Thursday 14 March 2019

വിലക്കുകൾ ധിക്കരിച്ച ഉൾകരുത്തുള്ള കഥകൾ

സി.എസ്. ചന്ദ്രികയുടെ " എന്റെ പച്ചക്കരിമ്പേ "
എന്ന കഥാസമാഹരത്തിന്റെ വായനാനുഭവം...


"ഭൂമിയിലെ മരങ്ങൾ കിളികളെ സ്വീകരിക്കുന്ന പോലെ മനുഷ്യ ഹൃദയം പ്രണയത്തെ ഏറ്റുവാങ്ങുന്നു"
 ദേവഗാന്ധാരി എന്ന കഥയിലെ വരിയാണിത് പ്രണയം എത്രകണ്ട് നമ്മളിലേക്ക് അടുത്ത് നില്കുന്നു എന്നും, പ്രണയം എന്ന പ്രകൃതജന്യമായ വികാരത്തെ ഇത്ര ലളിതമായി, എന്നാൽ ആഴത്തിൽ ഇങ്ങനെ എഴുതാൻ ആകും എന്ന് സിഎസ് ചന്ദ്രികയുടെ കഥകൾ തെളിയിക്കുന്നു. കഥയുടെയും സമാഹാരത്തിന്റെയും ശീർഷകം തന്നെ പ്രണയമാധുര്യം നിറഞ്ഞതാണ്. എന്റെ പച്ചക്കരിമ്പേ... എത്ര സുന്ദരമായ പദമാണത്. ചന്ദ്രികയുടെ എഴുത്തിനെ, ഭാഷയെ പറ്റി എം.മുകുന്ദൻ ഇങ്ങനെ പറയുന്നു "കഥയും ഭാഷയും നമ്മളറിയാതെ നമ്മുടെ മേൽ ഒരുപാട് വിലക്കുകൾ കെട്ടിത്തൂക്കുന്നുണ്ട്. കഥയ്ക്ക് കഥയുടേതായ വൃത്തങ്ങളുമുണ്ട്. കഥയുടെ ഭരണഘടനയെ വെല്ലുവിളിക്കുന്ന ഒരു രചനയാണ്‌ *എന്റെ പച്ചക്കരിമ്പേ മറ്റൊരു എഴുത്തുകാരിക്കും എഴുത്തുകാരനും സങ്കൽപ്പിക്കാൻ പോലും കഴിയാത്ത മാതിരിയാണ് ചന്ദ്രിക ഭാഷയെ ക്രമപ്പെടുത്തിയിരിക്കുന്നത്
ദേവഗാന്ധാരി എന്ന കഥയിൽ ചന്ദ്രിക സ്വീകരിച്ച ആഖ്യാനരീതി തികച്ചും വ്യത്യസ്തമാണ്, കഥയുടെ പുതുവഴി തേടിയുള്ള ഈ നടത്തത്തിൽ ജീവിതത്തോട് ചേർന്നു  നിൽക്കുന്ന പ്രണയത്തെ തുറന്നെഴുതുന്നു. 
ജീവിതവും രാഷ്ട്രീയവും ഇടകലർന്ന കഥയാണ് ദേവഗാന്ധാരി. ഗുലാം അലിക്ക് പാടാൻ ഹിന്ദുസേന അനുവദിക്കാത്ത അവസ്ഥ കഥയിൽ തുറന്നെഴുതി രചനാ തന്ത്രം ഭംഗിയായി അവതരിപ്പിച്ചു,
"മക്കൾ വിളിക്കുന്നു കണ്ണാ, ഞാളെ ഞായറാഴ്ച പുറത്തെവിടേങ്കിലും പോണാന്ന് പറഞ്ഞു രണ്ടുപേരും അച്ഛനെ വളഞ്ഞു വെച്ച് ബഹളം കൂട്ടുന്നു! നാളെയാണ് ഇവിടെ ടൗൺ ഹാളിൽ ഗുലാം അലി പാടുന്നുണ്ട്. ഹിന്ദുസേനയുടെ ഭീഷണികൊണ്ട് ഇപ്പോഴേ ടൗണിൽ നിറയെ പൊലീസാണ്. എന്ത് പ്രശ്നമുണ്ടായാലും മക്കളേം കൂട്ടി പോകണം ഇപ്പൊ വേഗം താഴേക്ക്" ഈ ഒരൊറ്റ പാരഗ്രാഫിൽ തന്നെ വലിയൊരു രാഷ്ട്രീയ പ്രശ്നത്തെ   കൂടി കഥയിൽ ഉൾപെട്ടുകിടക്കുന്നു .
പെണ്ണിന്റെ ഉടൽ രാഷ്ട്രീയമാണ്കഥയുടെ കാതൽ, എന്നും വിവേചനങ്ങൾക്കും ചൂഷണങ്ങൾക്കും അവഗണനകൾക്കും വിധേയമാകുന്ന പെണ്ണുടലുകൾ ഇന്ന് തിരിച്ചു ചോദിച്ചു തുടങ്ങിയിരിക്കുന്നു. പെൺ ശരീരം നിഗൂഢതകൾ നിറഞ്ഞ എന്തോ ഒന്നാണെന്ന തോന്നലിനെ തകിടം മറിക്കുകയാണിവിടെ. പെണ്ണുടൽ നിഗൂഢതയെ തുറന്നു വെച്ച് കപട സദാചാരത്തെ ചോദ്യം ചെയ്യുന്നു. അജ്ഞതയും അന്ധവിശ്വാസവും  വീട്ടകങ്ങളിൽ തുടങ്ങി പൊതുരംഗത്തു വരെ ഈ അവഗണനകൾ വിവിധ തോതിൽ ഇന്നും തുടരുന്നു.
 ഈ പശ്ചാതലത്തിൽ എക്കാലത്തും പ്രസക്തമായ കഥയാണ് പാനപാത്രം "വായിക്കാൻ ചെറിയൊരു തയ്യാറെടുപ്പെങ്കിലും വേണ്ടിവരും, അല്ലെങ്കിൽ നമുക്ക് അടിവയറ്റിൽ കഠിനമായ വേദന തോന്നിയെന്ന് വരാം. യോനിയിൽ നിന്നും വരുന്ന ചുവന്ന തിരകളാണ് വിഷയം". ആർത്തവം ഇന്ന് പൊതുനിരത്തിൽ പറയുന്ന രാഷ്ട്രീയമാണ്. പ്രകൃത്യാ ശരീരത്തിൽ  ഉള്ള ഒരു കാര്യത്തെ മുൻനിർത്തി പലയിടങ്ങളിൽ നിന്നും പെണ്ണിനെ അകറ്റി നിർത്തുന്ന ആർത്തവകാലത്തെ  ചോദ്യം ചെയ്യുന്ന ഇക്കാലത്ത്  പാനപാത്രം എന്ന കഥ കൂടുതൽ ആഴത്തിൽ വായിക്കപ്പെടേണ്ട കഥയാണ്

എന്റെ പച്ചക്കരിമ്പേ എന്ന കഥ അത്ഭുതപ്പെടുത്തുന്ന പ്രണയ ഭാഷ്യമാണ്. ജൈവ ഭാഷയിൽ കുറിക്കപ്പെട്ട പെണ്പക്ഷ കഥയാണ് ഇത്. എന്റെ തേൻവരിക്കപെണ്ണേ എന്ന വിളി ലാളിത്യവും അതിലെ മറ്റു പ്രണയവിളികളും നമ്മെ കൂടുതൽ കൂടുതൽ കഥയിലേക്ക് അടുപ്പിക്കും നമ്മുടെ തന്നെ വിളികളായി  മാറുന്ന  ഒരു മാന്ത്രികത ആഖ്യാനത്തിൽ കാണാം. രതിയുടെ സുനാമികൾ തീർക്കുന്ന  ഉദാത്തമായ ഭാവങ്ങൾ നമുക്കന്വേഷിച്ചു പോകാൻ തോന്നിപ്പിക്കും വിധം കഥ നമ്മെ അത്ഭുതപ്പെടുത്തുന്നു. വായിക്കും തോറും പ്രണയത്തിന്റെയും രതിയുടെയും ആഴങ്ങളിലേക്ക് പോകുന്ന കഥകൾ,

ഡോക്ടർ എന്ന കഥ ഇതിൽനിന്നെല്ലാം വ്യത്യസ്തമാണ് *"1939 ഡിസംബർ മാസത്തിലെ ആ ദിവസം മാവോ സേതൂങ് കഠിനമായ ദുഃഖത്തിലാഴ്ന്നു പോയിരുന്നു" 
എന്ന് പറഞ്ഞുകൊണ്ടാണ് കഥ തുടങ്ങുന്നത്. ഏറെ രാഷ്ട്രീയമാനമുള്ള ഈ  കഥ.  ആഖ്യാനത്തിന്റെ കെട്ടുറപ്പുകൊണ്ട് ശക്തമായ കഥയാണ്.  സംഹമൂത്രം എന്ന കഥയും പ്രധാനമായും പറയുന്നതും പെൺപക്ഷത്തെ കുറിച്ചാണ്. പാൽക്കൂൺ ഇങ്ങനെ വ്യത്യസ്തമായാ കഥകളുടെ സമാഹാരമാണ് എന്റെ പച്ചക്കരിമ്പേ, ചന്ദ്രികയ്ക്ക് കഥ ജൈവ ഭാഷയിൽ തീർത്ത പ്രണയ രാഗമാണ്. വായനക്കാരെ വായിപ്പിക്കുന്ന മന്ത്രികതയാൽ സമ്പന്നമാണ് ഓരോ കഥയും
_________________________________


കണ്ണാടി മാഗസിനിൽ പ്രസിദ്ധീകരിച്ചു 
http://kannadimagazine.com/index.php?article=757

No comments:

Post a Comment