Thursday 2 February 2023

പുതുവഴി വെട്ടുന്ന സാങ്കേതിക വിദ്യയും തളരുന്ന അച്ചടി വിദ്യയും

 ലേഖനം 

ലോകം സാങ്കേതികമായി ഏറെ മുന്നേറിക്കഴിഞ്ഞു. ഓരോ ഘട്ടത്തിലും വളർച്ചയുടെ വേഗതയും വര്ധിച്ചുകൊണ്ടിരിക്കുന്നു. 100 കൊല്ലംകൊണ്ട്  മുമ്പ് നടന്ന വളർച്ച, ഇന്ന് 10 കൊല്ലത്തിനുള്ളിൽ അതിനേക്കാളേറെ സംഭവിക്കുന്നു. ഇതിൽ നിന്നുകൊണ്ടാണ് നമുക്കുചുറ്റുമുള്ള മറ്റെല്ലാ കാര്യങ്ങളെയും വിലയിരുത്തേണ്ടത്. ശാസ്ത്രം ഏറ്റവും പുതിയ അന്വേഷണത്തിലാണ്, ഒരു പക്ഷെ പ്രപഞ്ചത്തെക്കുറിച്ചും ഗുരുത്വാകർഷണത്തെക്കുറിച്ചും നമ്മൾ ഇതുവരെ ചിന്തിക്കുന്നതിൽ നിന്നും പുതിയൊരു വഴി തുറന്നേക്കാം. അങ്ങനെ ഏറ്റവും പുതിയത് എന്ന രീതിയിൽ ലോകം മുന്നേറുമ്പോൾ നിലവിൽ നാം ഉപയോഗിച്ച പലതിനെയും എന്നെന്നേക്കുമായി നമ്മൾ ജീവിതത്തിൽ നിന്നും മാറ്റിനിർത്തേണ്ടിവന്നു, ഇനിയും പലതും മാറ്റിനിർത്തേണ്ടി വരും. അപ്പോൾ അച്ചടി മാധ്യമ യുഗം അവസാനിക്കുകയാണോ? എന്ന ചോദ്യം നമ്മെ ചുറ്റുന്നു. അച്ചടി എന്ന പേരുപോലും ആവശ്യമില്ലാത്ത തരാം ആ സാങ്കേതിക വിദ്യ മാറിക്കഴിഞ്ഞു അച്ചുവെച്ചു രൂപപെടുത്തിയെടുത്തിരുന്ന കാലത്ത് ഉണ്ടായ വാക്കാണ് അച്ചടി. കൽക്കരി കത്തിച്ചു ഓടിക്കുന്ന വണ്ടിക്ക് തീവണ്ടി എന്ന പേരിട്ടപോലെ ഇലക്ട്രിക് ട്രെയിൻ ആയിട്ടും മലയാളത്തിൽ ഇപ്പഴും അത് തീവണ്ടിയായി നിൽക്കുന്ന പോലെയുള്ള ഒരു വാക്ക് മാത്രമാണ് അച്ചടി എന്നത്. വാക്കാർത്ഥത്തിൽ അപ്പുറം ഗൃഹാതുരമായ ഒരടുപ്പം നമുക്കെല്ലാവർക്കും ഈ അച്ചടിയോടുണ്ട് അതുകൊണ്ടു തന്നെ അച്ചുകൂടം എന്നത് സാങ്കേതികമായി ഏറെ മാറി എങ്കിലും കുറച്ചുകാലം കൂടി ഈ ഗൃഹാതുതത്വ ഓർമ്മകളിലൂടെ നിലനിൽക്കും എന്നാൽ ഈ പുതിയ നൂറ്റാണ്ടിൽ ജനിച്ചവർക്ക് ആ ഗൃഹാതുരത ഉണ്ടാവാൻ ഇടയില്ല അവരെ സംബന്ധിച്ചു അച്ചുകൂടം എന്നത് കേട്ടുകേൾവി മാത്രമാണ്   പല പ്രസിദ്ധീകരണങ്ങളും ഓൺലൈനിലേക്ക് മാറിക്കഴിഞ്ഞു. പലരും പണിപ്പെട്ടാണ് അച്ചടിയിൽ തുടരുന്നത്. അച്ചടി മാധ്യമങ്ങൾ തന്നെ ഓൺലൈൻ മേഖലകളിൽ അവരവരുടെ ഇടം കണ്ടെത്തിക്കഴിഞ്ഞു. സ്വാഭാവികമായും അച്ചടി എന്നത് ഒരു ആന്റിക് പീസായി നിലനിന്നേക്കാം. സാങ്കേതിക വിദ്യ ഈ രീതിയിൽ  വളർച്ചയുണ്ടാകുമെന്നു അരനൂറ്റാണ്ട് മുമ്പ് നമുക്ക് തിരിച്ചറിയാനായില്ല.

അച്ചടി മാധ്യമങ്ങൾ മാത്രമല്ല നിലവിലെ ടെലിവിഷൻ അടക്കം പലതും ഭാവിയിൽ ഉണ്ടാകുമെന്നു ഉറപ്പില്ല രൂപമാറ്റം നേടിയ സാങ്കേതിക വിദ്യയെ സ്വീകരിക്കുക വഴി നമ്മളിൽ നിന്നും അകന്നേക്കാം. എന്തിനു പറയുന്നു സ്‌കൂൾ, കോളേജ് എന്നിവ ഒരു വലിയ കാമ്പസ് എന്ന സങ്കല്പം തന്നെ ഇല്ലാതായേക്കാം. പകരം ഓരോ വീട്ടിലും ഒരു ക്ലാസ്‌റൂം തുറക്കപെടാം. കേരളത്തിലെ വീട്ടിൽ ഇരുന്ന്  ഇഗ്ലണ്ടിലോ അമേരിക്കയിലോ പഠിക്കുന്ന വിദ്യാർഥികൾ ആയി നമ്മുടെ കുട്ടികൾ മാറി.  ആ കാലം  വന്നു കഴിഞ്ഞു. ഈ കൊറോണക്കാലം കാൽ നൂറ്റാണ്ടിനു ശേഷം വരേണ്ടിയിരുന്ന ഈ രീതിയെ പെട്ടെന്ന് നമ്മുടെ വീട്ടകത്തിൽ എത്തിച്ചു. ആഗോള സാമ്പത്തിക തകർച്ചയ്‌ക്ക് തൊട്ടുമുമ്പ്  2015 ലെ പ്രസിദ്ധമായ ദി ബിഗ് ഷോർട്ട് എന്ന സിനിമയുടെ അവസാനത്തിൽ ഉള്ള രംഗം ഉണ്ട്   ഒരു പാർട്ടിയിൽ  ബൂക്കി ബാങ്കർ സെൽഫികളുമൊക്കെയായി എല്ലാവരും നിൽക്കുന്നു -ശബ്ദത്തോടെ ആകെ  മിന്നിത്തിളങ്ങുന്നു ,   എല്ലാവരിലും ടിൻഡർ സ്റ്റിക്കുകൾ കത്തിക്കുന്നതിന്റെ ഉത്തേജനം. അവസാനം ചിത്രം മങ്ങുമ്പോൾ, അവശേഷിക്കുന്നത് ഹരുക്കി മുറകാമിയുടെ 1Q84 എന്ന നോവലിനെ ഓർമിപ്പിക്കുന്നു “എല്ലാവരും അവരുടെ ഹൃദയത്തിൽ അഗാധമായി, ലോകാവസാനം വരാൻ കാത്തിരിക്കുകയാണ്.” സിനിമയുടെ വിവരണത്തിന്റെ സൂചിപ്പിക്കുന്ന കാര്യങ്ങൾ എത്ര അടുത്താണ് നമുക്ക് അനുഭവഭേദ്യമായത്. അവസാനിക്കാറായോ എന്നൊരു ചിന്ത ഈ കൊറോണക്കാലം ഏവരിലും മുഴച്ചു നിന്നിരുന്നു.  


എന്നാൽ ഉടമസ്ഥവകാശം പോലും ഇല്ലാതാവാൻ സാധ്യത വരാനിരിക്കുന്ന കാലത്തിലേക്കാണ് നാം പോയിക്കൊണ്ടിരിക്കുന്നത്.  ഓണർ ലെസ്സ് ലോകം സാധ്യമാകുമ്പോൾ നമ്മുടെയൊക്കെ ഉള്ളിൽ ഉറച്ചുപോയ പലതിനെയും മാറ്റിവെക്കാൻ നിർബന്ധിതമാകും. ഈ  സൂചനകൂടി തിരിച്ചറിയുമ്പോൾ അച്ചടിയുടെ ഭാവി അതായത് നിലവിൽ നാം വായിച്ചുവരുന്ന കടലാസ്സിൽ അടിച്ച പുസ്ടകങ്ങളെന്നത് ഇന്ന് നാം എഴുത്തോലയെ, താളിയോലയെ,  കാണുന്ന അതെ സമീപനത്തിലേക്ക് മാറിയേക്കാം. അത് ഇതിന്റെ കാര്യത്തിൽ മാത്രമായല്ല  എന്ന് സൂചിപ്പിക്കാനാണ് മേല്പറഞ്ഞ കാര്യങ്ങൾ കൂട്ടിച്ചേർത്തത്. പക്ഷെ നമ്മുടേതിനപ്പുറമുള്ള ഒരു ലോകത്തെക്കുറിച്ചുള്ള സവിശേഷമായ
ഒരു കാഴ്ച നമുക്ക് വാഗ്ദാനം ചെയ്യുന്നു എന്നതും അതിനോട് മുഖംതിരിച്ചു നിന്നാൽ നാം പിന്നോട്ട് പോകുമെന്നതിനാലും വന്നുകൊണ്ടിരിക്കുന്ന സാങ്കേതിക മേന്മയെ പോസറ്റീവ് ആയി പ്രയോജനപ്പെടുത്താനുള്ള പരിശീലനം നാം സ്വയം നേടണം. 
 
ഓരോന്നിനും  വസന്തകാലവും പിന്നെ അതിൽ നിന്നും ആ തിളക്കം നഷ്ടപെടുന്ന കാലവും ഉണ്ടാകും. ഇന്ന് ഉപയോഗിക്കുന്ന പേന കണ്ടുപിടിക്കാത്ത കാലത്ത് നാരായം ഒരു മഹാ കണ്ടുപിടിത്തവും ഏറ്റവും പ്രായോഗികവും ആയിരുന്നു. എന്നാൽ ഇന്നത് മ്യൂസിയത്തിൽ മാത്രം കാണുന്ന ഒന്നായി മാറി. നാരായത്തിൽ നിന്നും പേനയിലേക്ക് എത്തിയപ്പോൾ കാലിഗ്രാഫി എന്ന ഒരു ശാഖാ കൂടി തുറക്കപ്പെട്ടു ഒന്ന് ചീഞ്ഞാലേ മറ്റൊന്നിനു വളമാകൂ എന്ന പഴഞ്ചൊല്ല് നാം ഇടക്കിടക്ക് കൂടെ കൂട്ടുന്നത് ഇതൊക്കെ കൊണ്ടാകാം. നാരായം ഒരു ഉദാഹരണം മാത്രമാണ്. അങ്ങനെ  ഓരോന്നും എടുത്തു നോക്കാം. അതിന്റെ വസന്ത അകാലങ്ങൾ അസ്തമിക്കുമ്പോൾ അതിനേക്കൾ മികച്ച മറ്റൊന്ന് എല്ലാകാലത്തും ഉയർന്നു വന്നിട്ടുണ്ട്. അതിനാൽ തന്നെ നിലവിലെ അച്ചടി മാധ്യമങ്ങൾ തളർച്ച നേരിടുമ്പോൾ തന്നെ അതെ കണ്ടന്റിൽ അതിനു രൂപമാറ്റം സംഭവിച്ചു നാം അറിഞ്ഞോ അറിയാതെയോ സ്വീകരിക്കപ്പെടുന്നുണ്ട്. അതിനാൽ  അച്ചടി മാഗസിനുകൾക്ക് ഇനിയൊരു വസന്തകാലം ഇനിയുണ്ടാകും എന്ന് തോന്നുന്നില്ല. ഇനി എത്ര കാലം അവയ്ക്ക് പിടിച്ചു നില്ക്കാൻ കഴിയും എന്നത് മാത്രമാണ് മുന്നിൽ ബാക്കി നിൽക്കുന്നത്. അപ്രതീക്ഷിതമായി വന്ന ഈ കൊറോണ കാലം ഈ ചോദ്യങ്ങൾക്ക് മുന്നിലെല്ലാം ഒരു കോമയിട്ടു നിർത്തിയിരിക്കുകയാണ്. ഒന്ന് സാമ്പത്തികമായി ഒരു തളർച്ച ലോകത്താകമാനം ഉണ്ടായിട്ടുണ്ട്. അതിനെ അതിജീവിച്ചു വേണം മുന്നേറ്റങ്ങൾ ഉണ്ടാക്കാൻ. അപ്പോൾ സ്വാഭാവികമായും സാമ്പത്തിക അസമത്വം വർധിക്കും. ലഭ്യമാകുന്ന സാങ്കേതികവിദ്യ പണാധിപത്യത്തിന്റെ തോത് അനുസരിച്ചായിരിക്കും വ്യാപിക്കുക. മുഴുവൻ ഓൺലൈൻ ആവുന്ന ഒരു കാലം എത്രമേൽ ഗുണകരമാകും എന്നത് ആഗോള സാമ്പത്തിക തകർച്ചക്കും കോവിഡ് മഹാമാരിക്കാലത്തിനും ശേഷം ലോകത്തിന്റെ ഗതിവിഗതികൾ രാഷ്ട്രീയ മാറ്റങ്ങൾ ഓക്ക് അനുസരിച്ചാകും. യുവാൽ നോഹ ഹരാരിയുടെ  കൊറോണ വൈറസിന് ശേഷമുള്ള ലോകത്തെകുറിച്ചുള്ള അഭിപ്രായം പ്രസക്തമാണ്  "ഈ കൊടുങ്കാറ്റ് കടന്നുപോകും. എന്നാൽ ഇപ്പോൾ ഞങ്ങൾ ചെയ്യുന്ന തിരഞ്ഞെടുപ്പുകൾ വരും വർഷങ്ങളിൽ നമ്മുടെ ജീവിതത്തെ മാറ്റിമറിക്കും" തുടർന്നദ്ദേഹം പറയുന്നു "മനുഷ്യരാശി ഇപ്പോൾ ആഗോള പ്രതിസന്ധി
നേരിടുകയാണ്. ഒരുപക്ഷേ നമ്മുടെ തലമുറയുടെ ഏറ്റവും വലിയ പ്രതിസന്ധി. അടുത്ത കുറച്ച് നാളുകളിൽ  ആളുകളും സർക്കാരുകളും എടുക്കുന്ന തീരുമാനങ്ങൾ ഒരുപക്ഷേ വരും വർഷങ്ങളിൽ ലോകത്തെ രൂപപ്പെടുത്തും." ഇവിടെയാണ് നമ്മുടെയൊക്ക നമ്മളെ നയിക്കുന്നവരുടെയും നിലപാടുകളുടെ പ്രാധാന്യം കിടക്കുന്നത്  ഏറ്റവും പുതിയ സാങ്കേതിക വിദ്യ വിരൽത്തുമ്പിൽ എത്തിപിടിക്കുന്നവരും ഇതൊക്കെ തൊടാൻ ആകാത്ത ദരിദ്രരും തമ്മിലുള്ള അന്തരവും വർധിക്കും. അപ്പോഴും കച്ചവട സാധ്യത കൂടുതൽ ഉള്ള ഓൺലൈൻ മേഖല കുടിലിലേക്കും കുടിയേറും. അങ്ങനെ കച്ചവടം നിലനിക്കുമെന്നതിനാൽ അച്ചടി വ്യവസായത്തെ അധികകാലം നമ്മുടെ കൂടെ ഉണ്ടാവാനിടയില്ല. അപ്പോൾ ഓൺലൈൻ വായന എഴുത്ത് ബാക്കി നില്കും പേന, കടലാസ് എന്നിവയൊക്കെ നിലവിലെ താളിയോല നാരായം എന്നിവയുടെ സ്ഥാനത്തേക്ക് ഇറങ്ങിയിരിക്കും 
മുഴുവൻ ഓൺലൈൻ ആവുന്ന ഒരു കാലം അത്ര ഗുണകരമാണോ എന്ന സംശയം ഏവരിലും കിളിർക്കുന്നുണ്ടാകാം അതിനു പ്രധാനകാരണം ഒരേ സമയം നാം സാങ്കേതികവിദ്യയുടെ ഏറ്റവും പുതിയ വശത്തെ സ്വീകരിച്ചുകൊണ്ട് അതിന്റെ ഗുണങ്ങളെ അനുഭവിച്ചു കൊണ്ട് പഴയതാണ് നല്ലത് എന്ന് പറഞ്ഞിരിക്കുന്നവരായി എന്നതാണ്.  എന്നാൽ തലമുറയുടെ മാറ്റം അവരിലെ സാങ്കേതിക ജ്ഞാനത്തിന്റെ വളർച്ചയും ഒക്കെ അതിവേഗത്തിൽ മാറിക്കൊണ്ടിരിക്കുന്നു. അറിവ് എന്നത് ആർക്കും എളുപ്പത്തിൽ നേടാവുന്ന ഒന്നായി മാറി. കാശപെട്ടു പഠിച്ചാലേ നന്നാവൂ എന്ന പഴയകാല സങ്കല്പങ്ങള് വിരാമമായി. കഷ്ടപ്പാടായിരുന്നു അന്ന് അങ്ങനെ ഒരു ആശയം നമ്മളിലൊക്കെ കടന്നു കൂടാൻ കാരണം. എന്നാൽ പുതുതലമുറ ഈ പറഞ്ഞ നൊസ്റ്റാൾജിയയിൽ അഭിരമിക്കില്ല. അതിനാൽ അവർക്ക് ആദ്യമേ ഗുണകരമായി മാറും. മെല്ലെമെല്ലെ പഴയവർക്കും.  ഓൺ ലൈൻ വായനയുടെ പരിമിതികൾ  എന്നത് വെറും സാങ്കേതികം മാത്രമാണ് നാളെ ഇന്നുള്ളതിനേക്കാൾ മികച്ച സ്ക്രീനും മറ്റും കണ്ടെത്തിയാൽ തീരുന്ന വളരെ സിംപിൾ ആയ പ്രശ്‌നം, വായനയുടെ ഗുണം എങ്ങനെ വായിക്കുന്നു എന്നതിലല്ല എന്ത് വായിക്കുന്നു എന്നതിലാണ്.  പിന്നെ പുസ്തകം മറിച്ചു തൊട്ടു വായിക്കുമ്പോൾ നാം ഇതുവരെ അനുഭവിച്ചു വന്ന ഒരു അനുഭൂതിയുണ്ട്. പക്ഷെ അത് 2000ത്തിനു ശേഷം ജനിച്ചവരിൽ അത്ര ബാധിക്കാൻ ഇടയില്ല.  ഓൺലൈൻ വായനയുടെ സാദ്ധ്യതകൾ വിപുലമാണ്. ഒന്ന് ആവശ്യമുള്ളത് തെരഞ്ഞെടുക്കാൻ മുമ്പത്തേതിനാൽ കുറച്ചു സമയം മതി എന്നത് തന്നെ, എന്തും ഏതും ലഭിക്കാൻ പ്രയാസമില്ല എന്നത് മറ്റൊരു ഗുണം. ഗൂഗിൾ  ലെന്സ് പോലുള്ള സാങ്കേതിയ മേന്മ ലോകത്തെ ഏതു ഭാഷയും മറ്റൊരു ദ്വിഭാഷിയുടെ സഹായമില്ലാതെ തന്നെ തന്റെ ഭാഷയിലേക്ക് വിവർത്തനം ചെയ്തു വായിക്കാനും  ആവശ്യമെങ്കിൽ മാത്രം സൂക്ഷിക്കാനും പറ്റുന്ന അവസ്ഥ ഇന്നുണ്ട്.  ലാറ്റിൻ അമേരിക്കൻ നോവലോ ജാപ്പനീസ് പുസ്തകങ്ങളോ  വായിക്കാൻ മുമ്പ് അത് ഇംഗ്ലീഷിലാക്കി പിന്നെ മലയാളത്തിലേക്ക് മാറ്റണമായിരുന്നു. ഇന്നത് വേണ്ട. എല്ലാം നിമിഷങ്ങൾകൊണ്ട് കമ്പ്യൂട്ടർ ചെയ്യും.  നാം സംസാരിച്ചുകൊണ്ടിരിക്കുന്നത് വളരെ എളുപ്പത്തിൽ എഴുത്താക്കി മാറ്റമെന്നത്... ഇങ്ങനെ എത്രയോ ഗുണങ്ങൾ ഉണ്ട് താനും. 

Assam Related Website Address - Online e Magazine - UJUDEBUG


ഈ 'ഓൺലൈൻവല്ക്കരണം' എന്നത് അനിവാര്യമാണ്. പുറം തിരിഞ്ഞു നിന്നാൽ, നിന്നവർ താഴെപ്പോകും. അതിനാൽ സ്വീകരിച്ചേ പറ്റൂ. സ്വാഭാവികമായും അങ്ങനെ മാറ്റം സംഭവിക്കുമ്പോൾ ചില്ലറ നഷ്ടങ്ങളും സംഭവിക്കാം. പക്ഷെ ലഭ്യമാകുന്ന നേട്ടത്തിന് മുന്നിൽ അത് എത്രയോ കുറവാണു. അക്ഷരലോകത്ത് വിപ്ലവാത്മകമായ ഉണർവാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് പ്രധാനമായും ലോകത്തിന്റെ ഏതു മൂലയിൽ പോയാലും എന്റെ മാതൃഭാഷയെ സാങ്കേതിക വിദ്യയുടെ മേന്മ കൊണ്ട് പഴയതിനേക്കാൾ കൂടി നിർത്താൻ സാധിക്കും എന്നത് തന്നെ. അത് ഭാഷക്ക് ഉണർവ്വ് പകരും. നമ്മുടെയൊക്കെ നൊസ്റ്റാൾജിയക്കും മീതെ സാങ്കേതികവിദ്യ സ്വാധീനം ചെലുത്തിക്കഴിഞ്ഞു. പഴയ വാശികൾ വിട്ട് പുതിയ വാശികളിലേക്ക് നമ്മൾ അറിയാതെ തന്നെ രൂപാന്തരം ചെയ്യപ്പെടും.

No comments:

Post a Comment