ശില്പ പരിചയം
പരിസ്ഥിതി പ്രവർത്തകനും ആക്ടിവിസ്റ്റുമായ ആൻഡ്രീസ് ബോത്ത ലോകപ്രശസ്തനായ ശില്പി കൂടിയാണ്. ബോത്തയുടെ ശില്പങ്ങളുടെ കലാപരവും രാഷ്ട്രീയവുമായ പ്രസക്തി വിശകലനം ചെയ്യുന്നു.
ഫൈസൽ ബാവ

"മനുഷ്യനും പ്രകൃതിയും തമ്മിലുള്ള മറന്നുപോയ സംഭാഷണത്തെ" പ്രതീകപ്പെടുത്താൻ ഉദ്ദേശിച്ചുള്ളതാണ് ആൻഡ്രീസ് ബോത്തയുടെ (Andries Botha ) ശിൽപങ്ങൾ. ബോത്തയ്ക്ക് ശില്പ നിർമാണം ഒരു രാഷ്ട്രീയ പ്രവർത്തനം കൂടിയാണ്. രാഷ്ട്രീയക്കാരനും ആക്‌സിറ്റിവിസ്റ്റുമായിരുന്നു അദ്ദേഹം. ബോധവത്കരണത്തിന്റെ ഭാഗമായിട്ടാണ് ബോത്ത ശില്പങ്ങൾ കൊത്തിവെച്ചത്. പാഴ്‌വസ്തുക്കൾ, വെറുതെ കളയുന്ന മരത്തടി എന്നിവയൊക്കെയാണീ ശില്പിയുടെ മാധ്യമം.

ലണ്ടനിലെ "പ്ലാനറ്റ് അണ്ടർ പ്രഷർ" എന്ന പരിപാടിയിൽ അദ്ദേഹം പങ്കെടുത്തിരുന്നു. കല, പരിസ്ഥിതി, രാഷ്ട്രീയം എന്നിവ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതെങ്ങനെ എന്ന് വ്യക്തമാക്കുന്നതായിരുന്നു പരിപാടിയിലെ അദ്ദേഹത്തിന്റെ ഇടപെടലുകൾ. വിവിധ മേഖലകളിലെ നേതാക്കൾ സുസ്ഥിര വികസനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും നമ്മുടെ വാസഗ്രഹം നേരിടുന്ന ഭീഷണിയുമാണ് ചർച്ചയിൽ ഉന്നയിച്ചത്. അദ്ദേഹത്തിന്റെ ഇടപെടൽ കൊണ്ട് ബോത്ത ചർച്ചയെ സജീവമാക്കി. അക്കാലത്തെ സാമൂഹികവും രാഷ്ട്രീയവുമായ വെല്ലുവിളികളെക്കുറിച്ച് അഭിപ്രായം പറയാൻ അദ്ദേഹത്തിന്റെ കല ഉപയോഗിച്ചുകൊണ്ട് അദ്ദേഹം ശ്രമിച്ചു. ദക്ഷിണാഫ്രിക്കയുടെ പാരിസ്ഥിതിക പ്രശ്നങ്ങളിൽ നിരന്തരമായി ഒരു ആക്ടിവിസ്റ്റായി ഇടപെടുകയും ഒപ്പം ശില്പങ്ങളിലൂടെ ശക്തമായി പ്രതികരിക്കുകയും ചെയ്തു.

പരമ്പരാഗതമായ പരിശീലനങ്ങളിലൂടെയാണ് തന്റെ ശില്പകലയെ വളർത്തികൊണ്ടുവന്നത് എന്ന് ബോത്ത സമ്മതിക്കുന്നു. എന്നാൽ ഏറ്റവും പുതിയ സൃഷ്ടികൾ ഒട്ടുമിക്കതും പാഴ്‌വസ്തുക്കൾ കൊണ്ട് നിർമ്മിച്ച ഇൻസ്റ്റലേഷനുകളാണ്, സാധാരണക്കാരുമായി പെട്ടെന്ന് ഇഴകിച്ചേരാനും അതിലേക്ക് ആഴ്ന്നുപോയി ചിന്തിക്കാനും കഴിയുന്നതിനാൽ ഇൻസ്റ്റലേഷനുകൾക്ക് കൂടുതൽ ശ്രദ്ധ കിട്ടുന്നു. വംശനാശംനേരിടുന്ന വലിയ മൃഗങ്ങളാണ് തന്റെ ശില്പങ്ങളിലെ പ്രധാന വിഷയങ്ങൾ, അതിൽ തന്നെ ആനയാണ് ഒരു പ്രധാന വിഷയം, ആനയോളം ഭീഷണി നേരിടുന്ന വേറേതു ജീവിയുണ്ട് എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. അതിജീവനത്തിന്റെ ഓട്ടത്തിൽ വലിപ്പംകൊണ്ടു തോറ്റുപോകുന്ന ജീവിയാണ് ആന.

തന്റെ ഇൻസ്റ്റാളേഷനുകളിൽ ആന ഒരു പ്രധാന സാന്നിധ്യമാണ്. “എനിക്ക് ആനകളോട് ഒരു പ്രത്യേക സ്നേഹമുണ്ട്, അവ ഭീഷണമായ പാരിസ്ഥിതികാവസ്ഥയിൽ ജീവിക്കുന്ന ജീവികളാണ്. രോഗബാധിതമായ അന്തരീക്ഷത്തെ നേരിടാനും അതിനായി പുതിയ വഴികൾ കണ്ടെത്താനും പാടുപെടുമ്പോൾ അവരെ ഉചിതമായ പാരിസ്ഥിതിക അംബാസഡർമാരാക്കുകയാണ് ഈ ശില്പങ്ങളിലൂടെ ലക്ഷ്യമിടുന്നത്. അതാണ് എന്റെ ശില്പങ്ങളുടെ പ്രധാന ആകർഷണം. ബോത്ത പറയുന്നു.

ദക്ഷിണാഫ്രിക്കയുടെ കലുഷിതമായ രാഷ്ട്രീയ സാഹചര്യങ്ങൾക്കിയിലൂടെ തന്റെ കലാസപര്യ തുടരുകയാണീ ശില്പി. ആൻഡ്രീസ് ബോത്തയുമായി കരോൾ ബക്സർ നടത്തിയ അഭിമുഖം വായിക്കുമ്പോൾ ഈ കലാകാരന്റെ കലാ സൃഷ്ടിയെ കുറിച്ചും ആതിലൂടെ പറയുന്ന ഗ്രീൻ പൊളിറ്റിക്സിനെ കുറിച്ചും കൂടുതൽ മനസിലാക്കാൻ സാധിക്കും.
--------------------------------------------------------------------------------
ബഹുസ്വരയിൽ വന്നത്
24/9/2023
https://bahuswara.in/entertainment/f/പാരിസ്ഥിതിക-പോരാട്ടങ്ങളുടെ-ശില്പങ്ങൾ
No comments:
Post a Comment