Friday, 16 March 2012

ഹൃദയംകൊണ്ട് ചിന്തിക്കുമ്പോൾ


“കർത്തവ്യത്തിന്റെ പാത വ്യക്തമാക്കി കൊടുക്കുന്ന പെരുമാറ്റ ശൈലിയായിരിക്കണം പരിഷ്ക്കാരം, കർത്തവ്യത്തിന്റെ നിർവ്വഹണവും സന്മാർഗ്ഗത്തിന്റെ ആചരണവും രണ്ടുസംഗതിയല്ല. നമ്മുടെ വികാര വിചാരങ്ങള്‍ക്കുമേൽ പൂർണ്ണ നിയന്ത്രണം നേടലാണ് സന്മാർഗ്ഗാചരണം” –                                                                                         (ഗാന്ധിജി)

ഹൃദയം കൊണ്ടാണ് അനുഭവങ്ങൾ എഴുതേണ്ടതെന്നത് അർഥവത്താകുന്ന തരത്തിലാണ് സുരേഷ് കേ ബി ‘ഞാനും നീയുംഎന്ന ഗ്രന്ഥരചന നടത്തിയിരിക്കുന്നത്. വളരെ ലളിതവും സർഗ്ഗാത്മവുമായ ഈ പുസ്തകത്തിന് ഹൃദയം കൊണ്ട് ചിന്തിക്കാൻ ഒരു കൈപ്പുസ്തകം എന്ന വാക്യം നന്നായി ചേരുന്നുണ്ട്. ഗുരുവായൂരപ്പന്റെ സന്നിധിയിൽ അമ്മയുടെ മടിയിൽ കിടന്ന് അസ്വസ്ഥനായി കരയുന്ന കുഞ്ഞിനെ കുറിച്ചുള്ള ചിന്തയിലൂടെയാണ് പുസ്തകം തുടങ്ങുന്നത്. കുഞ്ഞ് എന്തിനുകരയുന്നു എന്ന ജിജ്ഞാസ വായനക്കാരെ കൊണ്ടെത്തിക്കുന്നത് വിശാലമായ ഒരു തലത്തിലെക്കാണ്. അമ്മയും കുഞ്ഞും തമ്മിലുള്ള ജൈവബന്ധത്തിന്റെ നേർ രേഖയാണ് പ്രപഞ്ചത്തിന്റെ ഹൃദയ രാഗമെന്ന് ആദ്യ അദ്ധ്യായത്തിലൂടെ സൂചിപ്പിക്കുന്നത്. “അമ്മയുടെ ഇടതുനെഞ്ചോട് ചേർന്ന് കിടക്കുന്ന കുട്ടി ശ്രവിക്കുന്ന ഹൃദയരാഗം ദൈവികമായൊരു അനുഭവമാണ്. സ്നേഹത്തിന്റെ, സന്തോഷത്തിന്റെ, ആർദ്രതയുടെ, സാന്ത്വനത്തിന്റെ, സുരക്ഷിതത്വത്തിന്റെ സ്വർഗ്ഗീയ അനുഭവമാണത്. സ്വർഗ്ഗത്തിലെ അനുഭവത്തോട് സാഹോദര്യമുള്ളതാണ് അത്. മാലാഖമാരുടെ സംഗീതമാണ് അമ്മയുടെ ഹൃദയരാഗം. തിരിച്ചറിവില്ലാത്ത കുഞ്ഞിനെപ്പോലും ശാന്തമാക്കുന്ന സംഗീതത്തിന്റെ ശൈശവാനുഭവമാണത്. കുട്ടികൾ കേൾക്കുന്ന ആദ്യ സംഗീതം അവരുടെ അമ്മയുടെ ഹൃദയരാഗമാണ്. താരാട്ടുപാട്ട് പിന്നീട് എത്രയോ കഴിഞ്ഞാണ് കേൾക്കുന്നത്” അമ്മയുടെ ഹൃദയമിടിപ്പ്‌ ഗർഭപാത്രത്തിൽ കിടന്ന് നെഞ്ചോട് ചേർത്തുവെച്ചു കൊണ്ടാണ് ഒരു കുഞ്ഞ് ഭൂമിയിലേക്ക് പിറന്നു വീഴുന്നതുതന്നെ. ഹൃദയമിടിപ്പെന്ന ഹൃദയരാഗത്തെ ആ നിഷ്കളങ്കഹൃദയം ഏറ്റുവാങ്ങുന്നു ഈ രാഗം പ്രപഞ്ചസത്യമാണ് അമ്മയുടെ ഹൃദയമിടിപ്പാണ് മനുഷ്യജന്മത്തിലേക്ക് എത്തുന്ന ആദ്യ സംഗീതം. വളരെ ലളിതമായി വളരെ വലിയ കാര്യങ്ങൾ പറയുകയാണിവിടെ.

‘ശിശു – സ്വർഗ്ഗത്തിന്റെ സ്വന്തം പ്രതിനിധി’ എന്ന അദ്ധ്യായം കുഞ്ഞിന്റെ നിഷ്കളങ്കതയിൽ തുടങ്ങി സമകാലിക ജീവിതാവസ്ഥയെ കുറിച്ചുള്ള നിരീക്ഷണവും വിമർശനവും നിറഞ്ഞതാണ്. ആധുനിക ജീവിതരീതി ഉണ്ടാക്കിയെടുത്ത യാന്ത്രിക ജീവിതക്രമത്തിൽ കർമ്മത്തിൽ നിന്നകന്ന് സ്വാർഥത നിറഞ്ഞ നെഗറ്റീവായ ജീവിത പരിസരത്തെയാണ് പ്രോത്സാഹിപ്പിക്കുന്നത് പുതിയ കാലത്തിന്റെ അണുകുടുംബവ്യവസ്ഥിതി ഇതിനൊരു കാരണമായിട്ടുണ്ട്. നമുക്കൊക്കെ നന്മ പറഞ്ഞു തന്നിരുന്ന മുത്തശ്ശനും മുത്തശ്ശിയും ഇന്ന് വൃദ്ധസദനങ്ങളിൽ കഴിയേണ്ടി വരുന്ന അവസ്ഥ കുട്ടികൾക്കാണ് ഏറെ നഷ്ടം വരുത്തിവെച്ചത് “പണ്ട് മുത്തശ്ശനും മുത്തശ്ശിയും കുടുംബത്തിൽ അന്തസിന്റെയും ആഭിജാത്യത്തിന്റെയും പ്രതിരൂപങ്ങളായിരുന്നു. അവരുടെ സാന്നിദ്ധ്യം വീടുകളിൽ പ്രതാപത്തിന്റെയും സ്നേഹത്തിന്റെയും നന്മയുടെയും പ്രകാശം ചൊരിഞ്ഞിരുന്നു, വീട്ടിലെ കൊച്ചു കുട്ടികളുടെ സ്വഭാവം വാർത്തെടുക്കാൻ മാതാപിതാക്കളേക്കാൾ ഉത്സാഹവും സമയവും ഈ മുത്തശ്ശനും മുത്തശ്ശിക്കുമായിരുന്നു. കുരുന്നു മനസുകളിൽ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സ്വാതിക വികാരങ്ങൾ പുരാണ കഥകളുടെ രൂപത്തിൽ അവർ ഉണർത്തിയിരുന്നു”
നമ്മുടെയൊക്കെ ജീവിതത്തിൽ നിന്നും ആത്മീയനുഭൂതി അകലുന്നതാണ് ജീവിതം കറുത്തതാകുന്നതെന്ന് നാം തിരിച്ചറിയാതെ പോകുന്നിടത്താണ് ഓരോരുത്തരും പരാജയപ്പെടുന്നതെന്ന് ഇദ്ദേഹം നിരീക്ഷിക്കുന്നു. ഇക്കാര്യങ്ങൾ ലളിതമായിട്ടാണ് അവതരിപ്പിക്കുന്നത് എങ്കിലും അസാധാരണ രീതിയിലാണെന്ന അദ്ഭുതം കൃതിയിലെല്ലായിടത്തും നിറഞ്ഞു നില്‍ക്കുന്നു എന്ന് അവതാരികയിൽ ഡോ: ലീലാവതി നിരീക്ഷിക്കുന്നു. “സുരേഷ് തന്റെതായ ലളിത രീതിയിൽ പ്രപഞ്ച സത്യത്തിന്റെ അക്ഷരപ്പൂട്ട് തുറക്കുന്നു. അമ്മയും കുഞ്ഞും തമ്മിലുള്ള ഹൃദയതാളബന്ധം പോലെ ലളിതമായ, ഹൃദ്യമായ, ആർദ്രമായ മറ്റൊരു ഉപമാനം കണ്ടെത്താന്‍ ആർക്കും കഴിയുകയില്ല. നിഷ്കളങ്കരായ കുഞ്ഞുങ്ങൾ, സ്നേഹത്തിന്റെ അവതാരങ്ങളായ അമ്മമാർ – രണ്ടും വറ്റാത്ത വികാര സ്രോതസ്സുകളാണ് സുരേഷിന്”
ഒരു സാധാരണ മനുഷ്യന്റെ നിരീക്ഷണങ്ങൾക്കപ്പുറത്ത് സർഗ്ഗാത്മകമായ കഴിവുകൂടി തെളിയിച്ച സുരേഷിന് എഴുത്തിന്റെ ലോകത്ത്‌ ഒരു സ്ഥാനമുണ്ടെന്നു കൂടി ഈ കൃതിയിലൂടെ തെളിയിച്ചിരിക്കുന്നു. വായനക്കാരന്/കാരിക്ക് ഓർമ്മയിൽ സൂക്ഷിക്കാൻ ഒട്ടനവധി നിരീക്ഷണങ്ങൾ വളരെ സരളമായി അവതരിപ്പിക്കുകയും സ്നേഹം, കരുണ, സാഹോദര്യം എന്നീ ഗുണങ്ങളെ അക്ഷരങ്ങളിലൂടെ പകർത്തുവാനും സുരേഷിനാകുന്നുണ്ട്, അവസാന അദ്ധ്യായമായ ‘സ്വർഗ്ഗത്തേക്കാൾ സുന്ദരമാണീ ഭൂമിയിൽ ‘ പറയുന്നു “എല്ലാവരെയും സാഹോദര്യത്തോടെ കാണണമെന്ന നബിവചനവും, നിന്നെപോലെ നിന്റെ അയല്‍ക്കാരനെയും സ്നേഹിക്കുക എന്ന യേശുവചനവും, വേദങ്ങളിലെ തത്വമസി എന്ന ഉപദേശവും അഹം ഉണ്ടെന്നുതന്നെ. അയല്‍ക്കാരൻ നീ തന്നെ, നിന്നെപ്പോലെ തന്നെ, നീയും ഞാനും ഒന്നുതന്നെ.” ഇന്നത്തെ അവസ്ഥയിൽ ഏറ്റവും യോജിച്ച വാക്കുകൾ തന്നെയാണിത്.
അമ്മ- ഭൂമിയുടെ ഉപ്പ്, വിനയം- ഹൃദയം കൊണ്ട് ചിന്തികുമ്പോൾ, കേമത്തം- അറിവില്ലായ്മയുടെ ഭാവപ്രകടനം, പ്രാർത്ഥന- ഞാനും നീയും, രോഗം- സന്മനസുള്ളവർക്ക് ആരോഗ്യം, ഭംഗി- ആത്മാവിന്റെ തിളക്കം, എന്നിങ്ങനെ മികച്ച 20 അദ്ധ്യായങ്ങൾ അടങ്ങിയതാണ് സുരേഷിന്റെ ‘ഞാനും നീയും’ എന്ന പുസ്തകം. ആസ്വാദനക്കുറിപ്പിൽ ശ്രീ മണി പയസ്‌ ഇങ്ങനെ നിരീക്ഷിക്കുന്നു. “സാധാരണ കാഴ്ചകൾ അസാധാരണമായ അനുഭവം പകരുമ്പോൾ അവ വിസ്മയ കാഴ്ചകളാകുന്നു. നടന്നു പതിഞ്ഞ വഴികളിലൂടെ ജീവിതത്തിന്റെ പതിവ് കാഴ്ച്കൾ കണ്ട് മുന്നേറുമ്പോഴും എന്തിലും ഏതിലും വിസ്മയം തോന്നുന്ന മനസുണ്ടെങ്കിൽ അതുമതി ഏതും അവിസ്മരണീയമാക്കുവാൻ. എന്തിലും വിസ്മയം കാണാനുള്ള കഴിവാണ് സുരേഷ് കേബിയുടെ രചനകളെ ശ്രദ്ധേയമാക്കുന്നത്. അനുഭവ വൈവിധ്യം പോലെ ലേഖകന്റെ നിലപാടുകളിലെ പുതുമയും അത്ഭുതപ്പെടുത്തുന്നതാണ്.”
തിരക്കിട്ട ഔദ്യോഗിക ജോലിക്കിടയിലും എഴുത്തിന്റെ ലോകത്ത്‌ വ്യതിരക്തമായ ചുവടുറപ്പിക്കാൻ സുരേഷിനാകുന്നുണ്ട്, ക്രൈംബ്രാഞ്ച് DYSPയായ ഇദ്ദേഹത്തിന്റെ സർഗ്ഗാത്മകമായ കഴിവിനെ അങ്ങേയറ്റം ബഹുമാനിക്കുന്നു. വായനക്കാരന്റെ ജീവിതത്തിൽ ആത്മീയതയുടെ അനുഭൂതി പകരുവാൻ ഈ കൃതിക്കാവുന്നുണ്ട്.



ഈ പുസ്തകത്തെ പറ്റി പ്രമുഖരുടെ അഭിപ്രായം

“ഒരു പോലീസ്‌ ഉദ്യോഗസ്ഥൻ ജോലിത്തിരക്കിനിടയിൽ ഇങ്ങനെയൊരു മികച്ച പുസ്തകമെഴുതി എന്നത് അദ്ഭുതമാണ്. നല്ല മനസ്സിന്റെ നല്ല സംഭാവനയായ ഈ പുസ്തകം പോലീസിലും സർഗ്ഗാത്മക ചൈതന്യമുള്ളവർ ഉണ്ടെന്നു തെളിയിക്കുന്നു. നാം ഈ പുസ്തകത്തെ സർവ്വാത്മനാ ഏറ്റുവാങ്ങണം”

                -:പൂജനീയ സ്വാമി ഉദിത് ചൈതന്യ. (പ്രശസ്ത ഭാഗതാചാര്യൻ)


“തലച്ചോർ കൊണ്ടല്ല, ഹൃദയംകൊണ്ടാണ് ചിന്തിക്കേണ്ടതെന്ന് പഠിപ്പിക്കുന്ന ഈ പുസ്തകം അനുദിന ജീവിതാനുഭവങ്ങളോട് ചേർത്തുനിർത്തി ആധ്യാത്മിക ചിന്തകൾ അവതരിപ്പിക്കുന്ന ഉത്കൃഷ്ട രചനയാണ്. അധ്യാത്മികതയെ പ്രായോഗികതയുടെയും,സൗഹൃദവലയത്തിലാക്കുന്ന മതേതരത്വത്തിന്റെയും ഈ കൃതി നാനാത്വത്തിൽ ഏകത്വം പുലർത്തുന്ന ഭാരതീയ ആത്മീയ സത്തയുടെ നേർക്കാഴ്ചയാണ്.”

                  -: മാർ അപ്രേം മെത്രാപോലീത്ത (ചരിത്രകാരൻ സഞ്ചാര സാഹിത്യകാരൻ, നർമ്മകഥാകൃത്ത്‌)


“സുഹൃത്തുക്കളെ, നിങ്ങൾക്ക് ജീവിതത്തിലെ ഒരു നല്ല പുസ്തകമെങ്കിലും വായിച്ച ധന്യത ലഭിക്കണമെങ്കിൽ ഈ പുസ്തകം വായിക്കണം. ഈ എഴുത്തുകാരനെ മലയാളികളായ മറ്റ് എഴുത്തുകാരുടെ ഇടയിലേക്ക് ഞാൻ സ്വാഗതം ചെയ്യുന്നു.”
-: യൂസഫലി കേച്ചേരി (കവി, ഗാനരചയിതാവ്, സിനിമാ സംവിധായകൻ)


“വേദാന്ത വിഷയങ്ങൾ രസനീയമായി കൈകാര്യം ചെയ്യുന്ന ഈ പുസ്തകം സരളവുമാണ്. നമുക്ക്‌ നമ്മുടേതായ ആശയങ്ങൾ എന്നുതോന്നുന്ന രീതിയിൽ ഇതിൽ വലിയ കാര്യങ്ങൾ പറയുന്നു”

                    -:ലോഹിതദാസ്‌ (പ്രശസ്ത സിനിമാസംവിധായകൻ, തിരകഥാകൃത്ത്)


ഗ്രന്ഥകര്‍ത്താവിനെ കുറിച്ച്

ആദിശങ്കരന്റെ നാടായ കാലടിയിൽ ജനനം. മാണിക്യമംഗലം എൻ എസ് എസ് ഹൈസ്കൂൾ, കാലടി ശ്രീ ശങ്കര കോളേജ്, ഷില്ലോങ്ങ് പോസ്റ്റ്‌ ഗ്രാജ്വേറ്റ്‌ ട്രെയ്നിംഗ് കോളേജ്, ഷില്ലോങ്ങ് ലോ കോളേജ് എന്നിവിടങ്ങളിൽ പഠനം. കേരളത്തിൽ പാരലൽ കോളേജ് അദ്ധ്യാപകൻ, ഹൈസ്കൂൾ അദ്ധ്യാപകൻ, ഷില്ലോങ്ങിൽ ഹൈസ്കൂൾ അദ്ധ്യാപകൻ, മദ്രാസിൽ റെയില്‍വേ ഉദ്യോഗസ്ഥൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ കേരള പോലീസിൽ ക്രൈംബ്രാഞ്ച് DYSPയാണ്. പ്രഭാഷണ രംഗത്തും ശ്രദ്ധേയൻ, കുടുംബ സമേതം ഗുരുവായൂരിൽ സ്ഥിരതാമസം. പത്നി ഷീല സുരേഷ്, മക്കൾ ജീവ കൃഷ്ണാനന്ദ്‍, മനു കൃഷ്ണാനന്ദ്‍.
വിലാസം: സുരേഷ് കേബി, കാറി ഹൌസ്, ഗുരുവായൂർ, പിന്‍ 680 101,
———————-
ഞാനും നീയും
സുരേഷ് കേബി
പ്രസാധകര്‍: സുവിതം ഫൌണ്ടേഷന്‍, ഗുരുവായൂർ.
വില120 പേജ് 160
----------------------------------------------------------
http://buffalosoldier.in/march-issue-2012/faisal-bava/

ഫൈസൽ ബാവ

No comments:

Post a Comment