Saturday, 11 January 2020

കഥ: വെളുത്ത വൈറസ് 

കഥ


"നടവഴിയിൽ നാലുകെട്ടിൽ
നാട്ടിലെല്ലാം നടപ്പുദീനം
നാട്ടമ്മ നല്ലതേവി
കോട്ടയിൽനിന്നരുൾ ചെയ്തു
തട്ടകത്തെ നാവെല്ലാം
കെട്ടിയിട്ടു കുരുതി ചെയ്യാൻ"  
(നാവുമരം : സച്ചിദാനന്ദൻ)

ഇരുട്ട് മൂടിത്തുടങ്ങി, വളവൻ പറമ്പിലെ ഓരോ മരച്ചില്ലകളിലും ഇരുട്ടുകട്ട പിടിച്ചപോലെ വവ്വാലുകൾ തൂങ്ങികിടന്നു, വവ്വാലുകളുടെ  കരച്ചിൽ ഇരുട്ടിൽ പടർന്നു,  അവകാശികൾ ഒഴിവാക്കിയ മനയിൽ പ്രേതങ്ങൾ കുടിയൊഴിഞ്ഞിട്ടില്ലെന്നും, ഇരുട്ടിൽ വവ്വാൽ കരച്ചിലുകളായി പറമ്പാകെ മുരണ്ടുകൊണ്ടിരിക്കുന്നതും, ഇരുട്ടിലൂടെ വവ്വാൽ കണ്ണുകൾ ചില്ലകളിൽ നിന്നും ചില്ലകളിലേക്ക് പറക്കുമ്പോൾ പ്രേതങ്ങൾ പറക്കുകയാണെന്നാണ് നാട്ടുവർത്തമാനം.  മനയും കാടായിക്കിടക്കുന്ന വളവൻപറമ്പും പടപ്പൂരിൽ വേറിട്ട് നിന്നു,  പകലുപോലും വളവൻ പറമ്പിലേക്ക് ആരും ചെല്ലാറില്ല, ഭ്രാന്തൻ കുഞ്ഞാണ്ടി മാത്രമാണ് മനയിൽ  ഉള്ള ഏക മനുഷ്യജീവി, അയാൾ കിടക്കുന്ന വരാന്തയിലെ മൂലയൊഴിച്ച് ബാക്കി  എല്ലായിടത്തും കാറ്റിൽ പാറിവന്ന ഉണങ്ങിയ ഇലകൾ  കുന്നുകൂടിക്കിടന്നു. വവ്വാലുകൾ മനയുടെ ഓരോ മല്ലിലും  തലകീഴായി  തൂങ്ങിക്കിടന്നു ഭ്രാന്തൻ കുഞ്ഞാണ്ടിയോടു ഏതോ ഭാഷയിൽ  സംസാരിച്ചുകൊണ്ടിരുന്നു. 

ഭ്രാന്തൻ കുഞ്ഞാണ്ടിയെ കുറച്ചു ദിവസമായി ആരും കണ്ടിട്ടില്ല, ഉച്ചക്ക് അറബിക്കാടെ ചായക്കടയിൽ നിന്ന് കഞ്ഞിവെള്ളം കുടിക്കാൻ വന്നിട്ട് രണ്ടു ദിവസമായി,
"ഞമ്മടെ കുണ്ടാണ്ടിക്ക് എന്ത് പറ്റി" 

"രണ്ടീസായി ഇബടേം വന്നിട്ട്"  
അറബിക്ക മനപ്പറമ്പിലേക്ക് നോക്കി പറഞ്ഞു, 

"ഓനാ വാവൽജാതിക്കളെ ഒപ്പം  അബടെ കെടക്കണുണ്ടാവും"

മഴക്കാറിനു മീതെ തങ്ങികിടന്നിരുന്ന സൂര്യൻ വെളിച്ചത്തെ പുറത്തേക്ക് തള്ളിനീക്കി, ചേരാലൂർ കവലയിലേക്ക് ചിതറി വീണ സൂര്യ വെളിച്ചത്തിൽ വിയർത്തു കുളിച്ച് ഭയം നിറച്ച  കണ്ണുകളോടെ കുമാരൻ  അറബിക്കാടെ ചായക്കടയിലേക്ക് ഓടിക്കേറി, പറയാൻ വന്ന വാക്കുകൾ പുറത്തേക്ക് വീഴാതെ നിന്ന് കിതച്ചു. 

"എന്തേ കുമാരാ ?"

"മനേടെ മുറ്റത്ത് പ്രാന്തന് കുഞ്ഞാണ്ടി ചത്ത് കെടക്കണ്"  
കുമാരൻ എങ്ങിനെയോ പറഞ്ഞൊപ്പിച്ചു  നിന്നുകിതച്ചു. എല്ലാവരും ഞട്ടലോടെ ഒരേ സമയം ബഞ്ചിൽ നിന്നും എണീറ്റു, 

"ഇയ്യ്‌ ശരിക്കും കണ്ടാ കുമാരാ, ഓന് അബടെ കെടക്കാവും, അനക്ക് പേടിയോണ്ട് തോന്നീതാവും"    

"അല്ല അർമാൻക്ക, മേത്തൊ ക്കെ ഉറുമ്പ് അരിക്ക്ണ്ണ്ട്, നാറീട്ട് ആടെ നിക്കാൻ വയ്യ, വവ്വാൽജാതിക്കളാ ആടെ ആകെ,  എല്ലാടത്തും  തൂങ്ങി കെടന്ന് തുറിച്ച്  നോക്കണ്, ഇച്ച് പേടിയായി" 

എല്ലാവരും മനപ്പടിയിലേക്ക് നടന്നു, വരുന്നവർ വരുന്നവർ ഒരു ജാഥയിലേക്കെന്നപോലെ കൂട്ടത്തിൽ ചേർന്നു. മെമ്പർ  രാഘവേട്ടൻ  വന്നു മരണം സ്ഥിരീകരിച്ചതോടെ  പൊലീസിനെ വിവരം അറിയിച്ചു, പോലീസ് എത്തി, ഭ്രാന്തൻ കുഞ്ഞാണ്ടിയുടെ ശവമടക്കിനുള്ള കാര്യങ്ങൾ നാട്ടുകാർ നീക്കി,  ഭ്രാന്തൻ കുഞ്ഞാണ്ടി ഒരു ഓർമ്മയായി, വവ്വാലുകൾ പിന്നേം വളവൻ പറമ്പിൽ തൂങ്ങി കിടന്നു  


സ്‌കൂളിൽ കൂട്ടമണി അടിച്ചു അനിശ്ചിത കാലത്തേക്ക് സ്‌കൂൾ അടച്ചു,  കളക്ടറുടെ ഓർഡർ വന്നു, തിരൂർ വിഭ്യാഭാസ ജില്ലയിലെ വിദ്യാലയങ്ങൾക്ക് അവധി പ്രഖ്യാപിച്ചു, പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും കെബി ആശുപത്രിയിലും പനിപിടിച്ചവരെ കൊണ്ട് നിറഞ്ഞു, പടപ്പൂരിലും  പ്രധാന കവലയായ പാറമുക്കും  ഒഴിഞ്ഞ ഇടങ്ങളായി കിടന്നു. പനി നാടാകെ പടർന്നതോടെ പടപ്പൂരിലേക്ക് സൂര്യൻ നൽകിയ വെളിച്ചത്തിലും പിശുക്കി തുടങ്ങി, ആകാശം കരഞ്ഞുകൊണ്ടിരുന്നു, ചിണുങ്ങി പെയ്യുന്ന മഴയിൽ ദേശമാകെ നാട്ടുദീനത്തിൽ മുങ്ങി, എങ്ങും കണ്ണീരും കരച്ചിലും  എന്താണെന്നു കണ്ടെത്താനാകാത്ത പുതിയ തരം  പനി പരിഭ്രാന്തി  പരത്തി.  കടകൾ അടഞ്ഞു കിടന്നു ആരും  വരാതായപ്പോൾ അറബിക്ക നിരപ്പല  പോലും എടുത്തുമാറ്റാതെ കടയുടെ തിണ്ണയിൽ ഇരുന്നു
"അറബിക്ക ഇങ്ങളും കട തൊറക്കണില്ലേ"  ആറാം വാർഡിലെ മെമ്പറും യുവജനനേതാവുമായ ഹംസയുടെ ചോദ്യം കേട്ടപ്പോൾ   അറബിക്കയുടെ കണ്ഠമിടറി 
"ഇന്റെ ഹംസട്ട്യേ എന്താ ഞമ്മടെ നാടിനു പറ്റ്യേ"   

"ഇത് മാറും അറബിക്കാ, സർക്കാരും കാര്യായി രംഗത്ത്ണ്ട് , എന്താണെന്ന്  ഇതുവരെ പിടി കിട്ടീല  കണ്ടു പിടിക്കും ഞമ്മടെ ഡോക്ടർമാർ മിടുക്കന്മാരാ" 

"മഴ ദാ പിന്നേം ബരണ് മോന് ഇങ്ങണ്ട് കേറിനിന്നോ " 

"ഇന്റെ പൊന്നാര മോളേ " 
നിലവിളിച്ചുകൊണ്ട്   അമ്മദുക്കേം  കുഞ്ഞാമിനാത്തയും പാറമുക്ക് ഭാഗത്തേക്ക് ഓടി, പിന്നാലെ വന്ന കോയ ഹംസയെ കണ്ടപ്പോൾ നിന്നു 

"മെമ്പറെ അമ്മദ്ക്കാടെ മോളും പേരക്കുട്ടീം പോയി"

"ഇന്റെ ബദരീങ്ങളേ" അറബിക്ക വെട്ടിയിട്ടപോലെ ബെഞ്ചിൽ ഇരുന്നു ഹംസ കോയയുടെ കൂടെ അവർക്കു പിന്നാലെ ഓടിപോയി. ചാനലുകാരും പത്രക്കാരും ആശുപത്രി മുറ്റത് നിറഞ്ഞു, 

മരച്ചില്ലകളിൽ നിന്നും  വളവൻ പറമ്പിലെ മുഴുവൻ വവ്വാലുകളും ആകാശത്തേക്ക് ലക്ഷ്യമില്ലാതെ ചിതറി പറന്നു. വെളിച്ചത്തിൽ കണ്ണുകൾ കാണാതെ കൂട്ടിയിടിച്ചു പലതും വീണു.   വളവൻ പറമ്പിലെ മരങ്ങളിലേക്ക് കല്ലുകൾ തുരുതുരാ ചെന്നു  ചില്ലകളിൽ തട്ടിത്തെറിച്ചു. വവ്വാലുകളുടെ കരച്ചിൽ വളവൻ പറമ്പിൽ മുഴങ്ങി, ദീനരോദനം പോലെ പടപ്പൂരിന് മേലെ  ആ കരച്ചിൽ തലകീഴായി തൂങ്ങിക്കിടന്നു. പനിക്ക് കാരണം വവ്വാലുകളാകാം എന്ന വാർത്ത ചാനലുകളിൽ ഫ്ലാഷ് ന്യൂസുകളായി  മിന്നിക്കൊണ്ടിരുന്നു. പടപ്പൂരിലേക്ക് കെട്ടികൊണ്ടുവന്ന പെണ്ണുങ്ങളെ ഒക്കെ ഓരോരുത്തരുടെയും വീട്ടുകാര് വന്നു കൊണ്ടുപോയി. പാറമുക്ക് വിജനമായി, മീൻകാരൻ മമ്മദ്‌ക്കേം അൽമാദും വരാതായി. എംകെ  ബേക്കറിയുടെ വരാന്തയിൽ നേർച്ചകൊറ്റൻ ചുരുണ്ടുകൂടി കിടന്നു.   തല കീഴായി കിടക്കുക ചെകുത്താനാണ് പനി കൊണ്ടുവന്നതെന്ന്  കവലയിൽ പരന്നു. കണ്ടം  പറമ്പിൽ കൃഷ്ണനും, പലചരക്ക് പീടിക നടത്തിയിരുന്ന ഉസ്മാനിക്കയും നാല് കുട്ടികളും ഇതിനകം മരിച്ചു. പടപ്പൂരിപ്പോൾ ചാനലുകളുടെ ന്യൂസ് അവർ  ചർച്ചകളിലെ ഇഷ്ടവിഷയമാണ്. വാഗ്വാദങ്ങളും വെല്ലുവിളികളും നിറഞ്ഞ ന്യൂസ് അവറുകൾ ചാനലുകളിൽ നിറഞ്ഞു. മെമ്പർ ഹംസയും സിസ്റ്റർ ആനിയും  ഈ വൈറസിനെ ഉടൻ ഇല്ലാതാക്കി നാടിനെ പൂർവസ്ഥിതിയിലേക്ക് കൊണ്ടുവരുമെന്ന നിശ്ചയദാര്ഢ്യത്തോടെ  അവർ വീടുകൾ തോറും കയറിയിറങ്ങിനുണപ്രചാരണങ്ങളിൽ വീണുപോകരുതെന്ന്  പറഞ്ഞുകൊണ്ടിരുന്നു.  ഇരുട്ടിലൂടെ മരണത്തിന്റെ കറുത്ത കയറുകളിൽ കൂടുതൽ കൂടുതൽ കഴുത്തുകൾ കുടുങ്ങി, വവ്വാലുകളോടുള്ള നാട്ടുകാരുടെ ദേഷ്യം അണപൊട്ടി, തല കീഴായി കിടന്ന വവ്വാലുകൾ പിടിച്ചു തലമേലെയാക്കി കെട്ടിത്തൂക്കി കൊന്നു കൊണ്ടിരുന്നു. അപമാനകരമായ മരണം സ്വീകരിക്കേണ്ടതായിവന്ന വവ്വാലുകൾ  പിടഞ്ഞു. വളവൻ പറമ്പിലെ വവ്വാലുകൾ ജീവൻ തേടി ആകാശത്തേയ്ക്ക് പറന്നു, തലതിരിഞ്ഞ ലോകത്തെ നേരെചൊവ്വേകാണാൻ ഇനി അവക്കാവില്ല. 'വിഷം തിന്നു ശീലിച്ച മനുഷ്യർക്ക് വിഷമില്ലാത്ത പഴങ്ങൾ കഴിക്കുന്ന വവ്വാലുകളോട് അസൂയയാ' ഭ്രാന്തൻ കുഞ്ഞാണ്ടി വിളിച്ചു പറഞ്ഞിരുന്നത് അറംപറ്റിയെന്ന് അറബിക്ക. അമ്പലപറമ്പിലെ ആലിൽ തൂങ്ങികിടന്നിരുന്ന വവ്വാലുകൾ കൂട്ടത്തോടെ പാലായനം ചെയ്തു. പടപ്പൂരിന് മേലെ ദുഃഖം ഇരുട്ടായി തങ്ങി നിന്നു. 

പടപ്പൂരിനെ ഞെട്ടിച്ചുകൊണ്ടാണ്  സൂര്യൻ ഉദിച്ചത്, പനിക്കിടക്കയിൽ തലോടലായി നിന്ന് പരിചരിച്ചിരുന്ന ആനിസിസ്റ്റർ വെളുത്ത കുപ്പായത്തിൽ പുലർച്ചെ ആകാശത്തേക്ക് പറന്നുപോയി, സൂര്യൻ ഉദിച്ചിട്ടും പടപ്പൂരിൽ നിന്നും ഇരുട്ട് പോയില്ല. ആൾക്കൂട്ടം ആനിസിസ്റ്ററുടെ വീടിനു മുന്നിൽ തടിച്ചു കൂടി, വഴിയരികിൽ വിളക്കേന്തിയ  മാലാഖ നമ്മെ വിട്ടുപോയി എന്നുള്ള ഫ്ളക്സ് ബോർഡുകൾ നിരന്നു.  പടപ്പൂർ ഈ ഭൂഖണ്ഡത്തിൽ നിന്നും വേറിട്ട് നിന്നു, ഭൂപടത്തിലിടമില്ലാതെ ഫസഫിക്കിലെ മഞ്ഞുമലകൾ പോലെ ഒഴുകി നടന്നു, സ്വയം പഴിച്ചും സങ്കടപെട്ടും പലരും കിട്ടുന്ന ബസ്സിൽ കേറിപോയി. ആനി സിസ്റ്ററുടെ മരണത്തോടെ നാട്ടിലാകെ വിവിധ കഥകൾ പ്രചരിക്കാൻ തുടങ്ങി, വീടുകൾ കേറിയിറങ്ങി നുണ വിളമ്പുന്നവർ  നാട്ടുകാരെ കൊണ്ട്  നിസ്വാർത്ഥമായി പ്രവർത്തിക്കുന്ന ഡോക്ടർമാരെ കണ്ണുരുട്ടി നോക്കിപ്പിക്കാൻ  കാരണമായി.

"എന്താണ് ചേട്ടന്റെ വിശേഷങ്ങൾ,  എനിക്കും മോൾക്കും സുഖം തന്നെ,  അവിടെ കടുത്ത ചൂടാണെന്ന് സുബൈർ വന്നപ്പോൾ പറഞ്ഞു, സൂക്ഷിക്കണം ചൂടിൽ അധികം ഇറങ്ങി നടക്കേണ്ട ഇടക്കിടക്ക് വെള്ളം കുടിക്കണം, ഇവിടുത്തെ   വാർത്തകൾ കേട്ട് പേടിക്കേണ്ട, ഇവിടെ മനുഷ്യർക്കൊപ്പം നിന്ന് പ്രവൃത്തിക്കുന്നു, ആതുരസേവനം എന്നത് മനുഷ്യന് വേണ്ടിയുള്ളതല്ലേ അവർക്കൊപ്പം കുടുംബക്കാർ പോലും ഇല്ലാതാകുമ്പോളും നമുക്ക് നിൽക്കാതിരിക്കാൻ ആകില്ല" 
ആനി സിസ്റ്റർ ഭർത്താവിനെഴുതിയ കത്ത്   സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറി. ലോകമാകെ വിളക്കേന്തിയ മാലാഖക്ക് പ്രാർത്ഥനാ പോസ്റ്റുകൾ നിറഞ്ഞു. 
കുത്തിവെപ്പുകൾക്കെതിരെ  ചിലർ  രംഗത്തു വന്നചിലർ നുണകളുടെ ഭാണ്ഡം അഴിച്ചു വിതറി. അവർ കുടഞ്ഞിട്ട നുണകൾ കൊണ്ട്  പടപ്പൂര്   അങ്കലാപ്പിൽമൂടി, പനിയുടെ വൈറസിനേക്കാൾ വേഗത്തിൽ ഭീതിയുടെ വൈറസ് പടർന്നു. ബാംഗൂളിരിൽ സോഫ്റ്റ്‌വെയർ പഠനം കഴിഞ്ഞെത്തിയ ആഷിഖും, മുബീറും   ലഘുലേഖകൾ വീടുവീടാന്തരം വിതരണം ചെയ്തു. 
"അന്നു ഞങ്ങൾ പറഞ്ഞതാ ഈ കുത്തിവെപ്പ് അപകടാമാണെന്ന് നിങ്ങളാരും കേട്ടില്ല,"   അവർ വീടുവീടാന്തരം പറഞ്ഞു നടന്നു. അവർക്ക്‌ പിന്നാലെ ഇരുട്ടിൽ കുട്ട്യാലിക്കയും.  
അമ്പലകുളത്തിലെ വെള്ളം കലക്കി മീൻ പിടിക്കുമ്പോൾ  ജീവവായു കിട്ടാൻ മേലേക്ക് വരുന്ന മൽസ്യങ്ങളുടെ ദയനീയമായ നോട്ടം പോലെ ഓരോരുത്തരും ഇവരെ നോക്കി.  

ഡോക്ടർ ഷബീറും, ഹംസയും ആർക്കുവേണ്ടിയാണ് ഇങ്ങനെ ഓടി നടക്കുന്നത് എന്ന് ചോദിച്ചിരുന്നു ആച്ചുത്തയെ  ആശുപത്രിയിലേക്ക് താങ്ങി കൊണ്ടുപോയത് ഹംസയായിരുന്നു, പനി പേടിച്ച് മകളും ഭർത്താവും പടപ്പൂരിൽ എത്തിയില്ല. ആച്ചുത്ത നിറകണ്ണുകളോടെ ഹംസയെ നോക്കി. 
"മോനേ ഹംസേ... ഇയ്യന്നു വോട്ട് ചോയ്ച്ച് ബന്നപ്പോ അന്നെ ഞമ്മ ആട്ടി വിട്ട്, ന്നാലും ഇന്റെ വോട്ടിലാണ്ടും ഇയ്യ്‌ ജയ്ച്ച്... "

"ആച്ചുത്താ ഇങ്ങ വയ്യാണ്ട് കിടക്കുമ്പോൾ എനിക്കെങ്ങനെ ആ ഇടവഴിലൂടെ പോകാൻ പറ്റും, പിന്നെ ഈ പനി ഇത് കൂടുതൽ പടർന്നാൽ നമ്മടെ പടപ്പൂരിൽ ആരും ഉണ്ടാവൂല, അപ്പൊ അത് തടുക്കാൻ ആരെങ്കിലും ഒക്കെ വേണ്ടേ?"


പടപ്പൂരിലെ ഒരു പ്രഭാതം, സുബ്ഹി ബാങ്കൊലി പടപ്പൂരിനെ ഉണർത്തി, വെളിച്ചം ഇരുട്ടിനെ ചീന്തി വീണു. അറബിക്കാടെ കടയിൽ രാവിലെ പാലുമായി എത്തുന്ന മണിക്കുട്ടൻ എത്തിയില്ല. ചായകുടിക്കാൻ സുബ്ഹി നിസ്കാരം കഴിഞ്ഞു എത്താറുള്ള അബ്ദുറഹ്മാന് മുസ്ല്യാരും ചേക്കുട്ടിക്കയും എത്തിയില്ല. അറബിക്ക നിരപ്പല മാറ്റാതെ ബഞ്ചിൽ തന്നെയിരുന്നു. പനി വന്നതോടെ ആരും ആരോടും ഒന്നും പറയാനും ചോദിക്കാനും മറന്നുപോയപോലെ. ഉത്തരം ഇല്ലാത്ത ഒരു നിശബ്ദത പടപ്പൂരിന് മേലെ താങ്ങി നിന്നു. പടപ്പൂരിന്റെ തലസ്ഥാനം അറബിക്കാടെ കടയാണെന്നു പറഞ്ഞ ബാബുവിനെയും ഈ പനി കൊണ്ടുപോയി. കഴിഞ്ഞ രണ്ടു ദിവസമായി ഇരുട്ടിൽനിന്നും പെട്ടെന്നുള്ള  ഒരു നിലവിളിയും ഉയർന്നില്ല എന്നതാണ് ആകെ ഒരാശ്വാസം. മന്ത്രിയും കളക്ടറും പടപ്പൂരിൽ ക്യാമ്പ് ചെയ്തു ആരോഗ്യപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് ചില  പത്രങ്ങളിൽ മാത്രം വന്നു.  വെളുത്ത ഒരു രൂപം ദൂരെ നിന്നും വേഗത്തിൽ വരുന്നു. അറബിക്ക സൂക്ഷിച്ചു നോക്കി. കുത്തിത്തിരുപ്പ് കോട്ട്മുക്രി എന്ന് കുട്ടികൾ വിളിക്കുന്ന കുട്ട്യാലിക്ക.. 
വരാന്തയിലേക്ക് കേറി ഉരുട്ടിയ കണ്ണുകളോടെ അറബിക്കയെ നോക്കി. 

"അനക്ക് കിട്ടും, ഈ ദീനം വന്നെന്നെ ഇയ്യും പോകും,  ഇയ്യാണാ പ്രാന്തന് എന്നും തിന്നാൻ കൊടുത്തത് ഈ നാട്ടീക്ക് ദീനം കൊണ്ടന്നതും ഓനാ... ആ നായി.... കുത്തിവെപ്പിന് ഇയ്യും കൂടീതല്ലേ അനുഭവിക്കും " 

അറബിക്ക അയാളെ ശക്തമായി തള്ളി, അയാൾ റോഡിലേക്ക് വീണു... ഉടൻ എണീറ്റ് കൈചൂണ്ടി 

"ഹറാംമ്പെർന്നോനെ ഇയ്യും ആ ചഖാവ് ഹംസേം ആണ് ഈ നാടിനെ ഈ ദീനം വരാൻ കാരണം" 

അറബിക്ക ഷവാമറിന് അടുത്തേക്ക് നീങ്ങി, തിളച്ച വെള്ളം എടുത്ത് ചാടിയിറങ്ങി 
"പോ ഹിമാറെ... പനിയല്ല അന്നെപോലെള്ള  വൈറസാ ആദ്യല്ലാണ്ടാവേണ്ടത്" 

ചൂടുവെള്ളം പറ്റുന്നത്ര ഊക്കിൽ കുട്ട്യാലിക്കയുടെ നേരെ ഒഴിച്ചു... 
***************************
Bats In The Belfry is a painting by Richard Menninger

(കലാകൗമുദി പ്രസിദ്ധീകരണമായ കഥ മാസികയിൽ 2020 ജനുവരി ലക്കത്തിൽ പ്രസിദ്ധീകരിച്ചു) 




No comments:

Post a Comment