Thursday, 21 February 2019

പുതിയ കാലത്തിന്റെ കഥകൾ

വായനാനുഭവം
(അബിൻ ജോസഫിന്റെ "കല്യാശ്ശേരി തീസിസ് " എന്ന കഥാസമാഹാരത്തിന്റെ വായനാനുഭവം)
റ്റവും പുതു തലമുറയിലെ ശ്രദ്ധേയമായ കഥകളെഴുതുന്ന എഴുത്തുകാരനാണ് അബിൻ ജോസഫ്. പുതു കാലത്തിന്റെ എഴുത്തും ഭാവുകത്വവും ഈ സമാഹാരത്തിൽ വായിച്ചനുഭവിക്കാൻ ആകും. കല്യാശ്ശേരി തീസിസ്, 10 മില്ലി കാവ്യജീവിതം, ഹിരോഷിമയുടെ പ്യൂപ്പ, ഫ്രഞ്ച് വിപ്ലവത്തിന്റെ പ്ലാൻ, എന്റെ ലൈംഗികാന്വേഷണ പരീക്ഷണങ്ങൾ, ഒ.വി.വിജയന്റെ കാമുകി, സഹയാത്രിക, പ്രതിനായകൻ തുടങ്ങിയ പുതിയ കാലത്തിന്റെ അതിഭാവുകത്വമില്ലാതെ ലളിതമായ ശൈലിയിൽ കഥ പറഞ്ഞ ഈ പുസ്തകം പ്രതീക്ഷ തരുന്നു. കല്യാശ്ശേരി തീസിസ് എന്ന കഥ തുടങ്ങുന്നത് ഇങ്ങനെയാണ്
"സഖാവ് എൻ.സി.ആർനാരായണനെ പാർട്ടി പുറത്താക്കിയതിന്റെ പിറ്റേന്ന്, അരിയങ്കോട്ട് നൂറുദ്ദീൻ മുസ്ല്യാർ പുറപ്പെട്ടുപോയ ദിവസം, ചിദംബരം ചെട്ടിയാരുടെ കൈയിൽനിന്ന് ഒരായുർവേദ ഗ്രന്ഥം വാങ്ങാൻ അഞ്ചാം പീടികയിൽ വണ്ടിയിറങ്ങിയ രണ്ടുപേരിൽ ഒരാളുടെ ശവം ഇന്നുവരെ കണ്ടെത്തിയില്ല"
വർഷങ്ങൾക്കുശേഷം രാമാനുജൻ മൂസത്തിന്റെ മകനിലൂടെ അച്ഛന്റെ തിരോധാനത്തെ കുറിച്ചുള്ള അന്വേഷണമാണ് കഥ. കഥയുടെ ആഖ്യാനത്തിൽ കഥാകൃത്ത് കാണിച്ചിട്ടുള്ള മിടുക്ക് രണ്ടു കാലഘട്ടത്തെ ഭംഗിയായി വായിക്കാനും ഗ്രാമാന്തരീക്ഷത്തെ മനസിലേക്ക് ആവാഹിക്കാനും കഴിയുന്നു. പ്രാദേശിക രാഷ്ട്രീയ വിഷയത്തെ സ്ഥലകാല പരിമിതികൾക്കപ്പുറത്തേക്ക് പറത്താൻ കഴിയുന്നു.
നൂറു മില്ലികാവ്യ ജീവിതം എന്ന കഥ യിൽ ജോണ് മദ്യലഹരിയിൽ
പറയുന്നത് കേട്ട് കവി സദാനന്ദന്റെ ജീവിതത്തിൽ വരുന്ന മാറ്റങ്ങൾ, എഴുത്തിൽ നിന്നും സിനിമാ ലോകത്തേക്ക്, അങ്ങനെ എല്ലാം തകർന്നു പോകുന്ന സദാനന്ദൻ.
ജീവിതത്തിനകത്തെ ജീവിതമെന്നപോലെ വ്യത്യസ്തമായ പ്രണയകഥയാണ്


ഓ വി വിജയന്റെ കാമുകി. പുസ്തകപുഴുവെന്നു നാം കളിയാക്കി പറയുന്ന പുസ്തകപ്രേമത്തെ രസകരമായി അവതരിപ്പിക്കുന്ന, ജീവിതത്തിൽ ലൈംഗികതയുടെ പ്രാധാന്യം പോലെ വായനയെ കാണുന്ന കഥയാണ് എന്റെ ലൈംഗികാന്വേഷണ പരീക്ഷണങ്ങൾ. ഇങ്ങനെ വ്യത്യസ്‌തങ്ങളായ ആവിഷ്കാര രീതിയെ സമ്മാനിക്കുന്ന പുതിയ കാലത്തിന്റെ കഥകളാണ് അബിൻ ജോസഫിന്റെ കല്യാശ്ശേരി തീസിസ് എന്ന കഥാസമാഹാരത്തിൽ ഉള്ളത്. പുതിയ കാലത്തിന്റെ എഴുത്തും ഭാവുകത്വവും അടയാളപ്പെടുത്തുന്ന കഥകൾ.


No comments:

Post a Comment