത്രം ഭൂമിയോളം വലിപ്പമുള്ള മറ്റൊരു ഗോളം നാം കണ്ടെത്തേണ്ടി വരും. പ്രകൃതിയെ ആവശ്യത്തിനും അനാവശ്യത്തിനും ആര്‍ത്തിക്കും വേണ്ടി ചൂഷണം ചെയ്യുമ്പോള്‍ നഷ്ടപ്പെടുന്നത് കാല്‍കീഴിലെ മണ്ണാണെന്ന് മനുഷ്യന്‍ മറക്കുന്നു. 2025 ആകുന്നതോടെ അന്തരീക്ഷ താപനില 1.4 മുതല്‍ 8.9 വരെ വര്‍ധിച്ചാല്‍ അത്ഭുതപ്പെടേണ്ടതില്ല എന്ന് പഠനങ്ങള്‍ പറയുന്നു. ഇപ്പോള്‍ അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് 383 PPM (Parts Per Million) ആണ്. വ്യവസായ യുഗത്തിന് മുന്‍പ്‌ ഇത് 280 ppm ആയിരുന്നു. 2100 ആകുന്നതോടെ ഇത് 500 ppm ആയി വര്‍ദ്ധിക്കുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.
എന്തായാലും വരാനിരിക്കുന്ന നാളുകള്‍ നാം കൂടുതല്‍ പരീക്ഷണങ്ങള്‍ക്ക് കാത്തിരിക്കേണ്ടി വരും എന്ന ബോധം ഈ ഭൌമ ദിനത്തില്‍ ഡെമോക്ലീസിന്റെ വാളായി നാം ഓരോരുത്തരുടെയും തലക്കു മീതെ തൂങ്ങിക്കിടക്കുന്നുണ്ടെന്ന് ഓര്‍ക്കുന്നത് നന്നായിരിക്കും. കാലാവസ്ഥ വ്യതിയാനം നമ്മെ കൂടുതൽ കൂടുതൽ ചിന്തിപ്പിക്കാൻ, പ്രവര്ത്തിപ്പിക്കാൻ പ്രേരിപ്പിക്കട്ടെ എന്ന് മാത്രം ഈ ദിനത്തിൽ ഓര്മ്മപ്പെടുത്തുന്നു

(ഇപത്രത്തിൽ പ്രസിദ്ധീകരിച്ചത്)

http://epathram.com/pacha/04/22/090806-the-face-of-climate-change.html

Saturday, 13 April 2013

ആഘോഷം

കവിത


 
 
 
 
 
 
 
 




ണികണ്ടുണരാൻ
ചൈനയിൽ നിന്നും
സ്വര്ണ്ണം തോല്ക്കും കൊന്നപ്പൂ,
പടര്ന്നു പൊട്ടും ചൈനീസ് പടക്കം,
ഉലകം ചുറ്റി കത്തും കമ്പിത്തിരി,
സ്വര്ണനൂലുകൾ പായും
സെറ്റ് സാരി,  
പ്ലാസ്റ്റിക്‌ വാഴയില
തമിഴ് വെള്ളരി, കുമ്പളം,
ആന്ധ്ര പാലക്കടൻ മട്ടയരി.
 

കൈകൂപ്പി നിന്ന് പ്രാർത്ഥിക്കുമ്പോൾ
അറിയാതെ പറഞ്ഞു പോയി.
ഉണ്ടാവല്ലേ
മുല്ലപെരിയാർ കശപിശ,
ചൈനീസ് നയതത്ര വീഴ്ച,
തെലുങ്കൻ ഉടക്ക്,

പിന്നെ
"നിങ്ങളില്ലാതെ
നമുക്കെന്താഘോഷം"
എന്ന പരസ്യ മൊഴിയും.
========================

Thursday, 11 April 2013

പച്ചപ്പിലൂടെ… പൊള്ളി ക്കൊണ്ട്

പരിസ്ഥിതി
 
 
കേരളം ച്ചുട്ടുപൊള്ളുകയാണ്. സൂര്യാഘാതം എല്ക്കുന്നവർ കേഴുന്ന ഇടമായി ഈ ദൈവത്തിന്റെ സ്വന്തം നാട് മാറിയിരിക്കുന്നു. കാടും നാടും വെട്ടി വെളുപ്പാക്കാൻ മുന്നിട്ടിറങ്ങിയവര്ക്കിന്നു ഉത്തരമില്ല. കാടും കുന്നും വെട്ടി ഇടിച്ചു ഇല്ലാതാക്കുമ്പോൾ ആരും ഒന്നും മിണ്ടുന്നില്ല എന്നാൽ സ്വന്തം ശരീരം പൊള്ളുമ്പോൾ നമ്മുടെ ചർച്ചകൾ കൂടുന്നു. ഇവർ തന്നെ ജീവജലം മുട്ടിക്കുന്ന, ജീവജാലങ്ങളെ നശിപ്പിക്കുന്ന, പച്ചപ്പിനെ ഇല്ലാതാക്കുന്ന, ജീവന്റെ ഉറവുകളെ കെടുത്തുന്ന ഈ പദ്ധതിക്കായി വാശി പിടിക്കുന്നു. ചുട്ടുപ്പൊള്ളുന്ന ഭൂമിയെ കാത്തിരിക്കാന്‍ നമുക്കാവുമോ? എന്നാ ചോദ്യം പൊള്ളുമ്പോൾ മാത്രം ചോദിക്കേണ്ടതല്ല. ദാഹമകറ്റാന്‍ കുടിവെള്ളത്തിനായി സധാരണക്കാരന്‍ പൊരുതുമ്പോള്‍ മറുവശത്ത് വെള്ളം വിറ്റ് കാശാക്കുന്ന കുത്തക കമ്പനികള്‍. പ്രകൃതി വിഭവങ്ങള്‍ സ്വന്തമാക്കി കുത്തക കമ്പനികള്‍ തടിച്ചു വീര്‍ക്കുമ്പോള്‍ സാധാരണക്കാരന്റെ ഭാവിയെ പറ്റി നാം ചിന്തിക്കാൻ മറക്കുന്നു. ആ ഓർമ്മപ്പെടുത്തലുകളാണ് ഈ പൊള്ളലുകൾ തരുന്നത്. “ജീവന്റെ അതിബ്ര്യഹത്തായ ഒരു സിംഫണിയാണ് പ്രക്ര്യതിയൊരുക്കുന്നത്, ഈ പ്രതിഭാസമാണ് ഭൂമിയുടെ ജീവന്‍” ഈ സിംഫണിയാണ് നാം മനസിലാക്കാതെ പോകുന്നത്
ആഗോള താപനത്തിന്റെ (Global Warming) ദുരന്ത ഫലങ്ങള്‍ ലോ‍കത്തിന്റെ പല ഭാഗങ്ങളിലായി പ്രതിഫലിച്ചു തുടങ്ങിയിരിക്കുന്നു. ഭൂമി വിയര്‍ക്കാന്‍ തുടങ്ങിയതോടെ മനുഷ്യനും മറ്റു ജീവ ജാലങ്ങളും അതിജീവിക്കാ നാവാതെ ഉരുകി ഇല്ലാതാവും. WWF ന്റെ കണക്ക് പ്രകാ‍രം ആഗോള താപനം മൂലം 1,60,000 പേര്‍ പ്രതി വര്‍ഷം മരണമട യുന്നുണ്ടെ ന്നാണ് പറയുന്നത്, 2030 ആകുന്നതോടെ ഇത് 300,000 കവിയുമെ ന്നാണ് സൂചിപ്പി ക്കുന്നത്. 2025 ആകുന്നതോടെ 4 ഡിഗ്രി സെല്‍ഷ്യസ് ചൂട് വര്‍ദ്ധിക്കുമെന്നും ഈ നൂറ്റാണ്ടിന്റെ അവസാന മാകുമ്പോഴേക്കും 1.4 മുതല്‍ 8.9 വരെ ചൂട് വര്‍ദ്ധിച്ചാല്‍ അത് അത്ഭുതപെടേണ്ട എന്ന് കണക്കുകള്‍ പറയുമ്പോള്‍ ഭൂമി ഒരു ചുടു ഗോളമാകാന്‍ അധികം താമസമുണ്ടാകില്ല. ആഗോള താപന ഫലമായി സമുദ്ര നിരപ്പ് ഇനിയും ഉയര്‍ന്നേക്കാം, അപ്പോൾ മുങ്ങിയില്ലാതാകാനും സാധ്യത കൂടുതലാണ് ഹരിത ഗൃഹ വാതകങ്ങളുടെ അമിതോ പയോഗം വരുത്തി വെച്ച വിനാശകരമായ നാളെയെ പറ്റി ഇനിയെങ്കിലും ചിന്തിക്കേണ്ടി യിരിക്കുന്നു. അന്തരീക്ഷ ത്തിലേക്ക് അമിതമായി തുറന്നു വിടുന്ന കാര്‍ബണ്‍ മൂലകങ്ങളുടെ അതി പ്രസരം ഭൂമിയെ ഒരു ചുടു ഗോളമാക്കി മാറ്റുന്നു എന്ന തിരിച്ചറിവാണ് കാര്‍ബണ്‍ വാതകങ്ങളുടെ ഉപയോഗം കുറച്ചു കൊണ്ടു വരണമെന്ന് പറയുന്നതിന്റെ സാരം. ഇപ്പോള്‍ തന്നെ അന്തരീക്ഷ ത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ ലെവല്‍ 383 ppm (parts per million) ആണ്. വ്യവസായ യുഗത്തിന് മുമ്പ് ഇത് 280 ppm ആയിരുന്നു. 2100 ആകുന്നതോടെ ഇത് 500 ppm ആയി വര്‍ദ്ധിക്കുമെന്നും അപ്പോള്‍ ജീവ ജാലങ്ങള്‍ക്ക് അതി ജീവിക്കാനാവില്ല എന്ന് ശാസ്ത്ര ലോകം പറയുന്നു.

ഭൂമി അതിന്റെ ഏറ്റവും ദുരിത പൂര്‍ണമായ കാലഘട്ട ത്തിലൂടെയാണ് നീങ്ങി കൊണ്ടിരിക്കുന്നത്. ഇതേ നില തുടര്‍ന്നാല്‍ വരും നാളുകള്‍ കൂടുതല്‍ കറുത്തതാകുമെ ന്നതില്‍ ആര്‍ക്കും സംശയം വേണ്ട. ഈ ആകുലതകല്ക്കൊപ്പം നിന്നുവേണം നാം ഇപ്പോൾ നേരിടുന്ന സൂര്യതാപത്തെ പറ്റി ചിന്തിക്കാൻ. കേരളം മരതക കാന്തിയിൽ മുങ്ങികുളിച്ച് കിടക്കുന്നു എന്നൊക്കെ നാം വീമ്പിളക്കി നടക്കുമ്പോളും ദിനം പ്രതി കുറഞ്ഞത് നാല്പത് മരങ്ങൾ എങ്കിലും നാം മുറിച്ചിടുന്നു. സൈലന്റ് വാലിയടക്കം നമ്മുടെ പ്രധാനപെട്ട കാടുകൾ ഒക്കെ തന്നെ ഭീഷണിയിൽ ആണ്. അതും നാം മുറവിളി കൂട്ടുന്ന വികസന ഭീകരതയുടെ പേരിലാണ് കൂടുതലും ഭീഷണി എന്നത് നമ്മെ ഇനിയെങ്കിലും ചിന്തിപ്പിക്കണം. നദികളുടെ പ്രഭവസ്ഥാനങ്ങളിലെ വന നശീകരണം മൂലം നദികൾ വറ്റി വരളുന്നു. എന്നിട്ടും നമ്മൾ ഇപ്പോളും ചിന്തിക്കുന്നത് കാടുവെട്ടി വികസനം കൊണ്ടുവരാനാണ്. ഈ ചിന്തയില നിന്നാണ് മലയാളി മാറേണ്ടത് . സ്വന്തം വീട് നിര്മാണം മുതൽ നമ്മുടെ എല്ലാ മേഖലകളിലും മാറ്റത്തിന് മുതിരണം. ഭൂമിയുടെ നിലനില്പ്പിനു ഈ കൊച്ചു ഇടത്തിനും കാര്യമായ പങ്ക് ഉണ്ടെന്ന ബോധം ഏവരിലും ഉണ്ടാകണം. പൊള്ളുന്ന സമയത്തെങ്കിലും ഈ ചിന്ത നമ്മളിൽ പടരട്ടെ.

Sunday, 7 April 2013

സിനാൻ എന്ന വേദന

കവിത
 
 


 നിന്റെ പ്ലാനും പ്ലാൻന്റെഷനും
എനിക്കറിയില്ല
പക്ഷെ
വേദന
എങ്ങിനെയെന്നും
എന്താണെന്നും
ചിലപ്പോൾ
നിങ്ങളെക്കാളേറെ
എനിക്കറിയാം

മരണത്തെ
കുറിച്ചും എനിക്കറിയില്ല

എന്നാൽ
മരണമുഖത്ത്
നിൽക്കുമ്പോൾ
എന്തെല്ലാമെന്നും
എനിക്കറിയാം

നിങ്ങളുടെ അത്ര
ജീവിക്കാൻ
എനിക്കായില്ലായിരിക്കാം

പക്ഷേ
നിങ്ങളെക്കാൾ
വേഗത്തിൽ
ഞാൻ ജീവിതത്തെ
കൊണ്ടറിഞ്ഞു

അമ്മിഞ്ഞപ്പാലിന്
കൈപ്പാണെന്നുപറഞ്ഞാൽ
നിങ്ങൾ സമ്മതിക്കുമോ?


എന്റെ അമ്മിഞ്ഞപ്പാലിൽ
നിന്നും ആരാണ്
മാധുര്യം വലിച്ചൂറ്റി
അതിൽ കൈപ്പ് കലര്ത്തിയത്?
നിങ്ങളാണോ?

അമ്മിഞ്ഞപ്പാലിനേക്കാൾ
ഞാൻ കുടിച്ചത്
അമ്മയുടെ കണ്ണീരാണ്
നിങ്ങളോ?

കരയാനറിയാത്ത
വേദനയെ
നിങ്ങള്ക്കറിയാമോ?


ഞാനിങ്ങനെ
ചോദിച്ചിട്ടൊന്നും
കാര്യമില്ലെന്ന് അറിയാം

എന്നാലും
എന്നെ മറവു ചെയ്ത
കബറിന് മുകളിൽ
മുളച്ച
ചെടി വളരുന്നത്
നിങ്ങൾ വെള്ളമൊഴിച്ചിട്ടല്ല
എന്റെ അമ്മയുടെ
കണ്ണീരാണ്

ഞാനിവിടെ എത്തിയപ്പോൾ
ഇങ്ങനെ
ഒരു കാടു കണ്ടു
ഒന്നും
വെള്ളമൊഴിച്ചതല്ല
എല്ലാം കണ്ണീരുകൊണ്ട്
വളർന്നത്‌ തന്നെ

====================


ണ്ണുണ്ടായിട്ടും കാണാത്ത ലോകത്തിന് ഇതാ ഒരു വിയോഗ വാർത്ത‍ കൂടി

കണ്ണേ മടങ്ങുക സിനാനെ ഒരായിരം മാപ്പ്. ഈ ഭൂമിയെ, മണ്ണിനെ, വായുവിനെ വിഷമയമാക്കി നിന്നെ പോലെ ഒരായിരം കുഞ്ഞിങ്ങളെ ഇല്ലതാകിയ കാലത്തു ജീവിച്ചതിന്, കൊല്ലങ്ങളായി ഇത് കണ്ടു നിന്നതിന്, മരിച്ചവരോട് അസൂയ തോന്നുന്ന വിധം സാഹചര്യം ഉണ്ടാക്കിയതിന്, എല്ലാത്തിനും മാപ്പ്.... കണ്ണീർ ചാലിച്ച ആദരാഞ്ജലികൾ

(സര്‍ക്കാരിന്റെ വൈകിവന്ന സഹായവാഗ്ദാനത്തിന് സിനാന്‍ കാത്തുനിന്നില്ല. എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിന്റെ ഇരയായി മാധ്യമങ്ങളിലെല്ലാം നിറഞ്ഞുനിന്ന ഏഴു മാസക്കാരന്‍ കുഞ്ഞ് സിനാന്‍ ദുരിതം മാത്രം സമ്മാനിച്ച ലോകത്തോട്  കാഞ്ഞങ്ങാട്ട് അമ്പലത്തറ സലാവുദ്ദീന്റെയും ഫാത്തിമയുടെയും ഏഴു മാസം മാത്രം പ്രായമുള്ള മകന്‍ മുഹമ്മദ് സിനാന്‍ വിടപറഞ്ഞു.)

 

Wednesday, 6 March 2013

രണ്ടു വയസ്സുള്ള പെണ്‍കുട്ടി ചോദിക്കുന്നത്

കവിത


ഞാന്‍ ഷെമി*
ആദര്‍ശം,
അഭിമാനം,
സദാചാരം എന്നീ
വാക്കുകള്‍
എന്തിനാണെന്ന്
എനിക്കറിയില്ല.

നിയമം,
കോടതി,
വാദം എന്നീ
വാക്കുകള്‍ക്കിടയില്‍
ഞാന്‍ നില്‍ക്കുന്നില്ല.

പെണ്ണ്,
പീഡനം,
ലൈംഗികത
എന്നീ
വാക്കുകളാണ്
എന്നെ ചതച്ചരച്ചത്.

വാക്കുകള്‍
ഇറ്റി വീഴാറായ
എന്റെ ചുണ്ടില്‍നിന്നു
ആരാണ് അമ്മിഞ്ഞപ്പാല്‍
ഊറ്റിയെടുത്തത് ?

പൊക്കിള്‍കൊടി
മുറിച്ചപോലെ
ആരാണെന്റെ
താരാട്ടിനെ
കീറിയത് ?

എന്റെ
പുഞ്ചിരി
ആരെയാണ്
വശീകരിച്ചത്?

അമ്മതന്‍ മാറിത്ത്
പറ്റിച്ചേര്‍ന്നുറങ്ങിയ
എന്നെ
ആരാണ് കീറിയെടുത്തത്?

ബാല്യത്തിന്റെ
കുറുമ്പ്
നെഞ്ചുകീറിയ
വേദനയാക്കിയതെന്തിനാണ് ?

വെറിപൂണ്ട
ചെകുത്താനെ
സൃഷ്ടിച്ചതെന്തിനാണ് ?

ഭൂമിയുടെ
കണ്ണീരിലേക്ക്
കരയാനറിയാത്ത എന്നെ
വലിച്ചെറിഞ്ഞതെന്തിനാണ്?
----------------------------------------
ഷെമി* : സെബാസ്റ്റ്യന്‍ എന്നയാള് ബലാല്‍സംഗം ചെയ്തുകൊന്ന ‍ രണ്ടു വയസ്സായ  ബാലിക

2006 ല്‍ പാറശാലയില്‍ ചെകുത്താന്‍ സെബാസ്റ്റ്യന്‍ എന്നയാള്‍ രണ്ടു വയസ്സായ ഷെമി* എന്ന ബാലികയെ ബലാല്‍സംഗം ചെയ്തുകൊന്നശേഷം പുഴ ആറ്റി എറിഞ്ഞു കൊന്നപ്പോള്‍ എഴുതിയ കവിത (മാധ്യമം)
ഇന്നും ആ ചെകുത്താന്മാര്‍ ഇതേ വേട്ട തുടരുന്നു പൂവായ് വിരിയാത്ത മൊട്ടിനെ ചതച്ചരക്കുന്നു... ലജ്ജിക്കുന്നു ഈ ചെകുത്താന്‍ മാരുടെ കാലത്ത് ജീവിച്ചതിന് ഇവരുള്ള നാട്ടില്‍ ജനിച്ചതിന്.....
കുറെ കാമവെറി മൂത്ത വേട്ടക്കാര്‍ തിരൂരില്‍ ചവച്ചു തുപ്പി കുറ്റിക്കാട്ടിലേക്ക് വലിചെരിയപെട്ട എന്റെ കുഞ്ഞു പെങ്ങളെ മാപ്പ് ഒരായിരം മാപ്പ്
 ഈ കവിത നിനക്കായ്‌ സമര്‍പ്പിക്കുന്നു

Monday, 14 January 2013

അമ്മ

 
 
 (മിനിക്കഥ)

 
 
ന്റെ കുട്ടിക്കാലത്ത് നക്ഷത്രങ്ങളെ ചൂണ്ടി അമ്മ പറയാറുണ്ട്
 
"ഇവയെല്ലാം പരേതാത്മാക്കളാണ്, കൂടുതല്‍ തിളങ്ങുന്നത് നല്ല ഹൃദയമുളളവരുടെയാണ്"

മൈതാനത്ത് ഞാന്‍ മലര്‍ന്നു കിടന്നു. ആകാശത്ത് നിരവധി നക്ഷത്രങ്ങള്‍ തിളങ്ങുന്നു. ഒരു നക്ഷത്രം കൂടുതല്‍ തിളങ്ങുന്നു.
ആ നക്ഷത്രത്തെ ഞാന്‍ അമ്മേയെന്നു വിളിച്ചു.

Wednesday, 14 November 2012

കവിതയിലെ പച്ചപ്പ്

പുസ്തകവിചാരം

വയനാട്ടിലെ മഴ - വി.മോഹനകൃഷ്ണന്‍
(കവിതാസമാഹാരം)
വിതയില്‍ പച്ചപ്പ് നിലനില്‍ക്കുന്നത് നല്ല സൂച്ചനയാണ്,
പച്ച മാഞ്ഞുപോയി കൊണ്ടിരിക്കുന്ന ലോകത്ത്‌
അക്ഷരങ്ങളിലൂടെ പച്ചപ്പ് പടര്‍ത്താന്‍ ശ്രമിക്കുകയാണ് വി മോഹനകൃഷ്ണന്‍. പക്ഷികളെയും,
പുഴുക്കളും, മൃഗങ്ങളും, വയനാടന്‍ മലയും,
പക്ഷിപാതാളവുമെല്ലാം കവിതയിലൂടെ തൊടുന്നത് കാണാം.
വയനാടന്‍ മലകളില്‍ തങ്ങി നില്‍ക്കുന്ന
വിപ്ലവ ഓര്‍മ്മകള്‍ കവി വീണ്ടും വീണ്ടും ഓര്‍മ്മപ്പെടുത്തുന്നു.
 വര്‍ഗ്ഗീസ് മഴമേഘങ്ങളെ 
വെടി വെച്ചു വീഴ്ത്തിയ തിരുനെല്ലിയില്‍
ജലം അദൃശ്യമായൊഴുകുന്നു
ആത്മാക്കള്‍ക്ക് മുങ്ങിക്കുളിക്കാന്‍.
(വയനാട്ടിലെ മഴ)
 
ജലം കൊണ്ടിതു നിറയില്ലെങ്കില്‍
 കല്ലും മരങ്ങളും ഓര്‍മ്മകളും
കൊണ്ട് തൂരണം
അല്ലെങ്കില്‍ തകരണം
അണകെട്ടിയാല്‍ നില്‍ക്കുന്ന
ഓര്‍മ്മയല്ല കക്കയം.
 (അണക്കെട്ട്)
 ഇങ്ങനെ നീളുന്നു വിപ്ലവ ഓര്‍മ്മകള്‍ തുളുമ്പുന്ന
മോഹനകൃഷ്ണന്റെ
കവിതകള്‍, പക്ഷികളും , പുഴുക്കളും, മൃഗങ്ങളും,
മരങ്ങളും സ്വച്ഛന്ദം
വിഹാരം ചെയ്യുന്ന വിചിത്രമായൊരു ജീവ ലോകത്തേക്കാണ്
മോഹന കൃഷ്ണന്റെ കവിതകള്‍ തുറക്കുന്നത്, മീനും,
വയനാടന്‍ മലകളും, കാടും പക്ഷികളും, പക്ഷിപാതാളവും,
പൂമ്പാറ്റയും, വിപ്ലവ ഓര്‍മ്മകളും,
കക്കയവും, വര്‍ഗ്ഗീസും, ഇറങ്ങി വരുന്ന കവിതകള്‍
ഏറെ പ്രതീക്ഷ തരുന്നു,
വലിയ ഒച്ചപ്പാടുകള്‍ക്കിടയില്‍ അധികം ശബ്ദമുണ്ടാക്കാതെ
വി മോഹനകൃഷ്ണന്‍ കവിത എഴുതി കൊണ്ടിരിക്കുന്നു.
വയനാട്ടിലെ മഴ, നിശബ്ദതയുടെ ആയുധങ്ങള്‍, കാക്കജന്മം,
പക്ഷിജന്മം, പരാജിതരുടെ
അടയാളങ്ങള്‍, അണക്കെട്ട്, പൊന്നാനിപ്പുഴ,
മരിച്ചവന്റെ മരം,
കാട്ടുവഴികള്‍ എന്നിങ്ങനെ മികച്ച്ചവയെന്നു തന്നെ
പറയാവുന്ന 49 കവിതകള്‍ അടങ്ങിയതാണ്
വി. മോഹനകൃഷ്ണന്റെ വയനാട്ടിലെ മഴ എന്ന
കവിതാ സമാഹാരം. "അര്‍ത്ഥം വെച്ചുള്ള കൊച്ചു
വര്ത്തമാനങ്ങളാകുമോ
നമ്മുടെ കവിത " എന്ന ആകുലത പങ്കുവെച്ചുകൊണ്ട്
സമാഹാരത്തില്‍ കാക്കയായിരുന്നതില്‍ ബാക്കി എന്ന യോജിച്ച ഒരു അവതാരിക
പ്രശസ്ത കവി പി പി രാമചന്ദ്രന്‍ എഴുതിയിട്ടുണ്ട്. വായനക്കാര്‍ക്ക്
വേണ്ടി ഈ അവതാരികയുടെ പൂര്‍ണ്ണ രൂപം
ഇതോടൊപ്പം ചേര്‍ക്കുന്നു.
                             ---------------------------------------
 
കവിത
അണക്കെട്ട്
വി. മോഹനകൃഷ്ണന്‍
മുന്നിലേക്ക്‌ വഴി തിരിയാത്തതിനാല്‍
പിന്നിലേക്ക് നടന്നു
വെളിച്ചത്തിന്റെ പിന്നിലെ
ഇരുട്ടിലേക്ക്
ശബ്ദത്തിനു പിന്നിലെ
നിശ്ശബ്ദതയിലേക്ക്
ഒഴുകുന്ന പുഴയിലൂടെ
ഒഴുക്ക് മുട്ടിയ അണക്കെട്ടിലേക്ക്
പ്രവാഹങ്ങള്‍ക്കു പിന്നില്‍
കെട്ടി നിര്‍ത്തിയ ജലമളന്നളന്ന്
കക്കയത്തെത്തി
വയനാട്ടില്‍ നിന്നുള്ള
ഒരുറവിനെ ഇവിടെ കെട്ടിനിര്ത്തിയിരിക്കുന്നു.
ജലം കൊണ്ടിതു നിറയില്ലെങ്കില്‍
കല്ലും മരങ്ങളും ഓര്‍മ്മകളും
കൊണ്ട് തൂരണം
അല്ലെങ്കില്‍ തകരണം
അണകെട്ടിയാല്‍ നില്‍ക്കുന്ന
ഓര്‍മ്മയല്ല കക്കയം.
_____________________
(വയനാട്ടിലെ മഴ എന്ന സമാഹാരത്തില്‍ നിന്ന്)

 
കാക്കയായിരുന്നതിന്‍ ബാക്കി
( വി മോഹനകൃഷ്ണന്റെ 'വയനാട്ടിലെ മഴ' എന്ന കവിതാസമാഹരത്തിന്‌ പി. പി. രാമചന്ദ്രന്‍ എഴുതിയ അവതാരിക.)crow
"അര്‍ത്ഥംവെച്ചുള്ള കൊച്ചുവര്‍ത്തമാനങ്ങളാ'യിച്ചുരുങ്ങുമോ
നമ്മുടെ കവിതയിലെ പുതുമകള്‍? ചരിത്രം, രാഷ്ട്രീയം,
സംസ്കാരം എന്നിവയെ
ച്ചൊല്ലിയുള്ള ഉത്കണ്ഠകള്‍ അവ്യക്തമോ വിദൂരമോ ആയ പശ്ചാത്തലംപോലുമാവാത്ത കേവലഭാഷാനിര്‍മ്മിതികളായി
പരിണമിക്കുമോ അത്‌? കാടോ മരങ്ങളോ ഇലകളോ കാണാതെ,
കിളിക്കണ്ണുമാത്രം കാണുന്ന കൗശലമായിത്തീരുമോ?
അല്ലെങ്കില്‍, കിളിയെ കിളിയായും മരത്തെ മരമായും വേറിട്ടുകാണാതെ കാടടച്ചു വെടിവെച്ച പൂര്‍വ്വികരോടുള്ള കലാപമായിരിക്കുമോ?

ആനുകാലികകവിതയിലെ പുതിയശബ്ദങ്ങള്‍ക്കു
കാതോര്‍ക്കുമ്പോള്‍ ഉള്ളിലുടക്കാറുള്ള സംശയങ്ങളാണിവ.
രൂപശില്‍പത്തില്‍
ഛന്ദോമുക്തതകൊണ്ടും ഭാവശില്‍പത്തില്‍
അകാല്‍പനികതകൊണ്ടും
ആധുനികര്‍ കവിതയുടെ സാമ്പ്രദായികശാസനങ്ങളില്‍നിന്ന്
വിടുതിനേടിയെങ്കിലും ചരിത്രം, പ്രസ്ഥാനം തുടങ്ങിയ
 സമഷ്ടിബോധം ഉപേക്ഷിച്ചിരുന്നില്ല. അവരെത്തുടര്‍ന്നുവന്ന
തലമുറയാകട്ടെ, അപ്പൊഴെക്കും അപചയിച്ചുതുടങ്ങിയ
മുക്തച്ഛന്ദസ്സിനെ വലിയ വിപ്ലവമായോ
താളനിബദ്ധമായ കാവ്യശില്‍പത്തെ അസ്പൃശ്യമായോ
കരുതിയുമില്ല.
എന്നാല്‍ പിന്നെപ്പിന്നെ ഉള്ളടക്കത്തില്‍ സമഷ്ടിചിന്ത കുറഞ്ഞു
വന്നതായിക്കാണാം. ഇപ്പോഴാകട്ടെ, കാവ്യഭാഷ
തിരിച്ചറിയപ്പെടാനാവാത്ത
വിധം "വര്‍ത്തമാന'മായി. താരതമ്യേന നിസ്സാരങ്ങളും
നിത്യനിദാനങ്ങളും വിഷയമായി. "കവിതയായി
വായിച്ചെടുക്കാവുന്ന വിത'യായി എല്ലാ ഭാഷാപ്രയോഗങ്ങളും. കാഴ്ചപ്പാടുകള്‍ക്കു പകരം കാഴ്ചകളും നിലപാടുകള്‍ക്കു
പകരം നിലകളും മാത്രമുള്ള ഒരാളായി കവി.

തെളിവുകള്‍ നിരത്താതെയുള്ള ഒരു സാമാന്യവല്‍ക്കരണമാണിതെന്നു
 പറയാം. സമ്മതിക്കുന്നു. എന്നാല്‍ ഇത്‌ കവിയേയും
കവിതയേയും മാത്രം ബാധിച്ച ഒന്നാണോ? തീര്‍ച്ചയായുമല്ല. കേരളീയസമൂഹവും ഭാഷയും സംസ്കാരവും പൊതുവില്‍
നേരിടുന്ന ഒരു വെല്ലുവിളിയുടെ ഭാഗം മാത്രമാണ്‌
പുതുകവിതയും നേരിടുന്നത്‌. ആഗോളീകരണത്തിന്റേതായ
പുതിയലോകത്ത്‌ സ്വത്വവും നിലനില്‍പ്പും ചോദ്യം
ചെയ്യപ്പെട്ടുകഴിഞ്ഞ നിരവധിഭാഷാസമൂഹങ്ങളില്‍ ഒന്നുമാത്രമാണ്‌
മലയാളം. സ്വന്തം മണ്ണില്‍നിന്നും ചരിത്രത്തില്‍നിന്നും
വിശ്വാസങ്ങളില്‍നിന്നും ഇളക്കിമാല്‍കപ്പെടുന്ന
ഏതുജനതയുടേയും അനിശ്ചിതത്വം മലയാളിയും നേരിടുന്നുണ്ട്‌.

ഈ പ്രതിസന്ധി, ജീവിതത്തിന്റെ സമസ്തമേഖലകളേയും വീണ്ടു
വിചാരങ്ങള്‍ക്കും പുനര്‍നിര്‍വ്വചനങ്ങള്‍ക്കും
വിധേയമാക്കിക്കൊണ്ടിരുന്നു. രാഷ്ട്രീയവും കലയും
സംസ്കാരവുമെല്ലാം പുതുക്കാന്‍ നിര്‍ബ്ബന്ധിക്കപ്പെടുന്ന
ഇത്തരമൊരു സാഹചര്യത്തിന്റെ സമ്മര്‍ദ്ദം
സ്വാഭാവികമായും കവിതയിലും പ്രത്യക്ഷമായി.
മലയാളത്തില്‍ കഴിഞ്ഞ ഒന്നരപ്പതിറ്റാണ്ടിനുള്ളില്‍ സജീവമായ പുതുകവിതയ്ക്ക്‌ നേരിടേണ്ടിവന്നത്‌ ഈ സങ്കീര്‍ണ്ണ
സാഹചര്യത്തെയാണ്‌. കലങ്ങിമറിഞ്ഞ സമകാലത്തെ
പ്രതിഫലിപ്പിക്കാന്‍ ആധുനികര്‍ക്കും അവര്‍ക്കുമുമ്പുള്ളവര്‍ക്കുമുണ്ടായിരുന്നതുപോലെ
തെളിമയുള്ള പ്രസ്ഥാനങ്ങളുടേയോ പ്രത്യയശാസ്ത്രങ്ങളുടേയോ
 പിന്‍ബലം ഇവര്‍ക്കുണ്ടായില്ല. ആദര്‍ശപ്രചോദിതമായ നവോത്ഥാനകവിതകളിലെപ്പോലെയോ ആശയ
പ്രചോദിതമായ ആധുനികതയിലെപ്പോലെയോ
പുതുകവിതയില്‍ ഉള്ളടക്കം മുഴങ്ങിയില്ല. ആദര്‍ശങ്ങളും
 പ്രസ്ഥാനങ്ങളും അപചയിച്ചുതുടങ്ങിയ കാലം
വലുതുകളെ ഉപേക്ഷിച്ച്‌ ചെറുതുകളെ ശ്രദ്ധേയമാക്കി.
"വയനാട്ടിലെ മഴ' എന്ന
കവിതയില്‍ വി. മോഹനകൃഷ്ണന്‍ ഇങ്ങനെ എഴുതി:

"വയനാട്ടില്‍ ഞാനെത്തുമ്പോള്‍
വലിയമഴകളൊക്കെതോര്‍ന്നുകഴിഞ്ഞിരുന്നു.
പെയ്തുതീരാത്ത മരങ്ങളും
ഇറ്റുവീഴുന്ന ഇറവെള്ളവുംബാക്കിനിന്നു.'

സമാനമായ മറ്റൊരു കവിതകൂടി ഇതിനോടു ചേര്‍ത്തുവായിക്കാം:

"ഒരുമഴയും ഞാന്‍നേരേ നനഞ്ഞില്ല.
വിടവുകളിലൂടെ
ഊത്താലടിച്ചുകൊണ്ടിരുന്നു.
അനുഭവങ്ങളില്ല;
ലോകമില്ല
ഉള്ളതവയുടെ ഊത്താല്‍.'

പുതുകവികളുടെ അനുഭവദാരിദ്ര്യത്തെ പരിഹസിക്കാനായി പല നിരൂപകരും ഉദ്ധരിക്കാറുള്ള ഈ വരികള്‍ യുവകവികളില്‍ ശ്രദ്ധേയനായ പി.രാമന്റേതാണ്‌. ശരിയാണ്‌; പുതുകവിതയില്‍ പ്രസ്ഥാനങ്ങളുടെ ചോരപുരണ്ടില്ല. അവരെത്തിയപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു. "It was as if the festivity
was over; there was little to experiment with; almost every form of verse and prose had been tried;
the past was a shade; the present offered little stimulus; the future seemed bleak. Anything they
wrote was likely to be accused of echoing their immediate predecessors. Creating space for
themselves, articulating the experiences of their own generation in fresh styles, was no easy task." ( K.Satchidanandan, "Malayalam Poetry: The changing Scenario"
 (The Book Review, Dec.2000.)
എങ്കിലും ഒന്നു പറയാതെവയ്യ. അവരുടെ കുമ്പസാരങ്ങള്‍ക്ക്‌ പണ്ടില്ലാതിരുന്ന സത്യസന്ധതയുടെ ആര്‍ജ്ജവമുണ്ട്‌. ഇല്ലാത്തതിനെ ഉള്ളതായി നടിച്ചില്ല. ഉള്ളത്‌ ഒളിച്ചുവച്ചുമില്ല.
മോഹനകൃഷ്ണന്‍ തുടരുന്നു:

"വര്‍ഗ്ഗീസ്‌ മഴമേഘങ്ങളെ
വെടിവെച്ചുവീഴ്ത്തിയ തിരുനെല്ലിയില്‍
ജലം അദൃശ്യമായൊഴുകുന്നു,
ആത്മാക്കള്‍ക്കു മുങ്ങിക്കുളിക്കാന്‍.' (വയനാട്ടിലെ മഴ)

വിപ്ലവകാരികളെക്കൊണ്ടു കോരിത്തരിച്ച വയനാടന്‍മല ശബരിമലപോലെ തീര്‍ത്ഥാടനകേന്ദ്രമായിക്കഴിഞ്ഞിരുന്നു അപ്പോഴേയ്ക്കും. വയനാട്ടില്‍ അവര്‍ തിരുനെല്ലിയിലെ പക്ഷിപാതാളമാണ്‌ സന്ദര്‍ശിച്ചത്‌. ഈ സ്ഥലനാമത്തെ ഒരു പ്രതീകമായിട്ടെടുത്താല്‍ അത്‌ പതുകവിതയിലെ ഒരു വീക്ഷണ
വ്യതിയാനത്തെക്കൂടി പ്രതിഫലിപ്പിക്കുന്നതായിക്കാണാം. കുറത്തികള്‍ക്കും കുറിച്യര്‍ക്കും മാത്രമായി ഒരു വിമോചനം സാദ്ധ്യമല്ലെന്നും കിളിയും
പുഴയും കാടും ചേര്‍ന്ന പരിസ്ഥിതിയോടു ചേര്‍ന്നുമാത്രമേ അത്‌ സാദ്ധ്യമാകൂ എന്നുമുള്ള തിരിച്ചറിവാണ്‌ അത്‌.
മോഹനകൃഷ്ണന്റെ കവിത അവസാനിക്കുന്നത്‌ ഇങ്ങനെയാണ്‌:

"പക്ഷിപാതാളത്തില്‍ കടക്കുവാന്‍
വെറും ചിറകുമതി.
കനമുള്ളതൊന്നും കൂടെവേണ്ട.'

ഭാരം തടസ്സമായി. "പൂര്‍വ്വഭാരങ്ങളില്ലാത്ത കവി' എന്നതു വിശേഷണമായി.
ഉടല്‍ മുഴുവന്‍ വേണ്ട, ചിറകുമാത്രം മതി എന്നായി. ഒറ്റത്തൂവല്‍കൊണ്ടുതന്നെ സാന്നിദ്ധ്യമറിയിക്കാമെന്നായി."ഇവിടെയുണ്ടായിരുന്നുഞ്ഞാനെന്നതിന്നൊരു
വെറും തൂവല്‍ താഴെയിട്ടാല്‍മതി' (പി പി രാമചന്ദ്രന്‍ / ലളിതം)

ഇങ്ങനെ സ്ഥൂലതയില്‍നിന്ന്‌ സൂക്ഷ്മതയിലേക്ക്‌, കേന്ദ്രങ്ങളില്‍നിന്ന്‌ ഓരങ്ങളിലേക്ക്‌, വൈകാരികധൂര്‍ത്തില്‍നിന്ന്‌ വാക്കുകളുടെ മിതവ്യയത്തിലേക്ക്‌ പുതുകവിത ഒരു ഘട്ടത്തില്‍ ഒതുങ്ങി. ക്രമേണ അത്‌ മാനകീകരിക്കപ്പെടുകയും അനുകരണംകൊണ്ടും വൈവിധ്യമില്ലായ്മകൊണ്ടും ഏകതാനവും വിരസവുമായിത്തീരുകയും ചെയ്തു.

ഈ നിശ്ശബ്ദപരിണാമത്തില്‍ സാക്ഷിയും പങ്കാളിയുമായ കവിയാണ്‌ വി മോഹനകൃഷ്ണന്‍. എന്നാല്‍ ഒട്ടും പ്രകടനപരമല്ലാത്ത ഒരു വ്യക്തിത്വത്തിനുടമയായതിനാലാവണം, അപൂര്‍വ്വമായിമാത്രം പുറത്തുകാട്ടാറുള്ള തന്റെ രചനകളിലൂടെ, അദ്ദേഹം ഒരു ചെറിയ സൗഹൃദവലയത്തിനകത്തുമാത്രമായി ഒതുങ്ങിനിന്നു. ഇതിനര്‍ത്ഥം മോഹനകൃഷ്ണന്‍ തീരെ ശ്രദ്ധിക്കപ്പെട്ടില്ലെന്നല്ല. ഉദാഹരണത്തിന്‌, വയനാട്ടിലെ മഴ എന്ന കവിതയെ വിലയിരുത്തിക്കൊണ്ട്‌ സച്ചിദാനന്ദന്‍തന്നെ മോഹനകൃഷ്ണന്റെ കൈത്തഴക്കത്തെ ഇങ്ങനെ പ്രശംസിച്ചിട്ടുണ്ട്‌. "കവിത തുടങ്ങാനും അവസാനിപ്പിക്കാനും അറിഞ്ഞാല്‍ കവിതയെ സംബന്ധിച്ച വലിയൊരു രഹസ്യം പഠിച്ചുകഴിഞ്ഞു എന്നാണര്‍ത്ഥം. നമ്മുടെ ചില പ്രശസ്തകവികള്‍പോലും എവിടെ എങ്ങിനെ അവസാനിപ്പിക്കണമെന്നറിയാതെകവിത വലിച്ചുനീട്ടുന്നതു കാണാറുണ്ട്‌. മോഹനകൃഷ്ണന്‌ കവിത തുടങ്ങാനും അവസാനിപ്പിക്കാനും അറിയാം.'

( 2 )

പക്ഷികളും പുഴുക്കളും മൃഗങ്ങളും മരങ്ങളും സ്വച്ഛന്ദവിഹാരംചെയ്യുന്ന വിചിത്രമായൊരു ജീവിലോകത്തേക്കാണ്‌ മോഹനകൃഷ്ണന്റെ കവിതകള്‍ തുറക്കുന്നത്‌. ഇഴയുകയോ പറക്കുകയോ നീന്തുകയോ ചെയ്യുന്ന ആ ജന്തുലോകത്തിലൊന്നുമാത്രമാണ്‌ താനെന്നുള്ള സ്വയം ബോദ്ധ്യപ്പെടുത്തലുകളാണ്‌ മോഹനകൃഷ്ണന്റെ എഴുത്ത്‌. "നിശ്ശബ്ദതയുടെ ആയുധങ്ങള്‍' എന്ന കവിതയിലെ ഈ വരികള്‍ നോക്കൂ:

"അടച്ചിട്ട ചില്ലിന്മേല്‍
ഒരു പൂമ്പാറ്റ
അലമുറയില്ലാതെ
പറന്നുവന്നിരിക്കുന്നു.
അതിന്റെ വര്‍ണ്ണക്കുപ്പായം
എനിക്കു പുറംതിരിഞ്ഞാണ്‌.
മെലിഞ്ഞ കാലുകളും
മുട്ടകള്‍ വഹിക്കുന്നവലിയ വയറുമാണ്‌
ഇപ്പുറമെന്നെ കാണിച്ചുതരുന്നത്‌.
നിശ്ശബ്ദതയില്‍
ഞാന്‍ തനിച്ചിരിക്കുമ്പോള്‍
ഒരു പക്ഷി
അതിനെ കൊത്തിപ്പറന്നുപോയി.
എന്റെ കാഴ്ചയുടെ കാണാപ്പുറത്ത്‌
ആ പക്ഷിയെ ഒരു പാമ്പ്‌ വിഴുങ്ങിയിരിക്കും
പാമ്പിനെമറ്റൊരു പാമ്പോ പക്ഷിയോ.
കിലുക്കങ്ങളില്ലാത്തചങ്ങലക്കണ്ണികള്‍
നീണ്ടുപോകുന്നതു കാണാം."

ജീവശാസ്ത്രത്തിലെ ആഹാരശൃംഖലയുടെ ലഘുവിവരണംപോലെ തോന്നിപ്പിക്കുന്ന ഈ നേര്‍പറച്ചിലില്‍ സൂക്ഷ്മദൃക്കുകളെ ആകര്‍ഷിക്കുന്ന ഒരു കാഴ്ചപ്പാടുണ്ട്‌. പുതുകാലത്തിന്റെ അവസ്ഥയും സൗന്ദര്യശാസ്ത്രവുമുണ്ട്‌. അടച്ചിട്ടചില്ലിന്മേല്‍ വന്നിരിക്കുന്ന പൂമ്പാറ്റയുടെ മെലിഞ്ഞ കാലും വലിയ വയറും കാണുന്നവനാണ്‌ ഇന്നത്തെ കവി. ചിറകിന്റെ വര്‍ണ്ണക്കുപ്പായം അയാള്‍ക്കു പുറംതിരിഞ്ഞാണ്‌. കാല്‍പനികകവികള്‍ക്കു കാണാന്‍ പറ്റാതെപോയ ഈ "കാഴ്ചപ്പാട്‌' ഇന്നു നമുക്കു ലഭ്യമാക്കിയത്‌ ലോകത്തിനും നമുക്കും ഇടയ്ക്കു സ്ഥാപിതമായ "ഇല്ലെന്നു തോന്നിപ്പിക്കുന്ന' ആ ചില്ലാണ്‌. അത്‌ ഒരു ടെലിവിഷന്‍ സ്ക്രീനോ അക്വേറിയംപേടകമോ ആകാം. യാഥാര്‍ത്ഥ്യത്തെ പലകോണില്‍നിന്നു വീക്ഷിക്കാനും ചെറുതാക്കിയോ വലുതാക്കിയോ നിരീക്ഷിക്കാനുംപാകത്തില്‍ ഒരു "മാധ്യമക്കണ്ണട' നമ്മുടെയെല്ലാം മൂക്കത്ത്‌ നാമറിയാതെ ആരോ വെച്ചതുകൊണ്ടുമാകാം. ഇതൊരവസരമായിക്കണ്ട്‌, ഇമേജുകളെ ഡിസ്ടോര്‍ട്‌ ചെയ്ത്‌ അവതരിപ്പിക്കുക എന്ന മള്‍ട്ടിമീഡിയാതന്ത്രം പുതുകവിതയില്‍ ധാരാളമായി പ്രയോഗിക്കപ്പെടുന്നുണ്ടെന്നു നമുക്കറിയാം, കൗതുകത്തിനപ്പുറം അവ നിലനില്‍ക്കുന്നില്ലെന്നും. മോഹനകൃഷ്ണന്റേതു പക്ഷേ, കാഴ്ചപ്പാടോടുകൂടിയ കാഴ്ചയാണ്‌. യാഥാര്‍ത്ഥ്യത്തെ അയാള്‍ ചരിത്രത്തിന്റേയും സംസ്കാരത്തിന്റേയും സന്ദര്‍ഭത്തില്‍നിന്ന്‌ അടര്‍ത്തിയെടുത്തല്ല കാണുന്നത്‌. കാരണം, എഴുപതുകളിലെ വസന്തത്തിന്റെ ഇടിമുഴക്കം അയാള്‍ കേട്ടിട്ടെങ്കിലുമുണ്ട്‌. എണ്‍പതുകളില്‍ ആധുനികതയുടെ ചുവന്നവാല്‍ ഇഴഞ്ഞപ്രത്യക്ഷമാകുന്നതിന്‌ സാക്ഷിയായിട്ടുമുണ്ട്‌.

3

"പറഞ്ഞാല്‍ തീരുമോ പക്ഷിക്കാര്യം?' മോഹനകൃഷ്ണന്‍ മതിവരാതെ പരിചരിച്ചുപോന്ന ഒരു പ്രമേയമാണിത്‌. ചിറകുള്ള വാക്കുകളെ, അവയുടെ വിചിത്രസ്വഭാവങ്ങളെ, നിരീക്ഷിച്ചും നിരൂപിച്ചും ഇയാള്‍ ഭാഷയുടെ കാട്ടിലലയുന്നു, ഏകാകിയായി. മോഹനകൃഷ്ണന്റെ "പക്ഷിനിരീക്ഷണങ്ങള്‍' ഭാഷയേയും സര്‍ഗ്ഗാത്മകതയേയും കുറിച്ചുള്ള നിരൂപണങ്ങളായിത്തീരുന്നതങ്ങനെയാണ്‌. "പലപല ജന്മം കടക്കണം പക്ഷിജന്മം പൂകുവാന്‍' എന്നിങ്ങനെ അതിനെ അസുലഭലബ്ധമായ ഒരു ഭാഗ്യമായി വിശേഷിപ്പിക്കുമ്പോള്‍ കവിജന്മത്തിന്റെ ധന്യതയാണ്‌ ധ്വനിക്കുന്നത്‌.

പക്ഷമുള്ളതാണല്ലോ പക്ഷി. എന്നാല്‍ "ഒരുചിറകിനാല്‍ ആകാശത്തേക്കും മറുചിറകിനാല്‍ ഭൂമിയിലേക്കും ഒരേസമയം പറക്കാന്‍ വിധിക്കപ്പെട്ട "നിഷ്പക്ഷി'യുടെ എവിടേയും ഉറയ്ക്കാത്ത, വേദനകൊണ്ടു പുളയുന്ന ഉടലാണ്‌ മോഹനകൃഷ്ണന്‌ വാക്ക്‌. ആ സന്ദിഗ്ദ്ധജന്മം പേറുമ്പോള്‍ത്തന്നെ, കൊക്കായും കഴുകനായും മരംകൊത്തിയായും പൊന്മാനായും ചമഞ്ഞിറങ്ങേണ്ടിയും വരുന്നു അതിന്‌. അപ്പോഴെല്ലാം കവി പ്രാര്‍ത്ഥിക്കുന്നത്‌ ഇങ്ങനെ:

"കാലദേശങ്ങളേറെ
കടന്നുപോകുമ്പോഴും
കാക്കയായിരുന്നതിന്‍
ബാക്കിയായുണ്ടാവണം
കറുത്ത ചിറകുകള്‍
കാലുകള്‍,
കണ്ണ്‌,
ചുണ്ട്‌,
കരച്ചില്‍,
കലപില,
ചെരിഞ്ഞനോട്ടം,
ചാട്ടം...
ഇത്തിരി കാക്കത്തരം
ബാക്കിയായുണ്ടാവണം... "

കാക്കത്തരം കൈവിടാതെ, കാലത്തിനുനേര്‍ക്കു പായിച്ച ചെരിനോട്ടങ്ങളാണ്‌ ഈ സമാഹാരത്തിലെ മിക്ക കവിതകളുമെന്ന്‌ ഞാന്‍ കരുതുന്നു.
                                  ---------------
 
 
വയനാട്ടിലെ മഴ - വി.മോഹനകൃഷ്ണന്‍
(കവിതാസമാഹാരം)
പ്രസാ:- കറന്‍റ് ബുക്സ്‌ തൃശൂര്‍
വില: 55 രൂപ, പേജ് 88.