Monday, 24 October 2011

അയ്യപ്പന്‍ എന്ന കവി

a-ayyappan-epathram
അയ്യപ്പന്‍ പോയി… അതെ, അയ്യപ്പന്‍ എന്ന കവി ഈ മണ്ണില്‍ നിന്ന് കുതറിയോടി, കവിതയെ ജീവിതമാക്കിയ അപൂര്‍വം ജനുസ്സില്‍ പെട്ട കവി. കയ്പുറ്റ ജീവിതാനുഭവങ്ങള്‍ ആവിഷ്കരിച്ചു കൊണ്ടു് കവിതയ്ക്ക് പുത്തന്‍ ഭാവുകത്വം രൂപപ്പെടുത്തി അയ്യപ്പന്‍. അയ്യപ്പന്റെ ജീവിതവും കവിതയും ഒന്നായിരുന്നു. ആധുനികതയുടെ കാലത്തിനു ശേഷമുള്ള തലമുറയിലെ മലയാളത്തിലെ പ്രമുഖനായ കവി എ. അയ്യപ്പന്‍ 2010 ഒക്ടോബര്‍ 21നു തന്റെ കവിതകള്‍ ബാക്കി വെച്ചു എന്നെന്നേക്കുമായി വിട പറഞ്ഞു. ഇന്നേക്ക് ഒരു വര്ഷം മുമ്പേ അനാഥമായി ആശുപത്രിക്കിടക്കയില്‍, അതെ അയ്യപ്പന്‍ പോയി, ജീവിതത്തില്‍ നിന്നും കുതറിയോടി…
അയ്യപ്പന്‍ അവസാനമായി എഴുതിയ പല്ല് എന്ന കവിത
“അമ്പ് ഏതു നിമിഷവും
മുതുകില്‍ തറയ്ക്കാം
പ്രാണനും കൊണ്ട് ഓടുകയാണ്
വേടന്റെ കൂര കഴിഞ്ഞ് റാന്തല്‍ വിളക്കുകള്‍ ചുറ്റും
എന്റെ രുചിയോര്‍ത്ത്
അഞ്ചെട്ടു പേര്‍
കൊതിയോടെ
ഒരു മരവും മറ തന്നില്ല
ഒരു പാറയുടെ വാതില്‍ തുറന്ന്
ഒരു ഗര്‍ജ്ജനം സ്വീകരിച്ചു
അവന്റെ വായ്‌ക്ക് ഞാനിരയായി”
കറുപ്പ്, മാളമില്ലാത്ത പാമ്പ് , ബുദ്ധനും ആട്ടിന്‍കുട്ടിയും, ബലിക്കുറിപ്പുകള്‍, വെയില്‍ തിന്നുന്ന പക്ഷി, ഗ്രീഷ്മവും കണ്ണീരും, ചിറകുകള്‍ കൊണ്ടൊരു കൂട്, മുളന്തണ്ടിന് രാജയക്ഷ്മാവ്, കല്‍ക്കരിയുടെ നിറമുള്ളവന്‍, തെറ്റിയാടുന്ന സെക്കന്റ് സൂചി (എ. അയ്യപ്പന്റെ ഓര്‍മ്മക്കുറിപ്പുകള്‍), പ്രവാസിയുടെ ഗീതം, ചിത്തരോഗാശുപത്രിയിലെ ദിവസങ്ങള്‍, ജയില്‍ മുറ്റത്തെ പൂക്കള്‍, ഭൂമിയുടെ കാവല്‍ക്കാരന്‍, മണ്ണില്‍ മഴവില്ല് വിരിയുന്നു, കാലം ഘടികാരം എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന കൃതികള്‍
അയ്യപ്പന്‍റെ ഓര്‍മ്മയ്ക്ക്‌ മുമ്പില്‍ eപത്രം ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.
- ഫൈസല്‍ ബാവ

Friday, 9 September 2011

പശ്ചിമേഷ്യയിലെ ചോരപ്പാടുകള്‍

 

"പരേതതരെക്കുറിച്ചല്ല വിലപിക്കേണ്ടത്, നിരുത്സാഹരായ ജനക്കൂട്ടത്തെക്കുറിച്ചോര്‍ത്ത് ദു:ഖിക്കുക, ശാന്തരും, സാധുക്കളും ലോകത്തിന്റെ കൊടിയ വേദനയും തെറ്റുകളും കാണുന്നവര്‍, എന്നിട്ടും പറയാന്‍ ധൈര്യമില്ലാത്തവര്‍ "
: റാല്‍ഫ് ചാപ്ലിന്‍

പശ്ചിമേഷ്യയിലെ സമാധാനം ലോകത്തിന്റെ ആഗ്രഹമാണ്. എന്നാല്‍ ഇവിടം എന്നും യുദ്ധമണം നിലനില്ക്കണമെന്ന് ആഗ്രഹിക്കുന്നവരും ലോകത്തുണ്ട്. അവരാണ് ഇന്ന് ലോകത്തെ നിയന്ത്രിക്കുന്നതെന്ന് അവര്‍ തന്നെ പറയുകയും സമാധാനത്തിന്റെ പേരില്‍ അധിനിവേശങ്ങള്‍ നടത്തി തങ്ങളുടെ ആധിപത്യം ഉറപ്പിക്കുന്നതും. പശ്ചിമേഷ്യയിലെ പ്രധാനപ്രശ്നങ്ങള്‍ക്ക് കാരണം തന്നെ ഇസ്രയേലിന്റെ പ്രകോപനപരമായ പ്രവൃത്തികളും ആക്രമണങ്ങളുമാണ് എന്ന കാര്യത്തില്‍ ആര്‍ക്കും സംശയം ഇല്ല. എന്നാല്‍ ഇസ്രായേല്‍ എന്ത് തെറ്റ് കാണിച്ചാലും അതിനെ അമേരിക്ക ന്യായീകരിച്ചു പ്രതികരിക്കുമെന്നതിനാല്‍ ഇസ്രായേലിന്റെ അതിക്രമങ്ങള്‍ മനുഷ്യത്വരഹിതമാണെങ്കിലും പലപ്പോഴും യു. എന്നും പക്ഷം പിടിക്കാറുണ്ട്. 2006ല്‍ ഇസ്രയേലും ഹിസ്ബുല്ലയും തമ്മിലുണ്ടായ യുദ്ധത്തിനു ശേഷം ഇരുരാജ്യങ്ങളുടെയും അതിര്‍ത്തിയായ ബ്ലുലൈന്‍ വീണ്ടും ചോരക്കറ വീണത്‌ നാം കണ്ടതാണ്. ലബനാന്റെ അതിര്‍ത്തിഗ്രാമങ്ങളിലെ ഇടതൂര്‍ന്നുനില്ക്കുന്ന മരങ്ങള്‍ ബലം ഉപയോഗിച്ച് ഇസ്രായേല്‍സേന പിഴുതുമാറ്റിയതാണ് നിരവധിപേരുടെ മരണത്തിനിടയാക്കിയ അക്രമത്തില്‍ കലാശിച്ചത്.
ഇസ്രയേലിന്റെ ഫലസ്തീന്‍ ആക്രമണത്തെ ഫാസിസമായി കാണാന്‍ പല പാശ്ചാത്യ മാദ്ധ്യമങ്ങളും ശ്രമിക്കാറില്ല ഫാസിസ്റ്റ്‌ അക്രമത്തിനിരയാകുന്ന എല്ലാ മനുഷ്യരുടെയും രോദനം സമാനമാണ്. മനുഷ്യനന്മയെയും സാംസ്കാരികപാരമ്പര്യത്തെയും തച്ചുതകര്‍ത്തു ‌ തങ്ങളുടെ മാത്രം താല്പര്യത്തെ നിര്‍ബന്ധപൂര്‍വ്വം അടിച്ചേല്പിക്കുന്ന അവസ്ഥ. ലോകത്തിന്റെ വിവിധ ഇടങ്ങളില്‍ വിവിധരീതികളിലായി ഇത്തരം കടന്നാക്രമണങ്ങളും അധിനിവേശങ്ങളും മുമ്പും ഉണ്ടായിട്ടുണ്ട് ഇപ്പോഴും പലയിടങ്ങളില്‍ നടക്കുന്നുമുണ്ട്, എന്നാല്‍ ഇരകളുടെ രോദനം പലപ്പോഴും ലോകം കണ്ടില്ലെന്നു നടിക്കുകയോ നോക്കിനില്ക്കുകയോയാണ് ചെയ്യാറുള്ളത്, വലിയവന്‍ ചെയ്യുന്ന ക്രൂരതകളെ പല കാരണങ്ങള്‍ നിരത്തി ന്യായീകരിക്കാറാനുള്ളത്. ഈ അനീതി ലോകത്ത്‌ തുടര്ന്നു കൊണ്ടിരിക്കുന്നു. ഫലസ്തീന്റെ കാര്യത്തിലും എന്നും ഇത്തരത്തിലുള്ള നോക്കി നില്ക്കലുകളാണ് ഇക്കാലമത്രയും ഉണ്ടായിടുള്ളത്. ഇസ്രായേലിന്റെ സയണിസ്റ്റു ഭീകരവാദത്തിന് ലോകത്തെ ഒന്നാമാനെന്നവകാശപ്പെടുന്ന അമേരിക്കയുടെ പൂര്‍ണ്ണ പിന്തുണ കൂടിയാകുമ്പോള്‍ ഫലസ്തീനിലെ മനുഷ്യരുടെ പക്ഷത്ത് നില്ക്കാന്‍ ഒട്ടുമിക്ക രാജ്യങ്ങളും മുന്നോട്ട് വരുന്നില്ല എന്ന സ്ഥിതിയാണ്. ചില ഭരണകൂടങ്ങള്‍ ഒഴിച്ചാല്‍ മറ്റു രാജ്യങ്ങളൊന്നും ഇസ്രായേലിന്റെ ഭീകരതയെ എതിര്‍ക്കാന്‍ താല്പര്യം കാണിക്കാറില്ല. ഒരു ജനതയെ നിരന്തരം കൊന്നുകൊണ്ടിരിക്കുന്ന ഇസ്രായേലിന്റെ ഭീകരതക്കെതിരെ ലോകം തിമിരം ബാധിച്ച കണ്ണുകളോടെയാണ് കാണുന്നത്. ഫലസ്തീന്‍ ജനതയുടെ ജീവിക്കുവാനുള്ള അവകാശത്തെ തോക്കുകൊണ്ടും ടാങ്കുകൊണ്ടും നേരിടുന്ന ഇസ്രായേലിന്റെ കിരാതനടപടിക്കെതിരെ മൌനം പാലിക്കുന്നവര്‍ അതിജീവനത്തിനായി കല്ലുകൊണ്ട് ഇസ്രായേല്‍ പട്ടാളത്തെ നേരിടുന്നത് തീവ്രവാദമായാണ് കാണുന്നത്. "തിമിരമാണ്, നമുക്കൊക്കെ തിമിരമാണ്" എന്ന ഷൂസെ സരമാഗുവിന്റെണ വാക്കുകള്‍ അര്‍ത്ഥവത്താകുകയാണ്, ലോകത്തിന്റെ നിസ്സംഗതതയില്‍ മടുത്ത ഫലസ്തീന്‍ ജനതയ്ക്ക് ഇനിയും സമാധാനകരാറുകളില്‍ വിശ്വാസമുണ്ടാകാനിടയില്ല അതുകൊണ്ടാണ് തന്നെ മുസ്തഫല്‍ കുര്‍ദ്ദിന്റെ വാക്കുകള്‍ അവര്‍ക്ക് ആവേശമായി മാറുന്നത്, “ഭയമെന്ന വാക്കിന്റെ അര്‍ത്ഥം‍ അവര്‍ക്ക് (ഫലസ്തീനികള്‍ക്ക്) ഇപ്പോള്‍ അറിയില്ല, മുട്ടുകുത്തി ജീവിക്കുന്നതിനേക്കാള്‍ എഴുന്നേറ്റുനിന്ന് മരിക്കാന്‍ തീരുമാനിച്ചവരാണവര്‍" ഇസ്രയേലിന്റെ സുരക്ഷയ്ക്ക്‌ ഭീഷണിയാകുന്ന ഒരു ശക്തിയും പശ്ചിമേഷ്യയില്‍ ഉണ്ടാവാന്‍ പാടില്ലെന്ന ജൂതവാശിയെ പിന്താങ്ങുന്ന അമേരിക്കയാണ് ലോകസമാധാനത്തിന്റെ അപ്പോസ്തലന്‍, ഒരു രാജ്യത്തിന്റെ പരമാധികാരത്തെ ഇല്ലാതാക്കി, ജനതയുടെ മൗലികാവകാശങ്ങള്‍ ഇല്ലാതാക്കി ജന്മദേശത്ത് നിന്നും ആട്ടിപ്പായിക്കുന്ന ധിക്കാരം എന്തുകൊണ്ടാണ് എതിര്‍ക്കപ്പെടാതെ പോകുന്നത് ? സമാധാനത്തിന്റെ വിപരീതമായ ഇസ്രായേല്‍ ഇക്കാലമത്രയും ചെയ്തു കൂട്ടിയ ക്രൂരതകളെ കണ്ടില്ലെന്നു നടിച്ചു കൊണ്ടാണ് അമേരിക്ക ലോകത്ത്‌ സമാധാനം ഉണ്ടാക്കാന്‍ ശ്രമിക്കുന്നത്. വളഞ്ഞ വഴിയിലൂടെ ആണവായുധം കൈവശമാക്കിയ ഇസ്രായേലും ലോകം മുഴുവന്‍ തങ്ങളുടെ കൈകളിലൊതുക്കാന്‍ അധിനിവേശങ്ങള്‍ തുടരുന്ന അമേരിക്കയും ചേര്‍ന്നുള്ള ഭീകരസഖ്യം ലോകത്തിനു തന്നെ ഭീഷണിയാണ്,
എന്താണ് ഫലസ്തീന്‍ ജനതയുടെ അവസ്ഥ
70 ലക്ഷത്തിലധികം ഫലസ്തീനികളാണ് ജന്മനാടുപേക്ഷിച്ച് മറ്റു രാജ്യങ്ങളില്‍ അഭയാര്‍ത്ഥികളായി കഴിയുന്നത്, ഇവരില്‍ പലര്‍ക്കും ജന്മനാട് ഒരു സ്വപ്നം മാത്രമാണ്, “ജറുസലേമിലേക്ക്... പ്രവാസിയായ ഓരോ ഫലസ്തീനിയുടെയും ഒരിക്കലും മരിക്കാത്ത മോഹവും സ്വപ്നവുമാണത്, 1948 ല്‍ സ്വന്തം ഗൃഹങ്ങളില്‍ നിന്ന് പറിച്ചറിയപ്പെടുകയും ലബനാനിലും, സിറിയയിലും, ജോര്‍ദാനിലും ലോകത്തിന്റെ അങ്ങോളമിങ്ങോളം അലഞ്ഞുതിരിയുകയും ചെയ്യുന്ന ഓരോ ഫലസ്തീനിയുടെയും ഹൃദയത്തില്‍ അതുണ്ട്. ഇസ്രായേല്‍ എന്ന് പിന്നീട് മാറ്റിവിളിക്കപ്പെട്ട സ്വന്തംഭൂമിക്കുമേലുള്ള അവകാശബോധം; ഇന്നല്ലെങ്കില്‍ നാളെ ജറുസലേമിലേക്ക് മടങ്ങിയെത്തുമെന്നുള്ള വിശ്വാസം" 1 . ജന്മനാടിന്റെ ഓര്‍മ്മകളുമായി അലഞ്ഞുതിരിയുന്ന ഒരു ജനതയുടെ നാട്ടില്‍ അവശേഷിക്കുന്നവര്‍ എപ്പോള്‍ വേണമെങ്കിലും കൊല്ലപ്പെടാം എന്ന അവസ്ഥ എത്ര ഭീകരമാണ്. ഗാസയിലും വെസ്റ്റ്‌ബാങ്കിലും ഉള്ള 75ശതമാനം ജനങ്ങളും ദാരിദ്ര്യരേഖയ്ക്ക് താഴെയാണ്, പോഷകാഹാരക്കുറവ് മൂലം 25 ശതമാനം കുട്ടികളും വിവിധരോഗങ്ങള്‍ക്ക് അടിമപ്പെട്ട് കഷ്ടപ്പെടുന്നവരാണ്. ഫലസ്തീന്‍ ജനസംഖ്യയെ നിയന്ത്രിക്കുക എന്ന ലക്ഷ്യം പൂര്‍ത്തിയാക്കുവാന്‍ ഇസ്രായേല്‍സേനയുടെ അക്രമത്തിനിരയാകുന്നവരിലധികവും കുട്ടികളും സ്ത്രീകളുമാണ്. ആയിരത്തിലധികം കുട്ടികളായ തടവുകാരാണ് ഇസ്രായേലിന്റെ ജയിലുകളില്‍ ഉള്ളത്. ഡോക്ടര്‍ എന്ന നിലയില്‍ ആങ്ങ്‌ സ്വീ ചായ്‌ നേരില്‍ കണ്ട ദാരുണമായ കാഴ്ചകള്‍ തന്റെ പുസ്തകത്തില്‍ ഇങ്ങനെ വിവരിക്കുന്നു. “ ഞാന്‍ കരയാന്‍ തുടങ്ങി.... കൊലചെയ്യപ്പെടും മുമ്പെ അവരൊക്കെ ഭീകരമായി പീഡിക്കപ്പെട്ടു. കഠിനമായി മര്‍ദ്ദിക്കപ്പെട്ടവര്‍, വൈദ്യുതകമ്പി ചുറ്റി ഷോക്കേല്ക്കുപ്പെട്ടവര്‍, കണ്ണുകള്‍ പിഴുതെടുക്കപ്പെട്ടവര്‍, ബലാത്സംഗംചെയ്യപ്പെട്ട സ്ത്രീകള്‍, ജീവനോടെ ഡയ്നാമിറ്റ് വെച്ച് തകര്‍ക്കപ്പെട്ട കുഞ്ഞുങ്ങള്‍....പൊട്ടിത്തകര്‍ന്നു കിടക്കുന്ന ശരീരങ്ങള്‍ നോക്കി ഞാനോര്‍ത്തു, മരിച്ചവര്‍ മഹാഭാഗ്യവാന്മാര്‍" (2) ഫലസ്തീന്‍ ജനതക്കായി മറ്റു രാജ്യങ്ങളില്‍ നിന്നും എത്തുന്ന മരുന്നുകള്‍, ഭക്ഷണം, വസ്ത്രങ്ങള്‍ എല്ലാം ഇസ്രായേല്‍ തടഞ്ഞുവെക്കുന്നു, ഭക്ഷണവുമായി ഗാസയിലേക്ക് പുറപ്പെട്ട കപ്പലുകള്‍ സമുദ്രത്തില്‍ വെച്ചുതന്നെ തടഞ്ഞതിനെ ലോകം നിസ്സംഗതയോടെയാണ് കണ്ടത്‌. ഇത്തരം കണ്ടില്ലെന്നു നടിക്കലുകള്‍ ഫലസ്തീന്‍ജനത നിരന്തരം അനുഭവിക്കുന്നവരാണ്. ഇസ്രായേലിനെ പിന്തുണക്കുന്ന അമേരിക്കന്‍ നിലപാട് സാമ്രാജ്യത്വവീക്ഷണത്തിന്റെ ഭാഗമാണെന്നാണ് എഡ്വേര്‍ഡ് സെയ്ദിന്റെ അഭിപ്രായം "സാമ്രാജ്യത്വവീക്ഷണങ്ങളിലെ വക്രതകള്‍ മദ്ധ്യപൌരസ്ത്യസമൂഹത്തില്‍ വൈകൃതങ്ങള്‍ സൃഷ്ടിക്കുന്നു, അവ ദുരിതങ്ങള്‍ക്ക് ആക്കം കൂട്ടുകയും ചെറുത്തുനില്പിന്റെ‍ തീവ്രരൂപങ്ങള്‍ക്കും രാഷ്ട്രീയസ്വത്വനിര്‍ധാരകങ്ങള്‍ക്കും പ്രേരണനല്കുകയും ചെയ്യുന്നു" അറബികളെ ഒരു ജനത എന്ന നിലയില്‍ സ്വയം നിര്‍ണ്ണായകാവകാശം ഉപയോഗപ്പെടുത്താന്‍ അനുവദിച്ചുകൂടെന്ന ഏറെ കാലമായി നിലനില്ക്കുയന്ന ഒറിയന്റലിസ്റ്റ് കാഴ്ചപ്പാടാണ് ഈ പ്രത്യേക സാമ്രാജ്യത്വവീക്ഷണത്തിനു പിന്നിലുള്ളത്‌.
ചരിത്രപരമായ ചില സത്യങ്ങള്‍
അര നൂറ്റാണ്ടിലധികമായി ഫലസ്തീന്‍ ജനതയ്ക്കു നേരെയുള്ള സയണിസ്റ്റുകളുടെ ക്രൂരത തുടരുന്നു. വിവിധ കാരണങ്ങള്‍ പറഞ്ഞ് ഇസ്രായേല്‍സേന ഫലസ്തീനില്‍ നടത്തുന്ന കടന്നാക്രമണത്തിനു പിന്നില്‍ ചരിത്രപരമായ ചില വസ്തുതകള്‍ ഉണ്ടെന്ന്‌ ഇസ്രായേല്‍ വാദിക്കുന്നു. നാസികളുടെ വളര്‍ച്ചയോടെ അഡോള്‍ഫ്‌ ഹിറ്റ്ലറുടെ നേതൃത്വത്തില്‍ നടത്തിയ ജൂതവേട്ടയും, പോളണ്ടിലും റഷ്യയിലും ഉരിത്തിരിഞ്ഞ ജൂതവിരോധവും മുറുകിയപ്പോള്‍ കിഴക്കന്‍യൂറോപ്പിലെ ജൂതന്മാര്‍ക്ക് ചേക്കേറാന്‍ ഒരിടമായി കണ്ടെത്തിയത്‌ അറബുവംശജര്‍ താമസിക്കുന്ന ഫലസ്തീന്‍ എന്ന 'വാഗ്ദത്തഭൂമി'യാണ്, നൂറ്റാണ്ടുകള്‍ക്ക് മുമ്പ്‌ തങ്ങളെ ആട്ടിപായിച്ച ഇടമാണിത് എന്നും ഈ ഭൂമി ദൈവം തങ്ങള്‍ക്കായി സൃഷ്ടിച്ചുവെന്നുമാണ് ഇവര്‍ വിശ്വസിക്കുന്നത്. ഹോളോകോസ്റ്റില്‍ നിന്നും രക്ഷപ്പെട്ട് എത്തിയ ഭൂരിപക്ഷം വരുന്ന ജൂതന്മാന്‍ അമേരിക്കയിലോ, ഫ്രാന്‍സിലോ കുടിയേറിയാല്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ ഒഴിവാക്കുവാനാണ് അവരെ തന്ത്രപൂര്‍വ്വം ഫലസ്തീന്‍ മണ്ണിലേക്ക് തള്ളി വിട്ടത്‌. അതിന്റെ ദുരന്തഫലമാണ് ഇന്നും ഫലസ്തീന്‍ ജനത അനുഭവിച്ചുകൊണ്ടിരിക്കുന്നത്. 1948 ല്‍ പത്തുലക്ഷത്തോളം ഫലസ്തീന്‍ അറബ് വംശജരെ ആട്ടിപ്പായിച്ചുകൊണ്ടാണ് സയണിസ്റ്റ്‌ശക്തികള്‍ വാഗ്ദത്തഭൂമിയില്‍ അവകാശമുറപ്പിക്കുന്നത്. ഇസ്രയേലിന്റെ‌ കാര്യത്തില്‍ ഗാന്ധിജി അന്ന് പറഞ്ഞ വാക്കുകള്‍ ഇന്നും പ്രസക്തമാണ് "ഇംഗ്ലണ്ട് ഇംഗ്ലീഷുകാരുടെയും, ഫ്രാന്‍സ് ഫ്രഞ്ച്കാരുടെതുമെന്നപോലെ നിസ്സംശയം ഫലസ്തീന്‍ അറബികളുടെതാകുന്നു. യഹൂദരെ അറബിള്‍ക്കുമേല്‍ അടിച്ചേല്പിക്കുക എന്നത് മനുഷ്യത്വത്തിനു നിരക്കാത്ത അപരാധമാണ്". എന്നാല്‍ ഗാന്ധിജിയുടെ അനുയായികളെന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസ് പാര്ട്ടി അടങ്ങുന്ന ഇപ്പോഴത്തെ ഭരണകൂടം ഇന്ന് അമേരിക്കയുടെയും ഇസ്രയേലിന്റെരയും നയങ്ങളെ അനുകൂലിച്ചുകൊണ്ട് അവരുമായി ആയുധഇടപാടുകള്‍ നടത്തിവരുന്നു. ചേരിചേരാനയത്തിന്റെണ അനുയായികള്‍ ഇന്ന് അമേരിക്കന്‍ താല്പര്യത്തെ സഹായിക്കുന്ന ആണവകരാറില്‍ ഒപ്പിട്ടു.
പാപമുക്തിക്ക് പരിഗണിക്കപ്പെട്ട ശ്രേഷ്ഠജനവിഭാഗമാണ് തങ്ങളെന്ന് വിശ്വസിക്കുന്ന ജൂതയാഥാസ്ഥിതികര്‍ മറ്റുള്ളവരുടെ മൗലികാവകാശത്തെ ഹനിക്കുന്നത് ദൈവഹിതമാണെന്ന് വിശ്വസിക്കുന്നു. ദൈവം തങ്ങള്‍ക്ക് ഈ നാട് നല്കിയെന്നും അവിടുത്തെ മുഴുവന്‍ ഉല്പന്നങ്ങളും തങ്ങള്‍ക്ക്‌ അവകാശപ്പെട്ടതാണെന്നും അവിടുത്തെ ഒരു തുണ്ടുഭൂമിപോലും വിദേശികള്‍ക്ക് വിട്ടുകൊടുത്താല്‍ അത് തോറയിലെ കല്പനകള്‍ ലംഘിക്കലാണെന്നും ഇവര്‍ വിശ്വസിക്കുന്നു. ഇവിടെ വിദേശികളെന്ന് മുദ്രകുത്തപ്പെട്ട ഫലസ്തീന്‍ജനത യഥാര്‍ത്ഥത്തില്‍ തലമുറകളായി ഇതേ മണ്ണില്‍ ജീവിച്ചുവരുന്നവരാണ്. ഇസ്രയേലിലെ ജനസംഖ്യയുടെ 25 ശതമാനത്തിലധികവും. അറബ് വംശജരാണെങ്കിലും ഭൂമിയുടെ 97ശതമാനവും ജൂതവിഭാഗത്തിന്റെ കൈവശമാണ്. ഒരു ജനതയുടെ മൌലികാവകാശങ്ങളെ ഇല്ലാതാക്കിക്കൊണ്ട് അവരുടെ ഭൂമികയ്യേറി അധിനിവേശം തുടരുന്ന ഇസ്രയേലിന്റെ നടപടിയെ ആരും എതിര്‍ക്കാതെ പോകുന്നത് എന്തുകൊണ്ടാണ്? യൂറോപ്പിനും അമേരിക്കക്കും ബാദ്ധ്യത ആകേണ്ടിയിരുന്ന ജൂതരെ തന്ത്രപൂര്‍വ്വം ഒഴിവാക്കിയതിനെ ദൈവകല്പനയുടെ പിന്തുണ നല്കുന്നു. ലോകത്തെ ഏറ്റവും വലിയ ആയുധക്കച്ചവടലോബിയുടെ ഒരു കണ്ണിയായ ഇസ്രായേല്‍ നടത്തുന്ന അതിക്രമങ്ങളെ ദേശത്തിന്റെ സുരക്ഷക്കായുള്ള അവകാശമായി മുതലാളിത്തമാദ്ധ്യമങ്ങള്‍ വ്യാഖാനിക്കുന്നു. നിരന്തരം ആക്രമണത്തിനു വിധേയരാവുന്ന ഒരു ജനത അതിജീവനത്തിനായുള്ള പഴുത് തേടുമ്പോള്‍ അതിനെ ഭീകരമായി അടിച്ചമര്‍ത്താന്‍ ഇസ്രായേല്‍സേന പ്രത്യേകം ശ്രദ്ധിക്കുന്നു. ഇതാണ് ഫലസ്തീന്‍ ജനതക്കിടയില്‍ തീവ്ര നിലപാടുകളെടുക്കാന്‍ പ്രേരിപ്പിക്കുന്നത്. തികച്ചും അന്യായമായ അധിനിവേശത്തെ എതിര്‍ക്കുന്നതില്‍ ലോകരാജ്യങ്ങള്‍ പരാജയപ്പെട്ടു എന്നസത്യം മറച്ചുവെക്കുന്നില്ല. ഈ നിസ്സംഗത ലോകത്ത്‌ തീവ്രവാദത്തിനു വളം നല്കുന്നു. 1982 ല്‍ ഇസ്രായേല്‍ ലബനാന്‍ ആക്രമിച്ചപ്പോള്‍ ഫലസ്തീന്‍ അഭയാര്‍ത്ഥിക്യാമ്പുകളില്‍ നടത്തിയ നരനായാട്ടാണ് അന്ന് ഹിസ്ബുല്ലയുടെ ഉദയത്തിനു കാരണമായത്‌. ഇന്ന് ഫലസ്തീനിലെ ഓരോരുത്തരും ചാവേറുകള്‍ ആവാന്‍ തയ്യാറായി വരുന്നതിനെ ഭയത്തോടെ വേണം കാണുവാന്‍
പശ്ചിമേഷ്യയില്‍ സമാധാനം ഉണ്ടാവാന്‍ അമേരിക്ക ഒരിക്കലും ആഗ്രഹിക്കുന്നില്ല എന്ന സത്യം ഇസ്രായേല്‍ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. അത്തരം തിരിച്ചറിവിലേക്ക് എത്തിപ്പെടാന്‍ അമേരിക്ക ഇസ്രയേലിനെ വിടുകയുമില്ല. അവര്‍ക്കെന്നും ഇരകള്‍ വേണം ഇസ്രായേലിലെ പ്രശസ്തചരിത്രപണ്ഡിതന്‍ ഇലാന്‍ പാപ്പി ഇസ്രയേലികള്‍ക്ക് നല്കിയ മുന്നറിയിപ്പ്‌ പ്രസക്തമാണ്. "എന്തായാലും ഇസ്രായേലും അമേരിക്കയും തമ്മിലുള്ളത് ഒരു ഭീകരസഖ്യമാണ്. അതിന്റെ അവസാനം ദുരിതമനുഭവിക്കാന്‍ പോകുന്നത് ഇസ്രായേല്‍ തന്നെയായിരിക്കും. സാമ്രാജ്യത്വം അതിന്റെ നയങ്ങള്‍ എപ്പോഴും മാറ്റികൊണ്ടിരിക്കും. സാമ്രാജ്യത്വം തകരുകയും ചെയ്യും. അപ്പോഴായിരിക്കും ഇസ്രയേലുകാര്‍ ശരിക്കും കഷ്ടത്തിലാവുക.” ഇസ്രായേല്‍ ഇന്ന് അമേരിക്കന്‍ കൈകളിലെ കളിപ്പാവയാണ്. ഫലസ്തീന്‍ജനത ഇരകളാകുന്നതില്‍ സന്തോഷിക്കുന്ന ഇസ്രായേല്‍ തങ്ങളുടെ കഴുത്ത് അമേരിക്കയ്ക്ക് മുന്നിലാണ് നീട്ടിവെച്ചിരിക്കുന്നത്. അവര്‍ എന്നും അത് വെട്ടാം. അതാണ്‌ അമേരിക്ക ഇതുവരെ എഴുതി ചേര്‍ത്തിട്ടുള്ള ചരിത്രം. ഇസ്രായേലിന്റെ ആയുധക്കച്ചവടവും ഫലസ്തീന്‍ ജനതയ്ക്ക് നേരെയുള്ള അക്രമവും അവസാനിപ്പിക്കാതെ പശ്ചിമേഷ്യയില്‍ സമാധാനം ഉണ്ടാവാന്‍ പോകുന്നില്ല. ഇവിടം എന്നും കത്തികൊണ്ടിരിക്കണമെന്ന് സാമ്രാജ്യത്വം ആഗ്രഹിക്കുന്നു. അതിനുവേണ്ടി ശ്രമിക്കുന്നു. ഇറാഖ്‌ അധിനിവേശത്തിന്റെ മുറിവുകള്‍ ഇനിയും ഉണങ്ങിയിട്ടില്ല. പ്രത്യേകിച്ച് ഇറാനെതിരെ സന്നാഹമൊരുക്കാന്‍ തക്കംപാര്‍ത്തിരിക്കുന്ന അമേരിക്ക കൂടുതല്‍ പ്രകോപനങ്ങള്‍ സൃഷ്ടിക്കുന്ന ഇസ്രയേലിനെ സഹായിക്കുന്നതിനു പിന്നിലും അധിനിവേശതാല്പര്യം തന്നെയാണ്. ഇനിയുമൊരു യുദ്ധം താങ്ങാനുള്ള ശേഷി പശ്ചിമേഷ്യന്‍രാജ്യങ്ങള്‍ക്കില്ല. ആണവായുധം കൈവശമുള്ള ഇസ്രയേലിനെ ഭയത്തോടെ വേണം കാണുവാന്‍. അവര്‍ എത്ര ക്രൂരമായ അക്രമത്തിനും തയ്യാറുള്ളവരാണ്. ഇസ്രായേല്‍ സുരക്ഷക്ക് ഭീഷണിയാകുന്ന ഒരു ശക്തിയും പശ്ചിമേഷ്യയില്‍ ഉണ്ടാവാന്‍ പാടില്ലെന്ന വാശിയെ പിന്താങ്ങുന്ന അമേരിക്ക സയണിസ്റ്റ്‌ ശക്തികളുടെ താല്പര്യത്തെ സംരക്ഷിച്ചു കൊണ്ടുള്ള കരാറുകള്‍ മാത്രമാണ് നാളിതുവരെ അവതരിപ്പിച്ചിട്ടുള്ളത്‌. ഫലസ്തീന്‍ ജനതയുടെ പോരാട്ടവീര്യം സ്വാതന്ത്രത്തിന്റെ വക്കോളമെത്തിനില്ക്കുമ്പോള്‍ ഇസ്രയേലിനെ സഹായിക്കാന്‍വേണ്ടി അമേരിക്ക സമാധാനക്കരാര്‍ എന്ന തന്ത്രവുമായി ദൂതന്റെ വേഷത്തില്‍ പ്രത്യക്ഷപ്പെടും. ഓരോ കരാറിന്റേയും ചരിത്രം അതാണ്‌. ഓസ്ലോ മുതല്‍ അന്നാപോലിസുവരെ മറിച്ചൊന്നും സംഭവിച്ചതുമില്ല. ഇസ്രായേല്‍സൈന്യത്തിന് അധിനിവേശം നിലനിര്‍ത്താനാവാതെ വരികയും ഫലസ്തീന്‍ജനത അധിനിവേശം അനുവദിക്കുകയുമില്ല എന്ന ഘട്ടത്തിലാണ് 'ഓസ്ലോ' ഉടമ്പടി പിറന്നത്. ഫലസ്തീന്‍ജനതയുടെ ജനകീയചെറുത്തുനില്പിന്റെ വീര്യം ഊതിക്കെടുത്തിക്കളയാനാണ് പലപ്പോഴും ഇതുപോലെ ദൂതന്റെ വേഷത്തില്‍ അമേരിക്ക എത്തിയിട്ടുള്ളത്‌. ഇസ്രായേല്‍ ഏറ്റവും ക്രൂരമായ ആക്രമണം നടത്തുമ്പോഴൊക്കെ അമേരിക്കയുടെ പൂര്‍ണ്ണപിന്തുണയോടെയായിരുന്നു എന്ന സത്യം തെളിയിക്കപ്പെട്ടതാണ്. അമേരിക്കന്‍ വിധേയത്വത്തിന് അടിമപ്പെടാത്ത രാജ്യങ്ങള്‍ ഇസ്രായേലിന്റെ ക്രൂരതയ്ക്ക് എതിരെ ശക്തമായ നിലപാട്‌ എടുക്കാറുണ്ട്. എന്നാല്‍ ഇന്ത്യയിന്ന് ഇസ്രയേലുമായി കൂടുതല്‍ അടുക്കുന്ന നിലപാടുമായി മുന്നോട്ട് പോകുകയാണ്. ഇന്ത്യ എന്നും ഫലസ്തീന് അനുകൂലമായ ഒരു നിലപാടാണ് മുമ്പ്‌ എടുത്തിരുന്നത്. ഇന്ത്യയില്‍ മൊസാദിന്റെ ചാരക്കൈകള്‍ തീവ്രവാദമരുന്ന് വിതറുന്നുണ്ട് എന്ന സംശയം കൂടുതല്‍ ദൃഡപ്പെടുകയാണ്. മുതലാളിത്തശക്തികള്‍ക്ക് നല്ല വേരോട്ടമുള്ള മണ്ണാക്കി മാറ്റാന്‍ ശ്രമിക്കുന്നവര്‍ തന്നെ ഭരണാധികാരികള്‍ ആകുമ്പോള്‍ ഇത്തരം ശക്തികള്ക്ക് കൂടുതല്‍ സൗകര്യമായി.
ഇസ്രായേല്‍ തുടര്ന്നുവരുന്ന അധിനിവേശവും, അക്രമവും അവസാനിപ്പിക്കാതെ പശ്ചിമേഷ്യയില്‍ സമാധാനം സാദ്ധ്യമല്ല. പ്രത്യേകിച്ച്‌ വളഞ്ഞ വഴിയിലൂടെ ആണവായുധം കൈവശപ്പെടുത്തിയ ഇസ്രയേലിനെ ഭയത്തോടെ വേണം കാണുവാന്‍. എന്ത് ക്രൂരതക്കും മടിക്കാത്ത ഭരണത്തലവന്മാര്‍ എന്നും ഇസ്രയേലില്‍ ഉണ്ടായിട്ടുണ്ട്. ആ അപക്വമായ മനസ്സുകള്‍ ആണവായുധം ഉപയോഗിക്കില്ലെന്ന് ഉറപ്പിക്കാന്‍ വയ്യ. നിരന്തരം മറ്റു രാജ്യങ്ങളുടെ പരമാധികാരത്തെ മാനിക്കാതെ പ്രവര്ത്തിക്കുകയും, പ്രകോപിപ്പിക്കുകയും ചെയ്തിട്ടും അമേരിക്ക ഇസ്രായേലിനെതിരെ ഒന്നും പറയുന്നില്ല. എന്നുമാത്രമല്ല, യു എന്‍ പൊതുസഭയില്‍ ഇസ്രായേലിനെതിരെ കൊണ്ടുവരുന്ന പ്രമേയങ്ങള്‍ എല്ലാം അമേരിക്ക തങ്ങളുടെ വീറ്റോ പവര്‍ ഉപയോഗിച്ച് തള്ളിക്കളയാറാണ് പതിവ്‌. ഐക്യരാഷ്ടസഭയെ പുല്ലുവില കല്പിച്ച് ഇസ്രായേല്‍ തങ്ങളുടെ ക്രൂരതകള്‍ തുടരുന്നു. ഇറാഖ്‌ അധിനിവേശത്തിന്റെ മുറിവുണങ്ങുംമുമ്പ്‌ ഇറാനെതിരെ യുദ്ധത്തിനുള്ള തയ്യാറെടുപ്പിലാണ് അമേരിക്ക. അതിന് പുതിയ നുണക്കഥകള്‍ കെട്ടിച്ചമക്കാന്‍ തയ്യാറെടുക്കുകയാണ് അവര്‍. മുറിവില്‍ എരിവുപുരട്ടാന്‍ ഇസ്രയേലും അമേരിക്കയ്ക്ക്‌ ഒപ്പമുണ്ട്. ഇതിനിടയില്‍ ഫലസ്തീന്‍ ജനതയുടെ ദുരിതങ്ങള്‍ തുടരുന്നു. കഴിഞ്ഞ അമ്പത്‌ വര്ഷമത്തിലധികമായി ഇസ്രയേലിന്റെ അതിക്രമങ്ങള്‍ ദിനംപ്രതി വര്ദ്ധിച്ചതല്ലാതെ കുറയുന്നില്ല. ഇസ്രായേലിനെ പിടിച്ചുകെട്ടാന്‍ ആര്ക്ക് കഴിയും? എന്നെങ്കിലും പശ്ചിമേഷ്യയില്‍ സമാധാനം ഉണ്ടാകുമോ? ഡോക്ടര്‍ ആങ്ങ്‌ സ്വീ ചായ്‌ തന്റെ പുസ്തകം അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്. "അവര്ക്കൊരു സ്വപ്നമുണ്ട്; അവരോടൊപ്പം ഞാനും ആ സ്വപ്നം കാണുന്നു. ക്യാമ്പിന്റെ എരിയുന്ന ശിഷ്ടങ്ങളിലൂടെ, കണ്ണീര്‍വാതകങ്ങളിലൂടെ, തീഷ്ണതയിലൂടെ മങ്ങിക്കാണുന്ന ഒരു പുതിയ ലോകം. സമാധാനത്തിന്റെയും, നീതിയുടെയും, സുരക്ഷിതത്വത്തിന്റേതുമായ ഒരു നവലോകം. അത്തരമൊരു ലോകമാണ് നമ്മുടെ സ്വപ്നം, നമ്മുടെ ജറുസലേം.” 3 അതെ, ലോകം ആഗ്രഹിക്കുന്നത് സമാധാനമാണ്. കൊന്നുതീര്ക്കുന്നവര്ക്ക് മുന്നില്‍ നിന്നുകൊണ്ട് ഇനിയെങ്കിലും ശബ്ദത്തോടെ പറയണം, നീ വലിയവനാകാം, സമ്പന്നനാകാം, പക്ഷെ മനുഷ്യര്ക്ക് ജീവിക്കുവാനുള്ള അവകാശം തുല്യമാണ്‌, എനിക്കും നിനക്കും! ഈ ലോകം സമാധാനത്തിനായി കാത്തിരിക്കുകയാണ്.
1, 2, 3 ഡോ.ആങ്ങ്‌ സ്വീ ചായ്‌ രചിച്ച ജറുസലേം: കുടിയിറക്കപ്പെട്ടവന്റെ മേല്‍വിലാസം എന്ന ഗ്രന്ഥത്തില്‍ നിന്ന് (കമ്മ്യൂണിറ്റി മെഡിസിന്റെ ഭാഗമായി 'ഫലസ്തീന്‍ മെഡിക്കല്‍ എയ്ഡ്‌' എന്ന സന്നദ്ധവൈദ്യസംഘം രൂപീകരിക്കുകയും ഫലസ്തീന്‍ അഭയാര്ത്ഥിക്യാമ്പുകളില്‍ ഏറെകാലം പ്രവര്ത്തിക്കുകയും ചെയ്ത ഭിഷഗ്വര)
കടപ്പാട്: ഡോക്ടര്‍ ആങ്ങ്‌ സ്വീ ചായുടെ ഗ്രന്ഥത്തോട്, മുഹമ്മദ്‌ അഹമ്മദ്‌ ബിന്‍ ഉമര്‍ എന്ന ഫലസ്തീന്‍ സുഹൃത്തിനോട്

Wednesday, 27 July 2011

സാലിം അലി പറവകള്‍ക്കു വേണ്ടി ഒരു ജീവിതം

 

 
ലോക പ്രശസ്ത പക്ഷി ശാസ്ത്രജ്ഞന്‍ ഡോ. സാലിം അലി നമ്മോട് വിട പറഞ്ഞിട്ട് ഇന്നേക്ക് ഇരുപത്തി നാല് വര്‍ഷം തികയുകയാണ്. 1987 June 20 നാണ് അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞത്. മഹാനായ പ്രകൃതി സ്നേഹി സാലിം അലിയുടെ ജീവിതത്തെ കുറിച്ചുള്ള വിവരണം നിങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിക്കുന്നു.
വ്യവസ്ഥാധിഷ്ഠിതമായ പക്ഷിനീരീക്ഷണത്തിന്‌ ഇന്ത്യയിൽ അടിസ്ഥാനമിട്ട ആളാണ് സാലിം അലി അദ്ദേഹത്തിന്റെ നിരീക്ഷണങ്ങൾ, ഭാരതത്തിലെ ജനങ്ങളിൽ പക്ഷിനിരീക്ഷണത്തിനും, പ്രകൃതിസ്നേഹത്തിനും അടിത്തറയിട്ടു. 1896 നവംബർ 12-ന് മുംബൈയിൽ ജനിച്ചു. അഞ്ച്‌ ആൺകുട്ടികളും നാല്‌ പെൺകുട്ടികളും അടങ്ങുന്ന ഒരു കുടുംബത്തിൽ ആയിരുന്നു സാലിം അലി ജനിച്ചത്‌. അച്ഛൻ മൊയ്സുദ്ദീൻ, അമ്മ സീനത്തുന്നീസ. സാലിം ജനിച്ച്‌ ഒരു വർഷത്തിനുള്ളിൽ തന്നെ പിതാവും മൂന്നുവർഷം തികയുന്നതിനുമുൻപ്‌ മാതാവും മരിച്ചുപോയി. അനാഥരായ ആ കുട്ടികളെ മക്കളില്ലായിരുന്ന അമ്മാവനായിരുന്നു പിന്നീട്‌ വളർത്തിയത്‌. അക്കാലത്ത്‌ ഇന്ത്യയിലെത്തിയിരുന്ന സായ്പന്മാരുടെ പ്രധാന വിനോദം നായാട്ടായിരുന്നു, അവരെ അനുകരിച്ച്‌ നാട്ടുകാരും നായാട്ടിനിറങ്ങി. സാലിമിന്റെ അമ്മാവനും നല്ല ശിക്കാരി ആയിരുന്നു. പഠനത്തിൽ ഒട്ടും താത്പര്യം കാണിക്കാതിരുന്ന സാലിമിന്റെ സ്വപ്നം നല്ലൊരു നായാട്ടുകാരനാവുക എന്നതായിരുന്നു. സാലിമിന്റെ പത്താം വയസ്സിൽ അവന്‌ അമ്മാവന്റെ കൈയിൽ നിന്നും ഒരു ‘എയർ ഗൺ’ ലഭിച്ചു. അതുകൊണ്ട്‌ കുരുവികളെ വെടിവെച്ചിടുകയായി ആ കുട്ടിയുടെ പ്രധാന വിനോദം, വീട്ടിൽ കുരുവിയിറച്ചി നിത്യവിഭവമായി. വീട്ടിലെ തൊഴുത്തിൽ വാസമുറപ്പിച്ചിരുന്ന കുരുവികളെ വെടിവെച്ചിടുന്നതിനിടയിൽ ഒരു പെൺകുരുവി മുട്ടയിട്ട്‌ അടയിരിക്കുന്നതായും ഒരു ആൺകുരുവി അതിനു കാവലിരിക്കുന്നതായും സാലിം കണ്ടെത്തി, ആൺകുരുവിയെ സാലിം വെടിവെച്ചിട്ടു, പക്ഷെ മണിക്കൂറുകൾക്കുള്ളിൽ പെൺകുരുവി മറ്റൊരു ആൺകുരുവിയെ സമ്പാദിച്ച്‌ തത്സ്ഥാനത്ത്‌ ഇരുത്തി, അങ്ങനെ എട്ട്‌ ആൺകുരുവികളെ സലിം വെടിവെച്ചിട്ടെങ്കിലും പെൺകുരുവി ഒമ്പതാമൊരു ഇണയെ കണ്ടെത്തുകയാണുണ്ടായത്‌. ഇതെല്ലാം സാലിം തന്റെ ഡയറിയിൽ കുറിച്ചിടുന്നുണ്ടായിരുന്നു, സാലിം അലി എന്ന പക്ഷിശാസ്ത്രജ്ഞന്റെ ആദ്യ നിരീക്ഷണരേഖകളാണവ.
തന്റെ പന്ത്രണ്ടാം വയസ്സിൽ വെടിവെച്ചിട്ട മഞ്ഞത്താലി കുരുവിയുടെ കഴുത്തിൽ ഒരു മഞ്ഞ അടയാളമുണ്ടായിരുന്നു. ഈശ്വരഭയമുള്ള ഒരു ഇസ്ലാമിന്‌ തിന്നാൻ പറ്റിയ മാംസമാണോ ഇതെന്ന സംശയവുമായി മാതുലന്റെ അടുത്തു ചെന്ന സാലിമിനെ അദ്ദേഹം ബോംബെ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റിയിലെ (BNHS) മില്യാഡ്‌ സായ്പിന്റെ അടുത്തേക്ക്‌ പറഞ്ഞുവിട്ടു. അവിടെ ചെന്ന സാലിമിനെ സായ്പ്‌ സ്നേഹപൂർവ്വം സ്വീകരിക്കുകയും പക്ഷി മഞ്ഞത്താലി(Yellow throated sparrow- Petronia xanthocollis) ആണെന്ന് തിരിച്ചറിയുകയും ചെയ്തു. അവനെ പരീക്ഷണമുറികളിലേക്കു കൊണ്ടുപോയി നിരവധി കുരുവികളേയും അവയുടെ വ്യത്യാസങ്ങളും കാണിച്ചുകൊടുത്തു, നിരവധി അറകൾ തുറന്ന് ഭാരതത്തിലെ നിരവധി പക്ഷികളേയും പരിചയപ്പെടുത്തി. സാലിം അലി എന്ന ലോകപ്രസിദ്ധനായ പക്ഷിശാസ്ത്രജ്ഞൻ ജനിച്ചുവീണ നിമിഷങ്ങളായിരുന്നു അവ.
സാലിം അലിയുടെ ആദ്യകാല പഠനം മുംബൈയിലെ സെന്റ്‌. സേവിയർ കോളേജിലായിരുന്നു. ഒന്നാം വർഷത്തിനു ശേഷം പഠനം ബുദ്ധിമുട്ടാണെന്ന് മനസിലാക്കിയ അദ്ദേഹം ബർമയിലെ താവോയിലേക്ക് മാറുകയായിരുന്നു. അവിടെ കുടുംബസ്വത്തിന്റെ ഭാഗമായ ടങ്ങ്സ്ടൻ ഖനികളിൽ അദ്ദേഹം ജോലിചെയ്തു. ബർമയിലെ വാസസ്ഥലത്തിനടുത്തുള്ള കാടുകളിൽ അദ്ദേഹം തന്റെ ഒഴിവുസമയം ചിലവിട്ടു. അങ്ങനെ പ്രകൃതി ശാസ്ത്രത്തിൽ അദ്ദേഹത്തിന് താല്പര്യമുണ്ടായി. ഈ സമയത്താണ് അദ്ദേഹം ജെ.സി. ഹോപ് വുഡിനെയും ബെർത്തോൾഡ റിബെന്ട്രോപ്പിനെയും പരിചയപ്പെടുന്നത്. ഇവർ രണ്ടു പേരും ആ സമയം ബർമ ഗവെർന്മേന്റിനു കീഴിൽ വനംവകുപ്പിൽ ജോലിചെയ്തുകൊണ്ടിരിക്കുകയായിരുനു. ഏഴു വർഷത്തിനു ശേഷം 1917-ൽ ഇന്ത്യയിലേക്ക് തിരിച്ചു വന്ന സാലിം, പഠനം പൂർത്തിയാക്കാൻ തീരുമാനിക്കുകയും, വ്യാവസായിക നിയമം പഠിക്കാൻ ദാവർ കോളേജിൽ ചേരുകയും ചെയ്തു. അദ്ദേഹത്തിന്റെ പ്രകൃതി ശാസ്ത്രത്തിലുള്ള താല്പര്യം തിരിച്ചറിഞ്ഞ സെന്റ്‌.സേവ്യർ കോളേജിലെ ഫാദർ എതെൽബെറ്റ് ബ്ളാറ്റർ അദ്ദേഹത്തെ ജന്തുശാസ്ത്രം പഠിക്കാൻ പ്രേരിപ്പിച്ചു. അങ്ങനെ സെന്റ്‌. സേവിയർ കോളേജിൽ നിന്നും അദ്ദേഹം ജന്തുശാസ്ത്രവും പഠിക്കുകയുണ്ടായി. ഭാരത ജന്തുശാസ്ത്ര സർവേയിൽ ([Zoological Survey of India) ഒരു പക്ഷിശാസ്ത്രജ്ഞന്റെ ഒഴിവിൽ ജോലിക്കുവേണ്ടി അപേക്ഷിച്ചിരുന്നെന്ങ്കിലും ഒരു ഔപചാരിക യൂണിവേർസിറ്റി ബിരുദം ഇല്ലാത്തതിനാൽ അദ്ദേഹം തഴയപ്പെടുകയായിരുന്നു. ഈ ഒഴിവ് പിന്നീട് നികത്തിയത് എം.എൽ. റൂൺവാൾ ആണ്. 1926-ൽ അദ്ദേഹം മുംബയിലെ പ്രിൻസ് ഓഫ് വെയില്സ് മ്യൂസിയത്തിലെ പ്രകൃതിശാസ്ത്ര വിഭാഗത്തിലെ ഗൈഡ്‌ ലെച്ടറർ ആയി നിയമിതനായി. പ്രതിമാസം 350 രൂപയായിരുന്നു ശമ്പളം. രണ്ടു വർഷത്തിനു ശേഷം ഉദ്യോഗം മടുത്ത അദ്ദേഹം പഠനം തുടരുന്നതിന് വേണ്ടി ജർമനിയിലേക്ക് പോയി. അവിടെ ബെർലിൻ യൂനിവേർസിറ്റിയുടെ ജന്തുശാസ്ത്ര മ്യുസിയത്തിൽ പ്രൊഫ.ഇർവിൻ സ്ട്രസ്സ്മാനു കീഴിൽ ജോലി ചെയ്തു. ജോലിയുടെ ഭാഗമായി ജ.കെ.സ്ടാന്ഫോർഡ് സംഗ്രഹിച്ച മാതൃകകൾ പഠിക്കാനും അദ്ദേഹത്തിന് അവസരം കിട്ടി. ബെർലിനിൽ താമസമാക്കിയിരുന്നത് കൊണ്ട് പല മുൻനിര ജർമ്മൻ പക്ഷിശാസ്ത്രജ്ഞരുമായി ഇടപഴാകാൻ അദേഹത്തിന് അവസരം കിട്ടി. അതിൽ പ്രമുഖർ ബെർനാണ്ട് റേൻഷ(Bernhard Rensch), ഓസ്കർ ഹീന്രോത് ( Oskar Heinroth ), എറണ്സ്റ്റ്റ്‌ മേയർ (Ernst Mayr) എന്നിവരായിരുന്നു. ഹീഗോലാൻഡ് നിരീക്ഷണ കേന്ദ്രത്തിൽ പ്രവർത്തിക്കാനും അദ്ദേഹത്തിന് അവസരം ലഭിച്ചു. പക്ഷിനിരീക്ഷണ ശാസ്ത്രത്തെക്കുറിച്ചും പക്ഷികളെക്കുറിച്ചും സലിം എഴുതിയ ഗ്രന്ഥങ്ങൾ വിജ്ഞാനപ്രദവും പ്രസിദ്ധവുമാണ്. ഇവയിൽ കേരളത്തിലെ പക്ഷികളെ പറ്റിയെഴുതിയ ഗ്രന്ഥവും ഉൾപ്പെടും. ‘ഒരു കുരുവിയുടെ പതനം’ അദ്ദേഹത്തിൻറെ ആത്മകഥയാണ്.

പക്ഷിശാസ്ത്രത്തിൽ നാഷണൽ പ്രൊഫസറായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹത്തെ വിവിധ സർവകലാശാലകൾ ഡോക്ടറേറ്റ് നൽകി ആദരിച്ചു.
1914-ൽ ബ്രിട്ടീഷ്‌ ഇന്ത്യയെക്കുറിച്ചുള്ള ഒരു ശാസ്ത്രലേഖനത്തിന്റെ നിരൂപണത്തിൽ നിരൂപകൻ ആ പുസ്തകത്തിൽ ഇന്ത്യക്കാരുടെ സംഭാവനയായി ഒന്നും തന്നെ ഇല്ല എന്ന് എടുത്തുപറഞ്ഞിരുന്നു ഇത്‌ സാലിം അലിയുടെ മനസ്സിൽ തട്ടുകയും പക്ഷികളെ കുറിച്ച്‌ പഠിക്കാനായി ജീവിതം ഉഴിഞ്ഞു വെയ്ക്കുവാനും തീരുമാനിച്ചു. കുടുംബപ്രാരാബ്ധം മൂലം അതിനിടയിൽ ബർമ്മയിൽ പണിയന്വേഷിച്ചുപോയെങ്കിലും ഇടവേളകളിൽ പക്ഷിനിരീക്ഷണം നടത്തിയിരുന്നു. നാലുവർഷത്തിനു ശേഷം ഇന്ത്യയിലെത്തിയ സാലിം അലി ഒരു വ്യാപാരിയുടെ മകളായ തെഹ്‌മിനയെ വിവാഹം കഴിച്ചു. ഇതിനിടയിലും പക്ഷിനിരീക്ഷണത്തിനായി ജർമ്മനിയിലും മറ്റും പോകുകയും ചെയ്തു. ഒരു ജോലിക്കുവേണ്ടി അലയുന്നതിനിടയിൽ 1932-ൽ "ഹൈദരാബാദ്‌ സംസ്ഥാന പക്ഷിശാസ്ത്ര പര്യവേക്ഷണ"ത്തിൽ(Hyderabad State Ornithology Survey) പങ്കെടുക്കാൻ അവസരം ലഭിച്ചു. അതായിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ പഠന പര്യവേക്ഷണം.
1935-ൽ തിരുവിതാംകൂർ മഹാരാജാവ്‌ തിരുവിതാംകൂർ, കൊച്ചി ഭാഗങ്ങളിലെ പക്ഷികളെ കുറിച്ച്‌ പഠിക്കാനുള്ള ഒരു പദ്ധതി തയ്യാറാക്കുകയും ബി.എൻ.എച്ച്‌.എസിനെ അറിയിക്കുകയും ചെയ്തു. സാലിം അലിയുടെ ഹൈദരാബാദ്‌ പഠനത്തിന്റെ ഗഹനത കണക്കിലെടുത്ത്‌ സാലിം അലിയെ തന്നെ ഈ പഠനത്തിനു വേണ്ടി നിയോഗിച്ചു. അദ്ദേഹം ആദ്യമായ്‌ മറയൂർ ഭാഗത്താണ്‌ പഠനം നടത്തിയത്‌ പിന്നീട്‌ ചാലക്കുടി, പറമ്പിക്കുളം,കുരിയാർകുട്ടി മുതലായിടത്തും പോയി. കുരിയാർകുട്ടിയിലെ ചെറിയ ഒരു സത്രത്തിലിരുന്നാണ്‌ കേരളത്തിലെ പക്ഷിശാസ്ത്രത്തിന്റെ ആരംഭം കുറിച്ചത്‌, അദ്ദേഹത്തിന്റെ ഭാര്യ തെഹ്മിന ആയിരുന്നു വിവരങ്ങൾ രേഖപ്പെടുത്തിയത്‌. പിന്നീടിള്ള യാത്രാമധ്യേ തട്ടേക്കാടെത്തുകയും അവിടുത്തെ അമൂല്യമായ പക്ഷിസമ്പത്തിനെകുറിച്ച്‌ തിരിച്ചറിയുകയും അവിടം ഒരു സംഭരണകേന്ദ്രം(Collection center) ആയി തിരഞ്ഞെടുക്കുകയും ചെയ്തു. പിന്നീട്‌ മൂന്നാർ, കുമളി, ചെങ്കോട്ട, അച്ചൻകോവിൽ മുതലായ സ്ഥലങ്ങളിൽ പഠനം നടത്തുകയും ചെയ്തു. ആ നിരീക്ഷണങ്ങൾ ആദ്യം തിരുവിതാംകൂർ, കൊച്ചിയിലെ പക്ഷിശാസ്ത്രം എന്നും പിന്നീട്‌ സർ സി. പി. രാമസ്വാമി അയ്യരുടെ ആവശ്യപ്രകാരം പരിഷ്കരിച്ച്‌ കേരളത്തിലെ പക്ഷികൾ എന്ന പേരിലും പുറത്തിറക്കുകയുണ്ടായി. 1939-ൽ കേരളത്തിലെ പഠനം പൂർത്തിയായപ്പോഴേക്കും ഭാര്യ തെഹ്‌മിന എന്നെന്നേക്കുമായി വിടപറഞ്ഞു, അതോടെ സാലിം പരിപൂർണ്ണ പക്ഷിനിരീക്ഷകനായി.
സാലിം അലിയും ഡില്ലൺ റിപ്ലിയും ഒരു പക്ഷിനിരീക്ഷണ യാത്രയ്ക്കിടെ
ഈ രണ്ടുപഠനങ്ങളോടുകൂടി തന്നെ സാലിം അലി പ്രശസ്തനാകുകയും ഇന്ത്യയിലെമ്പാടും പക്ഷിനിരീക്ഷണങ്ങൾക്കായി ക്ഷണിക്കപ്പെടുകയും ചെയ്യപ്പെട്ടു. അതിനിടയിൽ ഇന്ത്യ സ്വതന്ത്രമാവുകയും, സാലിം അലി ബി.എൻ.എച്ച്‌.എസ്സിന്റെ തലവനാവുകയും ഒക്കെ ചെയ്തു. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ പക്ഷികളെക്കുറിച്ചുള്ള അറിവിൽ സാലിം അലിയുടെ പ്രാമാണ്യം ലോകം അംഗീകരിച്ചു. സാലിം അലിയും അമേരിക്കനായ എസ്‌. ഡില്ലൺ റിപ്ലിയും സംയുക്തമായി രചിച്ച ഇന്ത്യയിലേയും പാകിസ്താനിലേയും പക്ഷികളേക്കുറിച്ചുള്ള പഠനങ്ങൾ ഇന്നും ഈ രംഗത്തെ ആധികാരിക പുസ്തകമാണ്‌. കാശ്മീർമുതൽ കന്യാകുമാരി വരെ അദ്ദേഹം സ്വയം സഞ്ചരിച്ച്‌ പഠനങ്ങൾ നടത്തി, അനാരോഗ്യം, അലസത മുതലായവ അദ്ദേഹത്തെ തീണ്ടിയില്ല.
ബോംബെ നാച്ചുറൽ ഹിസ്റ്ററി സൊസൈടറ്റിയെ (BNHS) പതനത്തിൽ നിന്നും കരകയറ്റുന്നതിൽ സാലിം അലി പ്രധാൻ പങ്കു വഹിച്ചിട്ടുണ്ട്.നൂറു വര്ഷം പഴക്കമുള്ള ഈ സ്ഥാപനത്തെ രക്ഷിക്കാൻ അന്നത്തെ പ്രധാനമന്ത്രിയായ പണ്ഡിറ്റ്‌ ജവഹർലാൽ നെഹ്‌റുവിനു സാലിം അലി കത്തെഴുതുകയുണ്ടായി.സാലിമിന്റെ കുടുംബക്കാരും പക്ഷിനിരീക്ഷണ രംഗത്ത് ശോഭിച്ചിരുന്നു എന്ന് കാണാം. പ്രശസ്ത പക്ഷിനിരീക്ഷകനായിരുന്ന ഹുമയൂൺ അബ്ദുള്ള(Humayun Abdulali) , സഫർ ഫുത്തഹാലി ( Zafar Futehally) എന്നിവർ സാലിമിന്റെ അകന്ന ബന്ധുക്കളാണ്. സഫർ പിന്നീട് BNHS-ന്റെ ഓണററി സെക്രട്ടറി സ്ഥാനവും വഹിക്കുകയുണ്ടായി. സാലിം അലി ബിരുദാനന്തരബിരുദ, ഗവേഷണ വിദ്യാർഥികളെ പഠിപ്പിച്ചിട്ടുണ്ട്. ഇവരിൽ ആദ്യത്തെ വിദ്യാർഥി വിജയകുമാർ അംബേദ്‌കർ ആയിരുന്നു. ഇദ്ദേഹം പ്രജനനം-പരിസ്ഥിതി ശാസ്ത്രം വിഷയത്തിൽ പിന്നീട് ഒരു ഗവേഷണ പ്രബന്ധം എഴുതുകയുണ്ടായി. ഈ പ്രബന്ധം തിരുത്തിയത് ഡേവിഡ്‌ ലാക്ക് (David Lack) എന്ന ശാസ്ത്രജ്ഞനായിരുന്നു.
ഇന്ത്യൻ പക്ഷിനിരീക്ഷണ രംഗത്തേക്ക് ധനസമാഹരണം നടത്തുന്നതിലും അലി പ്രത്യേക പങ്കു വഹിച്ചിട്ടുണ്ട്.ഇന്ത്യൻ കൌൺസിൽ ഓഫ് അഗ്രിക്കൾച്ചറൽ റിസർച്ചിൽ സാമ്പത്തിക ശാസ്ത്ര- പക്ഷിശാസ്ത്ര യൂണിറ്റ് സ്ഥാപിക്കുന്നതിൽ അദ്ദേഹം ശ്രദ്ധേയമായ പങ്കു വഹിച്ചു.ഷഡ്പദങ്ങൾ പകർത്തുന്ന ക്യാസന്നൂർ വന രോഗ (Kyasanur Forest Disease) ത്തെപ്പറ്റി പഠിക്കുവാൻ അദ്ദേഹം സാമ്പത്തിക പിന്തുണ നേടിയെടുത്തു.ഈ പ്രൊജെക്ടിനു വേണ്ടി ഫണ്ടുകൾ നൽകിയത് അമേരിക്കൻ ഐക്യ രാഷ്ട്രങ്ങളിൽ പ്രവർത്തിക്കുന്ന 'ഫുഡ്‌ ഫോർ പീസ്' എന്ന പദ്ധതിയായിരുന്നു. പക്ഷെ, രാഷ്ട്രീയമായ പിന്തുണക്കുറവുമൂലം ഈ പദ്ധതി നിന്ന് പോകുകയായിരുന്നു.1980 കളുടെ അന്ത്യത്തിൽ പക്ഷിവേട്ട കുറച്ചുകൊണ്ടുവരാൻ വേണ്ടിയുള്ള B.N.H.S പ്രൊജെക്ടിനു അദ്ദേഹം നേതൃത്വം വഹിച്ചിട്ടുണ്ട്.അതെ സമയം, പക്ഷിനിരീക്ഷകരെ ഒന്നിപ്പിക്കുന്നതിന്റെ ഭാഗമായി പക്ഷിനിരീക്ഷകർക്കായൊരു പത്രിക(A newsletter for birdwatchers) അദ്ദേഹം പുറത്തിറക്കി.[12] ഡോ.അലിക്ക് സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ പല പ്രമുഖ വ്യക്തികളുമായും ബന്ധമുണ്ടായിരുന്നു.അവയിൽ പലതും ജവഹർലാൽ നെഹ്‌റു, മകൾ ഇന്ദിര ഗാന്ധി എന്നിവരിലൂടെയായിരുന്നു.ഇന്ദിര ഗാന്ധിയും ഒരു പക്ഷിനിരീക്ഷകയായിരുനതുകൊണ്ട് അവർ സാലിമിന്റെ പുസ്തകങ്ങളിൽ ആകൃഷ്ടയായിരുന്നു.1942-ൽ അലിയുടെ ഇന്ത്യൻ പക്ഷികളുടെ പുസ്തകം (Book of Indian Birds) ആണ് നയിനി ജയിലിലായിരുന്ന ഇന്ദിരയ്ക്ക് അച്ഛൻ ജവഹർലാൽ നെഹ്‌റു ടെഹ്റദുൻ ജയിൽ വാസകാലത്ത് സമ്മാനമായി നൽകിയത്. ഭരത്പൂർ വനങ്ങളെ വന്യജീവി സന്ങ്കേതമാക്കി മാറ്റാനും സൈലന്റ് വാലി കാടുകളെ സംരക്ഷിക്കാനും അദ്ദേഹം പരിശ്രമിച്ചിട്ടുണ്ട്.അനേകം പക്ഷികളുടെ മരണത്തിന് കാരണമായ കന്നുകാലി മേയാൽ ഭരത്പൂർ വന്യ ജീവി സങ്കേതത്തിൽ നിന്നും ഇല്ലായ്മ ചെയ്തത് വഴി പരിസ്ഥിതി സംരക്ഷകനെന്ന നിലയിലും അദ്ദേഹം അറിയപെട്ടു.
സാലിം അലി താൻ പഠിച്ചതും മനസ്സിലാക്കിയതുമായ കാര്യങ്ങൾ ലളിതമായ ഭാഷയിൽ എഴുതി, അദ്ദേഹത്തിന്റെ പ്രബന്ധങ്ങളും പുസ്തകങ്ങളും ലോകരുടെ ആദരവു നേടുകയും ചെയ്തു. തന്റെ സമ്പാദ്യം മുഴുവനും ശാസ്ത്രപഠനഗവേഷണങ്ങൾക്കും, പരിസ്ഥിതി സംരക്ഷണത്തിനുമായി എഴുതിവെച്ചശേഷം 1987-ൽ തൊണ്ണൂറ്റൊന്നാം വയസിൽ അദ്ദേഹം അന്തരിച്ചു.
ഏഷ്യയിലെ ജന്തുശാസ്ത്ര ഗവേഷണത്തിനുള്ള ഏഷ്യാറ്റിക്‌ സൊസൈറ്റിയുടെ ജോയ്‌ ഗോബിന്ദ ലോ പതക്കം(1953), ഇന്ത്യൻ പക്ഷിശാസ്ത്രത്തിനു നൽകിയ നിസ്തുല നേവനത്തിനു രാഷ്ട്രപതിയുടെ പത്മഭൂഷൻ(1958), അലിഗാർ മുസ്ലിം യൂണിവേഴ്സിറ്റിയുടെ ഡോക്ടറേറ്റ്‌(1958), ബ്രിട്ടീഷ്‌ ഓർണ്ണത്തോളജിസ്റ്റ്‌ യൂണിയന്റെ യൂണിയൻ സ്വർണ്ണ പതക്കം(1967), ഇന്റർ നാഷണൽ കൺസർവേഷൻ പ്രവർത്തനങ്ങൾക്ക്‌ അവരുടെ ജോൺ സി ഫിലിപ്സ്‌ സ്മാരക പതക്കം(1969), ഭാരതീയ പക്ഷിശാസ്ത്രത്തിനു നൽകിയ മികച്ച സംഭാവനകൾക്ക്‌ ഇന്ത്യൻ നാഷണൽ സയൻസ്‌ അക്കാദമിയുടെ സുന്ദർലാൽ ഹോറാ സ്മാരക പതക്കം(1970), ഡെൽഹി യൂണിവേഴ്സിറ്റിയുടെ ഡോക്ടറേറ്റ്‌(1973), യു.എസ്‌.എസ്‌.ആർ അക്കാദമി ഓഫ്‌ മെഡിക്കൽ സയൻസിന്റെ പാവ്‌ലോവ്‌സ്‌ക്കി സെന്റിനറി സ്മാരക പതക്കം(1973), എച്ച്‌.ആർ.എച്ച്‌. പ്രിൻസ്‌ ബർനാർഡ്‌ ഒഫ്‌ നെതർലാൻഡ്സിന്റെ ഇൻസൈനിയ ഓഫ്‌ ഓഫിസർ ഇൻ ദ ഓർഡർ ഒഫ്‌ ഗോൾഡൻ ആർക്ക്‌(1973), വന്യജീവി സംരക്ഷണത്തിൽ ജെ. പോൾ ഗെറ്റി രാജ്യാന്തര പുരസ്കാരം(1976), ആന്ധ്ര യൂണിവേർസിറ്റിയുടെ ഡോക്ടറേറ്റ്‌(1978), ഇന്ത്യൻ നാഷണൽ സയൻസ്‌ അക്കാദമിയുടെ സി.വി.രാമൻ പതക്കം(1979), ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ പക്ഷിശാസ്ത്രത്തിനു നൽകിയ സേവനങ്ങൾക്ക്‌ ഏഷ്യാറ്റിക്‌ സൊസൈറ്റി ഓഫ്‌ ബംഗ്ലാദേശ്‌ സ്വർണ്ണ പതക്കം(1981), ഏഷ്യാറ്റിക്‌ സൊസൈറ്റി കൽക്കട്ടയുടെ രബീന്ദ്രനാഥ ടാഗോർ പതാക(1981), ഇന്ത്യൻ ഭരണകൂടത്തിന്റെ നാഷണൽ റിസർച്ച്‌ പ്രൊഫസർഷിപ്പ്‌ ഇൻ ഓർണ്ണിത്തോളജി(1982), യു.എസ്‌.എ നാഷണൽ വൈൽഡ്‌ ലൈഫ്‌ ഫെഡറേഷന്റെ ഇന്റർനാഷണൽ കൺസർവേഷൻ അവാർഡ്‌(1983), ഇന്ത്യാ ഭരണകൂടത്തിന്റെ വന്യജീവി സംരക്ഷണത്തിന്‌ നാഷണൽ ബഹുമതി(സ്വർണ്ണ പതക്കം)(1983). എന്നീ പ്രധാന ബിരുദങ്ങളും ബഹുമതികളും അദ്ദേഹത്തെ തേടിയെത്തി. പക്ഷിശാസ്ത്രപഠനത്തിന്‌ 1976ല്‍ പത്മവിഭൂഷൺ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു. The book of Indian Birds (1941), Indian Hill Birds(1949), The Birds of Kuch(1945), The Birds of Kerala, The Birds of Sikkim, Hand book of the birds of India and Pakistan, Common Birds(1967) എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന കൃതികള്‍

Friday, 8 July 2011

നമുക്ക് വേണ്ടത് ജൈവ രാഷ്ട്രീയം : സി. ആര്‍. നീലകണ്ഠന്‍

പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകനായ സി. ആര്‍. നീലകണ്ഠനുമായി eപത്രം പ്രതിനിധി ഫൈസല്‍ ബാവ ദുബായില്‍ വെച്ച് നടത്തിയ അഭിമുഖത്തിന്റെ ഒന്നാം ഭാഗം:
cr-neelakantan-faisal-bava-epathram
?- കേരളത്തിലെ ഒട്ടുമിക്ക പാരിസ്ഥിതിക വിഷയങ്ങളിലും നേരിട്ട് ഇടപെട്ടു വരുന്ന ഒരാളെന്ന നിലയില്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ എത്രത്തോളം പോസറ്റീവായാണ് കാര്യങ്ങള്‍ നീങ്ങുന്നത്?
സി. ആര്‍. നീലകണ്ഠന്‍ : ഇപ്പോഴത്തെ സാഹചര്യത്തില്‍ പോസറ്റീവായി തന്നെയാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ഈ ഇടപെടലുകള്‍ അല്ലെങ്കില്‍ സമരങ്ങള്‍ തുടര്‍ച്ചയായ ഒരു പോരാട്ടമാണ്. സുഗത കുമാരി ടീച്ചര്‍ പറഞ്ഞ പോലെ തോല്‍ക്കുന്ന യുദ്ധത്തിനും വേണമല്ലോ പടയാളികള്‍ എന്ന് പറഞ്ഞു കൊണ്ടാണ് നമ്മള്‍ തുടങ്ങുന്നത്. ഇപ്പോള്‍ എല്ലാ യുദ്ധവും തോല്‍ക്കില്ല, ചിലതെല്ലാം ജയിക്കാനും സാദ്ധ്യതയുണ്ട് എന്ന അവസ്ഥയിലാണ് എത്തി നില്‍ക്കുന്നത്. ഞാനങ്ങനെയാണ് കാണുന്നത്. അതിന് ആഗോള സാഹചര്യങ്ങള്‍ ഉണ്ട്, ലോക്കല്‍ സാഹചര്യങ്ങള്‍ ഉണ്ട്, ഇതിന്റെ ഭാഗമായി പൊതുജനങ്ങളില്‍ ഉണ്ടായിട്ടുള്ള മാറ്റം ഉണ്ട്. കുറെ കാര്യങ്ങളില്‍ ഇനി പഴയത് പോലെയുള്ള ഒരു വഴി വിട്ട രീതി തുടരാനാവില്ല എന്ന അവസ്ഥ നിലനില്‍ക്കുന്നുണ്ട്. കേരളത്തിലെ മണ്ണും വെള്ളവും വായുവും നശിപ്പിച്ചു കൊണ്ട് ഒരു വ്യവസായവും, പദ്ധതിയും ഇനി സാധ്യമല്ല എന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്. ഒരു അച്യുതാനന്ദന്‍ കുറച്ചു കാര്യങ്ങള്‍ മനസിലാക്കിയതിനാല്‍ കുറച്ചു ഗുണം കേരളത്തിനുണ്ടായി. ഇനി അതു പോലെ മറ്റൊരു നേതൃത്വം മനസിലാക്കിയാല്‍ കുറച്ചു കൂടി ഗുണം കിട്ടും. ഈ പ്രതീക്ഷ വളരാന്‍ കാരണം ചില നേതാക്കളുമായി നടത്തിയ സ്വകാര്യ സംഭാഷണങ്ങളില്‍ നിന്നാണ്. ഇത് നമ്മുടെ നേതൃത്വങ്ങള്‍ തന്നെ മനസിലാക്കിയിരിക്കുന്നു എന്നതാണ് ഞാന്‍ പോസറ്റീവ് എന്ന് ഉദ്ദേശിച്ചത്. അപ്പോള്‍ തോല്‍ക്കുന്ന യുദ്ധത്തില്‍ നിന്നും ചിലപ്പോഴെങ്കിലും ജയിക്കാവുന്നതും, ശത്രുവിനു പോലും നമ്മള്‍ പറയുന്നത് ശരിയാണ് എന്ന് തോന്നുന്ന അവസ്ഥയിലേക്ക് എത്തിക്കഴിഞ്ഞു. പക്ഷെ അത് അല്‍പം വൈകിപ്പോയോ എന്നൊന്നും ഈ തരത്തിലുള്ള പോരാട്ടങ്ങളില്‍ നമുക്ക് പറയാനാവില്ല.

?- പോസറ്റീവ് എന്ന് പറയുമ്പോളും എന്തു കൊണ്ടാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കിടയില്‍ തന്നെ ഒരു ഏകീകരണം ഉണ്ടാകാത്തത്? ഒരു ഹരിത രാഷ്ട്രീയം ഇവിടെ വേരു പിടിക്കാത്തത്?
സി. ആര്‍ ‍: അത് സാദ്ധ്യമല്ല, കാരണം നമുക്ക്‌ മാര്‍ക്സിസത്തിന്റെ പേരില്‍ യോജിച്ചു പോകാന്‍ കഴിയുന്നില്ല, ഗാന്ധിസത്തിന്റെ പേരില്‍ യോജിക്കാന്‍ പറ്റുന്നില്ല പിന്നെയെങ്ങനെയാണ് ഹരിത രാഷ്ട്രീയത്തിന്റെ പേരില്‍ യോജിച്ചു പോകാന്‍ പറ്റുക? യഥാര്‍ഥത്തില്‍ ഒരു മാക്രോ പൊളിറ്റിക്സിന്റെ കീഴില്‍ ജനങ്ങളെ യോജിപ്പിക്കാന്‍ കഴിയുമെന്ന ധാരണ ഇന്ന് എനിക്കില്ല. എങ്ങിനെയാണ് ഏകീകരണം വരേണ്ടത്, എന്ത് അടിസ്ഥാനത്തിലാണ് ഏകീകരണം ഉണ്ടാവേണ്ടത്, എന്തായിരിക്കണം അതിന്റെ ഒരു പ്ലാറ്റ്ഫോം, സംഘടനാപരമായ ചട്ടക്കൂട് നില്‍ക്കട്ടെ, എന്ത് ഐഡിയോളജിക്കല്‍ പ്ലാറ്റ്ഫോമിലാണ് വരിക, അങ്ങിനെ വരണമെങ്കില്‍ അതിനുള്ള ശേഷി കേരളത്തിലെ ഹരിത രാഷ്ട്രീയത്തിനുണ്ടോ? ഇല്ല എന്ന് പറയേണ്ടി വരും, ചുരുക്കി പറഞ്ഞാല്‍ കേരളത്തില്‍ ഹരിത രാഷ്ട്രീയം വളര്‍ന്നിട്ടേയില്ല. കേരളത്തില്‍ ഉണ്ടായിട്ടുള്ള ഒരു സമരവും ഹരിത രാഷ്ട്രീയമായി ബന്ധപ്പെട്ടു കൊണ്ട് വന്നിട്ടുള്ളതല്ല. കേരളത്തിന്റെ സാമൂഹ്യ ജീവിതത്തെ ബാധിക്കുന്ന ഒരു വിഷയവും ഹരിത രാഷ്ട്രീയമായി വന്നതല്ല. ഉദാഹരണത്തിന് ഇപ്പോള്‍ ഏറ്റവും ചര്‍ച്ചയായ എന്‍ഡോസള്‍ഫാന്‍ വിഷയം ഹരിത രാഷ്ട്രീയമായാണോ വന്നത്, അല്ലല്ലോ. എവിടെ പ്പോയി കേരളത്തിലെ ഹരിത രാഷ്ട്രീയക്കാര്‍! ഞാന്‍ ഒരു ഹരിത രാഷ്ട്രീയക്കനാണ് എന്ന് എവിടെയും പറഞ്ഞിട്ടില്ല. ആരാണ് കേരളത്തില്‍ ഇത്തരം പ്രശ്നങ്ങള്‍ പൊക്കി കൊണ്ടു വന്നത്. ഹരിത രാഷ്ട്രീയക്കാരാണോ? ഞാനടക്കമുള്ളവരൊന്നും അല്ല. ഞാനായിട്ട് കേരളത്തില്‍ ഒരു സമരവും തുടങ്ങിയിട്ടില്ല. ഇപ്പൊ പ്ലാച്ചിമടയിലെ കൊക്കോകോള സമരം ഭയങ്കര വിജയമാണെന്നാണല്ലോ പറയുന്നത്, എന്നാല്‍ ഇത് ഹരിത രാഷ്ട്രീയത്തിന്റെയോ സാമ്രാജ്യത്വ വിരുദ്ധതയുടെയോ, മേധാ പട്കറുടെയോ, വി. എസിന്റെയോ, വീരേന്ദ്ര കുമാറിന്റെയോ വെറാരുടെയോ വിജയാമാണെന്നൊക്കെ പറയുമ്പോളും പ്ലാച്ചിമടയുടെ വെറും മുപ്പതു കിലോമീറ്റര്‍ അപ്പുറത്ത്‌ കഞ്ചിക്കോട് ഇതേ ജല ചൂഷണം മറ്റൊരു സാമ്രാജ്യത്വ കുത്തക കമ്പനിയായ പെപ്സി തുടരുകയാണ്. എന്തു കൊണ്ട് പെപ്സിയുടെ പ്രവര്‍ത്തനം നിര്‍ത്തലാക്കാന്‍ കഴിഞ്ഞില്ല? ഇത്രയേയുള്ളൂ. കഞ്ചിക്കോട് നാട്ടുകാര്‍ ശക്തമായ സമരമായെത്തിയില്ല. പ്ലാച്ചിമടയില്‍ നാട്ടുകാര്‍ കൊക്കകോളയെ കെട്ടു കെട്ടിക്കാന്‍ ഒന്നിച്ചു അണി നിരന്നു. ആ സമരമെന്ന തീയില്‍ ഇന്ധനമിടുകയോ കത്തിക്കുകയോ പടര്‍ത്തുകയോ ഒക്കെ ചെയ്യുന്ന പണി ഞാനടക്കമുള്ളവര്‍ പലരും ചെയ്തിടുണ്ട്. എന്‍ഡോസള്‍ഫാന്‍ സമരത്തിലും അത് തന്നെയാണ് ഉണ്ടായത്‌. പക്ഷെ സമരത്തിന്റെ തീയില്ലാത്തിടത്ത് എന്തുണ്ടാവാനാണ്? ഞാന്‍ പറഞ്ഞു വന്നത് രാഷ്ട്രീയം ഹരിതമല്ല, ഇരകളുടെ രാഷ്ട്രീയം തന്നെയാണ്, (കെ. ഇ. എന്‍. പറയുന്ന ഇരയല്ല) ആ ഇരകളുടെ രാഷ്ട്രീയം നിങ്ങളെങ്ങനെയാണ് കൈകാര്യം ചെയ്തത് എന്ന് നോക്കിയാണ് സമരങ്ങളുടെ വിജയ പരാജയങ്ങള്‍ വിലയിരുത്തേണ്ടത്. എല്ലാ സമരങ്ങളും അതാതു പ്രദേശത്തെ ജനങ്ങള്‍ ഏറ്റെടുത്തത് കൊണ്ടാണ് ഇത്രയെങ്കിലും എത്തിയത്‌, അല്ലാതെ ഞാനടക്കമുള്ള പരിസ്ഥിതി പ്രവര്‍ത്തകര്‍ തുടങ്ങി വെച്ച ഒരു സമരവും ഇല്ല. ഹരിത രാഷ്ട്രീയക്കാരുമല്ല. അതാണ് ഞാന്‍ പറഞ്ഞത്‌, പ്രത്യയ ശാസ്ത്രത്തിന്റെ അബദ്ധ ജടിലമായ മുന്‍ധാരണകള്‍ വീക്ഷണങ്ങളെ വികലമാക്കുന്നു എന്നിടത്താണ് ഇപ്പോള്‍ ഞാന്‍ എത്തി നില്‍ക്കുന്നത്‌. ജൈവമായി കാര്യങ്ങളെ കാണാന്‍ ശ്രമിക്കുന്നില്ല. ജൈവം എന്ന് പറഞ്ഞാല്‍ മുന്‍ധാരണയില്ല, ഒരു ജൈവ പ്രക്രിയ മുന്‍ധാരണയോട് കൂടി ചെയ്യാവുന്നതല്ല. ജൈവം ഓരോ തവണയും പ്രകൃതിയോട് സ്വാഭാവികമായി പ്രതികരിക്കുന്നതാണ് അതിനാല്‍ നമുക്ക് വേണ്ടത്‌ ജൈവ രാഷ്ട്രീയമാണ്, ഹരിതമെന്നല്ല ഞാന്‍ പറയുക ജൈവമെന്നാണ്. ഞാന്‍ ഹരിത രാഷ്ട്രീയക്കാരനല്ല, ജൈവ രാഷ്ട്രീക്കാരാനാണ് (Organic Politics).

?- അത്തരത്തില്‍ പ്ലാച്ചിമടയിലെ കൊക്കകോളക്കെതിരെ, കാസര്‍ക്കോട്ട്‌ എന്‍ഡോസള്‍ഫാന്‍ തളിക്കുന്നതിനെതിരെ, ഈ സമരങ്ങളൊക്കെ പൂര്‍ണ്ണ അര്‍ത്ഥത്തില്‍ വിജയമാണെന്ന് പറയാനാവുമോ? രാഷ്ട്രീയമെന്ന് പറയുമ്പോളും അരാഷ്ട്രീയത ഇതിനിടയില്‍ ഇല്ലേ?
സി. ആര്‍ : നിങ്ങള്‍ പറഞ്ഞത്‌ ശരിയാണ്, ഓരോ സമരത്തിന്റെയും കൃത്യമായ ആവശ്യമെന്തായിരുന്നു, എന്തിനാണ് അവര്‍ സമരം ചെയ്തത് എന്നു നോക്കണം. ഈ രണ്ടു സമരങ്ങളെയും കൃത്യമായി പരിശോധിക്കാം. ഈ രണ്ടു സമരങ്ങളും ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ സമരം വിജയിച്ചു എന്നാണ് അവകാശപ്പെടുന്നത്, പ്ലാച്ചിമട കൊക്കകോള കമ്പനി പൂട്ടി, സമരം വിജയിച്ചു, അതാര്‍ക്കാണെന്നറിയാമോ, പുറത്തുള്ളവര്‍ക്ക്. എന്‍ഡോസള്‍ഫാനും അതെ, സംഭവം സ്റ്റോക്ക്‌ഹോം കണ്‍വെന്‍ഷനില്‍ ലോക ശ്രദ്ധ നേടുന്ന തരത്തില്‍ വിഷയമെത്തി ചര്‍ച്ച ചെയ്തു എന്‍ഡോസള്‍ഫാന്‍, ഒക്കെ ശരി. നല്ലത് തന്നെ. പക്ഷെ പ്ലാച്ചിമടക്കാര്‍ക്ക്, അല്ലെങ്കില്‍ കാസര്‍കോട്ടുകാര്‍ക്ക്‌ എന്ത് ഗുണം കിട്ടി. കഴിഞ്ഞ പത്ത് വര്‍ഷമായി കാസര്‍ക്കോട്‌ എന്‍ഡോസള്‍ഫാന്‍ അടിക്കുന്നില്ല. പിന്നെ അവര്‍ക്ക് നിരോധിച്ചിട്ടെന്തു കാര്യം? അവരുടെ ആവശ്യം പൂര്‍ണ്ണമായും പരിഹരിക്കപ്പെട്ടോ? ഇല്ല! പക്ഷേ ആരാ സമരം തുടങ്ങിയത്? അവിടുത്തുകാര്‍! എന്തായിരുന്നു അവരുടെ ആവശ്യം, എന്‍ഡോസള്‍ഫാന്‍ നിരോധിക്കണ മെന്നായിരുന്നോ? അല്ല. അവിടെ അടിക്കരുത് എന്നായിരുന്നു, ഇതു വരെ ഈ വിഷം തളിച്ചത് മൂലം ഉണ്ടായ പ്രശ്നങ്ങള്‍, അവരുടെ രോഗങ്ങള്‍, ചികില്‍സ, പുനരധിവാസം ഇതൊക്കെയായിരുന്നു അവരുടെ ആവശ്യം. അത് പരിഹരിക്കപ്പെട്ടോ? പ്ലാച്ചിമടയിലും ഇത് തന്നെയാണ് അവസ്ഥ. അവിടുത്തെ കര്‍ഷകര്‍ക്ക് ഉണ്ടായ നഷ്ടങ്ങള്‍ നഷ്ടമായി തുടരുന്നു. അവരുടെ മണ്ണ്, വെള്ളം, ജീവിതം ഇതൊക്കെ തിരിച്ച് കിട്ടിയോ? അതാണ്‌ ഞാന്‍ പറഞ്ഞത്‌ സമരങ്ങളെ നാം എളുപ്പത്തില്‍ കക്ഷി രാഷ്ട്രീയത്തില്‍ കൊണ്ടിടാന്‍ പറ്റും. അപ്പോള്‍ സംഭവിക്കുന്നത് അവര്‍ അനുകൂലം, ഇവര്‍ എതിര്, അവരത് ചെയ്തു, അത് ചെയ്തില്ല ഈ തര്‍ക്കത്തിനിടയില്‍ യഥാര്‍ഥത്തില്‍ നഷ്ടപ്പെടുന്നത് ഇതിന്റെ ഇരകള്‍ക്കാണ്. അവരുടെ ജീവിതം പോയി. ദുരിതം അനുഭവിച്ചവര്‍ക്ക് നഷ്ടങ്ങള്‍ ബാക്കി തന്നെ. കൊക്കകോള നിരോധിച്ചത് കൊണ്ട് പ്ലാച്ചിമടക്കാര്‍ക്ക് എന്തു കാര്യം? അവര്‍ ഉന്നയിച്ച കാര്യങ്ങളില്‍ എന്തെകിലും കിട്ടിയോ? കാസര്‍ക്കോട്ട് കാര്‍ക്ക് ആകെ കിട്ടിയത്‌ അമ്പതിനായിരം രൂപ വീതമാണ്. അതിപ്പോ മരിച്ചു പോയവരുടെ കുടുംബങ്ങള്‍ക്ക് ഒരു ലക്ഷമാക്കും എന്ന് പറയുന്നു. അതു കൊണ്ടെന്ത് കാര്യം, മരിച്ചവര്‍ രക്ഷപ്പെട്ടു, ജീവിച്ചിരിക്കുന്നവര്‍ക്ക് മരിച്ചവരോട് അസൂയ തോന്നുന്ന തരത്തിലാണ് അവരുടെ ദുരിത പൂര്‍ണ്ണമായ ജീവിതം. ഇതിനിടയില്‍ ചികില്‍സ കിട്ടാതെ എന്‍ഡോസള്‍ഫാന്‍ ഇരയായ ഒരു കുട്ടി കാസര്‍കോട് മരിച്ചതായി വാര്‍ത്ത കണ്ടു. ആരാ ഉത്തരവാദി, നമ്മള്‍ സ്റ്റോക്ക്ഹോമില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കണോ വേണ്ടയോ എന്ന് ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുമ്പോള്‍ കാസര്‍കോട്ട് കുട്ടി മരിക്കുന്നു. സമരം തുടങ്ങിയത് അവരല്ലെങ്കില്‍ ശരിയാണ്. ഇതാണ് അവസ്ഥ. ഒരു സമരം എങ്ങിനെ അരാഷ്ട്രീയമാകും എന്നതാണ് ഇതിലൂടെ മനസിലാകുന്നത്.

?- ഈ കോലാഹലങ്ങള്‍ക്കിടയില്‍ കീടനാശിനിയുടെ രാഷ്ട്രീയം കേരളത്തില്‍ ഇനിയും ചര്‍ച്ച ചെയ്യപ്പെടുന്നുണ്ടോ?
സി. ആര്‍ : ഇല്ല, കേരളത്തിലെന്നല്ല ഇന്ത്യയിലെവിടെയും ചര്‍ച്ച ചെയ്യുന്നില്ല, അതാണ്‌ ഞാന്‍ പറഞ്ഞു വന്നത്, യഥാര്‍ത്ഥത്തില്‍ ശരിയായ രാഷ്ട്രീയം കൈകാര്യം ചെയ്യുന്നവര്‍ രാഷ്ട്രീയത്തിന് പുറത്തും രാഷ്ട്രീയക്കാര്‍ അരാഷ്ട്രീയവുമാണ് കൈകാര്യം ചെയ്യുന്നത്. മേല്‍ പറഞ്ഞ രാഷ്ട്രീയം കീടനാശിനിയുടെ രാഷ്ട്രീയത്തിലേക്കോ, ജൈവ കൃഷിയുടെ രാഷ്ട്രീയത്തിലേക്കോ ഏതെങ്കിലും രീതിയില്‍ പോകുന്നുണ്ടോ? ഇല്ല. കക്ഷി രാഷ്ട്രീയവുമായി ലിങ്കു ചെയ്യുന്നതൊക്കെ അരാഷ്ടീയമായി പോകുന്നു. യഥാര്‍ഥത്തില്‍ കക്ഷി രാഷ്ട്രീയമാണ് അരാഷ്ട്രീയം. കേരളത്തില്‍ കീടനാശിനി ഇല്ലാതെ കൃഷി സാദ്ധ്യമാണെന്ന് പറയാന്‍ കഴിയുന്ന രാഷ്ട്രീയക്കാര്‍ ആരുണ്ട്‌? കീടനാശിനിയുടെ രാഷ്ട്രീയം പറയട്ടെ, ആരെങ്കിലും പറയുമോ? നമുക്ക്‌ എന്‍ഡോസള്‍ഫാന്‍ വേണ്ട, പകരം വേറെയൊന്നു വേണം. ഇതു കൊണ്ടെന്ത്‌ കാര്യം. കേരളത്തില്‍ എന്‍ഡോസള്‍ഫാനേക്കാള്‍ മാരകമായ പന്ത്രണ്ട് കീടനാശിനികള്‍ വില്‍ക്കുന്നുണ്ട്. എന്തിനു വേറെ പറയണം? ലോകം മുഴുവന്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്ന് പറയുമ്പോളും കേരളത്തിലെ എച്ച്. ഐ. എല്‍. പൂട്ടുന്ന കാര്യത്തില്‍ നാം തീരുമാനമെടുത്തതോ? കേരളത്തിലെ പോലൂഷന്‍ കണ്ട്രോള്‍ ബോര്‍ഡിനു എന്നേ എന്‍ഡോസള്‍ഫാന്‍ ഉല്പാദനം നിര്‍ത്താന്‍ ആവശ്യപെടാമായിരുന്നു. എന്തു കൊണ്ട് ആവശ്യപ്പെട്ടില്ല?

?- പാരിസ്ഥിതികമായും രാഷ്ട്രീയമായും നിരവധി പ്രതിസന്ധികള്‍ക്ക് നടുവിലാണ് നാം എന്ന് താങ്കള്‍ പറഞ്ഞുവല്ലോ, ഇനിയുമൊരു തിരിച്ചു പോക്ക് സാധ്യമാണോ? അങ്ങിനെ എങ്കില്‍ എന്താണ് തിരിച്ചു പോക്കിനുള്ള പോംവഴി?
സി. ആര്‍ : ആദ്യമേ ഒരു കാര്യം പറയാം. വളരെ പെട്ടെന്ന് പരിഹാരം കാണാന്‍ പാകത്തിലുള്ള ഒരു എളുപ്പ വഴി നമുക്ക് മുന്നിലില്ല. നിരവധി പ്രതിസന്ധികള്‍ക്ക്‌ നടുവിലാണ് നമ്മള്‍. എങ്ങിനെയാണ് പ്രതിസന്ധികള്‍ ഉണ്ടാകുന്നത് എന്ന് തിരിച്ചറിഞ്ഞാല്‍ മാത്രമേ എങ്ങിനെയാണ് തിരിച്ചു പോകുക എന്ന് അറിയാന്‍ കഴിയൂ. നമുക്ക് മുന്നില്‍ ഒരായിരം പ്രശ്നങ്ങള്‍ ഉണ്ട്. മുമ്പ്‌ സൂചിപ്പിച്ച പോലെ എന്‍ഡോസള്‍ഫാന്‍ പ്രശ്നം ‍, കുടിവെള്ളം ക്ഷാമം, മലിനമാക്കപ്പെടുന്ന ജലം, മണ്ണ്, വായു, കൂടാതെ വൈദ്യുതി, മാലിന്യം പ്രശ്നം, ആരോഗ്യം, ആയുര്‍വേദം, ചികില്‍സ, വിദ്യാഭ്യാസം ഇങ്ങനെ സര്‍വ മേഖലകളിലും പ്രതിസന്ധികള്‍ ഉണ്ട്, ഈ പ്രതിസന്ധികളില്‍ നിന്നും ഒരു തിരിച്ചു പോക്ക് സാധ്യമാണോ എന്നതാണ് നമുക്ക് മുന്നിലുള്ള ചോദ്യം. ഒരു കാര്യം ഉറപ്പാണ് ഈ തരത്തില്‍ ഇനി മുന്നോട്ട് പോകാന്‍ കഴിയില്ല. ഒരു തിരിച്ചു പോക്ക് അനിവാര്യമാണ്. ഇത് പരിസ്ഥിതി പ്രശ്നം മാത്രമല്ല. ഇന്ന് പരിസ്ഥിതി പ്രവര്‍ത്തനത്തെ വേറിട്ട്‌ കാണാനാകില്ല. പരിസ്ഥിതി പ്രവര്‍ത്തനവും, രാഷ്ട്രീയ പ്രവര്‍ത്തനവും, മത പ്രവര്‍ത്തനവും, വിദ്യാഭ്യാസ പ്രവര്‍ത്തനവും, ആരോഗ്യ പ്രവര്‍ത്തനവും, സാംസ്കാരിക പ്രവര്‍ത്തനവുമൊന്നും വേര്‍തിരിച്ചു നിര്‍ത്താനാവാത്ത അവസ്ഥയിലാണ് ഇന്ന്. കാരണം മനുഷ്യന്‍ ജീവിക്കുന്നത് സമൂഹത്തിലാണ്. സമൂഹത്തില്‍ ഇതെല്ലാം പരസ്പരം ബന്ധിതവും പരസ്പരം ആശ്രിതവുമാണ്. എന്നാല്‍ ഇന്നത്തെ ജീവിത രീതിയെ അതേ പടി പിന്തുടര്‍ന്ന് പരിസ്ഥിതിയെ സംരക്ഷിക്കാനാകും എന്ന ഒരു വ്യാമോഹം വേണ്ട. ചെറിയ സൂത്ര പണികള്‍ കൊണ്ട് എന്തെങ്കിലും പരിഹാരം കാണാമെന്ന വ്യാമോഹവും വേണ്ട. അങ്ങനെ എളുപ്പ വഴിയിലൂടെ പരിഹരിക്കാവുന്ന ഒന്നല്ല ഇന്നത്തെ പാരിസ്ഥിതിക പ്രതിസന്ധികള്‍. നമ്മുടെ അടിസ്ഥാന ജീവിത സങ്കല്‍പത്തെ തന്നെ മാരകമായി ബാധിക്കുന്ന തരത്തിലുള്ള പ്രതിസന്ധികള്‍ക്ക്‌ നടുവിലാണ് നാമിന്ന്. ഈ പ്രതിസന്ധികള്‍ക്ക്‌ ഉത്തരം തേടുമ്പോള്‍ നമ്മുടെ രാഷ്ട്രീയ വ്യവസ്ഥിതി കൂടി ചര്‍ച്ച ചെയ്യേണ്ടി വരും. ലോകത്ത്‌ നടന്നു കഴിഞ്ഞ, നടന്നു കൊണ്ടിരിക്കുന്ന രാഷ്ട്രീയ സംഭവ വികാസങ്ങളും ഉള്‍പ്പെടുത്തി ചിന്തിച്ചാല്‍ മാത്രമേ ഒരു പരിഹാരം കാണാന്‍ കഴിയുകയുള്ളൂ. ഒരര്‍ത്ഥത്തില്‍ അത്തരം മൂവ്മെന്റുകള്‍ പലയിടത്തും ഉയര്‍ന്നു വരുന്നുണ്ട്. പ്രതീക്ഷക്ക് വകയുണ്ട് എന്നര്‍ത്ഥം.

Thursday, 7 July 2011

ജൈവലോകത്തെ പിടിച്ചുപറികള്‍


ആഗോളവല്‍കരണകാലത്ത് സാമ്രാജ്യത്വ ശക്തികളുടെ കൈകള്‍ക്ക് ഏറെ മേല്‍കോയ്മയുണ്ട്. ഈ സാമ്രാജ്യത്വ ശക്തികളുടെ നിയന്ത്രണങ്ങളില്‍പ്പെട്ടു അലയുന്നവരായി മൂന്നാം ലോക രാജ്യങ്ങള്‍ ചുരുങ്ങുന്നു. ആയുധ വല്കരണത്തിലൂടെയും സാമ്പത്തിക അധിനിവേശങ്ങളാലും നേടിയെടുത്ത ഈ കറുത്ത ശക്തി ജൈവ സാങ്കേതിക രംഗത്തേക്ക് കടക്കുന്നതോടെ വിജ്ഞാന കൈമാറ്റമെന്ന മറവില്‍ മൂന്നാം ലോക രാജ്യങ്ങളിലെ ജൈവ സമ്പന്നതയുടെ മേലെ അധികാരമുറപ്പിക്കുകയാണ്. മൂന്നാം ലോക രാജ്യങ്ങളിലെ ജൈവ സമ്പത്തിനെ ചൂഷണം ചെയ്ത് ആ രാജ്യങ്ങളിലെ സാമ്പത്തികാടിത്തറക്ക് വിള്ളല്‍ വീഴ്ത്തുക എന്ന ഗൂഡ താല്പര്യമാണ് പല സഹായങ്ങള്‍ക്കും പിന്നില്‍. സാമ്പത്തിക നില ഭദ്രമാകാതെ വന്നാല്‍ എന്നും അവരുടെ ചൊല്‍പ്പടിക്ക് നില്‍ക്കുന്നവരായി ചുരുക്കികൊണ്ട് വരികയാണ് സാമ്രാജ്യത്ത ശക്തികളുടെ പരമ ലക്‌ഷ്യം. അതിലവര്‍ വിജയിക്കുന്നുമുണ്ട്.
കൊളോണിയല്‍ മേധാവിത്വം ഉറപ്പിച്ചെടുക്കാന്‍ സഹായമെന്ന പേരില്‍ ഗവേഷണങ്ങളും, വികസന മാതൃകകളും നല്‍കി വൈവിധ്യങ്ങളുടെ കലവറയായ മൂന്നാം ലോക രാജ്യ ങ്ങളിലെ ജൈവ സമ്പത്ത് തങ്ങളുടെ ജീന്‍ ബാങ്കുകളില്‍ ഭദ്രമാക്കുന്നതിനും അതിന്റെ അവകാശം സ്വന്തമാകുന്നതിനും വേണ്ടിയാണ് പേറ്റന്റ് എന്ന തന്ത്രം ഉപയോഗിച്ച് കൊണ്ടിരിക്കുന്നത്. ഇതിനകം ഒട്ടനവധി ഔഷധ സസ്യങ്ങളുടെയും മറ്റും പേറ്റന്റ് അമേരിക്ക, ജന്മനി, ജപ്പാന്‍, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ നേടിക്കഴിഞ്ഞു. അമേരിക്കയിലെ ദ്രോമാക് റിസര്‍ച്ച് എന്ന സ്ഥാപനം പ്രമേഹത്തിനുള്ള ഔഷധമെന്ന പേരില്‍ പാവക്ക, വഴുതിന, ഞാറപ്പഴം എന്നിവയുടെ പേറ്റന്റ് പത്തു വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ നേടിയിരുന്നു. അമേരിക്കയിലെയും യൂറോപ്പിലേയും നാല്പതോളം സര്‍വകലാശാലകള്‍ ഇന്ത്യന്‍ ഔഷധസസ്യങ്ങളെക്കുറിച്ച് പഠിക്കുവാന്‍ കേന്ദ്രങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. 100 ബില്യന്‍ ഡോളര്‍ വിലമതിക്കുന്ന സസ്യ ഔഷധ മാര്‍ക്കറ്റില്‍ യൂറോപ്പ് 57 ബില്ല്യന്‍ ഡോളറും ചൈന 37 ബില്ല്യന്‍ ഡോളറും കൈകാര്യം ചെയ്യുമ്പോള്‍ ജൈവസമ്പന്നമായ ഇന്ത്യയുടെ സംഭാവന വെറും 1.7 ബില്ല്യന്‍ മാത്രമാണ്. വാണിജ്യാടിസ്ഥാനത്തില്‍ ഔഷധസസ്യങ്ങള്‍ വളര്‍ത്തുന്നത് വെറും 20 ശതമാനം മാത്രം. ബാക്കി പലതും വംശനാശ ഭീഷണി നേരിടുന്നതോ സംരക്ഷിക്കപ്പെടാനാവാത്തവയോ ആണ്. അപൂര്‍വ ജനുസ്സില്‍പെട്ട ചില ഔഷധസസ്യങ്ങള്‍ അശ്രദ്ധമൂലമോ മറ്റു ഇടപെടലുകളാലോ ഇല്ലാതായി.

വരും കാലത്ത് ജൈവ സാങ്കേതിക വിദ്യയുടെ മറവിലാണ് സാമ്രാജ്യത്വ ശക്തികള്‍ അധിനിവേശങ്ങള്‍ നടത്തുക. ഇവര്‍ ഒരുക്കുന്ന ചതിക്കുഴികള്‍ക്ക് മീതെയാണ് ഒട്ടുമിക്ക മൂന്നാം ലോക രാജ്യങ്ങളും കഴിയുന്നത്. ഈ രാജ്യങ്ങളിലെ ഗ്രീന്‍ ഹൌസ് എന്ന് പറയുന്ന ഹരിതാഭമായ പ്രദേശങ്ങള്‍ അത്രയും ബഹുരാഷ്ട്ര കുത്തക കമ്പനികള്‍ സ്വന്തമാക്കി കൊണ്ടിരിക്കുകയാണ്. സഹായമെന്ന പേരിലും മറ്റും ഇവര്‍ നടത്തുന്ന കടന്നുകയറ്റം ജൈവ സമ്പത്തിനെ ചൂഷണം ചെയ്ത് ലാഭം കൊയ്യുക എന്ന ലക്ഷ്യം മാത്രമാണ് ഉള്ളത്. പകരം മൂന്നാം ലോക രാജ്യങ്ങള്‍ക്ക് നല്‍കുന്നതോ കാലഹരണപെട്ട സാങ്കേതിക വിദ്യയും അണക്കെട്ട് പോലുള്ള കാലഹരണപെട്ട വിദ്യകളുമാണ്. ലോക വ്യാപാര സംഘടന മുന്നോട്ടു വെയ്ക്കുന്ന സ്വതന്ത്ര കമ്പോളത്തില്‍ കുത്തക ഇറക്കുമതി ഉത്പന്നങ്ങള്‍ വാങ്ങുന്ന ഉപഭോക്താവ് മാത്രമായി മൂന്നാം ലോക രാജ്യങ്ങള്‍ ചുരുങ്ങുകയാണ്. അമേരിക്കന്‍ ബഹുരാഷ്ട്ര കുത്തക കമ്പനികളായ മോണ്‍സാന്റോ, കാര്‍ഗില്‍, ഫ്രഞ്ച് ബഹുരാഷ്ട്ര കുത്തക കമ്പനിയായ നോര്‍വത്തിയാസ് തുടങ്ങിയവര്‍ മൂന്നാം ലോക രാജ്യങ്ങളിലെ കൃഷിയിടങ്ങള്‍ ലക്ഷ്യമിട്ട് ഇറക്കുന്ന ജി. എം വിത്തുകള്‍ നമ്മുടെ യടക്കം കാര്‍ഷിക മേഖലയെ തകര്‍ഹ്ത് കൊണ്ടിരിക്കുന്നു. മണ്ണിന്റെ ഫലപുഷ്ടി ഇല്ലാതാക്കി മാറ്റുകയും ആ മണ്ണില്‍ മറ്റൊരു വിത്തും മുളപ്പിക്കാനാവാത്ത തരത്തില്‍ മണ്ണിന്റെ ഘടന മാറും. ഇതിലൂടെ ഭക്ഷ്യ മേഖല കുത്തക കമ്പനികളുടെ കൈകളില്‍ ഒതുക്കുക എന്ന മുതലാളിത്ത ലക്‌ഷ്യം ഒളിഞ്ഞിരിപ്പുണ്ട്. ടെര്‍മിനെറ്റര്‍ പോലുള്ള അന്തക വിത്തുകള്‍ കാര്‍ഷിക മേഖലക്ക് വരുത്തി വെച്ച നാശ നഷ്ടങ്ങള്‍ ചില്ലറയല്ല. ഇതും ജൈവ സാങ്കേതിക വിദ്യയുടെ കണ്ടുപിടുത്തങ്ങള്‍ ആയിരുന്നല്ലോ. ഇങ്ങനെ കാര്‍ഷിക വരുമാനത്തെ ഇല്ലാതാക്കി ദരിദ്ര സമൂഹത്തിനു മീതെ ജനിതക എഞ്ചിനീറിംഗ് വഴി അധിനിവേശം നിഷ്പ്രയാസം സാദ്ധ്യമാകുന്നു. പരമ്പരാഗത കാര്‍ഷികവൃത്തിയെ താറുമാറാക്കി ഇവയൊന്നും ശാസ്ത്രീയമല്ലെന്ന കണ്ടെത്തല്‍ നടത്തി പാരമ്പര്യ അറിവുകള്‍ക്ക് മീതെ ജൈവ സാങ്കേതിക വിദ്യയുടെ കൊളോണിയല്‍ നയനങ്ങള്‍ നടപ്പാക്കുന്നു. ഇതേ പാരമ്പര്യ അറിവുകളെ തന്നെ കര്‍ഷകരുള്‍ നിന്നും കൌശലത്തില്‍ തട്ടിയെടുത്തുകൊണ്ട് ഇവര്‍ ശാസ്ത്രീയമെന്ന പേരില്‍ തന്നെ വിപണിയില്‍ എത്തിക്കുന്നു. ഈ കമ്പോള പ്രവേശത്തില്‍ മൂന്നാം ലോക ജനതയ്ക്ക് നോക്കിനില്‍ക്കുകയെ നിവൃത്തിയുള്ളൂ.

ജനിതക സാങ്കേതിക വിദ്യയുടെ വരവ് ഭാവിയില്‍ മൊത്തം സാമ്പത്തിക മേഖലയുടെ 60 ശതമാനം മുതല്‍ 70 ശതമാനം വരെ കയ്യാളുമെന്നാണ് സാമ്പത്തിക ശാസ്ത്രഞ്ജര്‍ അഭിപ്രായപ്പെടുന്നത്. ഇത് സത്യമാകുകയാണെങ്കില്‍ കാര്യക്ഷമമായ മുന്നേറ്റത്തിലൂടെ മൂന്നാം ലോക രാജ്യങ്ങള്‍ക്ക് മുന്‍നിരയിലേക്ക് വളരാനകുമെന്ന തിരിച്ചറിവാണ് ജൈവ സാങ്കേതിക വിദ്യയുടെ വിഞ്ജാന കൈമാറ്റമെന്ന പേരില്‍ സാമ്രാജ്യത്വ ശക്തികള്‍ മൂന്നാം ലോക രാജ്യങ്ങളില്‍ ഇപ്പോള്‍ തന്നെ സ്വാധീനമുറപ്പിക്കുന്നത്. പേറ്റന്റ് നിയമങ്ങള്‍ മറികടക്കാനുള്ള ശക്തി ഇവര്‍ക്കില്ലാതാക്കുകയാണ് ലോക വ്യാപാര സംഘടനയുടെ സ്വതന്ത്ര കമ്പോളത്തിന്റെ ലക്‌ഷ്യം. ഇന്ത്യന്‍ മസാലകള്‍ക്ക് ജപ്പാന്‍ പേറ്റന്റ് നേടിയെടുത്തത് കടന്നുകയറ്റത്തിന്റെ ഒരു ഉദാഹരണം മാത്രം. ഇത്തരം ചാതുക്കുഴികള്‍ക്ക് മീതെയിരുന്നാണ് നമ്മള്‍ പരസ്പരം പഴിചാരി തമ്മില്‍ തല്ലി ഇല്ലാതാകുന്നത്. ആഗോളവല്‍ക്കരണത്തിന്റെ സായുധ രൂപങ്ങള്‍ തന്പ്രമാണിത്തങ്ങള്‍ കാട്ടി ലോക പൊലീസ് ചമയുന്നതും വരാനിരിക്കുന്ന ജൈവ സാങ്കേതിക വിദ്യിലൂടെയുള്ള അധിനിവേശത്തിന്റെ തുടക്കങ്ങളാണ് സ്വാതന്ത്ര കമ്പോളമെന്ന ആശയം. മൂന്നാം ലോക രാജ്യങ്ങള്‍ക്ക് ഈ കമ്പോളത്തില്‍ ഒരിക്കലും പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്ന് വന്‍ ശക്തികള്‍ക്കു നന്നായി അറിയാം. ഈ കമ്പോള നിയന്ത്രണത്തില്‍ ജൈവ സാങ്കേതിക വിദ്യയുടെ പങ്ക് വളരെ വലുതാണ്‌.

ഇതിനു ഒരേയൊരു പോംവഴി നമ്മളും ജൈവ സാങ്കേതിക വിദ്യയെ പരമാവധി പ്രയോജനപ്പെടുത്തുക എന്നുള്ളതാണ്. നമ്മുടെ ജൈവ ശേഖരം സംരക്ഷിക്കാന്‍ നവീന സൌകര്യങ്ങള്‍ അടങ്ങിയ ഗവേഷണ കേന്ദ്രങ്ങള്‍ ഉണ്ടായില്ലെങ്കില്‍ അത് വരാനിരിക്കുന്ന തകര്‍ച്ചയെ നാം തിരിച്ചറിയാതെ പോകലാകും. ഒരു പക്ഷെ നൂറോ ഇരുനൂറോ കോടി ഇതിനായി നീക്കി വെക്കേണ്ടി വന്നാലും അത് ഭാവിയില്‍ നമുക്ക് ഗുണം ചെയ്യും. നിര്‍ഭാഗ്യവശാല്‍ നാമിന്നും ചൂഷണത്തിന് വളമിട്ടു കൊടുക്കുന്ന തരത്തിലുള്ള പദ്ധതികള്‍ക്ക് രൂപം നല്‍കുന്നു. ജൈവ സമ്പന്നമായ സൈലന്റു വാലിയില്‍ ‘ബയോവാലി’ എന്ന പദ്ധതി നടപ്പിലാക്കാന്‍ നാം മുന്നിട്ടിറങ്ങുന്നു അതോടെ അവശേഷിക്കുന്ന ജൈവ സമ്പത്തും മറ്റാര്‍ക്കോ വേണ്ടി തീരെഴുതാനാണ് നാം തയ്യാറാവുന്നത്. ഇത്തരം അപൂര്‍വ്വ മഴക്കാടുകളിലേക്ക് ഇനിയും ഒരു തരത്തിലുമുള്ള ഇടപെടലുകള്‍ പാടില്ല എന്ന തിരിച്ചരിവ് ഇനിയും നമുക്ക് ഉണ്ടായിട്ടില്ല. അതോടെ നമ്മുടെ അവശേഷിക്കുന്ന ജൈവ സമ്പത്തും ഗവേഷണമെന്ന പേരിലോ സഹായമെന്ന പേരിലോ സ്വന്തമാക്കി മാറ്റും. ലോക വ്യാപാര സംഘടനയുടെ ഇടപെടലുകള്‍ക്ക് ഇരയാവുന്ന ഓരോ രാജ്യവും ഇത്തരം ആഗോള പ്രതിസന്ധികള്‍ക്ക് നടുവിലാണ്. വിദേശ കുത്തക കമ്പനികളെ പരാജയപ്പെടുത്തികൊണ്ട് സ്വന്തം രാജ്യത്തിന്റെ സാമ്പത്തിക നില ഭദ്രമാക്കുന്ന രീതിയില്‍ ജൈവ ഉല്‍പ്പന്നങ്ങളുടെ സാദ്ധ്യത കണ്ടെത്തി ജൈവ സമ്പത്തിനെ സംരക്ഷിക്കേണ്ടിയിരിക്കുന്നു. ജൈവ സാങ്കേതിക വിദ്യയുടെ ദുരുപയോഗങ്ങള്‍ തടയാനും വേണ്ടവിധത്തില്‍ ഉപയോഗിക്കുവാനും മൂന്നാം ലോക രാജ്യങ്ങളുടെ കൂട്ടായ്മകള്‍ ഉണ്ടാവേണ്ടിയിരിക്കുന്നു. ഇത്തരം ബദല്‍ അന്വേഷണങ്ങള്‍ ചിലയിടത്തെങ്കിലും മുഴങ്ങുന്നു എന്നത് ഏറെ പ്രതീക്ഷ തരുന്നു
http://buffalosoldier.in/july-issue/faisal-bava/

Tuesday, 21 June 2011

പണം ഇരട്ടിപ്പിക്കാന്‍ എളുപ്പ വഴി തേടുന്ന മലയാളി


multi-level-marketing-scam-epathram
പ്രബുദ്ധരായ മലയാളികളെയാണ് പറ്റിക്കുവാന്‍ ഏറ്റവും എളുപ്പമെന്നു മനസിലാക്കിയ തട്ടിപ്പുകാര്‍ കേരളത്തിലെ പണം യഥേഷ്ടം കടത്തി കൊണ്ടു പോകുന്നു. ഏകദേശം ആയിരം കോടി രൂപ മണി ചെയിന്‍ തട്ടിപ്പിലൂടെ തട്ടിയെടുത്തു എന്നാണു ഡി. ജി. പി. ജേക്കബ്‌ പുന്നൂസ്‌ വ്യക്തമാക്കിയത്‌. ആട്, തേക്ക്, മാഞ്ചിയം, ഫ്ലാറ്റ് തുടങ്ങി ഇതിനകം നിരവധി തട്ടിപ്പുകള്‍ പുറത്തായിട്ടും വീണ്ടും വീണ്ടും പുതിയ തട്ടിപ്പുകളില്‍ ചെന്ന് ചാടുന്ന മലയാളി എത്ര കണ്ടാലും കൊണ്ടാലും അനുഭവിച്ചാലും മനസിലാക്കുന്നവരെല്ലെന്നു ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുന്നു. നാണക്കേട് ഓര്‍ത്ത്‌ പലരും ഇക്കാര്യം പുറത്ത് പറയാതെ യിരിക്കുകയാണ്.
എന്നാല്‍ ഇതിന്റെ മറ്റൊരു വശം ഭീകരമാണ്. എങ്ങിനെയെങ്കിലും പണമുണ്ടാക്കുക എന്ന ആര്‍ത്തി മലയാളിയെ അടക്കി വാഴുകയാണോ? അദ്ധ്വാനിച്ച് പണമുണ്ടാക്കുക എന്ന ധാര്‍മ്മിക  കാഴ്ചപ്പാട് നമ്മളില്‍ നിന്നും ചോര്‍ന്നു പോകുകയാണോ? ഈയിടെ പുറത്ത് വന്ന ചില വാര്‍ത്തകള്‍ അത്ര ഗുണകരമല്ല. സാമ്പത്തിക അച്ചടക്കം പാലിക്കാതെ ആഡംബര ജീവിതത്തെ തലയിലേറ്റി എല്ലാം ഇല്ലാതാക്കുന്ന ചിലര്‍, ആഡംബര ഭ്രമത്തില്‍ കടം കുന്നു കയറുമ്പോള്‍ തന്റെ കുഞ്ഞുങ്ങളെ ഒരു ദാക്ഷിണ്യവും ഇല്ലാതെ കൊന്നു കൊണ്ട് ആത്മഹത്യ ചെയ്യുന്നവര്‍, എങ്ങിനെയെങ്കിലും പണമുണ്ടാക്കാന്‍ കൂടപ്പിറപ്പിനെ പോലും വിറ്റു വില പേശുന്നവര്‍, പണമിരട്ടിപ്പിക്കാന്‍ പുതിയ തന്ത്രങ്ങളുമായി എത്തുന്ന മണി ചെയിന്‍ പോലുള്ള തട്ടിപ്പുകള്‍, ഫ്ലാറ്റ് തട്ടിപ്പ്‌ ഇങ്ങനെ നീളുന്നു വിവിധ തട്ടിപ്പുകളും മലയാളിയുടെ ജീവിതവും.
മണി ചെയ്യിന്‍ രീതിയിലുള്ള തട്ടിപ്പ് സംസ്ഥാനത്തിന്റെ വടക്കന്‍ ജില്ലകളില്‍ വ്യാപകമായിട്ടുള്ളതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ഇതു സംബന്ധിച്ച് നിരവധി പരാതികള്‍ പോലീസിനു ലഭിച്ചിട്ടുണ്ട്. വയനാട്, കോഴിക്കോട് മലപ്പുറം ജില്ലകളിലാണ് ഇത്തരം തട്ടിപ്പുകള്‍ ഏറെയും. ടൈക്കൂണ്‍, ബിസേര്‍ തുടങ്ങിയ കമ്പനികള്‍ നടത്തിയ തട്ടിപ്പ് പുറത്തു വന്നതോടെയാണ് ഇത്തരം സംഘങ്ങളെ കുറിച്ചുള്ള പരാതികള്‍ പലതും പുറത്തു വന്നതും പോലീസ് അന്വേഷണം തുടങ്ങിയതും. പി. സി. എല്‍., ആര്‍. എം. പി. തുടങ്ങിയ കമ്പനികളില്‍ പോലീസ് പരിശോധന നടത്തി രേഖകള്‍ പിടിച്ചെടുത്തതായി അറിയുന്നു.
1978-ല്‍ കൊണ്ടു വന്ന പ്രൈസ് ചിറ്റ്സ് ആന്റ് മണി സര്‍ക്കുലേഷന്‍ ബാനിങ്ങ് ആക്ടില്‍ ഇത്തരം പ്രവര്‍ത്തനങ്ങളെ കുറിച്ച് കൃത്യമായി പ്രതിപാതിക്കുന്നുണ്ട്. ഈ ആക്ടിന്റെ ലംഘനമായി വരുന്ന കാര്യങ്ങള്‍ ചെയ്യുന്നത് കുറ്റകരവുമാണ്. എന്നാല്‍ നേരിട്ടു തന്നെ നിയമ ലംഘനം നടത്തിയും അല്ലെങ്കില്‍ മറ്റേതെങ്കിലും ഉല്‍പ്പന്നങ്ങളുടെ മറ പിടിച്ചുമാണ് വിവിധ കമ്പനികള്‍ യഥേഷ്ടം തട്ടിപ്പു നടത്തുന്നത്. ഉല്‍പ്പന്നങ്ങള്‍ നേരിട്ടു മാര്‍ക്കറ്റില്‍ വില്‍ക്കാമെന്നിരിക്കെ അത് മള്‍ട്ടി ലെവല്‍ ബിസിനസ്സാക്കി മാറ്റി അതിന്റെ മറവില്‍ തട്ടിപ്പു നടത്തുന്ന രീതിയാണ് വ്യാപകമായുള്ളത്.
വീട്ടമ്മാരും ചെറുപ്പക്കാരും നിശ്ചിത വരുമാനം ലഭിക്കുന്നവരുമാണ് ഇത്തരം തട്ടിപ്പുകളില്‍ അധികവും കുടുങ്ങുന്നത്. ഒഴിവു സമയങ്ങളില്‍ അധിക വരുമാനം കണ്ടെത്തുവാനുള്ള എളുപ്പ വഴിയെന്ന രീതിയിലായിരിക്കും കമ്പനിയുടെ പ്രതിനിധികള്‍ ഇവരെ സമീപിക്കുക. വശ്യമായ രീതിയില്‍ സംസാരിക്കുന്ന ഏജന്റുമാര്‍ പ്രാഥമികമായ ‘ബോധവല്‍ക്കരണത്തിനു’ ശേഷം ഇവരെ കമ്പനിയുടെ മീറ്റിങ്ങില്‍ പങ്കെടുക്കുവാന്‍ ക്ഷണിക്കും. ആഡംഭര പൂര്‍ണ്ണമായ രീതിയില്‍ വലിയ ഹോട്ടലുകളിലും മറ്റും ആയിരിക്കും ഇത്തരം മീറ്റിങ്ങുകള്‍ സംഘടിപ്പിക്കുക. അതിഥികളായി സിനിമാ താരങ്ങളേയും മറ്റും പങ്കെടുപ്പിച്ചെന്നുമിരിക്കും. കൂടാതെ സമൂഹത്തില്‍ അറിയപ്പെടുന്നവരെ പ്രചാരകരാക്കിയും ഇത്തരം യോഗങ്ങളില്‍ പങ്കെടുപ്പിച്ചും പൊതു ജനങ്ങളില്‍ വിശ്വാസ്യത വരുത്തുന്നു.
മണി ചെയിന്‍ സ്വഭാവത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ നടത്തുന്ന തട്ടിപ്പിന് കൂട്ടു നില്‍ക്കുന്നവര്‍ സ്വയം വഞ്ചിക്കുക മാത്രമല്ല അടുത്ത സുഹൃത്തുക്കളേയും ബന്ധുക്കളേയും കൂടെ ചതിവില്‍ പെടുത്തുകയുമാണ് ചെയ്യുന്നത്. അറിയാതെ തന്നെ ഇവര്‍ക്ക്‌ സമൂഹത്തില്‍ ഒരു തട്ടിപ്പുകാരന്റെ ഇമേജ് വന്നു ചേരുകയും ചെയ്യുന്നു.
അറിവും അനുഭവവും എത്ര മാത്രം ഉണ്ടായാലും മനുഷ്യന് ധനത്തോടുള്ള ആര്‍ത്തിയെ അതിജീവിക്കുവാന്‍ കഴിയില്ലെന്ന ഉത്തമ വിശ്വാസമാണ് മള്‍ട്ടി ലെവല്‍ തട്ടിപ്പു സംരംഭങ്ങള്‍ക്ക് പ്രചോദനമാകുന്നത്. ഒന്നര വര്‍ഷം മുമ്പ് ടോട്ടല്‍ ഫോര്‍ ‌യു തട്ടിപ്പിന്റെ കഥകള്‍ മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നിരുന്നു. അതില്‍ പെട്ട് ഉള്ള സമ്പാദ്യം മുഴുവന്‍ നഷ്ടപ്പെട്ടവരുടെ വിലാപങ്ങള്‍ മലയാളിയുടെ മനസ്സില്‍ നിന്നും ഇനിയും മാഞ്ഞിട്ടില്ല. ഇതിനു മുമ്പും ശേഷവും തട്ടിപ്പുകള്‍ കേരളത്തില്‍ അരങ്ങേറിയിട്ടുണ്ട്. അതില്‍ പലതും പൊതു സമൂഹത്തിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. എന്നിട്ടും ഫ്ലാറ്റ് തട്ടിപ്പും, ബിസയര്‍, ടൈക്കൂണ്‍ തുടങ്ങിയ മള്‍ട്ടി ലെവല്‍ തട്ടിപ്പും നടത്തി മലയാളിയുടെ കോടിക്കണക്കിനു രൂപ ചിലര്‍ തട്ടിയെടുത്തിരിക്കുന്നു.
അമേരിക്കന്‍ ഉല്പന്നങ്ങള്‍ ഗുണ നിലവാരം ഉള്ളവയാണെന്നും കമ്പനി അത്തരം ഉല്പന്നങ്ങളാണ് ഇടത്തട്ടുകാരെയും പരസ്യക്കാരെയും ഒഴിവാക്കി ഡയറക്ട് മാര്‍ക്കറ്റിങ്ങിലൂടെ നിങ്ങളില്‍ എത്തിക്കുന്നതെന്നും പലരും അവകാശപ്പെടാറുണ്ട്. എന്നാല്‍ ഡയറക്ട് മാര്‍ക്കറ്റിങ്ങിന്റെ പേരില്‍ മണി ചെയിന്‍ / പിരമിഡ് സ്കീമിന്റെ ആവശ്യം എന്തിനാണെന്ന് പലരും ചോദിക്കാന്‍ വിട്ടു പോകുന്നു. ഉപഭോക്താവ് ഒരു ഉല്പന്നം വാങ്ങുന്നതിനോടൊപ്പം അവരുടെ ചങ്ങലയിലേക്ക് ആളുകളെ ചേര്‍ക്കുകയും വേണം എന്നതിന് എന്തു ന്യായം? കൌതുക കരമായ ഒരു കാര്യം അമേരിക്കയില്‍ ഇത്തരം മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിങ്ങ് കമ്പനികള്‍ പലതും കോടതി കയറി കൊണ്ടിരിക്കുകയാണ് എന്നതാണ്.
ചതിയുടെ കണ്ണികള്‍ ഒന്നൊന്നായി സമൂഹത്തില്‍ പടര്‍ത്തുന്നതില്‍ പിരമിഡ് സിസ്റ്റത്തില്‍ അംഗത്വം സ്വീകരിക്കുന്ന ഓരോരുത്തരും സ്വയം പങ്കാളികളാകുകയാണ് ചെയ്യുന്നത്. ഒരു സാമൂഹിക വിപത്തിനെ ചെറുക്കുക എന്നത് ഏതോരു പൌരനും സമൂഹത്തോടുള്ള ഉത്തരവാദിത്വവുമാണ്.
പ്രബുദ്ധതയുടെ പേരില്‍ നാം മറ്റുള്ളവരുടെ മുന്നില്‍ തലയുയര്‍ത്തി നില്‍ക്കുന്നവരാണ്. എന്നാല്‍ മലയാളി കൂടുതല്‍ കൂടുതല്‍ താഴ്ചയിലേക്ക് വീണു കൊണ്ടിരിക്കുന്നു എന്ന യാഥാര്‍ത്ഥ്യം ഇനിയെങ്കിലും തിരിച്ചറിഞ്ഞില്ലെങ്കില്‍ നാം നമ്മുടെയെന്നു അവകാശപ്പെട്ടിരുന്ന പല ഗുണങ്ങളും ഇല്ലാതാകും എന്ന സത്യം ഇതിനോട് ചേര്‍ത്ത്‌ വായിക്കണം. ‘വെയ് രാജ വെയ് ‘ എന്ന വാചക കസര്‍ത്തില്‍ എത്ര പെട്ടെന്നാണ് നാം വീണ്‌ പോകുന്നത്?

Thursday, 9 June 2011

പി. കെ. നാണുവിന്റെ കഥകളിലൂടെ

ലേഖനം
എഴുപതുകളില്‍ രാഷ്ട്രീയ പ്രസക്തിയുള്ള കഥകളെഴുതി യു. പി ജയരാജിനും എം. സുകുമാരനുമൊപ്പം തന്റെ സാന്നിദ്ധ്യമറിയിച്ച കഥാകൃത്താണ് പി. കെ. നാണു. ഇദ്ദേഹത്തിന്റെ കഥകളുടെ പ്രത്യേകത വളരെ ലളിതമായി കഥ പറയുകയും, എന്നാല്‍ ഒരോ കഥയും അതാത് തലത്തിലൂടെ സഞ്ചരിക്കുമ്പോഴും സമകാലികപ്രസക്തി ഒട്ടും ചോര്‍ന്നുപോകാതെ തന്റെ രാഷ്ട്രീയം പറയുന്നു എന്നതാണ്. ഒ. ഹെന്‍റിയുടെ കഥാന്ത്യങ്ങളില്‍ ചെറിയൊരു ട്വിസ്റ്റിലൂടെ അമ്പരപ്പിക്കുന്നത് പോലെ നാണുവിന്റെ ചില കഥകള്‍ അമ്പരപ്പിക്കും വിധം തിരിച്ചുവിടുന്നുണ്ട്. വാണിജ്യവല്‍ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സാംസ്കാരികമൂല്യങ്ങളെ പിടയുന്ന മനസ്സോടെ കഥാകൃത്ത് നോക്കികാണുന്നു. ഇതിനിടയിലെ ആശങ്കകളും വീണ്ടുവിചാരങ്ങളും ആത്മപരിഹാസം കലര്‍ന്ന ആക്ഷേപഹാസ്യവും നിറഞ്ഞതാണ് പി.കെ നാണുവിന്റെ കഥകള്‍. നാണുവിന്റെ ലോകവീക്ഷണം കീഴാളന്റെ അദ്ധ്വാനവും കിതപ്പും ഭാവനയും നിറഞ്ഞ അതിശങ്ങളിലൂടെ വ്യാപിക്കുന്നവയാണ്. പ്രത്യയശാസ്ത്രപരമായ പരാജയത്തെ, അതിന്റെ നോവിനെ ധര്‍മ്മസങ്കടത്തോടെയാണ് കഥാകൃത്ത്‌ നേരിടുന്നത്. സഖാവ് കുഞ്ഞിരാമേട്ടന് പാര്‍ട്ടിയെ ധിക്കരിക്കേണ്ടിവരുന്നത് സങ്കടത്തോടെയാണെങ്കിലും 'നൂറ് പൂക്കള്‍ വിരിയട്ടെ' എന്ന കഥയില്‍ ധീരമായ തീരുമാനമെടുക്കുന്ന സഖാവിനെയാണ് വരച്ചുകാട്ടുന്നത്. തെരഞ്ഞെടുപ്പില്‍ പങ്കെടുത്ത് പുതിയ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും അതിലൂടെ ഒരു ബദല്‍ശക്തിയുണ്ടാകണമെന്നും പറയുന്ന സത്യനാഥനോട് സഖാവ് കുഞ്ഞിരാമേട്ടന്‍ തന്റെ തെരഞ്ഞെടുപ്പ്‌ ബഹിഷ്കരണതീരുമാനം തുറന്നു പറയുന്നുണ്ട്. “സഖാവ് കുഞ്ഞിരാമനൊരു കളിപ്പാവയാണെന്നാണോ ധരിച്ചുവച്ചിരിക്കുന്നത്. അല്ലെങ്കില്‍ നാളെ ഇവര്‍ക്ക്‌ പുസ്തകമെഴുതാനായി പരീക്ഷിക്കപ്പടേണ്ട ഗിനിപ്പന്നിയോ?” സഖാവ് കുഞ്ഞിരാമേട്ടന്റെ ഈ ചോദ്യം ഒരു വിമര്‍ശനശരമായി വര്‍ത്തമാനകാല യാഥാര്‍ത്ഥ്യത്തിലേക്ക്‌ പാഞ്ഞുവരികയാണ്.
ആധുനികതാവാദികളുടെ കേവലസൗന്ദര്യവാദത്തെ പാടെ നിരാകരിക്കുകയും ഇവരിലൂടെ പിറക്കുന്ന അരാഷ്ട്രീയമായ രാഷ്ട്രീയത്തെ നാണു കഥകളിലൂടെ ശക്തമായി എതിര്‍ക്കുന്നുണ്ട്. ഭാഷ സാധാരാണക്കാരോട് സംവദിക്കാന്‍ പാകത്തിലായിരിക്കണം എന്ന ബോധം തന്നിലുള്ളതിനാണ് നിലം തൊടാതെയുള്ള ആഖ്യാനത്തേയും അത്തരത്തിലുള്ള ഭാഷയും പാടെ നിരാകരിച്ച് ലളിതമായ ഭാഷയില്‍ കഥപറഞ്ഞ് വായനക്കാരെ അമ്പരപ്പിക്കുന്നത്. തന്റെ കഥകളെ പറ്റി മിണ്ടാതിരിക്കുന്നതാണ് ഉത്തമമെന്നും കഥകള്‍ മാത്രമെഴുതിയാല്‍ മതി എന്നും അതിനെ പറ്റി പറയേണ്ടത്‌ ആവശ്യമില്ലാത്ത കാര്യമാണെന്നും അദ്ദേഹം തുറന്നു പറയുന്നുണ്ട്. പ്രശസ്ത നിരൂപകന്‍ ഇ. പി. രാജഗോപലന്‍ നാണുവിന്‍റെ കഥകളെപ്പറ്റി ഇങ്ങനെ പറയുന്നു. “നാണു കേരളത്തിന്റെ പൊതുമനസ്സിലൂടെ ഇടറികൊണ്ടാണെങ്കിലും നില്ക്കാതൊഴുകുന്ന ഒരാഖ്യാനസമ്പ്രദായത്തിന്റെയും അതിന്റെ രാഷ്ട്രീയത്തിന്റെയും കോലക്കാരനാണ്”
കമ്പോള ശക്തികളുടെ സ്വാധീനത്തില്‍ വഴുതിവീണു കൊണ്ടിരിക്കുന്ന/കഴിഞ്ഞ ഒരു സമൂഹത്തിന്റെ ആകുലതകള്‍ പേറിയാണ് പല കഥകളും സഞ്ചരിക്കുന്നത്. വിപ്ലവപ്രസ്ഥാനങ്ങളുടെ വര്‍ത്തമാനകാലസഞ്ചാരത്തെയും ആഗോളവല്‍ക്കരണത്തെയും സ്വാഗതമോതി ദാര്‍ശനികാടിത്തറ നല്കുന്ന ബുദ്ധിജീവികളെയും രാഷ്ട്രീയക്കാരെയും കറുത്ത ചിരിയോടെ നാണു തന്റെ കഥകളില്‍ വരച്ചുകാട്ടുന്നു.
'സാധനം' എന്ന കഥയില്‍ അണുകുടുംബം എന്ന സങ്കല്പം അനാഥമാക്കിയ വാര്‍ദ്ധക്യത്തെയാണ് വരച്ചുക്കാട്ടുന്നത്. തിരക്കേറിയ ഉദ്യാഗസ്ഥരും ബിസിനസ്സുകാരുമായ മക്കളുടെ ഇടയില്‍ വാര്‍ദ്ധക്യം നല്കിയ ഭാരം പേറി മാധവന്‍ മാഷ്‌ സ്വയം പായയില്‍ ചുരുട്ടിക്കെട്ടുന്നത് യാഥാര്‍ത്ഥ്യത്തെയും ചേര്‍ത്തുവെച്ചുകൊണ്ടാണ്.
'ബുച്ചയ്യ നൃത്തം ചെയ്യുന്നു' എന്ന കഥയിലെ ബുച്ചയ്യ നല്ല സ്വപ്നങ്ങള്‍ കാണുന്ന ദരിദ്രപ്രതിനിധിയാണ്. മുതലാളിത്തം എന്ന ഹിംസയെ അയാള്‍ ചങ്കൂറ്റത്തോടെ നേരിടുന്നുണ്ട്. ജീവിതത്തിനുമീതെ നിരന്തരം തടസ്സങ്ങളും ദുരന്തങ്ങളും സൃഷ്ടിക്കുന്ന ഭൂപതി റെഡ്ഢിയെന്ന മുതലാളിയുടെ മുന്നില്‍ അയാള്‍ക്കുണ്ടാവുന്ന അസാധാരണമായ കരുത്ത്‌ ചങ്കൂറ്റം കൊണ്ട് ഹിംസയെയും വിപത്തുകളെയും നേരിടാനാവുമെന്ന് ചൂണ്ടികാട്ടുന്നു. ദാരിദ്ര്യവും വരള്‍ച്ചയും പേറി നാടുവിടേണ്ടി വരുന്ന ബുച്ചയ്യ നേരിടുന്നതെല്ലാം മുതലാളിത്തം വരുത്തിവെച്ച യാഥാര്‍ത്ഥ്യങ്ങളാണ്. “എന്തു പണി കിട്ടാനാ നിനക്കിവിടെ, നിന്റെ കയ്യില്‍ എന്തുണ്ട് വില്ക്കാന്‍. നടുവൊടിഞ്ഞ അദ്ധ്വാനശേഷിയോ? വരണ്ടു വിണ്ടുകീറിയ ഹൃദയമോ? അതൊന്നും ആര്‍ക്കും വേണ്ടാതായിരിക്കുന്നു." ബുച്ചയ്യ നേരിടുന്ന ഈ ചോദ്യം നാം ഓരോരുത്തരും നിരന്തരം നേരിട്ടുകൊണ്ടിരിക്കുകയാണ്.
'ഒരു കുറ്റാന്വേഷണ കഥയി'ല്‍ നാഗേന്ദ്രഡു അമ്പരക്കുന്നത് പോലെ തന്നെയാണ് വായനക്കാരും അമ്പരക്കുന്നത്. അതുവരെ പറഞ്ഞുവെച്ചതില്‍നിന്നും ഞൊടിയിടയിലാണ് കഥാന്ത്യത്തിലെ വ്യതിചലനം. ഇത്തരം ട്വിസ്റ്റുകള്‍ നാണുവിന്റെ പല കഥകളിലും കാണാം. വിശക്കുന്നവന്റെ വേദാന്തം, കൈകള്‍ക്കുള്ളിലെ ലോകം, ഇലപൊഴിയും കാടുകളില്‍, എന്നിങ്ങനെ വായനക്കാരന്റെ ഹൃദയഭിത്തികളില്‍ ചെന്നടിക്കുന്ന നിരവധി മികച്ചകഥകള്‍ പി. കെ. നാണു മലയാളത്തിനു സമ്മാനിച്ചിട്ടുണ്ട്. അത്യാലങ്കാരികതയുടെ ചുവടുകളില്ലാതെ അതിലളിതമായി കഥ പറയുമ്പോഴും ഓരോ കഥയും വേറിട്ടുനില്ക്കുന്നു. എന്നാല്‍ മലയാളം എത്രകണ്ട് നാണുവിന്റെ കഥകള്‍ ചര്‍ച്ചക്കെടുത്തു എന്ന കാര്യം നാം പുന:പരിശോധന നടത്തേണ്ടതുണ്ട്. പി. കെ നാണു എന്ന കഥാകൃത്ത്‌ മുഖ്യധാരയില്‍ നിന്നും എത്രയോ അകലെയാണ്. കഥയ്ക്കപ്പുറത്ത് അദ്ദേഹം നിശബ്ദനായതാകാം ഇതിനു കാരണം. ലോകം ശബ്ദിക്കുന്നവരെ മാത്രം ശ്രദ്ധിക്കുന്ന കാലമാണല്ലോ! “കഥയെഴുത്തില്‍ വേറിട്ടൊരു വഴിപിടിച്ച് നടന്നവനാണ് യു. പി. ജയരാജ്‌. വേറിട്ട്‌ നടന്നവരെ തള്ളികളയുകയോ, നിസ്സാരമാക്കുകയോ ചെയ്യുന്നതാണല്ലോ നമ്മുടെയൊക്കെ ശീലം.” ഇത് തന്റെ സമകാലിനകഥാകൃത്തായ യു. പി. ജയരാജിനെപറ്റി പി. കെ. നാണുതന്നെ പറഞ്ഞ വാക്കുകളാണ്. ഇത് ഇദ്ദേഹത്തെയും ബാധിക്കുകയാണോ?
പി. കെ നാണുവിന്റെ കഥകളെപ്പറ്റി ഇനിയും നല്ല പഠനങ്ങള്‍ ഉണ്ടായിട്ടില്ല എന്നത് ഈ ആകുലതയെ സാധൂകരിക്കുന്നു.

(തര്ജനിയില്‍ വന്നതാണ് ഈ ലേഖനം) 
http://chintha.com/node/107301