Monday, 27 February 2023

ജീവിതപ്പച്ച പറഞ്ഞ സിനിമ

 സിനിമാ പരിചയം 

 


 

Film: Lunana: A Yak in the Classroom
(Dir.Pawo Choyning Dorji/Bhutan/2019/109 minutes)

 

ങ്ങരംകുളം കാണി ഫിലിം സോസൈറ്റിയുടെ പ്രതിമാസ സിനിമാ പ്രദർശനത്തിൽ നിന്നാണ് പാവോ ചോയ്നിംഗ് ഡോർജി (Pawo Choyning Dorji ) തിരക്കഥയും സംവിധാനവും നിർവ്വഹിച്ച 2019 ലെ ഭൂട്ടാൻ ചലച്ചിത്രമായ ലുനാന:എ യാക്ക് ഇൻ ദ ക്ലാസ്സ് റൂം. (Lunana: A Yak in the Classroom ) കണ്ടത്. ബി ഫ്‌.ഐ ലണ്ടൻ ഫിലിം ഫെസ്റ്റിവലിൽ ഈ ചിത്രത്തിന്റെ ലോക പ്രീമിയർ ഉണ്ടായിരുന്നു. 93-ാമത് അക്കാദമി അവാർഡുകളിൽ മികച്ച അന്താരാഷ്ട്ര ഫീച്ചർ ഫിലിമിനുള്ള ഭൂട്ടാൻ എൻട്രിയായി ഇത് തിരഞ്ഞെടുക്കപ്പെട്ടു. ഹിമാലയൻ മഞ്ഞിന്റെ കുളിർമ്മയുള്ള പ്രകൃതിയുടെ താളങ്ങൾ ലയിപ്പിച്ച ഒരു കൊച്ചു ചിത്രം.

നേർ രേഖയിൽ കഥ പറയുന്ന, ട്വിസ്റ്റുകളോ അത്ഭുതങ്ങളോ ഒന്നുമില്ലാത്ത, മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ ആസ്വദിക്കാവുന്ന സിനിമയാണ് ലുണാന.
അദ്ധ്യാപക ജോലി ഒട്ടും താല്പര്യമില്ലാത്ത, ആസ്ട്രേലിയയിൽ കുടിയേറാൻ വിസ കാത്തു നിൽക്കുന്ന ഊഗിൻ ദോർജി എന്ന ചെറുപ്പക്കാരനെ ഭൂട്ടാനിലെ ഏറ്റവും വിദൂരമായ മലമ്പ്രദേശമായ ലുണാനയിലെ ചെറിയ സ്കൂളിലേക്ക് നിർബന്ധപൂർവ്വം അയക്കുന്നതാണ് സിനിമയുടെ പ്രമേയം. നഗരമായ തിമ്പുവിൽ നിന്നും ഏറെ അകലെ പതിനയ്യായിരത്തിലധികം ഉയരത്തിൽ മറ്റു സ്ഥലങ്ങളുമായി ബന്ധില്ലാത്ത തീർത്തും ഒറ്റപെട്ട ലുണാന. അവിടേക്ക് പോകാൻ താല്പര്യമില്ലാത്ത ഊഗിൻ ദോർജിയെ കൂട്ടുകാരൻ തന്തിനു ഏറെ നിർബന്ധിച്ചത് കൊണ്ടാണ് താത്കാലികമായി പോകാമെന്നു ഊഗിൻ ദോർജി സമ്മതിക്കുന്നത്.
തിമ്പുവിൽനിന്നും ഗസ എന്ന സ്ഥലംവരെ മാത്രേ ബസ്സ്‌ ഉള്ളൂ. ഊഗിൻ ദോർജി അവിടെ ബസ്സ്‌ ഇറങ്ങിയപ്പോൾ തന്നെ ലുണാന ഗ്രാമത്തലവൻ ഗുനാ ആശാ ആപ് ചിനാ പറഞ്ഞയച്ച സാംഗ്യയും കൂട്ടുകാരും കാത്തു നില്കുന്നുണ്ടായിരുന്നു. 

 
ഒരാഴ്ച നടന്നു മല കയറി എത്തിപ്പെടേണ്ട സ്ഥലമാണ് ലുണാന. സർക്കാരിന് വേണ്ടി ജോലി ചെയ്യാൻ താല്പര്യം ഇല്ലെന്നു നായകൻ ഊഗിൻ ദോർജി ഇടക്കിടക്കു പറയുന്നുണ്ട്. ദുർഘടമായ യാത്രക്കൊടുവിൽ ലുണാനയിൽ എത്തിയ ഉടനെ അവിടത്തെ അവസ്ഥ കണ്ടു തിരിച്ചു പോകാനൊരുങ്ങിയ ഊഗിൻ ദോർജി ഏതാനും ദിവസങ്ങൾക്കുള്ളിൽ അവരിലൊരാളാവുന്നതും തിരിച്ചു പോകാൻ മടിക്കുന്നതുമാണ് സിനിമ. സ്കൂളിലെ താമസം അത്ര പോര എന്ന അഭിപ്രായമാണ് അയാൾക്ക്. രാവിലെ തന്നെ ക്ലാസ് ലീഡർ പെമ്സോ വന്നു വിളിക്കുമ്പോൾ അയാൾ എഴുനേറ്റ് ചുറ്റും വീക്ഷിക്കുന്നുണ്ട്. പിന്നെ പിന്നെ ഗ്രാമീണരായ ആളുകളുടെ സ്നേഹവും നിഷ്കളങ്കരായ കുട്ടികളും എല്ലാം അയാളിൽ മാറ്റം ഉണ്ടാക്കിയിരിക്കണം.
നോബു എന്ന യാക്കിനെ ക്ലാസ് റൂമിൽ തന്നെയാണ് കെട്ടിയിരിക്കുന്നത്. ഏറെ മലകൾ താണ്ടി വരുമ്പോൾ കോപകുലനായ ദോർജവഴി മദ്ധ്യേ ഉള്ള ക്ഷേത്രത്തിൽ തൊഴാൻ തയ്യാറാകുന്നില്ല.
തുടർന്നുള്ള യാത്രയിൽ അപകടങ്ങൾ ഇല്ലാതെ സുരക്ഷിതമായി എത്താനുള്ള പ്രാർത്ഥനയുടെ ഭാഗമായി സാംഗ്യയും കൂട്ടരും പാല് കൊണ്ട് അഭിഷേകം നടത്തി പ്രാർത്ഥിക്കുമ്പോൾ ദോർജ അതിനെ അവഗണിച്ചുകൊണ്ടാണ് മുന്നോട്ട് പോകുന്നത്. മഞ്ഞു വീഴ്ചയുടെ കാലമാകുന്നതോടെ അവിടെ നിന്നും തിരിച്ചു വരുമ്പോൾ അയാൾ അവിടെ പ്രാർത്ഥിക്കുന്നുണ്ട്. ഗ്രാമത്തിലെ ഒരു പെൺകുട്ടിയോട് അയാൾക്ക് പ്രത്യേക ഇഷ്ടം ഉണ്ട് എങ്കിലും പ്രകടമായ പ്രണയം അവിടെ കാണുന്നില്ല
വളരെ ലളിതമായ സിനിമ, നേരെ കഥപറയുന്ന രീതിയും ഭൂട്ടാൻ ഗ്രാമത്തിന്റെ പ്രകൃതി ഭംഗിയും മികച്ച രീതിയിൽ ചേർത്തിക്കിരിക്കുന്നു. സിനിമയിലെ ഫ്രെയിമുകൾ അതി മനോഹരമായ ഒരു ദൃശ്യവിരുന്നു തന്നെയാണ്.

No comments:

Post a Comment