Monday 24 October 2011

ശബ്ദിക്കുന്ന കലപ്പ നിലച്ചു

ponkunnam-varkey-epathram
പൊന്‍കുന്നം വര്‍ക്കി എന്ന മലയാളത്തിന്റെ സ്വന്തം കഥാകാരന്‍ നമ്മെ വിട്ടു പോയിട്ട് ഏഴു വര്ഷം. (ജൂലൈ 1, 1911 – ജൂലൈ 2, 2004) മലയാള സാഹിത്യത്തില്‍ പുരോഹിത വര്‍ഗ്ഗത്തിന്റെയും അധികാര പ്രഭുക്കളുടെയും കൊള്ളരുതായ്മ കള്‍ക്കെതിരെ രോഷത്തിന്റെ വിത്തു പാകിതായിരുന്നു വര്‍ക്കിയുടെ രചനകള്‍. ജീവിത അവസാനം വരെ താന്‍ ഉയര്‍ത്തിപ്പിടിച്ച വിശ്വാസങ്ങളില്‍ അദ്ദേഹം ഉറച്ചു നിന്നു. ജീവിതത്തിന്റെ മധ്യാഹ്നം വരെയേ എഴുതിയുള്ളൂ എങ്കിലും വര്‍ക്കി മലയാള സാഹിത്യത്തിനു നല്‍കിയ സംഭാവനകള്‍ വിലമതിക്കാന്‍ ആവത്തതാണ്‌.
‘തിരുമുല്‍ക്കാഴ്ച’ എന്ന ഗദ്യ കവിതയുമായാണ്‌ വര്‍ക്കി സാഹിത്യ രംഗത്തേക്കു കടന്നത്‌. 1939-ലായിരുന്നു ഇത്‌. പ്രഥമ കൃതിക്കു തന്നെ മദ്രാസ്‌ സര്‍വ്വകലാശാലയുടെ സമ്മാനം ലഭിച്ചു. ശബ്ദിക്കുന്ന കലപ്പ എന്ന പ്രശസ്തമായ കഥയും ഇദ്ദേഹത്തിന്റെതാണ്. രോഷത്തിന്റെ കനലുകള്‍ വിതച്ച രചനകള്‍ പലരേയും പൊള്ളിച്ചു. കഥകള്‍ മത മേലധ്യക്ഷന്മാരെയും അധികാര വര്‍ഗ്ഗത്തെയും വിളറി പിടിപ്പിച്ചു. കഥകള്‍ എഴുതിയതിന്റെ പേരില്‍ അധികാരികള്‍ വര്‍ക്കിയെ അധ്യാപന ജോലിയില്‍ നിന്നു പുറത്താക്കി. തിരുവതാംകൂര്‍ ദിവാന്‍ ഭരണത്തെ എതിര്‍ത്തതിന്റെ പേരില്‍ 1946-ല്‍ ആറു മാസം ജയിലില്‍ കിടക്കേണ്ടി വന്നു.
നാടകവും ചെറുകഥയും ഉള്‍പ്പടെ അന്‍പതോളം കൃതികള്‍ വര്‍ക്കിയുടേതായി പ്രസിദ്ധപ്പെടുത്തി. എണ്ണപ്പെട്ട ചില മലയാള സിനിമകള്‍ക്ക്‌ കഥയും സംഭാഷണവും രചിച്ചിട്ടുണ്ട്‌. പുരോഗമന കലാ സാഹിത്യ സംഘടനയുടെ സെക്രട്ടറിയായി അഞ്ചു വര്‍ഷത്തോളം പ്രവര്‍ത്തിച്ചു. എഴുത്തുകാരുടെ കൂട്ടായ്മക്കായി രൂപീകൃതമായ സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്റെയും നാഷണല്‍ ബുക്ക്‌ സ്റ്റാളിന്റെയും സ്ഥാപകരില്‍ ഒരാളായിരുന്നു. കേരള സാഹിത്യ അക്കാദമി പ്രസിഡന്റ്‌ എക്സിക്യുട്ടീവ്‌ അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. താന്‍ തുടങ്ങി വെച്ച പുരോഗമന സാഹിത്യ സംരംഭങ്ങള്‍ക്ക്‌ അദ്ദേഹം ജീവിതാവസാനം വരെ ഊര്‍ജ്ജം പകര്‍ന്നു.
2004 ജൂലൈ 2-ന് പാമ്പാടിയിലുള്ള വസതിയില്‍ വച്ചാണ് മരണമടഞ്ഞത്.
- ഫൈസല്‍ ബാവ

No comments:

Post a Comment