Thursday 2 February 2023

പ്രകൃതി, മനുഷ്യൻ, പ്രണയം എഴുതാനാവാത്ത വാക്കുകളാകുന്ന കാലം

 

ജീവിതത്തിന്റെ, നാം പരിചരിക്കുന്ന ചുറ്റുപാടുകളിലെ ഏറ്റവും സൂക്ഷ്മമായ പൊട്ടിലും പൊടിയിലും തൊട്ടുകൊണ്ട് ജീവിതം എന്തെന്ന് ചൂണ്ടിക്കാണിക്കുകയാണ് കവി. നോവ്, സ്നേഹം, പ്രണയം, നിസ്സഹായത, വാത്സല്യം, പ്രതിഷേധം എന്നുവേണ്ട ഏറ്റവും സൂക്ഷ്മമായ ആത്മഭാവങ്ങളെ നേരിട്ട് തൊടുന്ന രചനാ ശൈലിയുടെ സത്യസന്ധതയാണ് വീരാൻകുട്ടിയുടെ കവിതകളുടെ ആത്മാവ്.


പച്ചമണ്ണിന്റെ ഗന്ധവും മണ്ണും മനുഷ്യനും തമ്മിലുള്ള ബന്ധവും, പ്രകൃതിയുടെ താളവും അങ്ങനെ ഏതനുഭവവും കാവ്യാനുഭവമാക്കാമെന്ന് തെളിയിച്ച കവിയാണ് വീരാൻകുട്ടി. ഏതു ഭാരമില്ലായ്മയെയും ചുമലിലേറ്റാൻ തന്റെ കവിതകൾ  സന്നദ്ധം. ഏതിടവും കവിതയുടെ ഇടമാക്കി മാറ്റും. ഉണ്മയുടെ ഉൾമുഴക്കങ്ങളാക്കി, ഒഴുകി ഒഴുകിയൊഴുകി മോഹം തീരാത്ത ഒരു പുഴയായ്, വളർന്നു ആകാശം തൊടാൻ വെമ്പുന്ന മരമായ്  ഓരോ കവിതയും, അങ്ങനെ കാതലുള്ള കവിതകൾ വിരിയുന്നു. ചില കവിതകളിൽ ആവിഷ്കാരം അനുഭവമാക്കുന്നു. ഇങ്ങനെ ചെറു ചിന്തകളിലൂടെ വലിയ ലോകം സൃഷ്ടിക്കുന്നതാണ് അങ്ങനെ ഒരത്ഭുതമായി ഉത്തരാധുനിക മലയാള സാഹിത്യത്തിലെശ്രദ്ധേയരായ കവികളിൽ ഒരാളായ വീരാൻകുട്ടി തന്റെ സർഗ്ഗസപര്യ തുടരുന്നു.

മലയാള കാവ്യലോകത്തെ തന്റെ ഭാവനകൊണ്ട് സമ്പന്നമാക്കിയ വിരാന്‍കുട്ടിമാഷിനെ കുറിച്ച് ഒരു പരിചയപ്പെടുത്തൽ വായിക്കുന്നവർക്കിടയിൽ വേണ്ടിവരില്ല. എന്തെഴുതിയാലും കറങ്ങിത്തിരിഞ്ഞ് പ്രകൃതിയിലേക്കും , മനുഷ്യനിലേക്കും, പ്രണയത്തിലേക്കുമെത്തുന്ന ഒരു മാസ്മരിക വിദ്യ ഒളിപ്പിച്ചുവെച്ചതാണ് വീരാൻകുട്ടിയുടെ കവിതകൾ. 

"ആകാശക്കുടകളെ വലിച്ചു ചുരുക്കി മടക്കിയൊതുക്കി കൈക്കുടന്നയിലാക്കുന്ന മാന്ത്രികന്റെ കൈയടക്കമുണ്ട് വീരാൻകുട്ടിയുടെ  തൂലികക്ക്. നെല്ലിക്കയും തിന്ന് ഇത്തിരി പച്ചവെള്ളവും കുടിച്ച് ഇവിടം വിട്ടുപോയാലും നമ്മുടെ നാവിലും മനസ്സിലും ആ കവിതയുടെ വേറിട്ട സ്വാദ് ബാക്കിയുണ്ടാവണമെന്ന കണിശതയുണ്ട് കവിക്ക്. വ്യക്തിജീവിതത്തിലും അനാർഭാട സുന്ദരമായ മിതത്വത്തിന്റെയും അച്ചടക്കത്തിന്റെയും വല്ലാത്തൊരു ആകർഷണം ദീക്ഷിക്കുന്ന ഈ പച്ച മനുഷ്യൻ കാലടിയിലെ കുഞ്ഞുറുമ്പിനു പോലും ക്ഷതം വരുത്താതെ കരുതലോടെ നടക്കുന്നു. ഈ നടത്തം അന്നും ഇന്നും വീരാൻകുട്ടി തുടരുന്നു". 

"ഒലിച്ച് പൂതികെടാത്ത
ഒരു പൊഴ നിന്നിടത്താണല്ലോ മോനേ
ഇപ്പോഴത്തെ നിന്റെ മാളിക...."

ഒടുവിലൊരുനാൾ പനിച്ചുതുള്ളുന്ന പാതിരയ്ക്ക് മരിച്ചുപോയ ഉമ്മാമ വന്ന് അരയിൽ ഉറുക്ക് കെട്ടിത്തരുന്നതിനിടയിൽ പറഞ്ഞ ഈ വരികൾ എത്ര സമകാലികം, പ്രസക്തം. കേരളം കണ്ട കണ്ണുനിറഞ്ഞ നാളുകളെ അതിന്റെ വേദനയോടെ നിറച്ചു വെച്ചിരിക്കുന്നു 'ബാധ' എന്ന കവിതയിൽ. കുറഞ്ഞ വാക്കുകളിൽ ഏറെയൊന്നും പിന്നിലല്ലാത്ത ഒരു കാലത്തിന്റെ വേദനയും വ്യഥയും വായിച്ചെടുക്കാം.  മനുഷ്യൻ പ്രകൃതിക്ക് മേൽ നടത്തുന്ന ഏതൊരു കയ്യേറ്റവും ആത്യന്തികമായി മാനവകുലത്തിന്റെ തന്നെ നാശത്തിന്നാണ് കാരണമാവുക എന്ന് പറയാൻ പാടില്ലാത്ത കാലമായി മാറുന്നത് അനുഭവിച്ച കവികൂടിയാണ് വീരാൻകുട്ടി. 

"ചത്തവർ എഴുന്നേറ്റുവരില്ലെന്ന ഉറപ്പ്‌
വലിയ സൗകര്യംതന്നെ
അവരോട് എന്ത് ഉപേക്ഷയും കാട്ടാം
കമാന്നൊരക്ഷരം ചോദിക്കില്ല."

എന്ന് പറയുമ്പോൾ ജീവിച്ചിരിക്കുന്നവർ മാത്രമല്ല നമ്മെ വിട്ടുപോയവരും നമ്മളിൽ നിലനിൽക്കുന്നു എന്ന ഓർമ്മപ്പെടുത്തൽ കൂടിയാകുന്നു കവിത. മനുഷ്യനെ ശരീരം മാത്രമായി കാണുന്ന കാലത്തിന്റെ നീതികേടിനെ ജീവനോളം വലുതാണ് അവന്റെ/അവളുടെ ഓർമകളെന്നു പറയുന്നു.

"മോർച്ചറിയിൽ ചുറ്റികവച്ച് തലയോട്ടി തകർക്കുന്നയാൾക്ക്
അതൊരു മനുഷ്യന്റേതാണെന്ന വിചാരമുണ്ടോ?
ക്വാറിയിൽ മെറ്റലടിക്കുന്ന പയ്യനു കാണും
അതിനേക്കാൾ ശ്രദ്ധ,അലിവ്."

അലിവ് എന്നത് ഒരു തോന്നൽ മാത്രമല്ല ഉള്ളിൽ നിന്നും കിനിഞ്ഞു വരുന്ന നമ്മളിലെ മനുഷ്യനെ കുറിച്ചുള്ള ഓർമ്മപ്പെടുത്തലാണ്. സാങ്കേതികമായി അട്ടി മറിക്കാൻ പറ്റിയ വാക്കാണ് അലിവ്. ഒരുപക്ഷെ ഇപ്പോൾ ചില കവിതകളിൽ മാത്രം ഊറി നിൽക്കുന്ന വാക്ക്. അങ്ങനെ അലിവ് നിൽക്കുന്ന കവിതയാണ് 'മിണ്ടാപ്രാണി'. 

മരിച്ചവരോടുള്ള അലിവ് പിന്നേം കവിതയിൽ  പറയുന്നുണ്ട്. 

"കുഴിവെട്ടുമ്പോൾ
ഒന്നു തിരിഞ്ഞുകിടക്കാനുള്ള തുറസെസങ്കിലും വച്ചാലെന്ത്‌?
എത്രകാലത്തേക്കുള്ള കിടപ്പാണെന്നാർക്കറിയാം?"

മരിച്ചു കഴിഞ്ഞാൽ മരിച്ചവർക്ക് വേണ്ടിയുള്ള  നമ്മുടെയൊക്കെ ആവേശത്തെ കവി കറുത്ത ഹസ്യത്തിലൂടെ വരച്ചു കാട്ടുന്നുണ്ട് 

"എന്നാൽ
പൊയ്ക്കിട്ടിയല്ലോ എന്ന ആശ്വാസം
പായസം വിളമ്പിത്തന്നെ ആഘോഷിക്കും
അടിയന്തിരത്തിന്റെ അന്ന്.
അരുതെന്ന് അയാൾ വാശിവെച്ചതൊക്കെയും
അയാളുടെ പേരിൽ ചെയ്യുന്നതിന്റെ
മത്സരത്തിലാണേവരും.
വെറുതെയല്ല മരിച്ചവർ തിരിച്ചുവരാത്തത്‌."

ഈ മത്സരലോകത്തേക്ക് തിരിച്ചു വരാൻ ആരാണ് ആഗ്രഹിക്കുക. മരണാനന്തരം അവർക്കായി നാം കാട്ടിക്കൂട്ടുന്നതിന്റെ പാതിയെങ്കിലും ജീവിച്ചിരിക്കെ അവർക്ക് ലഭിച്ചിരുന്നെങ്കിൽ അവർ ഭാഗ്യം ചെയ്തവർ ആയേനെ.

"എന്റെ പാട്ട് 
റിങ് ടോണായി
കൊണ്ടു പോകുമോ
എന്നൊരു കുയില്‍
വഴിയരികിലെ
മരത്തില്‍ നിന്നും
വിളിച്ചു ചോദിച്ചു കൊണ്ടിരുന്നു."

റിംഗ്‌ടോൺ എന്ന ഈ കവിത പുതിയകാല ഒച്ചയിലൂടെ  പ്രവാസ നൊമ്പരങ്ങളോടു ഏറെ ചേർന്ന് നിൽക്കുന്ന ഒന്നായി മാറുന്നു . റിങ് ടോണായും   ശ്വാസതാളമായും ഒരു പാട്പാട്ടുകൾ വിങ്ങലോടെ നെഞ്ചേറ്റുന്നവർക്കീ കുയിൽ ഉള്ളിൽ താലോലിക്കുന്ന ജീവിതം തന്നെയാണ്. ഒപ്പം പ്രകൃതിയിൽ നിന്നും അകന്നു പോയികൊണ്ടിരിക്കുന്ന കുയിലൊച്ചയെ പാന്റിന്റെ കീശയിൽ തിരുകി വെക്കുന്നു, അവരുടെ തന്നെ സ്വന്തമാകുന്നയിടത്തിലേക്ക്.  കുഞ്ഞു വരിയിലൂടെ കുയിൽപാട്ടിന്റെ ആഴത്തിലേക്ക് എത്തിക്കുന്നതിൽ കവിയും കവിതയും വിജയിക്കുന്നു.

'പ്രണയമില്ലെങ്കിൽ' എന്ന കവിത ഇങ്ങനെയാണ് തുടങ്ങുന്നത് 

''പ്രണയമില്ലെങ്കിൽ
ഉടലിനോളം കടുപ്പമുള്ള
മരമില്ല വേറെ.
ചുണ്ടുകൾ കൊണ്ടെത്ര കൊത്തിയിട്ടും
ശിൽപ്പമാകുന്നില്ല തീരേ''.        

ഭാഷയുടെ ലാളിത്യം കൊണ്ടും ആശയഗാംഭീര്യം കൊണ്ടും മനസിലൂടെ  തലച്ചോറിലേക്ക് കടന്നുകയറി അവിടെ ഇരുപ്പുറപ്പിക്കുന്നു മാഷിന്റെ കവിതകൾ. "ഉള്ളിൽ  തൊട്ടാൽ തീ പാറുന്ന  പ്രണയമാണ് " വീൻകുട്ടിയുടെ കവിതകൾ. 

''ഓർത്തിരിക്കാതെ
രണ്ടു പ്രാണൻ തമ്മിൽ
ഒട്ടുന്നതിന്റെ
ആകസ്മികതയുണ്ട്
ഏതു പ്രണയത്തിലും.
കീറിക്കൊണ്ടല്ലാതെ
വേർപെടുത്താൻ
പറ്റാത്തതിന്റെ
നിസ്സഹായതയുണ്ട്
അതിന്റെ പിരിയലിൽ''...

ഒത്തുചേരലും പിരിയലുമെല്ലാം ജീവിതത്തിൽ നിന്നും കീറിയെടുക്കുന്ന അവസ്ഥകളായി മാറുന്നു. മണ്ണിനടിയിൽ വേരുകൾ കൊണ്ട് കെട്ടിപിടിക്കാനും മരങ്ങളെ കൊണ്ട് കഴിയുമ്പോൾ ഇലകൾ തമ്മിൽ  തൊടാതിരിക്കാൻ  അകറ്റി നട്ട നാം മനുഷ്യരെ കുറിച്ചും മാഷ് എഴുതിയിട്ടുണ്ട്. 

"പത്തിയുയർത്തിയുള്ള
ആ ഒരു നിമിഷത്തെ നില്പിൽ
ഇന്നോളമുള്ള മുഴുവൻ
ഇഴച്ചിലുകളും
റദ്ദായിപ്പോയിരിക്കുന്നു!"

'ഉരഗമേ' എന്ന  കവിതയിൽ ഇഴയുന്ന ഭീരുവാണെന്ന് തോന്നുമ്പോഴൊക്കെയും, എന്നെങ്കിലുമൊരിക്കൽ സംഭവിച്ചേക്കാവുന്ന ആ ഒറ്റ നിമിഷത്തെ നിൽപ്പിലേക്കായി അതുവരെയുള്ള ഇഴച്ചലുകളെ റദ്ദ് ചെയ്യുമ്പോൾ കവിത നൽകുന്ന ആത്മവിശ്വാസം ചെറുതല്ല..، 

"എയ്ത ശേഷമുള്ള
ഞാണിന്റെ വിറയൽ
നിലയ്ക്കുന്നില്ല;
അസ്ത്രം ചെന്നു
നിർവ്വഹിച്ച കൃത്യം
അതറിഞ്ഞു കാണണം!"

(വിറയൽ)

"പെണ്ണുങ്ങൾ മാറിടം ഒളിപ്പിക്കാൻ 
ഓളങ്ങളെ റൌക്കയാക്കുന്നു"

(ബാധ)

"സൂചിയെപ്പറ്റി നിർത്താതെ പറയുന്നു,
പരമാവധി നിശ്ശബ്ദത പാലിച്ചുകൊണ്ട്.
മുറിവുകൾ തന്നു
സൂചി കടന്നുപോയ ശേഷവും,
ചേർത്തു പിടിച്ചുകൊണ്ട്
നൂൽ കൂടെയുണ്ടെന്നറിഞ്ഞിട്ടും."

(നൂലിനെക്കുറിച്ച്)

"അറിയാതെ വീട്ടിനുള്ളിൽ
പെട്ടുപോയ കിളിയെന്നു
തോന്നുന്നുവോ
ഇനി ഒന്നും ചെയ്യാനാവില്ലെന്ന്?
ചിറകടിക്കൂ
മുറിയിൽ തളം കെട്ടിയ വായുവിനെ
നൃത്തം ചെയ്യിക്കൂ
ശേഷം പറന്നുപോകൂ."

(പറന്നുപോകൂ)

"മനസ്സിലായതേയില്ല
അവൾക്ക്
പൂമ്പാറ്റയുടെ
ചിത്രം കാണിച്ച്
ചിത്രശലഭം എന്ന്
ടീച്ചർ പഠിപ്പിച്ചു കൊണ്ടിരുന്നത്" (പഠിപ്പ്)

ഇങ്ങനെ പറയാൻ ഒട്ടേറെ  കവിതകളുണ്ട്. ജീവിതത്തിന്റെ, നാം പരിചരിക്കുന്ന ചുറ്റുപാടുകളിലെ ഏറ്റവും  സൂക്ഷ്മമായ പൊട്ടിലും പൊടിയിലും തൊട്ടുകൊണ്ട് ജീവിതം എന്തെന്ന് ചൂണ്ടിക്കാണിക്കുകയാണ് കവി. നോവ്, സ്നേഹം, പ്രണയം, നിസ്സഹായത, വാത്സല്യം, പ്രതിഷേധം എന്നുവേണ്ട ഏറ്റവും സൂക്ഷ്മമായ ആത്മഭാവങ്ങളെ നേരിട്ട് തൊടുന്ന രചനാ ശൈലിയുടെ സത്യസന്ധതയാണ് വീരാൻകുട്ടിയുടെ കവിതകളുടെ ആത്മാവ്.

 =================================

  wtplive web page link  👇🏻
 

https://wtplive.in/Kuripukal/faisal-bava-about-veerankutty-poems-4358

No comments:

Post a Comment